കെട്ടി കൊണ്ടു വന്ന പെണ്ണിനെ നോക്കാതെ അല്ല മനുഷ്യാ അമ്മയോടുള്ള സ്നേഹം കാണിക്കേണ്ടത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മഞ്ജു ജയകൃഷ്ണൻ

“കയ്യിത്തിരി പൊള്ളിയാൽ ചത്തൊന്നും പോകില്ല…വേണേൽ വണ്ടി വിളിച്ചു തന്നെ ആശൂത്രീ പൊക്കോ”

തിളച്ച കഞ്ഞി വെള്ളം വീണു പൊള്ളിയ കയ്യേക്കാൾ…കെട്ടിയോന്റെ ആ വാക്കുക്കൾ പൊള്ളിയടർത്തിയത് എന്റെ ഹൃദയം ആയിരുന്നു…

ഒന്നെത്തി നോക്കി ….’ഓഹ് വലിയ കുഴപ്പമൊന്നും ഇല്ല ‘ എന്ന് പറയാൻ അമ്മായിയമ്മയും ഉണ്ടായിരുന്നു.

അല്ലെങ്കിലും ശാരീരികമായുള്ള മുറിവിനെക്കാൾ ആയിരം മടങ്ങു വലുതാണല്ലോ മനസ്സ് നോവുന്ന മുറിവ്…. ************** കല്യാണത്തിന് മുന്നേ എന്റെ വീട്ടിലെ രാജകുമാരി ആയിരുന്നു ഞാൻ

വീടിന്റെ അടുത്തുള്ള പീടികയിൽ പോകുമ്പോ അമ്മ വിളിച്ചു പറയും “സൂക്ഷിച്ചു പോണേ കൊച്ചേ” എന്ന്…

വൈകീട്ട് ഓഫീസിൽ നിന്നും വരുന്ന സമയം കഴിഞ്ഞാൽ അച്ഛൻ ബസ് സ്റ്റോപ്പിൽ ഉണ്ടാകും….

അമ്മ ആധിയെടുത്തു ഉമ്മറത്തും…

“എവിടായിരുന്നെടീ അസത്തെ” എന്നൊരു ചോദ്യം ആണ്…

“ഞാൻ കൊച്ചു കൊച്ചൊന്നും അല്ല…ഇങ്ങനെ പേടിക്കാൻ” എന്ന് പറഞ്ഞു ചാടിത്തുള്ളി ഞാൻ അകത്തേക്കും പോകും

“വല്ലാത്ത ബ്ലോക്ക്‌ ആയിരുന്നു…. ഒന്നും കഴിച്ചില്ല” എന്ന് പറയുമ്പോഴേ പതിവിലും കൂടുതൽ ചോറ് കൊണ്ട് പാത്രത്തിൽ ഇടും.

വൈകീട്ട് ചോറ് കഴിക്കേണ്ട അമ്മ കഞ്ഞി കുടിക്കുമ്പോഴേ മനസ്സിലാവും ചോറ് തികയാഞ്ഞിട്ടാണ് എന്ന്…

മഴയത്തു രണ്ടു പേർക്ക് കേറാൻ ഈ ‘കുടയിൽ സ്ഥലമില്ല’… എന്ന് പറഞ്ഞു അമ്മ തോർത്തു മുണ്ട് തലേൽ ഇടും…മുഴുവൻ നനഞ്ഞോലിച്ചാലും ഞാൻ നനയുന്നുണ്ടോ എന്നാവും ശ്രദ്ധ?

അങ്ങനെ …. പോന്നു പോലെ വീട്ടുകാർ നോക്കിയ ഞാൻ ആണ് ആരും നോക്കാനും പിടിക്കാനും ഇല്ലാതെ ഇവിടെ കഴിയുന്നത് ************** കെട്ടിയോൻ … എന്നെപ്പോലെ ഉള്ളോരാൾ അവിടെ ഇല്ല എന്നതു പോലെയാണ് പെരുമാറിയത്.

ചോറ് കഴിച്ചില്ലെങ്കിൽ അമ്മ ഒന്ന് വഴക്കു പറയാൻ ഇവിടെ വന്നപ്പോൾ ഞാൻ കൊതിച്ചു

വയ്യാതെ അയാൽ ‘പനിയാണോടീ.. എന്ന് പറഞ്ഞു ചൂട് നോക്കാൻ ‘ അമ്മ വെന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു

ശരിക്കും ചെറുതാണെങ്കിലും ജനിച്ചു വളർന്ന വീടായിരുന്നു സ്വർഗം… ഞാൻ ഓർത്തു….

അച്ഛനും അമ്മയും തമ്മിൽ സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു…

ജോലിയിൽ അമ്മേ സഹായിക്കാനും ഒരു മടിയും ഇല്ലായിരുന്നു…

അല്ലെങ്കിലും നഷ്ടപ്പെടുമ്പോൾ മാത്രം തിരിച്ചറിയുന്ന പലതും ഉണ്ടല്ലോ…

കെട്ടിക്കേറിയ വീട്ടിൽ വെറും വേലക്കാരിയുടെ സ്ഥാനം മാത്രമുള്ള പലരിൽ ഒരാൾ മാത്രമാണ് ഞാനെന്ന സത്യം ഞാൻ മനസ്സിലാക്കി …

കുറ്റം പറയാൻ മാത്രം നാവു പൊന്തുന്ന ഭർത്താവും അമ്മയും….

ചെറുപ്പത്തിലേ അച്ഛൻ മരിച്ചകാരണം കെട്ടിയോന്റെ കൂടെ കഴിയുന്നത് പോലും ഇഷ്ടമില്ലാത്ത സ്ത്രീ….

രാത്രിയിൽ വാതിൽ അടക്കാൻ സമ്മതിക്കില്ല…കൂടെ കൂടെ റൂമിനു മുന്നിലൂടെ പോയി ഒരു വെള്ളംകുടിയും

“റൂമടച്ചാൽ വിളിച്ചാൽ കേൾക്കില്ല..” എന്നൊരു ന്യായീകരണവും…

അത് കേട്ട് സപ്പോർട്ട് ചെയ്യാൻ ഒരു മണകോണാഞ്ചൻ കെട്ടിയോനും….

എത്ര രുചിയിൽ വച്ചുണ്ടാക്കി കൊടുത്താലും ‘വായിൽ വച്ചു കൂട്ടാൻ കൊള്ളില്ല’ എന്ന സ്ഥിരം ഡയലോഗ്.. പക്ഷെ കഴിക്കുന്നതിനു ഒരു കുറവും ഇല്ല താനും…

സ്വന്തം വീട്ടിലേക്ക് പോകണം എന്ന് വല്ലോം പറഞ്ഞാൽ പിന്നെ അമ്മ ചെകുത്താൻ കുരിശ് കണ്ട പോലെ ആണ്…

‘ഇവിടുത്തെ കാര്യങ്ങൾ പിന്നെ ആര് നോക്കും… എപ്പോഴും വീട്ടിലേക്ക് ഓടാൻ ആണെങ്കിൽ സ്ഥിരം അവിടെ അങ്ങ് നിന്നോളാൻ പറ…’

അതൊക്കെ കേൾക്കുമ്പോൾ തന്നെ പോകാനുള്ള ആഗ്രഹം പമ്പ കടക്കും

കല്യാണശേഷം ജോലി കളഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു

അമ്മായിയമ്മ അസുഖക്കാരിയായി കട്ടിലിൽ ഒതുങ്ങിയപ്പോൾ ആണ് ഭർത്താവിനു സങ്കടം എന്ന വികാരം ഉണ്ടെന്നു എനിക്ക് മനസ്സിലായത്…

അങ്ങനെ ക്ഷമിച്ചും സഹിച്ചും അവരെ പോയി നോക്കാൻ നമ്മൾ ഗാന്ധിജിടെ ആരും അല്ലല്ലോ…..

മനസാന്തരപ്പെട്ടു നല്ല പിള്ളയാവുന്നത് ഒക്കെ വല്ല സീരിയലിൽ നടക്കും….

“ആ ഭാഗത്തേക്ക്‌ ഞാൻ തിരിഞ്ഞു നോക്കിയില്ല”

മാത്രവുമല്ല ..കെട്ടിയോനോടുള്ള ഭയഭക്തി ബഹുമാനമൊക്കെ കളഞ്ഞു എന്റെ കാര്യം നോക്കി ജീവിക്കാനും തുടങ്ങി..

വന്നു പോകുന്ന ഹോം നേഴ്സുമാരെ കൊണ്ട് പൊറുതി മുട്ടി കെട്ടിയോൻ തന്നെ അമ്മായിയമ്മയെ നോക്കാൻ ഇറങ്ങി…

ഒരു മകന് ചെയ്യാൻ കഴിയുന്നതിൽ പരിധി ഉണ്ടെന്നു വൈകാതെ പുള്ളിക്ക് മനസ്സിലായി….

“നീ കഴിച്ചോ? കുളിച്ചോ?” എന്നീ പതിവില്ലാത്ത കെട്ടിയോന്റെ ചോദ്യങ്ങൾ കേട്ടപ്പോഴേ സംഭവം പിടികിട്ടി…

“എന്തു പറ്റി രമണാ” എന്ന് ചോദിച്ചില്ലെങ്കിലും ഉദ്ദേശം നമുക്ക് പിടികിട്ടി

കിലുക്കത്തിലെ തിലകന്റെ അവസ്ഥ പോലെ ‘ഇനി ഞാൻ വന്നു പറയണോ’ എന്ന അവസ്ഥയിൽ ഞാൻ കേറി ഇടപെട്ടു.അധികം ക്രൂരയാകാതെ ഞാനും കെട്ടിയോനും കൂടി അമ്മയെ നോക്കി….

അമ്മ പഴയ അമ്മായിയമ്മ ആയെങ്കിലും കെട്ടിയോൻ കട്ടക്ക് കൂടെ നിന്നു

പഴയ വാതിൽ പരിപാടി അമ്മ പുറത്തെടുത്തെങ്കിലും ‘സീൻ കാണുവാണേൽ കാണട്ടെ ‘ എന്ന് പറയാൻ ഉള്ള ബോധം കെട്ടിയോന് വെച്ചു

“അമ്മയ്ക്ക് പേടിയായിരുന്നു”

കല്യാണം കഴിഞ്ഞാൽ ഞാൻ മാറുവോ? എന്ന്…

വേറെ ആരും ഇല്ലല്ലോ?പ്രായമായത് അല്ലേ?

അതു കൊണ്ടാ ഇങ്ങനെ ഒക്കെ പെരുമാറിയത് എന്നൂടെ കേട്ടപ്പോൾ എനിക്ക് ദേഷ്യം പെരുവിരൽ മുതൽ അരിച്ചു കേറി..

‘ഓഹ് അപ്പോൾ മനഃപൂർവം ആയിരുന്നല്ലേ ‘?

പല്ല് ഞെരിച്ചു കൊണ്ട് ഞാൻ പറഞ്ഞു നിർത്തി

“കെട്ടി കൊണ്ടു വന്ന പെണ്ണിനെ നോക്കാതെ അല്ല മനുഷ്യാ അമ്മയോടുള്ള സ്നേഹം കാണിക്കേണ്ട രണ്ടു പേരെയും ഒരേ പോലേ കൊണ്ടു പോകുന്നത് ഒരാണിന്റെ കഴിവ് തന്നെയാ..” ഞാൻ മുഖം നോക്കി തന്നെ പറഞ്ഞു

ചെയ്തതും ചെയ്യാത്തതും ആയ സകല തെറ്റും ഏറ്റെടുത്തു പുള്ളി …’ലേലു അല്ലു’ പറഞ്ഞു സംഗതി സോൾവ് ആക്കി

അമ്മയുടെ അടുത്ത് ഉരുണ്ടും എന്റെ അടുത്ത് മറിഞ്ഞും ഇലയ്ക്കും മുള്ളിനും കേടില്ലാതെ ആ പഴയ പഴംചൊല്ല് ഇല്ലേ… രണ്ട് മല….. അല്ലെങ്കിൽ വേണ്ട അതങ്ങ് കാറ്റിൽ പറത്തി (പഴംചൊല്ല് ചോയ്ക്കേണ്ട ഞാൻ പറയൂല്ല )

ലൈക്ക് കമന്റ് ചെയ്യണേ….

രചന: മഞ്ജു ജയകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *