ദേ പെണ്ണെ വേണ്ടാത്ത വയ്യാവേലിയൊന്നും ഉണ്ടാക്കണ്ട നീയ്യ്, ഈ ചിങ്ങത്തിലേ വയസ്സ് പതിനെട്ടാ….ദേ പെണ്ണെ വേണ്ടാത്ത വയ്യാവേലിയൊന്നും ഉണ്ടാക്കണ്ട നീയ്യ്, ഈ ചിങ്ങത്തിലേ വയസ്സ് പതിനെട്ടാ….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ശ്രുതി കൃഷ്ണ

“ദേ….. കണ്ടോ…. എല്ലാരും കണ്ടോ….. ഒരത്ഭുതം കണ്ടോ. …ദാ….ഹേ..ഹേയ്‌…”

തന്റെ മാന്ത്രിക തൊപ്പിയിൽ നിന്നും ആ മായാജാലക്കാരൻ ഒരു ചുവന്ന പനിനീർപ്പൂവ് എടുത്ത് കാട്ടിയതോടെ അതുവരെ അക്ഷമരായിരുന്ന നാട്ടുകാർ നിറഞ്ഞ കയ്യടികളോടെ അയാളുടെ മായാവിദ്യകളെ വരവേറ്റു.അയാളുടെ മായാജാലങ്ങൾ കാണാൻ ചുറ്റും തടിച്ചു കൂടിയ നാട്ടുകാരിൽ ഒരുവളായി അവളും ഉണ്ടായിരുന്നു…ശ്രീബാല.അയാളുടെ ഓരോ ചലനങ്ങളിലും അത്ഭുതം കൂറിക്കൊണ്ട് അവളും നിറയെ കുപ്പിവളയിട്ട കൈകൾ ആഞ്ഞു കൊട്ടി.കയ്യിലിരിക്കുന്ന പനിനീർ പൂവുമായി ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങി ചെന്ന് അവൾക്കു നേരെ അയാൾ തിരിയുമ്പോൾ അവളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.പേടി കൊണ്ട് പിടയുന്ന കണ്ണുകളോടെ അവൾ ക്ഷേത്രകമ്മറ്റി ഓഫീസിൽ നിൽക്കുന്ന തന്റെ അച്ഛനെയും ചേട്ടനെയും ഒന്ന് പാളി നോക്കി.അവരുടെ ശ്രദ്ധ ഇങ്ങോട്ടല്ലെങ്കിൽ പോലും അകാരണമായൊരു ഭയത്താൽ അവളുടെ ഹൃദയമിടിപ്പ് ശക്തിയായി.പെട്ടന്ന് കണ്ണുകൾ പിൻവലിച്ചു നേരെ നോക്കിയപ്പോഴേക്കും അയാൾ അടുത്തെത്തിയിരുന്നു.ഇടയ്ക്ക് അയാളുടെ വെള്ളാരം കണ്ണുകളുമായി അവളുടെ മിഴികൾ ഒന്ന് കോരുത്തെങ്കിലും വിറച്ചു നിൽക്കുന്ന അവളുടെ മുഖത്തു നിന്ന് കണ്ണെടുത്ത് കുനിഞ്ഞിരുന്നയാൾ അവളുടെ കയ്യിൽ തൂങ്ങി നിൽക്കുന്ന അമ്മാളുകുട്ടിയുടെ കുഞ്ഞി കൈകളിലേക്കാ പൂവ് വച്ച് കൊടുത്ത് പതിയെ തിരിഞ്ഞു നടന്നു.വിചാരിച്ചതു പോലെ ഒന്നും നടന്നില്ലെന്ന ആശ്വാസത്തിൽ നെഞ്ചിൽ കൈ ചേർത്ത് നെടുവീർപ്പിടുമ്പോളും ആ വെള്ളാരം കണ്ണുകൾ അവളുടെ നെഞ്ചിൽ കൊളുത്തി വലിക്കുന്നുണ്ടായിരുന്നു.

“മാജിക് ചൂപ്പരായി ല്ലേ ചിറ്റേ…..”

ഉത്സവപറമ്പിലൂടെ പാലൈസും നുണഞ്ഞു കൊണ്ട് നടക്കുന്നതിനിടയിൽ തന്റെ കയ്യിൽ തൂങ്ങി നാല് വയസ്സുകാരി അമ്മാളു ചോദിച്ചപ്പോൾ അതേയെന്നവൾ വെറുതെ തല കുലുക്കി.

*********

പിറ്റേന്ന് കാലത്ത് അടുത്ത വീട്ടിലെ ജാനുമ്മ അവളുടെ അമ്മയെ കാണാൻ വന്നത് അന്നാട്ടിലെ പുതിയ മായാജാലക്കാരന്റെ വിശേഷവുമായിട്ടായിരുന്നു.

“അതേ ദേവകി….മുൻപ് കുടകിലോ മറ്റോ ആയിരുന്നൂത്രെ.ചെറുപ്പക്കാരനാ….ഒരു അനിയത്തി പെണ്ണ് കൂടിയുണ്ട്.അച്ഛനെയും അമ്മയെയും ഒന്നും കണ്ടില്ല.ആ പുഴയോരത്ത് മറച്ചു കെട്ടിയാ താമസം.മലയാളികളാണെന്നാ കേട്ടത്.ഉത്സവം പ്രമാണിച്ച് വന്നതാ.കുറച്ചൂസം ഇവിടെ ഉണ്ടാവൂത്രെ…. എന്തായാലും ആ ചെക്കന്റെ കണ്ണ് കെട്ടികളിയിൽ നാട്ടുകാരൊക്ക വീണിട്ടുണ്ട്.”

അടുക്കളത്തിണ്ണയിലിരുന്നു അന്നാട്ടിലെ ബി ബി സി നമ്പർ വൺ എന്ന് വിശേഷിപ്പിക്കുന്ന ജാനുമ്മ പറഞ്ഞു നിർത്തുമ്പോൾ….കേൾക്കാനുള്ള ആകാംഷയിൽ പ്രാതൽ കഴിക്കുന്നതിനിടയിൽ അവളും ചെവി കൂർപ്പിച്ചിരുന്നു.

“ഹാ…. ബാലമോൾക്ക്‌ ഇന്ന് സ്കൂളില്ലേ….?”

പെട്ടന്ന് അവളിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോൾ മുറുക്കി ചുവപ്പിച്ച ചുണ്ട് കൊണ്ട് വെളുക്കനെ ചിരിച്ചവർ ചോദിച്ചു.

“സ്കൂളല്ല ജാനുമ്മേ കോളേജ്…ദേ ഞാൻ ഇറങ്ങായി….”

“ഓഹ്…. അതിപ്പോൾ എന്തായാലും നിക്കങ്ങനേ വരൂ..സ്കൂളെന്ന്….”

അതും പറഞ്ഞ് അവളുടെ അമ്മകൊടുത്ത ചൂട്പുട്ടിലേക്കു കടലക്കറി ഒഴിച്ചവർ കൊതിയോടെ കുഴച്ചു വായിലേക്കിട്ടു.

*************

അന്ന് വൈകീട്ട് കോളേജിൽ നിന്ന് വരുമ്പോൾ ആ മായാജാലക്കാരനെ അവൾ വീണ്ടും കണ്ടു.കവലയിലെ മാധവേട്ടന്റെ കടയുടെ മുൻപിൽ ബസ്സിറങ്ങുമ്പോളാണ് എന്തോ സാധനം വാങ്ങാനെന്ന വിധേന അയാൾ തന്റെ സൈക്കിളിൽ വന്നിറങ്ങുന്നത്.

“ഹോയ്…..ശ്രീബാലാ….. പൂയ്….. നമ്മളൊക്കെ ഇവിടുണ്ടേ….ഇടയ്ക്കൊക്കെ ഇങ്ങോട്ടൊന്നു നോക്കണേ…..”

മാധവേട്ടന്റെ കടയുടെ മുൻപിൽ സ്ഥിരം കുറ്റിയുള്ളൊരു കോഴി വിളിച്ചു പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ അവനെ കണ്ണുകൂർപ്പിച്ചു നോക്കി മുഖം കോട്ടിക്കാണിച്ചു.

“എടാ…. മണ്ടാ…ആ കൊച്ചിന്റെ ചേട്ടനോ അച്ഛനോ ഇതെങ്ങാനും കേട്ടാൽ പിന്നെ നീ ബാക്കിയുണ്ടാവില്ല….”

ഉപദേശ ഭാവേന കടയിലിരുന്ന് മാധവേട്ടൻ വിളിച്ചു പറയുമ്പോൾ ആ വെള്ളാരം കണ്ണുകളും പതിയെ അവൾക്കു നേരെ നീണ്ടു.

************

കോളേജിൽ നിന്ന് വന്ന ഉടനെ ചവിട്ടിത്തുള്ളി അകത്തേക്ക് വന്ന അവളെ… ഒന്നും മനസ്സിലാകാത്ത വണ്ണം നോക്കിയിരിക്കുവായിരുന്നു അമ്മയും ഏടത്തിയും.

“ഇന്നെന്താണാവോ പുകില്…?….”

ചിരിയോടെ അമ്മ ചോദിച്ചപ്പോൾ അവൾ ദേഷ്യ ഭാവത്തിൽ കൂർപ്പിച്ചു നോക്കി അടുത്തിരുന്ന പലഹാരപാത്രം കയ്യിലെടുത്തു.

“ഓഹ് ഈ പൂവാല ശല്യം കാരണം കവലയിൽ നടക്കാൻ പറ്റാതായി.ഇതിപ്പോൾ സ്ഥിരമായിരിക്കിണു …ശ്രീബാലെ എന്നുള്ള അവന്റെ നീട്ടി വിളിയും ഒരു വൃത്തികെട്ട വഷള് നോട്ടവും.”

“എന്തായാലും അയാള് പേരല്ലേ വിളിച്ചുള്ളൂ…. എന്റെ മോള് അതു കേട്ടില്ലന്നങ്ങു വച്ചേക്കണം….”

“ഉവ്വ…. അതിനിത്തിരി പുളിക്കും.എന്തായാലും അവനിട്ടു ഞാൻ ഒന്നോങ്ങി വച്ചിട്ടുണ്ട്.ഈ ശ്രീബാല ആരാന്നു ഒരൂസം കാണിച്ചോടുക്കണം.”

“ദേ പെണ്ണെ വേണ്ടാത്ത വയ്യാവേലിയൊന്നും ഉണ്ടാക്കണ്ട നീയ്യ് .ഈ ചിങ്ങത്തിലേ വയസ്സ് പതിനെട്ടാ അതോർമ്മ വേണം.പെൺകുട്ട്യോളായാൽ അടങ്ങി ഒതുങ്ങി നടക്കണം.അതെങ്ങനെയാ കൊച്ചു കുട്ട്യോളുടെ കൂടെ അല്ലേ എപ്പോം നടപ്പ്.അച്ഛനും ചേട്ടനും അറിയണ്ടാ നിന്റെ കുരുത്തക്കേട്.”

അമ്മയുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ പലഹാരപാത്രത്തിൽ കയ്യിട്ടു കൊറിക്കുന്ന അവളെ നോക്കി ഏട്ടത്തിയും ഉപദേശം തുടങ്ങി.

“അതേ നീയിതു ഏട്ടനോടും അച്ഛനോടും പറയാൻ നിൽക്കണ്ട.ആ പയ്യന്റെ പല്ലും നഖവും പോലും ബാക്കി കാണില്ല്യ.”

“ഉവ്…. ഇപ്പോ പറഞ്ഞതെങ്ങാനും കേട്ടോണ്ട് വന്നാല് ചിപ്പിഏട്ടത്തിടെ പല്ലും നഖവും ആയിരിക്കും എന്റെ ഏട്ടൻ മിസ്റ്റർ ശ്രീദേവൻ ആദ്യം വിഴുങ്ങുന്നത്.തനി വെട്ടുപോത്തന്ന്യ. അച്ഛനെ മുറിച്ച മുറി.”

അവൾ മുഖം വീർപ്പിച്ചു പറയുന്നത് കേട്ട് ഏട്ടത്തി പൊട്ടി ചിരിച്ചു.

“ചിരിക്കുവൊന്നും വേണ്ട….അതിന് തീരെ സ്നേഹിക്കാൻ അറിയില്ല്യ.പണ്ടേ അങ്ങനാ.പക്ഷെ ന്റെ ഏട്ടത്തിയോട് സ്നേഹം ഉണ്ടെന്നു തോന്നണു… അതിന്റെ അടയാളമല്ലേ ദോ ദാ വരുന്ന ട്രോഫി…സമയം ഉണ്ടായാൽ ബാക്കിയുള്ളോരേ കൂടി എങ്ങനെ സ്നേഹിക്കണം എന്നൊന്ന് പഠിപ്പിച്ചു കൊടുക്ക്.”

ശ്രീബാലയുടെ ഉറക്കെയുള്ള സംസാരം കേട്ട് അങ്ങോട്ട് ഓടിയെത്തിയ അമ്മാളുവിനെ നോക്കിയവൾ പറഞ്ഞതും ചിപ്പിയുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു.അപ്പോഴേക്കും ശ്രീബാലയുടെ നെടും പുറത്ത് തവി കൊണ്ട് ഒരടിയും വീണു കഴിഞ്ഞിരുന്നു.

“അസത്തെ….. അനാവശ്യം പറയാതെ പോയി കുളിച്ച് വിളക്ക് വച്ച് സന്ധ്യ നാമം ജപിക്കു….”

പുറവും തടവി അമ്മയോട് മുഖം വീർപ്പിച്ചു അമ്മാളുവിന്റെ പുറകെ പോവുന്ന അവളെ കാണെ പിന്നിൽ നിന്നും ഏടത്തിയുടെ ചിരി വീണ്ടും ഉയർന്നുവന്നു.

**********

പിന്നീടുള്ള ദിവസങ്ങളിലും പലയിടങ്ങളിലായി അവളാ മായാജാലക്കാരനെ കണ്ടു.എല്ലാവർക്കും പുതിയ പുതിയ മായാവിദ്യകൾ കാട്ടിക്കൊടുത്തു കുറച്ചു നാളുകൾ കൊണ്ട് തന്നെ അന്നാട്ടുകാർക്കവൻ പ്രിയപ്പെട്ടവനായി.പ്രത്യേകിച് കുട്ടികൾക്ക്.

“ചിറ്റേ മ്മക്കും പൂയാലോ?”

മണ്ണപ്പം ചുട്ടു കളിക്കാനായി തന്നെ സഹായിക്കുന്ന ശ്രീബാലയോട് അമ്മാളുക്കുട്ടി പതിയെ ചോദിച്ചു.

“എങ്ങട്ട്?”

“അതേ…. അപ്പരത്തെ വീട്ടിലെ അപ്പൂട്ടൻ പരഞ്ഞൂല്ലോ പുയക്കരേലേക്കു ചെന്നാല് ആ മാജിക് മാമൻ നെരെയെ വിദ്യകള് കാട്ടിത്തരും ന്ന്… മ്മക്കും പൂവാം?”

കൊഞ്ചിക്കൊണ്ട് ചോദിക്കുന്ന അമ്മാളു കുട്ടിയെ നോക്കി നിഷേധ ഭാവത്തിൽ അവൾ തലയാട്ടി…

“അയ്യോ…. അതൊന്നും വേണ്ട.നിന്റെ അച്ഛനോ അച്ഛാച്ഛനോ അറിഞ്ഞാൽ നമ്മളെ വച്ചേക്കില്ല.”

“അമ്മാളൂട്ടി ആരോടും പരയില്ല…. മ്മക്ക് പൂവാം… ബാ… ചിറ്റേ…ബാ…. അപ്പൂട്ടനേം കൂട്ടാം.ല്ലേൽ അമ്മാളൂട്ടിക്കു ചങ്കടാവൂല്ലോ.”

കണ്ണ് നിറച്ചുകൊണ്ട് പറയുന്ന അമ്മാളുവിനെ കണ്ടപ്പോൾ അങ്ങോട്ട്‌ പോവാനുള്ള അവളിലെ ആകാംഷയും പതിയെ തല പൊക്കി.കാവിനടുത്തു മഞ്ചാടി പെറുക്കാൻ പോവുകയാണെന്നു കള്ളം പറഞ്ഞു തന്റെ കുട്ടിപട്ടാളങ്ങളെയും കൂട്ടി ആളൊഴിഞ്ഞ നേരം നോക്കി അന്ന് തന്നെ അവളാ പുഴക്കരയിലേക്കു നടന്നു.

നീല നിറമുള്ള ഷീറ്റ് കൊണ്ട് മറച്ച ചെറിയൊരു കൂടാരത്തിനുള്ളിൽ തന്റെ കൊച്ചു പെങ്ങൾക്ക് ഭക്ഷണം വാരികൊടുക്കുന്ന അവനെ അവൾ ദൂരെ നിന്നെ കണ്ടിരുന്നു.അടുത്തെത്തും തോറും അയാളെ കൂടുതൽ ആഴത്തിൽ നോക്കി കാണുകയായിരുന്നു അവൾ.അവന്റെ നെറ്റിയിൽ വീണു കിടക്കുന്ന ചെമ്പൻ മുടിയും കട്ടി പുരികവും വൃത്തിയായി വെട്ടിയൊതുക്കിയ താടിയും മീശയും.നരച്ചു തുടങ്ങിയ ടി ഷർട്ടിനും പാന്റിനുമൊപ്പം പുറത്തിറങ്ങുമ്പോഴൊക്കെ അയാളാ നീണ്ട കറുത്ത വട്ടതൊപ്പി കൂടി വയ്ക്കാറുണ്ട്.വിടർന്ന മിഴികളോടെ അവിടമാകെ അടിമുടി വീക്ഷിക്കുമ്പോളേക്കും കുട്ടി പട്ടാളങ്ങൾ അയാളെ മാജിക്ക്‌ കാണിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പൊതിഞ്ഞിരുന്നു.ഇത്തിരി നേരം അയാളുടെ നുറുങ്ങു വിദ്യകൾ കണ്ടിരുന്ന് ഇടയ്ക്കവൾ ഉള്ളിലെ കട്ടിലിൽ ഇരിക്കുന്ന അവന്റെ അനിയത്തികുട്ടിയുടെ അടുത്തേക്ക് ചെന്നു.

ഏകദേശം പതിനഞ്ചു വയസ്സോളം തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടി.ആ വെള്ളാരം കണ്ണുകളൊഴിച്ചാൽ കാണാൻ ഏകദേശം അവളുടെ ഏട്ടനെ പോലെ തന്നെയായിരുന്നു.പുഞ്ചിരിയോടെ അകത്തേക്ക് ചെന്നപ്പോൾ കട്ടിലിൽ തന്റെ അരികിലിരിക്കാനായവൾ അവളെ ക്ഷണിച്ചു.പരസ്പരം പരിചയപ്പെട്ടപ്പോൾ പെട്ടന്ന് തന്നെ അവർ കൂട്ടായി.അവളുടെ സംസാരത്തിനിടയിൽ അവളുടെ പേര് ശാന്തിയെന്നാണെന്നും ഏട്ടന്റെ പേര് ശിവ എന്നാണെന്നും ശ്രീബാല മനസ്സിലാക്കി.അച്ഛനെയും അമ്മയെയും കുറിച്ച് ചോദിച്ചപ്പോൾ അടുത്തുള്ള മേശമേൽ ഇരിക്കുന്ന മാലയിട്ട രണ്ടു ഫോട്ടോകൾ അവൾ വിരൽ ചൂണ്ടി കാണിച്ചു.കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ അവൾക്കെന്തോ രോഗമുണ്ടെന്ന് കൂടി മനസ്സിലായി.പിന്നീടെന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ കുട്ടിപ്പട്ടാളങ്ങളെ ഒതുക്കി നിർത്തി അവളുടെ ഏട്ടൻ തിരികെ വന്നു.അയാൾക്കൊരിളം പുഞ്ചിരി സമ്മാനിച് തന്റെ കുട്ടിക്കൂട്ടുകാർക്കൊപ്പം മടങ്ങുമ്പോൾ അവൾ ആ പേരുകൾ മനസ്സിൽ വീണ്ടും മന്ത്രിച്ചു…. ശിവ….. ശാന്തി…

പിന്നീട് അവസരം കിട്ടുമ്പോഴൊക്കെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു കുട്ടിപ്പട്ടാളത്തോടൊപ്പം പുഴക്കരയിലേക്കുള്ള യാത്ര അവൾ പതിവാക്കിയിരുന്നു.പതിയെ ആ ഏട്ടനും അനുജത്തിയും അവളുടെ മനസ്സിൽ തരക്കേടില്ലാത്തൊരു സ്ഥാനം കയ്യടക്കി.അയാളിലെ ഏട്ടനെ അടുത്തറിയും തോറും ചെറിയ കാര്യത്തിന് പോലും കടിച്ചു കീറാൻ വരുന്ന സ്വൊന്തം ഏട്ടനെ അവൾ സങ്കടത്തോടെ ഓർത്തു.നാട്ടിലെ ഇടവഴികളിലൂടെയും വയലോരങ്ങളിലൂടെയും തന്റെ കൊച്ചു പെങ്ങളെയും സൈക്കിളിലിരുത്തി അയാൾ സവാരിക്കിറങ്ങുന്നതു കാൺകെ പണ്ട് ഏട്ടന്റെ സൈക്കിളിൽ വെറുതെ കയറി പൂതി തീർത്തതിന് അത് പെൺകുട്ട്യോൾക്ക് പറ്റിയ പണിയല്ലെന്നും പറഞ്ഞു ചെവി പിടിച്ചു പൊന്നാക്കിയ തന്റെ ഏട്ടനാണവളുടെ ഓർമയിൽ തെളിഞ്ഞത്.തങ്ങളുടെ ഇല്ലായ്മയിലും എപ്പോഴും ചിരിച്ചു കളിച്ചു കഴിയുന്ന അവരെ കാൺകെ ഏട്ടനും അച്ഛനും വീട്ടിലുള്ളപ്പോൾ പതിയെ സംസാരിക്കുന്ന അമ്മാളുട്ടിയും താനും ഉൾപ്പെടുന്ന വീട്ടിലെ നാല് സ്ത്രീജന്മങ്ങളെ ഓർത്തവൾക്ക് നിരാശ തോന്നി.

അവളുടെ പിറന്നാളിന്റെ അന്ന് പതിവ്പോലെ പുഴയോരത്തേക്കു നടക്കുമ്പോൾ തന്റെ കുട്ടിക്കൂട്ടങ്ങൾക്കൊപ്പം ആ ഏട്ടനും അനുജത്തിക്കും കൂടി അവൾ മധുരം കരുതിയിരുന്നു.പിറന്നാളാണെന്നു പറഞ്ഞു അതവർക്ക് നൽകുമ്പോൾ ആശംസകളോടൊപ്പം അവളുടെ മുടിയിൽ പിന്നിയിട്ട പാട്ടുപാവാടയ്‌ക്കൊത്തുള്ള മഞ്ഞറിബ്ബൺ വലിച്ചെടുത്തയാൾ തന്റെ തൊപ്പിയിലിട്ടു കറക്കി മഞ്ഞറോസാപ്പൂചെണ്ടായി തിരികെ നൽകി.ചുറ്റും നിന്ന് തുള്ളിച്ചാടി കുട്ടിപ്പട്ടാളങ്ങളും കരഘോഷങ്ങൾ മുഴക്കിക്കൊണ്ട് ആ കാഴ്ച ആസ്വദിച്ചു.ചുണ്ടിൽ പുഞ്ചിരി നിറച്ചു വിറയ്ക്കുന്ന കൈകളോടെ ആ സമ്മാനമേറ്റു വാങ്ങുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു പരവേശം അവളിൽ ഉടലെടുക്കുന്നുണ്ടായിരുന്നു.ഇടയ്ക്ക് ആ വെള്ളാരം കണ്ണുകളുമായി അവളുടെ മിഴികൾ കോർത്തപ്പോൾ അടിവയറ്റിൽ നിന്നൊരു വിറയൽ അവളറിഞ്ഞിരുന്നു.അയാൾ വേഗം കണ്ണുകൾ പിൻവലിച്ചപ്പോൾ ചെറിയൊരു ജാള്യതയോടെ അവളും മുഖം ചരിച്ചു.

എന്നും അവിടെയെത്തുമ്പോൾ വല്ലാത്തൊരു സന്തോഷം മനസിൽ വന്നു നിറയുന്നതവളറിഞ്ഞിരുന്നു.അത് കൊണ്ടാണ് കൂടെ കളിക്കാൻ കുട്ടികൾ വിളിച്ചപ്പോൾ അന്നാദ്യമായി അവൾ സമ്മതിച്ചത്.അയാളൊഴികെ മറ്റെല്ലാവരും കളിയിൽ കൂടി.കണ്ണുപൊത്തിക്കളിക്കാൻ കറുത്ത ശീല കൊണ്ട് കണ്ണ് മറയ്ക്കുന്നത് വരെ അവളുടെ കണ്ണുകൾ ഇടയ്ക്കിടെ ഒരരികിലായി അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്യുന്ന അവനെ തേടിപ്പോയി.ഇടയ്ക്കെന്തോ കാലിൽ തുളഞ്ഞു കയറി വേദന കൊണ്ട് പുളഞ്ഞപ്പോളാണ് അവൾ തന്റെ കണ്ണുകളെ കറുത്ത തുണിയിൽ നിന്നും മോചിപ്പിച്ചത്.കാലിൽ നിന്നും കുതിച്ചൊഴുകുന്ന രക്തത്തോടൊപ്പം പതിയെ കണ്ണിലിരുട്ട് കയറുന്നതും അവളറിഞ്ഞു.ശാന്തിയുടെ ഏട്ടാ….എന്നുള്ള വിളിയ്‌ക്കൊപ്പം കയ്യിലൊരു തവിയുമായി പരിഭ്രമത്തോടെ ഓടിവരുന്ന അയാളെയും അവൾ മങ്ങിയ കാഴ്ചയിൽ അവ്യക്തമായി കണ്ടിരുന്നു.തവി ദൂരെയെറിഞ്ഞു ഇരുകൈയിലുമായി അവളെ കോരിയെടുത്തു അകത്തെ കട്ടിലിലേക്ക് കൊണ്ട് ചെന്നു കിടത്തുമ്പോൾ അവന്റെ മുഖത്തും ഭയം നിഴലിച്ചിരുന്നു.ഇടയ്ക്ക് ബോധം വന്നു കണ്ണ് തുറന്നപ്പോൾ അടുത്തിരുന്നു കരയുന്ന അമ്മാളുവിനെയും, അവളെ ആശ്വസിപ്പിക്കുന്ന ശാന്തിയെയെയുമാണ് ആദ്യം കണ്ടത്.പുറകെ ചുറ്റും കൂടി നിൽക്കുന്ന കുട്ടികളെ വകഞ്ഞു മാറ്റി കയ്യിലെന്തോ തിരുമ്മിക്കൊണ്ട് വരുന്ന ശിവയേയും കണ്ടു.അവളുടെ കാൽ പതിയെ മടിയിലേക്കു എടുത്ത് വച്ച് കാലിൽ തറച്ച കുപ്പിച്ചില്ല് പറിച്ചു നീക്കുമ്പോൾ വേദനകൊണ്ടവൾ പുളഞ്ഞു പോയി.കാലിലെ ചോര തുടച്ചവൻ പതിയെ മുറിവിലൂതിക്കൊണ്ടു മരുന്നു വയ്ക്കുമ്പോൾ പിന്നീടുണ്ടായ വേദനകളൊക്കെ, അവന്റെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാനുള്ള തിരക്കിൽ അവൾ പാടെ വിസ്മരിച്ചു.ഇത്തിരി കഴിഞ്ഞ് തിരികെ പുറപ്പെടുമ്പോൾ ഏട്ടൻ കൊണ്ടാക്കി തരുമെന്ന് ശാന്തി നിർബന്ധിച്ചെങ്കിലും മനസ്സിലുള്ള ഭയം കാരണം ആഗ്രഹമുണ്ടെങ്കിൽ കൂടി അവളതു സ്നേഹത്തോടെ നിരസിച്ചു.അമ്മാളുവിനെയും കൂട്ടി വേച്ചു വേച്ചു തിരികെയെത്തുമ്പോൾ സമയം ഏറെ വൈകി.മുറ്റത്ത് കാർ കിടക്കുന്നത് കണ്ടപ്പോഴേ അച്ഛനും ഏട്ടനും പട്ടണത്തിലെ കടയിൽ നിന്ന് തിരിച്ചെത്തിയെന്നുള്ള അറിവിൽ അവളുടെ നെഞ്ഞൊന്നാളി.വിറച്ചു വിറച്ചു അകത്തളത്തിലേക്കു കടക്കുമ്പോൾ തന്നെ അവളെ സ്വീകരിച്ചത് അച്ഛന്റെ ഉച്ചത്തിലുള്ള ശബ്ദമായിരുന്നു.

“എവിടെ പോയിരുന്നെടി…. ഒരുമ്പെട്ടോളെ….?”

ചോദ്യത്തിന് പിറകെ അടി കൂടി കിട്ടിയപ്പോൾ വയ്യാത്ത കാലും വച്ചവൾ നിലത്തേക്ക് വീണു പോയി.ശബ്ദം കേട്ട് അവളുടെ ഏട്ടനും ഏടത്തിയും അമ്മയും അങ്ങോട്ട് വന്നു.അമ്മാളു പേടിച്ചു കരഞ്ഞു കൊണ്ട് ഏടത്തിയുടെ പിന്നിലേക്ക് ഒളിച്ചപ്പോൾ സഹതാപത്തോടെ കണ്ടു നിൽക്കുന്ന രണ്ടു ജോഡി കണ്ണുകൾക്കൊപ്പം ദേഷ്യം കൊണ്ടു വിറയ്ക്കുന്ന വേറെ രണ്ടു കണ്ണുകൾ കൂടി കാഴ്ചക്കാരായി ഉണ്ടായിരുന്നു.

“അടങ്ങി ഒതുങ്ങി വീട്ടിലിരിക്കാതെ അവൾ നാട് നിരങ്ങാൻ ഇറങ്ങിയേക്കുന്നു.ഞങ്ങൾ ഒന്നും അറിയുന്നില്ലെന്നു കരുതിയോ…ഇനി ഇതുപോലെ വീടിന്റെ പടി ഇറങ്ങിയാൽ മുട്ടുകാൽ തല്ലിയൊടിക്കും.”

അച്ഛന്റെ ഊഴം കഴിഞ്ഞു കാലു മുറിഞ്ഞതിനും കൂടി ചേർത്ത് അടുത്തത് ഏട്ടന്റെ വകയായിരുന്നു.എല്ലാം കഴിഞ്ഞ് തളർന്നു കരയുന്ന അവളെ ഇടയ്ക്കെപ്പോഴോ ഏട്ടത്തി വിളിച്ചു കൊണ്ട് പോയി മുറിയിലാക്കി മുറിവ് ഒന്നുകൂടി കെട്ടിവച്ച് കൊടുത്തു.ഇടയ്ക്ക് അമ്മയ്ക്കും ഏട്ടത്തിക്കും നേരെ അവളെ കയറൂരി വിട്ടെന്ന് പറഞ്ഞു ഏട്ടൻ ഒച്ചയെടുക്കുന്നതും കേൾക്കാമായിരുന്നു.എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ മുറിയിലിരുന്ന് കരഞ്ഞു തളർന്നവൾ എപ്പോഴോ മയങ്ങി.

പിന്നീടുള്ള ദിവസങ്ങളിൽ പുഴയോരത്തേക്കുള്ള യാത്ര അവൾ പാടെ ഒഴിവാക്കി.പക്ഷെ തമ്മിൽ കാണാതിരുന്ന ആ നിമിഷങ്ങൾ തന്നെയായിരുന്നു ആ ചേട്ടനും അനുജത്തിയും തനിക്കെത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നവൾക്ക് മനസ്സിലാക്കി കൊടുത്തത്.ഇടയ്ക്കൊരു ദിവസം അപ്പൂട്ടൻ വന്ന് ശിവ അവളുടെ സുഖവിവരമന്വേഷിച്ചെന്നു പറഞ്ഞപ്പോൾ ഉള്ളിൽ കുഴിച്ചുമൂടാനിരുന്ന കുഞ്ഞിഷ്ടം അവളുടെയുള്ളിൽ വീണ്ടും പതിയെ തലപൊക്കി തുടങ്ങി.ഉള്ളിൽ മുളച്ചു പൊന്തിയ പ്രണയത്തെ അവൾ തന്നെ അവന്റെ ഓർമ്മകൾ വളമായി വിതച് പടുവൃക്ഷമാക്കി.താൻ പിന്നിടുന്ന ഓരോ വഴികളിലും ധൃതിയോടെ അവളുടെ മിഴികൾ ആ വെള്ളാരം കണ്ണുകളെ തേടി.കാതിലേക്കെത്തുന്ന ഓരോ സൈക്കിൾ ബെല്ലുകളും അവളുടെ കണ്മുന്നിൽ അവന്റെ ചിത്രം കോറിയിട്ടു.പൂക്കൾ വിരിയുന്നതും പക്ഷികൾ പാടുന്നതും സൂര്യനുദിക്കുന്നതു പോലും അവളുടെ പ്രണയത്തെ ഓർമിപ്പിക്കാനാണെന്നവൾക്കു തോന്നി.ഇടയ്ക്ക് ചിനുങ്ങി പെയ്യുന്ന ചിങ്ങ മഴ പോലും അവരുടെ പ്രണയസംഗീതമായി.ഒരു നോക്ക് കാണാതിരുന്നിട്ടു കൂടി അവനോടുള്ള പ്രണയമാകുന്ന മായാനദിയിൽ അവൾ ദിനവും മുങ്ങി നിവർന്നു.

