ടീച്ചറിന്റെ കരങ്ങൾക്ക് ഒരു സാന്ത്വനത്തിന്റെ സ്പർശം തോന്നി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Josepheena Thomas

” ഭാവിയിൽ നിങ്ങൾക്ക് ആരാവാനാണ് ആഗ്രഹം? ഓരോരുത്തരായി ഉത്തരം പറയൂ ”

ശോഭന ടീച്ചറുടെ ചോദ്യം. ടീച്ചർ മലയാളം അധ്യാപികയാണ്. ടീച്ചറിന്റെ പഠനരീതി എല്ലാവരുടെയും പോലെയല്ല. ചില പ്രത്യേകതകളുണ്ട്. പഠിപ്പിക്കേണ്ട സിലബസിനു പുറമെ പാഠ്യേതര വിഷയങ്ങളും കുട്ടികളുടെ സ്വഭാവ രൂപവൽക്കരണത്തിനാവശ്യമുള്ള മറ്റു പല കാര്യങ്ങളും പഠിപ്പിച്ചു തരും. അതുകൊണ്ടു തന്നെ കുട്ടികളുടെ മനസ്സിൽ ടീച്ചർ ഇടം നേടിക്കഴിഞ്ഞു അകലെയുള്ള ഒരു മലയോര ഗ്രാമത്തിൽ നിന്നു വന്ന ടീച്ചറിന് ആ ഗ്രാമത്തിന്റെ വിശുദ്ധിയുമുണ്ട്.

ടീച്ചർ ചോദിച്ച ചോദ്യത്തിന് കുട്ടികൾ ഓരോരുത്തരായി ഉത്തരം പറഞ്ഞു വരികയാണ് ആദ്യത്തെ നിരകളിലിരിക്കുന്ന കുട്ടികളുടെ ഊഴം കഴിഞ്ഞാൽ പിന്നെ രാഹുലിന്റെ ഊഴമാണ്. താനെന്തുത്തരം പറയും? രാഹുൽ വേദനയോടെയും അതിലേറെ ഭയത്തോടെയും ഓർത്തു. തനിക്കങ്ങിനെ എന്തെങ്കിലും ലക്ഷ്യമുണ്ടോ ? അതാ ടീച്ചർ തന്റെ നേരെയാണ് നോക്കുന്നത്. താനെന്തെങ്കിലും പറഞ്ഞേ ഒക്കൂ. മറ്റു കുട്ടികളെല്ലാം തന്നെത്തന്നെ നോക്കിയിരിക്കുകയാണ്. ആകെ നിശ്ശബ്ദത .

“എനിക്ക് …. എനിക്ക് ഒന്നുമാകേണ്ട ടീച്ചർ. ”

കുട്ടികളെല്ലാം കൂട്ടച്ചിരി. താനെന്തു പറയാനാണ്? എല്ലാവരും ഡോക്ടർ, എഞ്ചിനീയർ, ടീച്ചർ എന്നൊക്കെ പറഞ്ഞു. ഒരു വേശ്യയുടെ മകനായ താൻ എന്തുത്തരമാണു പറയുക? താനെന്തെങ്കിലും പറഞ്ഞാൽത്തന്നെ അതൊരു കൂട്ടച്ചിരിക്ക് വകയാവുകയേയുള്ളു. തന്റെ അമ്മ ഒരു വേശ്യയാണെന്ന് ആർക്കാണറിയാത്തത്? അവന്റെ കുഞ്ഞു മനസ്സ് വേദനിച്ചു.

“സൈലൻസ് പ്ളീസ്. ”

ടീച്ചർ ചൂരൽ കൊണ്ട് മേശമേൽ ശക്തിയായി അടിച്ചു. എല്ലാവരും നിശ്ശബ്ദരായി.

