ഇളയ അനിയന്റെ വിവാഹത്തോടനുബന്ധിച്ച് രണ്ട് മൂന്ന് ദിവസം നല്ല കഷ്ടപ്പാടായിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഷിജിത് നാനോ

കുക്കു വീണ്ടും വീടിനു മുൻവശത്തെ പഞ്ചായത്ത് റോഡിലേക്ക് നോക്കി. അമ്മ നടന്നു വരുന്നുണ്ടോന്ന്. സമയം വൈകീട്ട് ആറുമണിയാവുന്നു. പെട്ടെന്ന് ഇരുട്ടാവുന്നത് കൊണ്ട് ചിലപ്പോ ഓട്ടോ വിളിച്ച് വരേണ്ടിവരും : കവലയിൽ ഓട്ടോ കാണില്ല അതാവും വരാൻ താമസിക്കുന്നത്…. ഫോണെടുത്ത് അമ്മയുടെ നമ്പറിലേക്ക് ഒന്നുകൂടെ വിളിച്ചു നോക്കി. ബെല്ലടിക്കുന്നുണ്ട് കോൾ എടുക്കുന്നില്ല. അവൾക്ക് ദേഷ്യവും സങ്കടവുംവന്നു. .ആറേകാലാവുമ്പോഴേക്കും വിളക്ക് വെക്കാം : എന്തായാലും വേഗം പോയി കുളിക്കാം അവൾ വേഗം അടുക്കളയിലേക്ക് നടന്നു.

കറിവേപ്പിലയിട്ട് കാച്ചിയ എണ്ണയെടുത്ത് നീണ്ട ഇടതൂർന്ന് .മുട്ടൊപ്പമെത്തുന്ന മുടിയിൽ തേച്ചുപിടിപ്പിച്ചു .. ഇത്ര നേരം അമ്മ വരുന്നുണ്ടോന്ന് വഴിയിലേക്കും നോക്കി പേൻ ചീർപ്പെടുത്ത് മുടി ചീകി കൊണ്ടിരിക്കായിരുന്നു… സന്ധ്യയ്ക്ക് മുടി ചീകികൊണ്ടിരിക്കുന്നത് കണ്ട് അവളുടെ അമ്മമ്മ അകത്തു നിന്നും എന്തൊക്കെയോ പറയുന്നുണ്ട് … അവളത് അവഗണിച്ചുകൊണ്ട് മുടിയിലെ ക്ഷു- ദ്ര ജീവികളെയെല്ലാം നിർബാധം കൊന്നു കൊണ്ടിരിക്കുകയായിരുന്നു.

പെട്ടെന്ന് കു ളിയും കഴിഞ്ഞ് തലയിൽ തോർത്തും ചുറ്റി. നേരെ പോയി വിളക്കു കത്തിച്ച് ഉമ്മറത്ത് വെച്ചു.. വിളക്കിൽ തൊട്ട് തൊഴുത് മുഖമുയർത്തുമ്പോഴെക്കും പഞ്ചായത്ത് റോഡിലൊരു ഓട്ടോ വന്നു നിന്നു. :

ഓട്ടോയിൽ നിന്നും അവളുടെ അമ്മ ഷീബയിയിറങ്ങി ഓട്ടോ ചാർജ്ജും കൊടുത്ത് നേരെ ഉമ്മറത്തേക്ക് കയറി. ..

അമ്മയിത്രനേരം എന്തെടുത്തതാ അമ്മേ. സമയം എത്രയായി നോക്ക് … വൈകിയത് പോട്ടെ വിളിച്ചാൽ ഫോണെടുത്തുടെ … എത്ര മിസ് കോൾ ഉണ്ടെന്ന് നോക്കിക്കേ. .

ശ്ശൊ…. ഞാനാ കാര്യം മറന്ന് പോയി. എങ്ങനേലും ഇവിടെത്തേണ്ട ധൃതിയും. പിന്നെ ആശുപത്രിയിൽ പോയ ടെൻഷനും ഒക്കെ ആയപ്പോൾ ഫോണിന്റെ കാര്യം ഞാനോർത്തതേ ഇല്ല. …

ആശുപത്രീലോ അമ്മയെന്തിനാ ആശുപത്രിയിൽ പോയത്…

അതൊക്കെ പിന്നെ പറയാം .. നീ പോയ വിശേഷം എന്തായി അത് പറയ് ആദ്യം – ..

സന്തോഷമുള്ള കാര്യം കേൾക്കട്ടെ ആദ്യം …

കുക്കുവും രണ്ട് കൂട്ടുകാരികളും കൂടെ ടൗണിലുള്ള ഇന്റർ നെറ്റ് കഫേയിൽ പോയിരുന്നു. ഇന്ന്… കുക്കു ഡിഗ്രി പാസായായി എക്കൗണ്ടൻസിയാണ് പഠിച്ചത്. അത് അമ്മേ. : അപേക്ഷിച്ച ഞങ്ങൾക്ക് മൂന്ന് പേർക്കും അവിടെ കോഴ്സിന് അഡ്മിഷൻ കിട്ടിയിട്ടുണ്ട്. പക്ഷേ ഒരു പ്രശ്നമെന്താണ് ന്ന് വെച്ചാൽ അടുത്ത ആഴ്ച തന്നെ കോഴ്സിന് ചേരണം.

എവിടെയാ സെന്റർ:

എറണാകുളത്ത് രാജഗിരി കോളേജിൽ ആറു മാസത്തെ കോഴ്സ് .കേന്ദ്ര സർക്കാറിന്റെ ഫ്രീ കോഴ്സാ : … ഫുഡ് ആൻഡ് അക്കോമഡേഷൻ ഫ്രീ… ആറുമാസത്തെ കോഴ്സിനിടയ്ക്ക് അവിടുന്ന് തന്നെ പല കമ്പനികളിലേക്കും ഇന്റർവ്യൂ ഉണ്ടാവും ..ഭാഗ്യമുണ്ടേൽ ആറുമാസം കൊണ്ട് ഏതേലും കമ്പനിയിൽ ജോലി കിട്ടും ..

നിനക്കെന്തായാലും ജോലി കിട്ടും ഉറപ്പാ ..

അതെന്താ അമ്മേ അങ്ങനെ പറഞ്ഞത് ..

നിന്റെ പേര് വിസ്മയ എന്നായത് കൊണ്ട് ഷീബ ചിരിച്ചു കൊണ്ട് പറഞ്ഞു. . ജനനം മുതൽ നീ എല്ലാരെയും വിസ്മയിപ്പിച്ച് കൊണ്ടിരിക്കയല്ലേ അതല്ലേ നിനക്ക് വിസ്മയ എന്ന് പേരിട്ടത് തന്നെ

ഞാൻ ഗർഭിണിയായ അന്ന് മുതൽ നീയൊരു വിസ്മയം തന്നെയായിരുന്നു. .. ഗർഭപാത്രത്തിൽ എല്ലാ കുഞ്ഞുങ്ങളെയും പോലെ നീ നേരെയായിരുന്നില്ല കിടന്നിരിരുന്നത് തലകീഴായിട്ടായിരുന്നു നീയെന്റെ ഉദരത്തിൽ രൂപം കൊണ്ടത്. ഇരുന്നുറ്റി എൺപത്തിയഞ്ച് ദിവസവും ഞാൻ ബെഡ് റെസ്റ്റ് തന്നെയായിരുന്നു. : എല്ലാ ഡോക്ടർമാരും പറഞ്ഞത് നിന്നെ ജീവനോടെ കിട്ടാൻ പ്രയാസമാണ് എന്നാണ്. പക്ഷേ വൈദ്യശാസ്ത്രത്തെപ്പോലും വിസ്മയിപ്പിച്ചു കൊണ്ട് നീയീ ഭൂമിയിൽ പിറന്ന് വീണു.

അതുകൊണ്ട് തന്നെയാ നിനക്ക് വിസ്മയ എന്ന് നിന്റെ അച്ഛൻ പേരിട്ടതും… കുക്കു എന്ന് ഓമന പേരിട്ടതും അച്ഛൻ തന്നെ

പെട്ടെന്ന് ഷീബയുടെ കണ്ണുനിറഞ്ഞു. ..

അമ്മയെന്തിനാ ഓരോന്ന് പറഞ്ഞ് വിഷമിക്കുന്നെ. അച്ഛൻ മരിച്ചിട്ടിപ്പോ എത്രവർഷമായി .. നമ്മളാ സത്യത്തെ ഉൾകൊണ്ട് കഴിഞ്ഞില്ലേ .. അമ്മയ്ക്ക് ഞാനില്ലേ … അമ്മയെ ചേർത്ത് പിടിച്ചു കൊണ്ടവൾ അമ്മയുടെ കണ്ണീരൊപ്പി ക്കൊണ്ടിരുന്നു. :

അതൊക്കെ പോട്ടെ അമ്മയെന്താ ഇത്ര വൈകിയത് എന്തിനാ ആശുപത്രിയിൽ പോയത് :

അതൊക്കെ പറയാം .. നീ ഇത്തിരി ചായ വെയ്ക്ക് … എനിക്ക് തല വേദനെയെടുക്കുന്നു. ഞാനപ്പോഴേക്കും കുളിച്ചിട്ട് വരാം …പിന്നെ വിളക്ക് എടുത്ത് വെയ്ക്കാൻ മറക്കണ്ട. :

ശ്ശൊ ഞാനത് മറന്നു. കുക്കു വേഗം പോയി വിളക്ക് കെടുത്തി എടുത്ത് ഹാളിലെ ചുമരലമാരയിൽ വെച്ച അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ കൊണ്ടു വെച്ചു….

പെട്ടെന്ന് അടുക്കളയിലേക്ക് ചെന്ന് കട്ടൻ ചായ തിളപ്പിച്ചു. ചായയും ബേക്കറി പലഹാരങ്ങളുമെടുത്ത് ടേബിളിൽ വെച്ചപ്പോഴേയ്ക്കും .. ഷീബ കുളിച്ചിട്ട് വന്നു. :

ചായ കുടിക്കുന്നതിനിടയിൽ കുക്കു വീണ്ടും ചോദിച്ചു. അമ്മയെന്തിനാ ആശുപത്രിയിൽ പോയത് അത് പറ ..

അതോ ..അത് കുറച്ച് ദിവസമായി എന്റെ മാറിൽ ഒരു തടിപ്പ് . അവിടെ നിന്നൊരു വേദന .. ഇന്ന് രാവിലെ കുളിയ്ക്കുമ്പോ ഞാനവിടെ മെല്ലെ അമർത്തി നോക്കി .. അപ്പോ ഭയങ്കര വേദന .. ഷോപ്പിൽ ചെന്ന് . നളിനി മേഡത്തോട് കാര്യം പറഞ്ഞപ്പോ മേഡം പറഞ്ഞു. മേഡത്തിന്റെ അനിയത്തിയ്ക്ക് ഇതു പോലെ മാറിടത്തിലൊരു തടിപ്പ് കണ്ടപ്പോൾ പെട്ടെന്ന് തന്നെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി കാണിച്ചു. അപ്പോഴാ അത് ബ്രെസ്റ്റ് ക്യാൻസറാണെന്ന് അറിഞ്ഞത്. പെട്ടെന്ന് തന്നെ ഒരു ബ്രസ്റ്റ് ഓപ്പറേഷൻ ചെയ്ത് എടുത്ത് കളഞ്ഞത് കൊണ്ട് വല്യ കുഴപ്പമില്ലാതെ രക്ഷപെട്ടു എന്ന് ..

ഞാനീ കാര്യം മേഡത്തോട് പറഞ്ഞപ്പോ മേഡം ഹാഫ് ഡേ ലീവ് തന്ന് കൂടെ മറ്റൊരു സ്റ്റാഫിനെയും വിട്ട് തന്നു… ഞങ്ങള് രണ്ട് പേരും കൂടെ താലൂക്ക് ആശുപതിയിലെ ഡോക്ടറെ കാണിച്ചു. .അതാ വൈകിയത്.

കാണിച്ചിട്ട് ഡോക്ടർ എന്ത് പറഞ്ഞു. :

രക്തസാമ്പിൾ എടുത്തിട്ടുണ്ട് പിന്നെ മാറിടത്തിലെ തടിപ്പ് ഭാഗത്തു നിന്നും അതിന്റെ നീര് കുത്തിയെടുത്തിട്ടുണ്ട് അത് ഹൈദരാബാദിലെ ലാബിൽ ടെസ്റ്റ് ചെയ്യാൻ അയയ്ക്കും … റിസൽട്ട് കിട്ടാൻ ഒന്നരയാഴ്ചയാവും അപ്പോഴേയ്ക്കും സ്കാൻ ചെയ്ത് കാണിക്കാൻ പറഞ്ഞു. : .

അപ്പോഴേക്കും എനിക്ക് അവിടെ അഡ്മിഷന് പോണമല്ലോ അമ്മേ എന്താ ചെയ്യാ …

നീ പൊയ്ക്കോ : നിന്നെ കൊണ്ട് വിടാൻ കുഞ്ഞാങ്ങളയോട് പറയാം. .

മാമനെ … മാമി വിടുമോ അമ്മേ. : അച്ഛൻ മരിച്ച ശേഷം വാടക വീട്ടിലായിരുന്ന നമ്മൾ വാടക കൊടുക്കാൻ കഴിയാതെ വീട് ഒഴിവാക്കി ഇവിടെ വന്ന് താമസം തുടങ്ങിയപ്പോൾ .. മാമനെയും മക്കളെയും കൂട്ടി ഇവിടുന്നിറങ്ങിപ്പോയവരാ അവര് ….

ഞാൻ കൂട്ടുകാരികളുടെ കൂടെ പൊയ്ക്കോളാം… ട്രെയിനിനല്ലേ പോവുന്നത് … സനയുടെ ബാപ്പയോ സിയയുടെ ആങ്ങളയോ ആരെങ്കിലും വരും കൊണ്ട് വിടാൻ…. ആറു മാസത്തെ കോഴ്സ് കഴിഞ്ഞാൽ .. ഒരു ജോലി …. പിന്നെ ഈ കുക്കു നോക്കില്ലേ എന്റെ ഷീബ കുട്ടിയെ … അവൾ അമ്മയുടെ താടിയിൽ നുള്ളിക്കൊണ്ട് പറഞ്ഞു. :

അമ്മയുടെ മുടിയിൽ നിന്നും വെള്ളം ഉറ്റിവീഴുന്നുണ്ട് . എന്റെ മുടിയെ പറ്റി അമ്മയ്ക്ക് നല്ല ശ്രദ്ധയാ .. അമ്മയുടെ മുടിയെ പറ്റി ഒരു ശ്രദ്ധയുമില്ല. ..

ഓ അതെന്ത് ശ്രദ്ധിക്കാനാ നിന്നെക്കാൾ മുടിയുണ്ടായിരുന്നു. എനിക്ക് … നിന്നെ ഗർഭിണിയായിരുന്നപ്പോ എന്തൊക്കെയോ മരുന്നും ഇഞ്ചക്ഷനും ഒക്കെ ചെയ്തതാ … പകുതിയിലേറെ നീളവും കുറഞ്ഞു.പൊഴിഞ്ഞും പോയി. മുടി മുന്നിലേക്കെടുത്തിട്ട് ഷീബ മുടിയിൽ തലോടി കൊണ്ടിരുന്നു. ….. ഇപ്പഴും അരയോളം മുടിയുണ്ട്…

കുക്കു അകത്ത് ചെന്ന് അഴയിൽ നിന്നും ഒരു ഉണങ്ങിയതോർത്തെടുത്ത് അമ്മയുടെ മുടിയിൽ കെട്ടിവെച്ച് കൊടുത്തു.

ഒരാഴ്ച കഴിഞ്ഞപ്പോൾ കുക്കു. എറണാകുളത്തെ കോളേജിലേക്ക് പോയി പോവുമ്പോൾ അമ്മയും മോളും കെട്ടിപ്പിടിച്ച് കരഞ്ഞു. .. അമ്മമ്മയുടെ മുറിയിൽ പോയി അനുഗ്രഹം വാങ്ങി കുക്കു വീട്ടിൽ നിന്നും ഇറങ്ങി. : റോഡിലേക്കിറങ്ങുമ്പോ ഷീബ വിളിച്ച് പറഞ്ഞു. .

മോളെ മുടി ശ്രദ്ധിക്കണേ ജട പിടിക്കാതെ നോക്കണേ. കുളികഴിഞ്ഞാൽ ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കണേ ..നീ കാച്ചിയ എണ്ണ എടുത്തിരുന്നോ ഇടയ്ക്ക് മുടിയിൽ എണ്ണ തേച്ച് കുളിയ്ക്കണേ. :

ഓ… ഈ അമ്മയുടെ ഒരു കാര്യം അതൊക്കെ ചെയ്തോളാം അമ്മേ …

കൂട്ടുകാരികളോടൊപ്പം നടക്കുന്നതിനിടയിൽ കുക്കു അമ്മയെ നോക്കി കൈ വീശി കൊണ്ടിരുന്നു. :

കുക്കുവിനെ പറഞ്ഞ് വിട്ട് ഷീബ നേരെ ആശുപത്രിയിലേക്ക് പോയി.

ഓ പി ചീട്ടെടുത്ത് നേരെ ലാബിലേക്ക് നടന്നു. ലാബിൽ നിന്നും തന്ന ചീട്ട് കാണിച്ചപ്പോൾ രക്തം ടെസ്റ്റ് ചെയ്തതിന്റെ റിസൽട്ട് കിട്ടി. അതും വാങ്ങി. ആശുപത്രിയിലെ നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ ഷീബ പലതും ഓർത്തു കൊണ്ടിരുന്നു. .

മുരളിയേട്ടനുണ്ടായിരുന്നെങ്കിൽ ഇപ്പോ ഇത്ര വിഷമിക്കേണ്ടതില്ലായിരുന്നു. op ചീട്ടും പിടിച്ച് ഇവിടെ ക്യൂ നിന്നേനെ എനിക്കിവിടെ കസേരയിലിരുന്നാ മതിയായിരുന്നു. .ടോക്കൺ നമ്പറാവുമ്പോ വന്ന് കൂട്ടികൊണ്ടുപോയി ഡോക്ടറെ കാണിച്ചേനെ. : പെട്ടെന്ന് കണ്ണു നിറഞ്ഞു. തൂവാലെയെടുത്ത് ആരും കാണാതെ കണ്ണുതുടച്ചു. : മുരളിയേട്ടന്റെ ഇളയ അനിയന്റെ വിവാഹത്തോടനുബന്ധിച്ച് രണ്ട് മൂന്ന് ദിവസം നല്ല കഷ്ടപ്പാടായിരുന്നു ഉറക്കമൊന്നും ശരിയായില്ല. കല്യാണത്തിന്റെ ഓട്ടത്തിനിടയ്ക്ക് ഉറക്കത്തിന്റെ കാര്യം പോലും മറന്നു…

അനിയനെ കല്യാണം കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു. കമ്പനിയിൽ നിന്നും ടാങ്കർ ലോറിയുടെ മേനേജർവിളിച്ചത് : അന്ന് പൊയ്ക്കൊണ്ടിരുന്ന ഡ്രൈവർ ലീവാണെന്നും പെട്ടെന്ന് പോയി ഡ്യൂട്ടി എടുക്കണമെന്നും .. ഇൻഡ്യനോയിൽ കോർപറേഷന്റെ ടാങ്കർ ലോറിയിൽ ഡ്രൈവറായിരുന്നു മുരളി.

പെട്ടെന്ന് തന്നെ വണ്ടിയിലെത്തി ഡ്യൂട്ടിക്ക് കേറി. .. എറണാകുളത്തേക്കായിരുന്നു ലോഡ് … ഉറക്ക ക്ഷീണവും രണ്ട്മൂന്ന് ദിവസത്തെ അലച്ചിലും കാരണം രാത്രിവണ്ടിയോടിച്ചപ്പോൾ ഉറങ്ങിപ്പോയി. എതിരെ വന്ന പാർസൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വണ്ടിയുടെ മുൻ വശം പൂർണ്ണമായും തകർന്നു. .സീറ്റിനും സ്‌റ്റിയറിംഗിനും ഇടയിൽ കുടുങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.

അന്ന് കുക്കുവിന് പത്ത് വയസ്. ഇപ്പോ അവൾക്ക് ഇരുപത്തിയൊന്ന് വയസായിരിക്കുന്നു. : മോളെ ഭയങ്കര ഇഷ്ടമായിരുന്നു. .

പക്ഷേ ….

ഓരോന്നാലോചിച്ച് ക്യൂവിന് മുൻപിലെത്തിയതറിഞ്ഞില്ല.

ടോക്കൺ നമ്പർ വിളിച്ചതും ഡോക്ടർക്ക് മുൻപിലെത്തി.

ഓ :പി ചീട്ട് നോക്കി ഡോക്ടർ റീന ജോർജ്ജ് ഷീബയെ നോക്കി ഒന്നു മന്ദഹസിച്ചു….

ഷീബയുടെ കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ ..

ഷീബയും ഒന്നു ചിരിച്ചു…

ഇല്ല ഡോക്ടർ…. കൂടെ വരാൻ ആരും ഇല്ല. അമ്മയുണ്ട് പിന്നെ മോളും . മോള് ഒരു കോഴ്സിന് എറണാകുളം വരെ പോയിരിക്കാ ആറ് മാസം കഴിഞ്ഞേ വരൂ.. അമ്മ കാൽമുട്ട് വേദനയായത് കൊണ്ട് കിടപ്പാണ്…

ഡോക്ടറോട് സംസാരിക്കുന്നതിനിടയിൽ ബ്ലഡ്റിസൽട്ട് ഡോക്ടറെ കാണിച്ചു…

ഡോക്ടർ റിസൽട്ട് വിശദമായി പരിശോധിച്ചതിന് ശേഷം പറഞ്ഞു തുടങ്ങി. . . ഷീബയുടെ കൂടെ ആരും വരാത്തതിനാൽ കാര്യങ്ങൾ ഷീബയോട് തന്നെ പറയാലോ ഇല്ലേ …അല്ലെങ്കിലും തന്റെ രോഗവിവരം രോഗി അറിഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത് ഏത് തരം രോഗമാണെങ്കിലും രോഗിക്ക് അതുമായി മാസികമായി പൊരുത്തപ്പെടാൻ സാധിക്കും. :

ഷീബ ടെൻഷനടിയ്ക്കണ്ട. വിഷമിക്കേണ്ട

ഷീബയുടെ മാറിൽ കാണുന്ന തടിപ്പ് കാൻസറിന്റെ ആരംഭം തന്നെയാണ്. : അതിന്റെ വലുപ്പവും വ്യാപ്തിയും എത്രത്തോളം ഷീബയിൽ അത് വ്യാപിച്ചിരിക്കുന്നു എന്നറിയണമെങ്കിൽ ഇവിടെ അതിനുള്ള സംവിധാനമില്ല. ഈ ബ്ലഡ് ടെസ്റ്റിലൂടെ രോഗ നിർണ്ണയം മാത്രമേ സാധ്യമാവൂ…. ഏതായാലും ക്യാൻസറാണ് എന്ന് തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് . തുടർ ചികിത്സയ്ക്ക് മെഡിക്കൽ കോളേജിൽ തന്നെ പോവുന്നതാണ് നല്ലത്. .

ഇത്രയും കേട്ടപ്പോൾ തന്നെ ഷീബയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഡോക്ടർ … അവൾ വിതുമ്പി കൊണ്ട് വിളിച്ചു. ഷിബ കരയാതിരിക്കു… ഞാൻ ബാക്കി കൂടെ പറയട്ടെ.. ഇതിപ്പോൾ ഈ രോഗം സ്ത്രീകളിൽസർവ്വസാധാരണമായിരിക്കുകയാണ്. ഷീബ വിചാരിക്കും പോലെ ഇപ്പോഴത്ര പേടിക്കാനൊന്നുമില്ല. : ഞാനിവിടുന്ന് മെഡിക്കൽ കോളേജിലേക്ക് ചീട്ടെഴുതി തരാം – .. അമ്മയെയും കൂട്ടി പൊയ്ക്കൊള്ളു. അവിടെ ചെന്നാൽ കുറച്ച് ടെസ്റ്റുകൾ കൂടി ചെയ്യാനുണ്ടാവും. എല്ലാ റിസൽട്ടും കിട്ടിയതിന് ശേഷം മാത്രമേ ചികിത്സ തുടങ്ങു .. ആദ്യ ചികത്സ കീമോ തന്നെയാണ് കീമോ ചെയ്താൽ ചർദ്ദി വരും തലവേദന ഉണ്ടാവും. ശരീരം ക്ഷീണിക്കും മുടി പൊഴിഞ്ഞു പോവും .. അഞ്ചാറ് മാസം കഴിഞ്ഞാൽ മാത്രമേ ചിലപ്പോൾ ഓപ്പറേഷൻ വേണ്ടി വരു .ചെറിയ ഒരു മുഴയാണെങ്കിൽ ചിലപ്പോൾ അത് മാത്രം എടുത്ത് കളഞ്ഞാൽ മതിയാവും . ചിലപ്പോ പുറത്ത് കാണുന്നതിനേക്കാൾ ഇരട്ടി വലുപ്പം ഉള്ളിലേക്കുണ്ടാവും അങ്ങനെയാണെങ്കിൽ ബ്ര സ്റ്റ് തന്നെ എടുത്ത് കളയണ്ടി വരും. .എന്തായാലും ഷീബ നാളെ തന്നെ മെഡിക്കൽ കോളേജിലേക്ക് പൊയ്ക്കോളു….

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളും തുടച്ച് ഷീബ ആശുപത്രിയിൽ നിന്നും ഇറങ്ങി .. ഓട്ടോ പിടിച്ച് നേരെ ഷീബ വർക്ക് ചെയ്യുന്ന ടെക്സ്റ്റൈൽ ഷോപ്പിലേക്ക് പോയി.

വൈകി വന്ന ഷീബയെ കണ്ട് മറ്റു സ്റ്റാഫുകൾ അടക്കം പറഞ്ഞു. : അവളുടെ ഹാഫ് ഡേ ഡ്യൂട്ടി പോയത് തന്നെ. പത്ത് മിനിട്ട് വൈകിയാൽ തന്നെ ഇവിടെ ഹാഫ് ഡേ ഡ്യൂട്ടിയാ കിട്ടുക. . ഇവളിത് ഒരു മണിക്കൂറോളം ലേറ്റാ …

ഷീബ അവരെ നോക്കി ഒന്നു ചിരിച്ചതിന് ശേഷം നേരെ മാനേജരുടെ മുറിയിലേക്ക് കയറി.

മേ ഐ കമിംങ്ങ് സർ …

അകത്തേക്ക് കയറി വരു: ഇരിക്കു..ഷീബ എന്താ വൈകിയത് :

അത് ഞാനാശുപത്രിയിൽ പോയതായിരുന്നു. സർ ..ഞാനിപ്പോ വന്നത് ഞാൻ ജോലി രാജി വെയ്ക്കാൻ തീരുമാനിച്ചു. എനിക്ക് ഇനി ജോലിക്ക് വരാൻ കഴിഞ്ഞു എന്ന് വരില്ല…. സർ ചുരുങ്ങിയ വാക്കുകളിൽ ഷീബ കാര്യങ്ങളെല്ലാം മാനേജരോട് പറഞ്ഞു. ..

ഷീബയെ പോലെ കൃത്യനിഷ്ഠത ഉള്ള ഒരാൾ റിസൈൻ ചെയ്ത് പോവുക എന്ന് പറഞ്ഞാൽ വിഷമമുള്ള കാര്യമാണ് പക്ഷേ ജോലിക്ക് തുടരാൻ കഴിയില്ല എങ്കിൽ പിന്നെ എന്ത് ചെയ്യാനാ ..

ഷീബ റിസൈൻ ലെറ്റർ ഒപ്പിട്ടു കൊടുത്തു.

എന്റെ പിഎഫ് ന്റെ പൈസയും തിരിച്ച് വേണം സർ : എങ്കിലേ എനിക്ക് ആശുപത്രി ചിലവിന് പൈസയുണ്ടാവൂ ഞാനീ ഷോപ്പിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് പതിനഞ്ച് വർഷത്തോളമായി.

ഞാനിവിടെ മാനേജരായിട്ട് രണ്ട് വർഷമായതേ ഉള്ളു. അത് കൊണ്ട് കണക്കുകളെല്ലാം നോക്കി. ഷീബയ്ക്ക് കിട്ടാനുള്ള തുക. ഷീബയുടെ എക്കൗണ്ടിൽ ഇടുന്നതാണ്. പിന്നെ രോഗം മാറിയതിന് ശേഷം : ജോലിക്ക് തുടരാൻ താൽപര്യമുണ്ടെങ്കിൽ വീണ്ടും ഇവിടെ ജോയിൻ ചെയ്യാൻ മടിക്കേണ്ട ..

ശരി.സർ … പിഫ് ആപ്ലിക്കേഷൻ ഫോം ഒപ്പിട്ടു കൊടുത്ത് ഷീബ നേരെ കൂട്ടുകാരികളുടെ അടുത്തേക്ക് നടന്നു. : എല്ലാവരോടും ചിരിച്ചു കൊണ്ട് വിടപറഞ്ഞ് ഷോപ്പിൽ നിന്നും ഇറങ്ങി നടന്നു..

ഉച്ചയോടെ വീട്ടിലെത്തിയ ഷീബ കുക്കുവിനെ വിളിച്ച് കാര്യങ്ങളന്വേഷിച്ചതിന് ശേഷം .. അമ്മയുടെ മുറിയിലേക്ക് നടന്നു… അമ്മയുടെ മുട്ട് തടവിക്കൊടുത്ത് കൊണ്ട് കാര്യങ്ങളെല്ലാം പറഞ്ഞു. .ആ സാധു സ്ത്രീ കരഞ്ഞു കൊണ്ടിരുന്നു. കൂടെ ഷീബയും …

പിന്നീട് ഷീബ അനിയൻ ഷിബുവിനെ വിളിച്ച് പിറ്റേന്ന് രാവിലെ മെഡിക്കൽ കോളേജിൽ പോവാനുണ്ടെന്നും രാവിലെ വീട്ടിലേക്ക് വരണമെന്നും അറിയിച്ചു. :

പിറ്റേന്ന് രാവിലെ തന്നെ ഷീബയും ഷിബുവും മെഡിക്കൽ കോളേജിലെത്തി. ഡോക്ടറെ കാണിച്ചു. പലവിധം ടെസ്റ്റുകൾക്ക് എഴുതി. സ്കാനിംഗ് എക്സറേ എല്ലാം എടുത്തു…. ചില ടെസ്റ്റുകളുടെ റിസൽട്ട് ഒരാഴ്ചയ്ക്ക് ശേഷമേ കിട്ടു. അതുകൊണ്ട് തൽക്കാലത്തേക്ക് വേദനയ്ക്കുള്ള ഗുളികയേ ഡോക്ടർ എഴുതിയുള്ളൂ :- ഗുളികയും വാങ്ങി രണ്ടു പേരും വൈകീട്ടോടെ തിരിച്ച് വീട്ടിലെത്തി.

