പത്തിരുപതു വർഷങ്ങൾക്കപ്പുറം പാവാടക്കാരിയായി തന്റെ വാലായി നടന്നിരുന്നവൾ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ജിഷസുരേഷ്

കിനാവിന്റെ തീരത്ത്

അപ്പ്വേട്ടാ…… എപ്പെത്തി…..??!

അപ്പച്ചി പറഞ്ഞിരുന്നു വരുമെന്ന്….

മുറ്റത്തെ ആഞ്ഞിലി മരത്തിൽ കൂടുകൂട്ടിയ കിളിക്കുഞ്ഞിനെ നോക്കി നിൽക്കയായിരുന്ന അപ്പു തിരിഞ്ഞു നോക്കി..

ഒരു നിമിഷം അവൻ വിസ്മയഭരിതനായി.

ലച്ചു.

ഏതാണ്ടൊരു പത്തിരുപതു വർഷങ്ങൾക്കപ്പുറം പാവാടക്കാരിയായി തന്റെ വാലായി നടന്നിരുന്നവൾ…… വല്യമ്മാമേടെ ഒരേയൊരു മകൾ, തന്റെ മുറപ്പെണ്ണ്…

കണ്ണിമ ചിമ്മാതെ നോക്കി നിൽക്കെ അവളിൽ വന്ന മാറ്റങ്ങൾ അപ്പു ശ്രദ്ധിക്കയായിരുന്നു. കാര്യമായ മാറ്റമൊന്നുമില്ല. ഇരുസൈഡുകളിലായി മെടഞ്ഞിട്ടിരുന്ന മുടിയിഴകൾക്കു പകരം മുടി പിന്നി വെച്ച് , സെറ്റുസാരിയൊക്കെയുടുത്ത് ഇരുത്തം വന്നവളെപ്പോലെ….

എന്താ.. അപ്പ്വേട്ടാ….. ഇപ്പഴും പഴയ അകൽച്ച മാറീട്ടില്ലേ എന്നോട്…?

എന്താ ഒന്നും മിണ്ടാത്തെ..?

അതോ ഇന്നും അപ്പ്വേട്ടനൊപ്പം നിൽക്കാൻ യോഗ്യതയില്ലെന്നു തോന്നീട്ടോ..?

അപ്പുവിന്റെ തല കുനിഞ്ഞു. അവളൊന്നും മറന്നിട്ടില്ലെന്നവനു മനസ്സിലായി…

പ്ലീസ് ലച്ചു…. ഇനിയതൊന്നുമോർമ്മിപ്പിക്കരുത് നീ… വർഷങ്ങളെത്ര കഴിഞ്ഞു.

ആ.. അപ്പ്വേട്ടാ….എന്റെ മോനെ കാണണ്ടേ….??

അപ്പോഴാണയാൾ അവനെ ശ്രദ്ധിച്ചത്.

അവളുടെ വാലായ് പിന്നിലത്രയും നേരം അവനുണ്ടായിരുന്നുവോ……

ലച്ചുവിന്റതേ ഛായ. കുസൃതി നിറഞ്ഞ കണ്ണുകൾ.

അവനെ നോക്കി നിൽക്കേ ഹൃദയത്തിലൊരു വേദന നാമ്പിട്ടു…. തന്റെ മകനായി പിറക്കേണ്ടിയിരുന്നവൻ.

അവന്റെ കൈകളിൽ പിടിച്ച് വാൽസല്യത്തോടെ ചോദിച്ചു.

എത്രയിലാ പഠിക്കിണത്….?

എട്ടിലാ…. പുഞ്ചിരിയോടെ അവൻ മറുപടി പറഞ്ഞു….

പോട്ടെ അപ്പ്വേട്ടാ….. നാലുദിവസം ഞാനും മോനും തറവാട്ടിലുണ്ട്. മറ്റന്നാ നമ്മുടെ കാവിലെ പാട്ടല്ലെ..?അതിനു വന്നതാ. ഏട്ടന് ലീവ് കിട്ടീല്ല. അതാ ഞങ്ങള് തനിയെ വന്നെ.

അപ്പ്വേട്ടൻ വരില്ലെ കാവിലെ ഉൽസവത്തിന്…? പണ്ട് ഉൽസവത്തിന് നമ്മളെത്ര ദീപം തെളിയിച്ചിരിക്കുണു….

ഫോൺ വൈബ്രേറ്റ് ചെയ്യുന്നതറിഞ്ഞ് അവൾ ഫോണെടുക്കുന്നതും, ആ മുഖം സന്തോഷത്താൽ വിടരുന്നതും, തന്നോട് പിന്നെക്കാണാമെന്നു തലകുലുക്കിക്കാട്ടി തിടുക്കത്തിൽ മുന്നോട്ടു നടക്കുന്നതും നോക്കി നിൽക്കെ അപ്പുവിന് അടക്കാനാവാത്ത നഷ്ടബോധം തോന്നി….

താൻ മനഃപ്പൂർവ്വം നഷ്ടപ്പെടുത്തിയ നിശാഗന്ധിപ്പൂവ്…… എത്രയിഷ്ടമായിരുന്നു തനിക്കവളെ.. പിന്നീടെപ്പഴാണ് താനവളെ മറന്ന് വലിയ ലോകം നോക്കിപ്പോയത്.. ഉച്ചക്ക് ഊണുകഴിച്ചു കൊണ്ടിരിക്കുമ്പഴാണ് അമ്മ ഏറെക്കാര്യങ്ങൾ അവളെക്കുറിച്ച് പറഞ്ഞത്.

അന്ന് അവൾക്ക് പഠിപ്പ് പോരെന്ന് പറഞ്ഞ് താനവളെ തള്ളിക്കളഞ്ഞ്, തന്റെ ബോസിന്റെ മകളെ വിവാഹം കഴിച്ച് നഗരത്തിൽ ചേക്കേറിയപ്പോൾ അവൾ ഒരുപാട് കരഞ്ഞിരുന്നുവത്രേ…..

കുട്ടിക്കാലം മുതൽ അപ്പ്വേട്ടനെ മനസ്സിൽ കൊണ്ടു നടന്നിരുന്നവളെ,.,,,,,

” നീയെനിക്ക് പെങ്ങളെപ്പോലെ”യാണെന്ന് പറഞ്ഞ്, നിഷ്ക്കരണം തള്ളിക്കളഞ്ഞ് സ്വന്തം ഇഷ്ടം നോക്കിപ്പോയപ്പോൾ… വേദന ഉള്ളിലടക്കി അവൾ ജീവിച്ചു.

പിന്നീടാ വേദനകൾ അവൾക്ക് പഠിക്കാനുള്ള പ്രചോദനമായി. ഒന്നൊന്നായി അവൾ പടികൾ ചവിട്ടിക്കയറി മുന്നേറി.ഏറെ നിർബന്ധത്തിനൊടുവിൽ കല്യാണം.

വരൻ നല്ലൊന്നാന്തരം എൻജിനീയർ…. വൈകാതെ അവൾക്കും ജോലിയായി.

അവൾ ജീവിതത്തിൽ വിജയം നേടിക്കൊണ്ടിരുന്നപ്പോൾ, താൻ പരാജയത്തിന്റെ കയ്പ്പു നീരിൽക്കിടന്ന് പിടയുകയായിരുന്നു. താൻ സ്റ്റാറ്റസ് നോക്കി കെട്ടിയ പെണ്ണ് തന്നെയുപേക്ഷിച്ച് കടന്നു കളഞ്ഞിട്ടുപോലും നാട്ടിലേക്കൊന്നു വരാൻ തോന്നിയില്ല. സമയാസമയം അമ്മക്ക് പണമയക്കും. അത്രമാത്രം.

പക്ഷേ ഇപ്രാവശ്യം അമ്മക്കൊരേ നിർബന്ധമായിരുന്നു താൻ നാട്ടിൽ വരണമെന്ന്. അതുമല്ല കാവിലെ പാട്ടുൽസവത്തിന് നീ കൂടെ വേണമെന്നു കൂടി തറപ്പിച്ചു പറഞ്ഞപ്പോൾ മറ്റൊന്നുമാലോചിച്ചില്ല.

പക്ഷേ ഇപ്പോൾ തോന്നുന്നു വരേണ്ടായിരുന്നെന്ന്. ലച്ചു,, ചുട്ടുപഴുത്ത മരുഭൂവിൽ പെയ്തിറങ്ങിയ കുളിർമഴയായ് ഹൃദയത്തെ ആർദ്രമാക്കിക്കൊണ്ടിരിക്കുന്നു.

പാട്ടുൽസവ രാത്രിയിൽ നാഗത്താൻ കളത്തിനരികെ തൊഴുകൈകളുമായി നിന്ന അവൾക്കരികെ അപ്പുവും വന്നു നിന്നു. അപ്പോഴയാൾ അവളിൽ പഴയ ആ പാവാടക്കാരിയെ തിരയുകയായിരുന്നു.

രാത്രിപൂജ കഴിഞ്ഞ് അത്താഴപ്പുരയിലേക്ക് നടക്കെ നിഴൽ വിരിച്ച പാരിജാതച്ചുവട്ടിലെത്തിയപ്പോൾ നിയന്ത്രിക്കാനായില്ല. അവളുടെ കൈകളിൽ പിടുത്തമിട്ട് ആ കണ്ണുകളിൽ നോക്കി ഒരു നിമിഷം നിന്നു.

അവളുടെ കണ്ണുകളും നിറഞ്ഞു തൂവി. തന്റെ കൈകളിൽ നിന്ന് അവൾ കൈകൾ വലിച്ചെടുത്തു. എന്നിട്ട് പറഞ്ഞു.

വേണ്ടപ്പ്വേട്ടാ….. നിങ്ങൾക്ക് ഞാനിനി വെറുമൊരു പെങ്ങൾ മാത്രമായിരിക്കും… ….. ഇനിയീ ജന്മം ഇങ്ങനൊക്കെത്തന്നെ… എന്റെ മനുവേട്ടനെ മറന്ന് ഒരു നിമിഷം ഞാനിനി ജീവിച്ചു കൂടാ…….

നാളെ ഞങ്ങൾ പോകും….എനിക്ക് ലീവിനി നീട്ടാനൊക്കില്ല. പിന്നെ മോനൂന്റെ ക്ലാസ്… അതും കളയാനാകില്ലല്ലോ…

അപ്പ്വേട്ടൻ ഇനിയെന്നെയിങ്ങനെയോർക്കരുത്. എല്ലാം ഈശ്വര നിശ്ചയമാണപ്പ്വേട്ടാ…. ആരാർക്കൊക്കെ കൂട്ടാവണമെന്നത് നേരത്തെ ഈശ്വരൻ കണക്കു കൂട്ടിവെച്ചിട്ടുണ്ട്…

അതാണ് ശരിയെന്ന് അപ്പുവിന് മനസ്സിലായി….. മുറ്റത്തെ ഇരുട്ടിലൂടെ അവളുടെ നിഴൽ മാഞ്ഞുപോകുന്നതൊരു നിമിഷം നോക്കിനിന്ന് അപ്പു ഒഴിഞ്ഞ വയറോടെ തിരിഞ്ഞു നടന്നു.. അകലെയൊരു രാപ്പാടിയുടെ തേങ്ങൽ അപ്പോഴുമുയരുന്നുണ്ടായിരുന്നു…..

💗ജിഷസുരേഷ്.. 💗

ചില ജീവിതങ്ങളിങ്ങനെയല്ലേ….. കൈയെത്തും ദൂരത്താണെങ്കിലും പരസ്പരമൊന്നാവാൻ യോഗമില്ലാതെ…ചിലർ.

ചിലരോ അക്കരപ്പച്ച തേടിപ്പോയി സ്വയമെരിഞ്ഞടങ്ങി….)

രചന: ജിഷസുരേഷ്

Leave a Reply

Your email address will not be published. Required fields are marked *