മറ്റൊരു ജീവിതം തേടി പോയ നിങ്ങളെ സ്വീകരിക്കാൻ എന്റെ അഭിമാനം എന്നെ അനുവദിക്കുന്നുമില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രേഷ്ജ അഖിലേഷ്

“നീ പോയി ചാ വ്… ശല്ല്യം.”

വീടുവിട്ടിറങ്ങുമ്പോൾ നന്ദൻ അവസാനമായി പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ ഇരമ്പിക്കൊണ്ടിരുന്നു.അന്നത്തെപ്പോലെ പോലെ അവൾ കരഞ്ഞില്ല. പകരം തെളിഞ്ഞ ഒരു പുഞ്ചിരിയാണ് ആ ഓർമ്മയിൽ നിന്നും അവൾക്കു കിട്ടിയത്.

“അമ്മു… നിന്നോട് ചെയ്തതിനെല്ലാം ഞാൻ മാപ്പു ചോദിക്കുന്നു. നീയെന്റെ കൂടെ വരില്ലേ. എനിക്കറിയാം ഒരു ഭാര്യയും സഹിക്കാത്ത പലതും ഞാൻ കാരണം നീ അനുഭവിച്ചിട്ടുണ്ട്. എല്ലാം നീ മറക്കണം. ” നന്ദൻ പ്രതീക്ഷയോടെ അവളുടെ മറുപടിയ്ക്കായി കാത്തിരുന്നു.

“ആഹാ. കൊള്ളാലോ നന്ദേട്ട നിങ്ങൾ ചെയ്ത ദ്രോഹങ്ങളെല്ലാം ഞാൻ മറക്കണം. ചതിയെല്ലാം ക്ഷമിക്കണം അല്ലെ. ഒന്ന് ഓർത്തു നോക്കിയേ ഞാൻ എന്തെല്ലാമാണ് നിങ്ങൾക്ക് വേണ്ടി നഷ്ടപ്പെടുത്തിയതെന്ന് എന്നിട്ടും നിങ്ങൾ…” പല്ലിറുമിക്കൊണ്ട് അമൃത ദേഷ്യത്തോടെ നന്ദനെ നോക്കി.

നന്ദനും അമൃതയും പ്രണയിച്ചു വി വിവാഹം ചെയ്തവരാണ്. അമൃതയുടെ വീട്ടുകാർക്കു നന്ദനുമായിട്ടുള്ള ബന്ധം അംഗീകരിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല. കുടുംബ മഹിമയിലും സമ്പത്തിലും ഒട്ടും യോജിക്കാത്ത ബന്ധം. നന്ദന്റെ വീട്ടുകാർക്ക് പക്ഷേ സ്വീകരയാമായിരുന്ന കാര്യം. രജിസ്റ്റർ വിവാഹത്തിന് ശേഷം അമൃതയുടെ വീട്ടുകാർ ഇരുവരെയും സ്വീകരിക്കുമെന്നും അമൃതയ്ക്ക് സ്വത്തിൽ ഒരു പങ്ക് സ്ത്രീധനമായി കിട്ടുമെന്നും നന്ദന്റെ വീട്ടുകാർ മോഹിച്ചു. പ്രത്യേകിച്ച് നന്ദന്റെ അമ്മ സാവിത്രിയ്ക്ക്.പക്ഷേ വിവാഹം കഴിഞ്ഞു രണ്ടു വർഷത്തിനിപ്പുറവും അതുണ്ടായില്ല. സ്ത്രീധനം എന്ന പ്രതീക്ഷ അസ്തമിച്ചതും നന്ദന്റെ വീട്ടുകാർക്കു അമൃത കണ്ണിലെ കരടായി മാറി. എങ്കിലും ഭർത്താവിന്റെ സ്നേഹവായ്പ്പുകൾ അവൾക് എന്നുമൊരു തണലായിരുന്നു.

അങ്ങനെയിരിക്കെയാണ് സാവിത്രിയമ്മയുടെ അകന്ന ബന്ധത്തിലുള്ള ചിലർ വീട്ടിലേയ്ക് വരുന്നത്. വിദേശത്ത് പോയി സമ്പാദിച്ച പുത്തൻ പണക്കാർ. പണത്തിന്റെ ഹുങ്ക് കാണിക്കാൻ മാത്രം വിരുന്നു വന്നവർ.സൽക്കാരം എല്ലാം കഴിഞ്ഞു സാവിത്രിയമ്മയുമായി സംസാരിക്കുകയാണ് അവർ. അമൃതയുമായി നന്ദന്റെ വിവാഹം കഴിഞ്ഞതും മറ്റും അവർ അപ്പോഴാണ് അറിയുന്നത്. വിരുന്നുകാരിൽ മുതിർന്ന സ്ത്രീ സാവിത്രിയമ്മയുടെ അമ്മയുടെ അമ്മാവന്റെ മകളാണ്, രാധ.

“സാവിത്രി ചേച്ചിടെ മരുമോൾ നല്ല സുന്ദരിയാണല്ലോ. വെറുതെയല്ല നമ്മുടെ നന്ദൻ വീണുപോയത് ” രാധ പറഞ്ഞു. അമൃതയും നന്ദനും ഒന്ന് പുഞ്ചിരിച്ചു.

“ഓ… അഴകുള്ള ചക്കയിൽ ചുളയില്ലെന്ന് പറയുമ്പോലെയാ രാധേ ഇവിടത്തെ കാര്യം. സ്ത്രീധനമായിട്ട് അഞ്ചു പൈസ കിട്ടിയിട്ടില്ല. വല്ല്യേ തറവാട്ടുകാരണത്രെ… ” സാവിത്രിയുടെ വാക്കുകളിൽ അരിശമായിരുന്നു. അമൃതയ്ക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. നന്ദൻ ഒന്നും മിണ്ടാതെ നിന്നതേയുള്ളു.

“ആഹാ അപ്പൊ നന്ദന് ഒന്നും കിട്ടിയില്ലാലെ. കഷ്ട്ടം തന്നെ… ഇവിടത്തെ മൂത്തമോളെ കെട്ടിച്ചു വിട്ടത് എത്ര പവൻ കൊടുത്തിട്ടാണ്. അതെല്ലാം മറന്നിട്ടാണോ ഇങ്ങനൊരു ബന്ധം.” രാധ സാവിത്രിയുടെ വാക്കുകൾ ഏറ്റു പിടിച്ചിട്ടെന്നോണം പറഞ്ഞു. “ഇനി പറഞ്ഞിട്ടെന്താ കാര്യം. പാണക്കാരാണെന്ന് പറഞ്ഞിട്ടെന്താ…നാട്ടുനടപ്പനുസരിച് മോൾക് വല്ലതും കൊടുക്കണം എന്ന് അവറ്റകൾക്കു ബോധം വേണ്ടേ. അന്തസ്സില്ലാത്തവർ.” സാവിത്രി ഇത്രയും കാടുകയറി പറയുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

“അമ്മേ. അമ്മേടെ മോനും ഞാനും തമ്മിൽ സ്നേഹിച്ചു വിവാഹം കഴിച്ചതല്ലേ. അവരെ ധിക്കരിച്ചു ഞാൻ ചെയ്തത് അവർക്കിതുവരെ ക്ഷമിക്കാനായിട്ടില്ല അതുകൊണ്ടാണ് അവർ… പിന്നെ സ്ത്രീധനമാണോ അമ്മേ വലുത്. എന്തു തന്നെയായാലും എന്റെ വീട്ടുകാരെ പറയാൻ ഞാൻ സമ്മതിക്കില്ല. ഇത്രയും നാൾ ഞാൻ ക്ഷമിച്ചത് പോലെയാകില്ല.” അമൃത തീർത്തു പറഞ്ഞു.

“കേട്ടില്ലെടാ നിന്റെ ഭാര്യ പറഞ്ഞത്. ഇവരുടെയൊക്കെ മുൻപിൽ വെച്ച് എന്നോട് തർക്കിക്കാൻ നീയാണോ ഇവൾക്ക് ധൈര്യം കൊടുത്തത്. ” എന്തോ വലിയ തിരിച്ചടി കിട്ടിയപോലെ സാവിത്രിയമ്മ കണ്ണീർ ഒഴുക്കി.

“അമ്മു… അമ്മയെ എതിർത്തു പറയാൻ പാടില്ലെന്നറിഞ്ഞു കൂടെ നിനക്ക്… നീയെന്റെ കയ്യീന്ന് വാങ്ങും ” അപമാനിതയായ അമ്മയുടെ കണ്ണുനീർ നന്ദന്റെ ചിന്തശേഷിയെ അലിയിച്ചു കളഞ്ഞ പോലെയുള്ള വാക്കുകൾ.

“നന്ദേട്ടൻ അമ്മയെ ന്യായീകരിക്കുകയാണോ… എന്റെ വീട്ടുകാരെ പറഞ്ഞത് ശരിയാണോ… ” അമൃത വാക്കുകൾ മുഴുവനാക്കും മുൻപേ നന്ദൻ കയ്യിലുള്ള ചായ ഗ്ലാസ്‌ എറിഞ്ഞുടച്ചു. അമ്മയോടുള്ള അമിത സ്നേഹത്തിനു മുൻപിൽ അയാൾ അന്ധനായി. കാര്യങ്ങൾ കൈവിട്ടു പോയി കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ വിരുന്നുകാർ പതിയെ യാത്ര പറഞ്ഞിറങ്ങി. അന്നുമുതൽ സ്നേഹം അലയടിച്ചിരുന്ന അമൃതയുടെയും നന്ദന്റെയും ജീവിതത്തിൽ വിള്ളലുകൾ വീണു തുടങ്ങിയിരുന്നു.

അമൃതയെ അല്ലാതെ മറ്റാരെയെങ്കിലും വിവാഹം കഴിച്ചിരുന്നുവെങ്കിൽ സ്ത്രീധനമെന്ന പേരിൽ പണവും സ്വർണ്ണവും വന്നു ചേരുമായിരുന്നു വെന്ന് വളരെ പെട്ടന്ന് തന്നെ നന്ദന്റെ മനസ്സിൽ തോന്നലുണ്ടാക്കാൻ സാവിത്രിയ്ക്കു കഴിഞ്ഞു. അത് സാവിത്രിയുടെ മാത്രം വിജയമായിരുന്നില്ല. നന്ദന്റെ മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന അത്യാഗ്രഹത്തിന്റെ കനൽ ഊതി ഉണർത്തുകമാത്രമായിരുന്നു എന്നു വേണം കരുതാൻ.

കഴിഞ്ഞ സംഭവങ്ങൾ എല്ലാം മറക്കാൻ അമൃതയ്ക്കു പെട്ടന്ന് കഴിഞ്ഞു. പഴയതു പോലെ അവരെ സ്നേഹിക്കാനും. എന്നാൽ നന്ദനുംഅമ്മ യും എന്തൊക്കെയോ തീരുമാനിച്ചിരുന്നു.പ്രാതൽ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു മൂവരും.

“അമ്മു… നിനക്ക് നിന്റെ വീട്ടുകാരെ കാണാൻ ആഗ്രഹമില്ലേ… എത്ര നാളായി?” ഒരിടവേളയ്ക്ക് ശേഷം ആദ്യമായി നന്ദൻ സ്‌നേഹത്തോടെ സംസാരിക്കുന്നു… അതും അമ്മയെ പേടിച്ചു ഭാര്യയോട് മിണ്ടാറില്ലാത്ത നന്ദേട്ടൻ അമ്മയുടെ മുൻപിൽ വെച്ച്… പക്ഷേ ഇത്ര പെട്ടന്ന് ഇതെങ്ങനെയെന്ന് ആലോചിച്ചു.

“മോൾ വേണെങ്കിൽ അങ്ങോട്ട് പോയി ഒരാഴ്ച നിന്നോളൂ… അവരുമായി എത്ര നാളെന്നു വെച്ച പിണങ്ങിയിരിക്കുന്നെ..നിന്റെ അനിയത്തീടെ കല്യാണം ആയെന്ന കേട്ടത്… ഉള്ളതെല്ലാം നിന്നോടുള്ള ദേഷ്യത്തിന് നിന്റെ അച്ഛൻ അവൾക് കൊടുക്കും.” സാവിത്രിയമ്മയുടെ വാക്കുകളിലെന്നപ്പോലെ കണ്ണിലും ദുരാഗ്രഹത്തിന്റെ ഒരു തിളക്കം അമൃതയ്ക്കു വെളിവായി.

“ഓഹോ അപ്പൊ എന്നോടുള്ള സ്നേഹം കൊണ്ടല്ല. സ്വത്തും പണവും മോഹിച്ചാണ്. ഛെ… ഞാനില്ല ഒന്നിനും. മാപ്പ് പറയാൻ പോലും അർഹതയില്ല എന്ന കാരണത്താൽ ആണ് ഞാൻ വീട്ടിൽ കയറിചെല്ലാൻ മടിക്കുന്നത്.”

“നീയിതു കേട്ടില്ലേടാ മോനെ… നിന്റെ ഭാര്യയുടെ അഹങ്കാരം. നീ പറഞ്ഞാൽ അവൾ അനുസരിക്കില്ലെന്നാണോ.”

“അമ്മൂ… നമുക്കൊന്ന് പോവാം അവിടം വരെ. എന്തായാലും നിനക്ക് കൂടി അവകാശപ്പെട്ടത് നിന്റെ അനിയത്തി ഒറ്റയ്ക്കു കൊണ്ടുപോയാൽ കഷ്ട്ടമല്ലേ.” നന്ദൻ അവളെ അനുനയിപ്പിച്ചു. “ഇത്രയും കാലം അവരെ ഫോണിൽ ക്കൂടി പോലും വിളിച്ചു സംസാരിക്കാൻ സമ്മതിക്കാതിരുന്ന നിങ്ങൾ സ്വത്തെല്ലാം നഷ്ട്ടപ്പെടുമോ എന്നു പേടിച് ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഞാനില്ല ഒന്നിനും.”

“കാൽ കാശിനു ഉപകാരം ഇല്ലാത്ത നിന്നെ ഇനിയും വെച്ച് വാഴിക്കാൻ ഞങ്ങൾക്കും ബുദ്ധിമുട്ടുണ്ട്. നിനക്ക് ഇനി എന്റെ മോന്റെ ഭാര്യയായി തുടരണമെങ്കിൽ നീ ഇത്‌ അനുസരിച്ചേ മതിയാകു…”

അവസാന പ്രതീക്ഷയെന്നോണം അമൃത നന്ദനെ നോക്കി. അമ്മ പറഞ്ഞതിൽ കൂടുതൽ തനിക്കും പറയാനില്ലെന്ന മട്ടിൽ അയാൾ എഴുന്നേറ്റു പോയി.മൂന്നു പേരുള്ള ആ വീട്ടിൽ അമൃത ഒറ്റപ്പെട്ടു. ദിവസങ്ങൾ പലതും കടന്നുപോയി. നന്ദൻ പൂർണ്ണമായും തന്നെ അവഗണിച്ചു തുടങ്ങിയെന്നു അവൾ മനസ്സിലാക്കി. എത്ര പെട്ടന്നാണ് ആളുകൾ മാറുന്നതെന്ന് അവൾ ആശ്ചര്യപ്പെട്ടു. കൂടെ ജോലി ചെയ്യുന്ന ഒരു സ്ത്രീയുമായി നന്ദൻ അടുപ്പത്തിലാണെന്ന് അറിയുന്നത് വരെ അമൃത എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ ആയിരുന്നു. വെറും പണത്തിന്റെ പേരിലാണോ നന്ദൻ അകന്നു പോയത്.തീർച്ചയായും ആയിരിക്കില്ല. ആരും ചോദ്യം ചെയ്യാൻ വരില്ലെന്ന ഉറപ്പും അമ്മയുടെ മരുമകളോടുള്ള വിദ്വേഷവും എന്തിനും കൂട്ടുനിൽക്കുമെന്ന ധൈര്യവും എല്ലാം ഒത്തു വന്നപ്പോൾ മുഖം മൂടി അഴിഞ്ഞു വീണതായിരിക്കാമെന്ന് അമൃത വേദനയോടെ ചിന്തിച്ചു. ആരുമല്ലാതായ ഒരാളുടെ ചിലവിൽ കഴിയാതിരിക്കാൻ അവൾ നഗരത്തിലെ വലിയൊരു തുണിക്കടയിൽ സെയിൽസ്‌ ഗേൾ ആയി ജോലി ചെയ്യാൻ ആരംഭിച്ചു. നന്ദന്റെ വഴിവിട്ട ചെയ്തികൾ ചോദ്യം ചെയ്യാനും തിരുത്താൻ തയ്യാറെങ്കിൽ ക്ഷമിക്കാനും അവൾ തീരുമാനിച്ചുറപ്പിച്ചു. അതല്ലെങ്കിൽ ആ വീട് വിട്ട് ഒപ്പം ജോലി ചെയ്യുന്നവരോടൊപ്പം ഹോസ്റ്റലിൽ കഴിയാനും അവൾ കരുതിയിരുന്നു. ഒരു ഞായറാഴ്ച. നന്ദൻ തിരക്കിട്ടു പോകാൻ നിൽക്കവേ അമൃത തടസ്സമായി വന്നു.

“നന്ദേട്ടൻ എങ്ങോട്ടാ…” “അതെല്ലാം നിന്നോട് പറയണം എന്നുണ്ടോ.ഞാനും അമ്മയും പറയുന്നത് അനുസരിക്കാൻ കഴയാത്തവൾ എനിക്ക് ആരുമല്ല.” “ഞാൻ അനുസരിച്ചു കഴിഞ്ഞാൽ?” “അപ്പോൾ ഞാൻ നിന്നെ പഴയതു പോലെ സ്നേഹിക്കും ” “അപ്പൊ അവളോ… നന്ദേട്ടന്റെ കാമുകി ” “കാമുകിയോ… നീ അനാവശ്യം പറയരുത്.”നന്ദൻ പതറിപ്പോയിരുന്നു. “ഒന്നും ഇനി മറച്ചു വെയ്ക്കേണ്ട ഞാൻ അറിയുന്നുണ്ടായിരുന്നു.” “ഓഹോ.. എന്നാൽ പിന്നെ എളുപ്പമായല്ലോ… നിന്നെക്കാൾ സൗന്ദര്യവും പണവും എല്ലാം ഉണ്ടവൾക്ക്… എന്തു കൊണ്ടും നിന്നെക്കാൾ ഒരുപടി മുൻപിൽ ” ചെയ്ത തെറ്റിന്റെ പശ്ചാതാപമായിരുന്നു അമൃത അവനിൽ നിന്നും പ്രതീക്ഷിച്ചത്.

“ഭാര്യ നന്നായില്ലെങ്കിൽ ഭർത്താക്കന്മാർ വേറെ ബന്ധം തേടിപ്പോകും. എന്റെ നന്ദന്റെ ഭാഗത്തു ഒരു തെറ്റുമില്ല ” മകനെ ന്യായീകരിക്കാൻ സാവിത്രിയമ്മയും എത്തിയതോടെ നന്ദന്റെ ബലം കൂടി.

“എല്ലാവരെയും ഉപേക്ഷിച്ചു വന്നത് നിങ്ങള്ക്ക് വേണ്ടിയല്ലേ എന്നിട്ടും നിങ്ങൾ എന്നെ ചതിച്ചു. ഇനി ഞാൻ ജീവിച്ചിരുന്നിട്ടെന്തിനാ… എന്നെയങ്ങോട്ട് കൊന്നിട്ട് മതിയായിരുന്നില്ലേ നിങ്ങളുടെ അവിഹിതം ” അമൃത ഉറക്കെ പറഞ്ഞു കൊണ്ട് കരയാൻ തുടങ്ങി. ഒരിറ്റു സഹതാപം പോലും തോന്നാതെ നന്ദൻ പോകാൻ ഒരുങ്ങിയപ്പോൾ അമൃത അവന്റ കൈകളിൽ പിടിച്ചു വലിച്ചു. അപ്പോഴാണ് അമൃതയുടെ ഹൃദയം തകർത്തു കൊണ്ട് നന്ദന്റെ വാക്കുകൾ… “നീ പോയി ചാവ്… ശല്ല്യം ”

ഒരുപാട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരാളിൽ നിന്നും ജീവന്റെ പതിയായ ഒരാളിൽ നിന്നും ഇത്തരത്തിൽ ഒരു പെരുമാറ്റം അമൃത സ്വപ്നത്തിൽ പോലും കരുതിയില്ല. അന്ന് പടിയിറങ്ങിയതാണ് അവിടെ നിന്നും. രണ്ടു മാസമായി ഹോസ്റ്റലിൽ താമസം ആരംഭിച്ചിട്ട് ഒരുക്കലും നന്ദനും അമ്മയും അന്വേഷിച്ചു വന്നതേയില്ല. നന്ദനുമായി അടുപ്പത്തിലായിരുന്ന സ്ത്രീ മറ്റൊരു വിവാഹം ചെയ്തതായി അറിഞ്ഞിരുന്നു. പക്ഷെ അതായിരിക്കില്ല ഈ വരവിനു പുറകിലെന്ന് അമൃത ഊഹിച്ചു. നന്ദൻ തെറ്റുകളിൽ നീറുന്നുണ്ടെന്ന് അവൾ മനസ്സിലാക്കിയിരുന്നു. എന്നാൽ അമ്മയെ പേടിച്ചു തന്നെ കൂട്ടിക്കൊണ്ട് പോകാൻ തയ്യാർ ആവുകയില്ല താനും.അന്നൊന്നും ഇല്ലാത്ത സ്നേഹവുമായി നന്ദൻ വന്നിരിക്കുന്നു. ക്ഷമാപണം നടത്തി കൂട്ടിക്കൊണ്ട് പോകാൻ.

“അമ്മൂ നീയൊന്നും പറഞ്ഞില്ല.അമ്മ നിന്നെ കാത്തിരിക്കുകയാണ് നിന്നെ കണ്ടു മാപ്പു പറയാൻ വേണ്ടി.” നന്ദൻ അലിവോടെ നോക്കി. “ശരി ഞാൻ നാളെത്തന്നെ വരാം.” അമൃത നന്ദന് ഉറപ്പു നൽകി തിരിച്ചയച്ചു. അമ്മ ഇരുവരെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല എന്ന് ഉറപ്പായിരുന്നു. അമ്മയ്ക്ക് തന്നോടുള്ള ദേഷ്യം ഇല്ലാതാവാൻ എന്തുണ്ടായെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

പിറ്റേദിവസം രാവിലെ തന്നെ അമൃത ഓട്ടോയിൽ നന്ദന്റെ വീട്ടുമുറ്റത്തെത്തി.ആരുടെയോ വിലകൂടിയ ഒരു കാർ മുറ്റത്തു കിടക്കുന്നത് കണ്ടു. ഉമ്മറത്തെത്തിയതും സാവിത്രിയമ്മ സ്നേഹത്തോടെ അടുത്തു ചെന്നു. “വാ മോളെ…നന്ദൻ അകത്തുണ്ട്. വേണ്ടപ്പെട്ട ഒരാളോട് സംസാരിച്ചുകൊണ്ടിരിക്ക.ബാഗ് ഒന്നും കൊണ്ടു വന്നില്ലേ… ഇനിയെങ്ങോട്ടും പോകണ്ട അമ്മയോട് ക്ഷമിക്കണേ മോളെ ”

“ഞാൻ ഇവിടെ താമസിക്കാൻ വന്നതല്ല.എനിക്ക് ഒരു ജോലിയ്ക് അപേക്ഷിക്കേണ്ടിയിരുന്നു. സർട്ടിഫിക്കറ്റ് ഇവിടെ മറന്നുവെച്ചിട്ടാണ് അന്ന് ഇറങ്ങിയത്. പിന്നെ നിങ്ങളെ ഒന്ന് കാണാനും. മകനെ നല്ലതു പറഞ്ഞു നേർവഴി നടത്തേണ്ടതിനു പകരം ഉപദേശിച്ചു വഷളാക്കിയതിനും രണ്ടു വാക്ക് പറയണമെന്നും ഉണ്ടായിരുന്നു. ഇനിയൊരിക്കലും നേരും നെറി യുമില്ലാത്ത നിങ്ങളോടൊപ്പം കഴിയാൻ എനിക്ക് മനസ്സില്ല.”

പറഞ്ഞു അവസാനിപ്പിച്ചു കൊണ്ട് നടുമുറിയിലേയ്ക് കാലെടുത്തു വെയ്ക്കാൻ ഒരുങ്ങിയതും അമൃതയുടെ സംസാരമെല്ലാം കേട്ടുകൊണ്ട് നിറമിഴിയോടെ നിശ്ചലനായി നിൽക്കുന്ന ഒരു വൃദ്ധനെ കണ്ടു അവൾ അത്ഭുതപ്പെട്ടു. അത് മാറ്റാരുമല്ലായിരുന്നു. അമൃതയുടെ അച്ഛൻ. അനിയത്തിയുടെ വിവാഹം ക്ഷണിക്കുന്നതിനും ദേഷ്യമെല്ലാം മറന്ന് മകളെയും മരുമകനേയും കൂട്ടിക്കൊണ്ട് പോകുവാനും ആയിട്ടുള്ള വരവായിരുന്നു അത്.

“അച്ഛാ… ഈ മോളോട് ക്ഷമിക്കണം. തെറ്റ് പറ്റിപ്പോയി. നിങ്ങളെ വേദനിപ്പിച്ചതിനുള്ള ശിക്ഷയാണ് ഞാനിപ്പോ അനുഭവിക്കുന്നത്.”അമ്മു അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.

“ഞാനൊന്നും അറിഞ്ഞില്ലല്ലോ മോളെ. നീ ഇവരോട് സംസാരിച്ചതിൽ നിന്നും നിന്റെ അവസ്ഥ ഊഹിക്കാൻ എനിക്ക് കഴിയും. കഴിഞ്ഞ തവണ ഞാനിവിടെ വന്നപ്പോൾ നീ കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രയിൽ ആണെന്നാണ് ഇവരെന്നോട് കള്ളം പറഞ്ഞത്. ”

“ആഹാ കൊള്ളാം. അപ്പോൾ ഇവരുടെ മനം മാറ്റത്തിന് കാരണം അച്ഛന്റെ വരവും സ്വത്തിൽ എനിക്കുള്ള പങ്കും തന്നെയാണ് അല്ലെ. എനിക്കറിയാമായിരുന്നു അങ്ങനെ എന്തെങ്കിലും മനസ്സിൽ കണ്ടിട്ടാകും മാപ്പു പറച്ചിലെന്നു.”

“മതി മോളെ. നമുക്ക് പോകാം. നിന്റെ വില അറിയാത്തവർക്കു വേണ്ടി നീ ഇനി ജീവിക്കരുത്. നിനക്കിനിയും ഭാവിയുണ്ട്. ഈ അച്ഛനുള്ളിടത്തോളം നീ തോൽക്കില്ല.” അച്ഛൻ അമ്മുവിന്റെ കൈയ്യും പിടിച്ച് ഇറങ്ങുവാൻ തുടങ്ങി.

“അമ്മൂ… നീ പോകരുത്… ഞാൻ നിന്റെ കാലു പിടിക്കാം…എന്റെ തെറ്റുകൾ എനിക്ക് മുൻപേ ബോധ്യമായതാണ് അമ്മയെ പേടിച്ചാണ് ഞാൻ…” നന്ദന്റ കണ്ണു നിറയുന്നത് ആദ്യമായവൾ കണ്ടു. കുറ്റബോധം അവനെ കരയിച്ചു.

“ഇല്ല നന്ദേട്ട… ഒന്തിനെപ്പോലെ നിറം മാറുന്ന മനുഷ്യരുടെ ഇടയിൽ കഴിയാൻ എനിക്ക് താല്പര്യമില്ല. മറ്റൊരു ജീവിതം തേടി പോയ നിങ്ങളെ സ്വീകരിക്കാൻ എന്റെ അഭിമാനം എന്നെ അനുവദിക്കുന്നുമില്ല. ഇത്‌ സിനിമ അല്ല. ജീവിതമാണ്. എല്ലാ തോന്നിവാസവും ചെയ്തു കൂട്ടിയ ഭർത്താവിനോട് ക്ഷമിച്ചു ത്യാഗിനിയും പതിവ്രതയും ചമഞ്ഞാൽ ആരും പുരസ്‌കാരം കൊണ്ടു തരികയില്ലല്ലോ. വിവാഹമല്ല പലതും എനിക്ക് നേടാനുണ്ട്. എന്റെ കുടുംബമുണ്ട് എന്റെ കൂടെ ഞാൻ പോകുന്നു.”

വൈകിയെങ്കിലും നന്ദന് അതൊരു തിരിച്ചറിവായിരുന്നു. എല്ലാ സ്ത്രീകളും കണ്ണീർ പരമ്പരകളിലെ നായികമാരല്ലെന്നും. പണമില്ലെങ്കിൽ കൂടിയും അഭിമാനം മുറുകെ പിടിക്കാൻ സ്ത്രീകൾ മുൻപത്തെക്കാൾ ഇന്ന് ശക്തരാണെന്നും. നന്ദനും സാവിത്രിയും കൈവിട്ടു പോയ ജീവിതത്തെ കുറിച് കണ്ണീർ പൊഴിക്കവേ വീട്ടിലേക്കുള്ള യാത്രയിൽ അമൃത ഓർമ്മയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടു പുതിയ ജീവിതം സ്വപ്നം കാണുകയായിരുന്നു.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: രേഷ്ജ അഖിലേഷ്

Leave a Reply

Your email address will not be published. Required fields are marked *