പക്വതയില്ലാത്ത പ്രായത്തിൽ ഒരുമിച്ചു ജീവിക്കാൻ ഉറച്ച അവർ സുഹൃത്തുക്കളുടെ സഹായത്താൽ വിവാഹിതരായി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രേഷ്ജ അഖിലേഷ്.

(അ)വിവാഹിത

” തനിയ്ക്കു നാണമില്ലേ തന്നെ വേണ്ടാത്ത ഒരാണിന്റ പിന്നാലെ നടക്കാൻ . തനിയ്ക്കു നെറ്റിയിൽ സിന്ദൂരമണിയാൻ യോഗമില്ല. കഷ്ട്ടം തന്നെ തന്റെ കാര്യം.” വിഷ്ണു മനസ്സിലുണ്ടായിരുന്ന അതേ പുച്ഛത്തോടെ അശ്വതിയോട് പറഞ്ഞു. അശ്വതി മറുപടി പറയാതെ വേഗത്തിൽ നടന്നകന്നു.

കരച്ചിലടക്കാൻ ഒരുപാട് പാടുപെട്ടു അവൾ. എത്രയോ നാളായി വിഷ്‌ണു തന്റെ സ്നേഹമറിയിച്ചു അശ്വതിയുടെ പുറകെ നടക്കുകയാണ്. ഇത്തവണയും അവൾ ഒഴിഞ്ഞു മാറിയത്തിന്റെ ദേഷ്യത്തിലാണ് അവൻ. «»«»«»«»«»«»»«»»»»»»«»»»»»» “എവടെ പോയതാ നീ. അച്ഛനെ ആ വക്കീൽ വിളിച്ചിരുന്നു. ” അശ്വതി ഉമ്മറത്തേയ്ക് കാലെടുത്തു വെയ്ക്കും മുൻപേ അവളുടെ അമ്മ പറഞ്ഞു.

“ഞാൻ ഇന്നലെ പറഞ്ഞിരുന്നില്ലേ… ആ കോഴ്സ്ന്റെ ഡീറ്റെയിൽസ് അന്വേഷിക്കാൻ പോയതാ.

“ഓഹ് അപ്പൊ നിനക്കുറപ്പായി അവൻ നിന്നെ സ്വീകരിക്കില്ലാന്ന്… കഴിഞ്ഞ ജന്മം എന്തു പാപം ചെയ്തോ ആവോ നിന്നെപ്പോലൊരു നാശം എന്റെ മോളായി പിറന്നല്ലോ.”

കുറ്റപ്പെടുത്തലുകളും ശാപവാക്കുകളും കേട്ട് തഴമ്പിച്ച അശ്വതിയ്ക്ക് പ്രത്യേകിച്ച് ഭാവഭേദമൊന്നും ഉണ്ടായില്ല. മൗനമായി അകത്തേയ്ക്ക് നടന്നു. മുറിയിലേക്ക് കയറിയ ഉടൻ ഫാൻ ഇട്ട്, ബാഗ് മേശമേൽ വെച്ച് കട്ടിലിൽ തളർന്നിരുന്നു അവൾ. വേനൽ ചൂടിൽ വഴി നടന്നതിന്റെയല്ല, വിഷ്ണുവിന്റെ ചോദ്യമാണ് അവളെ തളർത്തിയത്. ഇത്രയും നാളുകളായി വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസവും കുറ്റപ്പെടുത്തലുകളും സഹിച്ചു അത് ജീവിതത്തിന്റെ ഭാഗമായ പോലെയായിരുന്നു. എങ്കിലും അന്യനായ വിഷ്ണുവിന്റെ വാക്കുകൾ മനസ്സിലെവിടെയോ കൊണ്ടു നീറുന്നു. «»«»«»«»«»«»«»«»«»«»«»«»«»«»«»«» “എന്തായെടാ വിച്ചു നീ പോയ കാര്യം?” “ഓഹ് അത് ശരിയാവില്ലന്നെ… അവളിപ്പോഴും അവളുടെ കാമുകനെ ധ്യാനിച്ചു നടക്കാ… സുന്ദരൻ സുമുഖൻ സമ്പന്നൻ…നമ്മൾ പാവം… മമ്മൂക്ക രാജ മാണിക്യത്തിൽ പറഞ്ഞപോലെ നമ്മളില്ലേയ് ”

വിഷ്ണുവും ഉറ്റ സുഹൃത്ത് ഹരിയും തമ്മിലുള്ള സംഭാഷണമാണ്. തമാശരൂപേണയാണ് വിഷ്ണുവത് പറഞ്ഞതെങ്കിലും അവന്റെ ശബ്ദമിടറിയിരുന്നതിലൂടെ ഹരി വിഷ്ണുവെന്ന വിച്ചുവിന്റെ നൈരാശ്യം മനസ്സിലാക്കി.

“നിയന്താടാ ഈ പറയുന്നേ അവൾക്കു അവനോട് ദേഷ്യമല്ലാതെ പ്രണയത്തിന്റെ ഒരു കണികപോലും ഇല്ലെന്നാണല്ലോ മഹി പറഞ്ഞത്. ” “മഹി ആരാ അവളുടെ കേസ് വാദിക്കുന്ന വക്കീൽ അല്ലേ അല്ലാതെ അവളുടെ മനസ്സാക്ഷിസൂക്ഷിപ്പുക്കാരനൊന്നും അല്ലല്ലോ. ഒന്നുകിൽ അവൾ അവനെ മറന്നിട്ടില്ല. അല്ലെങ്കിൽ എന്നെ ബോധിച്ചു കാണില്ല. എന്തു തന്നെയായാലും ഞാനില്ല ഇനി ”

“നിയെങ്ങനെ വിഷമിക്കാതിരിയെടാ… നമുക്കൊന്ന് നോക്കാം.”

“ഹും… എനിക്ക് വിശ്വാസമില്ലെടാ… അമ്മയ്ക്ക് ഞാൻ ആശ കൊടുത്തു പോയി. ഈ വർഷം തന്നെ മരുമോളായി ആ പടികടന്നു ഒരു പെൺകുട്ടി വരുമെന്ന്… അമ്മ കണ്ടിഷ്ട്ടപെട്ടതാ അവളെ… അവളെക്കുറിച്ച് നാട്ടിലെ കഥകളൊക്കെ അറിഞ്ഞപ്പോൾ ചെറിയൊരു ഇഷ്ടക്കുറവുണ്ടായിരുന്നു. പിന്നീട് നിന്റെ മഹി അവളെ കുറിച് പറഞ്ഞപ്പോ അതെല്ലാം മാറി. എന്നാലും എനിക്ക് മനസ്സിലാകാത്തത് അവളുടെ മനസ്സാണ്.”

«»«»«»«»«»«»«»«»»»»»»»»«»«»«»«»«»« കുറച്ചു ദിവസങ്ങൾക്കു ശേഷം അശ്വതിയുടെ വീട്ടിൽ…

“കേസ് എല്ലാം തീർന്നില്ലേ… ഇനിയെന്താണ് അശ്വതിയുടെ ഭാവി തീരുമാനം ” കുടുംബകോടതി അഭിഭാഷകനായ മഹേഷ്‌ (മഹി ) ചോദിച്ചു.

ചോദ്യം അശ്വതിയോടാണെങ്കിലും അവളുടെ അമ്മ ആയിരുന്നു മറുപടി പറഞ്ഞത്. “അവൾക്കിനി എന്തോന്ന് ഭാവി സാറേ… പടിക്കലിട്ട് കലമുടച്ചത് പോലെയായില്ലേ ഇത്‌കേസും നടത്തി ഉള്ള പണവും കളഞ്ഞു. തലയുയർത്തി നടക്കാൻ കഴിയുമോ ഇനി.” കണ്ണീരും തുടച്ചുകൊണ്ടു അശ്വതിയുടെ നേരെ രൂക്ഷമായൊന്നു നോക്കി അമ്മ അകത്തേയ്ക് കയറിപ്പോയി.

രണ്ടു വർഷങ്ങൾക്കു മുൻപ് അശ്വതി രഞ്ജിത്ത് എന്നു പേരുള്ള ഒരാളുമായി പ്രണയത്തിലായിരുന്നു. കോളേജിൽ ചേർന്നു പഠിക്കുന്ന സമയം. നാട്ടിലെ അത്യാവശ്യം സമ്പന്ന കുടുംബത്തിലെ പയ്യൻ. പക്വതയില്ലാത്ത പ്രായത്തിൽ ഒരുമിച്ചു ജീവിക്കാൻ ഉറച്ച അവർ സുഹൃത്തുക്കളുടെ സഹായത്താൽ വിവാഹിതരായി. രജിസ്റ്റർ വിവാഹം കഴിഞ്ഞു വരുന്ന വഴിക്കു തന്നെ രഞ്ജിത്തിന്റെ വീട്ടുകാരുടെ ഇട പെടൽ മൂലം പോലീസ് രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്തു. വിവാഹം കഴിഞ്ഞതല്ലേ ഉള്ളൂ ഒരുമിച്ചു താമസം തുടങ്ങിയിട്ടൊന്നുമില്ലല്ലോയെന്നും രണ്ടു വീട്ടുകാരുടെയും സാന്നിധ്യത്തിൽ നാട്ടുകാരറിയെ ഒരു വിവാഹം നടത്തുമെന്നും പറഞ്ഞു അശ്വതിയെയും വീട്ടുകാരെയും അനുനയിപ്പിച്ചു വിട്ടു. സമ്പന്ന കുടുംബത്തിലെ അംഗമായ രഞ്ജിത്തിന്റെ ഭാവി പോലീസുകാർക്ക് വലിയൊരു വിഷയമായിരുന്നു.

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അശ്വതിയുമായുള്ള ബന്ധം വേർപ്പെടുത്താൻ രഞ്ജിത്തും തയ്യാറായി. ഒരു ദിവസത്തെ പോലും ആയുസ്സില്ലാത്ത ആ വിവാഹ ബന്ധം വേർപ്പെടുത്തുന്നതിന്റെ പേരിൽ പക്ഷേ രണ്ടു വർഷമായി നിയമ പോരാട്ടത്തിൽ ആയിരുന്നു ഇരു വീട്ടുകാരും. ഒളിച്ചോട്ടവും പ്രണയവും കൂടാതെ മറ്റു പല ഇല്ലാ കഥകളും കൂടി നാട്ടിൽ പടർന്നതോടെ രഞ്ജിത്തുമായുള്ള ജീവിതമല്ലാതെ മറ്റൊരു ഭാവി അശ്വതിയ്ക്കില്ലായെന്ന് വീട്ടുകാർ ഉറപ്പിച്ചിരുന്നു. സാധരണക്കാരിയായ അശ്വതിയെ കുടുംബത്തിലെ മരുമകളാക്കില്ലെന്ന് രഞ്ജിത്തിന്റെ വീട്ടുകാരും. വീട്ടുകാരുടെ വാക്ക് കേട്ട് സ്നേഹിച്ച പെണ്ണിനെ ഒഴിവാക്കാൻ നടക്കുന്നയാളെ ഒപ്പം ജീവിക്കാൻ വേണ്ടെന്ന് അശ്വതി പറഞ്ഞുവെങ്കിലും ഒരിക്കൽ തെറ്റ് ചെയ്തവളുടെ വാക്കിനു വില കല്പിച്ചില്ലെന്നു മാത്രമല്ല. ഒരു ഭാരം ഒഴിവാക്കുവാനുള്ള വ്യഗ്രത ആയിരുന്നു അവളുടെ വീട്ടുകാർക്ക്. ദുഷ്‌പേര് കേൾപ്പിച്ചവളെ അടിച്ചമർത്താൻ വീട്ടുകാർ നാട്ടുകാരേക്കാൾ മിടുക്കു കാണിച്ചു. മഹിയ്ക്ക് പലപ്പോഴും അശ്വതിയുടെ അവസ്ഥയെകുറിച് സഹതാപം ഉണ്ടായിരുന്നു. ഒടുവിൽ ബന്ധം പിരിയാൻ തനിയ്ക്കും സമ്മതമെന്ന് തന്റെ വീട്ടുകാരുടെ എതിർപ്പിനെ വക വെയ്ക്കാതെ അശ്വതി അറിയിച്ചു.

“വിവാഹിത ആയിരുന്നിട്ടും അവിവാഹിത ആയിട്ടാണ് ഇത്രയും നാൾ കഴിഞ്ഞത്. പാതിയിൽ അവസാനിപ്പിച്ച പഠനം തുടരുന്നു…നല്ല കാര്യം. പക്വത ഇല്ലാത്ത പ്രായത്തിൽ ചെയ്തു പോയ തെറ്റിന് പഴികേട്ടുകൊണ്ട് എത്ര നാളെന്നു വെച്ചാ ഇവിടെ കഴിയുന്നത്. അശ്വതി എന്താ വിഷ്ണുവിന്റെ പ്രൊപോസൽ വേണ്ടെന്നു വെയ്ക്കുന്നത്. തന്റെ പ്രശ്നം ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ള അയാളെ താൻ…”

“സർ, വിഷ്ണുവേട്ടനോട് എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല. പിന്നെ അറിയാലോ… നാട്ടിലും വീട്ടിലും എന്നെ കുറിച്ചുള്ള അഭിപ്രായം. മാത്രമല്ല ഞാനിതെന്റെ വീട്ടുകാരോട് അവതരിപ്പിച്ചാൽ… അതൊന്നും ശരിയാവില്ല സാർ.”

“അപ്പൊ മറ്റുള്ളവരെ പേടിച്ചാണല്ലേ. ഒരു പ്രണയവും ഒളിച്ചോട്ടവും ഡിവൊസും കഴിഞ്ഞതേയുള്ളു അവളിത മറ്റൊരുത്തനെ പ്രേമിക്കാൻ തുടങ്ങി എന്ന് പറയുമെന്ന ചിന്തയാണല്ലേ… തന്റെ വീട്ടിൽ വന്നു പെണ്ണു ചോദിക്കാൻ വിഷ്ണുവിന് താല്പര്യമില്ലാതെയല്ല… തനിക്കു ഇഷ്ടമാണെന്നു അറിഞ്ഞിട്ട് മതിയെല്ലോ എന്നോർത്താണ്… താൻ പേടിക്കണ്ടെടോ വിഷ്ണു രഞ്ജിത്തിനെ പോലെയല്ല. പണമില്ലെങ്കിലും പൊന്നുപോലത്തെ മസസ്സുണ്ടവന്…”. മഹി സംസാരിച്ചു പടിറങ്ങി പോകവേ പ്രത്യാശയുടെ ഒരു പ്രകാശം അവളിൽ മോട്ടിട്ടു. «»«»«»«»«»«»«»«»«»«»«»«»«»«»«»«»«» മാസങ്ങൾക്കു ശേഷം അശ്വതിയുടെ വീട്ടിൽ ഒരു സത്കാരം നടന്നുകൊണ്ടിരിക്കുന്നു.

“കണ്ടോടാ മഹീ വിച്ചൂന്റെ മുഖത്തൊരു നാണം. അശ്വതിയുടെ പിന്നാലെ പ്രൊപോസൽ ആയിട്ട് നടക്കുമ്പോൾ ഇല്ലായിരുന്നു. ഇപ്പോൾ വിവാഹനിശ്ചയം കഴിഞ്ഞപ്പോഴാ അവന്റെ ഒരു നാണം.” ഹരിയുടെ കമന്റാണ്. ഇന്നായിരുന്നു അശ്വതിയുടെയും വിഷ്ണുവിന്റെയും വിവാഹനിശ്ചയം. അശ്വതിയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസം. അത് വിവാഹമുറപ്പിച്ചത് കൊണ്ടു മാത്രമല്ല… അശ്വതിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഒരു ദിവസം പോലും ദൈർഘ്യമില്ലാതിരുന്ന വൈവാഹിക ജീവിതത്തിലെ പങ്കാളി, രഞ്ജിത്ത് അവളെ തിരക്കി വന്ന ദിനം കൂടിയായിരുന്നു അത്. വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഒരു അപകടം രഞ്ജിത്തിനെ തേടിയെത്തി. കാലുകൾ തളർന്ന അവനിനി വിവാഹകമ്പോളത്തിൽ ഒരുപാട് താഴെയാണെന്ന് മനസ്സിലാക്കിയ വീട്ടുകാർ അശ്വതിയല്ലാതെ മറ്റാരും രഞ്ജിത്തിനെ സ്വീകരിക്കാൻ തയ്യാറാകില്ലെന്ന് ഉറപ്പിച്ചു. പെണ്ണല്ലേ… പ്രണയമല്ലേ വലുതെന്നു പറഞ്ഞു ചെയ്തിനെല്ലാം മാപ്പപേക്ഷിച്ചാൽ ഒരു പക്ഷേ പണക്കാരനായ തങ്ങളുടെ മകനെ ത്യജിക്കില്ലെന്ന് രഞ്ജിത്തിന്റെ വീട്ടുകാർ ആത്മബലം നൽകി. രഞ്ജിത് ന്റെ വരവിൽ ആദ്യമൊന്ന് പകച്ചു പോയെങ്കിലും തന്റെ ജീവിതത്തിലെ സുപ്രധാന ദിനത്തിൽ അവന്റെ സാന്നിധ്യം അവൾക് സന്തോഷമായിരുന്നു. കോടതിയിൽ നിന്നിറങ്ങുമ്പോൾ അവന്റെ മുഖത്ത് ആഞ്ഞടിക്കാൻ കഴിയാത്തതിന്റെ വേദന അവൾക്കിപ്പോൾ ഇല്ലാ.

“അശ്വതി… എന്നോട് ക്ഷമിക്കണം… എന്റെ ആരോഗ്യം പഴയപോലെ ആവുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്… കുറച്ചു താമസം ഉണ്ടെന്നു മാത്രം.. നീയെന്റെ കൂടെ വരില്ലേ…” രഞ്ജിത്ത് അലിവോടെ പറഞ്ഞു.

“ഒരു വികലാംഗനൊപ്പം കഴിയുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.”

“അശ്വതി. വേണ്ട… കുറവുകളെ പരിഹസിക്കരുത്.”

“കാലുകൾ തളർന്നു പോയതല്ല വിഷ്ണുവേട്ട ഇയാളുടെ അംഗവൈകല്യം… നട്ടെല്ലില്ല എന്നതാണ്… ഇയാളിനി എഴുന്നേറ്റു നടന്നു വന്നിരുന്നുവെങ്കിലും ഞാൻ ഇതു തന്നെ ചെയ്തേനെ… സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്ത ആൾക്ക് എന്തുണ്ടായിട്ടെന്താ പ്രയോജനം. പലരും പലതും പറഞ്ഞിട്ടും എന്നെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കുവാൻ വിഷ്‌ണുവേട്ടൻ കാണിച്ച ധൈര്യത്തിനു മുൻപിൽ ഇയാൾ ഒന്നുമല്ല വിഷ്ണുവേട്ട…”

ആ ദിനത്തിൽ അശ്വതിയ്ക്ക് വിഷ്ണുവിനോടുള്ള ബഹുമാനവും സ്നേഹവും വിഷ്ണുവിനും ബോധ്യമായി.

അശ്വതി ഇനിയാണ് പ്രണയിക്കുന്നത്.പക്വതയില്ലാത്ത പ്രണയമല്ല. വീട്ടുകാരുടെ സമ്മതത്തോടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വിവാഹം വരെയും വിവാഹിതയായി വിഷ്ണുവിന്റെ പ്രിയപ്പെട്ട ഭാര്യയായി ഒരുപാട് ഒരുപാട് കാലം… ലൈക്ക് കമന്റ് ചെയ്യണേ…

രചന: രേഷ്ജ അഖിലേഷ്.

Leave a Reply

Your email address will not be published. Required fields are marked *