വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 23 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

“എന്റെ ലച്ചു നീ ഇത് വരെ ഒരുങ്ങി കഴിഞ്ഞില്ലേ…??”

ആദർശേട്ടൻ ഒക്കെ പുറപ്പെട്ടെന്ന് എനിക്ക് വിവരം കിട്ടി കേട്ടോ….

നീ ഇങ്ങനെ ഇരുന്നോ…

ലാസ്റ്റ് ആദർശേട്ടൻ നീ ഒരുങ്ങാത്തത് കൊണ്ട് മണ്ഡപത്തിലിരിക്കുന്ന വെറെ വല്ലോം സുന്ദരി പെണ്ണിനെ കെട്ടിക്കോണ്ടു പോകും…നോക്കിക്കോ…!!!”

മുല്ലപ്പൂ ചൂടുന്നതിനിടയിൽ അവൾ ചുണ്ടു കൂർപ്പിച്ച് എന്നെ നോക്കി കൊണ്ട് പറഞ്ഞു…

“എങ്കിൽ പോലീസ് താലി കെട്ടുന്നതിന് മുൻപ് തന്നെ എന്റെ കെെ കൊണ്ട് വീര ചരമം അടയും…!!”

അവളുടെ പറച്ചിൽ കേട്ട് എനിക്ക് ചിരി പൊട്ടി…

അതിന് മറുപടി പറയുന്നതിന് മുൻപ് തന്നെ അമ്മ എന്നെ മണ്ഡപത്തിലേക്ക് താലം വെക്കാനായി വിളിപ്പിച്ചു…

കീർത്തനയുടെയും മരിയയുടെയും അടുത്ത് ലച്ചുവിനെ ഒരുക്കാൻ എൽപ്പിച്ചിട്ട് വഴിയിൽ “വയറും” താങ്ങി നിൽക്കുന്ന മുംതുനെ പിടിച്ച് ഒരിടത്ത് ഇരുത്തിയിട്ട് ഞാൻ മണ്ഡപത്തിലേക്ക് ഒാടി…

കരീ നീല കളർ ബനാറസി സാരി ഒറ്റ പ്ലീറ്റിലെടുത്ത് ഉടുത്ത,ഒരു ലക്ഷ്മി മാലയും വലിയൊരു ജിമുക്കിയും കെെയ്യിൽ രണ്ട് തട വളയും ഇട്ട്,മുടി വെറുതെ അഴിച്ചിട്ട് അതിൽ നിറയെ മുല്ലപ്പൂ ഞാൻ ചൂടിയിരുന്നൂ…

ലച്ചുവാണ് കല്യാണപെണ്ണെങ്കിലും ഞാനും നന്നായി ഒരുങ്ങണ്ടേ…?

ഗോൾഡൻ കല്ലുളള ഒരു വട്ട പൊട്ട് തൊട്ട് അതിന് മുകളിൽ ചന്ദനക്കുറിയും തൊട്ട എന്നെ പെൺക്കുട്ടികൾ അസൂയയോടെ നോക്കുന്നത് കണ്ടു എനിക്ക് ചിരി പൊട്ടി….!!

അത് മാത്രമല്ല; ആരുടെയും ചോദ്യം വരാതിരിക്കാൻ ഞാൻ എന്റെ സീമന്തരേഖയിൽ സീന്ദൂരവും ചാർത്തിയിരുന്നു…

വേണ്ട; ഒാർമകൾ ഒന്നും വേണ്ട…

ഒന്നും ഒാർക്കാതിരിക്കുന്നതാണ് നല്ലത്…

ഒരു ചിരി അണിഞ്ഞ് ഞാൻ ധൃതിയിൽ മണ്ഡപത്തിലേക്ക് ചെന്നു…

പൂജാരിയോടൊപ്പം പൂക്കൾ ഇറുത്തിടുമ്പോളാണ് ഞങ്ങളുടെ പുതിയ സംരംഭമായ “trends boutique” ൽ നിന്നുളള സ്റ്റാഫുകൾ വരുന്നത് കണ്ടത്….

ചന്ദ്രിക ചേച്ചിയും കൃതികയുമൊക്കെ സാരിയുടുത്ത് സുന്ദരികളായാണ് വരുന്നത്…

മൂന്ന് മാസം മുൻപാണ് ഞാനും ലച്ചുവും ഞങ്ങളുടെ വർഷങ്ങളുടെ സ്വപ്നമായ boutique തുറന്നത്..

സാമ്പത്തികമായി അച്ഛനും അമ്മാവനും കൂടിയാണ് സഹായിച്ചത്..

പക്ഷേ, ഞങ്ങളുടെ boutique ലോ handloom യൂണിറ്റിലോ ഒറ്റ പുരുഷന്മാരില്ല…

പൂർണ്ണമായും സ്ത്രീകളാണ്,ലോറി ഒാടിക്കുന്ന ഡ്രെെവർ വരെ സ്ത്രീകളാണ്…!!!

വീട്ടിൽ ചെറുതായി തയ്യിക്കുന്ന വീട്ടമ്മമാരെ കണ്ടെത്തി അവർക്ക് സ്ഥിരമായി ഒരു വരുമാനമുണ്ടാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം..

ആദ്യത്തെ ഒന്നരമാസം ബിസിനസ്സ് ഡൗൺ ആയിരുന്നെങ്കിലും ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ ഭാഗമായി ബിസിനസ്സിൽ നല്ല പുരോഗതിയുണ്ട്…!!!

എല്ലാവരെയും ലച്ചുവിന്റെ കല്യാണത്തിന് വിളിച്ചിട്ടുണ്ട്…

5000 ത്തോളം പേർക്ക് പങ്കെടുക്കാൻ പറ്റുന്ന രീതിയിലായിരുന്നു കല്യാണം….

ഞാൻ ആയിരുന്നു ഇവന്റ് മാനേജ്മെന്റിന്റെ മേൽനോട്ടം..!!

അവരെ എല്ലാവരെയും ഒാഡിറ്റോറിയത്തിൽ ഇരുത്തിയിട്ട് തിരിയുമ്പോളാണ് അന്യരെ പോലെ മാറി ഇരിക്കുന്ന പ്രണവേട്ടന്റെ വീട്ടുക്കാരെ കണ്ടത്…

അത് എന്നിൽ വല്ലാത്ത വിഷമം ഉണ്ടാക്കി…

ഞാൻ അവരെ നിർബന്ധിച്ച് മുന്നിൽ കൊണ്ടിരുത്തി…

അച്ഛന്റെ പഴയ കുസൃതിക്കൂടുക്കയായി തന്നെ പെരുമാറി…

അമ്മയേയും ചേച്ചിയെയും നിർബന്ധിച്ച് ലച്ചുവിന്റെ അടുത്തേക്ക് പറഞ്ഞയച്ചു..

പ്രസാദേട്ടനോടും അച്ഛനോടൂം കുശലം പറഞ്ഞു കൊണ്ട് നിന്നപ്പോഴാണ് ചെറുക്കനൂം കൂട്ടരും എത്തിയത്….

ചെറുക്കനെ ആനയിക്കാനായി ഞാനും അങ്ങോട്ടേക്ക് ചെന്നു…

ചന്ദന കളർ ഷർട്ടും സ്വർണ്ണ കസവുളള മുണ്ടുമുടുത്ത്.. ഒരു കെെയ്യിൽ ഒരു സ്വർണ്ണ ചെയിനൂം മറു കെെയ്യിൽ ഒരു വാച്ചും കെട്ടി,നെറ്റിയിൽ ഒരു ചന്ദനക്കുറിയും തൊട്ട് വരുന്ന ആദർശേട്ടനെ കണ്ടു എന്റെ മനസ്സ് നിറഞ്ഞു…!!!

കാലു കഴുകി വരുന്ന ആദർശേട്ടന് മുന്നിൽ ആരതി ഉഴിയുമ്പോളാണ് ഡാർക്ക് ബ്ലൂ ഷർട്ട് ധരിച്ച് വെളള മുണ്ടുടുത്ത് ഇടിച്ചു കയറി ആകാശ് വന്നത്…

എന്റെ നേരെ പുരികം ഉയർത്തി കാണിച്ച ആകാശിന് നേരെ ഞാൻ ചുണ്ട് കോടി കാണിച്ചു…

പെട്ടെന്ന് തന്നെ മുഹുർത്തമായി എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ വന്നു…

ലച്ചുവിനെ വിളിക്കാൻ ഞാൻ ധൃതിയിൽ ഡ്രസ്സിങ് മുറിയിലേക്ക് പോയി…

ചുവന്ന പട്ടു സാരിയുടുത്ത് സർവ്വാഭരണവിഭൂഷിതയായ അവളെ കണ്ടെന്റെ കണ്ണു നിറഞ്ഞു…

കണ്ണിൽ നിന്നും ഒരു തരി കൺമഷി എടുത്തു ഞാൻ അവളുടെ ചെവിയുടെ പിറകിൽ തൊട്ടിട്ട് അവളെ കെട്ടിപിടിച്ചു നെറുകയിൽ ഒരു ഉമ്മ കൊടുത്തു…

നിറഞ്ഞു വരുന്ന അവളുടെ കണ്ണുകൾ കണ്ടതും ഇനി നിന്നാൽ ശരിയാകില്ലെന്ന് മനസ്സിലായ ഞാൻ അവളുടെ കെെയ്യിൽ താലം കൊടുത്തു…

സ്വർണ്ണ വിഗ്രഹം പോലെ തിളങ്ങുന്ന അവളെയും കൊണ്ട് ഞാൻ മണ്ഡപത്തിലേക്ക് നടന്നു…

ദൂരെ നിന്നും ആദർശേട്ടന്റെ കണ്ണുകൾ അവളിൽ പതിക്കുന്നതും,നാണം കാരണം ലച്ചു ചുമക്കുന്നതുമൊക്കെ കണ്ടു എന്റെ മനസ്സ് നിറഞ്ഞു…

സദസ്സിനെ വണങ്ങി അവൾ ആദർശേട്ടന്റെ അടുത്തിരുന്നപ്പോൾ അടുത്ത് നിന്ന അമ്മുമ്മ പറയുന്നത് കേട്ടു…

“പാർവ്വതീപരമേശ്വരന്മാർ….!!!”

ആദർശേട്ടന്റെ താലി വീഴുമ്പോൾ കെെ കൂപ്പി നിന്ന അവളുടെ മേൽ പൂക്കൾ ചൊരിയുമ്പോൾ അവൾക്ക് സന്തോഷം നിറഞ്ഞൊരു കുടുംബ ജീവിതം കിട്ടാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു…

*****

വിവാഹചടങ്ങുകളും ഫോട്ടോഷൂട്ടും സൽക്കാരവും ഒക്കെ കഴിഞ്ഞ് വധൂവരന്മാർ ഇറങ്ങാറായപ്പോഴാണ് ആത്യാവശ്യം തിരക്കൊഴിഞ്ഞു ഞാൻ ലച്ചുവിന്റെ അടുത്തേക്ക് വന്നത്…

പെയ്യാൻ വെമ്പി നിൽക്കുന്ന അവളുടെ മിഴികൾ കണ്ടതും എന്റെ നെഞ്ചിലും ഒരു നെരിപ്പൊടെരിയുന്നത് ഞാൻ അറിഞ്ഞു…

കാറിൽ കയറാനായി അവളെ പുറത്തേക്ക് കൊണ്ട് വരുമ്പോൾ അച്ഛന്റെയും അമ്മാവന്റെയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു,…

പണ്ട് മലയാളം ക്ലാസ്സിൽ, ശകുന്തളയെ രാജസന്നിധിയിലേക്ക് യാത്രയാക്കുമ്പോൾ ഉണ്ടാകുന്ന വളർത്തച്ഛനായ കണ്വമഹർഷിയുടെ മനോവ്യഥകൾ പഠിച്ചത് പെട്ടെന്ന് എന്റെ മനസ്സിലേക്ക് വന്നു..

ഒരു കുഞ്ഞു അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുമ്പോളെ ആ കുഞ്ഞിനെ നെഞ്ചിലേറ്റുന്നവനാണ് അച്ഛൻ….!!!!!

പക്ഷേ,അപ്പോഴും അമ്മായിയും അമ്മയും പന പോലെ നിൽക്കുകയായിരുന്നു…

‘അമ്മ കരഞ്ഞു മകളെ പറഞ്ഞയച്ചാൽ ചെന്നു കയറുന്നിടത്ത് മകൾക്ക് സ്വെെര്യം കിട്ടില്ലത്രേ…!!!

സ്വന്തം മകളെ മറ്റൊരു ഗൃഹത്തിലേക്ക് പറഞ്ഞയക്കുമ്പോൾ ഒരു തുളളി കണ്ണുനീർ പോലും വീഴാത്താതെ സ്വന്തം മകളുടെ നന്മയ്ക്കായ് പിടിച്ചു നിൽക്കുന്ന എല്ലാ അമ്മമാരോടും എനിക്ക് ബഹുമാനം തോന്നി…

പക്ഷേ, എത്ര അടക്കി വെച്ചിട്ടും നിഴലു പോലെ കൂടെ ഉണ്ടായിരുന്നവൾ അകന്നു പോകുന്നതറിഞ്ഞ് എന്നിൽ നിന്നും കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് വന്നു…

തിരിഞ്ഞോടി എവിടെയെങ്കിലും ഒാടിയൊളിക്കാൻ നോക്കിയ എന്നെ പിടിച്ചു നിർത്തി എന്റെ തോളിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു…

ഞാനും കരഞ്ഞു പോയി…

ഇടയ്ക്കെപ്പോഴൊ സൂസമ്മ ചേച്ചിയുടെ ശാസനയോടുളള മുഖം കണ്ടതും കണ്ണുനീർ തുടച്ചു ഞാൻ അവളെ ദേഹത്ത് നിന്നും അടർത്തി മാറ്റീ…

അവളുടെ കണ്ണുനീർ തുടച്ചു ആദർശേട്ടന്റെ ദേഹത്തേക്ക് അവളെ ഞാൻ ചേർത്തു നിർത്തി..

അവളുടെ കണ്ണുനീർ തുടച്ചു ചേർത്തു പിടിച്ചു അവളെ കാറിലേക്ക് കയറ്റുന്ന ആദർശേട്ടനെ കണ്ടപ്പോൾ സുരക്ഷിതമായ ഒരു കെെയ്യിലാണ് അവൾ എത്തിയതെന്ന ആശ്വാസം മാത്രം മതിയാരുന്നു ഞങ്ങളുടെ വിഷമം കുറയാൻ…

*****

തിരക്കൊഴിഞ്ഞ കല്യാണവീട് തികച്ചും മൂകമായിരുന്നു….

കല്യാണം ഒാഡിറ്റോറിയത്തിൽ വെച്ചായത് കൊണ്ട് വീട്ടിൽ വലിയ രീതിയിൽ തിരക്കില്ലായിരുന്നു…

വീട്ടിൽ ചെറുതായി കെട്ടിയ പന്തലും കൂടി അഴിച്ചു കൊണ്ട് പോയപ്പോൾ തറവാട്ടിൽ ഞങ്ങൾ 5 പേരും മാത്രമായി…

7 മണിക്ക് ആദർശേട്ടന്റെ വീട്ടിൽ റിസപ്ഷൻ ഉണ്ട്…

കുറച്ചു ദിവസത്തെ തിരക്ക് കൊണ്ടായിരിക്കണം അവരെല്ലാം ഒന്നു മയങ്ങനായി അകത്തേക്ക് പോയി…

ലച്ചുവിന്റെ മുറിയിൽ ഒറ്റയ്ക്കായിരുന്നു ഞാൻ…

അടുത്ത ബന്ധുക്കളെല്ലാം തന്നെ വെെകീട്ടത്തെ റിസപ്ഷനു പോകാൻ വീട്ടിൽ പോയി.. ഒരുങ്ങിട്ട് നേരെ അങ്ങോട്ടേക്ക് എത്തും..

ഇന്ന് രാവിലെ വരെ തനിക്കുണ്ടായിരുന്ന ഉൽസാഹമെല്ലാം കെട്ടടങ്ങിയത് പോലെ എനിക്ക് തോന്നി…

ലച്ചുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നൂ…

ഇപ്പോൾ അവൾ ഗൃഹപ്രവേശമൊക്കെ കഴിഞ്ഞ് മുറിയിലെത്തി കാണും..

അവളൂം കൂടി പോയതോടെ തികച്ചും ഒറ്റപ്പെട്ടത് പോലെ എനിക്ക് തോന്നി…

കൂട്ടുകാരികളും സൂസമ്മ ചേച്ചിയുമൊക്കെ കല്യാണം കഴിഞ്ഞതെ പോയി..

കല്യാണത്തിന് രണ്ട് ദിവസം മുൻപ് തന്നെ എത്തിയതാണ്…

ഇനിയും അവർക്ക് ഇവിടെ നിൽക്കാൻ പറ്റില്ലലോ…??

എന്തോ വല്ലാത്തൊരു ഏകാന്തത അനുഭവപ്പെടുന്നു…

സാരി പോലും മാറ്റിയിട്ടില്ല…

പയ്യെ ഏഴുന്നേറ്റു സാരി മാറ്റി മേലു കഴുകി വന്നപ്പോളാണ് പെട്ടെന്ന് boutiqueൽ നിന്നും സിതാരയുടെ കോൾ വന്നത്…

ഇന്ന് അവധി കൊടുത്തിട്ടും ഇവൾ എന്താണ് ഇപ്പോൾ വിളിക്കുന്നതെന്നോർത്ത് ഞാൻ കോൾ എടുത്തു..

“ഹലോ വെെശാഖ…

ഒരു happy news ഉണ്ട്…!”

ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപായി സിതാര പറഞ്ഞു..

“എന്താ സിതാര…

കാര്യം പറ….!!!”

അവൾ പറയാൻ പോകുന്നതിനെ പറ്റി ഏകദേശം ഒരു ധാരണ കിട്ടിയെങ്കിലും ഞാൻ ഒന്നും അറിയാത്തത് പോലെ ചോദിച്ചു….

“അമേരിക്കൻ കമ്പനിയ്ക്ക് നമ്മൾ അയച്ച ഡിസെെൻസെല്ലാം ഇഷ്ടമായി…

നമ്മളുമായിട്ട് ഒരു ഡീലിന് അവർക്ക് താൽപര്യമുണ്ട്…!!”

സിതാര പറഞ്ഞത് കേട്ട് എനിക്ക് സന്തോഷം തോന്നി…

എത്ര നാളത്തെ കഷ്ടപ്പാടിന്റെ ഫലമാണ്…

അവരുമായുളള ഒറ്റ കോൺട്രാക്റ്റ് കൊണ്ട് തന്നെ കമ്പനിയുടെ ടേൺ ഒാവർ മൂന്നിരട്ടിയാകും..

അച്ഛനും അമ്മാവനും തന്ന പെെസയെല്ലാം തനിക്കും ലച്ചുവിനും കൂടി പലിശ അടക്കം തിരിച്ചു കൊടുക്കാൻ പറ്റും…

“ഹലോ… വെെശാഖ..

Are you there…??”

സിതാരയുടെ ശബ്ദം കേട്ടിട്ടാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്…

“ആഹാ സിതാര കേൾക്കുന്നുണ്ട്…

Excitement കൊണ്ട് എനിക്ക് എന്താ പറയണ്ടതെന്ന് അറിയില്ല….!!

അതാ…!!”

“എനിക്കും അതെ അവസ്ഥയാണ് വെെശാഖ..

പക്ഷേ, ഒരു പ്രശ്നമുണ്ട് വെെശാഖ…”

“എന്താ സിതാര…??”

ഞാൻ ഉത്കണ്ഠയോടു കൂടി ചോദിച്ചു…

“പാർട്ട്ണർമാരിൽ ആരെങ്കിലും ഒരാൾ നാളെ രണ്ട് മണിക്ക് US ൽ വെച്ച് നടക്കുന്ന കോൺഫറൻസിൽ പ്രോഡ്ക്ട് ഡിസെെൻ അവതരിപ്പിക്കണം…

പ്രോഡക്ടിനെ പറ്റിയുളള PPT യും മറ്റ് ഡോക്യുമെന്റ്സുമൊക്കെ റെഡിയാണ്…

പക്ഷേ, ആരു പോകും..??”

“ഞാൻ പോകും സിതാരാ…നീ ഫ്ലെെറ്റ് ടിക്കറ്റ്സ് അറേഞ്ച് ചെയ്തോളളൂ….!!”

രണ്ടാമതൊന്ന് ആലോചിക്കാൻ പോലും ഇല്ലാതെ ഞാൻ ഉത്തരം പറഞ്ഞു…

കാരണം,ഞങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് ഇങ്ങനെയോരു കോൺട്രാക്റ്റ് കിട്ടിയത്..

അത് നഷ്ടപ്പെടുത്താൻ വയ്യ…

“okay വെെശാഖ…ടിക്കറ്റ്സ് okay ആണ്..

ഇന്ന് രാത്രി 11 നാണ് ഫ്ലെെറ്റ്…!!

ബാക്കി ഡീറ്റെയ്സ് ഒക്കെ ഞാൻ മെയിൽ ചെയ്തോളാം..!!”

“ശരി സിതാരാ.. i will check the mail…bye”

കുറച്ചു നിമിഷങ്ങളെനിക്ക് സന്തോഷം കൊണ്ട് എന്താണ് ചെയ്യേണ്ടെന്ന് അറിയില്ലായിരുന്നു…

പിന്നീട് ഞാൻ താഴേക്ക് ചെന്ന് എല്ലാവരോടും ഈ സന്തോഷ വാർത്ത പറഞ്ഞു…

എല്ലാവരുടെയും മുഖത്ത് സന്തോഷവും അഭിമാനവൂം നിറഞ്ഞു..

അമ്മയ്ക്കും അമ്മായിക്കും ഞാൻ ഒറ്റയ്ക്ക് പോകുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അച്ഛനും അമ്മാവനും വളരെ ഹാപ്പിയായിരുന്നു…

മിനിറ്റുകൾ കൊണ്ട് തന്നെ എനിക്ക് അവിടെ താമസിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും അവിടെയുളള ഞങ്ങളുടെ കമ്പനിയുടെ സ്റ്റാഫായ ജെറിനെ എന്നെ അസിസ്റ്റ് ചെയ്യാൻ ഏർപ്പാടാക്കുകയും ചെയ്തു…

പെട്ടെന്ന് തന്നെ ഈ വിവരം ലച്ചുവിനെ അറിയിക്കാൻ ഞാൻ ആദർശേട്ടന്റെ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുത്തില്ല…

ലച്ചുവിനുളള ഫോണും മറ്റും വെെകീട്ട് ഞങ്ങൾ റിസപ്ഷന് പോകുമ്പോൾ കൊടുക്കാനായിരുന്നു പ്ലാൻ…

എങ്ങനെ ഈ വിവരം ലച്ചുവിനെ അറിയിക്കും എന്നോർത്തപ്പോളാണ് പെട്ടെന്ന് എന്റെ മനസ്സിലേക്ക് ആകാശിന്റെ മുഖം എത്തിയത്..

പെട്ടെന്ന് തന്നെ അവന്റെ നമ്പറിലേക്ക് ഞാൻ ഡയൽ ചെയ്തു…

വേഗം തന്നെ അവൻ കോൾ അറ്റെൻഡ് ചെയ്തു…

“എന്താടി മരംഭൂതമേ നിനക്ക്…

എനിക്കിവിടെ നൂറു കൂട്ടം പണിയുണ്ട്..!!”

ഈ മൂന്ന് മാസം കൊണ്ട് ഞാനും അവനും തമ്മിൽ നല്ലൊരു സൗഹൃദബന്ധം ഉടലെടുത്തിരുന്നൂ…

നല്ല തിരക്കായത് കൊണ്ടായിരിക്കാം ഈ ദേഷ്യം..

“എടാ മരമാക്രീ..നീ ലച്ചുവിന്റെ കെെയ്യിൽ ഒന്ന് ഫോൺ കൊടുത്തേ…

അവളോട് എനിക്ക് ഒരു ആത്യാവശ്യ കാര്യം പറയാനുണ്ട്…!!”

“എടീ പിശാശേ…ചേച്ചിയും ചേട്ടനും കൂടി ഇപ്പോൾ ബന്ധുക്കൾക്കിടയിൽ ലോക്കാ…

അങ്ങോട്ട് അടുക്കാൻ കൂടി പറ്റില്ല…

നീ കാര്യം പറ…ഞാൻ എങ്ങനെലും ചെന്ന് പറഞ്ഞോളാം..!!”

തിരക്കാണെന്ന് മനസ്സിലായതും ഞാൻ അവനോട് എല്ലാം പറഞ്ഞു…

എല്ലാം കേട്ടിട്ട് അവനും സന്തോഷമായി…

പ്രണവേട്ടൻ പോയപ്പോൾ തളർന്ന് പോയ എന്നെ വാശിക്കേറ്റി ഈ നിലയിൽ എത്തിച്ചത് അവന്റെ സപ്പോർട്ട് കൊണ്ടാണ്…!!

“എടീ എനിക്ക് വലിയൊരു ട്രീറ്റ് വേണം…കേട്ടോ…!!””

“തരാം..എടാ ഇത് അവളോട് ഒന്നു പെട്ടെന്ന് പറയണം…!!”

“പറയാമെടീ…ഞാൻ ഇപ്പോൾ കുറച്ച് തിരക്കാ…ഞാൻ പിന്നെ വിളിക്കാം..bye…”

പിന്നെ ഞങ്ങൾ എല്ലാവരും ഭയങ്കര തിരക്കിലായിരുന്നു…

എനിക്ക് വേണ്ട ഡ്രസ്സും മറ്റു സാധനങ്ങളും അമ്മയും അമ്മായിയും കൂടി ഒരുക്കി…

അപ്പോളേക്കും ഞാൻ നാളെ അവതരിപ്പിക്കാനുളള presentation ഒന്നും കൂടി അറേഞ്ച് ചെയ്തു…

അച്ഛന്റെയും അമ്മാവന്റെയും മുന്നിൽ അവതരിപ്പിച്ചപ്പോൾ അവർക്ക് ഇഷ്ടമായി എന്ന് പറഞ്ഞതൊടെ എനിക്ക് കോൺഫിഡൻസായി…

ഞാൻ ഡോക്യുമെന്റ്സിന്റെ 3 കോപ്പികൾ ലാപ്ടോപ്പിൽ സേവ് ചെയ്യുകയും USBയിലും pen drive ലും ഒാരോന്നു എടുത്തു സേവ് ചെയ്തു ഒരു പേപർ കോപ്പിയും സോഫ്റ്റ് കോപ്പിയും ഉണ്ടാക്കി…

ഒരു കാരണവശാലും തെറ്റ് പറ്റരുത്…

ഞാനും കൂടി പോകുന്നതിനാൽ അമ്മയും അമ്മായിയും നല്ല സങ്കടത്തിലായിരുന്നു…

അവരെ ഒാരോന്നു പറഞ്ഞു ഉഷാറാക്കിയിട്ട് ഞാൻ പെട്ടെന്ന് പോയി ഒരുങ്ങി..

സമയം 6 മണിയാകുന്നു…

റിസപ്ഷനുടുക്കാൻ ഞാൻ ഒരു റെഡ് ചില്ലി ഷിഫോൺ സാരിയായിരുന്നു എടുത്തത്…

അതെ കളർ തന്നെ വേഷമായിരുന്നു എല്ലാവർക്കും എടുത്തത്…

അവിടെ നിന്നും എയർപ്പോർട്ടിലേക്ക് പോകുന്നത് കൊണ്ട് സാരി ഉടുക്കണ്ട എന്നു വിചാരിച്ചെങ്കിലും ആരും സമ്മതിച്ചില്ല…

ഗോൾഡൻ ബീഡ്സ് വർക്ക് ചെയ്ത ബ്ലൗസും റെഡ് കളർസാരി ഉടുത്ത് മുടി സ്രെയ്റ്റ് ചെയ്തു വെറുതെ അഴിച്ചിട്ടു കാതിൽ വലിയൊരു ഇയർ റിങും കഴുത്തിൽ ചെറിയോരു ചെയിനുമിട്ട് കെെയ്യിൽ ചുവന്ന കല്ലു പതിപ്പിച്ച വളയുമിട്ട് ഞാൻ ഒരുങ്ങി…

അമ്മയും അമ്മായിയും ഒരു പോലെയുളള ചുവന്ന പട്ടു സാരിയായിരുന്നു ഉടുത്തത്…

രണ്ട് പേരും ഒരു പോലെ തന്നെയാണ് ഒരുങ്ങിയത് കണ്ടാൽ സഹോദരിമാരെ പോലെ ഉണ്ട്..

അച്ഛനും അമ്മാവനും റെഡ് കളർ ജുബ്ബയും വെളള മുണ്ടും…

എല്ലാവർക്കും ഒടുക്കത്തെ ലുക്ക്…!!

എല്ലാവരും കൂടി കുറച്ചു ഫോട്ടോസ് എടുത്തിട്ടാണ് അങ്ങോട്ടേക്ക് തിരിച്ചത്…

എല്ലാവരും കൂടി അച്ഛന്റെ പജീറോയിലായിരുന്നു കയറിയത്..

ആദർശേട്ടന്റെ വീട് എത്തിയതും ഞെട്ടി പോയി…

കൊട്ടാരം പോലെ ദീപാലാങ്കരങ്ങൾ ചെയ്തിരുന്നു….!!

എല്ലാം ആകാശിന്റെ പ്ലാൻ ആണ്..

അവനോട് എനിക്ക് നല്ല മതിപ്പ് തോന്നി…

ഞങ്ങളെ സ്വീകരിക്കാനായി ആകാശും അച്ഛനും അമ്മയും ഉണ്ടായിരുന്നു…

എന്റെ കണ്ണുകൾ തേടിയത് ലച്ചുവിനെ ആയിരുന്നെങ്കിലും അവർ ഒരുങ്ങി കഴിഞ്ഞില്ലായിരുന്നു…

അവരോടും ഞങ്ങളുടെ സന്തോഷം പങ്കു വെച്ചു കൊണ്ടിരിക്കുമ്പോളാണ് ഒരു ഇറ്റാലിയൻ മോഡേൽ ബ്രൗൺ ഗൗണും അതെ കളർ സ്യൂട്ടും ധരിച്ച് ലച്ചുവും ആദർശേട്ടനും എത്തിയത്…!!

ലച്ചു ഡയമണ്ട് പീസായിരുന്നു ആഭരണമായി ധരിച്ചത്…

അതി മനോഹരിയായിരുന്നു അവൾ…

രണ്ട് പേരും നല്ല ചേർച്ച ആയിരുന്നു..

അവരെ കണ്ട് ആരവങ്ങൾ ഉയർന്നു…

ഞങ്ങളെ കണ്ടതും ലച്ചു അടുത്തേക്ക് ഒാടി വന്നു..

എന്നെ മുറുകെ പുണർന്ന് അവൾ സന്തോഷം പ്രകടിപ്പു…

സന്തോഷം കൊണ്ട് വിളങ്ങുന്ന അവളുടെ മുഖം എന്നിലും ആഹ്ലാദം നിറച്ചു..

*****

8 മണിയായപ്പോളേക്കും ആദർശേട്ടന്റെ വീട്ടിൽ വെച്ച് തന്നെ ഞാൻ ഡ്രസ്സ് മാറി,ഒരു ബ്ലാക്ക് ടീഷർട്ടും ബ്ലാക്ക് ജീൻസും അതിന് പുറത്തായി ഒരു ജാക്കറ്റും ധരിച്ചു,ആഭരണങ്ങൾ എല്ലാം ഊരി കാതിൽ ചെറിയൊരു കല്ലു കമ്മൽ മാത്രം ധരിച്ചു മുടി മുകളിലേക്ക് ഉരുട്ടി കെട്ടി വെച്ചു ഞാൻ ഒരുങ്ങി ഇറങ്ങി…

എല്ലാവരോടും യാത്ര പറഞ്ഞും അനുഗ്രഹം മേടിച്ചും ഞാൻ ഇറങ്ങുമ്പോഴേക്കും അച്ഛൻ വണ്ടി ഇറക്കിയിരുന്നു…

എയർപോർട്ടിലേക്ക് അച്ഛനാണ് എന്നെ കൊണ്ടാക്കുന്നത്…

പെട്ടെന്ന് ആദർശേട്ടൻ എന്നെ മാറ്റി നിർത്തിക്കൊണ്ട് പറഞ്ഞു..

“വെെശൂ,നീ ധ്രുവിന്റെ അച്ഛനെയും അമ്മയെയും കാണാൻ പോയിരുന്നോ….??”

“ആഹാ ആദർശേട്ടാ പോയിരുന്നു…

ധ്രുവ് നിരപരാധിയാണെന്ന് അറിയിക്കാൻ…സത്യമറിഞ്ഞ അവർ ധ്രുവിനെയും സാനിയെയും വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നു…!!”

“വെെശൂ, ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം…ഞാൻ ധ്രുവിനെ കണ്ടിരുന്നു,അവന്റെ മൊഴി പ്രകാരം നിനക്ക് നേരെ വസുന്ധരാ ദേവി ബാംഗ്ലൂരിൽ വെച്ച് മാത്രമെ ആക്രമണം പ്ലാൻ ചെയ്തിട്ടുളളൂ…

നാട്ടിൽ വെച്ച് ഉണ്ടായ മർഡർ അറ്റെംപ്ന്റിന് പിന്നിൽ ആരാണെന്ന് ഇത് വരെ കണ്ടെത്താനായിട്ടില്ല…

So..be careful മോളേ…”

ആശങ്കയോടെ ആദർശേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ഒരു ഏട്ടന്റെ കരുതൽ ആദ്യമായി ഞാൻ തിരിച്ചറിഞ്ഞു…

നിറകണ്ണുകളോടെ ഞാൻ തലയാട്ടി…

ഡോർ തുറന്ന് വണ്ടിയിൽ ഞാൻ കയറിയിരുന്നതും പിറകിലത്തെ ഡോർ തുറന്ന് ആകാശും കയറീ…

ഡാർക്ക് ഗ്രീൻ കളർ ഷർട്ടും പാന്റും ധരിച്ച് കെെയ്യിൽ ഒരു ബാഗുമായി അവൻ കയറിയതും ഞാൻ ചോദിച്ചു…

“നീ ഇത് എങ്ങോട്ടാ…?”

“ഞാനോ…ഞാൻ ഒന്നു ഉഗാണ്ട വരെ പോകുവാ…!!! എന്തേ…??”

അതിന് മറുപടി പറയാതെ അവനൊരു പുച്ഛം എറിഞ്ഞു ഞാൻ മുന്നോട്ട് നോക്കിയിരുന്നു…

അവനും അച്ഛനും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും എന്റെ മനസ്സ് പഴയ ഒാർമകളിലേക്ക് പോയി…

മൂന്ന് മാസം കൊണ്ട് എനിക്ക് എന്തെങ്കിലും മാറ്റം ഉണ്ടായോ…?

ഇല്ല…ഞാൻ പഴയ വെെശാഖയായി മാറിയതെ ഉളളൂ..

താലി കെട്ടിയവൻ കൂടെ ഇല്ലെന്ന് മാത്രം..

പ്രതിസന്ധികളിൽ തളരാതെ,കഠിനാദ്ധ്വാനം കൊണ്ട് ഞാൻ എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നു…

എല്ലാം കൊണ്ടും ഞാൻ സന്തോഷവതിയാണ്..

എന്റെ പ്രണവേട്ടൻ….!!

ആ ഒാർമയിൽ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു…

പ്രണവേട്ടൻ എന്നിൽ നിന്നും അകന്ന് പോയ ആ ദിവസം എന്റെ മനസ്സിലേക്ക് വന്നു…

പ്രണവേട്ടൻ പറഞ്ഞ ആ വാക്കുകൾ എന്റെ ചെവിയിലേക്ക് വീണ്ടും ശക്തിയായി അലയടിച്ചു…

പ്രണവേട്ടൻ എന്നിൽ നിന്നും അകന്ന ആ ദിവസം….

അന്ന് ഹോസ്പിറ്റലിൽ വെച്ച് നടന്നതൊക്കെ എന്റെ ഒാർമ്മയിലേക്ക് ഇരച്ചു കയറി…

ഒന്നും മനസ്സിലായില്ല അല്ലേ…?

കഥ കുറച്ചു മുന്നോട്ട് പോയി….

പിന്നെ,ആരും വിഷമിക്കണ്ട; വെെശൂ നല്ല ബോൾഡാണ് കേട്ടോ…

ഇഷ്ടമായെങ്കിൽ രണ്ട് വാക്ക്…(രണ്ട് വാക്ക് പോരാ കേട്ടോ🙈😉😜) (തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *