ഒന്നും രണ്ടും വയസ്സിനു മാത്രം വ്യത്യാസമുള്ള പെൺകുട്ട്യോളെ നല്ല കല്യാണാലോചന വരുമ്പോ കെട്ടിച്ചു വിടാതെ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Nafiya Nafi

“നാളെ ചെറ്യേ പേരക്കുട്ടിന്റെ പിറന്നാളാണ്. ഞാനൊന്നാ കടേൽ വരെ പോവാ കയിജാ രാവിലെ തന്നെ ആയമ്മത്താടെ ശബ്ദം കേട്ടാണ് ഇന്നലെ എണീക്കുന്നത്.

തോണ്ടികൊണ്ടിരിക്കുന്ന ഫോൺ താഴെ വെച്ച് വേഗം ശബ്ദം കേട്ടിടത്തേക്കൊന്ന് പോയി നോക്കിയാതായിരുന്നു.. “പടച്ചോനേ….ആരാപ്പോ ഇത്… ജ്ജെന്നാ വന്നേ.. കൊറേ ആയി അന്നെ കണ്ടിട്ട്…. നിക്കാനൊന്നും വരാറില്ലേ നാഫ്യെ ഇയ്യിപ്പോ? കണ്ട പാതി കാണാത്ത പാതി ഒരു കൊട്ട ചോദ്യവുമായി ആയമ്മാത്ത കൈ പിടിച്ചപ്പോ നേരെ പോയി സലാം പിടിച്ചു വീട്ടിലേക്കിരുത്തി…. പതിവ് പോലെ ഉമ്മച്ചി നീട്ടിയ മധുരമിടാത്ത ചായയും ദോശയും കഴിക്കുമ്പോഴും വല്ലാതെ ദൃതിപെടുന്നുണ്ടായിരുന്നു അവർ..

“ഇങ്ങളെവിട്ക്കാ ഈ പായുന്നെ.. ആരേലും കാത്ത്നിക്ക്ണ്ടോ… മക്കളേം കെട്ടിച്ചു പേരകുട്ട്യോളും ആയി…. ഇഞ്ഞിപോ ഇങ്ങൾക്കെന്ത് പ്രാരാബ്ദമാണിത്താ…

ഞാനൊരിച്ചിരി കനത്തിൽ തന്നെയാണ് ചോദിച്ചത്..

ഒന്ന് ചിരിക്ക മാത്രം ചെയ്തു ചായഗ്ലാസിലെ ചായ വലിച്ചു കുടിച്ച് സലാം പറഞ്ഞിറങ്ങുമ്പോൾ വല്ലാത്തൊരു ജന്മമാണ് അവരുടേതെന്ന് ഉമ്മച്ചി പറയുന്നുണ്ടായിരുന്നു…

“പേരക്കുട്ടിന്റെ പിറന്നാളിന് സമ്മാനം കൊടുക്കാൻ വല്ലതും വാങ്ങാൻ പോവാ മൂപ്പത്തി…. പാവം കൊറേ കഷ്ടപ്പെട്ടതാണ്…. വല്ലിമ്മേം കൂട്ടി ചേർത്തു.. ശരിയാണ്… ജീവിതത്തിൽ തോറ്റെന്ന് കരുതിയിടത്തു നിന്നും ഒറ്റക്കോടി ജയിച്ചവരാണ് ആയമ്മത്ത.

ആയമ്മാത്താനെ പുയ്യാപ്ല ഉപേക്ഷിച്ചു പോകുമ്പോ അവർക്ക് പ്രായം ഇരുപത് കഴിഞ്ഞിട്ടുള്ളായിരുന്നു.. സമ്പാദ്യമായി പാതിപൊ ളിഞ്ഞൊരു വീടും നാല് പെണ്മക്കളേം കൊട്ത്ത് അങ്ങേര് സ്വന്തം സുഖം തേടി പോയത് ജനിച്ചത് നാല് പെണ്മക്കളാണെന്ന ഒറ്റ കാരണം കൊണ്ടാണ്.

ഒരു വി ധിയെയും പ ഴിക്കാതെ പിന്നീടങ്ങോട്ടവർ മക്കളെ സുരക്ഷിതരാക്കണമെന്ന ഒറ്റ ആഗ്രഹവുമായി ജീവിതത്തോട് പൊരുതുമ്പോൾ ഈ ലോകം മുഴുവൻ അവരുടെ കൂടെ നിന്നോട്ടൊന്നുമില്ലായിരുന്നു… കളിയാക്കലുകൾക്കും കുറ്റപ്പെടുത്തലിനും ഒത്ത നടുവിലവർ ഒറ്റക്ക് മുന്നോട്ട് പോയപ്പോൾ ഉപേക്ഷിക്കപ്പെടാൻ കാരണക്കാരായ മക്കൾ മാത്രമാണ് കൂട്ടുണ്ടായിരുന്നത്..

മക്കളിൽ ഇളയവളും ഞാനും ഒരുമിച്ചായിരുന്നു സ്കൂളിലും മദ്രസയിലും.. മദ്രസ വിട്ട് നേരെയവൾ സുബൈദത്താടെ വീട്ടിലേക്ക് തിരിക്കും.. നാട്ടിലെ പ്രമാണിയുടെ വീടാണ്.. നേരം വെളുത്തു ഉച്ചയാകും വരെ ആയമ്മത്തക്ക് അടിക്കലും തുടക്കലുമായി അവിടെയാണ് ജോലി..അവൾക്കുള്ള ചായ ആയമ്മത്ത അവിടെ ഒരുക്കിയിട്ടുണ്ടാവും.. വീട്ടിലെത്തി ഉമ്മാടെ ചായ കുടിച് ഞാനെത്തും വരെ അവളെന്നെ കാക്കും.. വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലും എല്ലാ കുട്ടികളും മദ്രസ വിട്ട് പോയി കഴിഞ്ഞാലും ആയമ്മത്താടെ മക്കൾ അവിടെ തന്നെയിരിക്കും.. ഉമ്മയും വന്ന് ഇരുനിലകളുള്ള ആ വലിയ മദ്രസയും ക്ലാസ്സ്‌ മുറികളും അടിക്കുന്നതിന്റെയും വൃത്തിയാക്കുന്നതിന്റെയും ചുമതല അവർക്കുള്ളതായിരുന്നു..

തീർന്നില്ല… തൊട്ടടുത്തുള്ള ബാങ്ക് ഇടക്ക് തൂത്തുവാരലും.. നാട്ടിലെ വീടുകളിൽ കല്യാണപ്പന്തലുകളിലും ആയമ്മത്ത സജീവമായി.. അണിഞ്ഞൊരുങ്ങി കല്യാണപന്തലിലേക്ക് വരുന്ന കുടുംബക്കാരുടെ മുന്നിലേക്ക് വരാതെ തീയും പുകയുമേറ്റ് വലിയ ബിരിയാണി ചെമ്പിനടുത്ത് പഴകിയ മാക്സിയുമുടുത്തുള്ള ആയമ്മത്ത കല്യണവീടുകളിലെ സ്ഥിരം കാഴ്ച്ചയായിരുന്നു..

പറഞ്ഞേൽപ്പിച്ച മിട്ടായി കൊണ്ട് വരാത്തതിനും സ്കൂളിൽ നിന്ന് ടൂർ പോകാൻ വിസമ്മതം പറയുന്നതിനുമൊക്കെ പരിഭവം കാണിക്കുന്ന എന്നോട് മാസം തോറും മദ്രസയിൽ അടക്കേണ്ടി വരുന്ന വരിസംഖ്യ അടക്കാൻ കഴിഞ്ഞിട്ടില്ലെന്ന സങ്കടം മാത്രമാണ് ആയമ്മത്താടെ മോൾക്ക് പറയാനുണ്ടായിരുന്നത്….

പുതിയ ഉടുപ്പിന്റ നിറം മങ്ങിയാലോ പൂവൊന്ന് അടർന്നു വീണാലോ ഉപയോഗിക്കാൻ മടിക്കുന്ന എനിക്ക് ആയമ്മത്താടെ ജീവിതവും മക്കളേം ഉപ്പച്ചി ചൂണ്ടി കാണിച്ചു തരും… വർഷത്തിലൊരിക്കൽ മാത്രമുള്ള പെരുന്നാൾ കോടിയും ആരുടെയൊക്കെയോ ഇട്ട് പഴകിയ ഉടുപ്പ് വെട്ടിയും കുറുക്കിയുമുള്ളതുമായിരുന്നു അവർക്കേറെയുണ്ടായിരുന്നത്..

അടുക്കളയുടെ വീതികുറവാണെന്ന് പരാതി പറയുന്ന ഉമ്മച്ചിക്കും ഉപ്പ ഉദാഹരണം കാണിക്കും.. മഴ പെയ്താൽ തോരാത്ത അടച്ചുറപ്പുള്ള വീട് സ്വപ്നം കാണുന്ന ആയമ്മത്തായെ..

കുറ്റപ്പെടുത്തലുകൾക്കും പരിഹാസങ്ങൾക്കും മുഖം കൊടുക്കാതെയുള്ള ഓട്ടപാച്ചിലിനിടയിൽ കാലിലെ മുടന്തലും ഒരു വേദ നകളും അവർ കാര്യമാക്കിയിരുന്നില്ല.. കൈവെള്ളയിൽ കത്തികൊണ്ടുള്ള മുറിവുകളും പൊള്ളലുകളും സ്ഥിരം കാഴ്ചയായിരുന്നു… നിറമുള്ള വസ്ത്രങ്ങളില്ലായിരുന്നു.. കറുത്ത ഹവായിയല്ലാതെ അവരുടെ കാലുകൾ അന്നും ഇന്നും അണിഞ്ഞു ഞാൻ കണ്ടിട്ടില്ല….

നാലുപേരെയും അവരുടെ ഇഷ്ടനുസരണം പഠിപ്പിക്കാൻ വിടുമ്പോഴും അവർക്ക് കു റ്റപ്പെടുത്തലുകൾക്ക് കുറവില്ലായിരുന്നു.. ഒന്നും രണ്ടും വയസ്സിനു മാത്രം വ്യത്യാസമുള്ള പെൺകുട്ട്യോളെ നല്ല കല്യാണാലോചന വരുമ്പോ കെട്ടിച്ചു വിടാതെ പഠിപ്പും പത്രാസും പറഞ്ഞും നിർത്തിയാൽ ജീവിത കാലം മുഴുവൻ ഇങ്ങനെ നിർത്താമെന്ന് പറഞ്ഞത് അവരുടെ അടുത്ത ബന്ധുക്കൾ തന്നെയായിരുന്നു…

ജീവിതത്തിലേവിടെയെങ്കിലും ഒറ്റപെട്ടു പോയാൽ തന്നെ പോലെ പാത്രം കഴുകിയും വിഴുപ്പലക്കിയുമുള്ള വിധി മക്കൾക്കുണ്ടാവരുതെന്ന ആഗ്രഹമൊന്ന് മാത്രമാണ് ആ ഉമ്മാടെ മനസ്സിലെന്ന് ഊഹിക്കാവുന്നതേയുള്ളൂ..

പഠനം പൂർത്തിയാക്കി ആയമ്മത്ത മക്കളെ ഓരോരുത്തരേം ഉപേക്ഷിക്കില്ലെന്ന് ഉറപ്പുള്ള കൈകളിൽ ഏല്പിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത മാത്രമാണ് സ്ത്രീധനമെന്നോണം നൽകിയ ആകെത്തുക..

അദ്ധ്യാപികമാരായും ട്യൂഷൻ ക്ലാസ്സ്‌ നടത്തിയും മറ്റും വീടെന്ന വല്യ സ്വപ്നം മക്കളാലെ ആയമ്മത്ത പതിയെ നിറവേറ്റിയപ്പോൾ അതേ കുറ്റപ്പെടുത്തിയവർ തന്നെയാണ് പറഞ്ഞത് “എന്തിനാ കൊറേ ആൺമക്കൾ ആയമ്മാനെ പോലെ നല്ല പെൺകുട്ട്യോൾ പോരേന്ന്…

പെണ്മക്കൾക്കൊപ്പം പടച്ചോൻ നാല് ആണ്മക്കളെ കൂടെ മരുമക്കളുടെ രൂപത്തിൽ കൊടുത്താനുഗ്രഹിച്ചപ്പോൾ ആ വിഷമവും പതിയെ മാറി… സുബൈദത്താടെ വീട്ടിൽ വല്ലപ്പോഴും മാത്രമായി വിശേഷം അറിയാൻ പോകുന്ന വിരുന്നുകാരിയായി മാറി ആയമ്മത്ത.

കല്യാണ വീടുകളിലെ ചെമ്പിനടുത്തു മുഷിഞ്ഞ വസ്ത്രമുടുത്തുള്ള ആയമ്മത്തക്ക് പകരമിന്ന് മാറ്റാരൊക്കെയോ ആണ്..

പ്രാരാബ്ദക്കാരിയാണെന്ന പേരിൽ മാറ്റി നിർത്തിയ കുടുംബക്കരെല്ലാം ആയമ്മത്താക്കിന്ന് ബന്ധുക്കളാണ്.

ഒറ്റക്ക് നിക്കാതെ മക്കളോടൊപ്പം നിന്നൂടെ ഇങ്ങൾക്കെന്ന ചോദ്യത്തിനും ആയമ്മത്തക്ക് മറുപടിയുണ്ട്.. “ഞാനുള്ള കാലത്തോളം വീടെന്ന് പറയാൻ അവർക്കൊരിടം വേണം.. അവിടെ പോയി നിന്നാൽ അതില്ലാതാവുമെന്ന് പറയുമ്പോൾ എന്തൊക്കെയോ വെട്ടിപിടിച്ചൊരു പ്രതീതിയാണാ മുഖത്ത്..

മുടന്തിയാണെന്ന പേരിൽ കല്യാണം കഴിച്ചു കൊണ്ട് വന്നത് മുതൽ അവഗണനയുടെ രുചി മാത്രം അറിഞ്ഞവരാണ്… ജന്മം നൽകിയത് പെണ്മക്കളെന്ന പേരിൽ ഉപേക്ഷിക്കപ്പെട്ടവർ.. ആശ്വാസവാക്കിനെക്കാൾ കൂടുതൽ സഹതാപം കേട്ടവർ..

പക്ഷെ ഇന്ന് കഥമാറി.. ചുറ്റും അവരെ ചേർത്തു നിർത്തുന്നവരാണ്. കുശലന്വേഷണം ചോദിക്കുന്നവരാണ്..

അങ്ങനെ അങ്ങനെ

എന്താഗ്രഹവും സാധിച്ചു കൊടുക്കാൻ മത്സരിക്കുന്ന നാല് പെണ്മക്കളുടെയും നാല് ആണ്മക്കളുടെയും ഡസൻ കണക്കിന് പേരക്കുട്ട്യോൾടേം വലിയുമ്മച്ചി..

എന്നാലും ഇന്നും ആയമ്മത്ത തിരക്കിലാണ്. നാളെ കഴിഞ്ഞാൽ പേരക്കുട്ടീടെ പിറന്നാൾ.. അത് കഴിഞ്ഞാൽ രണ്ടാമത്തെയാളുടെ പാൽക്കാച്ചൽ. പറ്റാവുന്ന കുഞ്ഞു കുഞ്ഞു സമ്മാനങ്ങളുമായി മക്കളുടെ അടുത്തേക്ക് പോകുന്നത് കാണുമ്പോൾ തെല്ലൊരു ആദരവോടെയല്ലാതെ അവരെ നോക്കാതിരിക്കാൻ പറ്റില്ല..

വീണും എഴുന്നേറ്റും നടന്നും ഓടിയും നാല് പെൺകുട്ടികളെയും അവർ സുരക്ഷിതമാക്കിയത് ഒരാൺതുണയുടെയും കൂട്ടില്ലാതെയാണ്..

“ഓൾക്ക് നാല് ആൺകുട്ട്യോൾ ആണെന്ന് ആരംബത്തോടെ പറയുകയും പെൺകുട്ട്യോളാണെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കയും ചെയ്ത് പോന്ന നാട്ടുകാരാവട്ടെ കുടുംബക്കാരാവട്ടെ

ഒരു കൈത്താങ്ങിനു ആണ്മക്കളെ തന്നില്ലല്ലോന്ന് സങ്കടം പറഞ്ഞവർക്ക് മുന്നിലും അവരിനി തലയുയർത്തി തന്നെ നിൽക്കട്ടെ .

പൊരുതി നേടിയ അവരുടെ ജീവിതത്തിനിന്ന് ഇരട്ടിമധുരമാണ്..

മക്കളും പേരമകമൊക്കെയായി സ്നേഹം പകർന്നും അനുഭവിച്ചും ആയമ്മത്ത ഇനി ജീവിക്കും പരാതികളില്ലാതെ.. സഹതാപമില്ലാതെ..

സങ്കടങ്ങളില്ലാതെ…. ലൈക്ക് കമന്റ് ചെയ്യണേ…

രചന: Nafiya Nafi

Leave a Reply

Your email address will not be published. Required fields are marked *