അവൻ മുന്നോട്ടാഞ്ഞു അവളെ വലിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Shenka

“മോഹൻ.. മോഹൻ.. നീ എവിടെയാ??”

മോഹൻ നീയെന്തു ചെയ്യുകയായിരുന്നു അവിടെ.. ഞാൻ എവിടെയൊക്കെ അന്വേഷിച്ചു.. എത്രനേരമയി ഞാൻ നിന്നെ തിരയുന്നു..

“ഞാൻ ഇവിടെ നിന്റെ തൊട്ടടുത്ത് തന്നെയുണ്ടല്ലോ.. നീ എന്നെ കാണുന്നില്ലേ പെണ്ണേ…”

“ഹൊ ഇവിടെ ഉണ്ടായിരുന്നോ.. നീ എവിടെയാ ഇടയ്ക്കിടക്ക് മുങ്ങുന്നത്? ഞാൻ ഇവിടെ ഒറ്റക്കാണെന്നറിയില്ലെ.. നിനക്ക് ഇയ്യിടെയായി എന്നെക്കുറിച്ച് ഒരു വിചാരവുമില്ല. ”

“ഡീ പെണ്ണേ ഞാൻ എപ്പോഴും നിന്റടുത്ത് തന്നെ ഇരുന്നാൽ മതിയോ? നമുക്ക് എന്തൊക്കെ ചെയ്യാനുണ്ട്.. വല്ലതും കഴിക്കണ്ടെ..നമുക്ക് ജീവിക്കണ്ടേ.. അതിനു ജോലിക്ക് പോകണ്ടേ.. എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുള്ളത്.. നീ ഇങ്ങനെയായാൽ ഞാൻ എന്താ ചെയ്യുക പ്രിയ..”

“എനിക്കറിയില്ല മോഹൻ നീ ഒരു നിമിഷം പോലും എന്നിൽനിന്ന് അകന്ന് പോകുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല.. ” അടുത്തിരുന്ന മോഹനെ പിടിച്ചു കട്ടിലിലേക്ക് തള്ളിയിട്ടു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവന്റെ കാതോരം അവൾ മന്ത്രിച്ചു.

തന്റെ നെഞ്ചിൽ കിടക്കുന്ന അവളുടെ മുഖം മെല്ലെ ഉയർത്തി നെറ്റിയിൽ തന്റെ ചുണ്ടമർത്തിക്കൊണ്ട് മോഹൻ അവളെ പ്രണയത്തോടെ നോക്കി.

തന്റെ പനങ്കുല പോലെയുള്ള മുടി അവൻെറ മുഖത്തേയ്ക്ക് ഇട്ടുകൊണ്ട് അവളൊരു വശ്യമായ ചിരിയോടെ അവൻെറ കണ്ണുകളിലേക്ക് നോക്കി. ആ മുടിയിഴകളെ മുഖത്തേക്ക് അടുപ്പിച്ചു അതിൽ നിന്നുയർന്നു വന്ന ഷാമ്പൂവിന്റെ മണം അവൻ മൂക്കിലേക്ക് വലിച്ചു കയറ്റി അവനാ കണ്ണുകളിലേക്ക് നോക്കി.. അവളുടെ കണ്ണുകളിൽ തെളിഞ്ഞ ഭ്രാന്തമായ പ്രണയത്തിൽ അവന്റെ തനുവും മനവും അവളിലേക്ക് ഒരു അഗ്നിയായി പടർന്നു കയറി.. കുറച്ചു നേരത്തെ കിതപ്പുകൾക്കും നിശ്വാസങ്ങൾക്കുമൊടുവിൽ ഒരു കിതപ്പോടെ അവനിൽ നിന്നകന്ന് അവന്റെ വിയർപ്പ് പൊടിഞ്ഞ നെഞ്ചിൽ മുഖമമർത്തിക്കിടക്കുന്ന അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്തണച്ച് അവളുടെ ചെവിയിൽ മൂടിക്കിടന്ന മുടിയിഴകൾ മെല്ലെ മാടിയൊതുക്കി അവളുടെ പിൻകഴുത്തിൽ അവൻ തന്റെ മുഖം ചേർത്ത് വെച്ചു.

“ഹൊ എന്താടി പെണ്ണേ നിന്റെ വിയർപ്പിന് ഇത്ര മാദക ഗന്ധം.. ” അവളുടെ പിൻ കഴുത്തിലേക്ക് മുഖം ഒന്നുകൂടി ചേർത്ത് പിടിച്ചു അവളുടെ വിയർപ്പിൻ്റെ ഗന്ധം വലിച്ചെടുത്ത് അവൻ അവളുടെ കാതിൽ മെല്ലെ ചോദിച്ചുകൊണ്ട് വീണ്ടുമൊരു ആവേശത്തോടെ അവളിലേക്ക് പടർന്നു കയറാൻ വെമ്പിയ അവനെ തള്ളി കിടക്കയിലേക്കിട്ട് അവളൊരു ചിരിയോടെ എഴുന്നേറ്റ് തന്റെ അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി താഴെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ സാരിയെടുത്തണിഞു. കടക്കണ്ണാൽ അവനെയൊന്ന് പാളി നോക്കി അവൾ പുറത്തേക്ക് ഓടി.. ഒരു ചിരിയോടെ കഴിഞ്ഞുപോയ നിമിഷങ്ങളെ പുൽകി അവൻ ഒരു സുഖദമായ മയക്കത്തിലേക്ക്‌ ആഴ്ന്നു..

കുറച്ചു കഴിഞ്ഞു അവൾ വന്നു നോക്കുമ്പോൾ ഒരു നനുത്ത പുഞ്ചിരിയോടെ മയക്കത്തിൽ കിടക്കുന്ന മോഹനെയാണ് കണ്ടത്.. മെല്ലെ അരികിൽ ഇരുന്നു മുടിയിൽ ചുറ്റി വെച്ചിരുന്ന ടവ്വൽ എടുത്ത് മുടിയിൽ നിന്നിറ്റ് വീഴുന്ന തുള്ളികളെ അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു.. അവൻ മെല്ലെ കണ്ണുകൾ തുറന്നു നോക്കുമ്പോൾ വിടർന്ന ഒരു പുഞ്ചിരിയോടെ തന്റെ അരികിൽ ഇരിക്കുന്ന തന്റെ പ്രാണനെയാണ് കണ്ടത്. അവൻ മുന്നോട്ടാഞ്ഞു അവളെ വലിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു..

“ഒന്ന് പതുക്കെ മോഹൻ.. എനിക്ക് വേദനിക്കുന്നു..” അവൾ നിവർന്നപ്പോൾ ചുറ്റിനും തന്നെപ്പിടിച്ചിരുന്ന കൈകൾ ഒന്നുകൂടി മുറുകി.. നിഴലുകൾ അവൾക്ക് മുന്നിൽ കോമരം തുള്ളി.. പിന്നെ അവ നിർത്താതെ പൊട്ടിച്ചിരിച്ചു.. അവൾ കൈകൾ ചെവിയിൽ തിരുകി അലറി വിളിച്ചു… പിന്നെ അവളൊരു കൊച്ചുകുട്ടിയെ പോലെ ചിണുങ്ങി..

“എന്നെ വിടാൻ പറ മോഹൻ.. നമുക്ക് എവിടെയെങ്കിലും പോകാം എനിക്ക് വേദനിക്കുന്നു..

“മോളെ” അടക്കിപ്പിടിച്ച തേങ്ങലുകൾ ചുറ്റിനും പൊതിഞ്ഞപ്പോൾ ഒരു പകപ്പോടെ അവൾ ചുറ്റും നോക്കി.. എവിടെയും കരയുന്ന മുഖങ്ങൾ മാത്രം..

“എന്താ മോഹൻ ഇവരൊക്കെ ഇങ്ങനെ? എന്തിനാ ഇവരൊക്കെ എന്നെ നോക്കി കരയുന്നത് .. ഇവർക്കൊക്കെ എന്താ സംഭവിച്ചത്..” എനിക്ക് പേടിയാകുന്നു മോഹൻ. നമുക്ക് ഇവിടെ നിന്ന് പോകാം..

ചിരിയോടെ തന്റെ അടുത്തിരിക്കുന്ന മോഹനോട് ഒട്ടിയിരുന്നുകൊണ്ട് അവളൊരു കുറുമ്പോടെ അവനോടു ചോദിച്ചു..

“മോളെ നിനക്ക് ഇൗ ഗതി വന്നല്ലോ.. ” ആരോ പറയുന്നത് കേട്ടു ഞെട്ടി അവൾ മുഖമുയർത്തിനോക്കി.. അമ്മായിയാണ്..

“അല്ലെങ്കിലും ഇൗ അമ്മായിക്ക് പണ്ടെ എന്നെ ഇഷ്ടമല്ല.. അമ്മായി കുശുമ്പിയാ..” അതു പറഞ്ഞുകൊണ്ട് അവൾ മോഹനെ നോക്കി കിലുകിലെ ചിരിച്ചു..

“എന്താടീ മോളെ നീ ഇങ്ങനെ..? മനസ്സ് തുറന്നു ഒന്ന് കരയുകയെങ്കിലും ചെയ്യ് മോളെ.. “എട്ടനാണ്

“അയ്യേ ഇൗ ഏട്ടൻ എന്തിനാ കരയുന്നത്.. അവളേട്ടന്റെ കണ്ണുകൾ തുടച്ചുകൊടുത്തുകൊണ്ട് ചോദിച്ചത് കേട്ട് ഒരു പൊട്ടിക്കരച്ചിലോടെ തന്റെ കുഞ്ഞ് പെങ്ങളെ വാരി നെഞ്ചോടു ചേർത്തു..

“കുട്ടിയെ വിളിച്ചോളൂ.. അവസാനമായി ആ മുഖമൊന്നു കണ്ടോട്ടെ.. ” ആരോ പറയുന്നത് കേട്ടു ഏട്ടൻ അവളെയും താങ്ങിപ്പിടിച്ച് പുറത്തേക്ക് നടന്നു.. അപ്പൊഴും ഒരു കയ്യാൽ അവളവളുടെ പ്രിയപ്പെട്ടവന്റെ വിരലുകളിൽ മുറുകെ പിടിച്ചിരുന്നു..

അവിടെ തലക്കൽ കത്തുന്ന നാളികേരത്തിന്റെ മുന്നിൽ മോഹന്റെ ജീവനില്ലാത്ത ശരീരം വെള്ളപുതപ്പിച്ചു കിടത്തിയിരുന്നു. ഒന്നും മനസ്സിലാകാതെ ചുറ്റും കണ്ണീരോടെ നിൽക്കുന്ന എല്ലാവരെയും മാറി മാറി നോക്കി അവസാനം അവളുടെ കണ്ണുകൾ തലക്കൽ നിലവിളക്കിന്റെ താഴെയായി മാലയിട്ട് വെച്ചിരിക്കുന്ന മോഹന്റെ ചിരിക്കുന്ന മുഖത്തിൽ തങ്ങി നിന്നു.. ഒരു നിമിഷം നോക്കി നിന്ന ശേഷം അവൾ മെല്ലെ താഴേക്കിരുന്ന് കുസൃതി ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ കണ്ണുകളിൽ മെല്ലെ തഴുകി..

ഒരു തുള്ളി കണ്ണുനീർ അവളിൽ നിന്നടർന്ന് താഴേക്ക് പതിച്ചു..അപ്പോഴും അവളുടെ പ്രിയപ്പെട്ടവന്റെ നിശ്വാസം അവളുടെ തൊട്ടരികിൽ ഉണ്ടായിരുന്നു..

തെക്കേത്തൊടിയിലെ ചന്ദനമുട്ടികൾക്കിടയിൽ മോഹന്റെ ശരീരത്തെ അവസാന തീനാളം വിഴുങ്ങാൻ തുടങ്ങുമ്പോഴേക്കും അവളുടെ അടിവയറ്റിൽ അവളുടെ പ്രിയപ്പെട്ടവന്റെ ജീവന്റെ തുടിപ്പ് ഉയർന്നിരുന്നു..

പ്രണയം മരിക്കുന്നില്ല… അകലങ്ങളിൽ ഇരുന്നു തൻ്റെ പ്രണയത്തെ മാറോടു ചേർത്തുപിടിച്ചു മോഹൻ്റെ ആത്മാവ് തൻ്റെ അടിവയറിൽ തുടിച്ച ജീവനെ തലോടുകയാവാം..

പ്രണയം മരിക്കുന്നില്ല.. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Shenka

Leave a Reply

Your email address will not be published. Required fields are marked *