അസുഖ കാര്യമൊന്നും കുക്കുവിനോട് പറഞ്ഞില്ല :അവൾ വിളിച്ചപ്പോഴൊക്കൊ ചിരിച്ചും തമാശ പറഞ്ഞും അവളോട് സംസാരിച്ചു. ..

ക്യാൻസറാണെന്നറിഞ്ഞാൽ അവൾ വിഷമിക്കുമെന്നും ചിലപ്പോൾ കോഴ്സ് മതിയാക്കി തിരിച്ച് വരാൻ സാധ്യതയുണ്ടെന്നും ഷീബയ്ക്കറിയാം. .

ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും മെഡിക്കൽ കോളേജിൽ പോയി. : ടെസ്റ്റുകളെല്ലാം പരിശോധിച്ചശേഷം ഡോക്ടർ വിധിയെഴുതി. മാറിടത്തിൽ നിന്നും മുഴ എടുത്തുകളയണം. ആദ്യത്തെ കുറച്ചു മാസം കീമോ ചെയ്യും .എന്നിട്ടും കുറവില്ലെങ്കിൽ ഓപ്പറേഷൻ ചെയ്യാൻ തീരുമാനമായി. :

ഷീബയെ അഡ്മിറ്റാക്കി. കൂടെ നിൽക്കാൻ അമ്മയും ആങ്ങളും ഉണ്ടായിരുന്നു. : പിറ്റേന്ന് രാവിലെ . കീമോ ചെയ്തു. വൈകീട്ടാവുമ്പോഴേക്കും തളർന്നവശയായി ഷീബ വീട്ടിലെത്തി. വീട്ടിലെത്തി ചർദ്ദി തുടങ്ങി…. കരിക്കിൻ വെള്ളവും കഞ്ഞി വെള്ളവും കുടിച്ച് ദിവസങ്ങൾ തള്ളി നീക്കി. : മാസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.

ഇടയ്ക്കിടയ്ക്കുള്ള കീമോ ചികിത്സയിൽ ഷീബയുടെ ശരീരം ക്ഷീണിച്ചു . മുടിയെല്ലാം പൊഴിഞ്ഞ് പോയി. നീണ്ട് ഇടതൂർന്ന മുടി പൊഴിഞ്ഞു തീർന്നപ്പോൾ ഷീബയുടെ സങ്കടം ഇരട്ടിയായി … മൊട്ടയായ തലയിൽ തലോടിയവൾ കരഞ്ഞുകൊണ്ടിരുന്നു

ആറാമത്തെ മാസം ഷീബയുടെ ഓപ്പറേഷൻ നടന്നു. : അപ്പോഴേക്കും അവളുടെ മുടി പൂർണ്ണമായും പൊഴിഞ്ഞു തീർന്നു. .ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിവാസവും കഴിഞ്ഞ് ഷീബ വീട്ടിൽ തിരിച്ചെത്തി. വീട്ടിൽ കിടപ്പായി : ഇനി ചെക്കപ്പിന് മാത്രം മെഡിക്കൽ കോളേജിൽ പോയാ മതി.

കുക്കുവിന് ഇനി ഒരാഴ്ചത്തെ ക്ലാസ് കൂടെ യേ ഉള്ളൂ. കോഴ്സിനിടയ്ക്ക് കുക്കു പല കമ്പനികളിലും ഇൻറർവ്യൂവിന് പോയിരുന്നു. ..എല്ലാ സ്ഥലത്ത് നിന്നും വിവരം അറിയിക്കാം എന്ന് പറഞ്ഞു. . ക്ലാസ് അവസാനിക്കുന്ന ദിവസം അവരുടെ ക്ലാസ് ടൈമിൽ ക്ലാസിലേക്ക് പ്രിൻസിപ്പലും മറ്റൊരു ടീച്ചറും കടന്നുവന്നു…

അവർ കുട്ടികളോടായി പറഞ്ഞു…

പ്രിയപ്പെട്ട കുട്ടികളെ ..

നിങ്ങളോട് ഒരു കാര്യം അവതരിപ്പിക്കാനാണ് ഞങ്ങൾ വന്നത് ഇത് എല്ലാ വർഷവും ഇവിടെ നടത്തുന്ന ഒരു സംഭവമാണ്. : എന്തെന്നാൽ

എല്ലാ ഫെബ്രുവരി 4 ന് ലോക ക്യാൻസർ ദിനമാണെന്ന് നിങ്ങൾക്കെല്ലാം അറിവുള്ളതാണല്ലോ….

2000 ത്തിൽ ചേർന്ന പാരീസ് ചാർട്ടറിലെ ആഹ്വാനമനുസരിച്ച് 2005 ൽ ലോക അർബുദ നിവാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പാരീസ് ചാർട്ടറാണ് തുടർന്നുള്ള വർഷങ്ങളിലും ഫെബ്രുവരി 4 ന് ലോക അർബുദ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. 2006 ൽ ലോകാരോഗ്യ സംഘടനയ്ക്കൊപ്പം മറ്റു ദേശീയ സംഘടനകളും ഈ ദിനത്തിൽ ക്യാൻസർ രോഗ അവബോധനത്തെ കുറിച്ചുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവാറുണ്ട്.

കേരളം കാൻസർ രോഗ ശരാശരിയിൽ ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്. പ്രതിവർഷം 60000 ത്തോളം രോഗികൾ പുതിയതായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട് ഈ കൊച്ചു കേരളത്തിൽ .. ആയതിനാൽ ഈ ക്ലാസിൽ താൽപര്യമുള്ള നിങ്ങൾക്കും ക്യാൻസർ രോഗം കൊണ്ട് കഷ്ടപ്പെടുന്നവർക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവാം ..

താത്പര്യമുള്ളവർക്ക് നിങ്ങളുടെ മുടി സംഭാവന ചെയ്യാം. ക്യാൻസർ രോഗ ചികിൽസയായ കീമോ ചെയ്യുമ്പോൾ രോഗികളുടെ മുടി നഷ്ടപ്പെടുന്നു. അവർക്കുള്ള വിഗ്ഗ് ഉണ്ടാക്കാൻ നമ്മുടെ മുടി നമുക്ക് ദാനം ചെയ്യാവുന്നതാണ്…

ആർക്കെങ്കിലും താൽപര്യമുണ്ടോ .. ക്ലാസ് നിശബ്ദമായിരുന്നു. ആരും ഒന്നും മിണ്ടിയില്ല …നിങ്ങളെ ആരും നിർബന്ധിക്കില്ല. താൽപര്യമുള്ളവർക്ക് കൈ പൊക്കാം…. ആരും കൈ ഉയർത്തിയില്ല…

കുക്കുവിന് പെട്ടെന്ന് അവളുടെ അമ്മയെ ഓർമ്മവന്നു. ഇവിടെ കോഴ്സിന് വരുമ്പോൾ അമ്മ മാറിടത്തിൽ നിന്നും വേദനയാണെന്ന് പറഞ്ഞ് ഓർത്തു. .എന്തിനോ കണ്ണുകൾ നിറഞ്ഞു…..

വന്ന ടീച്ചേഴ്സ് ക്ലാസിൽ നിന്നും തിരിഞ്ഞ് നടന്ന് വാതിൽക്കലെത്തിയപ്പോൾ പെട്ടെന്ന് കുക്കു വിളിച്ചു

ടീച്ചർ …

ശബ്ദം കേട്ട ഭാഗത്തേക്ക് കുട്ടികൾ മുഴുവൻ നോക്കി. അവർ ആശ്ചര്യപെട്ടു. .മുട്ടൊപ്പം ഇടതൂർന്ന് കട്ടിയേറിയ മുടിയുള്ള കുട്ടിയിതാ മുടി മുറിയ്ക്കാൻ സമ്മതം നൽകിയിരിക്കുന്നു…

സനയും സിയയും പെട്ടെന്ന് അവളുടെ തോളത്ത് പിടിച്ച് ശബ്ദം താഴ്ത്തി ചോദിച്ചു… എടീ നിനക്ക് വട്ടാന്നോ …എന്ത് നല്ല മുടിയാ നിനക്ക് .. അവർ കുക്കുവിന്റെ മുടി തുമ്പ് പിടിച്ച് നോക്കി. എനിക്ക് വട്ടായിട്ടല്ല. അസുഖം മൂലം കഷ്ടപ്പെടുന്നവർക്ക് ഇതൊരു സഹായമാവട്ടെ. എനിക്കിനിയും മുടി വളരുമല്ലോ.

പിന്നെ അമ്മയെ ഓർത്താ എനിക്ക് വിഷമം. എന്റെ മുടി എന്നെക്കാൾ ഇഷ്ടം അമ്മയ്ക്കാണ് .. അമ്മയാണത് പരിചരിക്കുന്നതും… അവൾ പറഞ്ഞു നിർത്തി.

ടീച്ചേഴ്സ് അവളോടായി ചോദിച്ചു…

കുട്ടിയുടെ പേരെന്താ ….

വിസ്മയ …

പേരു പോലെ തന്നെ കുട്ടി വിസ്മയിപ്പിച്ചു കേട്ടോ .. എല്ലാവർഷവും ഞങ്ങളീ ക്ലാസിൽ വരാറുണ്ട് പക്ഷേ ആരും മുടി മുറിച്ച് തരാൻ തയ്യാറാവില്ല…

കുട്ടിയ്ക്ക് സമ്മതമാണല്ലോ അല്ലേ….

അതെ ടീച്ചർ എനിക്ക് പൂർണ്ണ സമ്മതമാണ്.

എങ്കിൽ കുട്ടി വരൂ….

കുക്കു അവരോടൊപ്പം ആരോഗ്യ സംഘടനയുടെ വാഹനത്തിൽ കയറിപ്പോയി.

ഒരു മണിക്കൂറിന് ശേഷം തലയിൽ തോർത്തും ചുറ്റി .. ചാരിതാർത്ഥ്യമായ മുഖത്തോടെ അവൾ ക്ലാസിലേക്ക് കയറി വന്നു. : കൂട്ടുകാരികൾ ഓടി വന്ന് അവളെ എടുത്തു പൊക്കി. …. എല്ലാവരും അവളെ സ്നേഹത്തോടെ നോക്കി…… അന്നത്തോടെ അവരുടെ കോഴ്സ് തീർന്നു. എല്ലാവരും തിരിച്ച് പോവാൻ ഉള്ള തിടുക്കത്തിലായി..

പിറ്റേന്ന് എല്ലാവരും ഹോസ്റ്റൽ ഒഴിവാക്കി കൊടുക്കണമെന്നുള്ള അറിയിപ്പു വന്നു…

ക്ലാസിലെ മിടുക്കരായ മൂന്നു കുട്ടികൾക്ക് അന്ന് ഒരു കമ്പനിയിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു…

അതിലൊരാൾ കുക്കുവും …

ഇൻറർവ്യൂവിന് പങ്കെടുത്ത് അതുവഴി നാട്ടിലേക്ക് ട്രയിൻ കയറാനായി കുക്കുവും കൂട്ടുകാരും ഇന്റർവ്യൂ ഉള്ള കമ്പനിയിലെത്തി. :

ഓരോരുത്തരെയായി പേരു വിളിച്ച് ഇന്റവ്യൂ ബോഡ് ഇന്റർവ്യൂ ചെയ്തു. എല്ലാവരും ശരിക്കും പെർഫോം ചെയ്തിരുന്നു. .

അടുത്തതായി കുക്കുവിനെ അകത്തേക്ക് വിളിക്കപ്പെട്ടു….

അവളുടെ സർട്ടിഫിക്കറ്റ് എല്ലാം ബോർഡ് അംഗങ്ങൾ സൂഷ്മമായി പരിശോധിച്ചു… ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അവൾ ഉത്തരം പറഞ്ഞു…

പിന്നീടതിൽ ഒരു അംഗം അവളുടെ മൊട്ടയായ തലയെപ്പറ്റി അവളോട് ചോദിച്ചു….

വിസ്മയയ്ക്ക് തലയിൽമുടി വരാത്തതാണോ അതോ ഫാഷന് വേണ്ടി മുടി മുറിച്ചു കളഞ്ഞതോ…

അതൊന്നുമല്ല സർ :- നാളെ ലോക ക്യാൻസർ ദിനം ആണ് . ക്യാൻസർ രോഗം മൂലം മുടി നഷ്ടപ്പെട്ടവർക്കായി ഞാൻ എന്റെ മുടി ദാനം ചെയ്തതാണ്. ..

അത്രയും കേട്ടപ്പോൾ തന്നെ ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു കൊണ്ടിരുന്നു…

വിസ്മയാ …. യു ആർ സെലക്ടഡ് ….

ജൂറി അംഗങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു. :

ആധാർ കാർഡ് ബാങ്ക് പാസ്ബുക്ക് എല്ലാ സർട്ടിഫിക്കറ്റുകളുമായി അടുത്ത ദിവസം തന്നെ കമ്പനി ഓഫീസിൽ എത്തണം…..

കുക്കു എഴുന്നേറ്റ് നിന്ന് നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടിരുന്നു. : എനിക്ക് വീട്ടിൽ പോയി ബാങ്ക് പാസ് ബുക്കും മറ്റു രേഖകളും എടുത്തുവരാൻ രണ്ട് ദിവസത്തെ സമയം തരണം എന്ന് പറഞ്ഞ് അവരോട് അനുവാദവും വാങ്ങി :യാത്ര പറഞ്ഞ് കൂട്ടുകാരെയും കൂട്ടി നാട്ടിലേക്ക് യാത്രയായി…..

ട്രെയിനിലിരിക്കുമ്പോൾ മുഴുവൻ മുടി മുറിച്ചുകളഞ്ഞതിന് അമ്മ വഴക്ക് പറയുമ ല്ലോ ന്നോർത്ത് അവൾക്ക് ആധിയായി …

ട്രെയിൻ നാട്ടിലെത്തി. ട്രെയിനിൽ നിന്നും ഇറങ്ങിയ കുക്കു ആദ്യം ചെയ്തത് ഒരു മങ്കി ക്യാപ്പ് വാങ്ങി തലയിലിട്ടു. അതിനു ശേഷം ഷാൾ കൊണ്ട് തല വഴി മൂടി. വൈകീട്ടോടെ കുക്കു വീട്ടിലെത്തി…

അമ്മേയെന്നും വിളിച്ച് വീട്ടിലേക്ക് കയറിയ കുക്കു. വലിയ ബാഗും അകത്ത് വെച്ച് .

വിശക്കുന്നമ്മേ എന്ന് പറഞ്ഞ് അടുക്കളയിൽ ചെന്നു. .

അവളുടെ അമ്മമ്മ അവളെ കണ്ടപ്പോൾ തന്നെ ചായയ്ക്കുള്ള വെള്ളം സ്റ്റൗവിൽ വെച്ചു. :

അമ്മയെവിടെ അമ്മമ്മേ ഞാനിന്ന് വരും ഇന്ന് ഷോപ്പിൽ പോവണ്ട എന്ന് പറഞ്ഞതാണല്ലോ …. എനിക്കൊരു സന്തോഷ വാർത്ത പറയാനുണ്ടായിരുന്നു.

അമ്മ അകത്ത് കിടപ്പുണ്ട് നീ അകത്ത് ചെല്ല്.

കുക്കു അകത്തേയ്ക്ക് ചെന്നു മുറിയിലെ ലൈറ്റിട്ടു….

കട്ടിലിൽ ക്ഷീണിച്ചവശയായി കിടക്കുന്ന ഷീബയെ കണ്ടപ്പോൾ കുക്കു പൊട്ടി കരഞ്ഞു. അവൾ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. തലയിൽ തടവിയപ്പോഴവൾക്ക് മനസ്സിലായി അമ്മയുടെ തലയിൽ ഒരൊറ്റ മുടിയില്ല. അമ്മയ്ക്ക് ക്യാൻസറായിരുന്നു.

ഷീബ കുക്കുവിനെ ചേർത്തുപിടിച്ച് പറഞ്ഞു. നീ കരയണ്ട കുറച്ച് മാസങ്ങൾ കഴിയുമ്പോ എനിക്ക് സുഖമാവും

നീ അമ്മമ്മയോട് പറയുന്നത് കേട്ടല്ലോ എന്തോ സന്തോഷ വാർത്തയുണ്ട്ന്ന് എന്താണത്.

എനിക്ക് ജോലി കിട്ടിയമ്മേ … എറണാകുളത്ത് ഒരു കമ്പനിയിൽ .. എക്കൗണ്ടന്റ് ആയിട്ട്….

കുക്കുവിനെ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു. നീയെന്താ തൊപ്പി വെച്ചിരിക്കുന്നത് തൊപ്പി മാറ്റിയേ …

കുക്കു തൊപ്പി മാറ്റി മൊട്ടയായ തലനോക്കി ഷീബ പൊട്ടിക്കരഞ്ഞു ..

നീ മുടി മുറിച്ചു കളഞ്ഞോ…. ആറു മാസത്തെ മെട്രോ സിറ്റിയിലെ ജീവിതം നിന്നെ പരിഷ്കാരിയാക്കിയോ …

അതൊന്നുമല്ലമ്മേ അവൾ മുടി ദാനം ചെയ്തതും അതോടൊപ്പം ജോലി കിട്ടാനുണ്ടായ സാഹചര്യവും ഷീബയെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു…

എന്തായാലും ഒരു നല്ല കാര്യത്തിനാണല്ലോ … നീ വീണ്ടും ഞങ്ങളെ വിസ്മയിപ്പിച്ചല്ലോ മോളേ …

അവൾ മകളെ ചേർത്ത് പിടിച്ച് തലയിൽ അരുമയോടെ തടവി…….

ശുഭം

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമൻറ് ചെയ്യണേ…

രചന: ഷിജിത് നാനോ

Leave a Reply

Your email address will not be published. Required fields are marked *