വിവാഹനിശ്ചയത്തിന്റെ അന്ന് രാത്രി കിട്ടിയ വസ്ത്രങ്ങൾ ബാഗിലാക്കി അവന്റെ വീടിനു മുൻപിൽ പോയി നിന്ന ഇരുപത്തിയൊന്നുകാരി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Dp

കെഎസ്ആർടിസി ബസ്സിന്റെ വിൻഡോ സീറ്റിൽ ഇടം പിടിക്കുമ്പോൾ പുറത്തെ കാഴ്ചകൾ കാണാനോ ഓർമകളിൽ ഒരു നോവോടെ ഓടിയിറങ്ങാനോ കഴിഞ്ഞിരുന്നില്ല…. എട്ടു വർഷങ്ങൾക്കിപ്പുറം വീട്ടിലേക്കുള്ള ഈ മടങ്ങിപ്പോക്ക് തന്നെ നിർവികാരത പടർത്തി…

ആരുടേയും മുഖം നെഞ്ചിൽ നോവ് പടർത്താത്ത വിധം ഹൃദയം കല്ലായി…

ബസ്സ് മുന്നിലേക്ക് കുതിക്കുമ്പോൾ പിന്നിലാക്കപ്പെട്ടുന്ന പടർന്ന പച്ചപ്പുകൾ മടുപ്പുളവാക്കി… ഇടയ്ക്കിടെ മുഖം മുഴുവൻ ചുംബിച്ചു അലോസരപ്പെടുത്തുന്ന മുടിയിഴകൾ ഈർഷ്യ പടർത്തി…

അടുത്തിരുന്ന സ്ത്രീ എന്തോ ചോദിച്ചെങ്കിലും കേൾക്കാത്തത് പോലെ ഇരുന്നു… വര്ഷങ്ങളായി സംസാരം ഒരു ഉപചാരം എന്നത് പോലെ കാണുന്ന എന്നോട് ആരും കുശലാന്വേഷണത്തിനു മുതിരാറില്ലായിരുന്നു..

മൂന്ന് മാസം മുൻപ് “ശ്രീദു”എന്ന് വിളിച്ചു അടുത്തേക്ക് വന്ന മുഖമാണ് ഇന്നീ മടങ്ങി വരവിന്റെ പിന്നിലെ കാരണം…

പരാതികൾ.. പരിഭവങ്ങൾ…. പുച്ഛം തോന്നി… പക്ഷെ ഒരു ഊറിയ പുഞ്ചിരി നില നിർത്തി…. മുന്നിൽ നിന്നത് അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന സ്ത്രീയാണ്.. വല്യേട്ടന്റെ ഭാര്യ…

പ്രാരാബ്ധങ്ങൾ കൊണ്ട് അച്ഛന്റെ കുടുംബസ്വത്ത് വിൽക്കാൻ മുന്നിലുള്ളൊരു തടസം അത് ദേവീനിലയത്തിൽ ശിവദാസിന്റെ മൂന്നാമത്തെ മകൾ മാത്രമാണെന്ന് കേട്ടപ്പോൾ ചിരിക്കാനാണ് തോന്നിയത്…

“ഒരൊപ്പിടാൻ നീ വരില്ലെ..?” എന്ന് കേണു ചോദിച്ചപ്പോൾ ഇല്ല എന്ന് പറയാൻ തോന്നിയില്ല.. വല്യേട്ടന്റെ മോന് തുടർപഠനത്തിന്‌ താനൊരു തടസം ആവേണ്ടെന്ന് തോന്നി..

അല്ലെങ്കിലും തനിക്ക് ഒന്നിലും അവകാശങ്ങൾ വേണ്ട…

സ്റ്റോപ്പ് അടുക്കാറായപ്പോൾ ഉള്ളൊന്ന് കാളി…

അച്ഛനെയും അമ്മയെയും ഏട്ടന്മാരെയും കുടുംബത്തെയുമാണ് കാണാൻ പോകുന്നത്.. അതും എട്ടു വർഷങ്ങൾക്കിപ്പുറം.. ഒരു പൊട്ടിക്കരച്ചിലുകൊണ്ടും പരാതി പറച്ചിലും കൊണ്ട് പിരിഞ്ഞിരുന്ന നാളുകളുടെ ദുഃഖം അവസാനിക്കുമായിരിക്കും….

“അമ്പലത്തിൻ പടി… ആളിറങ്ങാനുണ്ടോ..?” എന്ന ചോദ്യം ചിന്തകളിൽ നിന്ന് ഉണർത്തിയെങ്കിലും ഇറങ്ങാൻ തോന്നിയില്ല…

നാലു സ്റ്റോപ്പുകൾക്കപ്പുറം ഇറങ്ങുമ്പോൾ ചുവടുകൾ പോലും പതറാതെ നിന്നത് അതിശയിപ്പിച്ചു…

നേരെ മുന്നോട്ട് നടന്നു ചെന്നു നിന്നത് പഴയ പാരലൽ കോളേജിന് മുൻപിലാണ്… അതിനോട് ചേർന്ന് നിന്ന അരയാലിന്റെ ചുവട്ടിൽ ഇന്നും കമിതാക്കൾ ഇരിക്കുന്നത് കണ്ടപ്പോൾ ഒരു പുഞ്ചിരി വിടർന്നു…

മുൻപ് കോറിയിട്ട ശ്രീദു എന്ന പേരോ അതിനോട് ഒപ്പമുള്ള പേരോ കാണാൻ കഴിഞ്ഞില്ല… നോവുന്ന ഓർമകളിൽ മെല്ലെ നടക്കുമ്പോൾ.. ഒന്ന് തിരിച്ചറിഞ്ഞിരുന്നു.. നാമിടങ്ങൾ എല്ലാം.. നമ്മുടേതല്ലാതെയായ് തീർന്നിരിക്കുന്നു…. നമ്മുക്ക് പകരം പലരും വന്നു പോയിരിക്കുന്നു.. അവരാരും നമ്മളെപ്പോലെ ആവില്ലെങ്കിലും…

അല്പസമയം തണലത്തിരുന്നു.. ഓർമകൾക്ക് വേഗത കുറവായത് കൊണ്ട് ഓടിയെത്തിയ മുഖങ്ങളെ അവഗണിച്ചു കൊണ്ട് എഴുന്നേറ്റു…അയവിറക്കാൻ വേണ്ടിയല്ല വന്നതെന്ന ബോധം ഉണ്ടെങ്കിലും എന്തിന് ഇവിടേക്ക് എത്തി എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു…

ഒരിക്കൽ തന്റെ സ്വന്തമായി കരുതിയ ഇടങ്ങളിൽ കാടുമൂടി വന്യത നിറയ്ക്കുന്നത് കാണാൻ ഹൃദയം കൊതിച്ചിട്ടുണ്ടാകും കണ്ടതോ.. കൂടുതൽ തെളിമയോടെ അവയൊക്കെ മറ്റുപലരുടെയും സ്വകാര്യ ഇടങ്ങളാകുന്നതും…

അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് തന്നെ നടന്ന് നീങ്ങി… കയറി കഴിഞ്ഞാണ് ഡ്രൈവറെ നോക്കിയത്…. ആ കണ്ണുകൾ അമ്പരപ്പിലായിരുന്നു… കാണാതെ ഇരുന്ന് കാണുന്നതിന്റെ തെളിച്ചമോ പ്രണയമോ കണ്ടില്ല.. പകരം പകപ്പ്…

എനിക്കും പഴയ വികാരങ്ങളുടെ തള്ളിക്കയറ്റമൊന്നും ഉണ്ടായില്ല . ഞാൻ അറിയാതെ തന്നെ എന്നിലെ ഗൗരവം വർധിച്ചു…

“ശ്രീദു….”

വിളി കാതിൽ മുഴങ്ങിയെങ്കിലും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു..

“ശ്രീദു..” എന്ന് വിളിച്ചു കൊണ്ട് അടുത്തേക്ക് ആ കൈകൾ നീട്ടുമ്പോൾ തിരിച്ചൊരു കത്തുന്ന നോട്ടം നൽകി…

“തനിക്ക് ഓട്ടം വരാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ വേറെ ഓട്ടോയിൽ കയറിക്കോളാം….”

സംശയത്തോടെ…. പകപ്പോടെ… അവൻ വണ്ടി മുന്നോട്ട് എടുത്തു….

ചോദ്യങ്ങൾ ഒരുപാട് ചോദിച്ചു തുടങ്ങിയപ്പോൾ കാതിലേക്ക് ഹെഡ്സെറ്റ് തിരുകി വെച്ചു… പാട്ടൊന്നും ഫോണിലില്ലായിരുന്നു.. കേൾക്കുന്ന ശീലവും ഇല്ല.. കാണുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ശ്രമം…

ഒരിക്കൽ ആരുടെ പേരിലാണോ എനിക്ക് എല്ലാം നഷ്ടമായത് ഇന്ന് അതേ ആളുടെ വണ്ടിയിൽ തന്നെ കയറി തിരിച്ചൊരു യാത്ര…

ഇടയ്ക്കവന്റെ ഫോൺ ശബ്ദിച്ചു.. ഞാൻ ഹെഡ്സെറ്റ് വെച്ചത് കൊണ്ട് ആകും ലൗഡ് സ്പീക്കറിൽ ഇട്ടാണ് സംസാരിച്ചത്…

“ഏട്ടാ.. മോന് ചെറിയ പനിയുണ്ട്.. വരുമോ… ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ…”

ആ ശബ്ദം കേട്ടപ്പോൾ ഉള്ളൊന്ന് ഉലഞ്ഞു…. എത്ര വേണ്ടെന്ന് വെച്ചാലും താനെന്ന പെണ്ണിന്റെ ചില നിമിഷങ്ങൾ പതറിപ്പോകും..

അവൻ മറുപടി കൊടുക്കുന്നതൊന്നും കേട്ടില്ല… വിവാഹനിശ്ചയത്തിന്റെ അന്ന് രാത്രി കിട്ടിയ വസ്ത്രങ്ങൾ ബാഗിലാക്കി അവന്റെ വീടിനു മുൻപിൽ പോയി നിന്ന ഇരുപത്തിയൊന്നുകാരിയെ ഓർമ വന്നു…

“ശ്രീദു.. സോറി.. ശ്രീദർശിനി..”

ചോദ്യഭാവത്തിൽ നോക്കുമ്പോൾ വീടിന് അല്പം മാറി തന്നെ അവൻ വണ്ടി ഒതുക്കിയിരുന്നു…

“എവിടെ ആയിരുന്നു നീ… നിന്നേ തേടി ഒരുപാട് നടന്നിരുന്നു ഞാൻ…. കഴിഞ്ഞ വർഷമാണ് ഞാൻ…”

ബാക്കി പറയാൻ കഴിയാതെ പതറുന്ന അവനെ കണ്ട് ചിരി പൊട്ടിയെങ്കിലും അടക്കി പിടിച്ചു..

“പഴയ ബന്ധങ്ങൾ പൊടി തട്ടിയെടുക്കാൻ വന്നതല്ല ഞാൻ..”

ബാഗിൽ നിന്ന് നൂറിന്റെ ഒരു നോട്ട് അവന് നേരെ നീട്ടി.. വാങ്ങാൻ മടിച്ചപ്പോൾ പിന്നിലെ സീറ്റിലേക്ക് ഇട്ടുകൊണ്ട് മുന്നോട്ട് നടന്നു…

“ശ്രീദു.. ”

“പിൻവിളി വേണ്ട സതീഷ്.. ആഗ്രഹിച്ച ഒരു ദിവസം ഉണ്ടായിരുന്നു.. ഇന്നതില്ല…”

അവൾ നടന്ന് പോകുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു…

നിശ്ചയത്തിന്റെ തലേന്നാൾ ബാഗും കൊണ്ട് വീട്ടുമുറ്റത്ത് എത്തിയ ശ്രീദർശിനിയെ അമ്പരപ്പോടെ നോക്കി നിന്ന നിമിഷം ഓർമയിൽ തെളിഞ്ഞു..

ഒന്നിനും ഒരു ബോധവും ഇല്ലാതെ എടുത്തു ചാടുന്ന പെണ്ണ്.. ഇറക്കി വിടാൻ കഴിയാതെ ചേർത്തു നിർത്തി പറഞ്ഞു മനസ്സിലാക്കി..

നിലം പൊത്താറായ ചെറിയ വീടും പഠിച്ചു കൊണ്ടിരിക്കുന്ന അനിയത്തിമാരും അമ്മയും മാത്രം ഉള്ളിടത്തേക്ക് അവളെക്കൂടി ഉൾപ്പെടുത്താൻ അല്പം പ്രയാസം തന്നെ ആയിരുന്നു…

അവൾക്ക് പിന്നാലെ വന്ന അവളുടെ ചേട്ടമ്മാരുടെ മർദ്ദനം കൂടി ഏറ്റുവാങ്ങേണ്ടി വന്നു… അവരെത്തിയപ്പോൾ സെപ്റ്റിക് ടാങ്കിനു എടുത്തിട്ട കുഴിയിൽ അവൾ ഒളിച്ചിരുന്നു…

പ്രണയം മൂലം പരിക്കേൽപ്പിക്കപ്പെട്ട മകന്റെ അവസ്ഥയിൽ മനം നൊന്ത് സതീഷിന്റെയമ്മ എന്തൊക്കെയോ വിളിച്ചു പറഞ്ഞു… ഒപ്പം സതീഷും വീട്ടിലേക്ക് തിരിച്ചു പോകാൻ പറഞ്ഞതോടെ പരാജയപ്പെട്ട മുഖത്തോടെ അവനൊപ്പം അവളുടെ വീടിനു മുൻപിലെത്തി…

അവൾ അകത്തേക്ക് കയറിയപ്പോൾ തന്നെ അവൻ തിരിഞ്ഞു പോന്നിരുന്നു…. തിരികെ എത്തിയ മകളെ ഉൾക്കൊള്ളാൻ കഴിയാതെ വീടിന് പുറത്താക്കി കതകടച്ചത് അവനറിഞ്ഞിരുന്നില്ല…

അന്ന് മുതൽ തേടി..കണ്ടെത്താൻ കഴിഞ്ഞില്ല… ഒടുവിൽ രണ്ട് വർഷം മുൻപ് അടുത്ത വീട്ടിലെ പെൺകുട്ടിയെ ഭാര്യയായി സ്വീകരിച്ചു…

നിറം മങ്ങിയ കാഴ്ചകളിലൂടെ സതീഷിന്റെ ഓട്ടോ മുന്നോട്ട് നീങ്ങി…

വീടിന് മുന്നിലെത്തിയ ശ്രീദർശിനി ഒരു ദീർഘനിശ്വാസം അയച്ചു…

പ്രണയം കണ്ട് പിടിക്കപ്പെട്ടു സഹോദരന്മാരുടെ മർദ്ദനം ഏറ്റു കരയുന്ന സഹോദരിയെ അവൾ കണ്ടു.. എനിക്ക് കല്യാണം വേണ്ടെന്ന് പറഞ്ഞു അമ്മയുടെ കാല് പിടിക്കുന്ന മകളെ കണ്ടു.. കെട്ടിച്ചാൽ തീരുന്ന മാനക്കേട്‌ ഉള്ളെന്ന് പറഞ്ഞു കൊണ്ട് മുറചെക്കനെ വിളിച്ചു വരുത്തി അടുത്ത മുഹൂർത്തത്തിൽ നിശ്ചയം നടത്തുന്ന അച്ഛനെ കണ്ടു…

കാഴ്ചകൾ പിന്നെയും തെളിഞ്ഞു നിന്നു…

“ശ്രീദു…. നീ വന്നോ…?”

ഏട്ടത്തിയുടെ ശബ്ദമാണ് ഉണർത്തിയത്.. ഉമ്മറത്തു നിൽക്കുന്ന ആന്സിയെ കണ്ടപ്പോൾ ഞെട്ടി.. രണ്ടാമത്തെ ഏട്ടന്റെ പ്രണയം തടസമില്ലാതെ നടന്നല്ലോ എന്നോർത്തപ്പോൾ സ്വയമൊരു പുച്ഛം തോന്നി ..

ശബ്ദം കേട്ടിട്ട് ആവും എല്ലാവരും ഉമ്മറത്തേക്ക് എത്തിയിരുന്നു.. അമ്മ കെട്ടിപ്പിച്ച് എന്തൊക്കെയോ പറഞ്ഞു.. നിർവികാരതയോടെ മാത്രം നിന്ന് കൊടുത്തു…

ഒരിറ്റ് കണ്ണുനീർ പോലും ഊറിയില്ലല്ലോ എന്ന് ഞാൻ തന്നെ അതിശയിച്ചു പോയി…

കുഞ്ഞേട്ടന്റെ ചെറിയ രണ്ട് മക്കളും വാലിൽ തൂങ്ങിയപ്പോഴാണ് ഒരു മിട്ടായി പോലും വാങ്ങിയില്ലല്ലോ എന്ന് ഓർത്തത്..

അത്താഴം കഴിക്കുമ്പോൾ അമ്മ പരാതി പറഞ്ഞു.. “പഴയ ശ്രീദു വാ പൂട്ടാതെ കാര്യം പറയുമായിരുന്നു..” എന്ന്… എല്ലാവരുടെയും കണ്ണുകളിൽ ഒരു കുറ്റബോധം പോലെ തോന്നി..

“ഒപ്പിടാനുള്ള പേപ്പേഴ്സ് നാളെ തന്നെ റെഡിയാക്കി തരണം.. പറ്റിയാൽ എനിക്ക് നാളെ തന്നെ പോകണം…”

എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടായിരുന്നു… അമ്മ പതം പറഞ്ഞു കരയുമ്പോൾ പോലും എന്റെ ഉള്ളം ഇടറിയില്ല.. നേർത്ത പുഞ്ചിരിയോടെ പിൻവാങ്ങി…

മുറിക്ക് പുറത്തു നിന്ന് അച്ഛൻ പരുങ്ങി.. പിന്നാലെ ഏട്ടന്മാരും.. ഉപദേശിക്കാൻ ആവുമെന്ന് തോന്നി…

“ഇഷ്ടമുള്ളൊരു ജീവിതം ഇനിയെങ്കിലും തെരഞ്ഞെടുത്തു കൂടെ ശ്രീദു” എന്ന് കുറ്റബോധത്തോടെ ചോദിച്ചപ്പോൾ… “അതാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്” എന്ന് ചിരിയോടെ മറുപടി നൽകി…

ഒരൊപ്പിൽ ബന്ധങ്ങളുടെ കടപ്പാട് തീർത്തു പടിയിറങ്ങുമ്പോൾ ഒന്ന് ഉറപ്പായിരുന്നു.. ഇനിയൊരു പ്രണയത്തിന്റെ പേരിൽ വരും തലമുറയിൽ ആരെയും അവർ ശിക്ഷിക്കില്ലെന്ന്

… ശുഭം…

സ്നേഹത്തോടെ dp.. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ….

രചന: Dp

Leave a Reply

Your email address will not be published. Required fields are marked *