ഭാര്യവന്നപ്പോൾ പോലും എന്റെ സ്നേഹം കുറഞ്ഞുവെന്നു പരാതി പറയാത്ത പെങ്ങൾ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Denny P Mathew

ഭാര്യവന്നപ്പോൾ പോലും എന്റെ സ്നേഹം കുറഞ്ഞുവെന്നു പരാതി പറയാത്ത പെങ്ങൾ ഒരു പൂച്ച വന്നപ്പോൾ ഞാനാകെ മാറിപ്പോയെന്ന് വെട്ടിത്തുറന്നു പറഞ്ഞപ്പോൾ ആദ്യമൊന്നും ഞാനതിനു പരിഗണന കൊടുത്തതേയില്ല. കാരണം മിക്കുവിനെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു വല്ലാതെ.

മൂരിനിവരുമ്പോൾ മാത്രം പുറത്തേക്കു വരുന്ന അതിന്റെ നഖങ്ങൾ അവളെ പിടിക്കാനായി സദാ കാത്തിരിക്കുകയാണെന്ന് അവൾ തെറ്റിദ്ധരിച്ചു .

ഇളകുന്ന മണികൾകണ്ടു രസം പിടിച്ച മിക്കു അത് ഡൈനിയുടെ ഷാളിലാണ് തൂങ്ങുന്നതെന്നു ശ്രദ്ധിച്ചതേയില്ല. പൂച്ച ചാടി, അവളാകെ ഭയന്നു . പിന്നെ പിന്നെ ഡൈനി പൂമുഖത്തേക്കു കാപ്പികുടിക്കാനും വർത്താനം പറയാനും വരാതെയായി. ഒരാഴ്ച്ച ഞങ്ങളുടെ വൈകുന്നേരത്തെ ഒന്നിച്ചുള്ള സംസാരം കുറഞ്ഞു.

കഴുത്തിൽ തടവുമ്പോൾ ഉറങ്ങിപ്പോകുന്ന ആ പൂച്ച പൂവിതളുകളെക്കാളും മൃദുവായ ഹൃദയമുള്ളവളാണെന്നും ഞാൻ പറഞ്ഞതൊന്നും അവൾ ശ്രദ്ധിച്ചതേയില്ല.

ആദ്യമായി വീട്ടിൽ വളർത്തിയ പൂച്ച, അറപ്പില്ലാതെ ഞാനുമ്മവെച്ച ആദ്യത്തെ പൂച്ച. ഒരുതവണ വീടിനുള്ളിലേക്ക് കയറിയതിനു ഞാനതിനെ ഒന്ന് തല്ലി. ആന്നേരത്തു അതെന്നെ നോക്കിയ നോട്ടം ഞാൻ മറക്കത്തില്ല. അവിശ്വസനീയതയോടെ, ആരൊക്കെ ഓടിച്ചുവിട്ടാലും എന്റടുത്തേക്കായിരുന്നു അവളോടി വരാറുള്ളത്. ആ നീ എന്നെ തല്ലിയോ എന്ന് ഹൃദയം തകർന്നൊരു നോട്ടം. നോക്കാതിരിക്കുമോ മഴനനഞ്ഞു വഴിവക്കിൽ കരഞ്ഞുകൊണ്ടിരുന്നു അവൾക്കു ആദ്യമായി ചോറും പാലും കൊടുത്തവനല്ലേ ഞാൻ. ഞാൻ മറന്നാലും അവള് മറക്കുമോ.

അതിൽ പിന്നെ ഒരിക്കലും ഞാനവളെ നോവിച്ചിട്ടില്ല. പൂമുഖത്തേക്കു ഞാനിറങ്ങിച്ചെന്നാൽ അനുവാദത്തിനായി എന്നെ നോക്കും. ‘ബാടി’ എന്ന് വിളിക്കേണ്ട താമസം, ഓടിവന്ന് മടിയിലിരിക്കും. കഴുത്ത് മുകളിലേക്കുയർത്തി തലോടലിനായി കൊതിച്ചു കാത്തിരിക്കും. പാവം, കഴിഞ്ഞ ജന്മത്തിൽ സ്നേഹം കിട്ടാതെ മരിച്ചുപോയൊരു രാജകുമാരിയുടെ രണ്ടാം (? )ജന്മമാണ് മിക്കുവെന്നു ഞാൻ ശരിക്കും ധരിച്ചു വച്ചു. സ്നേഹിച്ചു. ഉപേക്ഷിക്കാൻ മനസ്സില്ലാതെ ചേർത്തു പിടിച്ചു.

അന്ന് രാവിലെ ഡൈനി ജോലിക്ക് പോകാൻ ഇറങ്ങി വരികയാണ്. പൂച്ച അടുക്കളപ്പുറകിലെങ്ങോ ആണെന്ന ധാരണയിലായിരുന്നു. പെട്ടന്നവളുടെ മുന്നിലേക്ക്‌ മിക്കു തുള്ളിച്ചാടി ഒരു വരവ് വന്നു. ഞെട്ടിക്കരഞ്ഞവൾ പിന്നിലേക്ക് വീണു. സംഗതി കൈവിട്ടുപോയെന്നു കണ്ട പൂച്ചയും ഞെട്ടി. അതോടിപ്പോയി ബൈക്കിന്റെ മുകളിലിട്ട തുണിക്കടിയിൽ ഒളിച്ചു.

എല്ലാറ്റിനും സാക്ഷിയായി ഞാൻ തിണ്ണയിൽ ഇരിക്കുകയാണ്. എന്നോട് യാത്ര പറയാതെ, തിരിഞ്ഞു നോക്കാതെ, കണ്ണുകലങ്ങി ഡൈനി ഡ്യൂട്ടിക്കുപോയി. എനിക്ക് നൊന്തു. രണ്ടുപേരെയും എനിക്കറിയാം. രണ്ടുപേരെയും എനിക്കു മനസിലാവും. ആരെയാണ് ഞാൻ തള്ളിപ്പറയുക? രണ്ടു ജീവനുകൾ…. ഇനിയും ഒരു തീരുമാനമെടുക്കാൻ വൈകിക്കൂടാ.

ഉച്ചകഴിഞ്ഞ് പെരുമഴ തുടങ്ങിയ നേരം മിക്കുവിനെയും എടുത്ത് അപ്പനും ഞാനും പുറപ്പെട്ടു. ഞാനവളെ നോക്കിയതേയില്ല. മകനെ ബലികൊടുക്കാൻ പോകുന്ന അബ്രഹാമിന്റെ ആത്മഭാരത്തിലായിരുന്നു ഞാൻ. എന്റെ ഹൃദയം വിങ്ങുന്നുണ്ട്. ആളില്ലാത്ത വഴികളൊക്കെ വിട്ട് വാഴകുന്നത്തെ റബ്ബർതോട്ടത്തിനരികിലായി ഞാൻ വണ്ടി നിർത്തി. തോട്ടം കടന്നാൽ മുന്നിൽ അവിടവിടെയായി വീടുകളുമുണ്ട്. അതിലെവിടെക്കെങ്കിലും മിക്കു കയറിപോകട്ടെ. നെറ്റിയിൽ പൊട്ടുള്ള വാലിന് മാത്രം ചെമ്പിന്റെ നിറമുള്ള വെളുത്ത സുന്ദരി പൂച്ചേ, നിന്നെ അവരാരെങ്കിലും ഏറ്റെടുക്കാതെ പോവില്ല. നീ സ്നേഹിക്കപ്പെടേണ്ടവളാണ്.

‘അപ്പ, അവളെ ഇവിടെ ഇറക്കി വിട്ടേക്ക് ‘. മനസില്ലാഞ്ഞിട്ടും എല്ലാമറിയുന്ന അപ്പൻ ഒന്നും പറയാതെ മിക്കുവിനെ താങ്ങിയെടുത്തു വഴിക്കുമേലെ വെച്ചു. ഞങ്ങൾ വണ്ടി വിട്ടു.

മഴത്തുള്ളികൾ മേല് നനച്ചപ്പോൾ അവളൊന്നു ദേഹം കുടഞ്ഞു. പിന്നെ ഇടം വലം നോക്കാതെ തോട്ടത്തിനപ്പുറത്തെ വീടുകൾക്ക് നേരെ ഓടി. വണ്ടിക്കു പിന്നാലെ അവൾ ഞങ്ങളെ പിന്തുടരുമെന്നു ധരിച്ചതൊക്കെ വെറുതെ. അതു സത്യത്തിൽ അനുഗ്രഹമായി. ആ ഒറ്റ സംഭവത്തിന്റെ മറപിടിച്ച്‌ അതൊരു സ്നേഹമില്ലാത്ത ജീവിയെന്ന് ഞാനെന്റെ മനസ്സിനോട് കള്ളം പറഞ്ഞു പഠിപ്പിച്ചു. ഒരു പക്ഷെ പിന്നാലെ വന്നെങ്കിൽ ഞാനവളെ വീണ്ടും വീട്ടിലേക്കുതന്നെ കൊണ്ടുവന്നേനെ.

വൈകുന്നേരം ഡൈനി വരുമ്പോൾ വീട്ടിൽ പൂച്ചയില്ല. കളഞ്ഞു എന്ന് പറയാൻ ന്റെ മനസിന്‌ ബലമില്ല. അവളെ കൊണ്ട് വെളിയിൽ വിട്ടെന്ന് മാത്രം ഞാൻ പറഞ്ഞു. സിമന്റു ചട്ടിയിൽ തുണിവിരിച്ച്‌ മിക്കുവിന് വേണ്ടി ഉണ്ടാക്കിവച്ച കിടക്ക കാർപോർച്ചിൽ അനാഥമായി കിടന്നു. അവൾക്കു ചോറ് കൊടുക്കുന്ന പാത്രത്തിലെ ബാക്കി വറ്റിൽ ഉറുമ്പുകൾ അവകാശം സ്ഥാപിച്ചു കഴിഞ്ഞു.

മിക്കുവിപ്പോൾ പുതിയ വീട്ടിലെ അടുക്കളപ്പുറത്തെങ്ങോ വിശന്ന വയറുമായി കരഞ്ഞു നടക്കുകയാവും.? അവളെന്നെ അന്വേഷിച്ചിട്ടുണ്ടാവും. നിർദയം തന്നെ ഉപേക്ഷിച്ചു കളഞ്ഞ മനുഷ്യരെ അവളിനി വിശ്വസിക്കുമോ. ഇറക്കിവിടും മുന്നേ സ്നേഹിക്കപ്പെടുമ്പോൾ ഉള്ളിലൊരു മോട്ടറോടിത്തുടങ്ങുന്ന അവളെ ഞാനൊന്നുമ്മപോലും വെച്ചില്ലല്ലോ. തിരിച്ചുപോയാലോ. വഴിവക്കിൽ അവൾ കാത്തുനിൽക്കുന്നുണ്ടാവുമെങ്കിലോ..? കുറ്റബോധം കൊണ്ട് ഇരുണ്ട മനസ് വിദൂര സാധ്യതകളുടെ ആശ്വാസതീരം തിരഞ്ഞുകൊണ്ടേയിരുന്നു. ഞാനൊരു സ്വാർഥനാണ്. പ്രതികരിക്കാൻ കഴിവില്ലാത്തവളെ നിർദയം വഴിയിലിറക്കിവിട്ടവൻ.

മുറ്റത്തെ പടിയിലിരുന്ന എന്റെ മടിയിലേക്കു ഡൈനി തലവച്ചു കിടന്നു. അവൾക്കറിയാം ഞാനാ പൂച്ചയെ എത്ര സ്നേഹിച്ചിരുന്നുവെന്ന്. “ഞാൻ കുറെ നോക്കി ഡെന്നിച്ചയ അതിനെ സ്നേഹിക്കാൻ, പക്ഷെ അതടുത്തുവരുമ്പോഴൊക്കെ എന്റെ മേല്‌പെരുക്കും, ഞാനെന്ന ചെയ്യാനാ.. എന്നോട് ദേഷ്യം തോന്നല്ലേ, ഇതിന്റെ പേരിൽ എന്നോടുള്ള സ്നേഹം കുറയല്ലേ ഡെന്നിച്ചായ… ”

മൂന്നുണ്ണിയപ്പം ബാക്കിയാവുമ്പോ രണ്ടെണ്ണം എനിക്ക് തരുന്നോള്, ആണിനും പെണ്ണിനും തുല്യ അധികാരമാണെന്നു ചിന്തിക്കാൻ ബുദ്ധിയുള്ളപ്പോഴും ഒന്നിച്ചിരുന്നു ടി വി കാണുമ്പോ റീമോർട് എന്റെ നേരെ നീട്ടുന്നോള്, ആരൊക്കെ നല്ലത് പറഞ്ഞാലും പുതിയകുപ്പായം ഞാനിഷ്ടപ്പെടും വരെ തൃപ്തിയാകാത്തോള്…. എന്റെ മറുപടിക്കായി കാക്കുകയാണ്. എന്റെ നെഞ്ച് നിറഞ്ഞു.

“ഒരു വിഷമവുമില്ല ഡൈനികുട്ടാ, പൂച്ചക്ക് ഇനിയും പുതിയ ഉടയയോനെ കിട്ടും, പക്ഷെ നിന്നെപ്പോലൊരു പെങ്ങളെ ഡെന്നിക്കു വേറെ കിട്ടുകേലടി “. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Denny P Mathew

Leave a Reply

Your email address will not be published. Required fields are marked *