ഉച്ചയ്ക്കവൻ ഊണു കഴിഞ്ഞ് വെറുതെ വാകമരച്ചുവട്ടിൽ നിൽക്കുമ്പോൾ അടുത്ത ക്ളാസ്സിലെ നയന വന്നു പറഞ്ഞു രാഹുലിനെ ശോഭന ടീച്ചർ വിളിക്കുന്നു എന്ന്. എന്തിനായിരിക്കും ടീച്ചർ വിളിപ്പിച്ചത്? തന്റെ ഉത്തരം ടീച്ചറിന് ഇഷ്ടപ്പെട്ടില്ലേ? മറ്റു കുട്ടികൾ കാണാതെ അവൻ സ്റ്റാഫ് റൂമിലേക്കു ചെന്നു.

“ടീച്ചർ എന്നെ വിളിച്ചോ?”

” ഇവിടെ വരൂ. രാഹുൽ എന്താ അങ്ങിനെ പറഞ്ഞത്? എല്ലാ കുട്ടികൾക്കും ഒരു ലക്ഷ്യമുണ്ട്. നിനക്കു മാത്രം ഒന്നുമില്ലേ?”

ടീച്ചറിന്റെ ചോദ്യത്തിനുത്തരം പറയാൻ അവനൊന്നുമില്ലായിരുന്നു. തറയിലേക്കു നോക്കി തല കുമ്പിട്ടു നിൽക്കാനേ കഴിഞ്ഞുള്ളു. ടീച്ചർ അവന്റെ താടി പിടിച്ചുയർത്തി. ആ സമയം മറ്റു ചില ടീച്ചർമാർ അവിടേക്കു കടന്നുവന്നപ്പോൾ ശോഭന ടീച്ചർ പെട്ടെന്നവനോടു പൊയ്ക്കോളാൻ പറഞ്ഞു.

വൈകുന്നേരം വീട്ടിലേയ്ക്കുള്ള യാത്രയിൽ ടീച്ചറിന്റെ ചോദ്യവും തന്റെ ഉത്തരവും കുട്ടികളുടെ കൂട്ടച്ചിരിയുമായിരുന്നു അവന്റെ മനസ്സു നിറയെ. ഓരോന്നു ചിന്തിച്ചു നടക്കുമ്പോൾ രാഹുൽ എന്നൊരു വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്. ശോഭന ടീച്ചർ.

“രാഹുൽ ….. നിൽക്കവിടെ. ഞാനും വരുന്നു.”

” ടീച്ചർ എങ്ങോട്ടാ?”

“നിന്റെ വീട്ടിലേക്ക്. ”

അവൻ ഞെട്ടിപ്പോയി. ടീച്ചറെന്തിനാണ് തന്റെ വീട്ടിലേക്കു വരുന്നത്? അവനൊന്നും മനസ്സിലായില്ല.

“വേണ്ട ടീച്ചർ വീട്ടിലേക്കു വരേണ്ട. ”

അവനപ്പോൾ അങ്ങിനെ പറയാനാണു തോന്നിയത്.

“അതെന്താ രാഹുൽ ?”

“ടീച്ചർ, എന്നോടൊന്നും ചോദിക്കേണ്ട . ടീച്ചർ വരേണ്ട .”>

ശോഭന ടീച്ചർ അതിശയത്തോടെ അവനെ നോക്കി. അവന്റെ തോളിൽ തട്ടി ചേർത്തുപിടിച്ചു.

“രാഹുൽ നീ നടക്ക്.

അവൻ ടീച്ചറിന്റെ കൈ തട്ടി മാറ്റി,

” ടീച്ചർ എന്റെ വീട്ടിലേയ്ക്കാണെങ്കിൽ ഞാനിപ്പോൾ വീട്ടിലേയ്ക്കില്ല”

അവനു ദേഷ്യവും അമർഷവും വന്നു. അവന്റെ കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകി.

“രാഹുൽ നീ എന്തിനാ കരയുന്നെ? നിനക്കെന്തുപറ്റി?” ടീച്ചർ സാരിയുടെ തുമ്പുകൊണ്ട് അവന്റെ കണ്ണീർ തുടച്ചു. ടീച്ചറിന്റെ കരങ്ങൾക്ക് ഒരു സാന്ത്വനത്തിന്റെ സ്പർശം തോന്നി. അവൻ കരച്ചിൽ നിർത്തി ടീച്ചറിനെ ദയനീയമായി നോക്കി. അവന്റെ കണ്ണിൽ ഒരാശ്വാസത്തിന്റെ തിളക്കം ടീച്ചർ കണ്ടു.

