ചെമ്പകം തുടർക്കഥ ഭാഗം 17 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

കിച്ചേട്ടന്റെ നിശ്വാസം എന്റെ പിൻകഴുത്തിലേക്ക് പതിച്ചത് ഉയർന്ന ശ്വാസഗതിയോടെ ഞാൻ അറിഞ്ഞു തുടങ്ങി…പിൻ കഴുത്തിൽ നിന്നും ആ മുഖം പതിയെ എന്റെ കാതോരം ചേർത്ത് ഒരുകൈ ഇടുപ്പിലൂടെ തെന്നിനീക്കി എന്റെ അണിവയറിലേക്ക് അമർന്നു…. പെട്ടെന്ന് ഞാനൊരു പിടച്ചിലോടെ കിച്ചേട്ടന് നേരെ തിരിഞ്ഞുനിന്നു….

എന്നെ വീണ്ടും വഴിതെറ്റിക്കാനാണോ ഈ red colour സാരി തന്നെ ഉടുത്തത്….???

അത് കേട്ടതും പാർട്ടിയില് ഡാൻസ് ഫ്ലോറില് നടന്ന സംഭവങ്ങൾ ഞാനൊന്ന് ഓർത്തെടുത്തു…ചുണ്ടില് ചെറിയൊരു പുഞ്ചിരി മൊട്ടിടാൻ അധികം സമയം വേണ്ടി വന്നില്ല… അപ്പോഴും കിച്ചേട്ടന്റെ കൈ എന്റെ ഇടുപ്പിൽ തന്നെ ചേർത്തു പിടിച്ചിരിക്ക്യായിരുന്നു….

അതേ…ഈ കൈ ഇപ്പോ ഇവിടുന്നെടുത്തേ.. എന്നിട്ടെന്നോട് സംസാരിച്ചാ മതി…ഈ ഡോക്ടറിനെ എനിക്കത്ര വിശ്വാസമില്ല….!!

ഇടുപ്പിലമർന്നിരുന്ന കിച്ചേട്ടന്റെ കൈ ഞാൻ ബലം പ്രയോഗിച്ച് മാറ്റാൻ നോക്കും തോറും ഒരു കള്ളച്ചിരിയും മുഖത്ത് ഫിറ്റ് ചെയ്ത് കിച്ചേട്ടൻ എന്റെ നേർക്ക് തന്നെ വന്നു…കൈ മാറ്റാൻ ശ്രമിച്ച ഞാൻ പിന്നെ അടുത്തേക്ക് വരാണ്ടിരിക്കാനായി നെഞ്ചിൽ തടഞ്ഞ് നിർത്തേണ്ടി വന്നു…. അപ്പോഴും ഇടുപ്പിൽ കൈ ചേർത്ത് കിച്ചേട്ടൻ എന്റെ നേർക്ക് തന്നെ നടക്കുന്നുണ്ടായിരുന്നു…. ഒടുവിൽ കട്ടിലിന്റെ മേൽപ്പടിയിൽ തട്ടിനിന്നതും ഞാൻ പിറകിലേക്കും കിച്ചേട്ടന്റെ മുഖത്തേക്കും മാറി മാറി നോക്കി….

ന്താണ് അമ്മാളൂട്ടീ പേടിയാ എന്നെ….???

ഞാനതുകേട്ട് ഒരു പേടിയോടും ചെറിയൊരു നാണത്തോടും നിന്നു…

എന്തിനാ അമ്മാളൂട്ടീ നീ ഇപ്പോഴും എന്നെ ഇത്ര പേടിക്കുന്നേ…???? ഇങ്ങനെ തുടങ്ങിയാ എന്റെ കാര്യം കഷ്ടാവുംട്ടോ….!!!

കിച്ചേട്ടന്റെ കണ്ണുകൾ എന്റെ കണ്ണിനെ ലക്ഷ്യം വച്ച് തന്നെയായിരുന്നു അത്രയും പറഞ്ഞത്…

അതൊക്കെ പോട്ടെ…ഇന്നലെ എന്ത് പറ്റിയിട്ടാ അങ്ങനെ ടെൻഷനായത്…എന്തിനാ എന്റമ്മാളൂട്ടി അങ്ങനെ കരഞ്ഞത്….???

കിച്ചേട്ടൻ അങ്ങനെ ചോദിച്ചതും തലേന്ന് നടന്ന സംഭവങ്ങളെല്ലാം ഞാനൊന്ന് ഓർത്തെടുത്ത് ഉള്ളിലടക്കിയ വിങ്ങലോടെ കിച്ചേട്ടന്റെ നെഞ്ചിലേക്ക് വീണു…

ഏയ്…അമ്മാളൂട്ടീ….എന്താ… എന്തിനാ കരയണേ…

ഞാനതു കേട്ട് കിച്ചേട്ടനിലുള്ള പിടിമുറുക്കി ആ നെഞ്ചിലേക്ക് ഒതുങ്ങിക്കൂടി…കണ്ണീര് കവിളിലേക്ക് ചാല് തീർത്ത് ഒഴുകുന്നുണ്ടായിരുന്നു…

ok…ok… relax…relax.. ഒന്നൂല്ല…വേണ്ട കരയണ്ട…!!! കിച്ചേട്ടൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു… അതുവരെയും എല്ലാ പ്രതിസന്ധികളേയും ധൈര്യമായി നേരിട്ടിരുന്ന ഞാൻ ആകെ തളർന്നു പോയിരുന്നു….കാരണം ഇപ്പോ ചെറിയ സങ്കടങ്ങൾ പോലും ആ നെഞ്ചോരം ചേരുമ്പോൾ അലിഞ്ഞില്ലാതാവും പോലെയായിതുടങ്ങി… ആരോരുമില്ലാതെ എല്ലാറ്റിനേയും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ച മനസിപ്പോൾ ആ തണല് കൊതിയ്ക്കും പോലെ…അതാണ് എന്നെ കൂടുതൽ ദുർബലയാക്കി തീർത്തതും…

കിച്ചേട്ടാ…എന്നെ…എന്നെ ഒരിക്കലും ഒന്നിന്റെ പേരിലും വേണ്ടാന്ന് വയ്ക്കല്ലേ… ഞാൻ അതും പറഞ്ഞ് ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയതും കിച്ചേട്ടൻ എന്നെ ഇറുകെ പുണർന്നു…..

ഇല്ല… ഒരിയ്ക്കലും ഇല്ല.. ഞാനല്ലേ പറയുന്നേ… അതിന് നീയിങ്ങനെ കരയാതിരിയ്ക്ക് അമ്മാളൂട്ടീ…ഞാനില്ലേ നിനക്ക്..

കിച്ചേട്ടൻ അതും പറഞ്ഞ് എന്നെ അടർത്തി മാറ്റി എന്റെ മുഖം കൈക്കുമ്പിളിലെടുത്തു…

എന്താ…എന്താ എന്നോട് പറയാനുള്ളത്…?? എന്തായാലും പറയ്…എന്ത് വിഷമമാ നിന്നെ അലട്ടുന്നതെന്ന് എന്നോട് പറ അമ്മാളൂട്ടീ…!!

കിച്ചേട്ടൻ അങ്ങനെ ചോദിച്ചതും എല്ലാം കിച്ചേട്ടനോട് പറയാൻ ഞാൻ മനസുകൊണ്ട് തയ്യാറെടുത്തു…എന്റെ അന്നുവരെയുള്ള ജീവിതം കിച്ചേട്ടൻ അറിയണംന്നൊരു തോന്നൽ മനസിൽ മുറുകി…. ഞാൻ പറഞ്ഞ് തുടങ്ങാനായി നാവ് ചലിപ്പിച്ചതും മാഷ് വാതിലിൽ മുട്ടിവിളിച്ചു….

ആ ശബ്ദം കേട്ടതും ഞങ്ങളുടെ രണ്ടുപേരുടേയും ശ്രദ്ധ ഒരുപോലെ വാതിലിലേക്ക് നീണ്ടു… ഞാൻ പെട്ടെന്ന് കിച്ചേട്ടനിൽ നിന്നും അകന്നുമാറി നിന്നു.. പക്ഷേ എല്ലാം കിച്ചേട്ടനോട് പറയണംന്ന് തന്നെ മനസിൽ നിശ്ചയിച്ചിരുന്നു….

കിച്ചേട്ടൻ വാതിൽ തുറന്നതും മാഷിന്റെ മുഖത്ത് ഒരു പതർച്ച ഞാൻ കണ്ടു… എല്ലാം കിച്ചേട്ടനോട് പറഞ്ഞിട്ടുണ്ടാക്വോയെന്ന ടെൻഷനാണതെന്ന് എനിക്ക് മനസിലായി….

നവനീതിന്റെ മൊബൈൽ ടേബിളിൽ വച്ചു പോയതല്ലേ.ദാ ആരോ വിളിച്ചിരുന്നു…

മാഷ് കിച്ചേട്ടന് നേരെ മൊബൈൽ നീട്ടിയതും കിച്ചേട്ടനത് വാങ്ങി നോക്കിയിട്ട് റൂമിന് പുറത്തേക്ക് നടന്നകന്നു….

കുട്ടിയെല്ലാം പറഞ്ഞോ നവനീതിനോട്…???

ഇല്ല…ഒന്നും പറയാൻ കഴിഞ്ഞില്ല മാഷേ…!!!

ഹോ….!!! ആശ്വാസം… ഞാൻ പ്രാർത്ഥിയ്ക്ക്യായിരുന്നു കുട്ടീടെ വായിൽ നിന്നും അബദ്ധങ്ങളൊന്നും വീഴരുതേന്ന്…

അബദ്ധമോ…???മാഷല്ലേ പറഞ്ഞത് എല്ലാം മാഷ് തന്നെ കിച്ചേട്ടനോട് പറഞ്ഞോളാംന്ന്… എന്നിട്ട് ഇതുവരേയും പറഞ്ഞുമില്ല… ഇപ്പോ പറയുന്നു അബദ്ധമാണെന്ന്…എന്താ മാഷേ ഈ പറയണേ… മാഷല്ലേ എല്ലാം…..

അമ്മാളൂ..നീ ഞാൻ പറയണതാദ്യം കേൾക്കണം… നവനീത് ഇപ്പോ ഒന്നും അറിയണ്ട…ആ കുട്ടി നിന്നെ ഒരുപാടിഷ്ടപ്പെടുന്നുണ്ട്…അയാൾടെ കണ്ണില് ഞാനാ നിന്റച്ഛൻ…വിവാഹം വരെ അതങ്ങനെ തന്നെയിരിക്കട്ടേ അമ്മാളൂ…

മാഷെന്തൊക്കെയാ ഈ പറയണേ…കിച്ചേട്ടനോട് എല്ലാം മറച്ച് വച്ച് വിവാഹം നടത്താനോ…?? പിന്നെ എങ്ങനെയാ മാഷേ ഞാൻ കിച്ചേട്ടനൊപ്പം സമാധാനമിയി ഒരു ജീവിതം ജീവിച്ചു തീർക്കണേ…ഇത്രയും വലിയൊരു കള്ളം…!!!! അതിന്റെ മറവിലൊരു ജീവിതം….!!!! ഇല്ല മാഷേ എനിക്ക് പറ്റില്ല ഒന്നിനും… കിച്ചേട്ടൻ എന്നെ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇന്ന് ഞാൻ എല്ലാം കിച്ചേട്ടനോട് പറയും…. എനിക്കിനിയും ഇത് മനസിൽ കൊണ്ടു നടക്കാൻ കഴിയില്ല…

ഞാൻ മുറിവിട്ടിറങ്ങി നടന്നു…

എല്ലാം പറയാൻ പോകുന്ന സ്ഥിതിയ്ക്ക് പ്രവീണിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗവും കൂടി കണ്ടെത്തി വയ്ക്കണം കുട്ടി…..

അതുകേട്ടതും ഞാൻ നടത്തം നിർത്തി അവിടെ തന്നെ നിന്നതും മാഷ് പതിയെ എന്റടുത്തേക്ക് നടന്നു വന്നു…

പ്രവീണിനോട് ഞാനിന്നലെ സംസാരിച്ചിരുന്നു..അവൻ പിന്നോട്ട് മാറാൻ ഉദ്ദേശമില്ലാന്നാ പറയണേ… നവനീത് എല്ലാം അറിഞ്ഞ് ഈ വിവാഹത്തിൽ നിന്നും പിന്മാറിയാൽ പിന്നെ നിനക്ക് പ്രവീണിന് മുന്നിൽ കഴുത്ത് നീട്ടി കൊടുക്കേണ്ടി വരും… എന്റെ മകനാണ്…എന്നെ ഇന്നുവരെ അനുസരിച്ചിട്ടുള്ള മകൻ..!!

പക്ഷേ ഈ ഒരു കാര്യത്തിൽ മാത്രം എന്റെ മോൻ എന്റെ ശത്രുവായി മാറിയിരിക്ക്യാ… അവൻ നിന്നെ ഇഷ്ടപ്പെടുന്നതും വിവാഹം കഴിയ്ക്കാൻ ആഗ്രഹിക്കുന്നതും അവന്റെ അമ്മയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല…ഇത്രയും നാളും നിന്നെ സംരക്ഷിച്ചതു പോലെ വീട്ടിലും നിന്നെ സപ്പോർട്ട് ചെയ്യാൻ കഴിഞ്ഞെന്നു വരില്ല എനിക്ക്…. നിനക്ക് എന്റെ അവസ്ഥ മനസിലാകും എന്നെനിക്കറിയാം…. അതിനെല്ലാം അപ്പുറം നവനീതിനെ നീ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം അവനെ മറന്ന് സ്വന്തം സഹോദരനേപ്പോലെ കണ്ടിരുന്ന ഒരാളെ വിവാഹം ചെയ്യാൻ കഴിയ്വോ നിനക്ക്….!!!

ഞാൻ പറഞ്ഞതെല്ലാം നീ നന്നായി ഒന്നാലോചിക്ക് അമ്മാളൂ.. ഒരിക്കലും നിന്റെ ജീവിതവും നീ വളർന്നു വന്ന ചുറ്റുപാടുകളും നവനീതിനോട് പങ്കുവയ്ക്കണ്ടാന്നല്ല ഞാൻ പറഞ്ഞത്… വിവാഹം വരെ.. നവനീതിന്റെ താലി നിന്റെ കഴുത്തിൽ വീഴും വരെ നീ എല്ലാമൊന്ന് മറച്ചു വയ്ക്കണം… എല്ലാം സമയവും സാവകാശവും നോക്കി പറയാം.. ഇപ്പോ നിനക്ക് വേണ്ടത് അവന്റെ താലിയുടെ തണലും കരുതലുമാ…അതാണ് എനിക്ക് മുഖ്യം.. അതുകൊണ്ടാ ഞാൻ പറയുന്നത്…മോള് ഈ മാഷ് പറയുന്നത് അനുസരിക്കാൻ തയ്യാറാകണം…

ഞാനതു കേട്ട് വിതുമ്പിക്കരഞ്ഞു പോയി… എല്ലാം കിച്ചേട്ടനിൽ നിന്നും മറച്ച് വച്ച് ഒരു ജീവിതം… എനിക്കത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല…. എങ്കിലും പ്രവീണേട്ടനിൽ നിന്നും രക്ഷപെടാൻ മാഷ് പറഞ്ഞതെല്ലാം അനുസരിച്ചേ തീരു…. എല്ലാം കൂടിയായപ്പോ ത്രിശങ്കു സ്വർഗത്തിൽ അകപ്പെട്ട പോലെയായി ഞാൻ…എന്ത് തള്ളണം എന്ത് കൊള്ളണം എന്ന ആശങ്കയായിരുന്നു മനസ് മുഴുവൻ…

മാഷ് അത്രയും പറഞ്ഞ് നടന്നതും കിച്ചേട്ടൻ കോൾ ചെയ്തു കഴിഞ്ഞ് എന്റടുത്തേക്ക് വന്നു…

സോറീ അമ്മാളൂട്ടീ…ഒരർജന്റ് കോൾ ആയിരുന്നു…അറ്റന്റ് ചെയ്യാണ്ടിരിക്കാൻ പറ്റില്ല അതാ ഞാൻ….

അത് സാരല്യ കിച്ചേട്ടാ… ഞാൻ മുഖത്ത് കുറച്ച് ചിരിയൊക്കെ ഫിറ്റ് ചെയ്ത് സന്തോഷത്തോടെ കിച്ചേട്ടന് മുന്നിൽ നിന്നു…

അല്ല നേരത്തെ വലിയ സങ്കടത്തിൽ നിന്നയാൾക്ക് പെട്ടെന്നെന്താ ഒരു പുഞ്ചിരിയൊക്കെ…??? നേരത്തെ ഇങ്ങനെ ആയിരുന്നില്ലല്ലോ..എന്താ എന്നോട് സീരിയസായി പറയാൻ വന്നത്…??

അത്…അതൊന്നുമില്ല കിച്ചേട്ടാ…!! എനിക്ക്…എനിക്കിവിടെ വന്നപ്പോ കിച്ചേട്ടനെ വല്ലാണ്ട് മിസ് ചെയ്തു.. നേരിട്ട് കണ്ടപ്പോ സന്തോഷമാണോ സങ്കടമാണോ തോന്നിയതെന്നറിയാണ്ട് കരഞ്ഞു പോയതാ…

അത്രേയുള്ളൂ…അതോ.. മറ്റെന്തെങ്കിലും എന്നോട് പറയാൻ ആഗ്രഹിച്ചിരുന്നോ… മടിയ്ക്കാതെ പറയ് അമ്മാളൂട്ടീ…നിന്നെ കേൾക്കാൻ നിന്നെ അറിയാൻ വേണ്ടീട്ടാ ഞാനിവിടേക്ക് വന്നത്…. ഞാൻ അന്നു പറഞ്ഞില്ലേ നിന്റെ സങ്കടങ്ങളെല്ലാം ഞാൻ പതിയെ ചോദിച്ചറിഞ്ഞോളാംന്ന്….ഇനി നിന്റെ സങ്കടങ്ങൾ എന്റേയും സങ്കടങ്ങളാ… നിന്റെ സന്തോഷങ്ങൾ.. എന്റേയും സന്തോഷങ്ങളും..

അതുകൊണ്ട് ഇനിയും എന്നെ കാണുമ്പോ ഈ പേടിയും പരിഭ്രമവുമൊന്നും വേണ്ട… ഒരു husband ലുപരി നിനക്ക് നല്ലൊരു friend കൂടിയാവാൻ ഞാൻ തയ്യാറാണ്… തിരിച്ചും അതുപോലെ ഞാനും പ്രതീക്ഷിക്കുന്നു..

കിച്ചേട്ടൻ പറഞ്ഞ വാക്കുകളെല്ലാം ഒരുൾക്കുത്തലോടെ ഞാൻ കേട്ടു നിന്നതല്ലാതെ ഒന്നും തിരിച്ചു പ്രതികരിക്കാൻ തോന്നിയില്ല.. ഹോസ്പിറ്റലിൽ തിരക്കുള്ളതുകകൊണ്ട് പിന്നെ അധികനേരം അവിടെ നിൽക്കാൻ കൂട്ടാക്കാതെ കിച്ചേട്ടൻ തിരികെ പോയി….

അതുവരെയും പ്രവീണേട്ടന്റെ വരവോ ശല്യമോ ഉണ്ടാകാഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു മാഷ്….മാഷ് അതിനും വേണ്ടി പ്രവീണേട്ടനെ ശാസിച്ചിരുന്നു… പക്ഷേ അതിലൊന്നും പ്രവീണേട്ടൻ ഒതുങ്ങില്ലാന്ന് മാഷിന് കൂടി വ്യക്തമായിരുന്നു…..

അതുകൊണ്ട് തന്നെ പിന്നെയധികം ചടങ്ങ് നടത്താൻ മാഷ് കിച്ചേട്ടനോടും അമ്മയോടും നിർബന്ധിച്ചില്ല….എല്ലാവരുടേയും തീരുമാനപ്രകാരം നിശ്ചയത്തിനുള്ള മോതിരം മാറ്റലും വിവാഹ മണ്ഡപത്തിൽ തന്നെ വച്ച് മതീന്നാക്കി…പിന്നീടുണ്ടായ കാര്യങ്ങളെല്ലാം തീരുമാനിച്ചതും അതിനെല്ലാം വേണ്ടി മുന്നിട്ടിറങ്ങിയതും മാഷായിരുന്നു… രാധമ്മയ്ക്ക് അതത്ര രസിച്ചിരുന്നില്ല…മാഷിന്റെ തീരുമാന പ്രകാരം പ്രവീണേട്ടൻ അറിയാണ്ടിരിക്കാൻ പ്രവീണേട്ടന്റെ സപ്തദിന ക്ലാസിനിടയ്ക്കുള്ള ഒരു ദിവസം മുഹൂർത്തം നോക്കിയാണ് വിവാഹമുറപ്പിച്ചത്…

വിവാഹം അടുത്ത് വന്നതും എനിക്കാകെ ടെൻഷനായി തുടങ്ങി…കിച്ചേട്ടനിൽ നിന്നും എല്ലാം മറച്ച് വച്ചത് തെറ്റായിപ്പോയീന്നുള്ള ഉൾക്കുത്തലും പ്രവീണേട്ടൻ എല്ലാം അറിഞ്ഞ് വിവാഹ ദിവസം മുന്നിൽ അവതരിക്കുമോയെന്നുമുള്ള ഭയവും മനസിനെ ഇളക്കിമറിച്ചു കൊണ്ടിരുന്നു….

നാട്ടിൽ ബന്ധുക്കളാരും ഇല്ലാന്ന് പറഞ്ഞതുകൊണ്ട് കിച്ചേട്ടന്റെ അമ്മേടെ ആഗ്രഹം നിറവേറ്റാൻ അവരുടെ കുടുംബക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്…. അതുകൊണ്ടു തന്നെ ചന്തു ഒഴികെ നാട്ടിലുള്ള ആരോടും വിവാഹം ക്ഷണിച്ചിരുന്നില്ല…അവളായി ആരോടും പറഞ്ഞുമില്ല…

വിവാഹത്തിന് രണ്ട് മൂന്ന് ദിവസം മുമ്പാണ് ലീവ് ശരിയായത്..കിച്ചേട്ടന്റെ കുടുംബക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തുന്നതുകൊണ്ട് മാഷും ഞാനും വിവാഹ തലേന്ന് തന്നെ കിച്ചേട്ടന്റെ നാട്ടിലേക്ക് തിരിച്ചു…. അവിടെ ഞങ്ങൾക്ക് തങ്ങാനുള്ള ഇടവും എല്ലാ സൗകര്യങ്ങളും അവരൊരുക്കിയിരുന്നു..സതിയമ്മ വന്ന് കണ്ട് പോയെങ്കിലും കല്യാണം കഴിയാതെ എന്നെ കാണാൻ പാടില്ലാന്ന് കിച്ചേട്ടന് സതിയമ്മേടെ വക strict order ഉണ്ടായിരുന്നു… അതുമല്ല കിച്ചേട്ടന് ഹോസ്പിറ്റലിൽ ചില emergency situation കുടി ആയതും കല്യാണതലേന്ന് പോലും ആളാകെ ബിസിയായിരുന്നു….

പിന്നെ ഇടയ്ക്കിടെയുള്ള ഫോൺ വിളിയായിരുന്നു കിച്ചേട്ടന്റെ ആകെ ആശ്വാസ മാർഗം… വരാനിരിയ്ക്കണ ഭവിഷ്യത്തുകളെക്കുറിച്ച് റൂമിലിരുന്ന് വെറുതേ ചിന്തിച്ചിരുന്നപ്പോഴായിരുന്നു മാഷിന്റെ വരവ്…. കൈയ്യിൽ ഒരു ജ്വല്ലറി ബൊക്സുമുണ്ടായിരുന്നു… മാഷ് വന്നതും ഞാൻ ചെയറിൽ നിന്നും മെല്ലെ എഴുന്നേറ്റു നിന്നു….

ദേഷ്യമായിരിക്കും കുട്ടിയ്ക്കെന്നോട് ല്ലേ…!!! എനിക്കറിയാത്…കുട്ടി എന്നോട് ക്ഷമിക്കൂ. എല്ലാം നല്ലതിന് വേണ്ടിയാ….

എനിക്ക്… എനിക്ക് ദേഷ്യമൊന്നുമില്ല മാഷേ…!!! പിന്നെ കിച്ചേട്ടനെ ഒന്നുമറിയിക്കാണ്ടിരിക്കണേന്റെ ഒരു വിഷമം… ഇപ്പോ എനിക്ക് മാഷ് പറഞ്ഞിരുന്ന ആ വാക്കിന്റെ വിശ്വാസമാ….ആ ഒരൊറ്റ കാര്യത്തിലാ ഞാൻ ആശ്വാസം കണ്ടെത്തിയിരിക്കണേ….വിവാഹം കഴിഞ്ഞാലുടൻ മാഷ് തന്നെ കിച്ചേട്ടനോട് എല്ലാം അവതരിപ്പിക്കണേ… എങ്കിൽ മാത്രമേ എനിക്ക് എന്റെ കിച്ചേട്ടന് മുന്നിൽ സമാധാനമായി ഒന്നു ചിരിയ്ക്കാൻ കൂടി പറ്റൂ….

ഞാൻ പറഞ്ഞതെല്ലാം കേട്ട് മാഷ് തിരിച്ചൊന്നും പ്രതികരിക്കാതെ നിശ്ചലനായി തന്നെ നിന്നു…. എന്റെ നോട്ടം മാഷിന്റെ കൈയ്യിലെ പായ്ക്കറ്റിലേക്ക് പാഞ്ഞതും മാഷ് എന്തോ ഓർത്തെടുത്തൊന്നുണർന്നു….

ഇത് കുട്ടിയ്ക്കാ…ഇതുവരെയും കൂടെ നിന്ന ഞാൻ കുട്ടീടെ ജീവിതത്തിലെ ഏറ്റവും വലിയൊരു മുഹൂർത്തത്തിന് പങ്കുചേരാണ്ടിരിക്കുന്നതും ഒന്നും തരാണ്ടിരിക്കുന്നതും മോശമല്ലേ….. ദാ ഇത് വാങ്ങ്…

മാഷതും പറഞ്ഞ് പായ്ക്കറ്റ് എനിക്ക് നേരെ നീട്ടിയതും ഞാനത് രണ്ട് കൈയ്യാൽ വാങ്ങി പതിയെ തുറന്നു നോക്കി….

അതിൽ എനിക്കണിയാനുള്ള ഓർണമെന്റ്സ് ആയിരുന്നു….

എന്തിനാ മാഷേ ഇതൊക്കെ എനിക്ക്…അതും ഇത്രയുമധികം….!!! ഞാൻ അമ്പരപ്പോടും അല്പം ജാള്യതയോടും ചോദിച്ചു…

കുട്ടീടെ വിവാഹത്തിന് ഇങ്ങനെയൊരു സമ്മാനം തരണംന്ന് പണ്ട് മുതലേ തീരുമാനിച്ചതാ ഞാൻ… എനിക്കത്രയും ഇഷ്ടമാ കുട്ടിയെ…ഇത് ഒന്നിന്റെ പേരിലും നീ നിരസിക്കരുത്… അവരൊക്കെ വലിയ കുടുംബക്കാരാ…ചെക്കന്റെ ബന്ധുക്കൾക്ക് മുന്നിൽ കുട്ടി നാണം കെടണ്ട… അതിനാ ഇത്….!!!!

ഇതൊന്നും വേണ്ട മാഷേ…കിച്ചേട്ടനും ഇതൊന്നും ഇഷ്ടമാവില്ല…(നമ്മുടെ ഡോക്ടർ സൂരജിനേപ്പോലെയല്ല കേട്ടോ…!!! അതുകൊണ്ട് അമ്മാളൂന് 100 പവനും,5ലക്ഷവും,ഒരു മാരുതി കാറും കൂടെ ഒരു കീരിയേയും കൂടി സ്ത്രീധനമായി കൊടുക്കണ്ടാന്ന് സാരം) ബന്ധുക്കളെ കാണിക്കാനും അവരുടെ മുന്നിൽ വിലയുണ്ടാക്കിയെടുക്കാനും ഈ പൊന്നിന്റേയും പണത്തിന്റേയുമൊന്നും ആവശ്യമില്ല മാഷേ… നല്ലൊരു മനസുണ്ടായാൽ പോരെ…

കുട്ടി പറയണതൊക്കെ ശരിയാണ്…. എങ്കിലും ഇതെന്റെ ഒരു സന്തോഷത്തിന് വേണ്ടി അമ്മാളു സ്വീകരിക്കണം… എന്നിട്ട് ഈ വിഷമങ്ങളെല്ലാം മാറ്റി വച്ച് നല്ല സന്തോഷത്തോടെ ഇരിക്ക്.. ഇതെല്ലാം ഇഷ്ടായോന്ന് നോക്ക്….ഒരു പുതിയ തുടക്കത്തിന്….മനസിനിഷ്ടപ്പെട്ട ഒരാൾക്കൊപ്പമുള്ളൊരു നല്ല ജീവിതത്തിനായി മനസിനെ പാകപ്പെടുത്തുകേം…. ദൈവത്തിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കേം ചെയ്യൂ….

മാഷ് അത്രയും പറഞ്ഞ് ഇറങ്ങിയതും ഞാൻ കുറച്ചു നേരം മാഷ് പോയ വഴിയേ നോക്കിയിരുന്നു… പിന്നെ പതിയെ പായ്ക്കറ്റിൽ നിന്നും ബോക്സെടുത്ത് തുറന്ന് മനസിനെ പല ചിന്തകളിലേക്ക് വിട്ട് അതിലേക്ക് തന്നെ നോക്കിയിരുന്നു…. (feel the song യാരോ….യാരോടീ from the movie അലൈപായുതേ….)

ഒരോർമ്മയിൽ നിന്നും ഉണർന്നെണീയ്ക്കുമ്പോ ശ്രീകോവിലിലെ കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കസവ് കരയുള്ള മുണ്ടുമുടുത്ത് കസവിന്റെ കച്ചയാൽ പുതച്ച് നിന്ന കിച്ചേട്ടനരികെ സെറ്റുസാരിയുടുത്ത് ഒരു നവവധുവായി അണിഞ്ഞൊരുങ്ങി നിൽക്ക്വായിരുന്നു ഞാൻ….

എല്ലാവരുടെ മുഖത്തും വളരെ സന്തോഷമായിരുന്നു…മറ്റെല്ലാ ദു:ഖങ്ങളേയും മനസിൽ നിന്നും മായിച്ച് ഒരു നിറഞ്ഞ പുഞ്ചിരിയോടെ ഞാനെന്റെ കിച്ചേട്ടന്റെ താലിയെ സ്വീകരിച്ചു….❤️ മനസ് നിറഞ്ഞ പ്രാർത്ഥനയിൽ നിൽക്കുമ്പോഴും ആ മുഖം ഞാൻ അടുത്ത് കാണുന്നുണ്ടായിരുന്നു…മൂന്ന് കെട്ടിനാൽ മുറുക്കിയ ആ മഞ്ഞച്ചരടിൽ നിന്നും പിടി അയച്ച ശേഷം കിച്ചേട്ടൻ എന്റെ മുഖം കൈകുമ്പിളിലെടുത്ത് നെറ്റിത്തടത്തിലേക്ക് അമർത്തി ചുംബിച്ചു…..

എല്ലാവരുടേയും കണ്ണുകൾ ഒരു പുഞ്ചിരിയടക്കി ഞങ്ങളിലേക്ക് നീളുന്നുണ്ടായിരുന്നുവെങ്കിലും ഞങ്ങളുടെ കണ്ണുകൾ പരസ്പരം പ്രണയത്തുടിപ്പോടെ കോർത്തിരിക്ക്യായിരുന്നു….. തുളസിക്കതിർ മാലയും താമരമൊട്ടിനാൽ കൊരുത്തെടുത്ത വരണമാല്യവും പരസ്പരം അണിയിക്കുമ്പോൾ ചുറ്റും നിന്ന എല്ലാവരും അരിയും പൂവും വർഷിച്ചുകൊണ്ടിരുന്നു…. സിന്ദൂരച്ചെപ്പിൽ നിന്നെടുത്ത ഒരു നുള്ള് സിന്ദൂരം എന്റെ സീമന്ദരേഖയെ നീട്ടി ചുവപ്പിച്ചതും ഞാൻ മനസ് കൊണ്ട് പൂർണമായും കിച്ചേട്ടന്റെ മാത്രമായി തീർന്നിരുന്നു…… ഇനി മറ്റാർക്കും അടർത്തി മാറ്റാനാവാത്ത വിധം ഞാൻ എന്റെ കിച്ചേട്ടന് അവകാശപ്പെട്ടതായി തീർന്നു……. കിച്ചേട്ടന്റെ ഇടതുകൈയ്യിലേക്ക് എന്റെ വലംകൈയ്യെ ചേർത്ത് വച്ച് മാഷ് ഞങ്ങൾക്ക് അനുഗ്രഹം നല്കി….ഇനി എന്നും എന്റെ കൈകൾ ആ കൈകളിൽ സുരക്ഷിതമായിരിക്കും എന്ന വിശ്വാസത്തിൽ ഒന്ന് പുഞ്ചിരിച്ച് കിച്ചേട്ടൻ എന്റെ കൈയ്യെ മുറുകെ ചേർത്ത് കതിർമണ്ഡപത്തെ വലം വച്ചു…..

കൺമുന്നിൽ എരിഞ്ഞ അഗ്നിയ്ക്ക് മുന്നിൽ എന്റെ സങ്കടങ്ങളെ ചുട്ടെരിച്ച് ഞാനാ കൈയ്യുടെ കരുതലിലേക്ക് മുറുകെ കൈ ചേർത്തു നടന്നു….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എല്ലാം ഒന്നുകൂടി ഓർത്തെടുത്ത് നിന്നപ്പോഴാ പെട്ടെന്ന് ഒരു കൈ എന്റെ ഇടുപ്പിലേക്കമർന്നത്…. സാരിയുടെ മറനീക്കി അത് വയറിലേക്ക് ഇഴഞ്ഞ് നീങ്ങിയതും ഞാനൊരു പിടച്ചിലോടും അതിലുപരി ഒരു ഞെട്ടലോടും മുഖം വെട്ടിത്തിരിഞ്ഞു…..

ഇനി ഒരു restrictions ഉം വേണ്ട… ഇപ്പോ എന്റെ ഭാര്യയാണ്… എന്റെ താലിയുടെ അവകാശിയാണ്..ഇനി എനിക്ക് ഇഷ്ടമുള്ളതുപോലെ ഞാൻ behave ചെയ്യും… എന്നോട് വാക്ക് പറഞ്ഞതല്ലേ വിവാഹം കഴിയുമ്പോ എല്ലാം അനുസരിച്ചോളാംന്ന്…..!!!!

ഞാനെന്തെങ്കിലും പറഞ്ഞ് തുടങ്ങും മുമ്പ് കിച്ചേട്ടൻ എന്റെ നീക്കങ്ങൾക്കെല്ലാം മീതെ ആണിയടിച്ചു….ഫ്രണ്ട്സിനെയെല്ലാം യാത്രയാക്കി വന്നിരിയ്ക്ക്വാ…. മുഖത്ത് ആ കള്ള കൃഷ്ണന്റെ ചിരിയും….

ഇടുപ്പിലമർന്നിരുന്ന കൈകളെ വളരെ വിദഗ്ധമായി ഞാൻ അയച്ചെടുത്ത് ടേബിളിലിരുന്ന പാൽ ഗ്ലാസെടുത്ത് കിച്ചേട്ടന് മുന്നിലേക്ക് നീട്ടി….

പാല്……!!!!

അല്പം നാണത്തോടെ മുഖം കുനിച്ചു നിന്നതും കിച്ചേട്ടൻ ഒരു പുഞ്ചിരി കടിച്ചമർത്തി ആ പാൽ ഗ്ലാസ് എന്റെ കൈയ്യിൽ നിന്നും വാങ്ങി അതിലേക്കൊന്നു നോക്കി…..

ഇതിന്റെ പകുതിയല്ലേ ഞാൻ കുടിയ്ക്കേണ്ടത്….!!!

ഞാനതു കേട്ട് അതേന്ന് തലയാട്ടിയതും കിച്ചേട്ടൻ ഗ്ലാസ് ചുണ്ടോടു ചേർത്ത് പകുതിയോളം പാൽ കുടിച്ച് ബാക്കി പകുതി എന്റെ ചുണ്ടിലേക്കടുപ്പിച്ചു തന്നു…. പക്ഷേ ടെൻഷൻ കാരണം ഒരുകവിൾ മാത്രം കുടിച്ച് ഞാനത് തിരികെ ടേബിളിലേക്ക് വാങ്ങി വച്ചു…..

അപ്പോഴും കിച്ചേട്ടൻ എന്റെ ചെയ്തികൾ കണ്ടങ്ങനെ നിൽക്ക്വാണ്…എന്നും ഷോട്സും ബനിയനും ഇട്ട് നടന്നിരുന്ന ആള് വെള്ളമുണ്ടും ഷർട്ടുമൊക്കെ ഇട്ടുകണ്ടപ്പോ ശരിയ്ക്കും ഞാൻ ഞെട്ടിപ്പോയി…. പിന്നെ വിവാഹത്തിനും വേഷം ഇതൊക്കെ തന്നെയായിരുന്നതു കൊണ്ട് അധികം ഞെട്ടേണ്ടി വന്നില്ലാന്ന് മാത്രം……!!!

എന്താണെന്റെ ഭാര്യേടെ മുഖത്ത് ആകെയൊരു ടെൻഷനും പതർച്ചയുമൊക്കെ…. അമ്മാളൂട്ടീ….Are you okay baby……😁😜😜😜😜

എന്റെ മുഖത്തിന് നേരെ തലകുനിച്ച് വിജയ് സേതുപതി style ചോദിച്ചതും ഞാനാ മുഖത്തേക്ക് ഒരു ഞെട്ടലോടെ നോക്കി നിന്നു പോയി…. കിച്ചേട്ടന്റെ മുഖത്ത് ആ ചിരി തന്നെയാ…

തുടരും…..

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *