ജീവിക്കുന്ന ഭർത്താക്കന്മാരുടെ പ്രതിനിധിയായ സ്വന്തം കെട്ടിയോൻ്റെ എൻട്രി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: shabna shamsu

രാവിലെ അഞ്ച് മണിക്കാണ് കറക്കം തുടങ്ങാ… ഏകദേശം പത്ത് മണിയാവുമ്പോ കറങ്ങി തീർക്കാൻ നോക്കും… അത് കഴിഞ്ഞ് കുളിച്ച് ടിഫിനും ഫോണും ബാഗില് വെച്ച് ഡ്യൂട്ടിക്ക് പോവാനിറങ്ങുമ്പോ ഡൈനിംഗ് ഹാളിലെ സോഫേല് പേപ്പർ വായിച്ചിരിക്കുന്നുണ്ട് എൻ്റെ മൂത്ത മോൾ.. ന്യൂ ജനറേഷൻ കുട്ടികള് പത്രം വായിക്കൂലാന്നുള്ള എൻ്റെ പരാതി കേട്ട് മടുത്താണ് ഞാൻ ഇറങ്ങാൻ നേരമുള്ള ഈ വായന…

നടന്നോണ്ട് മക്കന ചുറ്റി പിന്ന് കു ത്തുമ്പളാണ് പേപ്പറും പിടിച്ച് ഓള് പുറകെ വരുന്നത്..

“ഇമ്മച്ചിയേ…. വരുമ്പോ ഇങ്ങനത്തെ ഒരു ഡയറി മിൽക് സിൽക്ക് കൊണ്ടെരോ ”

“പൊന്നാര മോളെ.. പത്രം വായിക്കാൻ പറഞ്ഞത് വിവരം വെക്കാനാ… അല്ലാണ്ട് പരസ്യം നോക്കി പൈസ കളയാൻ അല്ല…”

ഇത് കേട്ടോണ്ട് രണ്ടാമത്തോള് വരും..

“ഇമ്മച്ചി വരുമ്പോ ഇനിക്കൊരു വാട്ടർ കളറ് കൊണ്ടെരോ.. ”

ഞാൻ ദുബായിക്കല്ല… സർക്കാരാശുപത്രീക്കാ എന്നും പറഞ്ഞ് ചെരിപ്പിട്ട് ഓടാൻ നിക്കുമ്പോ മുറ്റത്തെ മാവിൻ്റെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ വീതിയുള്ള പലകയില് ഇരുന്നും കിടന്നും ആടുന്ന കുഞ്ഞിപ്പെണ്ണ് ഓടി വരും….

“ഇമ്മച്ചീ.. ചോപ്പ് കളറ് മൂടിള്ള ടിക് ടാക് കൊണ്ടെര്ണേ…”

നല്ലൊരു ഉമ്മേം തരും… അതും വാങ്ങി പിന്നൊരു നടത്താണ്… നടത്തംന്ന് പറഞ്ഞാ കുറഞ്ഞ് പോവും.. ഓടാ ചെയ്യാ… രണ്ട് കിലോമീറ്റർ നടക്കണം ബസ് കിട്ടാൻ… പോവുന്ന വഴിയിൽ ഒരു സൈഡ് മാത്രം വീടുള്ളൂ.. മറ്റേ സൈഡ് എസ്റേററ്റ് ആണ്… കാപ്പിത്തോട്ടം… ഇഷ്ടം പോലെ മാനും മയിലും ഓടി കളിക്കുന്ന സ്ഥലം.. ഒരു കിലോമീറ്ററ് നടന്ന് കഴിഞ്ഞാ രണ്ട് സൈഡും വീടില്ല… നടുക്ക് ഒരു പുഴയുണ്ട്..

ചിലപ്പോ ആ നാട്ടിലെ ആരേലൊക്കെ കാറിലും ബൈക്കിലും പോവുമ്പോ വരുന്നോന്ന് ചോയ്ക്കും.. എൻ്റെ സദാചാരം സമ്മയ്ക്കൂല.. അന്യൻമാരെ കൂടെ കേറൂലാന്ന് ഒറപ്പിക്കും…

ഇക്ക എപ്പളും പറയും സ്ക്കൂട്ടർ പഠിക്കാൻ.. എനിക്ക് നല്ല പേടിയാ.. സ്ക്കൂട്ടർ കാണുമ്പളേക്കും പപ്പൂൻ്റെ പടച്ചോനെ… ങ്ങള് കാത്തോളീന്നുള്ള ഡയലോഗാണ് ഓർമ വരാ.. ഇക്ക പറയും.. സ്വഭാവം വെച്ച് വിമാനം പറത്താ.. സ്ക്കൂട്ടർ ഓടിക്കാൻ പേടിയാണോലെന്ന്…

ഒരീസം ആരോ പറഞ്ഞു.. ഈ പുഴേൻ്റെ സൈഡില് ഒരു പുലിയേയും രണ്ട് മക്കളേം കണ്ടൂന്ന്…

നോക്കുമ്പോ പുഴേലേക്ക് ഇറങ്ങുന്ന റോഡ് വക്കത്തെ മണ്ണില് നിറച്ചും പുലിൻ്റെ കാൽപ്പാട്…

അതീപിന്നെ ഒറ്റക്ക് നടക്കാൻ പേടിയാവും… കഷ്ടപ്പെട്ട് ഫെയർ ആൻ്റ് ലൗലി തേച്ച് വോൾട്ടേജാക്കിയ മുഖം പുലി കടിച്ച് പറിക്കണത് അലോയ്ച്ച് എൻ്റെ ഉറക്കം നഷ്ടപ്പെട്ട്…

ഏതെലും വണ്ടി കാണുമ്പോ ട്രെയിനിന് പച്ചക്കൊടി കാണിക്കുന്ന പോലെ ഞാൻ റോഡിൻ്റെ നടുക്ക് നിന്ന് കൈവീശി കാണിക്കും… എന്നിട്ട് കേറും… പോണ പോക്കില് പുലിൻ്റെ കാൽപ്പാട് കണ്ട മണ്ണില് എൻ്റെ സദാചാരത്തെ ചുരുട്ടി കൂടി എറിയും…

അങ്ങനെ ബസ് സ്റ്റോപ്പിലെത്തി… എപ്പളും ബസ് പോണ റൂട്ടായോണ്ട് എളുപ്പം ബസും കിട്ടും. സീറ്റും കിട്ടും…

സീറ്റിലിരുന്ന് ഒന്ന് ദീർഘമായി നിശ്വസിച്ച ശേഷമാണ് ഞാനെൻ്റെ ഫോണെടുക്കാ… തൂലിക ഗ്രൂപ്പിലെ ലൈക്കും കമൻറും കണ്ട് ഒറ്റക്ക് ചിരിക്കും…. റിപ്ലൈ കൊടുക്കും… ഇറങ്ങേണ്ട സ്ഥലമായിട്ടും ഫോണില് നോക്കിയിരിക്കുന്ന എന്നെ നോക്കി കണ്ടക്ടറ് കണ്ണുരുട്ടും….

സത്യായിട്ടും ഞാനൊരു മൊബൈല് നോക്കി അല്ലാന്നും രാവിലെ കടുക് വറുത്തപ്പോ തള്ളവിരലിൻ്റെ പള്ള പൊള്ളിയിട്ടുണ്ടെന്നും പറയാൻ മുട്ടും….

ബസിറങ്ങി ഒരു കുന്നിലുള്ള ഹോസ്പിറ്റലിലേക്ക് ഓടിക്കയറി ഫാർമസിയിലെ ഫാനിൻ്റെ ചോട്ടില് അഞ്ച് മിനിറ്റ് കാറ്റ് കൊള്ളാനിരിക്കും….

അത് കഴിഞ്ഞ് അഞ്ച് മണി വരെ ഏഴ് വയസുള്ള അൽത്താഫിനേയും എഴുപത് വയസുള്ള അമ്മിണിയേയും പേരെടുത്ത് ഉറക്കെ വിളിക്കും… ഒന്ന് വീതം മൂന്ന് നേരം ന്ന് പലവട്ടം പറയും…..

അഞ്ച് മണിക്ക് വീണ്ടും കെ എസ് ആർ ടി സി യിൽ…… ബസിറങ്ങി കഴിയുമ്പളാണ് രാവിലെ തന്ന ഓർഡറുകള് ഓർമ വരാ.. പേഴ്സെടുക്കും…

ജോലി നായാട്ടാണേലും ചാറ് മത്തൻ്റെലാന്ന് പറഞ്ഞ പോലാണ് എൻ്റെ പേഴ്സിൻ്റെ അവസ്ഥ.. ഒരു പൂജ്യത്തിൽ കൂടുതലുള്ള നോട്ടൊന്നും അതിൽ ഉണ്ടാവൂല…. ഉള്ളത് കൊണ്ട് ഒപ്പിച്ച് അവർക്കുള്ളതൊക്കെ വാങ്ങിക്കും… വീണ്ടും നടത്തം.. ഓട്ടം.. എല്ലാം കഴിഞ്ഞ് വീട്ടിലെക്ക് കയറാൻ നിക്കുമ്പോ സ്റ്റെപ്പിൽ തന്നെ ചോക്ലേറ്റിൻ്റെ കപ്പ് കേക്ക് പോലെ ഒരു ഉണ്ട കോഴിക്കാട്ടം ഉണ്ടാവും….

കോഴിയുടെ മുതലാളി ഞാൻ ആയതോണ്ട് മാത്രം ഒരു പരിഭവോം തോന്നൂല… മുറ്റത്തെ അത്തിമരത്തിൻ്റെ ചോട്ട്ന്ന് ഒരു വാടിയ ഇലയെടുത്ത് കോരിക്കളയും….

അത് കഴിഞ്ഞ് അകത്തോട്ട് കയറുമ്പോ രാവിലെ വായിച്ച പേപ്പറ് പല ഭാഗങ്ങളിലായി ചുരുണ്ടും നിവർന്നും ഉരുണ്ടും കിടക്കുന്നുണ്ടാവും… സോഫയിലെ പില്ലോ നടക്കുന്ന വഴിയിൽ… ടീപ്പോയിലെ ഫ്ലവർ വേസ് നിലത്ത് കിടന്ന് അന്ത്യശ്വാസം വലിക്കുന്നുണ്ട്…

കറുത്ത ചില്ലുള്ള ടേബിള് നിറയെ തൈര് കൂട്ടി ചോറ് തിന്നതിൻ്റെ വെളുത്ത വരകള്… കൂടെ പകുതി കുടിച്ച ഗ്ലാസിലെ വെള്ളവും ഓറഞ്ചിൻ്റെ തൊലിയും…

എൻ്റെ ബാഗ് വെക്കാൻ ഞാൻ ബെഡ് റൂമിൽ കയറി…. പോവുമ്പോ ഒരു ചുളിവ് പോലും ഇല്ലാണ്ട് വിരിച്ചിട്ട ബെഡ്ഷീറ്റ് പൊറോട്ടക്ക് മാവ് ചുരുട്ടിയ പോലെ ബെഡിൻ്റെ മൂലക്കല് ണ്ട്…. ഒരു തലയണ താഴെയും ഒന്ന് ഇപ്പോ വീഴണോ കുറച്ച് കഴിഞ്ഞ് വീണാ മതിയോന്നോർത്ത് മേലെയും ഉണ്ട്….

അടുക്കളയിലെ അവസ്ഥ കണ്ട് എൻ്റെ അ ണ്ണാക്കിലെ വെള്ളം വറ്റി…. നാരങ്ങ വെള്ളം കലക്കിയത്… മാങ്ങ ഉപ്പും മുളകും കൂട്ടി തിന്നത്… പഴത്തിൻ്റെ തൊലി… പഞ്ചസാര കുപ്പി… ഉപ്പ് പാത്രം.. എന്ന് വേണ്ട സകലതും നിരത്തി വെച്ചിട്ടുണ്ട്….

ഇനി ബാത്റൂം കൂടി ഒന്ന് കണ്ടിട്ട് വരാം…. ലക്സിൻ്റെ പരസ്യത്തില് കരീനാ കപൂർ കുളിച്ച പോലെ കുളിച്ചതാന്ന് തോന്നുന്നു… കൈയ്യീന്ന് സോപ്പ് പത ഊതിയ പാട് ചുമര് നിറയെ ഉണ്ട്…..

കോഴിക്കാട്ടം മുതല് സോപ്പ് പത വരെ വൃത്തിയാക്കി കുളിയും നിസ്ക്കാരോം കഴിഞ്ഞ് അടുത്ത അങ്കം തുടങ്ങും…. ചോറ് കറി ഉപ്പേരി പൊരിച്ച മീൻ ഇതെല്ലാം ആക്കി ,,വാരിക്കൊടുത്ത്, വിളമ്പിക്കൊടുത്ത്, ഉറക്കാൻ കിടത്തി കഴിഞ്ഞ് അലക്കാനുള്ളതെടുത്ത് വാഷിംഗ് മെഷീനിൽ ഇടും…. അതിലിടാൻ പറ്റാത്തത് പുറത്ത്ന്ന് അലക്കും…. രാത്രിയിലും അലക്കാനുളള സെറ്റപ്പ് മുൻകൂട്ടി ചെയ്ത് വെച്ചതാണ്…. അത് കഴിഞ്ഞ് പിറ്റേ ദിവസം ഇടാനുള്ള ഡ്രസ് തേച്ചോണ്ടിരുക്കുമ്പോ ആണ് ഹോജ രാജാവിനെ പോലെ സമ്മർദ്ദങ്ങളില്ലാതെ ജീവിക്കുന്ന ഭർത്താക്കന്മാരുടെ പ്രതിനിധിയായ സ്വന്തം കെട്ടിയോൻ്റെ എൻട്രി…

“ഇതെന്താ ഈ ഷർട്ട് തേക്ക്ണത്…. മറ്റേ കറുപ്പിൽ വെള്ള വരയുള്ള ഷർട്ടെവിടെ… അത് തേച്ചാ മതി… ”

“അത് ഇപ്പോ അലക്കി ഇട്ടിട്ടേ ഉള്ളൂ..ഉണങ്ങീറ്റില്ല… ”

“ഞാൻ രണ്ടീസം മുമ്പെ അഴിച്ചിട്ട ഷർട്ടല്ലെ അത്…. ഇപ്പളാണോ തിരുമ്പുന്നത്…. ഇതിന് മാത്രം എന്ത് പണിയാ അനക്ക് ഇവിടെ.. ”

അയ്ശ്……

ആ അവസാനത്തെ ഡയലോഗ് ണ്ടല്ലോ…. അത് കേട്ടതും എൻ്റെ ക്ഷമയെ കുറിച്ചോർത്ത് നിവർന്ന് നിന്ന് കൈകൾ പുറകിൽ കെട്ടി തല ഉയർത്തി വെച്ച് ഉറക്കെ ഉറക്കെ ദേശീയ ഗാനം ചൊല്ലാൻ തോന്നി…. ലൈക്ക് കമന്റ് ചെയ്യണേ…

രചന: shabna shamsu

Leave a Reply

Your email address will not be published. Required fields are marked *