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു ഒപ്പം അവനോടുള്ള അവളുടെ നിശബ്ദപ്രണയവും പൂത്തു തളിർത്തു കായ്ച്ചുകൊണ്ടിരുന്നു.അന്നൊരുനാൾ അവളെ നടുക്കിയ വാർത്തയുമായാണ് ജാനുമ്മ വന്നത്.ശാന്തി….അവൾ മരിച്ചത്രേ.അവളുടെ ദീനത്തെ കുറിച് മറ്റെന്തൊക്കെയോ അവർ പറയുന്നുണ്ടായിരുന്നു പക്ഷെ അവയൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.നിയന്ത്രണമില്ലാതെ വരുന്ന കണ്ണീരിനെ മറ്റുള്ളവരിൽ നിന്നും മറയ്ക്കാൻ മുറിയിലേക്കോടി കട്ടിലിലേക്ക് തളർന്നു വീഴുമ്പോൾ പ്രിയപ്പെട്ടവരാരോ നഷ്ടപ്പെട്ട വേദന അവളിൽ നിറഞ്ഞു.തലവേദനയെന്ന പേരിട്ട് തന്റെ ദുഃഖം മറ്റുള്ളവരിൽ നിന്നും മറയ്ക്കുമ്പോൾ ശിവയെ ഒരു നോക്ക് കാണാനും ആശ്വാസിപ്പിക്കാനുമായി അവളുടെ ഉള്ളം വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു.രണ്ടു ദിവസം കഴിഞ്ഞ് അമ്പലത്തിലേക്കെന്നു പറഞ്ഞു ഒറ്റയ്ക്ക് പുഴക്കരയിലേക്ക് പോവാൻ അവൾക്ക് ധൈര്യം കൊടുത്തതും ഉള്ളിൽ നാമ്പിട്ട പ്രണയം തന്നെയായിരുന്നു.പുറത്ത് ആരെയും കാണാതിരുന്ന് കൊണ്ട് അകത്തേക്ക് കയറിയപ്പോളാണ് പിന്നിൽ ഒരു നിഴലനക്കം കണ്ടത്.തന്റെ പ്രിയപ്പെട്ടവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു ആ രൂപം മനസ്സിലേക്ക് ആവാഹിക്കാനായി ധൃതിപ്പെട്ടു തിരിഞ്ഞപ്പോൾ വല്ലാതെ മാറിപ്പോയ അവന്റെ രൂപം അവളുടെ മനസ്സിലൊരു നോവായി.അവന്റെ ക്ഷീണിച ശരീരത്തിലും കറുപ്പു വീണ കൺതടങ്ങളിലും പാറിപ്പറന്ന ചെമ്പൻ മുടിയിഴകളിലും അലസമായി വളർന്ന താടിരോമങ്ങളിലും വേഗത്തിൽ സഞ്ചരിച്ചുകഴിഞ്ഞ് അവസാനം അവളുടെ മിഴികൾ തെളിച്ചമില്ലാത്ത അവന്റെ വെള്ളാരം കണ്ണുകളിലുടക്കി നിന്നു.

“നീയെന്താ ഇവിടെ?”

ഗൗരവത്തോടെയുള്ള അവന്റെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്.

“അത് പിന്നേ…..ഞാൻ..ഞാൻ …. ശാന്തി….”

എന്ത് പറഞ്ഞു തുടങ്ങണമെന്നറിയാതെ കുഴങ്ങുന്ന അവളെ നോക്കി അവന്റെ മിഴികൾ നേരെ ചെന്നത് ആ കൂടാരത്തിന്റെ മൂലയിലായി സൂക്ഷിച്ച ചുവന്ന തുണികൊണ്ട് വായ്‌ഭാഗം മറച്ച കുഞ്ഞു മണ്കുടത്തിലേക്കാണ്.തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ അവസാന ശേഷിപ്പിലേക്കു അവനോടൊപ്പം അവളും വെറുതെ നോക്കി നിന്നു.

“രണ്ടു ദിവസായിട്ട് തീരെ വയ്യായിരുന്നു…..ആശുത്രിൽ കിടന്ന് എന്നെ തനിച്ചാക്കി അവളും പോയി.അറിയിക്കാനോ ഒരു നോക്ക് കാണാനോ ആരേം വിളിച്ചില്ല.അടുത്തുള്ള ശ്മശാനത്തിൽ കൊണ്ടോയി ദഹിപ്പിച്ചു.”

അത്രയും പറഞ്ഞു നിറഞ്ഞ മിഴികൾ അവൾ കാണാതിരിക്കാനായി അവൻ തിരിഞ്ഞു ഒപ്പം പുറകിലൂടെ ചെന്നവൾ ആശ്വസിപ്പിക്കാനെന്ന വണ്ണം അവന്റെ തോളിൽ കൈ ചേർത്തു.പെട്ടന്നവനാ കൈ തട്ടിയെറിഞ്ഞപ്പോൾ ഒട്ടും വിചാരിക്കാതെയുള്ള അവന്റെ പ്രതികരണത്തിൽ അവളും പകച്ചു.

“വേണ്ട….. ഇതു നല്ലതല്ല…. മനസ്സിലുള്ളതൊക്കെ മറന്നു കളഞ്ഞേക്ക്.എല്ലാം പ്രായത്തിന്റെയാ….ഞാനൊരു ഊര് തെണ്ടിയാ…. ഒരിക്കലും ചേരില്ല….ചേരാൻ പാടില്ല….”

അവളുടെ മനസ്സറിഞ്ഞപോലെ എടുത്തടിച്ചവൻ മുഖത്തുനോക്കി പറഞ്ഞപ്പോൾ ഒരു ശിലപോലെ കണ്ണീർ വാർത്തവൾ അവനെ പ്രണയത്തോടെ നോക്കി….

“പൊക്കോ……വേഗം പൊക്കോ…..ഇനി ഒരിക്കലും ഇങ്ങോട്ട് വരരുത്….”

ദേഷ്യത്തോടെ ഒച്ചയെടുത്തവൻ പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞവൾ തിരിഞ്ഞോടി.ഇടയിൽ അവളുടെ കാലിലെ വെള്ളികൊലുസും അവളുടെ പരിഭവം അറിയിക്കാനെന്നോണം വലിയൊരു ശബ്ദത്തോടെ ആ കൂടാരത്തിനുള്ളിലെ മണ്ണിലേക്ക് ഊർന്നു വീണു.അത് നിലത്തു നിന്ന് പെറുക്കിയെടുത്തു അതിൽ പറ്റിയിരുന്ന മൺതരികൾ തുടച് അവൾക്ക് തിരികെ നൽകാനായി പുറകെ ചെന്നപ്പോഴേക്കും അവന്റെ പിൻവിളിക്കായി കാത്തുനിൽക്കാതെ അവൾ കാണാമറയത്തേക്കു ഓടി മറഞ്ഞിരുന്നു.

**********

രാത്രിയിൽ തന്റെ കൂടാരത്തിനു പുറത്തിട്ട പഴയ കട്ടിലിൽ മാനത്തേക്ക് കണ്ണും നട്ട്‌ കിടക്കുമ്പോൾ അവളുടെ നിറഞ്ഞുതുളുമ്പിയ മിഴികളായിരുന്നു അവന്റെ മനസ്സ് നിറയെ.പെട്ടെന്നൊരോർമ്മയിൽ പാന്റിന്റെ പോക്കറ്റിൽ നിന്നും അവളുടെ കൊലുസ്എടുത്തു നോക്കുമ്പോൾ പതിയെ അവന്റെ ചുണ്ടിലും ഒരിളം പുഞ്ചിരി തത്തിക്കളിച്ചു.അവളുടെ കാലു മുറിഞ്ഞ അന്ന് അവളുടെ വെളുത്തൊതുങ്ങിയ പാദത്തിൽ ചേർന്നിരുന്ന വെള്ളിക്കൊലുസിനെ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.കൈകളിൽ കോരിയെടുക്കുമ്പോൾ തന്റെ നെഞ്ചിലേക്ക് തലചേർത്തു വച്ച അവളിൽ നിന്നും വമിച്ച കാച്ചെണ്ണയുടെ മണം വീണ്ടും തന്റെ നാസാരന്ദ്രങ്ങളെ കീഴ്പ്പെടുത്തുന്നതായവന് തോന്നി.കാലിലെ മുറിവിലേക്കു പതിയെ ഊതി മരുന്നു വയ്ക്കുമ്പോൾ വിടർന്ന കണ്ണുകളോടെ തന്നെത്തന്നെ നോക്കിയിരുന്ന ആ പെണ്ണിനെ ഓർത്ത്‌ അവനു ചിരി വന്നു.ഇടയ്ക്ക് വീശിയ ഇളം കാറ്റിൽ കൊലുസിലെ വെള്ളിമണികൾ അവന്റെ കയ്യിലിരുന്നു കുനുകുനെ കിലുങ്ങുമ്പോൾ അതേ താളത്തിൽ ഒരു പെണ്ണ് തന്റെ അനിയത്തിയോടൊപ്പം കളി പറഞ്ഞിരുന്നു പൊട്ടിച്ചിരിക്കുന്നതവൻ പ്രണയത്തോടെ ഓർത്തു.

***********

ഒത്തിരി കരഞ്ഞിട്ടും തന്റെ സ്നേഹം അയാൾ നിർദാക്ഷണ്യം തിരസ്കരിച്ചതോർത്തു നെഞ്ചു നീറിയപ്പോളാണ് തന്റെ പരാതികളൊക്കെ ഉണ്ണിക്കണ്ണന്റെ മുൻപിൽ പറഞ്ഞു തീർക്കാൻ അവൾ അമ്പലത്തിലേക്ക് പോയത്.ഉള്ളുരുകി പ്രാർത്ഥിച്ചു തിരികെ വീടിന്റെ പരിസരത്തെത്തിയപ്പോൾ പുറകിൽ നിന്നും നിർത്താതെയുള്ള സൈക്കിൾ ബെൽ കേട്ടെങ്കിലും അവളതു കാര്യമാക്കിയില്ല.പെട്ടെന്ന് കാറ്റുപോലെ വന്നൊരാൾ വഴിക്ക് കുറുകെ സൈക്കിൾ നിർത്തിയപ്പോൾ തല ഉയർത്തി നോക്കിയ പെണ്ണിന്റെ മിഴികളിൽ അത്ഭുതംകൂറി.ശാന്തമായ മുഖത്തോടെ തന്റെ പോക്കറ്റിൽ നിന്നും ഒറ്റക്കോലുസെടുത്തവൻ അവൾക്ക് നീട്ടുമ്പോൾ പെട്ടെന്നൊരോർമ്മയിൽ തന്റെ പട്ടുപാവാട ഇത്തിരി പൊക്കി നോക്കിയവൾ ഒരു കാലിലെ കൊലുസ് നഷ്ടപ്പെട്ടിരുന്നെന്നു തിരിച്ചറിഞ്ഞു.പിണങ്ങിയ മുഖത്തോടെ വലതു കൈ മലർത്തി അവനു നേരെ നീട്ടിയപ്പോൾ അവളുടെ ദുഃഖം അവനെ അറിയിക്കാനെന്ന വണ്ണം കയ്യിലെ കരിവളകളും കലപില ശബ്ദമുണ്ടാക്കിയിരുന്നു.അവന്റെ ചുണ്ടിലൂറിയ ഇളം പുഞ്ചിരി കാൺകെ ചെറിയൊരു പ്രതീക്ഷ കൈ വന്ന പോലെ അവളുടെ മുഖവും വിടർന്നു.കൊലുസ് തിരികെ കൊടുത്തവൻ എന്തോ പറയാനാഞ്ഞതും “എടീ……” എന്നൊരലർച്ച കേട്ട് രണ്ടു പേരും ഞെട്ടിത്തിരിഞ്ഞു നോക്കി.പുറകിലായി ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന തന്റെ ഏട്ടനെ കാൺകെ അവൾ ആലിലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു.പാഞ്ഞു വന്നു അവളെ പിടിച്ചു വലിച്ച് വീട്ടിലേക്കു നടക്കുമ്പോൾ ഇടയ്ക്ക് ആ മായാജാലക്കാരെയും ക്രൂരഭാവത്തോടെ അയാൾ തിരിഞ്ഞു നോക്കി.

ഏട്ടന്റെ പിടിയിൽ ഞെരിഞ്ഞമർന്നു അവളുടെ കരിവളകളും വഴിയിലുടനീളം പൊട്ടിച്ചിതറി.വീട്ടിലെ ഉമ്മറക്കോലായിലേക്കവളെ ആഞ്ഞു തള്ളി പൊതിരെ തല്ലുമ്പോൾ വായിൽ തോന്നിയതൊക്കെ അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.ബഹളം കേട്ടെത്തിയ അമ്മയും, ഏടത്തിയും,അമ്മാളുവും,രാവിലെ ന്യൂസ്‌ എത്തിക്കാൻ വന്ന ജാനുമ്മയും അവളുടെ ഏട്ടന്റെ ഉഗ്രരൂപം കണ്ട് എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയി.തന്റെ കലിയടങ്ങുന്ന വരെ തല്ലിയയാൾ അവളെ വലിച്ചിഴച്ചു മുറിയിൽ കൊണ്ടു പോയി പൂട്ടി.ആരും തന്നെ കേൾക്കാനോ ആശ്വസിപ്പിക്കാനോ ഇല്ലാതെ മുറിയിൽ ഒറ്റയ്ക്കിരിക്കുമ്പോളും ആ പെണ്ണ് കൈവിടാതെ കയ്യിൽ കരുതിയിരുന്ന ഒറ്റക്കൊലുസിലേക്കു പ്രേമത്തോടെ നോക്കി.വൈകീട്ട് അച്ഛൻ വന്നപ്പോളും ഏട്ടനെ പോലെ മോശമല്ലാത്ത രീതിയിൽ തന്നെ അവളെ കണ്ടിരുന്നു.അന്ന് മുഴുവൻ പട്ടിണിക്കിട്ട് അവരവളെ ഒറ്റപ്പെടുത്തിയപ്പോളും ഒരു പരാതിയും കൂടാതെ അവളാമുറിയ്ക്കുള്ളിൽ ഒതുങ്ങി കൂടി.

********

അന്ന് മുഴുവൻ മനസ്സെവിടെയും ഉറച്ചു നിൽക്കാതെ ഉഴറുകയായിരുന്നു അവൻ.ഏട്ടന്റെ കൈക്കുള്ളിൽ ഒതുങ്ങി തന്നെ ദയനീയതയോടെ നോക്കുന്ന ആ കണ്ണുകൾ മനസ്സിൽ പതിഞ്ഞു പോയിരുന്നു.പകലു മുഴുവൻ പലസ്ഥലത്തും ലക്ഷ്യമില്ലാതെ അലഞ്ഞു.പേടി കൊണ്ട് നിറഞ്ഞു തൂവുന്ന കണ്ണുകൾ ഓർക്കേ അവന്റെ വിശപ്പും ദാഹവും എങ്ങോ പോയിരുന്നു.അവൾക്കു എന്ത് സംഭവിച്ചെന്നറിയാതെ മനഃസമാദാനം കിട്ടില്ലെന്നായപ്പോൾ തന്റെ സൈക്കളുമെടുത്തവൻ ആ രാത്രി തന്നെ അവളുടെ വീട് ലക്ഷ്യമാക്കി ഓടിച്ചു പോയി.

*********

രാത്രിയിൽ പുറത്ത് നിന്നുള്ള ബഹളം കേട്ടാണ് അവൾ ഞെട്ടിയുണർന്നത്.ഇടയ്ക്കെപ്പോഴോ കള്ളൻ എന്ന് അച്ഛനും ഏട്ടനും പുറത്ത് നിന്ന് പറയുന്നത് കേട്ടു.തന്നെ പുറത്തു നിന്നും പൂട്ടിയിരിക്കുകയായതു കൊണ്ട് പുറത്തു നിന്നുള്ള സംസാരങ്ങൾക്കു ചെവി കൂർപ്പിച്ചു നിർവികാരത്തോടെ അവളാ രാത്രി കഴിച്ചു കൂട്ടി.പിറ്റേന്ന് അമ്മയുടെ യാചന മാനിച്ചു വീടിന്റെ പടി കടക്കില്ലെന്ന ധാരണയിൽ അവളെ മുറിയിൽ നിന്നും മോചിപ്പിച്ചു എങ്കിൽ കൂടി അവളാ മുറിയിൽ തന്നെ സദാസമയവും ഒതുങ്ങി കൂടി.അന്ന് രാത്രിയിൽ പതിവില്ലാതെ മുറിയിലേക്ക് ഏട്ടൻ കയറി വന്നപ്പോൾ ഒരപായ സൂചനയെന്നോണം അവളുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരുന്നു.

“എനിക്കറിയായിരുന്നു നീ ഉറങ്ങില്ലെന്നു.ഇന്നും നിന്റെ മറ്റവനെ കാത്തുള്ള ഇരിപ്പാണെങ്കിൽ എന്റെ മോള് വെറുതെ ഉറക്കം കളയണ്ട.ജീവനിൽ കൊതിയുണ്ടെങ്കിൽ ഇങ്ങോട്ടെന്നല്ല… ഇന്നാട്ടിലെക്കെ അവനിനി വരില്ല.അതിനുള്ളതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.ഇന്നലെ അവൻ വരുമെന്നെനിക്കു തോന്നിയിരുന്നു അതാ കാത്തിരുന്നത്.പക്ഷെ അവനെ വ്യക്തമായി കണ്ടിട്ടും പിടി തരാതെ വഴുതി പോയി.അതും കൂടി ചേർത്ത് ഇന്ന് നല്ല പണി കൊടുത്തിട്ടുണ്ട്.”

ഏട്ടന്റെ വാക്കുകൾ ഒരു ശിലകണക്കെ കേട്ടിരിക്കുമ്പോൾ അവനു എന്ത് സംഭവിച്ചെന്ന ആകുലത അവളിൽ നിറഞ്ഞിരുന്നു.അവളെ നോക്കി പുച്ഛത്തോടെ ചിരിച് അയാൾ മുറിവിട്ട് പോകുമ്പോൾ ശിവയ്ക്ക് ഒന്നും സംഭവിക്കരുതെന്നു ഉള്ളുരുകി പ്രാർത്ഥിക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.ഒട്ടും സമാധാനമില്ലാതെ പിറ്റേന്ന് അപ്പൂട്ടനെ വിട്ട് കാര്യങ്ങൾ തിരക്കി.രാത്രിയിൽ ആരൊക്കെയോ ചേർന്നു അയാളെ ആക്രമിച്ചുവെന്നും അയാളുടെ വീട് അപ്പാടെ പൊളിച്ചിട്ടുണ്ടെന്നും അപ്പു വന്ന് പറഞ്ഞപ്പോൾ അന്നാദ്യമായി തന്റെ ചേട്ടനോടാവൾക്കു വെറുപ്പ് തോന്നി.

പിറ്റേന്ന് അച്ഛനും ചേട്ടനും കടയിൽ പോകാതെ വീട്ടിലിരുന്നതിന്റെ രഹസ്യം വൈകീട്ട് തന്നെ കെട്ടിയൊരുക്കി ചായയുമായി വീട്ടിൽ വിരുന്നു വന്നവരുടെ അടുത്തേക്ക് പറഞ്ഞു വിട്ടപ്പോളാണ് അവൾക്കു മനസ്സിലായത്.തന്റെ ഏട്ടനേക്കാൾ പ്രായമുള്ളൊരാളെ തനിക്ക് ഭർത്താവായി കണ്ടു പിടിച്ചെന്നോർത്തു അന്നാദ്യമായി അങ്ങനൊരച്ഛന്റെ മകളായി ജനിച്ചതിൽ അവൾ സ്വൊയം പഴിച്ചു.അന്ന് രാത്രിയിൽ അതേ കാര്യത്തെ ചൊല്ലി ആദ്യമായി അവളുടെ അമ്മയുടെ ശബ്ദം ആ വീട്ടിൽ ഉയർന്നു കേട്ടു.

“ഇല്ല…. ഞാനിതിന് സമ്മതിക്കില്ല.നമ്മുടെ മോനെക്കാളും പ്രായമുണ്ട്.പോരാത്തതിന് രണ്ടാം കെട്ടും.ആദ്യ ഭാര്യയെ അയാള് തൊഴിച്ചു കൊന്നതാണെന്നാ ആളോള് പറയണേ.ന്റെ കുട്ടിനെ അവന്റെ കാൽ ചുവട്ടിൽ നരകിപ്പിക്കാൻ ഞാൻ വിടില്ല്യ.”

“പിന്നെ കണ്ട ഊര് തെണ്ടിയുമായി അഴിഞ്ഞാടി നടന്നവൾക്കു രാജകുമാരൻ വരുവോടി?രണ്ടാം കെട്ടാണെങ്കിലെന്താ അയാൾക്ക് പിടിപ്പതു സ്വൊത്തുണ്ട്.വേറെ ബാധ്യതകളുമില്ല.പിന്നേ വയസ്സ്….നമ്മൾ തമ്മിലും അത്രയൊക്കെ വ്യത്യാസം വയസ്സിലുണ്ടല്ലോ… എന്നിട്ടിപ്പോ നിനക്കെന്താ…. സുഖല്ലേ ഇവിടെ?”

“എനിക്ക് കാര്യങ്ങളൊക്കെ നോക്കാൻ അച്ഛനില്ലായിരുന്നു.. പോരാത്തതിന് താഴെ വേറെയും മൂന്ന് പെങ്കുട്ട്യോളും.പക്ഷെ എന്റെ മോളുടെ കാര്യം അങ്ങനാണോ അവളുടെ അച്ഛനും ആങ്ങളയും കൂടെ തന്നെയില്ലേ?പിന്നെ ന്റെ സുഖത്തിന്റെ കാര്യം പറയാതിരിക്കണതാ ഭേദം.”

“നീയെന്തൊക്കെ പറഞ്ഞാലും ഞാനും എന്റെ മോനും തീരുമാനിച്ചു. അവർക്ക് വാക്കും കൊടുത്തു.നാട്ടിലൊട്ടൊന്നു ഇറങ്ങി നോക്ക് പുന്നാരമോളുടെ വിശേഷങ്ങൾ നാട്ടിൽ പാട്ടാ…മനുഷ്യന് ഇനിയെങ്കിലും തലയുയർത്തി നടക്കണം.”

അച്ഛൻ പറഞ്ഞു നിർത്തിയതിനൊപ്പം അവളുടെ അമ്മയുടെ നിലവിളിയും അടുത്ത മുറിയിൽ നിന്ന് ഉയർന്നു കേൾക്കാമായിരുന്നു.പിന്നീടുള്ള നാളുകൾ ഒരു ജീവച്ഛവം പോലെ ആ മുറിയിൽ തന്നെയിരുന്നവൾ തള്ളി നീക്കി.ഉറക്കമില്ലാതെ കിടന്ന ഏതോ ഒരു രാത്രിയിൽ അകത്തളത്തിൽ നിന്നും അച്ഛനും ചേട്ടനും കൂടിയുള്ള അടക്കിപ്പിടിച്ച സംസാരം കേട്ടാണ് അവൾ പതിയെ കാതുകൂർപ്പിച്ചിരുന്നത്.

“അതേ അച്ഛാ…. അവൻ വീണ്ടും വന്നെന്ന്… ആശുപത്രി വാസം ഒക്കെ കഴിഞ്ഞത്രേ…”

“അവനു കിട്ടിയതൊന്നും മതിയായില്ലേ….”

“ഇല്ലെന്ന തോന്നുന്നേ…..അന്വേഷിച്ചപ്പോൾ അനിയത്തിടെ ചിതാഭസ്മവും പിന്നെ വേറെന്തൊക്കെയോ സാധനങ്ങളും പെറുക്കി കൂട്ടുന്നത് കണ്ടെന്നു പറഞ്ഞു.”

“മ്മ്മ്…. അവൻ ഈ നാട് വിടുന്നത് വരെ ഒരു കണ്ണ് വേണം.”

“മ്മ്മ്….. ഞാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്.”

ആ സംസാരത്തോടെ അറ്റുപോയ തന്നിലെ പ്രതീക്ഷ വീണ്ടും കൈവന്നതു പോലെ അവൾക്കു തോന്നി.അന്ന് ആ വീടുറങ്ങുന്നതു വരെ ഉറക്കമില്ലാതെ പിന്നെയുമേറെയവൾ കാത്തിരുന്നു അവസാനമായി അവനെയൊരു നോക്ക് കാണാൻ.രാത്രിയുടെ ഏതോ യാമങ്ങളിൽ ഒച്ചയുണ്ടാക്കാതെ പതിയെ പുറത്തു കടന്ന് പുഴക്കരയിലേക്കു വേഗത്തിൽ നടക്കുമ്പോൾ അവളിലെ പെണ്ണിന് ധൈര്യം നൽകിയതും ഉള്ളിൽ അവനോടുള്ള പ്രണയമായിരുന്നു.അവൾക്കു തുണയായെന്നോണം ഇരുട്ടിൽ വെളിച്ചമേന്തി പൂർണചന്ദ്രനും പുഴക്കരയിലേക്കു അവളെ അനുഗമിച്ചു. **********

സാധനങ്ങൾ എല്ലാം ഒരുവിധം പെറുക്കികൂട്ടി പുറപ്പെടാൻ തുടങ്ങുമ്പോളാണ് ദൂരെ നിന്നൊരു നിഴലനക്കം അവൻ കണ്ടത്.ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും പിന്നീടത് ഒരു സ്ത്രീയാണെന്നും അടുത്ത് വരും തോറും ആ രൂപത്തിന് ശ്രീബാലയുടെ മുഖച്ഛായയാണെന്നും കണ്ട് അവൻ വേഗം അടുത്ത് കണ്ട കണ്ടൽ കാടിനുള്ളിലേക്ക് മറഞ്ഞിരുന്നു.

പ്രതീക്ഷയോടെ ഓടിവന്നു അവിടെയെങ്ങും തന്റെ പ്രിയപ്പെട്ടവനെ കാണാതിരുന്നപ്പോൾ അവൾ ഹൃദയംപൊട്ടി നിലവിളിച്ചു ആ മണ്ണിലേക്ക് വീണു.ആ കാഴ്ച അവന്റെ നെഞ്ചു പൊള്ളിചെങ്കിലും അവളുടെ ജീവനെയും ജീവിതത്തെയും കരുതി അവൻ അത് കണ്ടില്ലെന്ന് നടിച്ചു.ഇത്തിരി നേരം കരഞ്ഞു മനസ്സൊന്നു ശാന്തമായപ്പോൾ അവൾ തിരിച്ചു പോവുമെന്ന് കരുതിയ അവനു തെറ്റി.വല്ലാത്തൊരു ഭാവത്തോടെ പുഴ ലക്ഷ്യമാക്കി പായുന്ന അവളുടെ അടുത്തെത്താൻ അവൻ നന്നേ പാടു പെട്ടു.അവൻ എത്തുന്നതിന് മുമ്പേ അവൾ ആഴമുള്ള ഭാഗത്തേക്ക് എടുത്തു ചാടി.പുറകെ അവനും.എങ്ങനെയൊക്കെയോ മുടിക്ക് പിടിച്ചു കണ്ടൽ കാടുകൾ തിങ്ങി നിറഞ്ഞ ഭാഗത്തായി വലിച്ചു കേറ്റുമ്പോളേക്കും പേടി കൊണ്ട് അവളുടെ ബോധം മറഞ്ഞിരുന്നു.കരഞ്ഞു വീർത്ത കണ്ണുകളോടെ ക്ഷീണിച്ച മുഖത്തോടെ ബോധമില്ലാതെ തന്റെ നെഞ്ചിൽ പറ്റിചേർന്നു കിടക്കുന്ന അവളെ അവൻ വാത്സല്യത്തോടെ നോക്കി…

“ശ്രീ……ശ്രീ ബാലാ……മോളേ കണ്ണ് തുറക്ക്.”

എത്രവിളിച്ചിട്ടും ബോധമില്ലെന്നു കണ്ട് നനഞ്ഞൊട്ടിയ പട്ടുകുപ്പായം തെന്നിമാറിക്കിടന്നുന്ന അവളുടെ നഗ്നമായ വയറിൽ കൈ ചേർത്തവൻ പതിയെ അമർത്തി.

അറിയാതെ കുടിച്ച വെള്ളം പതിയെ തുപ്പിയവൾ ശക്തമായി ചുമച് പതിയെ കണ്ണ് തുറക്കാൻ ശ്രമിച്ചു.ഇടയ്ക്ക് വീശിയ കുളിർകാറ്റിൽ തണുപ്പേറ്റവൾ കിടുങ്ങിയപ്പോൾ കയ്യിലും കാലിലും തിരുമ്മിക്കൊണ്ട് അവൾ കണ്ണ് തുറക്കാനായവൻ കാത്തിരുന്നു.ഇടയ്ക്കെപ്പെഴോ കണ്ണ് തുറക്കുമ്പോൾ തന്റെ പ്രിയപ്പെട്ട രൂപം മുൻപിൽ കണ്ടവൾ സന്തോഷത്തോടെ അവനെ ഇറുകെ പുണർന്നു.

“അത്രയ്ക്ക്……അത്രയ്ക്ക് ഇഷ്ടാണോ എന്നെ….?”

അവന്റെ ചോദ്യം കേൾക്കെ അവനിൽ നിന്നും അടർന്നു മാറി അവൾ മുഖം തിരിച്ചിരുന്നു.

“ന്നെ പരീക്ഷിക്കാനാണോ…..കണ്ടിട്ടും ഒളിച്ചിരുന്നത്?”

പിണക്കത്തോടെയുള്ള അവളുടെ ചോദ്യത്തിന് അവനുത്തരമില്ലായിരുന്നു.

“ഞാൻ…..ശെരിയാവില്ല ശ്രീ…. നിനക്കൊരു നല്ല ജീവിതമുണ്ട്.”

“ഉവ്…. ഏട്ടനും അച്ഛനും അത് കണ്ടെത്തിയിരിക്കിണു.വയസ്സിനു ഒത്തിരി മൂത്ത ഒരു രണ്ടാംകെട്ടുകാരൻ.ആദ്യ ഭാര്യയെ തൊഴിച്ചു കൊന്നവൻ….അയാൾ ന്നെയും….”

വേദനയോടെ കണ്ണുനിറച്ചവൾ പറയുമ്പോൾ ഇടയ്ക്ക് പൂർത്തിയാക്കാനാവാതെ ശബ്ദം നേർത്തു പോയിരുന്നു. വലിച്ചവളെ നെഞ്ചിലേക്കിട്ടു പൊതിയുമ്പോൾ ആർത്തലച്ചു ഒരു പേമാരികണക്കെ അവൾ പെയ്തു പോയിരുന്നു.ആശ്വസിപ്പിക്കാനെന്ന വണ്ണം ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അവൾ അവനു വിധേയപ്പെട്ടു നിന്നു.പരസ്പരം മത്സരിച്ചു സ്നേഹിച് ഒടുവിൽ കിതച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ അവരുടെ സ്നേഹം കണ്ടു നിൽക്കാനാവാതെ ചന്ദ്രിക പോലും മേഘകീറിനുള്ളിലേക്കു നാണത്തോടെ ഓടിയൊളിച്ചു.

“നിങ്ങൾ ന്ത് മായാജാലമാണാവോ ന്റെയുള്ളിൽ കാട്ടീത്….ജീവനാ…..ജീവനാ നിക്ക്…”

അവനെ ഇറുകെ പുണർന്നവൾ ഒന്ന് കൂടി ചേർന്നു കിടന്നു.

“ഞാനെ ഇതുവരെ മായാജാലം ഒന്നും കാട്ടീല….എന്നാൽ ഇപ്പോൾ കാട്ടട്ടെ?”

അവൾക്കു നേരെ മുഖം താഴ്ത്തികൊണ്ടവൻ ചോദിച്ചപ്പോൾ തിളങ്ങുന്ന വെള്ളാരം കണ്ണുകളെ നേരിടാനാവാതെ അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.അവളെ കൂട്ടിപ്പിടിച്ചു എഴുന്നേറ്റിരുന്നവൻ നിലാവിൽ കണ്ണാടി പോലെ തിളങ്ങുന്ന ശാന്തമായ നദിയിലെ ഓളങ്ങളിലേക്കു അവളുടെ മുഖം കാണിച്ചു.

“കണ്ടോ…..ന്റെ മായാജാലം കണ്ടോ…..ഇപ്പോൾ ന്റെ പെണ്ണിന്റ മുഖത്ത് കുന്നിക്കുരുവോളം ചുവപ്പുണ്ട്.”

ഇടയ്ക്കെപ്പോഴോ വെളിച്ചമേന്തിക്കൊണ്ട് അങ്ങോട്ട്‌ ആരൊക്കെയോ പാഞ്ഞടുക്കുന്നത്‌ കണ്ടപ്പോൾ ഇനിയും പിരിയാൻ വയ്യെന്ന പോലെ അവർ ഒന്നു കൂടി പരസ്പരം ചേർന്നിരുന്നു.

“അവര്…. അവര് നമ്മളെ ജീവിക്കാൻ വിടുംന്ന് തോന്നുന്നുണ്ടോ?”

ശബ്ദമിടറിക്കൊണ്ട് അവൻ ചോദിച്ചപ്പോൾ അവൾ ഒന്നു കൂടി അവനെ ഇറുകെ പുണർന്നു.

“ജീവിക്കണംന്ന് ആരാ പറഞ്ഞെ….ന്റെ മായക്കാരന്റെ കൂടെ മരിക്ക്യാനും നിക്ക് സമ്മതാ…..അത്രയ്ക്ക്….അത്രയ്ക്ക് സ്നേഹിച്ചു പോയി.ഇനിയൊരു തിരിച്ചു പോക്ക് ഇല്ലാത്ത വിധം ഈ പ്രണയത്തിൽ അലിഞ്ഞു ചേരണം നിക്ക്…..”

അവന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകൾ നക്ഷത്രത്തേക്കാളേറെ ശോഭയോടെ തിളങ്ങുന്നുണ്ടായിരുന്നു.

“നിനക്ക് അവസാനമായി ആഗ്രഹം ഒന്നുല്ലേ പെണ്ണെ……”

“ഉണ്ടായിരുന്നു……ആ സൈക്കിളിൽ കയറി ന്റെ ഊര് തെണ്ടിക്കൊപ്പം നാട് ചുറ്റണം ന്ന്…..”

മരണത്തെ പുൽകാനെന്ന വണ്ണം നദിയുടെ ആഴങ്ങളിലേക്ക് അലിഞ്ഞു ചേരുമ്പോൾ അവരുടെ അധരങ്ങൾ പരസ്പരം ഇണചേർന്നിരുന്നു.കൈകൾ പരസ്പരം ആഞ്ഞു പുണർന്നിരുന്നു.കണ്ണുകൾ പരസ്പരം കണ്ടു മതിയാവാതെ ചിമ്മാൻ പോലും മറന്നുപോയിരുന്നു.

ഇന്നും അന്നാട്ടിലെ വഴികളിലൂടെ ആരും കാണാതെ ആ പെണ്ണും അവളുടെ ഊര്തെണ്ടി മായാജാലക്കാരനും സൈക്കിളിൽ സവാരി ചെയ്യാറുണ്ടത്രെ……. (അവസാനിച്ചു.)

വായിച്ച കൂട്ടുകാർ ലൈക്ക് കമന്റ് ചെയ്യണേ…

രചന: ശ്രുതി കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *