ഒറ്റക്കണ്ണിറുക്കിക്കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ നാണത്തോടെ തലകുനിച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ആമ്പൽ ആമ്പൽ

നിറം 🖤

ഇയാൾക്ക് വേറെ ആരേം കിട്ടാഞ്ഞിട്ടാണോ…..??

സർവ്വാഭരണവിഭൂഷകയായി കല്യാണ മണ്ഡപത്തിൽ നിൽക്കുമ്പോഴും അവൾക്കുള്ളിൽ അതേ ചോദ്യമായിരുന്നു….. അതേ പുശ്ചഭാവവും…….. തല ചരിക്കാതെ കണ്ണ് മാത്രം കൂർപ്പിച്ച് വലത് വശത്തേക്ക് ഒന്ന് നോക്കി……. ആരോടോ എന്തോ പറഞ്ഞ് ചിരിച്ച് മറിഞ്ഞ് നിൽക്കുന്നു തനിക്ക് പേര് ദോഷം കേൾപ്പിക്കാനായിട്ട് ഉണ്ടായവൻ…… ഹും….. അവൾ മുഖം വെട്ടിച്ചിരുന്നു…… എന്തൊരു ഗ്ലാമറാ പണ്ടാരക്കാലന്…….. അതിന്റെ കൂടെ ഒടുക്കത്തെ മേക്കപ്പും……. ഇതിനൊക്കെ ഒരു പരിധിയില്ലേ……. പുശ്ചത്തോടെ ആലോചിച്ചപ്പോളാണ് അവൾക്ക് തന്റെ മുഖം ഓർമ്മ വന്നത്……. രണ്ട് ബ്യൂട്ടീഷന്മാരുടെ കഠിന പരിശ്രമത്തിന്റെ ഫലമായിട്ട് മാത്രമാണ് ഇപ്പൊ പിടിച്ച് നിൽക്കുന്നത്…………..

കെട്ടി മേളം…… കെട്ടി മേളം……. മുൻപ്പിലിരിക്കുന്ന മന്ത്രവാദി വിളിച്ചുകൂവിയപ്പോൾ സ്ഥിരം ക്‌ളീഷേ കല്യാണ കച്ചേരി……. ഒപ്പം ഒരു സ്വർണത്താലി തന്റെ കഴുത്തിലേക്കും വീണു……. കണ്ണടച്ച് കൈ കൂപ്പി നിന്നു……. വെറുതേ……😏 ആളോള് വിചാരിച്ചോട്ടെ ആത്മനിർവൃതി അടഞ്ഞു തന്റെ പാതിക്ക് വേണ്ടി പ്രാർത്ഥിച്ച് നിൽക്കുകയാണെന്ന്…… സത്യത്തിൽ ആ കാലമാടന്റെ വെളുത്ത കൈ കണ്ടിട്ടാണ് കണ്ണടച്ചത്………. കൈ കൂപ്പിയത് അവനെന്റെ ദേഹത്ത് മുട്ടാതിരിക്കാനും……….

ഇവനിതെന്റെ കഴുത്തിൽ കുരുക്കി എന്നെ കെട്ടി തൂക്കുവോ…. കുറെ നേരായല്ലോ തുടങ്ങിയിട്ട്…… മെല്ലെ ഒറ്റക്കണ്ണ് തുറന്ന് നോക്കുമ്പോൾ കണ്ടത്…… മണ്ഡപത്തിന് ചുറ്റും നിന്ന് പൂവാരി എറിഞ്ഞ് നിർവൃതി അടയുന്ന ബന്ധു ജനങ്ങളെ ആണ്…… പ്രത്യേകിച്ച് അച്ഛനേം അമ്മയേം ഏട്ടനേം……. മൂന്നും എന്റെ കൈ അകലത്തിൽ ആയിപ്പോയി….. ഇല്ലെങ്കിൽ ഞാൻ പിടിച്ചീ ഉരുളിയിലെ വെള്ളത്തിൽ മുക്കിയേനെ……… കന്യാ ദാനവും മൂന്ന് വട്ടം വലം വെക്കലുമൊക്കെ കഴിഞ്ഞ് ഉടനെ സദ്യയാകുമെന്ന് കരുതിയ എനിക്ക് തെറ്റി……. തുടർന്ന് ഒരു ഫോട്ടോ ഷൂട്ട്ടും പിന്നേ വേറൊരു കോസ്റ്റുമിൽ അടുത്ത ഫോട്ടോ ഷൂട്ട്ടും….. അത് കഴിഞ്ഞ് പാചകക്കാർക്കൊപ്പമാണ് കഴിക്കാനൊരവസരം കിട്ടിയത്…….. അവനെ പരമാവധി വെറുപ്പിക്കുക എന്നോരൊറ്റ ഉദ്ദേശമെ ഉള്ളായിരുന്നു……. അത് കൊണ്ട് മുന്നും പിന്നും നോക്കാതെ വലിച്ച് വാരി ഉണ്ടു………. എന്റെ അച്ഛൻ കാശ് മുടക്കി ഉണ്ടാക്കിച്ച സദ്യയാ ഒരു വറ്റ് പോലും ഞാൻ പാഴാക്കില്ല…… ആ ഭാവമായിരുന്നു മുഖത്ത്………

ഇറങ്ങാൻന്നേരം അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു….. എനിക്കെന്തോ കരച്ചില് വന്നില്ല….. വൈകാതെ തിരിച്ചിങ്ങോട്ട് തന്നെ വരുമെന്ന കടുത്ത ആത്മവിശ്വാസത്തിലായിരുന്നു………..

ഇന്നാ….. മേക്കപ്പ് ഇളകി തുടങ്ങി……. കാറിന്റെ പിൻ സീറ്റിലേക്ക് കയറി ഇരുന്ന പാടെ ഒരാക്കിയ ചിരിയോടെ അയാള് തൂവ്വാല നീട്ടി…….

ഉണ്ടക്കണ്ണുരുട്ടി ഒന്ന് രൂക്ഷമായി നോക്കിയതും അവൻ നോട്ടം ഫോണിലേക്ക് തിരിച്ചു………

വെളുപ്പെന്ന് പറഞ്ഞാൽ ശെരിയാകില്ല…… ചോര കലർന്ന വെളുപ്പ്…… മൂക്കിൻ തുമ്പിലും കൈ വെള്ളയിൽ നിന്നുമൊക്കെ ചോര തൊട്ടെടുക്കാം…… നീട്ടി വളർത്തിയ കോലൻ മുടിയും…… വെട്ടിയൊതുക്കിയ കട്ടി താടിയും….. കട്ടി മീശയും കവിളിൽ തെളിയുന്ന നുണക്കുഴിയും….. അവനെ വർണ്ണിക്കാൻ വാക്കുകൾ പോരാ….. പൗരുഷത്തിന്റെ പ്രതിരൂപം……… എന്ന് വേണേൽ പറയാം…..

എന്നിട്ടും എന്റെ സംശയം മറ്റൊന്നുമല്ല……. ഇവനെന്തിനാണ് എന്നെ??? രാവും പകലും പോലെ വത്യാസമുണ്ട് ഇരുവരും തമ്മിൽ…… കറുത്ത് മുഖത്ത് പാടുകൾ വീണ ഉണ്ടക്കണ്ണുള്ള ഈ തടിച്ചി പെണ്ണിനെ…….. എണ്ണിയെണ്ണി പറയാൻ നിന്നാൽ ഒരുപാടുണ്ട്….. ഓരോ പെണ്ണുകാണൽ കഴിയുമ്പോഴുമാണ് തന്റെ കുറവുകളുടെ കൂടുതൽ മനസിലാക്കിയെടുക്കുന്നത്………

എന്നിട്ടും ഇങ്ങേർക്ക് എന്തിനാണ് എന്നെ……. അതിന് പിന്നിലെ ചേതോവികാരം മാത്രമാണ് മനസിലാകാത്തത്………

ഇപ്പോഴെല്ലാവരും വിചാരിക്കുന്നുണ്ടാവും അയാൾക്കെന്നോട് വല്ല വൺ വേ ലവ്വും ആയിരിക്കുമെന്ന്…… എന്നാൽ അതും അല്ല….. ഇയാളെ ഞാൻ ആദ്യമായിട്ട് കാണുന്നത് പോലും അന്ന് പെണ്ണുകാണാൻ വന്ന അന്നാ…….. ഒറ്റക്കാഴ്ചയിൽ ബോധം പോയ ഞാൻ പിന്നേ രണ്ട് ദിവസം കഴിഞ്ഞാ പൊങ്ങുന്നത്………… കരഞ്ഞ് കൂവിയിരിക്കുന്ന അമ്മയെയും അച്ഛനെയും പ്രതീക്ഷിച്ചാണ് കണ്ണ് തുറന്നതെങ്കിലും ക്ലോസ് അപ്പിന്റെ പരസ്യമാണ് എനിക്ക് കാണാൻ സാധിച്ചത്…… അതേ…… അങ്ങനെ ഇരുവത്തിയാറാമത്തെ പെണ്ണുകാണലിൽ ഫലം കണ്ടിരിക്കുന്നു……… ചെക്കന് നിന്നെ ഇഷ്ടായി…….. കല്യാണം ഉറപ്പിക്കാൻ പോവ്വാ……… വീണ്ടും കണ്ണിലിരുട്ട് കയറി ഞാൻ വീണു………

അച്ഛൻ എത്ര രൂപ ഓഫർ ചെയ്തു…… എനിക്ക് സ്ത്രീധനമായിട്ട്……. ഒരു സി ഐ ടി ഗറ്റപ്പിലാണ് അവൾ അച്ഛന് മുൻപിൽ ചെന്ന് നിന്നത്………

എന്ത്…..?? എന്തോ കാര്യമായി കണക്ക് കൂട്ടുന്നതിനിടെ അച്ഛനൊന്ന് പുരികം ചുളിച്ചു…….

ആ മണകൊണാഞ്ചന്റെ തലയിൽ എന്നെ കെട്ടിവെക്കുന്നത് എത്ര കൊടുത്തിട്ടാണെന്ന്……. അവള് ചുണ്ട് കോട്ടി……….

അവനെ….. ആരാന്ന് അറിയുവോ??

ആരാ……🙄

ശ്രീലകം ഗ്രൂപ്പിന്റെ സിഇഒ ആണ്…… ത്രിദീപ്നാഥ്‌……. കേട്ടിട്ടില്ലേ……?? പറഞ്ഞിട്ടെഴുന്നേറ്റ് പോകുന്ന വഴി അവളുടെ വാ കൂട്ടിയടച്ചു കൊടുക്കാനും മറന്നില്ല അച്ഛൻ…… ആ ഞെട്ടൽ ഇപ്പഴും വിട്ട്മാറിയിട്ടില്ല………

ദക്ഷായണി……

ശ്ശേ…… ആരാ ഈ പാറപ്പുറത്ത് ചിരട്ടയിട്ട് ഉരക്കുന്നെ…… ഉറക്കത്തിന് ഭംഗം വരുത്തിയ ശബ്ദത്തെ ഉള്ളിൽ പ്രാകികൊണ്ടവൾ കണ്ണ് ചിമ്മി തുറന്നു……

ആഹാ ത്രിയേട്ടൻ ആയിരുന്നോ……. പറഞ്ഞത് മനസിലാണ്……. വീടെത്തി എന്ന മുന്നറിയിപ്പ് തരാനാണ് വിളിച്ചുണർത്തിയത്……. നല്ല ക്ഷീണം കൊണ്ടുള്ള ഉറക്കമായിരുന്നു……

ആരോ വന്ന് ഡോർ തുറന്ന് തന്നു……. ഇറങ്ങാനും സഹായിച്ചു…….. വാ തോരാതെ എന്തൊക്കെയോ അവർ ചോദിക്കുന്നുണ്ട് ഒരു സുന്ദരി സ്ത്രീയാണ്…….. അവര് ചോദിക്കുന്നതിനെല്ലാം താൽപ്പര്യമില്ലാതെ ഉത്തരം കൊടുത്തത് കൊണ്ടാവണം…… അവർ എടുത്ത് പറഞ്ഞത്….. ഞാൻ ത്രിദീപിന്റെ ഏട്ടത്തിയമ്മയാട്ടോ ഏട്ടന്റെ ഭാര്യ…….

ആഹ്….. ആണോ….. അപ്പോഴാണ് എനിക്കും ആളെ കത്തിയത്…… പിന്നേ നല്ലൊരു ചിരിയങ് കൊടുത്തു…….. അത് അവസാനത്തെ പിടിവള്ളിയാണ്……. ചിരിച്ചാൽ എനിക്കൊരു പ്രത്യേക ചേലാണ്…… സ്വന്തം കണ്ട് പിടുത്തം…….

അവിടെയും പതിവ് കലാപരിപാടികൾ…… ആരതിയുഴിയുന്നു….. വിളക്ക് തന്ന് സ്വീകരിക്കുന്നു….. അങ്ങനെ…. അങ്ങനെ…. അങ്ങനെ…. അങ്ങനെ……

ഏതാണ്ട് ഒരു സിനിമയിൽ അഭിനയിക്കുന്ന ഫീലായിരുന്നു എനിക്ക്….. ചുറ്റും ഭംഗിയുള്ള മുഖങ്ങൾ മാത്രം….. ചിരിച്ച മുഖങ്ങൾ………… അമ്മയും അച്ഛനും ഏട്ടനും ഏട്ടത്തിയമ്മയും എല്ലാവരും ഒന്നിനൊന്ന് മെച്ചം…….

എന്റെ സംശയം ബലപ്പെട്ടു…… ഇത് അത് തന്നെയാണ്……..

ഇവന്റെ ജാതകത്തിൽ ആദ്യ ഭാര്യ മരിക്കുമെന്നാണ്….. എന്നിട്ട് കാമുകിയെ കെട്ടാനാകും ഉദ്ദേശം…… അതേ…. ഇത് അത് തന്നെ….. എന്നിലെ മന്ധ്രവാദിനി കവടി നിരത്തി….. മഷിയിട്ടു…… മാറ്റമില്ല…… ഇത് അത് തന്നെ!!!!

റിസപ്ഷൻ എന്ന് പറഞ്ഞ് ഒരുങ്ങി കെട്ടി നിന്നപ്പോഴാണ് എനിക്ക് അടുത്ത ചതി മനസിലായത്………

റീസെപ്ഷന് ഇടാൻ ഏത് കളർ ഡ്രസ്സ്‌ വേണമെന്ന് വിളിച്ച് ചോദിച്ചപ്പോൾ ഒറ്റക്കാര്യമേ പറഞ്ഞുള്ളു വയലറ്റ് ഒഴിച്ചുള്ള ഏത് വേണെങ്കിലും എടുത്തോളാൻ…,.. അവിടെയും ചതി……. എനിക്ക് ലൈറ്റ് വയലറ്റ് ലഹങ്കയും അയാൾ കടും വയലറ്റ് കുർത്തയും മുണ്ടും…………

നിനക്ക് വയലറ്റ് നന്നായി ചേരുന്നുണ്ടെടി…… കൂട്ടുകാരികൾ വന്ന് അടക്കം പറഞ്ഞപ്പോൾ ദേഷ്യം കടിച്ച് പിടിച്ചാണ് നിന്നത്……. അയാളുടെ മുഖത്തുമുണ്ടായിരുന്നു ആക്കിയ ഒരു ചിരി……….

തന്റെ കറുപ്പിനെ ഏറ്റവും എടുത്ത് കാണിക്കുന്ന നിറമായിട്ടാണ് വയലറ്റിനെ കണ്ടിരിക്കുന്നത്….. തന്റെ ശത്രു പക്ഷത്ത്…… അവിടെയും അയാൾ പണി തന്നു…….

ഇനി കാത്തിരിപ്പാണ്…… ഫസ്റ്റ് നെറ്റിലെ അയാളുടെ തുറന്ന് പറച്ചിലിന് വേണ്ടി…… അത് റെക്കോർഡ് ചെയ്ത് വീട്ടിൽ കേൾപ്പിച്ചിട്ട് വേണം നാളെ രാവിലത്തെ ഫാസ്റ്റ് പിടിക്കാൻ………..

കാത്തിരിപ്പിനൊടുവിൽ മുറിതുറന്ന് അയാൾ വന്നു……. വാതിൽ വലിച്ചടക്കുന്നതിന് പകരം ഒച്ചയുണ്ടാക്കാതെ ചേർത്തടച്ചു……….

അടവുകൾ പിഴക്കുന്നു…… ഇങ്ങനെയല്ല….. വലിച്ചടക്കണം……. അതാണ് സിറ്റുവേഷൻ…….

ഇനി പറ…… ബിസിനസ്‌ മാഗ്നെറ്റിനെ കാത്തിരിക്കുന്ന കാമുകി…… അവളില്ലാതെ പറ്റില്ല….. അവളെന്റെ പ്രാണനാണ്…. ഞങ്ങളൊന്നിച്ചാണ് താമസം പോലും…… ആഹ് പോരട്ടെ……. അവൾ കണ്ണടച്ച് കാത് കൂർപ്പിച്ചിരുന്നു…….

ദാക്ഷായണി കിടക്കുന്നില്ലേ……

ശ്ശേ നശിപ്പിച്ചു……

അല്ല പറയുന്നില്ലേ…… പെട്ടന്ന് വായിൽ നിന്ന് വീണ് പോയതാണ്…..

എന്ത് പറയണം….. ദക്ഷായണിക്ക് എന്തെങ്കിലും അറിയാനുണ്ടോ…… ചോദിച്ചോളൂ…….

ഇ….. ഇല്ല……

എന്തെങ്കിലും പറയാനുണ്ടോ…..? കയ്കൊണ്ട് ആംഗ്യം കാട്ടി അയാൾ ചോദിച്ചു…….

മ്മ്ഹ്ഹ്……

ഓക്കേ….. ദെൻ ദക്ഷായണി കിടന്നോളൂ…….

അത്….. എന്നെ ദക്ഷാന്ന് വിളിച്ചാൽ മതി…….

ഏയ്‌…. അതില്ല….. ദക്ഷായണി അതാണ് ഭംഗി…… ഒരീണത്തിൽ പ്രത്യേക പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അയാൾ ബാൽകണിയിലേക്ക് നടന്നു……….

എവിടെയാണ് തനിക്ക് പിഴച്ചത്!!! കണക്ക് കൂട്ടലുകൾ തെറ്റിയതാലോചിച്ച് അവൾ ഇരുന്നു……..

❣️

ഇവിടെ വന്നത് മുതൽ കല പില ശബ്ദവുമായി രണ്ടെണ്ണം പുറകെയുണ്ട് ഏട്ടന്റെ മക്കളാണ്….. എനിക്കീ വെളുത്ത് തുടുത്ത് മാലാഖപോലിരിക്കുന്ന പിള്ളേരോട് പണ്ടേ കലിപ്പാണ്…….. പ്രത്യേകിച്ചെന്റെ കറുത്ത കരടി പാവയുടെ കണ്ണിളക്കി കളഞ്ഞ ആ മൂത്ത കാന്താരിയെ….. കയ്യിൽ കിട്ടിയാൽ അകം തുട നോക്കി ഒരു പിച്ച് കൊടുക്കണം……….

