അടുക്കും തോറും നെഞ്ചിലെ താളത്തിന് ഒരു പ്രത്യേക ഈണമായിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രാജേഷ് ദീപു

“ടാ സനീ നിനക്കറിയണോ അവൾക്കെന്നോട് പ്രേമം.”

“ഒന്നു പോടപ്പാ.. നിന്നെയോ .. അവള് നിന്നെ കളിപ്പിച്ചതാകും.”

“ആദ്യമൊക്കൊ എനിയ്ക്കും അങ്ങിനെയാ തോന്നിയത് ഇതിപ്പോൾ സീരിയസ് ആണന്നാ തോന്നുന്നേ..”

അതു കേട്ട് സനി ഒന്നു പൊട്ടി ചിരിച്ചു..

“നീ എന്താടാ ചിരിക്കണത്..”

“ഞാൻ ആലോചിക്കുകയായിരുന്നു .. നിന്നെ അവൾ പ്രേമിക്കുന്നു എന്ന് പറഞ്ഞാൽ അവൾക്ക് കണ്ണിന് വല്ല കാഴ്ച കുറവുണ്ടായിരിക്കും.. അല്ലങ്കിൽ അവൾക്ക് വട്ടായിരിക്കും.”

സനി തമാശയായി പറഞ്ഞെതാണങ്കിലും തനിയ്ക്കും ആ സംശയം തോന്നാതില്ല .. അവൻ ഫോൺ കട്ട് ചെയ്തിട്ട് കണ്ണാടിയുടെ മുന്നിൽ ചെന്ന് തൻ്റെ മുഖം ഒന്നുകൂടി നോക്കി.. ചീകിയിടാതെ പാറി പറന്ന് കിടക്കുന്ന മുടി.. മുഖത്ത് മുഖക്കുരു വന്ന് കുഴിഞ്ഞ പാടുകൾ പാൻമസാല തിന്ന് ചുവന്ന പാടുകൾ ഉള്ള പല്ലുകൾ.. ആകെയുള്ളത് പാതി മുഖക്കുരു പാടുകൾ മറയ്ക്കാൻ വേണ്ടി വെട്ടാതെ കാത്തു സൂക്ഷിക്കുന്ന താടിയും മീശയും ആണ്..

ഇത് കണ്ടിട്ടാണോ .. അവൾ വീണത്.. എൻ്റെ ഈശ്വരാ.. ഇനി അവളെങ്ങാനും താടി വടിച്ച് ഫോട്ടോ ഇടാൻ പറഞ്ഞാൽ പേടിച്ച് ഓടുമല്ലോ….അവൻ മൊബൈാൽ തുറന്ന് അവളുടെ ഇൻബോകസ് നോക്കി.. പച്ച വെളിച്ചം തെളിഞ്ഞിട്ടില്ല. ഓൺലൈൻ വരാതെ മെസേജ് അയക്കരുതെന്ന് അവളുടെ നിർബദ്ധത്തിന് കോട്ടം വരാതിരിക്കാൻ അവൻ ഫോൺ ഓഫ് ചെയ്തു …

നേരെ ബാത്ത്റൂമിൽ പോയി .. ചന്ദ്രികസോപ്പിട്ടു നന്നായി ഒന്നു മുഖം കഴുകി .. ഒന്നു രണ്ടു സെൽഫിയെടുത്തു ..

എൻ്റമ്മേ.. കാണുമ്പോൾ എനിയ്ക്ക് തന്നെ പേടിയാകുന്നു…. പെട്ടന്നു തന്നെ അതെല്ലാം ഡിലറ്റ് ചെയ്തു മെസ്സേജറിൽ അവളുടെ പച്ചവെളിച്ചത്തിനായ് കാത്തിരുന്നു.. സനി പറഞ്ഞത് നേരാ.. ഇന്നെങ്കിലും അവരുടെ ഫോട്ടോ ചോദിക്കണം അവൻ മനസ്സിൽ ഉറപ്പിച്ചു..

പെട്ടന്നാണ് മൊബൈൽ ബെല്ലടിച്ചത് .. അവൻ ചാടിയെടുത്തു .. കുമാരേട്ടനാണ്..ഇയാൾക്കിത് എന്തിനാണ് ഇപ്പോൾ..

“ഹലോ.. കുമാരേട്ടാ..”

“ടാ മഹേഷേ .. കോടാലിയിൽ ഒരു പണി കിട്ടിയിട്ടുണ്ട് ..ആഴം ഉള്ള കിണറാ നീ വരണം: മനോഹരന് അഞ്ചാംപനി ആയി കിടക്കാ.. എന്നെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല..”

കുമാരേട്ടനോട് എന്താ പറയാ.. അവൻ ഒരു നിമിഷം ആലോചിച്ചു .. അവള് വരുന്നത് പകൽ സമയങ്ങളിലാണ് അതുകൊണ്ടാണ് ഈ കിണറുപണി തന്നെ ഉപേക്ഷിച്ചത് രാവിലെ കിണറ്റിൽ ഇറങ്ങിയാൽ ഉച്ചയ്ക്ക് ചോറുണ്ണാനെ കരയ്ക്കു കയറൂ .. കയ്യിലാണങ്കിൽ അഞ്ചു പൈസയില്ല .. ഓണമാണ് വരുന്നത് ഒരു ജോഡി ഡ്രസ്സു എടുക്കാൻ പോലും കാശില്ല.. ഉള്ള ഡ്രസ്സ് ഇട്ടു അവൾക്ക് ഫോട്ടോ അയച്ചു… പുതിയത് ഒരണ്ണം വാങ്ങണം എന്ന് വിചാരിച്ചിട്ട് കുറേ നാളായി.. മറുപടി ഒന്നും ഇല്ലാതെ ഇരുന്ന അവനോട് കുമാരേട്ടൻ്റെ അടുത്ത ചോദ്യം.

, “നീ വരുന്നുണ്ടോ.. അല്ലങ്കിൽ വേറെ ആളെ വിളിയ്ക്കാനാ..”

അവൻ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി..

“ഞാൻ വരാം കുമാരേട്ടാ..’

ഫോൺ വെച്ചിട്ട് വീണ്ടും മെസ്സേഞ്ചർ എടുത്തു നോക്കി.. കണ്ണുകൾ വിടർന്നു .. മെസ്സേഞ്ചറിലെ പച്ചവെളിച്ചം. അവൻ്റെ കണ്ണിന് തിളക്കം കൂട്ടി..

“ഹായ് ബിന്ദു..” മറുപടിയായ് ഒരു ഒരു ഇമോജി ..

“എന്തു പറ്റി ബിന്ദു..”

“ഞാൻ കുറച്ചു നേരമായ് ഓൺലൈനിൽ വന്നിട്ട് മഹിയേട്ടൻ്റെ മെസേജ് കണ്ടില്ല ..എന്നോട് ഇഷ്ടം ഇല്ലല്ലേ എന്നാൽ ശരി ഞാൻ പോവാ.”

“അയ്യോ.. ചതിക്കല്ലേ … പണിയുടെ കാര്യം പറഞ്ഞ് ആശാൻ വിളിച്ചതാ..”

“ഉം. അവളുടെ ആ മെസ്സേജ് അവന് ഒരു ചെറിയ ആശ്വാസം നൽകി.. അപ്പോഴാണ് സനി പറഞ്ഞ കാര്യം അവൻ്റെ ഓർമ്മയിൽ വന്നത്.. ഫോട്ടോയെപ്പറ്റി ഒന്നുകൂടി ചോദിച്ചാലോ .. പലപ്പോഴും ഒഴിവു പറഞ്ഞിട്ടുള്ള കേസാണ്… വരുന്നത് വരട്ടെ. രണ്ടും കല്പിച്ചവൻ മെസ്സേജ് അയച്ചു…

“ഞാൻ ഒരു പാട് തവണ ചോദിച്ചിട്ടുള്ളതാണ്… കാണാനുള്ള കൊതി കൊണ്ടാണ് വീണ്ടും ചോദിക്കുന്നത്.. ബിന്ദുവിൻ്റെ ഒരു ഫോട്ടോ അയക്കുമോ…”

മെസ്സേജ് അയച്ചതിനു ശേഷം അവൻ മറുപടിയ്ക്കായ് കാത്തിരുന്നു.. ഏറെ നേരം കഴിഞ്ഞിട്ടും മറുപടി വരാതെയായപ്പോൾ ചോദിക്കണ്ടായിരുന്നുവെന്ന് മനസ്സിൽ ഉരുവിട്ടു കൊണ്ടിരുന്നു..

അൽപം കഴിഞ്ഞ് അവളുടെ മറുപടി വന്നു ഫോട്ടോയായിരുന്നില്ല .. പകരം വലിയ ഒരു കഥ പോലെ ദൈർഘ്യമുള്ള മെസ്സേജ്.. അവൻ ക്ഷമയോടെ അത് വായിച്ചു..

“മഹിയേട്ടാ.. ഇന്നല്ലങ്കിൽ നാളെ മഹിയേട്ടൻ എന്നെ കാണും.അധികം സൗന്ദര്യമൊന്നുമില്ലങ്കിലും ആരും കു റ്റം പറയുകയില്ല.. ചേട്ടനോട് ശരിയ്ക്കും ഇഷ്ടം തോന്നിയിട്ടു തന്നെയാ.. സ്നേഹിച്ചു തുടങ്ങിയത്.. അല്ലാതെ കളിപ്പിക്കാൻ അല്ല.. പിന്നെ ഇപ്പോൾ ഫോട്ടോ അയക്കാവുന്ന ഒരുമാ നസിക നിലയിൽ അല്ല. ഞാനിപ്പോൾ ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത് .. എന്നെ ഇഷ്ടമാണങ്കിൽ മാത്രം എന്ന വിശ്വസിക്കുക .. ഇത്ര മാത്രമേ .. എനിയ്ക്ക് പറയാനുള്ളൂ..”

മെസ്സേജ് വായിച്ചു കഴിഞ്ഞപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി.. ആദ്യമായിട്ടാണ് ഒരു പെൺകുട്ടി തന്നെ ഇഷ്ടമാണന്ന് പറയുന്നത് തന്നെ..

ആ സനി യുടെ വാക്ക് കേട്ട് .. ശ്ശോ.. വേണ്ടായിരുന്നു. പിന്നെ ഒട്ടും താമസിച്ചില്ല.. അവൻ മറുപടി അയച്ചു…

“ബിന്ദുവിൻ്റെ പ്രശ്നം എൻ്റെയും പ്രശ്നമല്ലേ.. എന്നോട് പറഞ്ഞുടെ ..”

“ഏട്ടനോട് പറയാതിരിയ്ക്കാൻ ഒരുപാട് ശ്രമിച്ചതാ.. എന്നാൽ ഏട്ടനും. കൂടി അറിഞ്ഞിരിക്കണം എന്ന് തോന്നി..”

“ബിന്ദു.. പറയൂ.എന്തായാലും എന്നോട് തുറന്നു പറയൂ..”

“സാമ്പത്തികമായി ഞങ്ങൾ ആകെ തളർന്നിരിയ്ക്കാ.. അമ്മയ്ക്ക് ഈ വരുന്ന മാസം അവസാനം ഒരു ഓപ്പറേഷൻ ഉണ്ട്.. വിചാരിച്ച പൈസ ഒന്നും ശരിയായില്ല ആലോചിച്ചിട്ട് ഒരു സമാധാനവും. ഇല്ല ..”

“എൻ്റെ ദേവീ..ഞാനിപ്പോൾ ഇവളോട് എന്താ പറയാ.. ”

സനി പറഞ്ഞ വാക്കുകൾ അവൻ്റെ ചിന്തയിലൂടെ കടന്നു പോയി..

“മഹി വേണ്ടാത്ത പണിയ്ക്കൊന്നും നിൽക്കണ്ട.. ചിലപ്പോൾ നിൻ്റെ കൈയിന്നു കാശ് അടിച്ചുമാറ്റാനുള്ള അടവ് ആയിരിക്കും..”

അങ്ങിനെയാകുമോ ..എയ് അങ്ങിനെയാവില്ല .. കാശ് അടിച്ചു മാറ്റാൻ ആണങ്കിൽ മൂന്ന് മാസങ്ങൾക്കു ആകാമായിരുന്നില്ലേ. ഇത്രയും നാൾ കാത്തിരിക്കണോ..ഇത് സത്യമാവും. എന്നാലും തനിയ്ക്ക് എന്താണ് ചെയ്യാൻ കഴിയാ… ഒരു പുതിയ ഡ്രസ്സ് വാങ്ങാൻ പോലും പൈസയില്ലാത്ത താൻ എങ്ങിനെ ഇവളെ സഹായിക്കും..സഹായിക്കും എന്ന് പ്രതീക്ഷയുളളതു കൊണ്ടാകും തന്നോട് ഇവൾ ഇക്കാര്യം പറഞ്ഞത് ..

അമ്മയോട് ചോദിക്കാമെന്നു വെച്ചാൽ ആ പാവത്തിൻ്റെ കയ്യിൽ ഒന്നും തന്നെയില്ല.. ആകെയുണ്ടായിരുന്ന താലിമാല പണയം വെച്ചാണ് തനിയ്ക്ക് ജോലിയ്ക്കു പോകാൻ ബൈക്ക് വാങ്ങിത്തന്നത് . ..അമ്മ ഇപ്പോൾ കറുത്ത ചരടിൽ താലി കോർത്തിട്ടാണ് നടക്കുന്നത്. അത് കൂടിപണയം വെയ്ക്കാൻ അമ്മ സമ്മതിയ്ക്കുകയില്ല..

അച്ഛൻ്റെ ഓർമ്മയ്ക്ക് അത് മാത്രമേ -അതിൻ്റെ കൈയിൽ ബാക്കിയുള്ളൂ.. വേണ്ടാ .. വേറെ എന്താ ഒരു വഴി അങ്ങിനെ ആലോചിരിയ്ക്കുമ്പോഴാണ് .. ബൈക്കിൻ്റെ കാര്യം. ഓർമ്മ വന്നത്.. ഉടൻ തന്നെ ബിന്ദുവിന് മറുപടി കൊടുത്തു.എന്റെ കയ്യിൽ അധികം ഒന്നും ഉണ്ടാകില്ല.

“ബിന്ദുവിന് എത്രയാ .. വേണ്ടത്.. കുറിപിടിച്ചതും ഇത്തിരി ചേർത്തുവച്ചതുമായി .. ഒരു ഇരു പതാനായിരം ഉണ്ട്.. ”

“ഇനി ഒരു മുപ്പതിനായിരം കൂടി വേണം..”

“ഞാൻ ഒന്ന് ശ്രമിക്കട്ടെ നാളെ വിവരം അറിയിക്കാം.”

“ശരി മഹിയേട്ടാ.”

ഒന്നു രണ്ടു ലൗ ഇമോജിയിട്ട് അവളുടെ പച്ചവെളിച്ചം കെട്ടു .. പൈസ എങ്ങിനെയെങ്കിലും ശരിയാക്കണം അതു കൊടുക്കാൻ ചെല്ലുമ്പോഴേങ്കിലും ബിന്ദുവിനെ ഒന്നു നേരിട്ട് കാണാലോ..

മെസ്സേഞ്ചർ ഓഫ് ചെയ്തതും അവൻ അപ്പോൾ തന്നെ സനിയെ വിളിച്ചു.. “ഡാ നീ എവിടെയാ.. ഞാൻ”

” അമ്പലപ്പറമ്പില്..”

“എന്നാൽ നീ അവിടെത്തന്നെ നിൽക്ക് ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം..”

ആൽത്തറയിൽ ഇരിക്കുന്ന അവൻ്റെ മുന്നിൽ ബൈക്ക് ബ്രേക്കിട്ടു നിറുത്തിയപ്പോൾ അവൻ ഒന്നു ഒഴിഞ്ഞു മാറി ..

“ഢാ നീ ഇപ്പോൾ ആളെ കൊന്നേനല്ലോ..പതുക്കെ വന്നാൽ എന്താ..”

“ഡാ നീ ഇങ്ങു വന്നേ ഒരു കാര്യം ഉണ്ട്..”

“എന്തടാ .. അവളെ കണ്ടോ.. എങ്ങിനെ കൊള്ളാമോ ..”

“അതൊന്നും അല്ലടാ.. എനിയ്ക്ക് കുറച്ച് പൈസ വേണം.”

“എൻ്റ കയ്യില് എവിടുന്നാടാ .. വണ്ടി വർക്ക്ഷോപ്പിൽ ആണന്നുള്ള കാര്യം നിനക്ക് അറിയാവുന്നതല്ലേ .” . “ഇത് കുറച്ച് അധികം വേണം.”

“നീ ചുറ്റിവളയ്ക്കാതെ കാര്യം പറയടാ..”

“ഗൾഫില് ഒരു ജോലി ശരിയായിട്ടുണ്ട് ..വിസയ്ക്ക് ഒരു മുപ്പതിനായിരം രൂപ ആദ്യം കൊടുക്കണം..”

“ഇത്രയും രൂപയ്ക്ക് ഞാൻ എവിടെ പോകാനാണ്..”

“നീ ഒരു സഹായം ചെയ്യാമോ.. എൻ്റെ വണ്ടി ഒന്നു വിറ്റു തരാമോ ..”

“അപ്പോൾ നിനക്ക് ജോലിയ്ക്ക് പേകേണ്ടേ.”

“ഗൾഫിൽ പോകുന്ന എനിയ്ക്ക് ഇനി എന്തിനാടാ വണ്ടി …”

“വണ്ടി ഞാൻ വിറ്റു തരാം . നമ്മുടെ കുന്നത്തെ ജോണിച്ചേട്ടൻ്റെ മകൻ ഗൾഫീന്ന് വന്നിട്ടുണ്ട് .. ഒരു വണ്ടിയന്വേഷിച്ച് നടക്കാ..”

“കൊടുത്താ കാശ് അപ്പോൾ തന്നെ കയ്യൊടെ കിട്ടും..”

സനി വണ്ടിയോടിച്ച് പോകുന്നത് നിറകണ്ണുകളോടെ അവൻ നോക്കി നിന്നു.ഭഗവാൻ്റെ മുന്നിൽ നിന്ന് ഒന്നു .തൊഴുതു.

എല്ലാം നിന്നെ വിശ്വസിച്ചിട്ടാട്ടാ.. ചതിക്കരുത്..

പിറ്റേന്ന് പറഞ്ഞ തുകയുമായി സനിയെത്തി.

“നീ വേഗം പൈസ കൊണ്ടു കൊടുക്ക്..നീ പോയി രക്ഷപ്പെട്ടിട്ടു വേണം എനിയ്ക്കും. ഒന്ന് അക്കര കടക്കാൻ..”

സനി പോയതിൻ്റെ തൊട്ടുപിന്നാലെ അവൻ അവൾക്ക് മെസ്സേജ് അയച്ചു. “ആദ്യമായിട്ടാണ് അനുസരണക്കേട് കാണിക്കുന്നത് ക്ഷമിക്കണം. പൈസ ശരിയായിട്ടുണ്ട്.”

പതിവു സമയം കഴിഞ്ഞിട്ടും അവളുടെ മറുപടി ലഭിക്കാതായപ്പോൾ അവൻ പരിഭ്രന്തനായി ..ഒപ്പം ഭയവും എന്താ അവളെ കാണാത്തെ അവൻ മുറിയ്ക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഏറെ നേരത്തേ കാത്തിരിപ്പിനു ശേഷമാണ് അവളുടെ മറുപടി വന്നത്..

“മഹിയേട്ടാ. ഒരു പാട് നന്ദി ..”

ഒരു വല്ലാത്ത സന്തോഷമായിരുന്നു .. തൻ്റെ മനസ്സിലുള്ളത് തുറന്ന് പറയണം..,

ബിന്ദു.. പൈസ ഞാൻ നിൻ്റെ കൈയിലേതരൂ.. വേറെ ആരേയും ‘ എനിയ്ക്ക് വിശ്വാസമില്ല..”

“ശരി സമ്മതിച്ചു.. ഈ വരുന്ന ശനിയാഴ്ച തൃശ്ശൂര് ദയ ഹോസ്പിറ്റലിൽ രാവിലെ പത്ത് മണിയ്ക്ക് വാ.. ഞാൻ അവിടെയുണ്ടാകും. ഒക്കെ ബൈ..”

അവൾ റ്റാ റ്റാ പറഞ്ഞു പോയി ..

ശനി എന്ന് പറഞ്ഞാൽ മറ്റന്നാൾ അല്ലേ.. അതിനിനി അധികം ദിവസം ഇല്ലല്ലോ അപ്പോൾ ശനിയാഴ്ച ഞാനവളെ കാണും. ഇനി എന്ത് ഇട്ടിട്ടു പോകും. അഴക്കയിൽ കിടക്കുന്ന മുഷിഞ്ഞ തുണികളിലേയ്ക്ക് നോക്കി.. അതിൽ നിന്ന് നല്ലത് ഒന്ന് എടുത്തു. കോളറിലേയ്ക്ക് ചുമ്മാ ഒന്നു നോക്കി… അയ്യോ.. ഇത് എങ്ങിനെ ഇടാനാണ്. ഈ അമ്മയ്ക്ക് ഇതൊന്നു കഴുകിയിട്ടാൽ എന്താ… സാധാരണ പറയാറുള്ള ആ പല്ലവി ഇന്നും പാടി.. പ്രയോജനം ഇല്ലന്ന് അറിയാം. അല്ലങ്കിലും ആഴ്ചയിൽ ഒരിക്കലല്ലേ.. ഇതൊക്കെ വെള്ളം കാണൂ .. എൻ്റെ വിധി .. ബിന്ദു വരുമ്പോൾ എല്ലാം ശരിയാകും.തൽക്കാലം സുനിയുടെ ഒരണ്ണം കടം ചോദിക്കാം… പിറ്റേന്നും അവളുടെ കുറച്ച് മെസ്സേജുകൾ മാത്രം.. പരസ്പരം നേരിട്ട് കാണാൻ പോകുന്നതിലുള്ള നാണമായിരിക്കും.. മെസ്സേജുകൾ കുറഞ്ഞ് പോയതെന്ന് ഇരുവരും വിശ്വസിച്ചു…. രാവിലെ അമ്പലത്തിലെ സുപ്രഭാതം കഴിഞ്ഞപ്പോൾ അമ്മയോടൊപ്പം അവനും ഉണർന്നു. പതിവില്ലാത്ത കാഴ്ച കണ്ട് അവർ ചോദിച്ചപ്പോഴും

‘ ജോലി നോക്കാൻ ആശാൻ്റെ കൂടെ രാവിലെ പോകണം എന്ന് അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു ..

നേരത്തേ സനിയുടെ കയ്യിൽ നിന്ന് വാങ്ങിവെച്ച ഷർട്ടും മുണ്ടുമെടുത്ത് .. കണ്ണാടിയുടെ മുന്നിൽ ചെന്ന് ഒന്നു നിന്നു.. അമ്പലത്തിൽ നിന്ന് അമ്മ കൊണ്ടുവന്ന ഇല ചീന്തിലെ പുഷ്പാഞ്ചലി പ്രസാദത്തിൽ നിന്ന് ഒരു നുള്ള് എടുത്ത് നെറ്റിയിൽ കോറിവരച്ചു .. ബസ്സിനുള്ള കാശ് അമ്മയുടെ കയ്യിൽ നിന്ന് വാങ്ങി.. ദയ ഹോസ്പിറ്റലിലേക്ക് തിരിച്ചു.. ഇത്രയും വലിയ ആശുപത്രിയിൽ എങ്ങിനെ കണ്ടു പിടിക്കും.. വല്ലാത്തരു മണ്ടത്തരമാണ് കാണിച്ചത് ..

വീട്ടു പേര് ചോദിക്കാൻ വിട്ടു പോയി …അവൾ പറഞ്ഞ സമയം ‘ അടുക്കും തോറും നെഞ്ചിലെ താളത്തിന് ഒരു ‘ പ്രത്യേക ഈണമായിരുന്നു.’ കൈയിലുള്ള കാശ് അരയിൽ തന്നെ ഉണ്ടണ് ഒരിക്കൽ കൂടി ഉറപ്പ് വരുത്തി കൊണ്ടവൻ എൻക്വയറി കൗണ്ടറിലേയ്ക്ക് നടന്നു..

“സിസ്റ്റർ ബിന്ദു..”

“എന്നാണ് അഡ്മിറ്റ് മുഴുവൻ പേര് പറയൂ..”

“ബിന്ദു. അത്രയേ അറിയൂ…”

സിസ്റ്റർ തൊട്ടടുത്തിരുന്ന സഹപ്രവർത്തകയോട് കാര്യം തിരക്കി..

“മേരീസിസ്റ്റർ ബിന്ദു എന്ന ‘ പറഞ്ഞ ആരെങ്കിലും ഇന്ന് അഡ്മിറ്റ്, ആക്കിയിട്ടുണ്ടോ'”

“ഇല്ലല്ലോ ..”

കഷ്ടപ്പെട്ടു പടുത്തുയർത്തിയ ചീട്ടുകൊട്ടാരം ഒരു നിമിഷം കൊണ്ടു. തകർന്നു വീണ പോലെ വാടിയ മുഖവുമായ് അവൻ തിരികെ നടന്നു.

“മഹേഷല്ലേ..” പുറകിൽ നിന്ന് ആരോ വിളിച്ച പോലെ .. തിരിഞ്ഞു നോക്കിയപ്പോൾ ചെറുപ്പക്കാരികളായ ആരെയും കണ്ടില്ല .. തനിയ്ക്ക് തോന്നിയതാകും. തിരിച്ച് നടക്കാൻ തുടങ്ങുമ്പോൾ പിറകിൽ നിന്ന് അതേ ശബ്ദം

“മഹേഷാണോ ഒന്നു നിൽക്കണേ.” . എവിടെയോ ..കണ്ടു പരിചയമുള്ള പോലെ.. എത്ര ആലോചിച്ചിട്ടും ഒരു പിടി കിട്ടുന്നില്ല ..

“അതേ ഞാൻ മഹേഷാണ് .. ”

“അറിയാം.”

“എങ്ങിനെ”

” ബിന്ദു പറഞ്ഞിട്ടുണ്ട് ..”

അവൻ്റെ കണ്ണുകൾ ആൾക്കൂട്ടങ്ങളിലേയ്ക്ക് ചലിപ്പിച്ചു കൊണ്ടു ചോദിച്ചു..

“എന്നിട്ട് ബിന്ദു എവിടെ..”

“ഞാൻ ബിന്ദുവിൻ്റെ അമ്മയാണ് സരോജം”

“അവൾ ചീട്ട് എടുക്കാൻ പോയിരിക്കുകയാ..മോന് എന്നെ മനസ്സിലായോ

“എവിടെയോ കണ്ടു നല്ല പരിചയം.”

“ഞങ്ങളുടെ വീട് ഊരകത്താണ് മോൻ ഞങ്ങളുടെ വീട്ടിൽ കിണറു കുഴിക്കാൻ വന്നിട്ടുണ്ട് ..”

“അമ്മയെ കണ്ടിട്ടുണ്ട് എന്നാൽ ബിന്ദു..”

“അവൾ പുറത്തോട്ടൊന്നും ഇറങ്ങാറില്ല..

പുറത്തിറങ്ങിയില്ലെങ്കിൽ പിന്നെ എന്നെ എങ്ങിനെ അറിയാം..

അവളുടെ അച്ഛൻ ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു .. അങ്ങേര് എപ്പോഴും പറയും.. എൻ്റെ മക്കളെ ഞാൻ കൂലിപ്പണിക്കാരനെ കെട്ടിച്ചു കൊടുക്കൂ. മരണം വരെ കഞ്ഞി കുടിച്ച് കിടക്കാമെന്ന് .. അവളുടെ മനസ്സിൽ കയറിക്കൂടിയ.. കൂലിപ്പണിക്കാരനാണ് നീയ്…. അവൾ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് ഇന്നലെ അയച്ച മെസ്സേജ് വരെ.. എന്നാൽ പിന്നെ മരുമകനെ ഒന്നു നേരിൽ കണ്ടു നന്ദി പറഞ്ഞു പോകാം എന്ന് കരുതി.. ഞങ്ങളിവിടെ കാത്തു നിന്നതാണ്.. ….”

പറഞ്ഞു തീർന്നതും

“അമ്മേ ”

എന്ന് വിളിച്ചുക്കൊണ്ട് ഒരു സുന്ദരിപ്പെണ്ണ് അങ്ങോട്ട് കടന്നു വന്നു..’. താൻ കാണുന്നത് സ്വപ്നമല്ല. എന്നുറപ്പുവരുത്താൻ അവൻ കയ്യിൽ ഒന്നു നുള്ളി നോക്കി.. അവളുടെ മുഖത്ത് നിന്ന് കണ്ണടുക്കാതെ. അവൻ അമ്മയോട് പറഞ്ഞു ..

“ഇതാണോ അമ്മ പറഞ്ഞ ആ കൂലിപ്പണിക്കാരൻ്റെ പെണ്ണ്..”

ഇരുവരും ചിരിച്ചപ്പോൾ ബിന്ദു.നാണത്തിൽ തലതാഴ്ത്തി നിന്നു..

ശുഭം…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: രാജേഷ് ദീപു

Leave a Reply

Your email address will not be published. Required fields are marked *