പാൽഗ്ലാസുമായി ഒരു വിറയലോടെ ദയ മുകളിലേക്ക് കയറുമ്പോഴായിരുന്നു പൊടുന്നനെ ആ ചോദ്യം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സന്തോഷ് അപ്പുക്കുട്ടൻ

“ലജ്ജകൊണ്ട് ചുവന്നു തുടുക്കേണ്ട മുഖം,ഭയം കൊണ്ട് കരുവാളിച്ചിരിക്കുകയാണല്ലോ പുലികുട്ടി?”

ദേവിയമ്മ കൈയിൽ കൊടുത്ത പാൽഗ്ലാസുമായി ഒരു വിറയലോടെ ദയ മുകളിലേക്ക് കയറുമ്പോഴായിരുന്നു പൊടുന്നനെ ആ ചോദ്യം കേട്ടതും, ഞെട്ടിത്തിരിഞ്ഞ അവളിൽ നിന്ന് പാൽ തുളുമ്പി തറയിലക്ക് വീണതും. ബാൽക്കണിയിൽ നിന്നു സിഗററ്റ് പുകച്ചു കൊണ്ട് പുറത്ത് പുക പോലെ നിറയുന്ന മഞ്ഞിലേക്കും നോക്കി നിൽക്കുന്ന വിനു വിനെ കണ്ടതും ഭയം പുറത്തു കാണിക്കാതെ അവൾ ഒരു പുഞ്ചിരി അവനു സമ്മാനിച്ചു.

കാർമേഘകൂട്ടങ്ങളിൽ നിന്ന് തലയെത്തിച്ച് നോക്കുന്ന ചന്ദ്രികാ തുണ്ടിൻ്റെ കാന്തി പോലെയുള്ള ആ ചിരി കണ്ടതും അവൻ ഒരു നിമിഷം ശബ്ദമില്ലാതെ അവളെ തന്നെ നോക്കി നിന്നു.

ഗ്ലാസിൽ നിന്നും തുളുമ്പി തറയിലേക്ക് വീണ് ഒഴുകി പടരുന്ന പാൽ തുള്ളിയിലേക്കും, വിനുവിലേക്കും പരിഭ്രാന്തിയോടെ അവൾ കണ്ണെറിഞ്ഞു.

“എന്താടീ പേടിച്ച പേടമാനിൻ്റെ നോട്ടം പോലെ? ഇങ്ങിനെത്തെ ഭാവമായിരുന്നില്ലല്ലോ നമ്മൾ മുഖാമുഖം കാണുമ്പോൾ ഉണ്ടായിരുന്നത്?. കടിച്ചുകീറാൻ വരുന്ന കടുവയുടെ മട്ടായിരുന്നല്ലോ ?”

വലിച്ചു തീർന്ന സിഗററ്റ് ദൂരേയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ട് വിനു ഒരു വഷള ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു വന്നു.

“എന്നോട് കാണിച്ച തല്ലുകൊള്ളി തരത്തിന് മറുപടിയായി ഞാൻ പേടിച്ചരണ്ട പേടമാൻ മിഴിയോടെ നിൽക്കണമായിരുന്നോ?”

ചൂട് നിറഞ്ഞ അവളുടെ ചോദ്യമുയർന്നപ്പോൾ, അവൻ്റെ ഉള്ളുരുകി.

“ന്നിട്ട് എന്താടീ ആ നീ ഇപ്പോ കിടുകിടെ വിറയ്ക്കുന്നത്?”

അവളെ മൊത്തം ഒന്നുഴിഞ്ഞ് നോക്കിയിട്ട് അവനതു ചോദിച്ചപ്പോൾ അവൾ നാണം ഭാവിച്ച് തറയിലേക്ക് നോക്കി കുനിഞ്ഞു നിന്നു കാൽ നഖം കൊണ്ടു ചിത്രം വരച്ചു.

“പുറത്ത് ഇങ്ങിനെ മഞ്ഞു പെയ്യുമ്പോൾ ആരായാലും തണുത്ത് വിറക്കില്ലേ ചേട്ടാ?”

ചോദ്യത്തിനു പകരമായി പെട്ടെന്ന് തന്നെ മറു ചോദ്യം അവളിൽ നിന്നുയർന്നപ്പോൾ ഞെട്ടലുയർന്നെങ്കിലും, അതു പുറത്തു കാണിക്കാതെ ദേഷ്യത്തോടെ വിനു അവളുടെ മുഖമുയർത്തി.

“പേടിയില്ലേ നിനക്ക് എന്നെ?”

ഉറക്കെയാണ് വിനു ചോദിച്ചതെങ്കിലും ശബ്ദം പതിയെയാണ് വന്നത്.

“ഒരു പേടിയുമില്ല”

വിനുവിൻ്റെ ചോദ്യത്തിന് പൊടുന്നനെ ഉയർന്ന ദയയുടെ മറുപടിയിൽ അവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു.

“താലികെട്ടിയവനെ എന്തിനു ഭയക്കണം?”

അവൾ പുഞ്ചിരിയോടെ ചോദിച്ചതും, അവൻ പതിയെ തലയിളക്കി.

” അപ്പോൾ ഇത്തിരി നേരം മുൻപ് നിൻ്റെ മുഖത്തുണ്ടായിരുന്ന ഭാവം പേടിയുടെതായിരുന്നല്ലോ?

“ആദ്യരാത്രിയല്ലേ മാഷെ… നാട്ടുനടപ്പനുസരിച്ച് മുറിയിലേക്ക് കടന്നു വരുന്ന പെൺകുട്ടിയുടെ മുഖത്ത് പേടി, ഭയം, സംഭ്രമം എന്ന വികാരങ്ങളൊക്കെ സമാസമം അരച്ച് ചേർത്ത് പുരട്ടണമെന്നല്ലേ വെപ്പ്. അതുകൊണ്ടാ എൻ്റെ മുഖത്ത് ഇന്നോളം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വരാത്ത അങ്ങിനെയൊരു ഭാവം ഈ നിമിഷം ഗസ്റ്റായി വന്നത്”

അവൾ ചിരിയോടെ പതിയെ പറഞ്ഞു കൊണ്ട് പാൽഗ്ലാസ് അവനു നേരെ നീട്ടി.

“ഇവിടെ വെച്ചാണോ പാൽ തരുന്നത്?”

“ഇപ്പോൾ തന്നെ കുടിക്കാനല്ല മാഷേ… ഞാൻ തറ വൃത്തിയാക്കുന്നതു വരെ ഒന്നു പിടിക്കാനാ”

അതും പറഞ്ഞ് അവൾ അവൻ്റെ കൈ ബലമായി പിടിച്ച് പാൽഗ്ലാസ് കൊടുത്തു.

“ബാക്കിയൊക്കെയുള്ള വികാരങ്ങൾ ഐ മീൻ ലജ്ജ, കാമം ഒക്കെ റൂമിൽ വെച്ച് …. അതൊക്കെ ഒരു ഒന്നൊന്നര ഭാവങ്ങളായിരിക്കും മാഷേ… വെയിറ്റ് ആൻ്റ് സീ”

അവളുടെ ലജ്ജയിൽ കുതിർന്ന ശബ്ദത്തിനോടൊപ്പം തൊട്ടടുത്ത് നിന്ന് അമർത്തിയ ചിരി കേട്ടപ്പോൾ വിനു തിരിഞ്ഞു നോക്കിയതും, വായും പൊത്തി പോകുന്ന ദേവിയമ്മയെ കണ്ടപ്പോൾ അവൻ വല്ലാതായി.

ഓടി പോകുന്ന ദേവിയമ്മയെയും, വിനു വിനെയും നോക്കി ചിരിയോടെ ഒരു കണ്ണിറുക്കി കൊണ്ട്, അരി കെ കണ്ട ഒരു തുണിയെടുത്ത് അവൾ നിലം തുടയ്ക്കാനൊരുങ്ങിയതും, ആ കൈ പിടിച്ചു അവൻ.

“അത് നീ ചെയ്യണ്ട… ആരെങ്കിലും ചെയ്തോളും… ആദ്യദിനമായതുകൊണ്ട് നിനക്കൊരു ഇളവ്”

അവൻ പറഞ്ഞതും അവൾ ചിരിയോടെ ആ നെഞ്ചിലേക്ക് ചാഞ്ഞു.

“അല്ലെങ്കിലും ഈ വിനുവേട്ടൻ കാണിക്കുന്ന തൊക്കെ കപട ദേഷ്യമാണെന്ന് നിക്ക് അറിയാം….”

അതും പറഞ്ഞ് തന്നെ നോക്കുന്ന അവളുടെ മിഴികളിലേക്ക് നോക്കിയപ്പോൾ അവൻ വാക്കുകൾ നഷ്ടപ്പെട്ടവനെ പോലെ നിന്നു.

നീലജലാശയം പോലെ തിളങ്ങുന്ന ആ മിഴിയിലേക്ക് നോക്കി നിന്നാൽ അടിപതറുമെന്ന് തോന്നിയ നിമിഷം അവൻ നോട്ടം മാറ്റി.

“ഇത്രയായിട്ടും നീ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചത്?”

പുറത്തെ മഞ്ഞിലേക്കും നോക്കി നിൽക്കുന്ന അവൻ്റെ പുറകെ വന്നു നിന്നു അവൾ പതിയെ അവൻ്റെ കഴുത്തിലേക്ക് ഊതി.

തണുപ്പിനെ വകഞ്ഞു മാറ്റി ഒരു ചെറു ചൂട് തൻ്റെ കഴുത്തിൽ തട്ടിയപ്പോൾ അവൻ തിരിഞ്ഞു നോക്കിയതും അവൾ പാതിരാപൂ പോലെ ചിരിച്ചു.

“കുളിരിൽ ഇത്തിരി ചൂട് പകരാൻ…. ദു:ഖത്തിൽ ഒത്തിരി സന്തോഷം പകരാൻ … രാത്രിയിൽ ഒറ്റയ്ക്ക് കിടന്നു ദു:സ്വപ്നം കണ്ട് പേടിക്കുമ്പോ കെട്ടിപിടിച്ച് ആശ്വസിപ്പിക്കാൻ… ഇതിനൊക്കെ ഇയാൾക്ക് ഒരു കൂട്ടു വേണമെന്ന് തോന്നി”

അവളുടെ ശ്വാസത്തിൻ്റെ ചൂട് മുഖത്തടിച്ചു കൊണ്ടിരിക്കുമ്പോൾ, മനസ്സിലൊരുക്കി വെച്ചിരുന്ന പക പതിയെ പ്രണയത്തിലേക്ക് വഴുതിമാറുന്നത് തിരിച്ചറിയുകയായിരുന്നു.

പക്ഷേ അവളിൽ നിന്നു ബാക്കി വന്ന വാചകങ്ങൾ അവൻ്റെ മനസ്സിനെ വല്ലാതെ പൊള്ളിച്ചു.

“ഏതോ മോഹൻലാൽ സിനിമയിലെ ഇങ്ങിനെയുള്ള ഡയലോഗ് ആണ് എന്നിൽ നിന്നും പ്രതീക്ഷിച്ചതെങ്കിൽ തെറ്റി പോയി ”

വിനുവിൻ്റെ മുഖത്തേക്കു നോക്കി അവൾ പകയോടെ നിന്നു.

“ഒന്നുമില്ലാത്ത ഒരു പെണ്ണിൻ്റെ ഗതികേട് ഒന്നു കൊണ്ടു മാത്രമാണ് മാഷേ ഇവിടെ ഈ നിമിഷം ഇങ്ങിനെ ഞാൻ നിൽക്കുന്നത്”

ദയയുടെ പകയെരിയുന്ന കണ്ണിൽ നീരണിയുന്നതും നോക്കി മൗനത്തെ കൂട്ടുപിടിച്ച് അവൻ നിന്നു.

പുറത്ത് ഇലകളിൽ വീണ് പെയ്തലിയുന്ന മഞ്ഞുതുള്ളികളെയും നോക്കി അവൾ നിന്നപ്പോൾ, അവൻ പതിയെ ആ തോളിൽ കൈവെച്ചു.

“എത്ര പെട്ടെന്നാണ് നിൻ്റെ ഭാവം മാറുന്നത്?”രണ്ടും കൽപ്പിച്ചിട്ടുള്ള വരവാണല്ലേ?”

വിനുവിൻ്റെ ചോദ്യം കേട്ടതും, കണ്ണീരിനെ അവിടെ തന്നെ ചൂടൊരുക്കി വറ്റിച്ച് അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി.

“എന്നോടുള്ള എല്ലാ പകയും ഇഞ്ചിഞ്ചായി തീർക്കാൻ എന്നെ ഇവിടെ എത്തിക്കാൻ നിങ്ങൾ അഭിനയിച്ചതിൻ്റെ അത്രയ്ക്കും ഉണ്ടോ മാഷേ എൻ്റെ അഭിനയം?”

അവളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അവൻ നിന്നു.

“കണ്ടു മടുത്ത സിനിമകളിലും കേട്ടു പഴകിയ കഥകളിലും ഇതുപോലെ വിവാഹം കഴിച്ച് പക വീട്ടുന്നത് ധാരാളം കേട്ടിട്ടുണ്ട്…കണ്ണീരോടെ കല്യാണപെണ്ണ് കാലങ്ങൾ കഴിക്കുന്നതും”

പറഞ്ഞു നിർത്തി അവൾ ചിരിയോടെ അവൻ്റെ ഷർട്ടിൻ്റെ ബട്ടണിൽ തെരു പിടിച്ചു.

“പക്ഷെ അതൊക്കെ അന്തകാലമാണെന്ന് ഓർക്കണം. എന്നോട് ചെയ്യുന്നതിൻ്റെ ഇരട്ടി എന്നിൽ നിന്നും കിട്ടും…. അത് പകയായാലും, പ്രണയമയാലും പിന്നെ നിങ്ങൾ ഇപ്പോൾ കാണിക്കുന്ന ഈ അഭിനയമായാലും”

ഉറഞ്ഞു തുള്ളുന്ന വെളിച്ച പാടിനെ പോലെ അവൾ കത്തികയറുമ്പോൾ ഒരു വരണ്ട ചിരിയോടെ അവൻ ലോണിലേക്കു നോക്കി….

“ഉണ്ട് വാനരപ്പട…. അങ്ങോട്ട് ചെല്ലണമോ ഇപ്പോൾ?”

മുനിഞ്ഞു കത്തുന്ന വൈദ്യുത ദീപത്തിനു താഴെ പുൽത്തകിടിയിൽ മദ്യപിച്ചിരിക്കുന്ന വിനുവിൻ്റെ കൂട്ടുകാരെ കണ്ടതും ദയയിൽ ദേഷ്യം നിറഞ്ഞു.

“ഞാനിപ്പം വരാം.,, അഞ്ച് മിനിറ്റ്”

അതും പറഞ്ഞ് വിനു അവളുടെ ഉത്തരത്തിനു വേണ്ടി കാത്തു നിൽക്കാതെ പടികളിറങ്ങുമ്പോൾ അവൾ അവൻ്റെ കൈ പിടിച്ചു.

“കൂട്ടുകാരെ ഉപദേശം കേട്ടിട്ടാണ് അന്ന് വിനു അങ്ങിനെയൊക്കെ എന്നോട് ചെയ്തത്? രണ്ട് പെഗ്ഗടിച്ച് അവരുടെ ഉപദേശവും കേട്ട് എന്നോട് അതിനുള്ള പ്രതികാരം എന്തെങ്കിലും ചെയ്യും മുൻപേ വിനു മറക്കാതിരിക്കേണ്ട രണ്ടു കാര്യമുണ്ട്”

ഇമവെട്ടാതെ തന്നെ നോക്കി നിൽക്കുന്ന ദയയുടെ മുഖത്ത് നോക്കി അവൻ ചോദ്യഭാവത്തോടെ മുഖമുയർത്തി.

“ഒരു പെണ്ണ് അവളുടെ ഇത്രയും കാലത്തെ സ്വപ്നങ്ങളും, സങ്കൽപ്പങ്ങളും മാറോട് ചേർത്ത് വന്നിരിക്കാണെന്ന്. പവിത്രമായ ആദ്യരാത്രി ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ദു:സ്വപ്നം പോലെ കാളരാത്രിയാക്കരുതെന്നും”

“ചെലക്കാതെ പോടീ അകത്ത്”

ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് വിനു പുറത്തേക്ക് നടന്നപ്പോൾ, ഇതുവരെ പിടിച്ചിരുന്ന ‘ശ്വാസം പുറത്ത് വിട്ട് അവൾ പതിയെ മനസുരുകി പ്രാർത്ഥിച്ചു.

“ൻ്റെ കൃഷ്ണാ…. ഇതു വരെ തളരാതെ പിടിച്ചു നിന്നിട്ടുണ്ട്….. ഇനിയും കാത്തോളണമേ”

“എന്താടീ കണ്ണടച്ചു നിന്നു പ്രാർത്ഥിക്കുന്നത്?”

എന്തോ എടുക്കാൻ വേണ്ടി വിനു വീണ്ടും അകത്തേക്ക് വന്നതും മുന്നിൽ കണ്ണടച്ച് നിൽക്കുന്ന ദയയെ കണ്ട് പുച്ഛത്തോടെ ചോദിച്ചപ്പോൾ അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.

“പ്രാർത്ഥിക്കായിരുന്നു…. ആദ്യരാത്രി തന്നെ കുടിച്ചു വരുന്ന ഭർത്താവിനെ പഞ്ഞിക്കിടാൻ എനിക്ക് അവസരം തരല്ലേ ഭഗവാനേയെന്ന്”

അതും പറഞ്ഞ് അവൾ ഇടംകണ്ണിട്ടു നോക്കിയപ്പോൾ കണ്ടത് വിനു ഒന്നും മിണ്ടാതെ വലിഞ്ഞു മുറുകിയ മുഖത്തോടെ റൂമിലേക്ക് കയറുന്നതാണ്.

നിമിഷങ്ങൾക്കകം വലിയൊരു മദ്യകുപ്പിയുമായി പുറത്തേക്കു പോകുന്ന വിനുവിനെ നോക്കി തരിച്ചുനിന്നു അവൾ.

നിമിഷങ്ങളങ്ങിനെ നിന്ന ശേഷം അവൾ പതിയെ പടിയിറങ്ങി താഴെ കിച്ചനിലേക്ക് നടന്നു.

സിങ്കിലിട്ട് പാത്രങ്ങൾ കഴുകുന്ന ദേവിയമ്മ, ദയയെ കണ്ടതും അത്ഭുതം കൂറി.

“മോളെന്താ ഈ നേരത്ത് ഇവിടെ?”

“ആൾ പുറത്തു കൂട്ടുക്കാരൊപ്പം കമ്പനിയടിക്കാൻ പോയി”

പറഞ്ഞതും പരിചിതയെ പോലെ അവൾ സ്ലാബിൽ കയറിയിരുന്നു.

“ഈ മനുഷ്യൻ കാട്ടുമൃഗമാണോ?”

മുഖം ചുളിച്ചു കൊണ്ട് ദയ ചോദിച്ചതും ദേവിയമ്മയിൽ ചിരി പൊട്ടി.

വിഷാദം സ്ഥായീഭാവം ആയ ആ മുഖത്ത് ചിരി പടർന്നപ്പോൾ അവളും കൂടെ ചിരിച്ചു.

“മോൾ അപ്പോൾ അവൻ്റെ സ്വഭാവം അറിയാതെയാണോ പ്രണയിച്ചത്?”

പാത്രങ്ങൾ കഴുകുന്നതിനിടയിൽ ഒരു മാത്ര തിരിഞ്ഞു ദേവിയമ്മ ചോദിച്ചപ്പോൾ, അവൾ ശ്രദ്ധിച്ചത് ആ ക്ഷീണിച്ച കണ്ണുകൾ ആണ്.

മൂടി കെട്ടിയ മാനം പോലെ വിഷാദം നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ….

സങ്കടത്തിൻ്റെ ഒരു കാറ്റെ ങ്ങാൻ വന്നു പോയാൽ തകർത്തു പെയ്യാൻ നിൽക്കുന്നതു പോലെ!

പഴകിയ പ്രൗഢി, നിറം മങ്ങിയ സെറ്റുസാരിയിൽ ഒതുക്കി വെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ചിലനേരം ഒരു കുലീനതയുടെ മിന്നലാട്ടം ചുളിവുകൾ വീണ ആ മുഖത്തു വന്നു പോകാറുണ്ട്.

“ഞാൻ ചോദിച്ചത് മോൾ കേട്ടില്ലെന്നുണ്ടോ?”

ദേവിയമ്മയുടെ ചോദ്യം കേട്ടതും ആ മുഖത്ത് നിന്ന് കണ്ണുകളെടുത്ത് പതിയെ പുഞ്ചിരിച്ചു.

“പ്രേമമൊന്നുമല്ല ദേവിയമ്മേ…. അന്വേഷിച്ച് വന്ന് കല്യാണം കഴിച്ചതാണ്. റജിസ്റ്റർ ഓഫീസിൽ വെച്ച് അഞ്ചാറ് ആളുകളുടെ അകമ്പടിയോടെ ഒന്നായതിനെ കല്യാണമെന്ന് പറയാമല്ലോ അല്ലേ ദേവിയമ്മേ ?

ദയ ചിരിച്ചു കൊണ്ടു ചോദിച്ചതും ആ ചുണ്ടിലൊരു വരണ്ട ചിരി പാതിവിരിഞ്ഞു.

“മോൾ സ്കൂട്ടറിൽ മീനും കൊണ്ടു വീടിൻ്റെ ഗേറ്റിൽ വരുന്നത് ഞാൻ ഈ അടുക്കളയിൽ നിന്നും കാണാറുണ്ട്? അങ്ങിനെ മോളും, മോനും കണ്ടിട്ട് സ്നേഹത്തിലായെന്നാ ഞാൻ വിചാരിച്ചത്”

ദേവിയമ്മ പറഞ്ഞു തീർന്നതും, പുറത്ത് നിന്നുള്ള മദ്യപാന സദസ്സിൽ നിന്നുയർന്ന പൊട്ടി ചിരിയിലേക്ക് അവർ കാതോർത്തു.

“ൻ്റെ വിനു മോൻ നല്ലവനാണ്….. മോൾക്ക് പറ്റിയ ചെറുക്കൻ”

ദേവിയമ്മയുടെ സംസാരം കേട്ടപ്പോൾ അവളുടെ ചുണ്ടിൽ അവർ കാണാതെ ഒരു പുച്ഛചിരി മിന്നി പൊലിഞ്ഞു.

“നല്ലവനായ ഉണ്ണി…..”

അവൾ മനസ്സിൽ പകയോടെ മന്ത്രിച്ചു.

മീൻ വിൽക്കാൻ വന്ന പെണ്ണിനെ കുടിച്ചു ബോധംകെട്ട് കൈയിൽ പിടിച്ച് കൂട്ടുകാർക്കിടയിലേക്ക് വലിച്ചിഴച്ചവൻ…..

ആ പെണ്ണിൻ്റെ മീൻ വെട്ടുന്ന കത്തി കൊണ്ടുള്ള മുറിവ് നെഞ്ചിലേറ്റ് വാങ്ങി ഒരാഴ്ചയോളം ആശുപത്രിയിൽ അഡ്മിറ്റായവൻ……..

ആ പ്രതികാരത്തിന്, അമ്മാവൻ്റെ രണ്ടു പെൺമക്കളുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് പറഞ്ഞ് തന്നെ വിലയ്ക്കു വാങ്ങിയവൻ……

അച്ഛനും, അമ്മയും, സഹോദരങ്ങളുമില്ലാതെ ഈ ഭൂമിയുടെ നിശബ്ദതയിൽ ഒറ്റപ്പെട്ടവൾ, ഇപ്പോൾ നിൽക്കുന്നത് ഒരു നേർച്ച കോഴിയായിട്ടാണെന്ന് ആരോടു പറയാൻ?

അമ്മാവൻ്റെ വീട്ടിലെ ഇരുട്ട് നിറഞ്ഞ ചെറിയൊരു മുറിയിയുടെ മൂലയിൽ, കൈതോല പായയിൽ ചുരുട്ടി വെച്ചിരിക്കുന്ന തലയിണയോട് മാത്രമാണ് ഇക്കാലമത്രയും തൻ്റെ വിഷമങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത്……

പക്ഷെ മറ്റുള്ളവർക്ക് നേരെ ദയനീയത നിറഞ്ഞ ഒരു നോട്ടം പോലും നോക്കില്ല!

മറ്റുള്ളവരുടെ സഹതാപത്തെക്കാൾ ഇഷ്ടം സ്വന്തമായ ദു:ഖങ്ങളോടാണ്…..

അതു കൊണ്ട് തന്നെ, ഉള്ളിൽ വിഷാദമേഘങ്ങൾ ഉരുണ്ട് കൂടുമ്പോഴും ചുണ്ടിൽ നിറനിലാവ് ഒഴുകി കൊണ്ടിരിക്കും.

ഓർമ്മകളിൽ നിന്നും പതിയെയുണർന്ന ദയ തന്നെ ഉറ്റുനോക്കി കളിയാക്കി കൊണ്ട് തലയാട്ടുന്ന ദേവിയമ്മയെ കണ്ടതോടെ ചമ്മലോടെ മുഖം കുനിച്ചു.

ഈയമ്മ തെറ്റിദ്ധരിച്ചല്ലോ ൻ്റെ കൃഷ്ണായെന്ന് മനസ്സിൽ മന്ത്രിച്ച് തിരിഞ്ഞു നടന്ന അവൾ ഒരു നിമിഷം എന്തോ ആലോചിച്ച് മടങ്ങി വന്നു.

“ഞാനിവിടെ മീൻ വിൽക്കാൻ വന്നിട്ട് ഇതുവരെ ദേവിയമ്മയെ കണ്ടിട്ടില്ലല്ലോ?”

അവൾ അതു ചോദിക്കുമ്പോൾ മനസ്സിലുയർന്നിരുന്നത്, ഒരു മാസം മുൻപ് തൻ്റെ കത്തികൊണ്ടുള്ള മുറിവേറ്റ് ചോരയൊഴുക്കി നിലത്തിരിക്കുന്ന വിനുവിനെയാണ്…..

പരിഭ്രാന്തിയോടെ-ഓടിയടുക്കുന്ന വിനുവിൻ്റെ കൂട്ടുകാരെ ആയിരുന്നു…..

അപ്പോഴൊന്നും ഈയമ്മയുടെ സാനിദ്ധ്യം ഒന്നും അവിടെ കണ്ടിട്ടില്ല….

“ഞാൻ ഈ അടുക്കള വിട്ട് ഒരിടത്തേക്കും പോകുന്നത് വിനുമോന് ഇഷ്ടമല്ല…. ഉറങ്ങാനും വിശ്രമിക്കാനുമായി മാത്രം ആ മുറി.

കിച്ചൻ്റെ അടുത്തുള്ള ഒരു ചെറിയ മുറി അവൾ കണ്ടു.

എല്ലാ സൗകര്യങ്ങളും ഉള്ള ഒരു കൊച്ചുമുറി.

“എനിക്ക് പ്രഷറും, ഷുഗറും ഉണ്ടേ…. എവിടെയെങ്കിലും തലചുറ്റി വീഴുമോ എന്ന പേടിയിലാണ് വിനു മോൻ എന്നെ ഒരിടത്തും വിടാത്തത് ”

“അപ്പോൾ ദേവിയമ്മയുടെ കുടുംബം ?”

ദയയുടെ ചോദ്യം ഉയർന്നതും ആ കണ്ണ് നിറഞ്ഞു.

“കുടുംബമെന്നത് നമ്മൾ ഉണ്ടാക്കുന്നതല്ലേ? വീട് ഉണ്ടാക്കാനറിയാത്തവൻ്റെ കൈയ്യിൽ കല്ല് കിട്ടിയിട്ടെന്തു കാര്യം?”

ചോദ്യത്തോടൊപ്പം, കാർമേഘങ്ങൾ ഇരച്ചുകയറുന്ന കണ്ണുകളിൽ കാറ്റ് കൊള്ളാതിരിക്കാനെന്ന വണ്ണം ദേവിയമ്മ തല കുനിച്ചപ്പോൾ അറിയാതെ രണ്ടിറ്റ് നിലത്തേക്ക് വീണു.

“വിനുവേട്ടൻ പണ്ടും ഇങ്ങിനെ തന്നെ മുരടൻ സ്വഭാവമായിരുന്നുവോ?”

ദേവിയമ്മയെ പഴയ നിലയിലാക്കാൻ വേണ്ടി ദയ ചോദ്യമെറിഞ്ഞതും, മുഖമുയർത്തിയ അവരുടെ കണ്ണുകളിൽ നിന്ന് നീർ തുളുമ്പി കൊണ്ടിരുന്നു.

“പത്ത് വയസ്സ് വരെ ൻ്റ വിനുമോൻ നല്ലൊരു കുട്ടിയായിരുന്നു…… അവൻ്റെ അച്ഛൻ ആത്മഹത്യ ചെയ്ത നാൾ തൊട്ടാ ഇങ്ങിനെ ഒരു മുരടനായി മാറിയത്”

ദേവിയമ്മ പറഞ്ഞതും ഒരു ഞെട്ടലോടെ ദയ അവരെ നോക്കി.

സുഖസൗകര്യങ്ങളിൽ ആറാടുന്ന ഈ മണിമാളികയിൽ, അങ്ങിനെയൊരു ആത്മഹത്യ?

ചോദ്യത്തോടൊപ്പം ഉത്തരം തേടിയ അവളുടെ കണ്ണുകൾ ചെന്നെത്തിയത് ദേവിയമ്മയുടെ മുഖത്തേക്കാണ്.

“അവൻ്റെ അമ്മയ്ക്ക് സംഭവിച്ച വലിഴ പിഴ… ഭർത്താവിൻ്റെ സ്നേഹിതനിൽ, അയാളുടെ അനുരാഗ വാക്കുകൾ കേട്ട് ചായുമ്പോൾ അവൾ മറന്നത് സ്വന്തം മകനെയും, ഭർത്താവിനെയുമാണ്”

ഒന്നു നിർത്തി എന്തോ ഓർത്തതുപോലെ ദേവിയമ്മ നിന്നു.

“ആ ദുഷ്ട കാരണം നഷ്ടമായത് സ്നേഹമയനായ ഒരു ഭർത്താവിൻ്റെ ജീവിതവും, നല്ലൊരു മോൻ്റെ ഭാവിയുമായിരുന്നു…. എല്ലാറ്റിനും അനുഭവിച്ചിട്ടേ അവൾ ഈ ഭൂമി വിട്ട് പോകൂ”

ഉച്ചത്തിൽ പറഞ്ഞതും അവശതയോടെ ദേവിയമ്മ കസേരയിലേക്ക് അമർന്നു.

ദൂരത്തേക്ക് നോക്കിയിരുന്ന അവരുടെ കണ്ണുകളപ്പോൾ നിശ്ചലതയിലാണ്ടു കിടക്കുകയും, വരണ്ട ചുണ്ടുകൾ കൊണ്ട് ആരെയോ ശപിക്കുന്നുമുണ്ടായിരുന്നു

ദേവിയമ്മയെ തന്നെ നോക്കി കുറച്ചു നിമിഷം നിന്നശേഷം അവൾ മുകളിലെ മുറിയിലേക്ക് നടക്കുമ്പോൾ വിനുവിനോടുള്ള പക മഞ്ഞു പോലെ ഉരുകുകയായിരുന്നു.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ഒളിച്ചോടുന്നതും, അച്ഛൻ തൂങ്ങി മരിക്കുന്നതും കാണേണ്ടി വന്ന ഒരു പയ്യൻ്റെ അവസ്ഥ എന്തായിരിക്കും?

ഈ ലോകത്തെയും, ഇവിടെയുള്ള മനുഷ്യരെയും വെറുത്ത് ഒരു ഒറ്റയാനെ പോലെ ജീവിക്കും.

കണ്ണിൽ കണ്ടതൊക്കെ ചവിട്ടിമെതിച്ച്, കൊലവിളി നടത്തി സ്വന്തം ജീവിതം നശിപ്പിക്കും….’.

അതൊക്കെ വെച്ചു നോക്കുമ്പോൾ വിനുവിൽ ഇത്തിരി മനുഷ്യത്വം ബാക്കിയില്ലേ?

ചൂടാറിയ പാൽ മാറ്റി വേറെ പാൽ എടുക്കാൻ അവൾ താഴേക്കു നടന്നതും, ആടിയാടി വരുന്ന വിനുവിനെ കണ്ട് അവൾ സ്തബ്ധയായി.

“ആ പാൽ തന്നെ മതി. ഇനി ചൂടാക്കാനൊന്നും നിക്കണ്ട”

പറഞ്ഞതും വിനു അവളുടെ അരകെട്ടിൽ പിടുത്തമിട്ടു.

മുറിയിലെത്തിയതും അവൻ അവളെ ബെഡ്ഡി ലേക്കിരുത്തി.

പതിയെ അവളുടെ മടിയിൽ തലവെച്ചു കൊണ്ട് ആ മിഴികളിലേക്കു നോക്കി.

“അന്ന് നിൻ്റെ കൈകളിൽ പിടിച്ചത് ഇഷ്ടം കൊണ്ടു തന്നെ ആയിരുന്നു. മറ്റൊരു അർത്ഥത്തിൽ ആയിരുന്നില്ല”

വിനുവിൻ്റെ വാക്കു കേട്ടതും അവൾ പതിയെ ആ മുടിയിഴകളിലൂടെ വിരലോടിക്കുമ്പോൾ, അവൻ്റെ കണ്ണ് എന്തിനോ വേണ്ടി നിറയുന്നുണ്ടായിരുന്നു.

“വയറ്റിലുണ്ടായിരുന്ന കളള് പ്രണയിക്കുന്നതിൻ്റെ രീതി മാറ്റി.അതാ അന്ന് സംഭവിച്ചത്. സോറി”

ദയ പതിയെ തലയാട്ടിയപ്പോൾ രണ്ടിറ്റ് കണ്ണീർ അവൻ്റെ നെഞ്ചിലേക്ക് വീണലിഞ്ഞു.

“നിന്നെ കല്യാണം കഴിച്ചത് പ്രതികാരം ചെയ്യാനൊന്നുമല്ല. അങ്ങിനെ വേണമെങ്കിൽ എനിക്കൊരു ക്വട്ടേഷൻ കൊടുത്താൽ മതിയായിരുന്നല്ലോ?

വിനുവിൻ്റെ ചോദ്യം കേട്ടതും പ്രണയം തുടിക്കുന്ന മിഴികളോടെ അവൻ്റെ കണ്ണിലേക്ക് നോക്കി ഇരുന്നു ദയ.

“സ്നേഹവും വാത്സല്യവും ദയയും ഒരൊറ്റ ദിവസം അപ്രതീക്ഷിതമായി നഷ്ടപ്പെട്ട് ഇരുട്ടിലാണ്ട എനിക്കു മുന്നിൽ വർഷങ്ങൾക്കു ശേഷം വെളിച്ചമായി പ്രത്യക്ഷപ്പെട്ടത് നീയാണ് – നീ മാത്രമാണ് ”

പറഞ്ഞു തീർന്നതും, അവളുടെ മുഖം കുനിച്ച് ആ -ചുണ്ടുകളെ വിഴുങ്ങും മുൻപെ ഒരിക്കൽ കൂടി അവളുടെ കണ്ണിലേക്ക് നോക്കി പതിയെ മന്ത്രിച്ചു.

“മരണം വരെ പ്രണയിക്കാനാണ് സ്വന്തമാക്കിയത്….. പാതി വഴിയിൽ ഇറക്കി വിടാനല്ല

ദയ ഒന്നും സംസാരിക്കാതെ അവൻ്റെ നെറ്റിയിൽ ചുണ്ടമർത്തി, ഷർട്ടിനിടയിലൂടെ കൈയിട്ട് നെഞ്ചിലെ മുറിപ്പാടിൽ പതിയെ തലോടി.

“വല്യ വീട്ടിലെ ആൾ ഈ മീൻകാരി പെണ്ണിനെ സ്നേഹിക്കുന്നെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ? കാര്യം കാണാൻ അടുത്തുകൂടുന്നതാണെന്നeല്ല ചിന്തിക്കുക… ഞാനും അങ്ങിനെയാ ചിന്തിച്ചത്. സോറി”

അവൾ പറഞ്ഞു തീരും മുൻപെ അവളുടെ ചുണ്ടിൽ അവൻ പതിയെ കൈവെച്ചു.

“അനുവാദമില്ലാതെ ഒരു പെണ്ണിൻ്റെ ദേഹത്ത് കൈവെച്ചതിന് ഞാനല്ലേ സോറി പറയേണ്ടത് ….”

വിനുവിൻ്റെ ശരീരത്തിലേക്ക് പടരാനൊരുങ്ങിയ ദയ തൻ്റെ ചുണ്ട് അവൻ്റെ ചെവിയോരം ചേർത്തു.

“നഷ്ടപ്പെട്ടവർക്കേ നഷ്ടപ്പെടലിൻ്റ വേദന അറിയൂ…. വിനുവിന് നഷ്ടപ്പെടുത്താതിരുന്നുടെ വിനുവിൻ്റെ അമ്മയെ?

ദയയുടെ ചോദ്യം കേട്ടതും ദേഷ്യത്തോടെ അവളെ നെഞ്ചിൽ നിന്നകറ്റി മാറ്റി വിനു.

“അടുക്കള പണിക്ക് നിൽക്കുന്ന ദേവിയമ്മ എല്ലാം പറഞ്ഞു എന്നോട് …. കൂടെ പോയവൻ്റയൊപ്പം കുറ്റബോധം കൊണ്ട് ജീവിക്കാൻ കഴിയാതെ രണ്ട് ദിവസത്തിനു ശേഷം മടങ്ങി വന്ന അവർ മകൻ്റെ സ്നേഹത്തിനായ് ഇവിടെയൊക്കെ ഭിക്ഷാടകയെ പോലെ ചുറ്റിയടിക്കുന്നുണ്ടെന്നും പറഞ്ഞു…. ഒരു തവണയെങ്കിലും അവരോട് ക്ഷമിച്ചൂടേ വിനു ?”

“ക്ഷമിക്കാം… എല്ലാം മറക്കാം…. അപമാനഭാരത്താൽ ഉത്തരത്തിൽ കെട്ടി തൂങ്ങിയ എൻ്റെ അച്ഛൻ്റെ ജീവൻ തിരിച്ചുനൽകാമെങ്കിൽ? പത്താം വയസ് തൊട്ട് ഞാനനുഭവിച്ച നാണക്കേട് മാറ്റി തരുമെങ്കിൽ ഈ നിമിഷം, ഇപ്പോൾ തന്നെ ക്ഷമിച്ച് അവരെ ഇങ്ങോട്ടേക്ക് കൂട്ടികൊണ്ടു വരാം…. എല്ലാം തിരിച്ചു തരാൻ പറ്റോ അവർക്ക്?”

അവൻ്റെ ചോദ്യമുയർന്നതും അവൾ ഉത്തരമില്ലാതെ നിന്നു.

ന്യായമായ ചോദ്യങ്ങളായിരുന്നു അതൊക്കെയെന്ന് അവൾക്കറിയാമായിരുന്നു

“പൊരുതുന്ന പെണ്ണിനെ ഈ വിനു മനസ്സിലിട്ട് പൂജിക്കും ദയാ……. പക്ഷേ പതറുന്ന പെണ്ണിന് മനസ്സിനപ്പുറത്താണ് സ്ഥാനം…. അത് സ്വന്തം അമ്മ ആയാലും”

അവൾ ഒന്നും സംസാരിക്കാതെ അവൻ്റെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു.

“ഞാൻ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലായെങ്കിൽ, ഈ ആദ്യരാത്രി ആ-കാര്യം പറഞ്ഞ് നശിപ്പിക്കണ്ട”

പറഞ്ഞു തീർന്നതും വിനു കണ്ണടച്ച് കിടന്നപ്പോൾ ആ കൺപോളകളിൽ അവൾ അമർത്തി ചുംബിച്ചതും അവൻ പതിയെ കണ്ണ് തുറന്നു.

കാർമേഘങ്ങൾ നീങ്ങി ചന്ദ്രികയുടെ വെട്ടം തെളിയും പോലെ ഉടയാടകൾ നീങ്ങി ദയയുടെ രൂപം ഇരുട്ടിൽ തെളിയുന്നതും കണ്ട് പുഞ്ചിരിയോടെ അവൻ, അവളെ മാറോടുക്കിപ്പിടിച്ചു.

പാതിരാ പുഷ്പങ്ങളുടെ സുഗന്ധവും വഹിച്ചെത്തുന്ന കാറ്റിൽ , മധു നുകർന്ന് പറക്കുന്ന ചിത്രശലഭങ്ങളായി അവർ മാറി……

പൊടുന്നനെ താഴെ നിന്ന് എന്തോ തട്ടി മറിയുന്ന ശബ്ദവും അതോടൊപ്പം അലർച്ചയും കേട്ട് വിനു, ദയയെ തട്ടിമാറ്റി മുണ്ടെടുത്ത് വാരിചുറ്റി താഴേക്ക് പാഞ്ഞു.

കൈയ്യിൽ കിട്ടിയ ഒരു നൈറ്റിയുമണിഞ്ഞ് അവളും, അവനു പിറകെ ഓടി..

ദയ വന്നു നോക്കിയതും ആ രംഗം കണ്ട് ഞെട്ടി.

സീലിങ് ഫാനിൻ്റെ കൊളുത്തിൽ കയറിട്ട് തൂങ്ങി നിൽക്കുന്ന ദേവിയമ്മ.

അമ്മേയെന്ന ഒരു കരച്ചിലോടെ വിനു, ദേവിയമ്മയുടെ രണ്ടുകാലും പിടിച്ചുയർത്തി നിൽക്കുന്നു.

ആ വിളി കേട്ടതും അവളിൽ ഒരു നിമിഷാർദ്ധം അമ്പരപ്പ് കുടിയേറി.

“ദയാ …. ഒരു കത്തിയെടുത്ത് ഈ കയറ് മുറിക്കു”

വിനുവിൻ്റെ അലർച്ച കേട്ടതും, അമ്പരപ്പിൽ നിന്നും വിടുതൽ നേടിയ ദയ ഓടി പോയി ഒരു കത്തിയെടുത്ത് വന്ന്, വീണ് കിടക്കുന്ന കസേര നേരെയിട്ട് കയറി നിന്ന് വിറയ്ക്കുന്ന കൈകളോടെ കയർ മുറിച്ചു…

കയർ മുറിഞ്ഞതും വിനുവിൻ്റെ കൈകളിലൂടെ ഊർന്ന് നിലത്തേക്കു വന്ന ദേവിയമ്മ, ശ്വാസം വലിച്ചെടുത്തു കൊണ്ട് അവൻ്റെ ശിരസ്സിൽ ചുണ്ട് ചേർത്തു.

“അമ്മ ചെയ്തത് മറക്കാനും, പൊറുക്കാനും ആവാത്ത തെറ്റാണെന്നറിയാം…. ഈ ഭൂമിയിൽ അതിൽ നിന്നുള്ള മോക്ഷവും ഇല്ലെന്ന് അറിയാം…..”

ശ്വാസം കിട്ടാതെ ദേവിയമ്മ പിടഞ്ഞപ്പോൾ ഒരു കരച്ചിലോടെ വിനു അമ്മയെ കെട്ടി പിടിച്ചു.

“മോൻ കരയണ്ട.,, കരയേണ്ടത് ഈ പാപിയായ അമ്മയാണ്…”

അതും പറഞ്ഞ് ദേവിയമ്മ, പേടിച്ചു നിൽക്കുന്ന ദയയുടെ കവിളിൽ തലോടി.

“ശപിക്കപ്പെട്ട ഈ ജീവിതവും പേറി, ഒരു കാര്യത്തിനും പുറത്തു പോകാതെ, ഒരു ചടങ്ങിലും പങ്കെടുക്കാതെ ഈ അടുക്കളയിൽ മാത്രം ഒതുങ്ങി കൂടിയത്… നിന്നെ പോലൊരു ദയയും, ചങ്കുറപ്പും ഉള്ള പെണ്ണ് വന്ന് എൻ്റെ മോനു കൂട്ടാവുന്നതു വരെ അവനെ നോക്കണമെന്നുള്ളതു കൊണ്ടാണ്….”

ഇനിയും പേടി മാറാതെ പൂക്കുല പോലെ വിറച്ചു നിൽക്കുന്ന ദയയുടെ കണ്ണീർ തുടച്ചു കൊണ്ട് അവർ അവളെ തന്നോട് ചേർത്തു നിർത്തി.

“മോളോട് ദേവിയമ്മ നേരെത്തെ പറഞ്ഞ കഥയിലെ ദുഷ്ടയായ സ്ത്രീ ഈ അമ്മ തന്നെയാണ്…..ഒരു സ്ത്രീയാൽ നശിച്ച കുടുംബത്തിനെ നേരെയാക്കാൻ മറ്റൊരു സ്ത്രീക്കു മാത്രമേ കഴിയൂ മോളെ…. നിനക്കതിനു കഴിയും”

ദയയോട് അങ്ങിനെ പറഞ്ഞതിനു ശേഷം ദേവിയമ്മ കൈ നീട്ടി അരുമയോടെ വിനുവിൻ്റെ കവിളിൽ തലോടി.

“ഈ വീട്ടിൽ അധികാരമില്ലെങ്കിലും ഇത്രയും കാലം താമസിക്കാൻ സമ്മതിച്ചല്ലോ ൻ്റെ മോൻ… അമ്മയ്ക്കതു മതി…..”

പറഞ്ഞതും ഒരു പൊട്ടി കരച്ചിലോടെ ദേവിയമ്മ ഇരുവരെയും നോക്കി.

“ഞാൻ കാരണം ജീവൻ നഷ്ടപ്പെടുത്തിയ ൻ്റ ചേട്ടനുണ്ട്…. അവിടേയ്ക്ക് എത്തിയാൽ മാത്രമേ എനിക്ക് ഈ നീറുന്ന ജന്മത്തിൽ നിന്ന് മോക്ഷം കിട്ടുകയുള്ളു.”

ഗദ്ഗദത്തോടെ പറഞ്ഞു കൊണ്ട് കണ്ണീരോടെ ദയയെ നെഞ്ചിലേക്കു ചേർത്തു.

“നമ്മൾക്ക് സംഭവിക്കുന്ന ഒരു തെറ്റ് മതി ഒരു പാട് ജീവിതങ്ങൾ തകരാൻ…. വാഗ്ദാനങ്ങളും, പ്രലോഭന ങ്ങളും കണ്ടറിഞ്ഞു ജീവിക്കുക. അമ്മയ്ക്ക് പറ്റിയ തെറ്റ് ആർക്കും പറ്റരുതെന്ന പ്രാർത്ഥന മാത്രമേയുള്ളൂ….”

അത്രയും പറഞ്ഞ് അവരെ കണ്ണീരോടെ നോക്കി ഇരുട്ടിലേക്കിറങ്ങുമ്പോൾ ദയ ആ കൈയിൽ പിടിച്ചു.

“പൊറുക്കാൻ പറ്റാത്ത തെറ്റാണ് അമ്മ ചെയ്തതെന്ന് അറിയാം…. പക്ഷേ മകനും, മരുമകൾക്കും പൊറുത്തല്ലേ പറ്റു?”

ഒന്നും പറയാൻ കഴിയാതെ, വിങ്ങിപൊട്ടി ദയയുടെ കൈ കുടഞ്ഞ അവരെ അവൾ ബലമായി പിടിച്ചു.

“അമ്മ ഈ നിമിഷം ഇറങ്ങിയാൽ, അതേ നിമിഷം തന്നെ ഞാനിറങ്ങും…. ഒരമ്മയുടെ സ്നേഹം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല…. എനിക്കൊരു ജീവനും തന്ന് മരണത്തിലേക്കു പോയതാണ് ൻ്റ അമ്മ… ആ അമ്മയെ പോലെ കണ്ടോട്ടെ ഞാൻ?”

പറഞ്ഞു തീർന്നതും ഒരു കരച്ചിലോടെ ദേവിയമ്മയുടെ മാറിലേക്ക് പറ്റി ചേർന്നു ദയ.

അവളെ ഇറുകെ പുണരുന്ന അമ്മയെ കണ്ടതും, കണ്ണീരിലൂടെ ഒന്നു പുഞ്ചിരിച്ചിട്ട് വിനു മുകളിലേക്കുള്ള പടികൾ കയറുമ്പോൾ, ഈ നിമിഷം വരെ മനസ്സിൽ ഉയർന്നു നിന്നിരുന്ന പകയുടെ മഞ്ഞുമല പതിയെ ഉരുകുന്നത് അവൻ തിരിച്ചറിയുകയായിരുന്നു… (ശുഭം…)

രചന: സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *