വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 25 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

മറക്കാൻ ആഗ്രഹിക്കുന്ന ആ മുഖം ഇതാ വീണ്ടും മുന്നിൽ….!!!

അർച്ചന….!!

പരസ്പരം മിഴികൾ തമ്മിൽ കൊരുത്തെങ്കിലും ഒരു പരിചയഭാവം പോലും ഭാവിക്കാതെ അവൾ അടുത്ത് തന്നെയുളള ഒരു സ്യൂട്ട് റൂമിലേക്ക് കയറി…

കുറച്ചു നിമിഷങ്ങൾ ഞാൻ അങ്ങനെ തന്നെ നിന്നു പോയി…

അർച്ചന അമേരിക്കയിലുണ്ടോ…?

അപ്പോൾ പ്രണവേട്ടനും അവളോടൊപ്പം ഉണ്ടാകുമോ…?

ആ ഒാർമ പോലും എന്നെ ഭ്രാന്ത് പിടിപ്പിച്ചു…

ഞാൻ ഉടനെ തന്നെ ആകാശിന്റെ റൂമിലേക്കുളള കോണീങ് ബെല്ലിൽ വിരലമർത്തി…

അല്പ സമയത്തിനകം ഉറക്കചടവോടെ ആകാശ് വാതിൽ തുറന്നു…

അവനോടൊന്നും തന്നെ പറയാതെ ഞാൻ മുറിയിലേക്ക് കയറി ഹാളിലുളള സോഫയിലിരുന്നു….

“2 മിനുറ്റ്സ്” എന്ന് പറഞ്ഞു ആകാശ് ഫ്രഷാകാൻ പോയി…

ഫ്രഷായി ആകാശ് തിരിച്ചു വരുമ്പോളും ഞാൻ അർച്ചനയെ കണ്ടതിൽ നിന്നുളള ഷോക്കിൽ നിന്നും മുക്തയായിട്ടില്ലായിരുന്നു..

അത് മനസ്സിലാക്കിയിട്ടെന്ന പോലെ ആകാശ് ഒന്നും മിണ്ടാതെ കെറ്റലിൽ നിന്നും ചായ കോപ്പകളിലേക്ക് പകർത്തി…

മുന്നിലേക്ക് ഒരു കപ്പ് ചായ വന്നപ്പോളാണ് ഞാൻ ശരിക്കും ഞെട്ടിയുണർന്നത്…

ഞാൻ ചായ മേടിച്ചു…

അവൻ എന്റെ എതിർ വശത്തായി ഇരുന്ന് ചായ ചുണ്ടോടടുപ്പിച്ചതും ഞാൻ പറഞ്ഞു…

“ഞാൻ അർച്ചനയെ കണ്ടു…!!”

ആകാശിലും ഒരു ഞെട്ടലുണ്ടായി…

ഞാൻ പിന്നെയൊന്നും മിണ്ടാതെ ഇരുന്നപ്പോൾ അവൻ വീണ്ടും ചോദിച്ചു,

“കൂടെ പ്രണവ് ഉണ്ടായിരുന്നോ…??”

ഞാൻ “ഇല്ലാ” എന്ന അർത്ഥത്തിൽ തലയാട്ടി…

“വെെശൂ..നീ എന്തിനാ ഇത്ര ഡൾ ആകുന്നേ..??

പ്രണവ് ഒാസ്ട്രേലിയക്കല്ലേ പോയത്…??

അവർ ഒന്നിച്ചല്ല എന്ന കാര്യത്തിൽ നീ ആശ്വസിക്കുകയല്ലേ വേണ്ടത്…???”

“ഒരു പക്ഷേ, പ്രണവേട്ടനും അവൾക്കൊപ്പം ഉണ്ടെങ്കിലോ…??”

“നീ എന്തിനാ എപ്പോഴും ഇങ്ങനെ നെഗറ്റീവായി മാത്രം ചിന്തിക്കുന്നേ…?

അവരെ ഒരുമ്മിച്ച് കാണാത്തിടത്തോളം അവർ ഒരുമ്മിച്ചല്ല..

അങ്ങനെ വിശ്വസിക്കുക..

പിന്നെ, നീ ഇപ്പോളും വിട്ട് കളയുന്ന ഒരു കാര്യമുണ്ട്…

പ്രണവിന് നിന്നോട് എന്താണ് പറയാനുളളതെന്ന്..?

