ഞങ്ങളെ വളർത്താൻ തന്നെ പല ജോലികൾക്ക് പോയി കൊണ്ടിരിക്കുന്ന അമ്മക്ക് എവിടാ സമ്പാദ്യം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ശിവന്യ അഭിലാഷ്

“ഇപ്പൊ എവിടാ താമസിക്കുന്നെ”

ഓട്ടോക്കാരൻ ചോദിച്ചപ്പോൾ ഞാനും ചേച്ചിയും മുഖത്തോടു മുഖം നോക്കി…

“നിങ്ങടെ പഴയ വാടക വീട്ടിൽ പുതിയ ആൾക്കാർ താമസായല്ലോ… അതോണ്ട് ചോദിച്ചതാ…”

അതിനും ഞങ്ങൾ ഒന്നും പറഞ്ഞില്ല…

ഈ ചോദ്യങ്ങൾ ഞങ്ങളെ വേട്ടയാടാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞു….

അച്ഛൻ മരിക്കുമ്പോൾ എനിക്ക് എട്ടു വയസ്സായിരുന്നു… ചേച്ചിക്ക് പത്തും…

എനിക്ക് താഴെ ഈരണ്ടു വയസ്സ് വ്യത്യാസത്തിൽ മൂന്നനിയൻമാർ വേറെയും….

ഞങ്ങളെ വളർത്താൻ തന്നെ പല ജോലികൾക്ക് പോയി കൊണ്ടിരിക്കുന്ന അമ്മക്ക് എവിടാ സമ്പാദ്യം…

അമ്മ ജോലിക്ക് പോകുമ്പോൾ രണ്ടു വയസ്സുള്ള ഏറ്റവും ഇളയവനെ അംഗൻവാടിയിൽ വിടും…

സ്കൂൾ വിട്ടു വന്നയുടനെ എനിക്കും ചേച്ചിക്കും പിടിപ്പതു പണി ഉണ്ടാകും… വീട് വൃത്തിയാക്കലും ദൂരെയുള്ള പബ്ലിക് കിണറിൽ പോയി വെള്ളം കൊണ്ട് വരലും എന്റെ ജോലിയാണ്… ചോറും കറിയുമൊക്കെ ചേച്ചിയുടേതും… ആ ചെറു പ്രായത്തിലും അവൾ ഭക്ഷണം ഉണ്ടാക്കി ഞങ്ങളെ ഊട്ടുന്നത് അയൽക്കാർക്കൊക്കെ വലിയ അത്ഭുതമായിരുന്നു….

ജോലി ഒക്കെ കഴിഞ്ഞു രാത്രി വന്നു കഴിഞ്ഞാൽ പിന്നെ അമ്മ തയ്യൽ മെഷീനിന്റെ ചോട്ടിലായിരിക്കും….

പകലിലെ കൂലിപ്പണിയും രാത്രിയത്തെ തയ്ക്കലുമൊക്കെ പ്രായമാകാതെ തന്നെ അമ്മയെ ഒരു വയസ്സി ആക്കിയിരുന്നു…

അച്ഛൻ ഉണ്ടായിരുന്നപ്പോൾ സ്വന്തമായി ഒരു വീടില്ല എന്ന വിഷമം ഒഴിച്ചു വേറൊന്നും ‘അമ്മ അറിഞ്ഞിരുന്നില്ല അച്ഛൻ അറിയിച്ചിരുന്നില്ലെന്നതാനു സത്യം…. പക്ഷെ പെട്ടെന്നൊരു ദിവസം അച്ഛൻ പോയപ്പോൾ ‘അമ്മ ആകെ തകർന്നു… പിന്നൊരു യുദ്ധമായിരുന്നു അങ്ങോട്ടു… ശരിക്ക് പറഞ്ഞാൽ വിധിയോട് പടവെട്ടുകയായിരുന്നു…..

എന്തൊക്കെ ചെയ്തിട്ടും വീടിന്റെ മാസവാടക കൊടുത്തു കഴിഞ്ഞാൽ ‘അമ്മ പാപ്പരാകും… വീണ്ടും അവിടുന്നും ഇവിടുന്നുമൊക്കെ കടം വാങ്ങിച്ചും തയ്ച്ചു കിട്ടുന്ന പൈസയുമൊക്കെ കൊണ്ടു ഞങ്ങൾ ആറു വയറുകൾ ജീവിച്ചു പൊന്നു…

അത്ര കഷ്ടപ്പാട് അമ്മയുടെ ജീവിതത്തിൽ വന്നിട്ടു പോലും പരീക്ഷക്കു മാർക് കുറഞ്ഞാൽ അല്ലാതെ അമ്മ ഞങ്ങളെ നോവിച്ചിരുന്നില്ല.. ചേച്ചി പഠിക്കാൻ മിടുക്കി ആയതുകൊണ്ട് അവളേ അമ്മക്ക് ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല… പക്ഷെ എനിക്കും ദീപുനും അമ്മേടെ കയ്യിൽ നിന്നും ഒരുപാട് കിട്ടിയിട്ടുണ്ട് ….

ഒരു തവണ അങ്ങനെ അടി കിട്ടിയപ്പോൾ ദീപു എന്നോട് ചോദിച്ചു…

.”അച്ഛൻ മരിച്ചേൽ പിന്നാ അമ്മക്ക് ഇത്രേം കഷ്ടപ്പാട്.. അമ്മ നമ്മളെ ഇങ്ങനെ തല്ലാൻ അച്ഛൻ മരിക്കാനുള്ള കാരണം നമ്മളാണോ ചേച്ചി…”

“അച്ഛൻ മരിക്കുമ്പോൾ അമ്മക്ക് വെറും മുപ്പത്തിരണ്ട് വയസ്സേയുള്ളൂ… വേണമെങ്കിൽ വിവാഹം കഴിക്കാം… പക്ഷെ അന്നേരം നമുക്കു ‘അമ്മ കൂടി ഇല്ലാതാവുമായിരുന്നു… എന്നാൽ ഇപ്പൊ നമുക്കമ്മയുണ്ട്… ആ അമ്മയെ ഒരു വാക്ക് കൊണ്ടു പോലും വേദനിപ്പികല്ലേടാ…”

അവനോടങ്ങനെ ഉപദേശിക്കുമ്പോൾ ഞാൻ പത്തിൽ പടിക്കായിരുന്നു….

പിന്നീടൊരിക്കലും അമ്മക്ക് ഞങ്ങളെ തല്ലേണ്ടി വന്നിട്ടില്ല….

ഒരു ദിവസം സ്കൂളിൽ നിന്ന് വന്ന ഞങ്ങളെ എതിരേറ്റത് വാടക കൊടുക്കാത്തതു കാരണം വീട്ടുടമസ്ഥൻ ഞങ്ങളുടെ സാധനങ്ങളൊക്കെ എടുത്തു വെളിയിൽ ഇട്ടതാണ്…. അന്ന് രാത്രി അടുത്ത വീട്ടിലെ ആയിസുമ്മയുടെ വീടിന്റെ തിണ്ണയിൽ ഞങ്ങൾ അന്തിയുറങ്ങി….

പിറ്റേന്നു ആയിസുമ്മ തന്നെ തന്ന കാശുകൊടുത്തു വീണ്ടും ഞങ്ങൾ ആ വീട്ടിലേക്കു കയറി….

എന്നാൽ ആ രാത്രി ഞങ്ങൾ , ഞാനും ചേച്ചിയും ദീപുവും ഒരു തീരുമാനം എടുത്തു… എന്തു ജോലി ചെയ്തിട്ടായാലും എത്ര കഷ്ടപ്പെട്ടാലും നമുക്കും വേണം ഒരു വീടെന്നു….

അതുവരെ വീട്ടിലെ കാര്യങ്ങൾ അല്ലാതെ പുറത്തു പോയി ഒരു ജോലി എടുക്കാൻ ‘അമ്മ സമ്മതിച്ചിട്ടില്ല…. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ തീരുമാനം അമ്മയെ ദേഷ്യം കൊണ്ടു വിറപ്പിച്ചു… ‘അമ്മ ഞങ്ങളെ പൊതിരെ തല്ലി നോക്കി… പിണങ്ങി നടന്നു… എന്നിട്ടൊന്നും ഞങ്ങളുടെ തീരുമാനം മാറാതിരുന്നപ്പോൾ പിന്നെ ‘അമ്മ നിശ്ശബ്‌ദയായി… എങ്കിലും ആ മനസ്സ് കരയുന്നതെനിക്ക് കാണാമായിരുന്നു….

പിറ്റേന്ന് മുതൽ ദീപു പത്രം ഇടാൻ പോകാൻ തയ്യാറായി… ചേച്ചി വീട്ടിലിരുന്നു തയ്ക്കാമെന്നും സമ്മതിച്ചു… ഞാൻ മാത്രം എന്തു ചെയ്യണം എന്നറിയാതെ നിന്നു… എനിക്കറിയാവുന്നത് വീട് വൃത്തിയായി സൂക്ഷിക്കൽ മാത്രം ആണ്…

ആയിടക്കാണ് ഞങ്ങളുടെ തൊട്ടയൽപ്പക്കത്തു എന്റെ സ്കൂളിലെ പുതിയ മാഷ് താമസിക്കാൻ വന്നത്… മാഷ് ഒറ്റയ്ക്കായിരുന്നു… അതുകൊണ്ടു തന്നെ മടിച്ചുമടിച്ചാണെങ്കിലും ഞാൻ മാഷിനോട് ജോലി തരുമോന്നു ചോദിച്ചു ചെന്നു….

ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ മാഷ് വീട്ടുജോലിക്കായി എന്നെ നിയമിച്ചു…

രാവിലെ സ്കൂളിൽ പോകുന്നെന് മുൻപേ ഞാൻ മാഷിന്റെ വീട്ടിലേക്ക് ചെല്ലും… പിന്നെ പിന്നെ മാഷിനുള്ള ഭക്ഷണവും ഞങ്ങൾ കൊടുക്കാൻ തുടങ്ങി… എന്റെ ചേച്ചിയുടെ കൈപുണ്യം അത്രയ്ക്കുണ്ടായിരുന്നു….

ഞങ്ങൾ വലുതാകും തോറും ഞങ്ങളുടെ ജോലിയിലും മാറ്റം വന്നു… ചേച്ചി ഡിഗ്രി പടിക്കുന്നതിന്റെ കൂടെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങി… ഞാൻ ക്ലാസ് കഴിഞ്ഞാൽ ഒരു കടയിൽ കണക്കെഴുതാൻ പോയി… ദീപു ആയിസുമ്മയുടെ മോന്റെ കൂടെ വണ്ടിയിൽ ഹെൽപ്പറായി പോയി… ദീപുന്റെ ഇളയതായിരുന്ന മോനൂട്ടൻ പത്രമിടുന്ന പണി ഏറ്റെടുത്തു….

രണ്ടോ മൂന്നോ വർഷത്തിന്റെ ഇടവേളയിൽ ഞങ്ങൾ വടകവീടുകൾ മാറി കൊണ്ടിരുന്നു….

പക്ഷെ അപ്പോഴും പഠിത്തത്തിൽ ഞങ്ങൾ ഉഴപ്പിയില്ല… ഞങ്ങൾ പഠിച്ചു നല്ല നിലയിൽ എത്തണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു….

വർഷങ്ങൾക്കിപ്പുറം ഞാനൊരു വക്കീലും ചേച്ചിയൊരു ടീച്ചറും ദീപു ഒരു ജേര്ണലിസ്റ്റും ആയപ്പോൾ ഞങ്ങളുടെ വീടെന്ന സ്വപ്നവും പൂവണിഞ്ഞിരുന്നു….

ലക്ഷങ്ങളുടെ കടക്കാരാണ് ഞാനും ചേച്ചിയെങ്കിലും അതൊക്കെ തീർക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്….

ഇന്ന് എന്റേം ചേച്ചിയുടേം വിവാഹമാണ്… ഞങ്ങളുടെ സ്വന്തം വീട്ടിൽ വെച്ചു…. ചേച്ചിയുടെ കൈപുണ്യം നന്നായി അറിഞ്ഞ മാഷ് ചേച്ചിയെ തന്നെ കെട്ടാൻ തീരുമാനിച്ചു… മാഷിന്റെ അനിയനെ എനിക്കും തന്നു….

ഈ വീട്ടിൽ എനിക്കോ ചേച്ചിക്കോ ഒരവകാശവും ഉണ്ടാവില്ലെന്ന് ഞങ്ങൾ മുൻപേ തീരുമാനിച്ചിരുന്നു….

ഈ വീട് ഞങ്ങൾ ഞങ്ങളുടെ അമ്മക്ക് വേണ്ടി ഉണ്ടാക്കിയതാണ്…

എന്നെന്നും ആരുടെയും ഇറക്കി വിടുമെന്ന ഭീഷണി ഇല്ലാതെ ഞങ്ങളുടെ അമ്മയ്ക്കും അനിയന്മാർക്കും ജീവിക്കാൻ വേണ്ടി ……..

********

സോറി , ഇതെന്റെ ലൈഫ് അല്ല… കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം ആണ്… പൂർണ്ണമായും എന്റെ ഭാവനാ സൃഷ്ടി…. പക്ഷെ നമുക്കിടയിൽ ഉള്ള ജീവിതങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഇങ്ങനുള്ളവരും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു….. ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യണേ…

രചന: ശിവന്യ അഭിലാഷ്

Leave a Reply

Your email address will not be published. Required fields are marked *