അവളെ കെട്ടാൻ ഒരുത്തൻ വന്നു, അവനു പിള്ളേരെ വേണ്ടന്ന്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രേഷ്മ ഉഷാകൃഷ്ണ

അമ്മയും അപ്പുറത്തെ വീട്ടിലെ സാറ ആന്റിയും തമ്മിലുള്ള സംസാരം കേട്ടു കൊണ്ടാണ് ഒരു ശനിയാഴ്ച രാവിലെ ഞാൻ എഴുന്നേറ്റത്. എന്റെ മുറിയുടെ ജനാല തുറന്ന് ഞാൻ പുറത്തേക്ക് നോക്കി. എന്റെ മുറിയിൽ നിന്നാൽ സാറ ആന്റിയുടെ മുറ്റവും വരാന്തയും കാണാം. മഴപെയ്ത് തണുത്തു കിടക്കുന്ന ഭൂമിയിൽ പാദങ്ങൾ പതിപ്പിച്ച് ഏകദേശം പത്തു പന്ത്രണ്ടു പ്രായം തോന്നിക്കുന്ന രണ്ട് കുട്ടികൾ സാറ ആന്റിയുടെ വരാന്തയിലിരിപ്പുണ്ട്. രണ്ട് പേരും ഇടയ്ക്ക് ഇടയ്ക്ക് പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും സംസാരിക്കുന്നില്ല.

പല്ല് തേച്ചുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.

“ഇന്ന് എണീക്കാൻ താമസിച്ചോ രേണു” എന്നെ കണ്ടുകൊണ്ട് സാറ ആന്റി ചോദിച്ചു.

“ഇന്ന് അവധി അല്ലേ ആന്റി”

“അവധി അല്ലേലും ഇവളുടെ ചേച്ചിയെ പോലെ ഇവൾക്കും എണീക്കാൻ വല്യ പാടാ.. രേവതിയെ പോലെ കല്യാണം കഴിയുമ്പോൾ പഠിച്ചോളും” അമ്മ ഒന്ന് കളിയാക്കി.

“അലൻ ചേട്ടനും അലീന ചേച്ചിയും വിളിക്കാറുണ്ടോ ആന്റി”

“ഇന്നലെ രാത്രി വിളിച്ചാർന്നു മോളെ.. അവര് അടുത്ത മാസം വരുന്നുണ്ട്.”

റിട്ടയേർഡ് അധ്യാപകരായ സാറ ആന്റിയുടെയും ജോസഫ് സാറിന്റെയും ഉക്രൈനിൽ താമസിച്ചു പഠിക്കുന്ന മക്കളാണ് അലനും അലീനയും. സംസാരത്തിനിടയ്ക്ക് വരാന്തയിലിരുന്ന ആ കുട്ടികൾ അടുക്കളവാതിലിനു അടുത്തേക്ക് വന്നു.

“ആരാ ആന്റി രണ്ട് പുതുമുഖങ്ങൾ?”

“ഞങ്ങളുടെ ബന്ധത്തിൽ ഉള്ളതാ രേണു…”

“പേരെന്താ കുട്ടിപട്ടാളംസ്?? “

രണ്ട് പേരും ഒന്നും മിണ്ടുന്നില്ല.

“അവിനും കെവിനും” സാറ ആന്റി ആണ് മറുപടി തന്നത്.

“ശരി ഗീതേ, വിരുന്നുകാരുണ്ട്… പിന്നെ വരാം” അമ്മയെ വിളിച്ചു പറഞ്ഞിട്ട് സാറ ആന്റി അകത്തേക്ക് പോയി.

തുണി വിരിച്ചിട്ടിട്ട് അമ്മയും അകത്തേക്ക് പോയി. അപ്പോഴും വായിൽ ബ്രഷും വച്ച് ഞാൻ ആ കുട്ടികളെക്കുറിച്ച് ആലോചിച്ചു നിൽക്കുവായിരുന്നു.

അമ്മ ചായ കുടിക്കാൻ തരുന്നതിനു ഇടയ്ക്ക് ഞാൻ ചോദിച്ചു.

“ആരാ അമ്മാ ആ കുട്ടികൾ”

“ആ കടുക് ഇങ്ങ് എടുത്തേ രേണു”

കടുക് എടുത്ത് കൊടുത്തുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു.

“ആരാ അമ്മ ആ പിള്ളേര്? അവരെന്താ ആരോടും മിണ്ടുലെ…”

“ആ അവരുടെ അവസ്ഥ കഷ്ടമാ… പ്ര സവിച്ചവൾക്കും വേണ്ട ഉണ്ടാക്കിയവനും വേണ്ട… ത ന്ത കു ടിയനാ… ഇപ്പോ വേറെ ഏതോ ഒരുത്തിയുടെ കൂടെ വേറെ എവിടെയോ ആണ് താമസം. തള്ള ജോലി ഒക്കെ ചെയ്ത് പിള്ളേരെ നോക്കികൊണ്ട് ഇരുന്നതാ. ഇപ്പോ അവളെ കെട്ടാൻ ഒരുത്തൻ വന്നു. അവനു പിള്ളേരെ വേണ്ടന്ന്. അതുകൊണ്ട് അതിനെ രണ്ടിനെയും പള്ളിവക ഏതോ ഓർഫനേജിലോ മറ്റോ കൊണ്ടാക്കാൻ പോകുവാണ്. “

എനിക്ക് തിരിച്ചൊന്നും പറയാനും ചോദിക്കാനും തോന്നിയില്ല. കുറച്ചു നേരം കഴിഞ്ഞ് ജോസഫ് സാർ ആ കുട്ടികളെ രണ്ട് പേരെയും ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടു.

അതിനുശേഷം ചില അവധി ദിവസങ്ങളിലൊക്കെ ജോസഫ് സാർ ആ കുട്ടികളെ കൂട്ടി കൊണ്ട് വരുന്നതും വീട്ടിൽ നിർത്തുന്നതും കാണാറുണ്ടായിരുന്നു.

മാസങ്ങൾ കടന്നുപോയി. അന്നൊരു ഞായറാഴ്ച ദിവസം. ഞാൻ മുറ്റത്ത് ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ സാറ ആന്റിയുടെ വീടിന്റെ വരാന്തയിൽ ഗർഭിണിയായ ഒരു സ്ത്രീ ഇരിക്കുന്നത് കണ്ടു. അകത്തു നിന്ന് ആണൊരാൾ അവരുടെ അടുത്ത് വന്നിരുന്നു. എന്നെ കണ്ടതും അവരെന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും.

അപ്പോൾ അതാ ജോസഫ് സാർ ആ കുട്ടികളെ കൂട്ടികൊണ്ട് വരുന്നു. വന്ന വഴി തന്നെ ആ കുട്ടികൾ ആ സ്ത്രീയുടെ അടുത്തേക്ക് ചെന്നു. അവരെ കണ്ടതും അടുത്തിരുന്ന അയാൾ എണീറ്റ് അകത്തേക്ക് പോയി. ആ സ്ത്രീ അവരുടെ അമ്മ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു. അവർ കുട്ടികളോട് അപരിചിതരോടെന്ന പോലെ എന്തൊക്കെയോ ചോദിക്കുന്നു. ആ കുട്ടികൾ തിരിച്ചും അതേ പോലെ മറുപടി നൽകുന്നു. എന്നിട്ട് അകത്തേക്ക് കയറി പോയി.

ഞാൻ അകത്തു ചെന്ന് അമ്മയോട് ചോദിച്ചു.

“അതാണോ അമ്മാ ആ കുട്ടികളുടെ അമ്മ?”

“അതെ, ആനിയും പുതിയ ഭർത്താവും. “

“ആ കുട്ടികളും വന്നിട്ടുണ്ട്. അവര് ഒന്ന് സ്നേഹത്തോടെ ആ കുട്ടികളോട് സംസാരിക്കുന്നത് പോലുമില്ല. എന്തൊരു സ്ത്രീയാണ്. “

“അഹ്.. നീ പോയി പഠിക്ക് രേണു. നമുക്ക് എന്തുചെയ്യാൻ പറ്റും. “

ഞാൻ എന്റെ മുറിയിലേക്ക് പോയി. ജനലിലൂടെ ആ സ്ത്രീയെ ഞാൻ ഒന്നുകൂടി നോക്കി. ഒരു അമ്മ ആകാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കുന്ന അവരോട് എനിക്ക് പുച്ഛം തോന്നി. പ്രസവിച്ച രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു മറ്റൊരു ജീവിതം തിരഞ്ഞെടുത്ത അവർക്ക് എങ്ങനെയാണ് നല്ലൊരു അമ്മ ആകാൻ സാധിക്കുകയെന്ന് ഞാൻ അത്ഭുതപ്പെട്ടു.

അച്ഛൻ മര ണപ്പെട്ട ശേഷം എനിക്കും ചേച്ചിക്കും മാത്രമായി ജീവിതം മാറ്റി വച്ച എന്റെ അമ്മയെയും ഉത്തമ ഭാര്യയായും അമ്മയായും ജീവിക്കുന്ന സാറ ആന്റിയെയുമൊക്കെ ഓർത്തു കൊണ്ട് ഞാൻ ആനിയെ നോക്കി ആത്മഗതം ചെയ്തു – അതും അമ്മ!

രചന: രേഷ്മ ഉഷാകൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *