ആ കണ്ണിൽ കണ്ടതാണ് തന്നോടുള്ള ഇഷ്ട്ടം പക്ഷെ മാറി നടന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Jaya Narayanan

മോളെ. ഇങ്ങനെ കരയല്ലേ..

നീ അവനെ ഇഷ്ടപ്പെടുന്നു എന്ന് അവനു അറിയില്ലല്ലോ. നീയൊട്ടു പറയാനും സമ്മതിക്കില്ല..

വീണേച്ചി അറിയാല്ലോ വീട്ടിലെ കാര്യം അമ്മയ്ക്കും അച്ഛനും ഇഷ്ടമില്ലാത്തതൊന്നും എനിക്കു ചെയ്യാൻ പറ്റില്ല അതല്ലേ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാൻ വീട്ടിൽ വന്നു കല്യാണം ആലോചിക്കാൻ പറഞ്ഞത്..

ഗായത്രി വീണയുടെ മടിയിൽ വീണു കരഞ്ഞു കൊണ്ടിരുന്നു അവളുടെ കണ്ണുനീർ സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല വീണക്ക്.

ഇത്രക്ക് ഇഷ്ടമായിരുന്നോ മോളെ നിനക്കു അനൂപിനെ. അവൻ എത്ര തവണ നിന്നോട് ചോദിച്ചതാ ഇഷ്ട്ടം ആണോ എന്ന്. എന്നോടും പറഞ്ഞു വീണേച്ചി എനിക്കു അവളെ ഒത്തിരി ഇഷ്ട്ടം ആണ് ഞാൻ പൊന്നു പോലെ നോക്കിക്കോളാന്ന് അപ്പോൾ നീയല്ലേ പറഞ്ഞത് വീട്ടിൽ ചോദിക്കു അവര് സമ്മതിക്കുമെങ്കിൽ ഞാനും സമ്മതിക്കാമെന്നു. എനിക്കു അപ്പോഴേ അറിയാമായിരുന്നു അവന്റെ വീട്ടുകാർ നിന്റെ വീട്ടിൽ വന്നാൽ സമ്മതിക്കില്ല എന്ന്..

സാരമില്ല ഗായു എണീക്ക് മോളെ ഭക്ഷണം കഴിച്ചു ഉറങ്ങാൻ നോക്ക് രവിയേട്ടൻ വിളിച്ചിട്ട് ഞാൻ മിണ്ടിയത് പോലും ഇല്ല..

“ചേച്ചി രവിയേട്ടനെ വിളിക്കു. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.”

കരഞ്ഞു വീർത്ത മുഖം തുടച്ചു ഗായു എഴുന്നേറ്റു കുളിമുറിയിലേക്ക് നടന്നു എത്ര വെള്ളം കോരി ഒഴിച്ചിട്ടും തലയിലെ ചൂട് മാറുന്നില്ല. ശരീരം മുഴുവൻ വെന്തുരുകും പോലെ. ഇത്രക്കും ഇഷ്ടമായിരുന്നോ തനിക്കു അനൂപ് സർ നെ… അടുത്ത് വരുമ്പോൾ,ഒന്ന് ചിരിച്ചു നടന്നു പോകുമ്പോൾ, ഒത്തിരി സന്തോഷം തോന്നാറുണ്ട്.. തന്നെ കണ്ടിട്ടും കാണാതെ പോയാൽ, ചിരിക്കാതെ പോയാൽ, നെഞ്ചിനുള്ളിൽ ഒരു ഭാരം പോലെ. ഇതായിരുന്നോ പ്രണയം!

ക്യാമ്പസ്‌ ഇന്റർവ്യൂ വഴി സെലെക്ഷൻ കിട്ടി ഈ മഹാ നഗരത്തിലേക്കു വന്നപ്പോൾ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു പഠിപ്പിക്കാൻ വേണ്ടി അച്ഛൻ എടുത്ത വിദ്യാഭ്യാസലോൺ പിന്നെ അനിയത്തിയുടെ പഠിപ്പ്. ഇതിനൊക്കെ അച്ഛനെ സഹായിക്കണം. നാട്ടിൻപുറത്തെ ഒരു ചെറിയ പലചരക്കുകടക്കാരനായ അച്ഛന് എല്ലാം കൂടി ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല അച്ഛനെ സഹായിക്കുക.

ഓഫീസിൽ പേടിക്കേണ്ടി വന്നില്ല. ഒരു ഡിപ്പാർട്മെന്റ് അല്ലെങ്കിലും പരിചയപ്പെട്ടപ്പോൾ അകന്ന ബന്ധത്തിലുള്ള വീണേച്ചി ഉള്ളത് ആശ്വാസം ആയി.. മുറിയും വീണേച്ചിക്കൊപ്പം തന്നെ..

ഡിപ്പാർട്മെന്റ്ലീഡർ ആയി അനൂപ് സർ വന്നപ്പോൾ തന്നെ ആ കണ്ണിൽ കണ്ടതാണ് തന്നോടുള്ള ഇഷ്ട്ടം. പക്ഷെ മാറി നടന്നു. നാട്ടിലും കോളേജിലും ഒക്കെ പലരും പുറകെ നടന്നെങ്കിലും പ്രണയം എന്നൊരു വികാരം തോന്നിയിട്ടില്ല. പക്ഷെ സർ നോട് സംസാരിക്കുമ്പോൾ കണ്ണുകൾ പിടയുന്നതും നെഞ്ച് ഇടിക്കുന്നതും ആരും അറിയാതെ ഇരിക്കാൻ ഒത്തിരി പാടുപെടേണ്ടി വന്നു .

അവസാനം സർ വന്നു ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോഴും “ഇല്ല “എന്ന് മറുപടി കൊടുത്തു.

പിന്നെ വീണേച്ചി പറഞ്ഞപ്പോൾ പറഞ്ഞു സർനോട് വീട്ടിൽ വന്നു ചോദിക്കാൻ പറഞ്ഞത്.അതാണ് സർ വീട്ടുകാരെയും കൂട്ടി വന്നത് വീട്ടിലേക്ക്.

അച്ഛൻ ആദ്യം തന്നെ ബാധ്യതകൾ ആയിരുന്നു അവരോട് പറഞ്ഞതും. പരസ്പരം സംസാരിക്കാനുണ്ടോ എന്ന് ചോദിച്ചപ്പോൾ സർ പറഞ്ഞത് ഞങ്ങൾ ഓഫീസിൽ കാണാറുണ്ട് സംസാരിക്കാറുണ്ട് പ്രേത്യേകിച്ചു ഒന്നും പറയാനില്ല എന്നാണ്.. വിളിക്കാം എന്ന് പറഞ്ഞു പോയതാണ്..

ഇപ്പോൾ രണ്ടു ദിവസത്തിന് ശേഷം വീണേച്ചിയെ വിളിച്ചു പറഞ്ഞിരിക്കുന്നു വീട്ടുകാർക്ക് ഈ ബന്ധത്തിൽ താൽപ്പര്യം ഇല്ല എന്ന്.

എന്തിനായിരുന്നു പിന്നെ ഇങ്ങനെ ഒക്കെ കാണിച്ചു കൂട്ടിയത്. ഇതായിരുന്നോ ഇഷ്ട്ടം.. ഗായു എത്ര നേരം ആയി നീ കുളിക്കാൻ കയറിയിട്ട്..

വീണേച്ചിയുടെ ശബ്ദം ആണ് മറ്റേതോ ലോകത്ത് നിന്നും ഉണർത്തിയത്.

“കഴിഞ്ഞു ഇറങ്ങുവാ “എന്ന് മാത്രം പറഞ്ഞു ഗായു നനഞ്ഞത് മാറി വേറെ ഉടുപ്പ് എടുത്തിട്ട് പുറത്ത് ഇറങ്ങി..

നീ കഴിക്കുന്നില്ലേ? ഞാൻ നിനക്കുള്ളത് എടുത്തോണ്ട് വന്നു ആ മെട്രൻ തള്ള സമ്മതിച്ചില്ല പിന്നെ നിനക്ക് വയ്യ എന്ന് പറഞ്ഞു കാല് പിടിച്ചിട്ട് സമ്മതിച്ചു.. നീ വന്നു കഴിക്കു..

എനിക്കു ഇന്ന് ഒന്നും വേണ്ട ചേച്ചി ഞാൻ കിടക്കുവാ പ്ലീസ്.. ഗായു കിടന്നു കൊണ്ട് പറഞ്ഞു..

ഒന്നും മിണ്ടാതെ വീണയും അടുത്ത് കിടന്നു അവളെ ചേർത്ത് പിടിച്ചു.. പിറ്റേന്ന് പതിവ് പോലെഗായു ഓഫീസിലേക്ക് പോകാൻ റെഡി ആകുന്നത് വീണ നോക്കി നിന്നു. ഇന്നലെ നടന്നതൊന്നും ബാധിക്കാത്തത് പോലെ. എങ്കിലും ഉള്ളിൽ കരഞ്ഞു കൊണ്ട് ചിരിക്കുകയാണവൾ.. ആദ്യത്തെ പ്രണയം അത്രയും പെട്ടെന്ന് മറക്കാൻ പറ്റില്ല എന്ന് നന്നായി അറിയാം. ഇഷ്ടമായിരുന്നു അവൾക്കു അനൂപിനെ ഒരു പാവം പെണ്ണ് ആയിപ്പോയല്ലോ ഇത്.. ഒന്നും മിണ്ടാതെ ഓഫീസിലേക്ക് അവൾക്കൊപ്പം നടക്കുമ്പോൾ വീണ വിചാരിച്ചു…

ലിഫ്റ്റിൽ കയറാൻ നിന്നപ്പോൾ തൊട്ടടുത്തു അനൂപ്..” Good morning വീണേച്ചി “എന്ന് അവൻ പറഞ്ഞപ്പോൾ തിരിച്ചു അവനോടും പറഞ്ഞു.

ഗായുനെ നോക്കി അവളുടെ കണ്ണിലെ പിടച്ചിൽ. നിറഞ്ഞു തുളുമ്പാൻ വെമ്പി നിൽക്കുന്ന കണ്ണുനീർതുള്ളികൾ.. അവളെ കയ്യിൽ ചേർത്ത് പിടിച്ചു ലിഫ്റ്റിൽ നിന്നും ഇറങ്ങി. വീണയോട് ചേർന്ന് നിൽക്കുമ്പോൾ ഈ താങ്ങു ഇപ്പോൾ ഇല്ലായിരുന്നെങ്കിൽ ഇവിടെ തളർന്നു വീണു പോകുമായിരുന്നു എന്ന് തോന്നി ഗായുവിന്…

വീണേച്ചി ഒരു മിനിറ്റ്. അനൂപ് ആണ് വിളിക്കുന്നത്.

എന്താണ് അനൂപ്…

ഒരു കാര്യം പറയാനുണ്ട്.

പറയാനുള്ളത് ഇന്നലെ പറഞ്ഞതല്ലേ അത് നമ്മൾ close ചെയ്തു. പ്ലീസ് അനൂപ് ഇനി അതും പറഞ്ഞു ഇവളുടെയോ എന്റെയോ അടുത്ത് വരരുത്.

അതല്ല വേറെ ഒരു കാര്യം.. പറയു..

ചേച്ചിയോട് അല്ല ഗായുവിനോട് ..

അത് കേട്ടപ്പോൾ ഗായു മുഖമുയർത്തി. തൊട്ടടുത്തു അവൻ. ഒരു ശ്വാസത്തിനിപ്പുറം തന്റെ പ്രണയം അടുത്ത് വന്നു നിൽക്കുമ്പോൾ അറിയുന്നു ഇയാളെ എത്ര മാത്രം മനസ്സ് ആഗ്രഹിച്ചു എന്ന്..

ഗായു, സോറി വീട്ടുകാർ അങ്ങനെ പറഞ്ഞപ്പോൾ. . നിനക്ക് നിന്റെ വീട്ടുകാർ പറയുന്നത് പോലെ അല്ലെ ചെയ്യാൻ പറ്റു. എനിക്കും അങ്ങനെ തന്നെ ആണ്. ഞാൻ ഒറ്റ മോൻ ആണ് എന്റെ ഇഷ്ടങ്ങൾക്കൊന്നും അവർ എതിർ പറയില്ല ഇതും അങനെ ആകും എന്ന് ഞാൻ വിചാരിച്ചു. പക്ഷെ… അറിയാതെ ഗായുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

എന്തിനാ നീ കരയുന്നത്.. നിനക്ക് എന്നെ ഇഷ്ടമായിരുന്നില്ലല്ലോ പക്ഷെ എനിക്കു അങ്ങനെ നിന്നെ വിട്ടു കളയാൻ പറ്റില്ല. നിന്നെ കണ്ടിട്ട് അമ്മയും പറഞ്ഞു അങ്ങനെ വിട്ടു കളയല്ലേ മോനെ ആ സുന്ദരി പെങ്കൊച്ചിനെ എന്ന്..

ഇന്നലെ അങ്ങനെ പറഞ്ഞത് ആറുമാസം പുറകെ നടന്നു ഇഷ്ട്ടം ആണെന്ന് ശരിക്കും അറിഞ്ഞിട്ടും എന്നിട്ടും ഒരു മറുപടി നീ പറഞ്ഞില്ല അപ്പോൾ ഇത്തിരി നീയും സങ്കടപ്പെടട്ടെ എന്ന് ഞാനും വിചാരിച്ചു.. നിറഞ്ഞൊഴുകുന്നകണ്ണ് നീരിനിടയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന അനൂപിനെ നോക്കി ഒന്നും മിണ്ടാതെ ഗായത്രി നിന്നു..

രണ്ടു പേരെയും നോക്കി നിന്നിരുന്ന വീണ അനൂപിന്റെ അടുത്തേക്ക് ചെന്നു കൈ വീശി അവന്റെ കവിളത്തടിച്ചു..

ദേ ചെറുക്കാ.. അവന്റെ ഒരു തമാശ പെണ്ണ് ഇന്നലെ വല്ലതും ചെയ്തു പോയിരുന്നെങ്കിൽ. കരഞ്ഞു കരഞ്ഞു രാത്രി മുഴുവൻ. എന്റെ ഉറക്കവും പോയി…

വീണയുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു അനൂപ് പറഞ്ഞു എനിക്കു നന്നായി വേദനിച്ചു. എന്തൊരു അടിയാണ് ചേച്ചി നിങ്ങളുടെ. സോറി ചേച്ചി എന്റെ പെണ്ണ് നിങ്ങളുടെ കൂടെ ആയത് കൊണ്ടല്ലേ ഞാൻ അങ്ങനൊക്കെ പറഞ്ഞത് അവളെ നിങ്ങൾ നോക്കിക്കോളും എന്ന് വിശ്വസിച്ചു.

എടാ നിന്റെ ഒരു കാര്യം..

വാ മോളെ എന്നും പറഞ്ഞു വീണ രണ്ടു പേരെയും ചേർത്തു പിടിച്ചു പാവം ആണെടാ ഒന്നും തുറന്നു പറയില്ല. നീ അതൊക്ക ഒന്ന് മാറ്റിയെടുക്കണം. ഇന്ന് ലീവ് എടുക്ക് രണ്ടും എന്നിട്ടു ഒന്ന് പുറത്തു പോയി കറങ്ങിയിട്ട് വരൂ..

അതൊക്കെ ഞാൻ ഇന്നലെ എന്റെയും ഇവളുടെയും ലീവ് പറഞ്ഞു കഴിഞ്ഞു.. ഞങ്ങൾ പോയിട്ടു വരാവേ എന്നും പറഞ്ഞു അവൻ ഗായു വിന്റെ കയ്യിൽ പിടിച്ചു . “ഞാൻ വരില്ല “എന്ന് അവൾ പതുക്കെ പറഞ്ഞു.. ആഹാ നിന്നെ ഞാൻ പൊക്കിക്കൊണ്ട് പോകും അത് വേണോ ..

ചെല്ല് മോളെ പോയിട്ടു വാ എന്നും പറഞ്ഞു വീണ ഓഫീസിലേക്ക് നടന്നു. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഒരിക്കലും കൈ വിടില്ല എന്നപോൽ അവളെ ചേർത്തു പിടിച്ചു നടന്നു പോകുന്ന അനൂപിനെയും തന്റെ പ്രണയത്തെ സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ അവനൊപ്പം പോകുന്ന അവളെയും…

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Jaya Narayanan

Leave a Reply

Your email address will not be published. Required fields are marked *