ഞാൻ അറിഞ്ഞിടത്തോളം സ്വന്തം ഭാര്യയെ മറന്ന് മറ്റൊരു പെണ്ണിന്റെ പിറകെ പോകുന്ന ഒരാൾ അല്ല പ്രണവ്..!!

ഉറപ്പായും പ്രണവിന് എന്തെങ്കിലും ഒരു റീസൺ പറയാനുണ്ടാകും…!!!”

ആകാശ് പറഞ്ഞു നിർത്തിയതും കോളിങ് ബെൽ മുഴങ്ങിയതും ഒരുമ്മിച്ചായിരുന്നു..

ഒരു പക്ഷേ, അർച്ചനയോ പ്രണവേട്ടനോ ആണെങ്കിലോ…??

മിന്നൽ വേഗത്തിൽ ഞാൻ പോയി വാതിൽ തുറന്നു…

പക്ഷേ,പ്രതീക്ഷകൾ തെറ്റിച്ച് ജെറിൻ ഒരു പുഞ്ചിരിയോടെ നിൽക്കുന്നു…

ഒരു ചിരിയോടെ തന്നെ ഞാൻ അവനെ അകത്തേക്ക് വിളിച്ചു…

ജെറിൻ അകത്തേക്ക് വന്നതും ആകാശ് ഏഴുന്നേറ്റു കെെ കൊടുത്തു…

അവർ ഇന്നത്തെ ദിവസം എങ്ങനെ കളറാക്കണം എന്ന് ചർച്ച ചെയ്യുമ്പോളും എന്റെ മനസ്സ് അർച്ചനയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു..

“വെെശാഖ മേഡത്തിന് ഇത് എന്ത് പറ്റി…ഭയങ്കര മൂഡിയാണല്ലോ…?”

ജെറീൻ അങ്ങനെ പറഞ്ഞതും ആകാശ് ചാടിക്കേറി പറഞ്ഞു…

“അതെന്നാന്നു അറിയാമോ അവളുടെ പഴയ കാമുകനും അവന്റെ പുതിയ കാമുകിയും കൂടി ഇവിടെ ഹണിമൂൺ ആഘോഷിക്കാൻ വന്നിട്ടുണ്ട്…

അത് അറിഞ്ഞതിന്റെ മനോവിഷമത്തിലാ പ്യാവം…!!!!”

“പോടാ പട്ടി…!!”

എന്നും പറഞ്ഞു ഞാൻ പില്ലോ എടുത്ത് അവന്റെ തലയ്ക്കിട്ട് എറിഞ്ഞെങ്കിലും അവൻ അത് കൂളായി ക്യാച്ച് ചെയ്തു…

“എന്റെ പൊന്നു ജെറീൻ ചേട്ടാ…

ഇന്നലെത്തോട് കൂടി ഇവിടുത്തെ ഒാഫിഷ്യൽ കാര്യങ്ങളെല്ലാം കഴിഞ്ഞു…

അത് കൊണ്ട് ദയവ് ചെയ്തു എന്നെ മാഡം എന്ന് വിളിച്ചു അധിക്ഷേപിക്കരുത്..

വെെശൂന്നോ വെെശാഖയെന്നോ വിളിക്കാം…!!!”

“ശരി വെെശു…അങ്ങനെ വിളിക്കാം…!!

ആഹ് പിന്നെ ഞാൻ ഇപ്പോൾ വന്നത് നാളെ നിങ്ങൾ വരുന്ന ഫ്ലെെറ്റിൽ തന്നെ ഞാനും നാട്ടിലേക്ക് വരുന്നുണ്ടെന്ന് പറയാനാ…!!”

“അതെന്താ ഇപ്പോൾ നാട്ടിലേക്ക്…??”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു…

“എന്റെ വിവാഹമാണ്…!!”

അല്പം ചമ്മലോടെ ജെറിൻ പറഞ്ഞു..

“അമ്പടാ കേമാ…

വൻ കല്യാണമാണോ..?

ഞങ്ങളെ പോലുളള പാവങ്ങളെ ഒക്കെ വിളിക്കുമോ..??”

ആകാശ് കളിയായി ചോദിച്ചു…

അതിന് മറുപടിയായി ജെറീൻ ഒരു പുഞ്ചിരിയോടു കൂടി പറഞ്ഞു…

“ഞാൻ ആണ് ആകാശ് പാവം…

ഒരു സാധാരണ കർഷക കുടുംബമായിരുന്നു എന്റേത്…

അപ്പച്ചൻ മരിച്ചതിൽ പിന്നെ അമ്മച്ചി എന്നെ കഷ്ടപ്പെട്ടാണ് വളർത്തിയത്..

പഠിക്കാൻ മിടുക്കനായതിനാൽ പളളിയിൽ നിന്നും എന്നെ വിദേശത്തേക്കയച്ചു…

ദെെവത്തിന്റെ കൃപ കൊണ്ട് പഠിച്ച ഉടൻ വെെശാഖയുടെ അച്ഛൻ എനിക്ക് ജോലി തന്നു…

ഇപ്പോൾ എനിക്ക് നാട്ടിൽ നല്ലൊരു കൊച്ചു വീടും ആത്യാവശ്യ സൗകര്യങ്ങളുമായി,കടമൊക്കെ വീട്ടി കുറച്ച് ബാങ്ക് ബാലൻസായി,ഇനി അമ്മച്ചിയൊടോപ്പം നാട്ടിൽ പോയി സുഖമായി ജീവിക്കണം..

കൂട്ടിന് ആരോരുമില്ലാത്ത ഒരു അനാഥ കൊച്ചിനെ അമ്മച്ചി വീട്ടിലേക്ക് കൊണ്ട് വന്നിട്ടുണ്ട്…

ഇതു വരെ ഞാൻ അവളെ കണ്ടിട്ട് കൂടിയില്ല..

പക്ഷേ,അമ്മച്ചിയുടെ വാക്കുകളിലൂടെ ജെസ്നയെ ഞാൻ എന്റെ പ്രാണന്റെ പാതിയായി തന്നെ സ്വീകരിച്ചിട്ടുണ്ട്…

പളളിയിൽ വെച്ച് ചെറിയൊരു ചടങ്ങേ കാണൂ…

അധികം സുഹൃത്തുക്കളൊന്നും എനിക്കില്ല…

ഉളളവരെ പറ്റി ഇപ്പോൾ ഒരു വിവരവുമില്ല…

പഠനത്തിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ…

പിന്നെ, ഇവിടെ വന്നിട്ടും ജോലി തിരക്ക് കാരണം ആരോടും അധികം അടുക്കാൻ പറ്റിയിട്ടില്ല…

ഇനി നാട്ടിൽ ചെന്നിട്ട് വേണം എല്ലാം ഒന്ന് റെഡിയാക്കാൻ…!!!

നിങ്ങൾ രണ്ടാളെയും ഞാൻ ഇപ്പോളെ കല്യാണത്തിന് ക്ഷണിക്കുന്നു…

രണ്ടാളും വലിയൊരു ഗിഫ്റ്റുമായി വരണം..!!”

ചിരിയോടെ തന്നെ ജെറിൻ പറഞ്ഞു നിർത്തുമ്പോൾ ഞങ്ങളുടെ മനസ്സിൽ ജെറിനോട് ബഹുമാനം തോന്നി..

ആത്യാവശ്യം സുഖസൗകര്യങ്ങളോട് ജനിച്ച എനിക്കൊക്കെ വിചാരിക്കുമ്പോളേ ഒാരോന്നു കെെയ്യിൽ കിട്ടുമായിരുന്നു..

ജെറിനോക്കെ സ്വന്തം അദ്ധ്വാനത്തിന്റെ ഫലയായിട്ടാണ് ഇവിടം വരെ എത്തിയിരിക്കുന്നത്…!!!

“നാട്ടിൽ പോയി എന്ത് ജോലി ചെയ്യനാ പ്ലാൻ..ബിസ്സിനസ് ഒാർ സംതിങ് എൽസ്..?”

ഞാൻ ചോദിച്ചതിന് ഒട്ടും തന്നെ ആലോചിക്കാതെ ജെറിൻ മറുപടി പറഞ്ഞു..

“ബിസിനസ്സ് ഒന്നും എനിക്ക് പറ്റില്ല..എന്തെങ്കിലും ഒരു സാധാരണ ജോലി നോക്കാനാണ് പ്ലാൻ…

വെെശാഖയുടെ ഡാഡി നിങ്ങളുടെ നാട്ടിലെ ബ്രാഞ്ചിലേക്ക് തന്നെ എന്നെ വിളിക്കുമെന്നാണ് എന്റെ ഒരു വിശ്വാസം…!!”

ചിരിയോടു കൂടി ജെറിൻ അത് പറയുമ്പോൾ തന്നെ ഞങ്ങളുടെ കമ്പനിയിൽ ജോലി കൊടുക്കണമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു…

“അപ്പോൾ ഇന്നത്തെ നിങ്ങളുടെ പ്ലാൻ എന്താണ്..??”

ജെറിൻ ചോദിച്ചതും ഞങ്ങൾ കെെ മലർത്തി കാണിച്ചു…

“ഇവിടെയുളള സ്ഥലങ്ങളെ പറ്റി ഞങ്ങൾക്ക് ഒന്നും അറിയില്ല…

അത് കൊണ്ട് ഇന്നത്തെ പരിപാടികളെല്ലാം ജെറിനെ ആശ്രയിച്ചാണ്..”

ഞാൻ അങ്ങനെ പറഞ്ഞതും ജെറിൻ ഒട്ടൊന്ന് ആലോചിച്ചതിന് ശേഷം പറഞ്ഞു…

“ഇന്ന് 7 മണി വരെ ഞാൻ ഫ്രീയാണ്…

ഞാൻ ജോലി വിട്ടതിന്റെ ഒരു പാർട്ടി എന്റെ അപ്പാർട്ട്മെന്റിൽ വെച്ച് കൊടുക്കുന്നുണ്ട്..

അറേഞ്ച്മെന്റ്സെല്ലാം പൂർത്തിയായി കഴിഞ്ഞു..

10 മണിക്ക് എനിക്ക് ഒരാളെ മീറ്റ് ചെയ്യാനുണ്ട്…

അത് കൊണ്ട് നിങ്ങൾ ഒരു കാര്യം ചെയ്യു,ഫ്രഷായി ബ്രേക്ക്ഫാസ്റ്റ് കഴിച്ച് റെഡിയായി നിൽക്കൂ..

ഞാൻ പ്ലാനുകൾ റെഡിയാക്കി ഉടനെ വരാം…

Okay..??”

ഞങ്ങൾ രണ്ട് പേരും ഒരു പോലെ സമ്മതം മൂളി….!!

ജെറിൻ പോകാനിറങ്ങിയതും ഞാനും ഒരുങ്ങാനായി എന്റെ ഫ്ലാറ്റിലേക്ക് പോകാനിറങ്ങി…

ഞങ്ങൾ പുറത്തിറങ്ങിയതും കെറ്റിൽ തരാൻ ആകാശും പുറത്തേക്ക് വന്നു…

അപ്പോളാണ് ഒരു സ്യൂട്ട് കേസുമായി അർച്ചന പുറത്തേക്ക് വന്നത്..

റൂം ലോക്ക് ചെയ്തു ഞങ്ങളെ ഒന്നു മെെന്റ് പോലും ചെയ്യാതെ പോകാൻ തുടങ്ങിയ അവളെ പക്ഷേ ജെറിൻ “അച്ചു” എന്നു വിളിച്ചു…

ജെറിന്റെ വിളി കേട്ടതും അവൾ അവനെ സൂക്ഷിച്ച് നോക്കി…

ജെറിനെ തിരിച്ചറിഞ്ഞതും അവളുടെ മുഖത്ത് പരിഭ്രാന്തി പടർന്നു…

ശര വേഗത്തിൽ അവൾ elevatorനുളളിൽ കടന്ന് ബട്ടൺ അമർത്തി..

അവൾക്ക് പിറകെ പോകാനൊരുങ്ങിയ ജെറിനെ ആകാശ് തടഞ്ഞു…

“നിനക്ക് അറിയാമോ അവളെ…?”

ജെറിന്റെ മറുപടിക്കായി ഞാനും ആകാശും ചെവിയോർത്തു…

“അറിയാമോന്നോ..?

അച്ചു എന്റെ ക്ലാസ് മേറ്റായിരുന്നു…!!!!!

****

” അച്ചുവിനെ പറ്റി പറയുമ്പോൾ ആദ്യം പറയേണ്ടതായ ഒന്നുണ്ട്…

അവളൊരു ട്രാൻസ്ജെന്ററാണ്…!!!”

ജെറിൻ പറഞ്ഞത് കേട്ട് വിശ്വസിക്കാനാകാതെ ഞാനും ആകാശും പരസ്പരം നോക്കി…

“കല്യാൺ ഗ്രൂപ്പ് ഒാഫ് ബിസിനസ്സിന്റെ ഉടമസ്ഥനായ കല്യാൺ മേനോന്റെ ഒരേ ഒരു മകനായിട്ടായിരുന്നു ‘അജിത്ത് കല്യാൺ’ എന്ന അച്ചുവിന്റെ ജനനം..!!

കോളേജ് പഠനക്കാലം വരെ ഒരു ആൺക്കുട്ടിയായി തന്നെയായിരുന്നു അച്ചു ജീവിച്ചത്..

ഇതിനിടയിലാണ് അച്ചുവിന്റെ ജീവിതത്തിലേക്ക് ജിത്തുവിന്റെയും പ്രണവിന്റെയും വരവ്..!!”

“പ്രണവേട്ടന്റെ ഒപ്പം പഠിച്ചതാണോ ജെറിൻ???”

“നിങ്ങൾക്ക് പ്രണവിനെ അറിയാമോ…??”

ഞാൻ തലയാട്ടുക മാത്രം ചെയ്തു…

“പ്രണവ് അജിത്ത് ജിത്തു…

ആർക്കും അസൂയ തോന്നുന്ന വിധത്തിലുളള സൗഹൃദമായിരുന്നു അവരുടെത്…

അടിച്ചു പൊളിച്ചു നടന്നിരുന്ന ജിത്തുവിന്റെയും പ്രണവിന്റെയും ഇടയിലേക്ക് എങ്ങനെയാണ് ഒരു വാക്ക് പോലും ആരോടും സംസാരിക്കാത്ത അച്ചു എത്തിചേർന്നതെന്ന് ഇന്നും എല്ലാവർക്കും സംശയമാണ്…

അവർക്ക് എന്നെയും വലിയ കാര്യമായിരുന്നു…

പഠനകാര്യങ്ങളിലും മറ്റും അവർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്…!!!

ഡിഗ്രി കഴിഞ്ഞ് മൂവരും MBA ചെയ്യാനായി ഒാസ്ട്രേലിയ്ക്ക് പോയി…

പിന്നെ ഒരു രണ്ട് വർഷം അവരെ പറ്റി എനിക്ക് ഒരു അറിവും ഇല്ലായിരുന്നു…

പീന്നിട് ഒരു കോമൺ ഫ്രണ്ട് വഴി ഞാൻ അറിഞ്ഞു അച്ചു സർജറി ചെയ്തു ഒരു പെൺക്കുട്ടിയായെന്നും,അച്ചുവും ജിത്തുവും തമ്മിൽ ഇഷ്ടത്തിലാണെന്നും ഒക്കെ…!!

കേട്ടപ്പോൾ ഷോക്കായെങ്കിലും പിന്നീട് എനിക്ക് ജിത്തുവിനെ ഒാർത്ത് വളരെ സന്തോഷം തോന്നി….

എനിക്ക് ജോലി കിട്ടിയ സമയമായതിനാൽ ഞാൻ അവരെ പോയി കണ്ടിരുന്നു…

എനിക്ക് ആകെയുളള സുഹൃത്തുക്കളും അവരായിരുന്നു…!!

അജിത്ത് എന്ന അച്ചു ‘അർച്ചന’യായി മാറിയതും ബോൾഡായതുമോക്കെ കണ്ടു എനിക്ക് ഒരുപാട് സന്തോഷം തോന്നി…

പിന്നീട് കുറെ നാൾ കോൺടാക്ട് ഉണ്ടായിരുന്നെങ്കിലും എപ്പോളോ അത് മുറിഞ്ഞു…

പിന്നെയും ഒരു വർഷം കഴിഞ്ഞാണ് ആ നടുക്കുന്ന വാർത്ത ഞാൻ കേൾക്കുന്നത്…

‘ജിത്തൂ കൊല്ലപ്പെട്ടെന്നും കൊലയാളി അച്ചു ആണെന്നും..!!’

ജെറിൻ പറഞ്ഞതൊക്കെ കേട്ട് ഞാനും ആകാശും തരിച്ചിരുന്നു….

ലൈക്ക് കമന്റ് ചെയ്യണേ…

(തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *