ആദ്യമൊന്ന് പകച്ചു പോയെങ്കിലും പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ ഞാൻ നന്നായി പരിശ്രമിച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സുധീ മുട്ടം

“നാട്ടുകാർക്കും വീട്ടുകാർക്കും ഞാൻ വല്യ ശല്യമായപ്പോൾ കൃത്യം ഇരുപത്തി നാലാമത്തെ വയസ്സിൽ വീട്ടുകാരെന്നെ പിടിച്ചു പെണ്ണു കെട്ടിച്ചു

ആദ്യമൊന്ന് പകച്ചു പോയെങ്കിലും പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ ഞാൻ നന്നായി പരിശ്രമിച്ചു

രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വന്നവരായത് കൊണ്ട് പരസ്പരം മനസ്സിലാക്കാൻ കുറച്ചു സമയം എടുക്കുമെന്ന് തോന്നിയപ്പോളെന്റെ നല്ല പാതി ഒരു തീരുമാനം എടുത്തു

“ഏട്ടാ നമുക്ക് കുറച്ചു നാൾ കൂട്ടുകാരെപ്പോലെ കഴിയാം …വല്ലതും മിണ്ടീം പറഞ്ഞും ഇരുന്നാൽ അപരിചിതത്വം ഇല്ലാതാകും”

അങ്ങനെ ഞങ്ങൾ കൂട്ടുകാരെപ്പോലെ ജീവിച്ചത് കൊണ്ട് കുറെയൊക്കെ മാറ്റങ്ങൾ ഉണ്ടായി

രണ്ട് മാസം കഴിഞ്ഞപ്പോൾ കെട്ടിയോൾടെ അടുത്ത തീരുമാനം

“ഏട്ടാ നമുക്കിനി പ്രണയിച്ചാലോ”

നല്ല ഐഡിയ..ചെറുപ്പത്തിൽ പ്രണയിക്കാൻ നടന്നതിന്റെ പുലിവാലു പിടിച്ചത് ചില്ലറയൊന്നുമല്ല

ഇതാകുമ്പം ഭയമൊന്നും വേണ്ടാല്ലൊ..എന്തായാലും താലി കെട്ടിയ പെണ്ണല്ലേ

അങ്ങനെ ഞങ്ങളുടെ പ്രണയം വസന്തങ്ങളുടെ ഉത്സവമേളം തീർത്തു

നാട്ടു മാവിൻ ചോട്ടിലും പാടവരമ്പിലൂടെയുമെല്ലാം ഞങ്ങൾ ഇണക്കുരുവികളെപ്പോലെ പാറി നടന്നു

അങ്ങനെ ഒരു ദിവസം കെട്ടിയോള് അടുക്കളയിൽ ചോറും കറിയുമൊക്കെ വെച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ പിന്നിലൂടെ ചെന്ന് കെട്ടി പിടിച്ച് അവളുടെ കവിളിലൊരുമ്മ നൽകി

പെട്ടന്നവൾ നാണം കൊണ്ട് പൂത്തുലഞ്ഞു

“ടാ കളളച്ചെറുക്കാ അമ്മയെങ്ങാണം കണ്ടാൽ നാണക്കേടാ ട്ടൊ”

“നീയൊന്ന് പോയേ പെണ്ണേ അവരൊക്കെ ഈ പ്രായം കഴിഞ്ഞിട്ടാ വന്നേ…അഥവാ കണ്ടാൽ അമ്മ തിരിച്ച് പൊയ്ക്കോളും”

“ഹൊ ഇങ്ങനെയും നാണമില്ലാത്ത ചെക്കൻ”

“എന്തായാലും ഏട്ടൻ ഇവിടെ വരെ വന്നതല്ലെ എന്നെയൊന്ന് സഹായിക്ക്”

അയ്യേ എനിക്കിതൊന്നും വശമില്ല പെണ്ണെ എന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും അവൾ വിട്ടില്ല

ഞാൻ എല്ലാം പഠിപ്പിച്ചു തരാമെന്ന് പറഞ്ഞവൾ എല്ലാം എന്നെ കൊണ്ട് തന്നെ ചെയ്യിച്ചു

ഒരേ ടേബിളിനു ഇരുവശവും ഇരുന്ന് കഴിക്കുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ കൊതിയോടെ ജീവന്റെ പാതി നോക്കിയിരിക്കുന്നു

അവളുടെ മനസ്സറിഞ്ഞ ഞാൻ കറികളും എന്റെ സ്നേഹവും കൂടി ചാലിച്ച് ഒരു ഉരുളച്ചോറെന്റെ പെണ്ണിന്റെ വായിൽ വെച്ചു കൊടുത്തു

അവളും തിരികെയെനിക്ക് അങ്ങനെ തരുമ്പോൾ ഞങ്ങളുടെ കണ്ണുകൾ തുളുമ്പിയിരുന്നു

മനസ്സു നിറഞ്ഞൊഴുകിയ സന്തോഷത്താൽ ഞാനവളെ ഒരു ഉമ്മ കൊടുക്കാൻ ചെന്നപ്പോൾ അവളെന്നെ തടഞ്ഞു

“ടാ ഏട്ടൻ ചെറുക്കാ നീയ് കയ്യും വായും കഴുകീട്ട് വാ..എന്നെയാരും പിടിച്ചു കൊണ്ട് പോവില്യാ”

ചമ്മലോടെ എഴുന്നേറ്റു പോയി കൈ കഴുകി തിരിച്ച് വന്ന ഞാനവളെ പൊക്കിയെടുത്ത് മുത്തം കൊണ്ടു മൂടി

ഞങ്ങൾ ഞങ്ങളെ അറിഞ്ഞ നിമിഷം

ഞാനവളെ എന്തുമാത്രം സ്നേഹിക്കുന്നു എന്ന് അന്നെനിക്ക് മനസ്സിലായി

കളള കർക്കടകത്തിലെ തോരാമഴയിൽ അവളെയങ്ങനെ കെട്ടി പിടിച്ചു കിടക്കും

“പെണ്ണെ എനിക്കു തണുക്കുന്നു എന്നു പറഞ്ഞ് ഞാനവളെ നെഞ്ചോട് ചേർത്തു ഒന്നു കൂടി അണച്ചു പിടിക്കും

പ്രാവ് കുറുകുന്നതു പോലെ മെല്ലെയവൾ മൊഴിയും

” വിട് ചെക്കാ രാവിലെ എഴുന്നേൽക്കണം..പിടിപ്പത് പണിയുണ്ട്..അമ്മക്ക് വയ്യാതെ ഇരിക്കുവാ..എനിക്ക് വെളുപ്പിനെ എഴുന്നേൽക്കണം”

അങ്ങനെ പറഞ്ഞിട്ടവൾ എന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങും

വെളുപ്പിനെ രാമായണ ശീലുകൾ കേൾക്കുമ്പോൾ തന്നെ ജീവന്റെ പാതി ഉണരും

എന്നെ തട്ടി വിളിക്കുമ്പോൾ ഞാനവളെ പിടിച്ചു കിടക്കയിലേക്ക് വലിച്ചിടും

പെണ്ണെ എനിക്കിങ്ങനെ കെട്ടി പിടിച്ച് കുറച്ചു നേരം കൂടി കിടക്കണം

എന്നെ തളളി മാറ്റിയിട്ടവൾ അടുക്കളിയിലേക്ക് ഓടും

കുളിച്ചീറനണിഞ്ഞ് വന്നിട്ടവൾ ചൂടുള്ള കട്ടൻ ചായ പകർന്നു നൽകും

“ചായ കുടിച്ചിട്ട് എന്റെ നല്ല കുട്ടി വേഗം എഴുന്നേറ്റ് കുളിച്ചിട്ട് വാ..ഞാൻ നിലവിളക്ക് തെളിയിക്കാം..നമുക്കൊന്നിച്ച് രാമായണ ശീലുകൾ ചൊല്ലണം”

അവൾ പോയി കഴിയുമ്പോൾ മൂടി പുതച്ച് ഉറങ്ങുന്ന എന്റെ തലയിൽ ഒരു കുടം വെള്ളം കമഴ്ത്തീട്ട് ഓടിക്കളയും

രക്ഷയില്ലാതെ കുളി കഴിഞ്ഞ് വന്ന് ചമ്രവട്ടമിരുന്നു കെട്ടിയോൾടെ കൂടെ രാമനാമം ജപിക്കും

എല്ലാം കഴിഞ്ഞ് ഓഫീസിലേക്ക് യാത്രയാകുമ്പോൾ എന്തെല്ലാം എടുക്കണമെന്നവൾ ഓർമിപ്പിക്കും

വാഴയില വെട്ടി ചൂട് ചോറും കറിയും വിളമ്പി പൊതി കെട്ടിക്കൊണ്ട് വന്നു വെക്കും

“ഏട്ടാ മുഴുവനും കഴിക്കണേ..ആഹാരം പാഴാക്കരുതേ.. ഏട്ടൻ വിയർത്ത് ഉണ്ടാക്കുന്ന കാശാണെന്ന് ഓർമ്മ വേണം”

എന്നു പറഞ്ഞൊരു ഉപദേശവും തരും

ഇടുവാനുളള തുണികക്കെല്ലാം ഇസ്തിരിയിട്ടിട്ട് കൊണ്ടു വന്നു തരും

ഷർട്ടിന്റെ ബട്ടൻ ഇട്ടു തന്നിട്ട് എന്റെ മുടി ചീകിയവൾ ഒതുക്കും

“എന്റെ ഏട്ടൻ ചെക്കൻ മുടി ഇങ്ങനെ ചീകുമ്പോൾ കാണാൻ സുന്ദരനാണ്”

ഇന്ന് വൈകുന്നേരം കുറച്ചു നേരത്തെ വരണം ..നമുക്ക് വെളിയിൽ വരെയൊന്ന് പോകണം

വൈകുന്നേരം പലപ്പോഴും വാക്ക് പാലിക്കാനെനിക്ക് കഴിഞ്ഞട്ടില്ല

അതിന്റെ പരിഭവുമവൾ ഇന്ന് വരെ പറഞ്ഞട്ടുമില്ല

അവൾക്കായി സമ്മാനങ്ങൾ വാങ്ങി നൽകുമ്പോളവൾ എന്നെ വഴക്ക് പറയും

“കാശ് ഇങ്ങനെ ചിലവഴിക്കരുത്..ആവശ്യത്തിനു ഉളളതൊക്കെ എനിക്ക് ഇവിടെ ഉണ്ട്..എനിക്കെന്റെ ഏട്ടന്റെ നിറഞ്ഞ സ്നേഹം മാത്രം മതി ഈ ജന്മം ജീവിച്ചു തീർക്കുവാൻ”

അത് പറയുമ്പോൾ അവളുടെ കണ്ണ് നിറയും

നല്ല പാതിയെ കെട്ടി പിടിച്ചു ചുണ്ടിലൊരു മുത്തം കൊടുക്കുമ്പോൾ ആത്മ നിർവൃതിയോടെ അവൾ എന്നോട് ചേർന്ന് നിൽക്കും

ഇടക്കിടെ എന്റെ പോക്കറ്റ് തപ്പി പൈസ അടിച്ചു മാറ്റുന്നത് ഞാൻ കണ്ടില്ലെന്ന് നടിക്കും

എന്റെ കയ്യിൽ മാസാവസാനം ഒന്നുമില്ലാതെ വരുമ്പോൾ സ്വരുക്കൂട്ടി വെച്ച പണമവൾ നല്ലൊരു തുകയായി അവൾ എനിക്ക് തിരിച്ച് നൽകും

അന്നു രാത്രിയിൽ കിടക്കുമ്പോൾ അവൾ പറഞ്ഞു

“നാളെ ഞായറാഴ്ച ആണ് ക്ഷേത്രത്തിൽ നമുക്കൊരുമിച്ച് പോകണം

രാവിലെ തന്നെ അമ്പലത്തിൽ പോയി എനിക്കായി അവൾ അർച്ചന നടത്തി പ്രാർത്ഥിച്ചു

രാവിലെ തന്നെ എനിക്കിഷ്ടപ്പെട്ട ഗോതമ്പ് പുട്ടും മുട്ടക്കറിയും ഉണ്ടാക്കി നൽകി

ഉച്ചക്ക് പായസം കൂട്ടി വിഭവ സമൃദ്ധമായ ഊണും നൽകി

പിന്നെയവൾ എനിക്കായി ഒരു ജോഡി ഡ്രസ്സും നൽകി

അത്ഭുതപ്പെട്ട എന്നെ നോക്കിയവൾ പറഞ്ഞു

” എപ്പോഴും എന്റെ ഏട്ടനല്ലെ എനിക്ക് സമ്മാനം തരുന്നെ..ഇന്ന് ഞാനെന്റെ ഏട്ടനു സമ്മാനം നൽകി..ഒരുപാട് നാൾ കൊണ്ട് കൊതിക്കുന്നത് ആണ് ഏട്ടൻ ചെറുക്കനു എന്തെങ്കിലും വാങ്ങി തരണമെന്ന്”

സന്തോഷം കൊണ്ടവളെ വാരി പുണരുമ്പോൾ അവളെന്റെ കാതിൽ മൊഴിഞ്ഞു

“സർപ്രൈസ് തീർന്നട്ടില്ലാ ട്ടൊ..ഇനി കേക്ക് കൂടി മുറിക്കണം..എന്റെ ചെക്കാ ഇന്നാണു നിന്റെ പിറന്നാൾ.. ഏട്ടൻ ചെക്കൻ മറന്നു പോയെന്ന് എനിക്കറിയാം..എനിക്കങ്ങനെ മറക്കാൻ പറ്റുമോ”

എന്റെ ഓരോ കാര്യങ്ങളിലും ശ്രദ്ധ പുലർത്തുന്ന ജീവന്റെ പാതിയെ ചേർത്തു പിടിച്ചു മൂർദ്ധാവിലൊരു ചുംബനമേകി

ഒന്നു കൂടിയവൾ എന്നിലേക്ക് ചേർന്ന് നിന്നു

“,ഇങ്ങനെ നിന്നാൽ മതിയോ രണ്ടാളും കേക്ക് മുറിക്കണ്ടെ..അമ്മയുടെ ചോദ്യം ഞങ്ങളെ ഉണർത്തി

നാണത്തോടെ കൃത്രിമ ദേഷ്യത്തോടു കൂടിയവൾ എന്നെ നോക്കി മന്ത്രിച്ചു

“പോടാ കളളച്ചെറുക്കാ” ശുഭം കൂടുതൽ കഥകൾക്ക് ഈ പേജ് LIKE ചെയ്യൂ…

രചന: സുധീ മുട്ടം

Leave a Reply

Your email address will not be published. Required fields are marked *