മതിലിൽ കൈകളൂന്നിയ പെണ്ണിന്റെ കവിളിൽ അവൻ കൈകൾ ചേർത്ത് പിടിച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : ആദിത്യൻ മേനോൻ

നിനക്കായ് മാത്രം…

“കുഞ്ഞീ.. ഇതൊന്ന് രാധികേച്ചീടെ വീട്ടീ കൊണ്ടുപോയ് കൊടുക്ക്.” മുറ്റത്ത് പാത്തുവിനും മോനുവിനും മാവിൻമേലെ കണ്ണിമാങ്ങ പറിച്ചുകൊടുക്കുമ്പോഴാണ് ഉമ്മ കയ്യിലൊരു പാത്രവുമായി ഓളുടെ അടുത്തേക്ക് വന്നത്. അപ്പുറത്തെ വീട്ടിലെ രാധികേച്ചിയുടെ മാവാണ്. എങ്കിലും ഇങ്ങോട്ടേക്കാണ് ചരിവ് അധികവും. ഇഷ്ടം പോലെ പറിച്ചോളുവാൻ രാധികേച്ചിയുടെ പെർമിഷനുമുണ്ട്.

“ഇത്താത്ത ഇത് കൊടുത്തു വന്നിട്ട് മാങ്ങ പറിച്ചുതരാട്ടോ..” ഉമ്മയുടെ കയ്യിൽ നിന്നും പാത്രം വാങ്ങി ഓള് തുറന്ന് നോക്കി.

“എന്താത് സമോസയോ.. എന്നിട്ട് എനിക്ക് തന്നില്ലല്ലോ.” പാത്രത്തിലെ മൊരിഞ്ഞ സമോസയിലേക്ക് ഓള് ആർത്തിയോടെ ഉറ്റുനോക്കി.

“ആദിക്ക് സമോസ വല്ല്യ ഇഷ്ടാന്ന് രാധികേച്ചി എന്നോട് കൊറേ തവണ പറഞ്ഞിട്ടുണ്ട്. അതാ ഞാൻ ചൂടോടെ ചട്ടിയിന്ന് കോരിയത് വേഗം കൊടുത്തയക്കാന്ന് വിചാരിച്ചത്. ഇത് കൊടുത്തിട്ട് വന്നിട്ട് നിനക്കും തരാം.” ഉമ്മ പുഞ്ചിരിയോടെ പറഞ്ഞു. പാത്രം കയ്യിൽ ഒതുക്കിപ്പിടിച്ച് ഓള് അപ്പുറത്തെ രാധികേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു.

വീട്ടുമുറ്റത്തെത്തിയപ്പോൾ ഉമ്മറക്കോലായയിലെ തിണ്ണമേലിരുന്ന് അവൻ പത്രം വായിക്കുന്നുണ്ടായിരുന്നു.

“രാധികേച്ചീ.” അവനെ കണ്ടിട്ടും ഓള് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. പത്രത്തിൽ നിന്ന് കണ്ണെടുത്ത് അവൻ പെണ്ണിനെ നോക്കി.

“രാധികേച്ചീ..” അവനെ നോക്കാതെ ഓള് പിന്നെയും ഉറക്കെ വിളിച്ചു.

“അമ്മേ.. ദേ അപ്പുറത്തെ വീട്ടിലെ കുട്ടി വന്നിരിക്കുന്നു.” അവൻ അകത്തേക്ക് നോക്കിക്കൊണ്ട് ഉറക്കെ വിളിച്ചു. അപ്പോഴാണ് അമ്മ വിളി കേട്ടത്. തെന്നിവീണ മുടി കോതിക്കെട്ടി പുഞ്ചിരിച്ചുകൊണ്ട് രാധികേച്ചി ഉമ്മറത്തേക്ക് വന്നു.

“കുഞ്ഞീ.. ഇരിക്കണില്ലേ..?” രാധികേച്ചി ഓളുടെ കയ്യിൽ നിന്നും പാത്രം വാങ്ങിച്ചു തുറന്ന് നോക്കി.

“ഉമ്മ തന്നുവിട്ടതാ. സമോസ നിങ്ങടെ മോന് ഇഷ്ടാന്ന് പറഞ്ഞിട്ട്.” ഓള് അത് പറഞ്ഞപ്പോൾ അവൻ പിന്നെയും പത്രത്തിൽ നിന്നും കണ്ണുപറിച്ച് പെണ്ണിനെ നോക്കി.

“ആദി.. നിനക്ക് തന്നു വിട്ടതാ.” രാധികേച്ചി പാത്രം അവനു നേരെ നീട്ടി. പാത്രം താഴെവച്ച് അവൻ അത് വാങ്ങിച്ചു കൊണ്ട് സമോസ എടുത്തു തിന്നുവാൻ തുടങ്ങി.

“എന്നിട്ട് നീ കേറുന്നില്ലേ..?” രാധികേച്ചി പിന്നെയും ചോദിച്ചു.

“ഇല്ലേച്ചീ, പോയിട്ട് വേറെ പണിയുണ്ട്.” ഓള് ചിരിച്ചു കാണിച്ചു. രാധികേച്ചി അകത്തേക്ക് കേറിപ്പോയി. ഓള് ആർത്തിയോടെ സമോസ തിന്നുകൊണ്ടിരുന്ന അവനെ നോക്കി നിന്നു. അവന്റെ നോട്ടത്തിന്റെ ചെറിയൊരംശം പോലും തന്നിലേക്ക് തിരിയാത്തത് കണ്ട് ഓളുടെ മനസ്സ് നൊന്തു. പരിഭവം മനസ്സിൽ നിറച്ച് ഓള് തിരിഞ്ഞു നോക്കാതെ നടന്നു പോയി.

വീട്ടിലെത്തിയപ്പോ പാത്തുവും മോനുവും കുളി കഴിഞ്ഞ് പഠിക്കാനിരുന്നിരുന്നു.

“നിങ്ങക്ക് കണ്ണിമാങ്ങ വേണ്ടേ..” ഓള് ചോദിച്ചു.

“ഇത്താത്ത പോയപ്പോ ഉമ്മച്ചി കൊറേ പറിച്ചു തന്നു.” പാഠപുസ്തകത്തിൽ നിന്നും പാത്തു തലയുയർത്തി ഓളെ നോക്കിയിട്ട് പറഞ്ഞു.

“കുഞ്ഞീ.. മഗരിബ് ബാങ്ക് കൊടുക്കാൻ നേരായി. പോയി ഉണക്കാനിട്ട ഡ്രെസ്സൊക്കെ എടുത്തോണ്ട് വാ.” ഉമ്മ അടുക്കളയിൽ കാര്യമായെന്തോ പാചകം ചെയ്യുന്ന തിരക്കിലാണ്. ഓള് തട്ടം തലയിൽ ചുറ്റിക്കൊണ്ട് പുറത്തേക്കിറങ്ങി വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു.

വീടിന്റെ പിന്നാമ്പുറത്തെത്തി അയലിൽ നിന്നും ഉണങ്ങിയ ഡ്രസ്സ്‌ എടുക്കുന്നതിനിടെയാണ് ആരോ വിളിക്കുന്ന ശബ്‌ദം കേട്ടത്. മതിലിനടുത്തേക്ക് നോക്കി. മതിലിനപ്പുറത്ത് ആദി എത്തിനോക്കുന്നുണ്ടായിരുന്നു.

“കുഞ്ഞീ..” ആദി മതിലിനു മുകളിൽ കൈവച്ചുകൊണ്ട് ഓളെ നോക്കി ചിരിച്ചു.

“വേണ്ട.. എന്നോട് മിണ്ടണ്ട.” ദേഷ്യത്തോടെ ഓള് ചുണ്ടുകൊട്ടിക്കൊണ്ട് മുഖം തിരിച്ചു.

“പിണക്കത്തിലാണോ നീ..?” അവൻ ചിരിയോടെ ഓളെ നോക്കി.

“രാവിലെ എന്നെ മീശപ്പുലിമലക്ക് കൊണ്ടുപോവണം ന്ന് പറഞ്ഞപ്പോ ഒന്നും മിണ്ടാതെ പോയതല്ലേ ആദിയേട്ടൻ. നേരത്തെ വീട്ടീ വന്നിട്ട് പോലും മിണ്ടിയില്ല. എനിക്ക് വിഷമായി.” ഓള് തിരിഞ്ഞു നോക്കി. തല താഴ്ത്തിയിട്ട് പരിഭവത്തോടെ പറഞ്ഞു.

“നമുക്കിന്നു രാത്രി പോവാന്ന്..” അവൻ ഓളെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.

“ഇന്ന് രാത്രിയോ? ഉറപ്പാണല്ലോ?” ഓള് കണ്ണുരുട്ടി ചോദിച്ചു.

“ഉറപ്പ്.. ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും ഉറങ്ങുന്നത് വരെ നീ കാത്തിരുന്നോ. ഉറങ്ങിക്കഴിഞ്ഞിട്ട് നീ ഇവിടേക്ക് വന്നാൽ മതി. ഞാൻ ദേ അവിടെ കാത്തിരിക്കുന്നുണ്ടാകും.” അവൻ കുറച്ചപ്പുറത്തെ കാടിന്റെ നടുക്ക് അവ്യക്തമായി കാണപ്പെട്ട കാവിലേക്ക് ചൂണ്ടിക്കാട്ടി.

“ന്നേ പറ്റിക്കുവോ?” ഓള് പിന്നെയും ചോദിച്ചു.

“പറ്റിക്കാനാണോ ഞാൻ നിന്നെ സ്നേഹിച്ചത്? ഇവിടെ അല്ലേ നമുക്ക് ജീവിക്കാൻ പറ്റാത്തതുള്ളൂ.. വേറെ എവിടെയെങ്കിലും പോയാൽ നമുക്ക് ഒന്നിച്ചു ജീവിക്കാഡീ.. നീ ആലിയ ഫാത്തിമയും ഞാൻ ആദിത്യൻ മേനോനുമായത് നമ്മുടെ തെറ്റാണോ? അല്ല. ഇവരെല്ലാവരും അതൊരു തെറ്റായി കാണുമെന്നു ഉറപ്പുണ്ടെങ്കിൽ പിന്നെ നമ്മളെന്തിനിവിടെ നിക്കണം?” അവൻ തല താഴ്ത്തിക്കൊണ്ട് ദീർഘമായി നിശ്വസിച്ചു.

“എന്നാൽ പോവാം.. ഇവിടെ ഈ നാട്ടിൽ തന്നെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ എന്താ? ന്റെ ആദിയേട്ടന്റേത് മാത്രമായിട്ട്, ആദിയേട്ടൻ കൊറേ കാലായിട്ട് പറഞ്ഞു കൊതിപ്പിക്കുന്ന മീശപ്പുലിമലയൊക്കെ കണ്ടിട്ട്.. നമ്മൾ കൊറേ കാലം ജീവിക്കും ലേ?” ഓളുടെ ഉള്ളിലൊരു പൂ വിരിഞ്ഞു. പെണ്ണിന്റെ മുഖത്ത് സന്തോഷം മിന്നിമറിയുന്നത് അവൻ ചിരിയോടെ നോക്കി നിന്നു. പെണ്ണ് സ്വപ്നം കാണുവാണ്. കാണട്ടെ..

“ന്നേ പറ്റിവോ?” ഓള് പിന്നെയും ചോദിച്ചു. മുഖത്തെ തിളക്കം ഒരു നിമിഷം ഇല്ലാതായി. അവൻ അവളെ അടുത്തേക്ക് വിളിച്ചു. ഓള് ചുറ്റിനും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഓള് മതിലിനടുത്ത് അവന്റെയടുത്തെത്തി. മതിലിൽ കൈകളൂന്നിയ പെണ്ണിന്റെ കവിളിൽ അവൻ കൈകൾ ചേർത്ത് പിടിച്ചു.

“എല്ലാരും ഉറങ്ങിക്കഴിഞ്ഞ ശേഷം നീ ഇങ്ങോട്ട് പോന്നാൽ മതി. ദേ ആ കാവിനടുത്ത് ഞാൻ കാത്തിരിപ്പുണ്ടാവും.. ന്നിട്ട് നമ്മൾ രണ്ടാളും ഒരുമിച്ച് പോകും..” അവൻ പതുക്കെ ഓളുടെ ചെവിയിൽ മന്ത്രിച്ചു.

“മീശപ്പുലിമല..” ഓള് പുഞ്ചിരിയിൽ മതിമറന്നു.

“ഈ പെണ്ണിതെവിടെപ്പോയി? കുഞ്ഞീ.. മൂവന്തി നേരത്താ ആ കാവിന്റടുത്ത് നിക്കണത്. ഇവളിതുവരെ അയലീന്ന് ഡ്രെസ്സെടുത്ത് തീർന്നില്ലേ?” അടുക്കളയിൽ നിന്ന് ഉമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് അവനിൽ നിന്നും ഓള് മാറി നിന്നത്.

“ഞാൻ പോവാ..” ഓള് അവനെ നോക്കി തലയാട്ടിയിട്ട് നടന്നു. പെട്ടന്ന് എന്തോ ഓർത്തെടുത്ത് പോലെ ഓള് തിരിഞ്ഞു നോക്കി.

“പറ്റിക്കുവോ?” ഓളുടെ ശബ്‌ദമന്നേരം നന്നേ നേർത്തിരുന്നു.

“ഇന്ന് നമ്മൾ പോവും. നീ നോക്കിക്കോ..” അവൻ താടിതുമ്പത്ത് കൈവച്ചുകൊണ്ട് പറഞ്ഞു.

ഡ്രെസ്സുമായി അകത്തേക്ക് കേറിയപ്പോഴാണ് മഗ്‌രിബ് ബാങ്ക് വിളിക്കുന്നത്.

‘അല്ലാഹു അക്ബർ അല്ലാഹു അക്ബർ..’ പള്ളി ദൂരെയാണെങ്കിലും അവിടേക്ക് ബാങ്ക് വിളികൾ വ്യക്തമായി കേൾക്കാമായിരുന്നു. ബാങ്ക് കേട്ടതും ഓള് ഓളുടെ തട്ടം ഒന്നുകൂടെ തലയിലേക്കെടുത്തിട്ടു. ബാങ്ക് വിളി കഴിഞ്ഞപ്പോ നിസ്കരിക്കാനിരുന്നു. തസ്ബീഹുമെടുത്ത് നിസ്കാരപ്പടത്തിൽ കുറേ നേരമിരുന്നു. അറിയാതെ പെണ്ണിന്റെ ശ്രദ്ധ മറ്റെവിടേക്കോ എത്തിക്കഴിഞ്ഞിരുന്നു.

ഇന്ന് ആദിയേട്ടന്റെയൊപ്പം.. മറ്റൊരു നാട്ടിലേക്ക്.. അവരുടേതായ ലോകത്തിലേക്ക്.. ഹിന്ദുപ്പെണ്ണിനേ സ്നേഹിച്ചതിന് മുസ്ലിം ചെക്കന്റെ കഴുത്തിൽ കത്തി കയറ്റിയതറിഞ്ഞാണ് ഈ സമൂഹത്തിൽ ഓൾക്കും അവനും ജീവിക്കാൻ കഴിയില്ലെന്നവർ ഉറപ്പിച്ചത്. പിന്നെ പിന്നെ അവൻ ഒരുപാട് സ്ഥലങ്ങളെ കുറിച്ച് പറയും. അവിടെയൊക്കെ അവന്റെയൊപ്പം പോകുന്നത് ഓള് സ്വപ്നം കാണും. ഇന്നാ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു.

പാത്തു ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് സമയം നീണ്ടുപോയെന്ന് ഓളറിഞ്ഞത്. നിസ്കാര പടത്തിൽ നിന്നെണീറ്റ് അടുക്കളയിലേക്ക് പോകുന്നതിനിടെ അവൻ കാത്തു നിൽക്കുമെന്ന് പറഞ്ഞ സ്ഥലത്തേക്ക് അടുക്കളക്ക് മുന്നിലെ വഴിയുടെ പാതി തുറന്നിട്ട ജനല്പാളികളിലൂടെ തുറിച്ചു നോക്കി. ഇരുട്ടാണ്.. ഒന്നും കാണുന്നില്ല..

ഓള് അടുക്കളയിലേക്ക് ചെന്ന് ഭക്ഷണസാധനങ്ങളെടുത്ത് മേശപ്പുറത്ത് കൊണ്ടുപോയി വച്ചു. കുട്ടികൾക്ക് അത്താഴം കഴിക്കേണ്ട സമയമായിരിക്കുന്നു. പാത്തുവിനും മോനുവിനും ചോറുരുട്ടികൊടുക്കുന്നത് ഓളാണ്. സാധാരണ അവർക്ക് ചോറ് കൊടുക്കുമ്പോൾ ഓൾക്ക് പറയാൻ കുറേ കഥകളുണ്ടാകുമായിരുന്നു. സിൻഡെറെല്ലയുടെ.. സ്നോ വൈറ്റിന്റെ..

പക്ഷെ അന്ന് മാത്രം ഓള് കഥ പറഞ്ഞു കൊടുത്തില്ല. മോനു ഭക്ഷണം വേണ്ടെന്ന് പറഞ്ഞു പിണങ്ങിപ്പോയി. ഓളത് കാര്യമാക്കിയില്ല. മനസ്സ് എവിടെയോ ആണ്.. ഏതോ ഒരു വിഹായസ്സിൽ..

ഇടക്ക് വച്ചാണ് വീടിന്റെ എതിർവശത്തെ വീട്ടിലെ ലീനാമ്മ ഓടി വരുന്നത് കണ്ടത്. ലീനാമ്മ കിതച്ചുകൊണ്ട് ഓടിവന്നകത്ത് കയറി.

“കുഞ്ഞീ.. ഉമ്മയെവിടെ?”

“ഉമ്മ അടുക്കളേലുണ്ടല്ലോ.. എന്തുപറ്റി ലീനാമ്മേ.” പാത്തുവിന്റെ വായിലേക്കൊരു ചോറുരുള വച്ചുകൊടുത്തുകൊണ്ട് ചോദിച്ചു.

“രാധികേച്ചീടെ മോനെ പാമ്പ് കൊത്തി. ഈ രാത്രി നേരത്ത് ആ കാവിന്റവിടെ പോകേണ്ട വല്ല ആവശ്യവുമുണ്ടോ ആ ചെക്കന്.. കള്ള് കുടിച്ചുകൊണ്ട് പരമേട്ടനും എന്റെ കെട്ടിയോനും കൂടെ അതുവഴി വരുമ്പഴ ആദി കാട്ടിൽ കിടക്കണത് കണ്ടതത്രേ. അറിയാൻ വൈകിയോണ്ട് മരിച്ചുപോയത്രെ.” രാധികേച്ചി പറയുന്നതൊക്കെ ഓള് കേൾക്കുന്നുണ്ടായിരുന്നു. തല താണുപോയി. പാത്തു ചോറിനായി വായ തുറന്നു കാണിച്ചു. ഓളുടെ കണ്ണീരിലൊന്നിറ്റി കയ്യിലുള്ള ചോറിന്റെ പാത്രത്തിലേക്ക് വീണു. ഇരുന്നിടത്ത് നിന്നനങ്ങാൻ കഴിഞ്ഞില്ല. ലീനാമ്മ അടുക്കളയിലേക്ക് ചെന്ന് ഉമ്മയോട് രണ്ടാമതും കാര്യം പറയുന്നത് ഓള് അവ്യക്തമായി പിന്നെയും കേട്ടു.

“രാധികേച്ചീടെ മോൻ മരിച്ചു..” പ്ലേറ്റിലേക്ക് നോക്കി കണ്ണീരിറ്റിയ ഒഴിഞ്ഞഭാഗത്ത് ഓള് വിരലുകൊണ്ടൊരു ഹൃദയം വരച്ചു. അതിലവന്റെ പേരെഴുതിനോക്കി. കണ്ണിൽ നിന്നും പിന്നെയുമിറ്റിയ തുള്ളി ആ ചിത്രത്തെ കലക്കിക്കളഞ്ഞു.

ഇത്തവണ പറ്റിക്കില്ലാന്ന് ഉറപ്പ് തന്നതാണ്. ചിലപ്പോ തന്നെ കാവിനടുത്ത് കാത്തിരിക്കുന്നുണ്ടാവും. ഓളുടെ മനസ്സ് പറഞ്ഞു. പാത്രം മേശയിൽ വച്ച് നേരെ ചെന്ന് മുറ്റത്തേക്കിറങ്ങിയപ്പോൾ അപ്പുറത്തെ വീട്ടിൽ നിന്നും രാധികേച്ചിയുടെ നിലവിളി കേട്ടു. അങ്ങോട്ടൊന്ന് നോക്കി. ആരൊക്കെയോ ആ വീടിന്റെ ഉമ്മറമുറ്റത്തൊരു കറുത്ത പന്തൽ കെട്ടുന്നുണ്ട്. വീട്ടുമുറ്റത്തെ മാവിന്റെ ഒരു കൊമ്പ് മുറിക്കാനായി ആണുങ്ങൾ മാവിൽ കേറുന്നതും കണ്ടു. ചിലപ്പോ ഇങ്ങോട്ടേക്കു ചായ്‌വുള്ള ഒരു കൊമ്പാകും മുറിക്കുക.

ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോഴാണ് ഉമ്മ ലീനാമ്മയുടെയൊപ്പം അങ്ങോട്ട് പോകാനിറങ്ങുന്നത് കണ്ടത്.

“പാത്തുവും മോനുവും ഒറ്റക്കാണ്.. നീയിവിടെ നിന്നോളുട്ടോ.” ഉമ്മ ഓളെ നോക്കി പറഞ്ഞിട്ട് പോയി. പോകുന്നതിനിടയിൽ ലീനാമ്മയാണ് പറഞ്ഞതെന്ന് തോന്നുന്നു.

“പാവം രാധികേച്ചി. ഈ വയസ്സുകാലത്ത് ഇനിയാരുണ്ട്.”

ഒന്നും കേൾക്കുവാൻ ഓളുടെ മനസ്സനുവദിച്ചില്ല. രാത്രി കാവിനടുത്ത് കാത്തിരിക്കുംന്ന് ഉറപ്പ് തന്നതാണ്. ഓള് ഇരുട്ടത്ത് വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നെത്തി. നിലാവിന്റെ അരണ്ട വെളിച്ചമുള്ള ആ കാവിലേക്ക് ഓള് പേടിയില്ലാതെ നടന്നു ചെന്നു. കാവിന്റെ പിന്നിൽ നിന്നും അതാ ഒരു വെളിച്ചം. കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ടോള് തുറിച്ചുനോക്കി. കാവിന്റെ പിന്നിലെ പൊളിഞ്ഞ മതിലിന് പിന്നിൽ അവന്റെ തിളങ്ങുന്ന രണ്ട് വെള്ളാരം കണ്ണുകൾ ഓള് കണ്ടു. ചുറ്റിനും പുകയാൽ മറക്കപ്പെട്ട ഒരു വിഗ്രഹം പോലെ… (അവസാനിച്ചു..)

ലൈക്ക് കമന്റ് ചെയ്യണേ…

രചന : ആദിത്യൻ മേനോൻ

Leave a Reply

Your email address will not be published. Required fields are marked *