അവൻ വാതരോരാതെ ഓരോന്നും സംസാരിച്ചുകൊണ്ടു നടന്നു. അങ്ങനെ വീട്ടിലെത്തി. പെട്ടെന്ന് അവൻ ആരെയോ കണ്ടു ഭയപ്പെട്ടതുപോലെ നിന്നു. ആരോ വന്നിട്ടുണ്ട്. മുറ്റത്ത് ഒരു കാർ കിടക്കുന്നു.. ഡ്രൈവർ സീറ്റിൽ ഒരാൾ. കാറിനടുത്തേക്കു ധൃതിയിൽ നടന്നടുക്കുന്ന അണിഞ്ഞൊരുങ്ങിയ ആ സ്ത്രീയെ കാണുമ്പോഴെ അത് രാഹുലിന്റെ അമ്മയാണെന്ന് മനസ്സിലാകും. അവൻ ദയനീയമായി ടീച്ചറിനെ നോക്കി.

“ഞാൻ രാഹുലിന്റെ ടീച്ചറാണ്.’

കാറിനകത്തേക്കു കയറാൻ തുടങ്ങിയ സ്ത്രീയെ നോക്കി ടീച്ചർ പറഞ്ഞു. അവർ ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ ടീച്ചറിനെയും മകനെയും നോക്കി.

“എത്ര നേരമായെടാ സ്കൂൾ വിട്ടിട്ട്. കൊച്ചിനു പാൽ എടുത്തു വച്ചിട്ടുണ്ട്. ഉണരുമ്പോൾ എടുത്തു കൊടുത്തേക്കണം. ”

അവൻ വീണ്ടും നിസ്സഹായതയോടെ ടീച്ചറിനെ നോക്കി. അവർ കാറിൽ കയറി. കാർ എവിടയ്ക്കോ പാഞ്ഞു പോയി.

” ടീച്ചർ … അതാണെന്റെ അമ്മ . ഇനി തിരിച്ചു വരുമ്പോൾ ഒന്നുകിൽ പാതിരാത്രിയാകും. അല്ലെങ്കിൽ വെളുപ്പിനെ ”

ടീച്ചർക്ക് ഒന്നും മിണ്ടാനായില്ല. വളരെ വിഷമം തോന്നി. ഇത്രയും ദാരുണമായ ചുറ്റുപാടിൽ നിന്നു വരുന്ന ഒരു കുട്ടി പോലും ഈ സ്കൂളിൽ ഉണ്ടാവില്ല. ടീച്ചർ വേദനയോടെ ഓർത്തു. ഇരുത്തംവന്ന ഒരു പെണ്ണിനെപ്പോലെ അവൻ ഓരോന്നു ചെയ്യുകയാണ്. ഈ സമയം തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടി കരയാൻ തുടങ്ങി. ഒരു അമ്മയുടെ കരവിരുതോടെ അവൻ തൊട്ടിലിൽ നിന്നും കുട്ടിയെ എടുത്ത് വീണ്ടും ഉറക്കാൻ ഒരു വിഫലശ്രമം നടത്തി. പക്ഷേ കുട്ടി കരച്ചിലോടു കരച്ചിൽ. ടീച്ചർ അവന്റെ കയ്യിൽ നിന്നും കുട്ടിയെ വാങ്ങി മുറ്റത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടി ടീച്ചറുമായി നല്ല .ഇണക്കത്തിലായി. രാഹുൽ ഫീഡിംഗ് ബോട്ടിലിൽ പാലുമായി വന്നു കുട്ടിയെ വാങ്ങി പാൽ കൊടുത്തു കൊണ്ടിരുന്നു.

ടീച്ചറിന്റെ കണ്ണു നിറഞ്ഞു പോയി. എത്ര പാടവത്തോടെയാണ് അവനോരോ കാര്യങ്ങൾ ചെയ്യുന്നത്. ഇതിനിടയിലും മോശമല്ലാത്ത രീതിയിൽ അവൻ പഠിക്കുന്നു മുണ്ട്. അവനൊരു വേശ്യയുടെ മകനായതു കൊണ്ടായിരിക്കാം മിക്ക കുട്ടികളും അവനോടു കൂട്ടുകൂടാറില്ല. പക്ഷേ അതൊന്നും അവനെ ബാധിക്കുന്നില്ല എന്നു തോന്നും ചില നേരത്തെ അവന്റെ പെരുമാറ്റം കണ്ടാൽ . ഒരു പക്ഷേ ജീവിതത്തിൽ ഇതിലും വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതു കൊണ്ടായിരിക്കാം.

ഇതിനിടയിൽ അവൻ ഒരു ഗ്ലാസ്സിൽ കട്ടൻ കാപ്പിയുമായി വന്നു ടീച്ചർക്കു നേരെ നീട്ടി.

“രാഹുൽ നീയെന്തിനാ ഇപ്പോ കാപ്പിയിട്ടത് ?”

” ടീച്ചർ ആദ്യമായി ഈ വീട്ടിൽ വന്നിട്ട് ഒന്നുമില്ല തരാൻ.”

അവൻ തന്റെ നിസ്സഹായത വെളിപ്പെടുത്തി.

” എനിക്കൊന്നും വേണ്ട. നീ ഇവിടെ വന്നിരിക്ക്. ”

ടീച്ചർ അവനോട് വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. അവന്റെ അച്ഛൻ ഒരു ലോറി ഡ്രൈവറായിരുന്നു. ഒരിക്കൽ ലോഡുമായി പോകുമ്പോൾ പൊലീസിന്റെ പിടിയിലായി. വണ്ടി ചെക്കു ചെയ്തപ്പോൾ കുറെ കഞ്ചാവിന്റെ പൊതികൾ . അച്ഛൻ പൊലീസ്സിന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു.. എവിടെയാണെന്ന് ഒരറിവുമില്ല. ഈ സമയം അമ്മ ഗർഭിണിയായിരുന്നു.

പിന്നീടുള്ള ജീവിതം വളരെ ദുരിതപൂർണ്ണമായിരുന്നു. ബന്ധുക്കൾ ഞങ്ങളിൽ നിന്നകന്നു കൊണ്ടിരുന്നു. നാട്ടുകാരുടെ സഹായം കൊണ്ട് അമ്മയുടെ പ്രസവച്ചിലവുകൾ നടന്നു. തനിക്കൊരനിയത്തിയായി . അച്ഛൻ ഉണ്ടായിരുന്നപ്പോൾ ഞങ്ങളുടെ ജീവിതം സ്വർഗ്ഗതുല്യമായിരുന്നു. അച്ഛൻ പോയതിനു ശേഷം ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ നന്നേ പ്രയാസപ്പെട്ടു. താൻ സഹായത്തിനായി പല ബന്ധുവീടുകളും കയറിയിറങ്ങി. എല്ലാവരും കൈ മലർത്തി.

അവൻ ഒരു ദീർഘ നിശ്വാസം വിട്ടു കൊണ്ട് തുടർന്നു. രാത്രികാലങ്ങളിൽ ഞങ്ങളുടെ വീടിനു മുമ്പിലൂടെ അടുത്തുള്ള ചേട്ടന്മാരൊക്കെ നടക്കുക പതിവായി. എന്നെയും അനിയത്തിയെയും കെട്ടിപ്പിടിച്ച് കരഞ്ഞു കരഞ്ഞു അമ്മ നേരം വെളുപ്പിക്കും. അമ്മയുടെ ആഭരണങ്ങൾ ഓരോന്നായി വിൽക്കാൻ തുടങ്ങി. എല്ലാം തീർന്നപ്പോൾ അമ്മയ്ക്കു വേറൊരു വഴിയുമില്ലാതായി. അങ്ങിനെയാണ് ഒരിക്കലും പോകരുതാത്ത ഈ വഴിയിലേക്കു തിരിഞ്ഞത്. ഉറക്കെ ഒന്നു സംസാരിക്കുക പോലും ചെയ്യാതിരുന്ന അമ്മ ആളാകെ മാറി. മക്കളോടുള്ള ഇടപെടലിൽ പോലുമൊരു കാർക്കശ്യ സ്വഭാവം കൈവന്നു. തനിക്കമ്മയോടു സംസാരിക്കാൻ തന്നെ ഭയമായി. അയൽവാസികൾ കണ്ടില്ലെന്നു നടിച്ചു. ബന്ധുക്കൾ തീരെ വരാതായി.

“ടീച്ചർ ടീച്ചറിനി ഇവിടെ വരരുത്. വന്നാൽ ടീച്ചറിന്റെ പേരും പോകും. ” അവൻ രണ്ടു കൈ കൊണ്ടും മുഖം പൊത്തി കരഞ്ഞു.. ഒരു ഏഴാം ക്ളാസ്സുകാരന് ചിത്രശലഭത്തെപ്പോലെ പാറിപ്പറക്കേണ്ട സമയത്ത് ജീവിതത്തിന്റെ കയ്പുനീർ കുടിക്കേണ്ടിവരുന്നു .

“ടീച്ചർ….. എനിക്കമ്മയോടൊരു ദേഷ്യവുമില്ല. തെറ്റോ ശരിയോ എന്നെനിക്കറിയില്ല. അമ്മ ഈ വഴി തെരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞങ്ങളിന്നീ ഭൂമുഖത്തുണ്ടാകുമായിരുന്നില്ല. എനിക്കൊറ്റ ആഗ്രഹമേയുള്ളു. നന്നായി പഠിച്ച് ഒരു ജോലി നേടുക. പിന്നെ ഞാനെന്റെ അമ്മയെ ഒരു ജോലിക്കും വിടില്ല. അമ്മയേയും അനിയത്തിയേയും ഞാൻ പൊന്നുപോലെ നോക്കും ”

ആ ഏഴാം ക്ലാസ്സ് കാരന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ടീച്ചറിന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. ടീച്ചർ ഒരു തീരുമാനമെടുത്തു. ഈ കുടുംബത്തെ എങ്ങിനെയെങ്കിലും രക്ഷിക്കണം. വെറുതെ സഹതാപം കാണിച്ചിട്ടെന്തു കാര്യം? കുറച്ചുനേരം കൂടി അവിടെ ചെലവഴിച്ചിട്ട് ടീച്ചർ യാത്ര പറഞ്ഞിറങ്ങി. ആറു മണിയ്ക്കകം ടീച്ചറിന് ഹോസ്റ്റലിൽ ഹാജരാകേണ്ടതാണ്.

ടീച്ചർ അവിടെ നിന്നിറങ്ങുമ്പോൾ അയൽവക്കത്തുള്ള ചില പെണ്ണുങ്ങൾ അർത്ഥം വച്ചു ചിരിക്കുന്നുണ്ടായിരുന്നു. അതൊന്നും ശോഭന ടീച്ചറിനെ വിഷമിപ്പിച്ചില്ല. ടീച്ചറിന്റെ മനസ്സിൽ മുഴുവനും രാഹുലും അവന്റെ അമ്മയും അനിയത്തിയുമായിരുന്നു.

ഹോസ്റ്റലിലെത്തിയിട്ടും ടീച്ചറിന്റെ മനസ്സിൽ നിന്നും ആ കുടുംബം വിട്ടു പോയിരുന്നില്ല. ടീച്ചർ ചില തീരുമാനങ്ങളെടുത്തു. പിറ്റെ ദിവസം അതി രാവിലെ അവർ രാഹുലിന്റെ വീട്ടിലെത്തി. അവിടെ ചെല്ലുമ്പോൾ അവന്റെ അമ്മ ചില പണികളിലായിരുന്നു. ടീച്ചറിനെ കണ്ടപ്പോൾ അവരുടെ മുഖത്ത് ദേഷ്യവും വെറുപ്പുമെല്ലാം ഇരച്ചുകയറി.

“എന്താ ….എന്തു വേണം? ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്ലേ?”

അവർ സംസാരിക്കാൻ തീരെ കൂട്ടാക്കുന്ന മട്ടില്ല. എന്തു വന്നാലും അവരോടു സംസാരിച്ചിട്ടേ പോവുള്ളു. അവർ മനസ്സിൽ ഉറപ്പിച്ചു. ഒരു വേശ്യയുടെ മകൻ എന്ന പേരിൽ രാഹുൽ ഇനിയും അറിയപ്പെടരുത് . അതിനായി താനിനി എന്തും ചെയ്യും. ഇത്രയും നേരം താനവിടെ നിന്നിട്ടും അവർ ഒരു ആതിഥ്യമര്യാദയും കാണിച്ചില്ല. അവർ അടുക്കളയിലേക്കു പോയി. ടീച്ചർ നേരെ അടുക്കളയിലേക്കു ചെന്നു.

” ചേച്ചീ ഞാൻ വന്നത് ഒരത്യാവശ്യ കാര്യം സംസാരിക്കാനാണ് . ദയവു ചെയ്ത് എനിക്കിത്തിരി സമയം തരുമോ? ”

അവരുടെ മുഖത്തെ ദേഷ്യം അലിഞ്ഞില്ലാതാകുനതായി ടീച്ചർക്കു തോന്നി. ടീച്ചർക്കു ധൈര്യമായി. ടീച്ചർ വാചാലയായി. തലേ ദിവസം ക്ലാസ്സിൽ നടന്ന സംഭവവും രാഹുലിന് കൂട്ടുകാരുടെയിടയിലുള്ള പേരും എല്ലാം ടീച്ചറിന്റെ സംസാര വിഷയമായി. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കണ്ണിൽ നിന്നും കുടുകുടെ ഒഴുകുന്ന കണ്ണുനീരിനെ നിയന്ത്രിക്കാൻ അവർ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു. അവർ എല്ലാം ഉപേക്ഷിക്കാമെന്നു സത്യം ചെയ്തു. കണ്ണുനീർ തുടച്ചു കൊണ്ട് ടീച്ചറിന്റെ കൈ തന്റെ കൈക്കുള്ളിലാക്കി.

“ഇനി മരിക്കേണ്ടി വന്നാലും ഈ തൊഴിലിലേക്കില്ല. ”

സ്കൂളിൽ പോകേണ്ട സമയമായതിനാൽ വൈകുന്നേരം വരാമെന്നു പറഞ്ഞ് ടീച്ചർ പോയി. കൂടെ രാഹുലും അവന്റെ മുഖത്ത് പതിവില്ലാത്ത സന്തോഷം അലതല്ലി. ചോദിക്കുന്നതിനുമാത്രം ഉത്തരം പറഞ്ഞിരുന്ന അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

ടീച്ചറിന്റെ മനസ്സിൽ ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു. ക്ലാസ്സില്ലാത്ത സമയത്ത് ടീച്ചർ ഫോണിൽ ആരോടൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ഏതായാലും രാഹുലിന്റെ അമ്മയ്ക്ക് നന്നായി തയ്ക്കാനറിയാം. പണ്ട് തയ്യൽക്കടയിൽ ജോലിക്കു പോകുന്നസമയത്താണ് രാഹുലിന്റെ അച്ഛനെ കണ്ടു മുട്ടിയത് എന്നു പറഞ്ഞതോർത്തു. നഗരത്തിൽ ഒരു പ്രമുഖ തുണിക്കടയിൽ ഓർഡർ അനുസരിച്ചു തയ്ച്ചു കൊടുക്കുന്ന ഒരു ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പത്രത്തിൽ ടീച്ചർ കണ്ടിരുന്നു. അത് അവിടത്തെ ഓണറുമായി സംസാരിച്ചു റെഡിയാക്കാൻ ടീച്ചറിനു കഴിഞ്ഞു .

വൈകുന്നേരം രാഹുലുമായി അവന്റെ വീട്ടിലേക്കാണ് അന്നും ശോഭന ടീച്ചർ . പോയത്. ഇപ്രാവശ്യം രാഹുലിന്റെ അമ്മ ടീച്ചറിനെ കാത്തിരിക്കുന്നതു പോലെ തോന്നി. സംസാരിക്കുന്നതിനിടയിൽ അവർ അകലേക്കു നോക്കി എന്തോ ഭയപ്പെടുന്നതു പോലെ ടീച്ചർക്കു തോന്നി. അവരുടെ ദൃഷ്ടി പാഞ്ഞിടത്തേയ്ക്ക് ടീച്ചർ നോക്കി. ഞെട്ടിപ്പോയി. തലേ ദിവസത്തെ ഡ്രൈവർ കാറുമായി വന്നിരിക്കുന്നു. ഉള്ളിൽ ഭയമുണ്ടായെങ്കിലും പുറമെ എന്തും നേരിടാൻ ധൈര്യമുണ്ട് എന്ന മട്ടായിരുന്നു ടീച്ചർക്ക്. അയാളുമായി ചില വാക്കുതർക്കങ്ങളൊക്കെ ഉണ്ടായി. ടീച്ചർ ഒട്ടും വിട്ടു കൊടുത്തില്ല. അവർ കാറിന്റെ നമ്പർ കുറിച്ചെടുത്തു. അയാളുടെ സംസാരം കേട്ടാൽ അവരെയും കൊണ്ടല്ലാതെ അവിടെ നിന്നും അയാൾ പോകില്ല എന്നു തോന്നും. ഈ സമയം രാഹുലിന്റെ അമ്മ ഒന്നും പ്രതികരിച്ചില്ല. ടീച്ചറിന്റെ നേരെ എന്തൊക്കെയാ ആക്രോശിച്ചിട്ട് കാറിത്തുപ്പി അയാൾ പോയി. പിറ്റെ ദിവസം ശനിയാഴച ആയിരുന്നതിനാൽ ടീച്ചറിന് ക്ലാസ്സില്ലായിരുന്നു. അന്നു ടീച്ചർ രാവിലെ തന്നെ രാഹുലിന്റെ വീട്ടിലെത്തി. ദൂരെ വെച്ചേ ടീച്ചർ വരുന്നത് അവൻ കണ്ടിരുന്നു. അവൻ ഓടിപ്പോയി അമ്മയെ വിളിച്ചു കൊണ്ടുവന്നു.. മുമ്പെങ്ങും കാണാത്ത ഒരു ധൈര്യം ആ സ്ത്രീയ്ക്കു കൈവന്നതുപോലെ ടീച്ചർക്കു തോന്നി.

അന്ന് ഉച്ചയോടു കൂടി ടീച്ചറും രാഹുലും അമ്മയും അനിയത്തിയും കൂടി നഗരത്തിലുള്ള ആ വലിയ തുണിക്കടയിൽ ചെന്നു.. പിറ്റെ ദിവസം മുതൽ ജോലിക്കു കയറിക്കൊള്ളാനുള്ള അനുവാദവും കിട്ടി. പക്ഷേ രാഹുൽ സ്കൂളിൽ പോകുമ്പോഴും അമ്മ രാവിലെ പോകുമ്പോഴും അനിയത്തിക്കുട്ടിയുടെ കാര്യം എന്താകും? അതിനും ടീച്ചർ തന്നെ പോംവഴി കണ്ടെത്തി. തയ്ക്കാനുള്ള തുണികൾ വീട്ടിൽ കൊണ്ടുവന്നു തയ്ക്കുക . തയ്ച്ചു കഴിഞ്ഞ് അറിയിച്ചാൽ കടയിൽ നിന്നു തന്നെ ആളു വന്നുകൊണ്ടു പൊയ്ക്കോളും .

എല്ലാം ടീച്ചറിന്റെ മിടുക്ക്. അവർ വീട്ടിലേയ്ക്കു യാത്രയായി . ഓട്ടോയിലിരിക്കുമ്പോൾ രാഹുലിന്റെ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു. അവർ തന്റെ തൊട്ടടുത്തിരുന്ന ടീച്ചറിനെ തന്റെ തോളോടു ചേർത്തുപിടിച്ചു . അതിലെല്ലാ നന്ദി പ്രകടനങ്ങളും ഉണ്ടായിരുന്നു.

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Josepheena Thomas

Leave a Reply

Your email address will not be published. Required fields are marked *