അദ്ദേഹത്തിൻ്റെ പഴയ സ്നേഹവും, എന്നോടുള്ള താല്പര്യവും, കുറഞ്ഞ് വരുന്നത് എന്നെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സജി തൈപ്പറമ്പ് .

കിടപ്പറയിലെ എൻ്റെ പതിവ് പരിഭവങ്ങൾക്ക് മറുപടിയൊന്നും പറയാതെ, മടുപ്പോടെ പുളളിക്കാരൻ തിരിഞ്ഞ് കിടന്നപ്പോൾ, കടുത്ത നിരാശയോടെ ഞാനെഴുന്നേറ്റ് ഡ്രോയിങ്ങ് റൂമിലേക്ക് വന്നു.

കുറച്ച് നാളുകളായി ഇതാണ് പതിവ് ,അദ്ദേഹത്തിൻ്റെ പഴയ സ്നേഹവും, എന്നോടുള്ള താല്പര്യവും, കുറഞ്ഞ് വരുന്നത് എന്നെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു.

പല പ്രാവശ്യം ഞാനതിനെ കുറിച്ച് സങ്കടം പറഞ്ഞെങ്കിലും, എല്ലാം എൻ്റെ തോന്നലാണെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഒഴിവാക്കി.

ഇന്നും ഞാൻ ഒരു പാട് വിഷമത്തോടെ സംസാരിച്ചെങ്കിലും, എനിക്ക് ഉറങ്ങണമെന്ന് രോഷത്തോടെ പറഞ്ഞ് കൊണ്ട്, തിരിഞ്ഞ് കിടക്കുകയായിരുന്നു.

ഏറെ നേരം ആലോചനയിൽ മുഴുകിയിരുന്നപ്പോൾ, ഉറക്കം കണ്ണുകളെ വിട്ടകന്നിരുന്നു.

മൊബൈലെടുത്ത് നോക്കിക്കൊണ്ടിരുന്നാൽ, ഉറക്കം വരുമെന്ന പ്രതീക്ഷയിൽ, ഞാൻ നെറ്റ് ഓൺ ചെയ്ത് FB യിൽ സ്ക്രോൾ ചെയ്ത് കൊണ്ടിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ, മെസ്സഞ്ചറിൽ ഒരു ഹായ് വന്നു.

എൻ്റെ ഫ്രണ്ട് ലിസ്റ്റിലുള്ള ആളാണെങ്കിലും, എനിക്ക് വലിയ പരിചയമൊന്നുമില്ല ,മാത്രമല്ല രാത്രി പതിനൊന്ന് മണിക്ക് ഹായ് പറഞ്ഞ് വരുന്ന പുരുഷൻ, സദുദ്ദേശ്യത്തോടെയല്ല വന്നതെന്ന് തോന്നിയത് കൊണ്ട്, ഞാൻ മറുപടി കൊടുത്തില്ല.

കുറച്ച് കഴിഞ്ഞപ്പോൾ, മെസ്സേജ് വീണ്ടും വന്നു.

ആ മെസ്സേജ് വിശദമായി എഴുതിയിരുന്നത് കൊണ്ട്, എന്താണന്നറിയാൻ ഞാൻ ഓപ്പൺ ചെയ്ത് നോക്കി.

“ഹായ് പറഞ്ഞാൽ, തിരിച്ച് പറയാനുള്ള മര്യാദയില്ലേ? എല്ലാ പുരുഷൻമാരെയും മുൻവിധിയോടെ കാണണോ?”

ആ ചോദ്യം, എൻ്റെ മനസ്സിൽ കൊണ്ടു.

ശരിയാണല്ലോ, പുരുഷനാണെന്ന് കരുതി, എല്ലാവരും ഞരമ്പ് രോഗികളാണെന്ന് ഞാൻ തെറ്റിദ്ധരിച്ചത് ശരിയായില്ലെന്ന്, എനിക്ക് തോന്നിയത് കൊണ്ട്, മറുപടിയായി ഒരു ഹായ് കൊടുത്തു.

ഞാൻ കുറച്ച് ദിവസമായി നിങ്ങളുടെ സ്റ്റാറ്റസ് കാണുന്നുണ്ട്, എല്ലാത്തിലും വിരഹവും നിരാശയുമൊക്കെയാണല്ലോ പ്രതിഫലിച്ച് നില്ക്കുന്നത്?

“ഹേയ്, അങ്ങനൊന്നുമില്ല, ഷെയർ ചാറ്റിൽ നിന്ന് ചില വീഡിയോകൾ കിട്ടിയത്, ഞാൻ ഷെയർ ചെയ്തെന്നെയുള്ളു”

അപകടം മണത്തപ്പോൾ ,പെട്ടെന്ന് തന്നെ ഞാൻ അയാളോടൊരു കളവ് പറഞ്ഞു.

“അത് ഞാൻ വിശ്വസിക്കില്ല, കാരണം ,പണ്ടൊക്കെ ആൾക്കാര് പറയുമായിരുന്നു , മുഖം മനസ്സിൻ്റെ കണ്ണാടിയാണെന്ന്, പക്ഷേ ഇപ്പോൾ ഇത് പോലുള്ള സ്റ്റാറ്റസ് കണ്ടിട്ടാണ്, അയാളുടെ ജീവിതത്തിൽ സന്തോഷമാണോ, ദു:ഖമാണോ , നിരാശയാണോ എന്നൊക്കെ മറ്റുള്ളവർ മനസ്സിലാക്കുന്നത്, തൻ്റെ സ്റ്റാറ്റസിൽ നിന്ന് , എനിക്ക് മനസ്സിലായത് ,താൻ ഭർത്താവുമായി എന്തോ പൊരുത്തക്കേട് ഉണ്ടെന്നാണ് ,അങ്ങനെ വരുമ്പോൾ, ഞാനും താനുമൊക്കെ തുല്യ ദു:ഖിതരാണ്, എനിക്കുമുണ്ടൊരു ഭാര്യ, ആറ് മാസത്തിൽ കൂടുതലായി ഞങ്ങളൊരു മുറിയിൽ ഉറങ്ങിയിട്ട് തന്നെ, താനും ഭർത്താവിൻ്റെ സ്നേഹം കിട്ടാതെ വിഷമിക്കുകയാണെന്നറിയാം, വിരോധമില്ലെങ്കിൽ, എന്നാടെല്ലാം തുറന്ന് പറയു, മറ്റൊരാളോട് പറഞ്ഞാൽ വിഷമങ്ങൾ പാതിയായി കുറയുമെന്നല്ലേ?”

അയാളുടെ ദീർഘമായ മെസ്സേജ് കണ്ട് ഞാൻ ഞെട്ടി.

ഞാനാദ്യം ഭയന്നത് പോലെ അയാളുടെ തനിനിറം പുറത്ത് വന്നു.

ഇനി അയാളെ മുൻപോട്ട് പോകാൻ അനുവദിച്ച് കൂടാ, എത്രയും പെട്ടെന്ന് അയാളെ തടയണമെന്ന് എൻ്റെ മനസ്സ് മന്ത്രിച്ചു.

“സുഹൃത്തേ … ഞാനും എൻ്റെ ഭർത്താവുമായി യാതൊരു വിധ പ്രശ്നങ്ങളും നിലവിലില്ല, അഥവാ ഉണ്ടായാൽ തന്നെ ഞങ്ങൾ തമ്മിൽ പറഞ്ഞ് അത് അവസാനിപ്പിക്കുകയും ചെയ്യും, നിങ്ങൾ പറഞ്ഞല്ലോ? എൻ്റെ വിഷമങ്ങൾ ആരോടെങ്കിലും ഷെയർ ചെയ്താൽ, അത് പകുതിയായി കുറയുമെന്ന്, പക്ഷേ ഒരു ഭാര്യ തൻ്റെ വിഷമങ്ങൾ ഭർത്താവിനോടാണ് പറയുന്നതെങ്കിൽ, അവളുടെ എല്ലാ വിഷമങ്ങളും പൂർണമായും മാറി കിട്ടും, അപ്പോൾ പിന്നെ ഞാനെന്തിനാ ജീവൻ്റെ പാതിയായ ഭർത്താവിനെ ഒഴിവാക്കി, അപരിചിതനായ ഒരു പുരുഷനോട് വിഷമങ്ങൾ പങ്ക് വയ്ക്കുന്നത്, അത് കൊണ്ട് ,ഇത്തരമൊരു പ്രവണതയുമായി എന്നെ സമീപിച്ചാൽ എനിക്ക് നിങ്ങളെ ബ്ളോക്ക് ചെയ്യേണ്ടി വരും ,നമുക്ക് നല്ല സുഹൃത്തുക്കളായി തുടരുന്നതല്ലേ നല്ലത്, എന്ത് പറയുന്നു?”

എൻ്റെ ചോദ്യത്തിന് കുറച്ച് കഴിഞ്ഞാണ്, അയാൾ മറുപടി തന്നത്.

“ഓകെ സിസ്റ്റർ ,ഗുഡ് നൈറ്റ്”

അയാൾ അങ്ങനെ പഞ്ഞിട്ട് പോയത്, എനിക്ക് വല്ലാത്തൊരാശ്വാസം പകർന്നു.

കുറച്ച് നേരത്തേക്കാണെങ്കിലും, ഒരന്യപുരുഷനുമായി പാതിരാത്രിയിൽ ചാറ്റ് ചെയ്യേണ്ടി വന്നതിൽ, കുറ്റംബോധം തോന്നിയ ഞാൻ, നെറ്റ് ഓഫ് ചെയ്തിട്ട് ബെഡ്റൂമിലേക്ക് വന്നു.

അപ്പോഴേക്കും ,അദ്ദേഹം ഗാഡനിദ്രയിലാണ്ട് കഴിഞ്ഞിരുന്നു.

നിഷ്കളങ്കമായ ആ മുഖത്തേയ്ക്ക് നോക്കിയപ്പോൾ, എനിക്ക് അദ്ദേഹത്തോട് വല്ലാത്തൊരിഷ്ടം തോന്നി.

എന്നോടദ്ദേഹം ഇഷ്ടക്കുറവ് കാണിച്ച് തുടങ്ങിയിട്ട് കുറച്ച് നാളുകളല്ലേ ആയിട്ടുള്ളു, അതിന് മുമ്പ് എത്രയോ വർഷങ്ങളായി എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ചിട്ടുണ്ട് ,ഇപ്പോഴത്തെ ഈ നേരിയ അകൽച്ച ,അദ്ദേഹത്തിൻ്റെ ജോലിയുടെ ഭാഗമായുള്ള ശാരീരിക ക്ഷീണം കൊണ്ടാവാം, അത് താത്കാലികം മാത്രമാണ് ,എൻ്റെ മനസ്സിലെ വേവലാതികൾക്ക് കടിഞ്ഞാണിട്ട് കൊണ്ട്, ശുഭപ്രതീക്ഷയോടെ നല്ലൊരു നാളേയ്ക്ക് വേണ്ടി ,അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.

NB :- നിരാശയും ,വിരഹവും നിഴലിക്കുന്ന സ്റ്റാറ്റസ്സുകളിടുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, ഒരു പക്ഷേ നിങ്ങൾക്ക് ഒരു വീഡിയോ ഷെയർ ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമേ കാണു, പക്ഷേ അത് നിങ്ങളുടെ ദൗർബ്ബല്യമായി തെറ്റിദ്ധരിച്ച് ,നിങ്ങളെ മിസ്സ് യൂസ് ചെയ്യാൻ ഉറങ്ങാതിരിക്കുന്നവർ ധാരാളമുണ്ട്, സൂക്ഷിക്കുക… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: സജി തൈപ്പറമ്പ് .

Leave a Reply

Your email address will not be published. Required fields are marked *