വിരുന്ന് കാരും കല്യാണത്തിരക്കുമൊന്നും ആ വീട്ടിൽ അവസാനിച്ചിട്ടില്ലായിരുന്നു……. ഇതിനൊരന്ത്യമില്ലേ…… ആളുകൾ കൂടുന്നതനുസരിച്ച് അവളിലെ അപകര്ഷധാ ബോധവും കൂടിവന്നു……

പരിചയപ്പെടാൻ വരുന്നവരെ ഒറ്റവാക്കിൽ അല്ലെങ്കിൽ ഒരു ചിരിയിൽ അവളൊതുക്കി…. എല്ലാവരോടും അകന്ന സമീപനം…… അവസാനം അവൾ എത്തി…… കല്യാണത്തിന് വരാൻ പറ്റാത്ത ത്രിദീപിന്റെ അമ്മാവന്റെ മകൾ പ്രീതി…….

യെസ്…. നിന്റെ വരവിനായാണ് ഞാൻ കാത്തിരുന്നത്…… അവൾ ഉള്ളിൽ പറഞ്ഞു……

ഞാൻ ദീപ്തി….. ഏട്ടന്റെ അമ്മാവന്റെ മകൾ…..

യെസ്…. പറഞ്ഞോളൂ…….

എന്ത്?? കയ്യും കെട്ടി നിന്നുള്ള ദക്ഷയാണിയുടെ യുടെ ചോദ്യം കേട്ട് ദീപ്തി പുരികം ചുളിച്ചു…….

പറ…. എനിക്കറിയാം ദീപ്തിക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന്……. സത്യമായിട്ടും ഞാനത് സാധിച്ച് തന്നിരിക്കും……

ദീപ്തിയുടെ മുഖം താണു……

പറയാം…… ഏട്ടനോട് പറയണം…… ഒരിഷ്ടം ഉണ്ട്……

ആഹ്…. പോരട്ടെ……

കൂടെ വർക്ക്‌ ചെയ്യുന്ന ആളാ സാൻജോ അന്യ മതം ആണ്….. ഏട്ടനെക്കൊണ്ട് ചേച്ചി ഒന്ന് സമ്മതിപ്പിക്കണം….. ഏട്ടന്റെ വാക്കാണ് ഈ വീട്ടിലെ അവസാന വാക്ക്…… അതല്ലേ എല്ലാവർക്കും എതിർപ്പുണ്ടായിട്ടും നിങ്ങളുടെ വിവാഹം നടന്നത്…… ഏട്ടന്റെ ഒറ്റ നിർബന്താരുന്നു…….

പറഞ്ഞു കഴിഞ്ഞാണ് ദീപ്തിക്ക് വായിൽ നിന്ന് അറിയാതെ വീണ അബദ്ധം മനസിലായത്……

അവൾ പതിയെ വലിയാൻ നോക്കി……. ദക്ഷായണി അവളുടെ കയ്യിൽ പിടി മുറുക്കി……

പറ….. എന്തായിരുന്നു എല്ലാവരുടെയും എതിർപ്പിന് കാരണം…… ദക്ഷയാണിയുടെ പിടിയുടെ മുറുക്കവും അവളുടെ ഉണ്ടക്കണ്ണുകളും ദീപ്തിയെക്കൊണ്ട് സത്യം പറയിച്ചു………

അത്….. ചേ….ച്ചി…… ചേച്ചി കറുത്തതായത് കൊണ്ട്……. പെട്ടന്നവളുടെ കയ്യിലെ പിടി അയഞ്ഞു……. ദക്ഷായണി ആത്മവിശ്വാസം നഷ്ടപ്പെട്ടവളെ പോലെ കണ്ണുകൾ പൂട്ടിയടച്ചു…….

ദീപ്തി അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു…….

❣️

കിതപ്പടക്കിയാണ് മുറിയിൽ ഇരുന്നത്…… വർധിച്ച് വന്ന കോപം അടക്കാനായില്ല….. കയ്യിലിരുന്ന പേനയുടെ ക്യാപ് തുറന്നും അടച്ചും കോപം ശമിപ്പിക്കാൻ ശ്രമിച്ചു……. പെട്ടന്നാണ് ത്രിദീപ് മുറിയിലേക്ക് കയറി വന്നത്…… അവൾ ഉണ്ടക്കണ്ണോന്ന് കറക്കി അവനെ നോക്കി……….

ഇതെന്ത് കോലം എന്നപോലെ അവനും….. വന്ന ചിരി അടക്കി നിർത്തിക്കൊണ്ടവൻ കയ്യിലിരുന്ന പേപ്പേഴ്സ് അവൾക്ക് നേരെ നീട്ടി……..

എവിടെയാ ഒപ്പിടാണ്ടത് എന്ന് മാത്രം പറ…… പല്ലുകടിച്ചുകൊണ്ട് അവൾ പറഞ്ഞു……..

ഇത് ഫ്ലൈറ്റ് ടിക്കറ്റാ……. നാളെ നമ്മൾ ദുബൈയിലേക്ക് പോകുന്നു……

ഏഹ്….. അപ്പൊ ഡിവോഴ്സ് നോട്ടിസ് അല്ലേ…….

അതിനൊക്കെ മാക്സിമം സിക്സ് മന്ത്സ്‌ എങ്കിലും കഴിയണ്ടേ….. ഒന്ന് ചുണ്ട് കോട്ടി ചിരിച്ചുകൊണ്ട് അവൻ ലൈറ്റ് അണച്ച് ബെഡിലേക്ക് മലർന്നു….. തൊട്ടപ്പുറത്ത് അവളും ചുരുണ്ട് കൂടി……..

ദുബൈയിലെ ആഡംബര ഫ്ലാറ്റ് മുറിയിൽ പാചക പരീക്ഷണങ്ങളും സൗന്ദര്യം വർധിപ്പിക്കാനുള്ള നാച്ചുറൽ ഫേസ് പാക്ക്കും പുതിയ കണ്ട് പിടുത്തങ്ങളുമൊക്കെയായി മുഷിപ്പോടെ അവളും ദിവസങ്ങൾ തള്ളിനീക്കി…… അവനും തിരക്കിലായിരുന്നു….. തിരക്കിട്ട് ഫ്ലാറ്റ് മുറിയിലേക്ക് വന്ന് കയറുമ്പോൾ കാണാറുണ്ട് മുഖത്ത് എന്തെങ്കിലുമൊക്കെ വാരിത്തേച്ച് സുമ്പാ സ്റ്റെപ് മൂവ്മെന്റസും ആയി നിൽക്കുന്ന ദക്ഷായണിയെ….. എല്ലാമൊരു ചിരിയിലൊതുക്കി അവൻ മുറിയിലേക്ക് പോകും….. അതികം സംസാരങ്ങളോ പ്രത്യേക സൗഹൃദമോ ഒന്നും അവർക്കിടയിൽ ഉണ്ടായില്ല…….

ഇപ്പോൾ ദുബൈയിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞു…….. ടീവിയിൽ ഏതോ ഇംഗ്ലീഷ് പടം കണ്ടുകൊണ്ട് ഇരിക്കുകയാണ് ത്രിദീപ്….. പതിവ് തെറ്റിച്ച് ഇന്ന് മുഴുവൻ അവൻ വീട്ടിലുണ്ടായിരുന്നു….. അതിന്റെ അനിഷ്ടം അവളുടെ മുഖത്തും കാണാം…….

എന്തൊക്കെയോ മുറുമുറുത്തുകൊണ്ട് അവൾ അവന് മുൻപിലേക്ക് ചൂട് ചിക്കെൻ സൂപ്പ് കൊണ്ട് വെച്ചു……..

അവൻ റിമോട്ട് അവൾക്ക് നേരെ നീട്ടി……

മ്മ്ഹ്ഹ്….. ഞാൻ ടീവി കാണാറില്ല……

എന്നാ വാ നമ്മുക്ക് രണ്ട് സുമ്പ മൂവ്മെന്റ്സ് ചെയ്യാം……. ആക്കിയ ചിരിയോടെ പറഞ്ഞവനെ ഒന്ന് കണ്ണുരുട്ടി നോക്കിക്കൊണ്ട് അവൾ ബെഡ് റൂമിലേക്ക് നടന്നു………

കാലിലെന്തോ നെയിൽ പോളിഷ് ഇട്ടുകൊണ്ടിരിക്കുകയായിരുന്നു അവൾ…… ബെഡിൽ അവൾക്ക് തൊട്ടരികിൽ അവൻ ചെന്നിരുന്നു……..

അവളൊന്ന് ഞെട്ടിക്കൊണ്ട് നോക്കി…….

ഇതെന്താ വയലറ്റ്…… ഇത് തനിക്ക് ഇഷ്ടമില്ലാത്ത നിറം അല്ലേ??? അവനവളുടെ കാലുകളിലേക്ക് തന്നെ നോട്ടമിട്ടുകൊണ്ട് ചോദിച്ചു…… അവൾ കാലുകൾ പിന്നോട്ട് വലിച്ചു……

ഇഷ്ടമല്ലായിരുന്നു…… ഇപ്പൊ ഇഷ്ടാ……

ഓഹോ….. അതെന്താ……

അത്…. അത് ഇപ്പൊ ഇഷ്ടപ്പെട്ടു അത്രേയൊള്ളൂ…… അതിന് പ്രത്യേകിച്ച് കരണമൊന്നുമില്ല…… അത് പറയുമ്പോഴും അവളുടെ ഉണ്ടക്കണ്ണുകൾ പാറി വീണത് ബെഡ്‌റൂമിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന അവരുടെ റീസെപ്ഷന്റെ ഫോട്ടോയിലായിരുന്നു……. അതിൽ ആ നിറത്തിൽ താൻ കൂടുതല് സുന്ദരിയായ പോലെ……..

ഡോ…… നമ്മുക്ക് ഒരു ട്രിപ്പ്‌ പോയാലോ……

ഇപ്പഴോ……

യെസ്…… വിവാഹം കഴിഞ്ഞിട്ട് വൺ മന്ത് കഴിഞ്ഞു…… നേരത്തെ പോകേണ്ടതായിരുന്നു….. പക്ഷേ എന്റെ ജോലിതിരക്കുകൾ…… പിന്നേ താനും ഒന്ന് ഓക്കേ ആവട്ടെ എന്ന് കരുതി…… താനൊട്ടും കംഫര്ട്ടബിള് ആയിരുന്നില്ലല്ലോ…..

ഇപ്പഴും അല്ല……. അവൾ അവന് നേരെ മുഖം തിരിച്ചു……

എന്താ…..

ഞാനിപ്പഴും ഒട്ടും കംഫര്ട്ടബിള് അല്ല എന്ന്…….

ഓക്കേ….. ആക്ച്വലി എന്താണ് ദക്ഷയാണിയുടെ പ്രോബ്ലം…….. അവൻ വിരലുകൾ കറക്കി ചോദിച്ചു……..

എനിക്ക് നിങ്ങളെ ഇഷ്ടമല്ല…… സിംപ്ലി ഐ ഹേറ്റ് യൂ….

ഓഹ്….. ഓക്കേ…… ഐ ക്യാൻ അണ്ടർസ്റ്റാൻഡ് യുവർ ഫീലിംഗ്….. പക്ഷേ അതിനൊരു റിസൺ ഉണ്ടാകുവല്ലോ…. അത് പറ……. എന്താ കാരണം…….

കാരണം ഒന്നേയുള്ളു…… നിങ്ങള് വെളുത്തതാണ്…… എനിക്ക് വെളുത്തവരെ ഇഷ്ടമല്ല പ്രത്യേകിച്ച് ആണുങ്ങളെ…… മുഖത്താകെ പുച്ഛം വാരി വിതറിക്കൊണ്ടവൾ പറഞ്ഞു………

അത് കൺകെ കോപം ജ്വലിച്ച് നിൽക്കേണ്ടിയിരുന്ന അവന്റെ മുഖം ചുണ്ട് കൂട്ടി പിടിച്ചുള്ള ചിരിയായിട്ടാണ് കാണപ്പെട്ടത്…… വീണ്ടും വീണ്ടും അവളെ നോക്കെ അതൊരു പൊട്ടിച്ചിരിയായി മാറി………

അവൾ വീണ്ടും അവന് നേരെ ഉണ്ടക്കണ്ണുരുട്ടി………….

അപ്പൊ വെളുത്തു പോയി….. എന്നോരോറ്റ കാരണം കൊണ്ട് ദാക്ഷായണി എന്നെ വേണ്ടെന്ന് വെക്കുമെന്ന് അല്ലേ………

തീർച്ചയായും………

അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ് വന്നു…… ഇരു കയ്യുകളും പാന്റ്സിന്റെ പോക്കറ്റിലേക്കിട്ട് അവൾക്ക് മുൻപിൽ ചെന്ന് നിന്നു……….

വലത് പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഒരു വീഡിയോ ഓൺ ചെയ്തവൻ അവൾക്ക് മുന്നിൽ വെച്ചുകൊണ്ട് മുറിവിട്ടിറങ്ങി……….

വീഡിയോ പ്ലേ ആയി തുടങ്ങി……….

ദാക്ഷായണി ഒന്ന് ഞെട്ടി……… ഒബ്രോൺ മാളിലെ ഫുഡ്‌ കോർട്ട്…… 2017 സെപ്റ്റംബർ 20….. 2:30 pm…….. ആ ദിവസവും സമയവും അവൾക്കുള്ളിലേക്ക് ഒരു മിന്നൽപിണർ പോലെ കടന്നു വന്നു…….. താനും….. ജിൽറ്റും…….

ജിൽറ്റ് പ്ലീസ് ഡാ……. ഇപ്പൊ ഒരു ബ്രേക്ക്‌ അപ്പ്‌ എന്തിനാ…… എനിക്കത് മനസിലാകുന്നില്ല…… ഞാൻ നിന്നെ ഏതെങ്കിലും രീതിയിൽ വിഷമിപ്പിച്ചോ…… പറ……

ഫുഡ്‌ കോർട്ടിലെ രണ്ടാൾക്കിരിക്കാനാവുന്ന സീറ്റിൽ ഇരുവശവും ഇരിക്കുകയാണ് ദാക്ഷായണിയും ജിൽറ്റും…….. അവന്റ കൂട്ടിപ്പിടിച്ചിരിക്കുന്ന ഇരു കയ്യിലും മുറുക്കി പിടിച്ച് കുലുക്കിക്കൊണ്ട് ദക്ഷായണി കരയുകയാണ്………. അവന്റെ മുഖം വലിഞ്ഞ് മുറുകിയിരിപ്പുണ്ട്….. ചെന്നിയിലെ നീല ഞരമ്പ് തെളിഞ്ഞ് കാണാം…….

ജിൽറ്റ്….. ഞാൻ നിന്നെ ഫോൺ വിളിച്ച് ശല്യം ചെയ്യാറുണ്ടോ…. ഇല്ലല്ലോ…… പിന്നേ….. നിനക്ക് നിന്റെ ഫ്രീഡം തരാറില്ലേ….. റെസ്‌പെക്ട് തരാറില്ലേ…… പിന്നേ…. പിന്നേ എന്തിനാ പെട്ടന്നൊരു ബ്രേക്ക്‌ അപ്പ്‌………. മീരയുമായുള്ള ആ ഇൻസിഡന്റ് ഞാൻ അത് മറന്നേക്കാം….. ഇനി…. എന്നെ മറന്നൊന്നും ഉണ്ടാകാതിരുന്നാൽ മതി……. പക്ഷേ….. എന്നെ എന്നെ വിട്ട് പോകരുത് നീ….. അത്രക്ക് ഇഷ്ടാടാ…… അവളുടെ ഉണ്ടക്കണ്ണുകൾ തോരാതെ ഒഴുകിയിറങ്ങുന്നുണ്ട്………

ദക്ഷാ…… എനിക്ക് വേറൊന്നും പറയാനില്ല…… Lets breakup……. അതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല….. ജിൽറ്റ് പല്ല് കടിച്ചുകൊണ്ട് പറഞ്ഞു……….

അതിനൊരു റീസൺ പറ……. പെട്ടന്നങ്ങനെ ബ്രേക്ക്‌ അപ്പ്‌ എന്ന് പറയാനുള്ള കാരണം എന്താ……

പെട്ടന്നല്ല….. കുറച്ച് നാളായിട്ട് തന്നെ ഇത് പറയണം എന്ന് വിചാരിച്ചിരുന്നതാ……. നീ നോക്ക്…… നമ്മുടെ കൈകൾ തമ്മിലുള്ള ഡിഫെറെൻസ് കണ്ടോ….. നോക്ക്……. രാത്രിയും പകലും പോലെ ഉണ്ട്…… അവൻ കണ്ണ് താഴേക്ക് ചലിപ്പിച്ചുകൊണ്ട് പറഞ്ഞു…….. അവൾ കൂട്ടിപ്പിടിച്ചിരിക്കുന്ന ഇരുവരുടെയും കൈകളിലേക്ക് നോക്കി……. സത്യമാണ്….. അവന്റെ വെളുത്ത കൈകൾക്ക് മേൽ തന്റെ കറുത്ത കൈകൾ കണ്ണുകൾക്ക് ആരോചകമായി തോന്നുന്നു…… തീരെ ചേർച്ചയില്ലാത്തത് പോലെ…….

അവന്റെ മേലുള്ള കൈപ്പിടി അവൾ അയച്ചു…… ഒരു തുള്ളി കണ്ണീരവന്റെ കൈകളിലേക്ക് അടർന്ന് വീണു…… പിന്നെയും വേണോ റീസൺ…… നീ കണ്ടിട്ടില്ലേ എന്റെ പുറകെ നടക്കുന്ന പെൺകുട്ടികളെ……. ആരെങ്കിലും നിന്നെപ്പോലെ ഉണ്ടോ……. നീ ഒട്ടും ബ്യൂട്ടി കോൺഷസ് അല്ല…… നിന്റെ വെയ്റ്റ് കൂടുന്നതോ വയറ് ചാടുന്നതോ ഒന്നും നീ ശ്രദ്ധിക്കുന്നില്ല……. ഒരു രണ്ട് വർഷം കൂടി കഴിഞ്ഞാൽ നിന്നെ കണ്ടാൽ എന്റെ അമ്മയായിട്ട് തോന്നും……… എനിക്ക്….. എനിക്കിപ്പോ തീരെ താൽപ്പര്യമില്ല….. ലീവ് me….. പ്ലീസ് ലീവ് മി ദക്ഷാ……. അവളുടെ മുഖത്ത് നോക്കാതെ അവൻ നടന്നകലുമ്പോഴും പുറകെ ഓടിച്ചെന്ന് കൈ പിടിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ദാക്ഷായണി………

നിഷ്കരുണം അവളെ തള്ളിമാറ്റിക്കൊണ്ട് അവൻ ലിഫ്റ്റിനുള്ളിലേക്ക് കയറി…….. പിന്നാലെ അവളും…… ചില്ല് ജാലകത്തിലൂടെ താഴെക്കാണുന്ന പാർക്കിങ് ഏരിയയിലും കണ്ടു അവളെ തള്ളി മാറ്റി ചെകിടത്തിട്ട് ഒന്ന് കൊടുത്തിട്ടാണ് അവൻ കാറിലേക്ക് കയറിപ്പോയത്……… ദാക്ഷായണി വെറും നിലത്തേക്ക് പടിഞ്ഞിരുന്നു…….. വീഡിയോയിൽ പെട്ടന്ന് മറ്റൊരു മുഖം…… സെൽഫി വീഡിയോ……. മാറ്റാരുമല്ല ത്രിദീപ്……. ഇപ്പഴത്തെത്തിൽ നിന്ന് ഒരുപാട് മാറ്റം…… ഡ്രിംചെയ്ത…. താടിയും മീശയുമില്ലാത്ത ഒരു മുഖം…. വളരെ മെലിഞ്ഞ ഒരു ചോക്ലേറ്റ് ബോയ് ലുക്ക്‌….. വീഡിയോയിൽ വന്നവൻ സൈൻ ഓഫ് പറഞ്ഞു………

അതവൻ എടുത്ത വീഡിയോ ആണെന്ന് വ്യക്തം……

കഴിഞ്ഞോ… 5 മിനിട്സ് 12 സെക്കന്റ്‌ വീഡിയോ…….. വീണ്ടും വാതിൽ കടന്നവൻ വന്നു……

ദാക്ഷായണിയുടെ മുഖം താണു…… അവന്റെ ഫോൺ അവൾ തിരിച്ചു നീട്ടി……

ഈയൊരൊറ്റ കാരണം കൊണ്ടാവും അല്ലേ വെളുത്തവരെ….. പ്രത്യേകിച്ച് ആണുങ്ങളെ ഇഷ്ടമല്ലാത്തത്…… ഒരു പ്രത്യേക ഈണത്തിൽ….. പ്രത്യേക ചിരിയോടെ അവൻ ചോദിച്ചു……..

ദാക്ഷായണിയുടെ മുഖത്ത് അന്ന് വരെ കാണാത്ത മറ്റൊരു ഭാവം നാല് വർഷം മുൻപ് ആ വീഡിയോയിൽ കണ്ട അതേ ഭാവം…….. ഉള്ളിലെ അപാകർഷതാ ബോധം പുറത്തേക്ക് കണ്ണീരായി അണപ്പൊട്ടി ഒഴുകാൻ തുടങ്ങി……. ആരെയും കൂസാത്ത അഹങ്കാരത്തിന്റെ മുഖമൂടി അവളിൽ നിന്നഴിഞ്ഞ് വീഴുന്നത് അവനറിഞ്ഞു……….

വീഡിയോ എടുത്തത് ഞാന്നാ….. തൊട്ടപ്പുറത്ത് ഞാനും ഉണ്ടായിരുന്നു…… നിങ്ങളുടെ ടോക്ക് ഒക്കെ കേട്ടുകൊണ്ട്……..

ആദ്യം ഒരു സോറി പറയാം….. നിങ്ങളുടെ പേഴ്സണൽ ടോക്ക് ഒളിച്ചിരുന്ന് കേട്ടതിനും….. വീഡിയോ പകർത്തിയതിനും….. ഞാൻ എല്ലായിടത്തും ഇങ്ങനെയൊന്നും അല്ലാട്ടോ….. ഞാൻ ആദ്യമായും അവസാനമായും എടുത്ത വീഡിയോ അതാണ്…. ഡൌട്ട് ഉണ്ടെങ്കിൽ എന്റെ ഫോൺ ചെക്ക് ചെയ്യാം……..

കാരണം…… നിന്നെ എനിക്ക് ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെട്ടു…… അവളൊന്ന് ഞെട്ടി…….

ഈ നിറം തന്നെയാണ് അതിന് കാരണം……. എനിക്കേ….. ഈ കറുത്തവരെ വെല്യ ഇഷ്ടാ പ്രത്യേകിച്ച് കറുത്ത പെൺകുട്ടികളെ……. കുറച്ച് ഫാറ്റി ആണെങ്കിൽ പിന്നേ പറയുകേം വേണ്ട……. ഇതുപോലെ രണ്ട് ഉണ്ടക്കണ്ണ് കൂടെ ഉണ്ടെങ്കിൽ ഞാൻ ഫ്ലാറ്റ്…….. അവൻ വലത് കൈ നീട്ടി ആക്ഷൻ കാണിച്ചു പറഞ്ഞപ്പോൾ കണ്ണീരിനിടയിലും അവളുടെ മുഖത്ത് ചമ്മിയ ഒരു ചിരി വിരിഞ്ഞു…………

അവനും ചുണ്ട് കടിച്ച് പിടിച്ച് ഒന്ന് ചിരിച്ചു……..

എന്നെ ഇഷ്ടമല്ലെങ്കിലും ഞാൻ നിനക്ക് ഒരു ഫേവർ തരാം……. ഈ പറയുന്ന ജിൽറ്റ് ജോസെഫിന്റെ ബോസ്സ് ആയിട്ട് വരും ഞാൻ……. നാളെ എന്റെ കൂടെ ഓഫീസിൽ വന്നാൽ ചെറിയൊരു മധുര പ്രതികാരം ആവാം…….

അവനൊരു പുരികമുയർത്തി ചിരിയോടെ ചോദിച്ചു………

അവൾ ദുഖമൊക്കെ മറന്ന് ആവേശത്തോടെ തല കുലുക്കി……….

❣️

ഓക്കേ അല്ലേ…… തൃദീപിന്റെ കാബിനുള്ളിൽ റിവോൾവിങ് ചയറിലിരിക്കുന്ന അവന്റെ മടിയിലേക്ക് ശ്രദ്ധാ പൂർവ്വം കയറിയിരുന്നു ദക്ഷായണി…….

കുഴപ്പം ഇല്ലല്ലോ…….

മുൻപിലേക്ക് വീണു കിടക്കുന്ന മുടിമാറ്റി അവന്റെ മുഖത്തേക്ക് ധൃതിയോടെ നോക്കിക്കൊണ്ട് ചോദിച്ചു……….

മ്മ്……… കുറച്ച് നേരത്തെക്കല്ലേ…… അഡ്ജസ്റ്റ് ചെയ്യാം……. ഭാരം കൊണ്ട് അവൻ മുഖം ചുളിച്ചു……… പ്ലാൻ ചെയ്തപോലെ മൂക്കിൽ മൂക്ക് മുട്ടിച്ചുകൊണ്ട് ഇരുവരും ഇരുന്നു……… അഭിനയമാണെങ്കിൽ പോലും തൃദീപിന്റെ കണ്ണുകൾ അവളുടെ കണ്ണുകളെ കൊത്തി വലിച്ചു…….. അവൾക്ക് ചെറുതായി ചമ്മൽ തോന്നി…… ഒക്കെ അവളുടെ പ്ലാൻ ആണ്…… ഇന്നലെ രാത്രി ഉറക്കമൊഴിച്ചിരുന്ന് കണ്ട് പിടിച്ച ഫ്രഷ് പ്ലാൻ…….. എല്ലാത്തിനും ഒരു പാവ കണക്കെ ത്രിദീപ്‌ നിന്നുകൊടുക്കുന്നു……. സത്യത്തിൽ അവനാ ഓരോ നിമിഷവും ആസ്വദിക്കുന്നുണ്ട്……….

യെസ് പ്ലാൻ പോലെ ജിൽറ്റ് ക്യാബിൻ തുറന്ന് വരുന്നു….. ഇരുവരെയും കണ്ട് ഞെട്ടുന്നു….. നിന്നു പരുങ്ങുന്നു… ആകെ വിയർക്കുന്നു……

തനിക്കൊന്ന് നോക്ക് ചെയ്തിട്ട് വന്നൂടെ….. ഫൂൾ…… ത്രിദീപ് അവള് പറഞ്ഞുകൊടുത്ത അതേ ഡയലോഗിൽ അവനോട് പൊട്ടിത്തെറിക്കുന്നു……

ത്രിയേട്ടാ….. മതി വിട്ടേക്ക്…… കഷ്ടപ്പെട്ട് അത്രയും പറഞ്ഞൊപ്പിച്ച ത്രിദീപ് അവളുടെ ത്രിയേട്ടാ എന്ന ഒറ്റവിളിയിൽ പതറിപ്പോയി……

ഓക്കേ ഓക്കേ….. യൂ…. മേ ഗോ…… പൊട്ടിവന്ന ചിരി മറച്ചു പിടിച്ചുകൊണ്ട് ത്രിദീപ് പറഞ്ഞു…….

ദാക്ഷായണിയെ കണ്ട് ഒന്ന് വെട്ടി വിയർത്ത ജിൽറ്റ് പെട്ടന്ന് ആ മുറിയിൽനിന്ന് ഇറങ്ങിപ്പോയി…….

യെസ്…. അവൾ വലത് കൈപത്തി ചുരുട്ടി വലിച്ചുകൊണ്ട് ആത്മസംതൃപ്തിയോടെ പറഞ്ഞു……..

സോറി…… അവന്റെ നോട്ടം കണ്ടവൾ മെല്ലെ സോറി പറഞ്ഞുകൊണ്ട് അവന്റെ മടിയിൽ നിന്ന് ഉയർന്നെഴുന്നേൽക്കാൻ തുടങ്ങി……. ഇരു കൈകളും ടേബിളിന് ഇരുവശവും ലോക്ക് ചെയ്ത് പിടിച്ചുകൊണ്ട് അവൻ അവളെ നോക്കി പുരികമുയർത്തി…….

ഇതൊന്നും സ്ക്രിപ്റ്റിൽ ഇല്ലല്ലോ……

വല്ലാത്തൊരു ചമ്മിയ ചിരിയോടെ ശബ്ദം താഴ്ത്തി അവൾ പറഞ്ഞു…….

ഇനി സ്ക്രിപ്റ്റിൽ ഇല്ലാത്ത പലതും നടക്കും….. മീശ കടിച്ചുപിടിച്ച് കുഞ്ഞിചിരിയോടെ അവനും പറഞ്ഞു………

അവളാ ഉണ്ടക്കണ്ണുകൾ ഒന്ന് കൂടെ വിടർത്തി…… ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി നോക്കി കൊണ്ടവൻ ചൂണ്ട് വിരൽയുയർത്തി അവളുടെ ഇരു കൺ പോളകളും അടച്ചു…… മെല്ലെ അവിടെ ചുണ്ട് ചേർത്തു…….

ടക് ടക് ടക്…….

യെസ്……… അവളെ എടുത്തുയർത്തി മാറ്റിക്കൊണ്ട് അവൻ ഉച്ചത്തിൽ പറഞ്ഞു……..

വീണ്ടും ജിൽറ്റ്….. സർ മീറ്റിംഗ്……

ഓക്കേ…. ഓക്കേ ആം കമിങ്…… വാച്ചിലേക്ക് നോക്കി തിടുക്കപ്പെട്ടവൻ പറയുമ്പോൾ ജിൽറ്റിന്റെ കണ്ണ് അവളിലും അവളുടെ മിഴികൾ ത്രിദീപിലും ആയിരുന്നു….. ആരാധനയോടെ അവളവനെ നോക്കുന്നുണ്ടായിരുന്നു…..

എന്താടോ…..! കണ്ണ് മിഴിച്ചവിടെ നിൽക്കുന്ന ജിൽറ്റിനോട് അയാൾ ഒച്ചയുയർത്തി ചോദിച്ചു…..

സോറി…. സോറി സർ….. പതർച്ചയോടെ പറഞ്ഞുകൊണ്ട് അവൻ വേഗം പുറത്തേക്കിറങ്ങി…….

അപ്പോഴും ദക്ഷയാണിയുടെ കണ്ണുകൾ ആരാധനയോടെ അവന്റെ ശരീരത്തിലാകെ പരതി നടക്കുന്നുണ്ടായിരുന്നു…..

മ്മ്….. അവനവളെ നോക്കി പുരികം പൊക്കി….

അത് എന്നെ പൊക്കാൻ ഒക്കെ പറ്റുവോ…..

പിന്നേ ഞാനിതൊക്കെ ഉരുട്ടിക്കേറ്റി വെച്ചിരിക്കുന്നത് ചുമ്മാതാണോ……. അവൻ കയ്യിലെ മസിൽ ഒന്ന് പെരുപ്പിച്ച് കാണിച്ചുകൊണ്ട് പറഞ്ഞു…….

അവളതിൽ മെല്ലെ ഒന്ന് തൊട്ട് നോക്കി…..

പുരികം ഉയർത്തി അടിപൊളിയെന്ന് പറഞ്ഞു…. ഇനിം ഉണ്ടോ…..?

മ്മ്…. വൈകിട്ട് റൂമിൽ വന്നിട്ട് വിശദമായിട്ട് കാണിച്ചാൽ പോരെ….. ഇപ്പൊ നിന്നാൽ ഇന്നത്തെ മീറ്റിംഗ് നടക്കത്തില്ല…….

ഒറ്റക്കണ്ണിറുക്കിക്കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ നാണത്തോടെ തലകുനിച്ചു…….

എന്നാ വിട്ടോ….. റൂമിലേക്ക്….. അവൻ കാറിന്റെ കീ അവൾക്ക് നേരെ എറിഞ്ഞു കൊടുത്തുകൊണ്ട് പറഞ്ഞു……

ഞാൻ കാത്തിരിക്കും……. പിന്നാലെ അവൾ ഉച്ചത്തിൽ വിളിച്ച് കൂവി…..

ഡോർ ഹാൻഡിലിൽ പിടിച്ച് ഒന്ന് തിരിഞ്ഞു നോക്കിയവൻ കണ്ണിറുക്കികൊണ്ട് ഇറങ്ങി…….

ആ വെളുത്ത മുഖത്തെ ഉള്ളിലേക്കാവഹിച്ചുകൊണ്ട് അവളും പിന്നാലെ……….

ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്ത് രണ്ട് വരി കുറിച്ചിട്ട് പോണേ…..

രചന: ആമ്പൽ ആമ്പൽ

Leave a Reply

Your email address will not be published. Required fields are marked *