വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 21 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

എന്റെ അടുത്തേക്ക് പാഞ്ഞു വരുന്ന വാഹനം കണ്ട് അനങ്ങാൻ പോലും കഴിയാതെ ഞാൻ നിന്നു….

പേടി കൊണ്ട് ഞാൻ എന്റെ കണ്ണുകൾ ഇറുക്കി അടച്ചു…

പക്ഷേ, നിമിഷനേരം കൊണ്ട് ആരോ എന്നെയും കൊണ്ട് നിലത്തേക്ക് വീഴുന്നതും ഒരു ഇരമ്പൽ ശബ്ദത്തോടെ ആ വാഹനം അകന്നു പോകുന്നതും ഞാൻ അറിഞ്ഞു….

രണ്ട് മൂന്ന് മിനിറ്റുകൾ കടന്നു പോയെങ്കിലും പേടി നിമിത്തം എനിക്ക് കണ്ണുകൾ തുറക്കാനായില്ല…

എങ്കിലും നെറ്റിയിൽ നിന്നും ഒരു കൊഴുത്ത ദ്രാവകം ഒലിച്ചിറങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു,കൂടാതെ പരിഭ്രമത്തോടെയുളള പ്രണവേട്ടന്റെ ശബ്ദവും ഒരു ഗുഹയിലൂടെയെന്ന പോലെ എന്നിൽ പ്രതിദ്ധ്വനിച്ചുക്കൊണ്ടിരുന്നു…..

*****

കണ്ണുകൾ തുറക്കുമ്പോൾ ഞാൻ പ്രണവേട്ടന്റെ റൂമിലായിരുന്നു….!!!

എന്റെ അടുത്തായി കണ്ണിമ ചിമ്മാതെ തന്നെ പ്രണവേട്ടനും ഉണ്ടായിരുന്നു….

പ്രണവേട്ടന്റെ കെെയ്യിലെ മുറിവിന്റെ കെട്ട് കണ്ടു പരിഭ്രമത്തോടെ എഴുന്നേൽക്കുമ്പോളാണ് മുന്നിലെ കബോർഡിന്റെ കണ്ണാടിയിലൂടെ തലയിൽ ഒരു വലിയ കെട്ടുമായിരിക്കുന്ന എന്റെ തന്നെ പ്രതിബിംബം ഞാൻ കാണുന്നത്….

ആ വാഹനത്തിന്റെ അടുത്ത് നിന്നും ഒഴിഞ്ഞു മാറിയപ്പോൾ സംഭവിച്ചതായിരിക്കാം ഈ പരുക്കുകളൊക്കെ…!!!

ഏൽക്കാൻ ശ്രമീച്ച എന്നെ പ്രണവേട്ടൻ തന്നെ താങ്ങി പിടിച്ചു കട്ടിലിൽ ഇരുത്തി…

കുടിക്കാനായി ഒരു ഗ്ലാസ്സ് വെളളവും തന്നു….

അപ്പോളോക്കെയും എന്റെ നോട്ടം പ്രണവേട്ടന്റെ കെെയ്യിലെ മുറിവിലേക്കായിരുന്നു…

ഞാൻ കാരണം പ്രണവേട്ടന് പരിക്കേറ്റതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി..

“സോറി” പറയാനായി ഞാൻ വാ തുറന്നതും പ്രണവേട്ടൻ എന്റെ വാ പൊത്തി കൊണ്ട് ചോദിച്ചു…

“ആരായിരുന്നു അവർ…?

എന്തിനാ അവർ നിന്നെ കൊല്ലാൻ ശ്രമിച്ചത്…??”

പ്രണവേട്ടൻ എന്നോട് അങ്ങനെ ചോദിച്ചതും ഇത്രയും നാൾ അടക്കി വെച്ചിരുന്ന കണ്ണുനീർ പുറത്തേക്ക് വന്നു…

ധ്രുവിനെ കണ്ടത് മുതൽ കല്ല്യാണം മുടങ്ങിയതും സാനിയയുമായുളള വിവാഹവും ബാംഗ്ലൂരിൽ വെച്ച് നടന്ന റേപ്പ് അറ്റെംപ്ന്റ് അതിന്റെ ഭാഗമായിരുന്നെന്നും വസുന്ധരാ ദേവിയെ പറ്റിയുളള എന്റെ സംശയവും ഒക്കെ ഞാൻ പ്രണവേട്ടനോട് തുറന്നു പറഞ്ഞു…..

