അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു, കാര്യമറിയാതെ എല്ലാവരും മിഴിച്ചു നിൽക്കുന്നുണ്ടായിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Maaya Shenthil Kumar

പ്ലസ് ടു വിനു നല്ല മാർക്ക് കിട്ടിയപ്പോ ഞങ്ങൾക്കാർക്കും ഇഷ്ടമില്ലാഞ്ഞിട്ടും,അടുത്ത് പ്രൈവറ്റ് കോളേജ് ഉണ്ടായിട്ടും ദൂരെയുള്ള ഗവണ്മെന്റ് കോളേജിൽ തന്നെ അയക്കണമെന്ന് അച്ഛനായിരുന്നു വല്യ നിർബന്ധം. അങ്ങനെ ഇതുവരെ വീട് വിട്ടു നിന്നിട്ടില്ലാത്ത എന്നെ അവിടെ ഹോസ്റ്റലിലും ചേർത്തു. ആദ്യത്തെ ഒരാഴ്ച്ച ആരും കാണാതെ ഒരേ കരച്ചിലായിരുന്നു പതിയെ പതിയെ അതെല്ലാം മാറി കോളേജ് ജീവിതത്തിന്റെ ആഘോഷങ്ങളിൽ എല്ലാം മറന്നു തുടങ്ങി…

കൂട്ടുകാരെല്ലാം വല്യ വീട്ടിലെ കുട്ടികളായിരുന്നു, ബാങ്ക് മാനേജരുടെയും ബിസ്സിനെസ്സ് കാരുടെയും മക്കൾ അതിനിടയിൽ വെറും ഓട്ടോ ഡ്രൈവറുടെ മകളാണെന്ന്‌ പറയാൻ എനിക്കെന്തോ നാണക്കേടായി.. അതോണ്ട് തന്നെ ഞാനും പണക്കാരിയാണെന്നങ്ങു വച്ചുകാച്ചി… പഠിത്തത്തിൽ പഴയതിനെക്കാളും കുറച്ചു പിന്നിലേക്ക് പോയെങ്കിലും ഉഴപ്പിനും ക്ലാസ് ക ട്ട് ചെയ്യലിനും ഒട്ടും പിറകിലായില്ല. ഓണം കേറാ മൂലയിലുള്ള വീട്ടിലേക്കു പോകുന്നത് തന്നെ ഇഷ്ടമില്ലാണ്ടായി പോയാൽ തന്നെ തരം കിട്ടുമ്പോളൊക്കെ അച്ഛന്റെ ജോലിയെ കളിയാക്കി അമ്മേടെ കൈയിൽനിന്നും തല്ലും വാങ്ങും..പതിയെ പതിയെ അച്ഛനുമായി ഒരുപാട് അകന്നു. ഫീസും, മറ്റാവശ്യങ്ങളും അമ്മ ഇടയിലുള്ളതുകൊണ്ട് കൃത്യമായി നടന്നു..

“ജീന നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട് ”

എന്നെയോ.. ആരാടി..

ഞാൻ ചോദിച്ചില്ല, സ്റ്റാഫ്‌ റൂമിന്റെ പുറത്തുണ്ട്, നീ വാ

ഇവിടെ എന്നെ കാണാൻ ആരായിരിക്കും എന്ന ആകാംഷയോടെ പ്രിയയുടെ കൂടെ സ്റ്റാഫ്‌റൂമിന്റെ അടുത്തേക്ക് നടന്നു. അവിടെ അച്ഛനെ കണ്ടതും ഞാൻ വല്ലാതായി… കൂടെ പ്രിയയും ഉള്ളതുകൊണ്ട് എന്തുപറയും എന്ന ചിന്തയിലായി അപ്പോഴേക്കും അച്ഛൻ എന്നെ കണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.

“ഇവിടെ അടുത്തുവരെ വരെ ഒരു ഓട്ടം ഉണ്ടായിരുന്നു അപ്പൊ മോളെ കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു “അതും പറഞ്ഞു അച്ഛനൊരു പലഹാരപ്പൊതി എനിക്ക് നേരെ നീട്ടി..

ഇതാണോ നിങ്ങളുടെ ഡ്രൈവർ – പ്രിയയുടെ അപ്രതീക്ഷിതമായ ചോദ്യത്തിന് മുന്നിൽ ഞാൻ പകച്ചുപോയി.. ഇതെന്റ അച്ഛനാണെന്നു പറയാൻ കഴിഞ്ഞതുമില്ല..

ഞാൻ പകച്ചു നിൽക്കുന്നത് കണ്ട് അതെ മോളെ ഇവളുടെ വീട്ടിലെ ഡ്രൈവറാണെന്നും പറഞ്ഞു അച്ഛൻ തിരിഞ്ഞു നടന്നപ്പോൾ നെഞ്ചിലൊരു കത്തി കൊണ്ട് കുത്തിയ പോലെ വേദന ഉണ്ടായിരുന്നു എന്നിട്ടും അച്ഛാ എന്ന് വിളിക്കാൻ നാവു പൊന്തിയില്ല…

രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല മനസ്സ് മുഴുവൻ കുറ്റബോധമായിരുന്നു..എന്റെയും അനിയന്റെയും കൈ പിടിച്ച് ഉത്സവത്തിനു കൊണ്ടുപോയതും, ഞങ്ങൾക്കിഷ്ടമുള്ളതൊക്കെ അച്ഛന്റെ പങ്കും കൂടി പങ്കുവച്ചതും, പൊതുവെ പരുക്കനായ അച്ഛൻ ഞങ്ങൾക്ക് അസുഖം വന്നാൽ മാത്രം കണ്ണുനിറയ്ക്കുന്നതും, ഞങ്ങൾ വലുതാകും തോറും അച്ഛൻ ജോലി സമയം കൂടിയതും, വിശേഷങ്ങൾക്കൊക്കെ ഞങ്ങൾ പുതിയ ഉടുപ്പുകൾ വാങ്ങുമ്പോൾ ആകെയുള്ള മൂന്ന് ഷർട്ട്‌ ഉള്ളത് കൊണ്ട് വർഷങ്ങളായി പുതിയതൊന്നും വാങ്ങാത്തതും… അങ്ങനെ ഓരോന്നും ഓർക്കും തോറും എന്റെ സങ്കടം കൂടി കൂടി വന്നു. ആരും കേൾക്കാതെ തലയിണയിൽ മുഖം അമർത്തി കരഞ്ഞു… പിറ്റേന്ന് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു.. അപ്രതീക്ഷിതമായി എന്നെ കണ്ട അമ്മയും അനിയനും ഒന്ന് അമ്പരന്നു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു പക്ഷെ അച്ഛൻ മാത്രം ഒന്നും ചോദിച്ചില്ല..നേരെ അച്ഛന്റെ അടുത്തുപോയി സോറി അച്ഛാ എന്നും പറഞ്ഞു അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു.കാര്യമറിയാതെ എല്ലാവരും മിഴിച്ചു നിൽക്കുന്നുണ്ടായിരുന്നു.. അച്ഛനാണെന്നു പറഞ്ഞില്ലെങ്കിലും നീ അച്ഛനെ തള്ളിപറഞ്ഞൊന്നും ഇല്ലല്ലോ എന്നും പറഞ്ഞു അച്ഛനെന്നെ ആശ്വസിപ്പിച്ചു… പഴയതുപോലെ അന്ന് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ, അച്ഛന്റെ ആദ്യത്തെ ഉരുളയ്ക്കുവേണ്ടി അനിയനുമായി വഴക്കുണ്ടാക്കിയപ്പോൾ മനസ്സിന്റെ ഭാരം ഇല്ലാണ്ടാവുന്നത് ഞാനറിഞ്ഞു..

ഇപ്പോ എനിക്കറിയാം ജീവിത സാഹചര്യങ്ങൾ കൊണ്ട് അച്ഛന് നേടാൻ കഴിയാതെ പോയതാണ് ഞങ്ങളിലൂടെ നേടണമെന്ന് അച്ഛൻ ആഗ്രഹിച്ചിട്ടുള്ളത്, അച്ഛൻ അനുഭവിച്ച പട്ടിണിയുടെ തീക്ഷ്ണതയാണ്, ഞങ്ങൾക്ക് നാലു നേരം ഭക്ഷണം തരാനുള്ള ജോലി ചെയ്യാൻ അച്ഛനെ പ്രേരിപ്പിക്കുന്നതെന്നു അമ്മ പറഞ്ഞ് ഇന്ന് എനിക്കറിയാം.ഇന്ന് പിജി ക്കു റാങ്ക് കിട്ടി ഈ സ്റ്റേജിൽ നിക്കുമ്പോൾ ഇടതും വലതും എന്റെ അച്ഛനും അമ്മയും ഉണ്ട്. കാരണം എന്റെ വിജയത്തിൽ എന്നേക്കാൾ അഭിമാനിക്കുന്നത് അവരാണ്..

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Maaya Shenthil Kumar

Leave a Reply

Your email address will not be published. Required fields are marked *