“ആദർശ് സാർ, വസുന്ധരാ ദേവിയുടെ ലോക്കെഷൻ ട്രെയ്സ് ചെയ്തിട്ടുണ്ട്..

നാളെ എന്നെയും ലച്ചുവിനെയും കൂട്ടി അവിടേക്ക് പോകാം എന്നു പറഞ്ഞിട്ടുണ്ട്…

എന്റെ ഒപ്പം ഒരു ധെെര്യത്തിന് വരുമോ…???”

എല്ലാം കേട്ടു കഴിഞ്ഞിട്ടും നിശ്ശബ്ദനായിരിക്കുന്ന പ്രണവേട്ടനോട് ഞാൻ ചോദിച്ചു….

പക്ഷേ, അല്പ നേരത്തെ മൗനത്തിന് ശേഷമുളള പ്രണവേട്ടന്റെ മറുപടി എന്നെ തീർത്തും നിരാശപ്പെടുത്തി…

“വെെശൂ…I am really sorry…ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും…

പക്ഷേ, നാളെ എനിക്ക് അച്ചുവിന്റെ ഒപ്പം ഒരു സ്ഥലം വരെ പോകണം…

ഒഴിവാക്കാൻ പറ്റില്ല….

Really sorry….!!”

എന്റെ ജീവൻ അപകത്തിലാണെന്ന് അറിഞ്ഞിട്ടും ഒപ്പം വരാതെ അച്ചുവിന്റെ ഒപ്പം പോകുകയാണെന്ന് പ്രണവേട്ടൻ പറഞ്ഞപ്പോൾ പ്രണവേട്ടന്റെ മനസ്സിൽ അവളെക്കാൾ എന്റെ സ്ഥാനം എത്രയോ ചെറുതാണെന്ന് ഞാൻ വേദനയോടെ ഒാർത്തു…

എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന പ്രണവേട്ടന് മുന്നിൽ ഞാൻ എന്റെ വിഷമം മറച്ചു വെച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു…

“സാരമില്ല പ്രണവേട്ടാ…

അവരൊക്കെയുണ്ടലോ…

I will manage….!!!”

പിന്നെ എനിക്ക് പ്രണവേട്ടന്റെ ഒപ്പം ഇരിക്കാൻ തോന്നിയില്ല…

എങ്ങനെ ഒക്കെയോ ഏഴുന്നേറ്റു പുറത്തേക്ക് നടന്നു…

വാതിൽക്കൽ തന്നെ ആ പൂതന നിൽപ്പുണ്ടായിരുന്നു..

എന്നെ നോക്കി നിന്ന അവളെ കണ്ടില്ലെന്ന് നടിച്ചു ഞാൻ ഒരു വിധം താഴേക്ക് നടന്നു…

അവൾക്ക് നേരെ ഒരു നോട്ടം എങ്കിലും നോക്കാമെന്ന് എന്റെ മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്തിയെങ്കിലും ഞാൻ എന്നോട് തന്നെ പറഞ്ഞു…

ഭർത്താവിന് തന്നെക്കാൾ അടുപ്പം മറ്റൊരു സ്ത്രീയോടാണെന്ന് അറിഞ്ഞിട്ടും അവൾക്ക് നേരെ പുഞ്ചിരിക്കാൻ ഞാൻ കണ്ണുനീർ സീരിയലിലെ നായിക അല്ല…

ഒരു സാധാരണ സ്ത്രീയാണ്…

എനിക്ക് വെറുപ്പും ദേഷ്യവും പോലെയുളള മാനുഷിക വികാരങ്ങളുണ്ട്…

മറ്റുളളവർ എനിക്ക് എന്ത് നൽകുന്നുവോ,അത് തിരിച്ചു നൽകുവാനാണ് വിദ്യാഭ്യാസം എന്നെ പഠിപ്പിച്ചിരിക്കുന്നത്…

നിന്റെ സഹായമോ സ്നേഹമോ ആർക്കു വേണോ അവർക്ക് മാത്രം അത് നൽകുക..

അല്ലാത്ത പക്ഷം അവർ നൽകുന്ന പ്രതിഫലം വേദന മാത്രമായിരിക്കും…!!

അല്ലാതെ എല്ലാവർക്കും മുന്നിൽ ചിരിച്ചു കൊണ്ട് അഭിനയിക്കാൻ ഇത് കഥയല്ല…

സൗഹൃദം തെറ്റാണെന്നല്ല..

പക്ഷേ,എല്ലാത്തിനും ഒരു പരിധിയുണ്ട്…!!

ഞാൻ സ്വയം ന്യായീകരിച്ചുകൊണ്ടിരുന്നു…

(ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ..)

താഴെ ഹാളിൽ എല്ലാവർക്കുമൊപ്പം പപ്പയും അമ്മയും അമ്മാവനും അമ്മായിയും ലച്ചുവും ഉണ്ടായിരുന്നു…!!

എന്റെ അവസ്ഥ അറിഞ്ഞു അവർക്ക് വീട്ടിൽ ഇരിക്കാൻ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു…

ഞാൻ ഒരു ചിരിയോടെ അങ്ങോട്ട് ചെന്നു…

എന്നെ കണ്ടതും അവർ എന്റെ അടുത്തേക്ക് ഒാടി വന്നു..

എല്ലാവരുടെ കണ്ണിലും നീർത്തിളക്കം…!!

ഞാൻ അവരോട് ചിരിയോടെ പറഞ്ഞു..

“സന്തോഷം കൊണ്ട് കണ്ണു കാണാതായി…

കണ്ണു കാണാത്തത് കൊണ്ട് റോഡ് ക്രോസ് ചെയ്തപ്പോൾ എതിരെ വന്ന വണ്ടി കണ്ടില്ല…

നിസ്സാരം…!!!!!”

ഞാൻ പിന്നെയും ഒാരോന്നു പറഞ്ഞെങ്കിലും അവരുടെ ആരുടെയും മുഖം തെളിഞ്ഞില്ല…

അവരുടെ നിർബന്ധ പ്രകാരം എന്നെ എന്റെ വീട്ടിലേക്ക് അയക്കാൻ പ്രണവേട്ടന്റെ അച്ഛനും അമ്മയും സമ്മതിച്ചു..

അർച്ചന ഉളള വീട്ടിൽ നിൽക്കാൻ എനിക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നു….!!

വീട്ടിൽ വന്ന ഉടനെ ആഹാരം കഴിച്ചതിന് ശേഷം ഞാൻ നേരെ കിടക്കയിലേക്ക് വീണു…

കുട്ടിക്കാലത്തെ എന്ന പോലെ ഇടം വലം പപ്പയും അമ്മയും ഉണ്ടായിരുന്നു…!!!

സമാധാനത്തോടെ ഞാൻ ഉറക്കത്തിലേക്ക് വീണു…

****

അമ്മാവന്റെ സ്വിഫ്റ്റിലായിരുന്നു ഞാനും ലച്ചുവും രാവിലെ ആദർശ് സാറിനെ കാണാൻ പോയത്…

മുറിവ് ഡ്രസ്സ് ചെയ്യാനാണെന്നാണ് വീട്ടിൽ പറഞ്ഞത്…!!!!

എനിക്ക് വയ്യാത്തതിനാൽ ലച്ചു ആയിരുന്നു ഡ്രെെവ് ചെയ്തത്…

സിറ്റിയിൽ നിന്നും മാറി അധികം തിരക്കില്ലാത്ത ഒരു സ്ഥലത്ത് നിർത്തി ഞങ്ങൾ ആദർശ് സാറിനെ കാത്തു നിന്നു…

ഇന്നലത്തെ അപകടം എന്റെ അശ്രദ്ധ മൂലമാണെന്ന് കരുതി കേറിയപ്പോൾ മുതൽ ലച്ചു ഉപദേശമായിരുന്നു…

അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു,ഇതും ഒരു കൊലപാതക ശ്രമമാണെന്ന് അറിഞ്ഞാൽ ഒരു പക്ഷേ അവൾക്ക് പിടിച്ചു നിൽക്കാനാകില്ല..

അവൾ എല്ലാം വീട്ടിൽ പറഞ്ഞു പോകും…

അത് പാടില്ല…

എനിക്ക് തന്നെ എല്ലാ സത്യങ്ങളും അറിയണം…

ഞാൻ ഒരു ഒാഫ് വെെറ്റ് കുർത്തിയും അതിന് ചേരുന്ന ഒരു ഗ്രേ കളർ ചുടിബോട്ടവുമായീരുന്നു ധരിച്ചത്…

ആദർശ് സാർ വരുന്നത് കൊണ്ടായിരിക്കും ലച്ചു സുന്ദരിയായി തന്നെ ഒരുങ്ങിയിട്ടുണ്ടായിരുന്നു…

ഒരു മഞ്ഞ കളർ അനാർക്കലിയിൽ അവൾ അതിസുന്ദരിയായിരുന്നു…

അഴിച്ചിട്ടിരിക്കുന്ന അവളുടെ മുടി ആയിരുന്നു അവളെ കൂടുതൽ സുന്ദരിയാക്കിരിക്കുന്നതെന്ന് എനിക്ക് തോന്നി…

പക്ഷേ, മുഖത്തെ പരിഭ്രമം മാത്രം ഒട്ടും ചേരുന്നില്ലായിരുന്നു..

അവൾ നല്ല ടെൻഷനിലായിരുന്നെങ്കിലും എന്റെ മനസ്സ് ആകെ ശാന്തമായിരുന്നു…

വസുന്ധരാ ദേവിയെ കാണുന്നതിലുളള ആകാംക്ഷ ഉണ്ടെങ്കിലും നെഞ്ചിൽ നിറഞ്ഞു നിന്നത് അർച്ചനയോടൊപ്പം പോയിരിക്കുന്ന പ്രണവേട്ടനെ പറ്റിയുളള അകാരണമായ പേടിയായിരുന്നു….

പ്രണവേട്ടന്റെ “വായാടി” എന്നുളള വിളി എന്റെ മനസ്സിൽ എത്തുമ്പോളോക്കെ എന്റെ ദേഹം മുഴുവൻ പൊളളി പിടഞ്ഞു….

എന്റെ ചിന്തകളെ കീറി മുറിച്ച് ഒരു ബുളളറ്റിൽ ആദർശ് സാർ എത്തി…

കൂടെ തന്നെ ആ യുവകോമളൻ ആകാശും ഉണ്ടായിരുന്നു…

ആകാശിന്റെ കണ്ണുകൾ എന്നിൽ തറയുന്നതും നെറ്റിയിലെ മുറിവിൽ ഉടക്കി നിൽക്കുന്നതും കണ്ട് ഞാൻ ആകെ അസ്വസ്ഥയായി…

റെഡ് കളർ ടീഷർട്ട് ധരിച്ച ആകാശിന് സിനിമ താരം ടോവിനോയുടെ നല്ല ഛായ ഉണ്ടായിരുന്നു…

ആ സ്റ്റെെൽ തന്നെയാണ് അയാൾക്കും…

ആദർശ് സാർ ആണെങ്കിൽ ലച്ചു ധരിച്ച ഡ്രസ്സിന് ചേരുന്നത് പോലെ ഒരു ഇളം മഞ്ഞ നിറത്തിലുളള ഫുൾസ്ലീവ് ഷർട്ടും നീല ജീൻസുമായിരുന്നു ധരിച്ചത്…

സാർ ബുളളറ്റിൽ നിന്ന് ഇറങ്ങിയതും എന്റെ സെെഡിലുളള ഡോർ തുറന്നിട്ട് ഇറങ്ങാൻ എന്നോട് പറഞ്ഞു…

ഞാൻ ലച്ചുവിനെ നോക്കിയതും അവളും കണ്ണും കൊണ്ട് ഇറങ്ങാൻ കാണിച്ചു…

പിന്നെ ഞാൻ തന്നെ ഇറങ്ങി…

ഞാൻ ഇറങ്ങിയ ഉടനെ ആദർശ് സാർ എന്നോട് ചോദിച്ചു…

“ഇന്നലെ തനിക്ക് ആക്സിഡന്റ് പറ്റിയെന്ന് ലക്ഷ്മി എന്നോട് പറഞ്ഞു…

അവൾ അത് പറഞ്ഞപ്പോളെ എനിക്ക് മനസ്സിലായി ഇതൊരു ആക്സിഡന്റ് അല്ലെന്ന്..

സത്യം പറ വെെശാഖ..

ഇതൊരു മർഡർ അറ്റെംപന്റല്ലേ…??”

ലച്ചുവിനോട് ഒന്നും പറയാതിരുന്നതിനാൽ ആ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ തലക്കുനിച്ചു…..

“വെെശാഖ,ലക്ഷ്മിയുടെ സഹോദരി എന്ന നിലയ്ക്ക് താൻ എനിക്ക് എന്റെ കുഞ്ഞനിയത്തിയാണ്…

അത് കൊണ്ട് തന്നെ തന്റെ കാര്യത്തിൽ എനിക്ക് ഒരു റിസ്ക്കെടുക്കാനാകില്ല…

ഈ കേസ് ഒാഫിഷ്യലായി തന്നെ അന്വേഷിക്കണം..

അതിനാൽ ഈ കാര്യങ്ങളെല്ലാം എനിക്ക് തന്റെ വീട്ടുക്കാരെ അറിയിക്കേണ്ടി വരും…

ഇതൊരിക്കലും തനിക്കെതിരെയുളള ഒരു ആക്രമണം ആകാൻ സാധ്യതയില്ല…

ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ശക്തമായൊരു കാരണം ഉണ്ടാകും…

അത് മിക്കവാറും തന്റെ കുടുംബത്തിനെതിരെയുളള ശത്രുതയായിരിക്കൂം…

അത് കൊണ്ട് തന്നെ ഇത് വീട്ടുക്കാരെ അറിയിക്കുന്നതാണ് നല്ലത്…!!”

സാർ അങ്ങനെ പറഞ്ഞു നിർത്തിയതും എനിക്ക് ആദ്യം ഒാർമ വന്നത് അമ്മയുടെ മുഖമാണ്..

തനിക്ക് നേരെ ഇത്രയൊക്കെ നടന്നെന്നറിഞ്ഞാൽ അമ്മ പേടിക്കും…

അത് മാത്രമല്ല; അച്ഛനും അമ്മാവനും ഇപ്പോളും ശത്രുക്കളെ ഇല്ലാതാക്കാൻ ഒരു മടിയുമില്ല…!!

തല്ലാനും കൊല്ലാനും നടന്ന ആ പഴയക്കാലത്തേക്ക് ഒരിക്കലും അവർ തിരിച്ചു പോയ്ക്കൂടാ…!!

എങ്ങനെയെങ്കിലും ആദർശ് സാറിനെ തടഞ്ഞേ പറ്റൂ….

ഞാൻ ദയനീയമായി ലച്ചുവിനെ നോക്കി..

അവളുടെ അവസ്ഥയും വിഭിന്നമായിരുന്നില്ല..

പെട്ടെന്ന് തോന്നിയൊരു ബുദ്ധിയിൽ ഞാൻ സാറിനോട് പറഞ്ഞു…

“സാർ,ഇപ്പോൾ ഇതൊക്കെ അറിഞ്ഞാൽ നിങ്ങളുടെ കല്യാണക്കാര്യം പോലും മറന്ന് അവർ ഇതിന്റെ പിറകെ ഇറങ്ങും..

മാത്രമല്ല..രണ്ട് കുടുംബങ്ങളും കൂടുതൽ ടെൻഷനാകും…

മാത്രമല്ല,ശത്രുക്കൾ കൂടുതൽ അലെർട്ടാകുകയും ചെയ്യും…

സാർ, ഇപ്പോൾ നമ്മുക്ക് വസുന്ധരാ ദേവിയെ കാണാം..

അവർ എന്താണ് പറയുന്നതെന്നറിഞ്ഞിട്ട് മാത്രം നമ്മുക്ക് വീട്ടിൽ പറയണോ വേണ്ടയോന്ന് ആലോചിക്കാം…

പ്ലീസ് സാർ….”

ആദർശ് സാർ കുറച്ചു നേരം മൗനം പാലിച്ചതിന് ശേഷം സമ്മതിച്ചു…

“വെെശാഖ,ഞാൻ വെറും ഒരു പോലീസ് ഉദ്യോഗസ്ഥൻ മാത്രമല്ല,തന്റെ ചേച്ചിയുടെ ഭാവിഭർത്താവ് കൂടിയാണ്..

അത് കൊണ്ട് ഇനി എന്നെ എന്റെ കുഞ്ഞ് അനിയത്തി “ചേട്ടായി” എന്ന് വിളിച്ചാൽ മതി കേട്ടോ…?”

മനസ്സ് നിറഞ്ഞ ഒരു ചിരി പകരം നൽകി ഞാൻ അത് സമ്മതിച്ചു…

തുടർന്ന് ആരോയെ വിളിക്കാനായി ആദർശ് ചേട്ടായി കുറച്ചു മാറി നിന്നു..

ആ സമയം ആകാശ് ഞങ്ങളുടെ അടുത്തേക്ക് വന്നു…

ലച്ചുവിനെ അയാൾ

“ചേട്ടത്തി അമ്മേ…”

എന്നു വിളിച്ചതും ലച്ചുവിന്റെ മുഖത്ത് ചെറിയൊരു നാണം പ്രത്യക്ഷപ്പെട്ടു…

അത് കണ്ടു ഞാനും ആകാശും അറിയാതെ ചിരിച്ചു പോയി….

“തലയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട് വെെശാഖ…??”

ആകാശ് അങ്ങനെ ചോദിച്ചതും ഞാൻ കുറവുണ്ടെന്ന് പറഞ്ഞു….

“എന്താടോ ഞാൻ ചോദിക്കുമ്പോൾ മാത്രം തനിക്ക് മറുപടി പറയാനൊരു മടി…??

അല്ലാത്തപ്പോളൊക്കെ എപ്പോഴും സംസാരമല്ലേ…??

ഹും…എന്നെ പേടിയാണോ തനിക്ക്…??”

അയാൾ ചോദിച്ചതിന് ഒന്നും മറുപടി പറയാനാകാതെ ഞാൻ ലച്ചുവിനെ നോക്കി…

അപ്പോൾ അയാൾ ലച്ചുവിനോടായി പറഞ്ഞു…

“എന്റെ ചേട്ടത്തി അമ്മേ…

സോറി എനിക്ക് ഏടത്തിയേക്കാൾ പ്രായമുണ്ട് കേട്ടോ..

പക്ഷേ, ബഹുമാനം കൊണ്ട് വിളിക്കുന്നതാ..

അത്ര ഇഷ്ടമാ എനിക്ക് എന്റെ ചേട്ടച്ചാരേ…

പിന്നെയുണ്ടല്ലോ ഞാൻ ആണ് ചേട്ടത്തിയെ പുളളിയ്ക്ക് കാണിച്ചു കൊടുത്ത് ആ കഠിനഹൃദയത്തിൽ ചേട്ടത്തിയെ പ്രതീഷ്ഠിച്ചത് കേട്ടോ..

ആ കഥ പിന്നെ പറയാം കേട്ടോ…

പിന്നെ ഈ സ്മരണ ഒക്കെ എന്റെ കാര്യം വരുമ്പോൾ കാണിക്കണം കേട്ടോ…

പിന്നെ ഇയാളോട് ഞാൻ പിടിച്ചു തിന്നത്തൊന്നുമില്ലെന്ന് ഒന്ന് പറഞ്ഞേക്കണം…!!!”

എന്നെ നോക്കി ആകാശ് അത് പറഞ്ഞു നിർത്തിയപ്പോൾ ഞാനും ലച്ചുവും കഥയറിയാതെ പരസ്പരം നോക്കി…

ആ സമയം കൊണ്ട് ആദർശ് ചേട്ടായി ഫോൺ വിളി കഴിഞ്ഞ് വന്നു…

“ഇനി ഞാൻ പറയുന്നത് എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം…

നമ്മൾ ചെല്ലുന്ന സ്ഥലത്തെ പറ്റി ആർക്കും വ്യക്തമായൊരു ധാരണ ഇല്ല…

അത് കൊണ്ട് നമ്മൾ കുറച്ചു മുൻകരുതൽ എടുത്തേ മതിയാകൂ…

നമ്മൾ നാലു പേരും കൂടി ഈ കാറിൽ അങ്ങോട്ട് പോകും…

എന്റെ ബുളളറ്റിൽ എന്റെ ഒരു ക്ലോസ്സ് ഫ്രണ്ടും ഇവിടുത്തെ SIയുമായ സൂദീപ് നമ്മളെ ഫോളോ ചെയ്യും…

നമ്മൾ അകത്ത് കയറുമ്പോൾ വീടിന് പുറത്തായി പെട്ടെന്ന് ആരുടെയും ശ്രദ്ധ കിട്ടാത്തിടത്ത് സുദീപ് നിൽക്കും…

പിന്നെ ഇത് കോളീങ് അലെർട്ട് ഇൻസ്റ്റാൾ ചെയ്ത ഒരു ഡീവെെസാണ്..

കാഴ്ച്ചയിൽ ഫോൺ പോലെയിരിക്കുന്ന ഈ ഡീവെെസ് ലക്ഷ്മി സൂക്ഷിക്കണം..

അവിടെ ആരൊക്കെയുണ്ടാകുമെന്ന് അറിയില്ല,..

പക്ഷേ,വെെശാഖയിലും ഞങ്ങൾ രണ്ട് പേരിലും ആയിരിക്കും അവിടെ ഉളളവരുടെ ശ്രദ്ധ…

So,ഇത് ഒാപ്പേറെറ്റ് ചെയ്യാൻ ലക്ഷ്മിക്കായിരിക്കും കൂടുതൽ സൗകര്യം..

ഇതിൽ ഏത് ബട്ടണിൽ അമർത്തിയാലും വെളിയിൽ കാത്ത് നിൽക്കുന്ന സുദീപിന്റെ ഫോണിലും 3 കിലോമീറ്റർ അകലെയുളള പോലീസ് സ്റ്റേഷനിലും മെസ്സേജ് ചെല്ലും..

എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടനെ ഇത് ഉപയോഗിക്കണം..കേട്ടല്ലോ..?”

ആ ഡിവെെസ് ലക്ഷിയുടെ കെെയ്യിൽ കൊടുത്തിട്ട് വീണ്ടും അദ്ദേഹം തുടർന്നു…

“ഒന്നു കൊണ്ടും നിങ്ങൾ ഒട്ടും പേടിക്കണ്ട…

ഒന്ന് സൂക്ഷിച്ചാൽ മാത്രം മതി..

പിന്നെ,ഞാൻ വീണു പോയാലും..ദേ.. ഈ ആകാശ് ഉണ്ടല്ലോ..

ഇവൻ നോക്കിക്കോളും…

ഇവനെ കരാട്ടെ ബ്ലാക്ക്ബെൽറ്റാ…!!”

ഒരു ചിരിയോടെ ആദർശേട്ടൻ അങ്ങനെ പറഞ്ഞതും ഞങ്ങൾക്ക് ആശ്വാസമായി…

പക്ഷേ, അപ്പോഴും എന്നെ നോക്കി നിൽക്കുന്ന ആകാശിന്റെ കണ്ണുകൾ എന്നിൽ അസ്വസ്ഥത നിറച്ചു…

*****

ആദർശേട്ടന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആകാശായിരുന്നു കാർ ഒാടിച്ചത്…

പിറകിലൂടെ ബുളളറ്റിൽ ഞങ്ങളെ ആദർശേട്ടൻ പറഞ്ഞത് പോലെ ഒരാൾ പിന്തുടരുന്നുണ്ടായിരുന്നു…..!!

ഞാനും ലച്ചുവും പിറകിലാണ് ഇരുന്നത്,ലച്ചു വല്ലാതെ ടെൻഷനടിക്കുന്നതും പ്രാർത്ഥിക്കുന്നതും കണ്ട് എന്നിലും ചെറുതായി ഒരു ഭയം നിറഞ്ഞു….

ഏകദേശം 15 മിനിറ്റത്തെ യാത്രക്കൊടുവിൽ ഞങ്ങൾ ആൾത്താമസം തീരെയില്ലാത്ത,ഇരുവഴിയിലും ഏലത്തോട്ടങ്ങളാൽ നിറഞ്ഞ ഒരു വഴിയിലേക്ക് കയറി…

അല്പ ദൂരം പിന്നിട്ട ശേഷം ആദർശേട്ടന്റെ നിർദ്ദേശ പ്രകാരം വണ്ടി നിർത്തുകയും പിറകിലായി ബുളളറ്റിൽ വന്ന ആളോട് എന്തോ ആംഗ്യം കാണിക്കുകയും അയാളെ അവിടെ നിർത്തിയതിന് ശേഷം ഞങ്ങൾ യാത്ര തുടരുകയും ചെയ്തു…!!

രണ്ട് മിനിറ്റ് വേണ്ടി വന്നില്ല,അതിന് മുൻപായി ഒരു ഒാടിട്ട ചെറിയ വീടിന് മുൻപിലായി വണ്ടി നിന്നു..

ആദ്യം ആദർശേട്ടനും ആകാശും ഇറങ്ങി പരിസരം നീരിക്ഷിച്ചതിന് ശേഷം അവർ ഇറങ്ങാൻ പറഞ്ഞപ്പോൾ ഞാനും ലച്ചുവും ഇറങ്ങി…

ഇരു വശങ്ങളിലും കല്ലു കൊണ്ട് മതിൽ തീർത്തു പൊക്കി അവിടെ റബ്ബർ നട്ടിരിക്കുന്നു…

ചുറ്റും മരങ്ങളാൽ നിറഞ്ഞു നിൽക്കുന്നതിനാൽ ആ വീട് ആകെ ഒരു ഇരുട്ട് മൂടിയിരുന്നു…

പക്ഷേ, വീടും പരിസരവും വൃത്തിയായി തന്നെ സൂക്ഷിച്ചിരിക്കുന്നുണ്ട്…

മുറ്റത്ത് ചൂലിന്റെ തെളിഞ്ഞ പാടുകൾക്ക് ഇപ്പോളും മങ്ങലേറ്റിട്ടില്ല…!!

ചെറിയ തിണ്ണയുളള ഒരു ഒാടിട്ട ചെറിയ വീടായിരുന്നു അത്…

ആരെയും പുറത്ത് കാണാത്തത് കൊണ്ട് ഞങ്ങൾ പുറത്ത് തന്നെ നിന്നു…

പെട്ടെന്നാണ് കുറച്ചു ഒാലമടലുകളുമായി മുഷിഞ്ഞ സാരിയുടുത്ത ഒരു സ്ത്രീ മുന്നോട്ട് വന്നത്,

വിറക് തിണ്ണയുടെ ഒരു വശത്തേക്ക് വെച്ചിട്ട്,അവർ അകത്തേക്ക് വിളിച്ചു പറഞ്ഞു,

“മോളെ ഒരു ഗ്ലാസ് വെളളം..”

ആ മുഷിഞ്ഞ സാരി തലപ്പു കൊണ്ട് മുഖം തുടച്ചു അവർ മുന്നിലേക്ക് വന്നതും ഞങ്ങൾ ഞെട്ടി പോയി…

വസുന്ധരാ ദേവി…!!!

ആരെ തിരക്കിയാണോ ഞങ്ങൾ ഇവിടെ വന്നത്..അവർ ഇതാ ഇങ്ങനെ ഒരു വേഷത്തിൽ…

പട്ടു വസ്ത്രങ്ങളുടുത്ത് ധാരാളം ആഭരണങ്ങൾ ധരിച്ച് മാത്രം കണ്ടിരുന്ന അവർ ഇങ്ങനെയൊരു നിറം കെട്ട മുഷിഞ്ഞ സാരിയുടുത്ത്…

വിശ്വസിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല…

അപ്പോഴേക്കും അവരും ഞങ്ങളെ കണ്ടിരുന്നു…!!!

രക്തപ്രസാദമില്ലാതെ വിളറി വെളുത്ത് നിൽക്കുന്ന അവരെ കണ്ട് ഞങ്ങൾക്ക് ഒന്നും പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല…

അപ്പോളേക്കും അവരെ പോലെ തന്നെ കരി പിടിച്ചൊരു സാരി ഉടുത്ത്,കെെയ്യിൽ ഒരു മൊന്തയുമായി സാനിയയും അകത്തേക്ക് വന്നു…

വെളുത്ത് തുടുത്തിരുന്ന അവളുടെ കവിൾത്തടങ്ങളിൽ കരി പുരണ്ടിരുന്നു…!!

ഞങ്ങളെ കണ്ടതും പെട്ടെന്ന് അവളുടെ കെെയ്യിൽ നിന്നും മൊന്ത താഴെക്ക് വീണു…

മൊന്തയിൽ നിന്നും തെറിച്ചൂ വീണ വെളളം ആ തറയിലാകെ പടരുന്നതും, നിലത്തിഴഞ്ഞു കിടക്കുന്ന അവളുടെ മുഷിഞ്ഞ സാരിയിൽ ആ വെളളം പുരണ്ടു സാരി വീണ്ടും നിറം കെടുന്നതും ഞാൻ കണ്ടു…

അവളും ആകെ പരിഭ്രമിച്ച് നിൽക്കുകയാണ്…!!!

അപ്പോഴെക്കും ശബ്ദം കേട്ടിട്ടാവണം അകത്ത് നിന്നും മുടിയും താടിയും വളർന്ന്..

ഒരു കാവി മുണ്ടും നരച്ച ഷർട്ടും ധരിച്ച് അയാൾ ഇറങ്ങി വന്നു….

അയാൾ….

ധ്രൂവ്…..!!!!

എന്നെ കണ്ടതും ആ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു….!!!!! വലിയ പാർട്ട് ആണേ, ലൈക്ക് കമന്റ് ചെയ്യണേ…

(തുടരും)

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *