മേഘദൂതൻ, തുടർക്കഥ ഭാഗം 2 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അപർണ്ണ ഷാജി

(ആദ്യഭാഗം ലിങ്ക് കമന്റ് ബോക്‌സിൽ…)

എപ്പോഴോ ബോധം വന്ന ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ കാണുന്നത് നീലാകാശത്തെയാണ്….. ” ഇപ്പോഴും ആ റോഡിൽ ആണോ ഞാൻ കിടക്കുന്നത് ? ” എണീക്കാൻ ഒരു പാഴ് ശ്രമം നടത്തി ,, പക്ഷേ നടന്നില്ല… തലക്കും , ശരീരത്തിനും വല്ലാത്തൊരു ഭാരം പോലും…. ഒന്നും മനസ്സിലാകുന്നില്ലല്ലോ…. ചുറ്റിനും നോക്കിയ ഞാൻ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു …… മിഴികളിൽ നീർക്കണങ്ങൾ ചാലുകൾ തീർത്തു… കാഴ്ചകൾ മങ്ങി തുടങ്ങി….. ആ അവ്യക്തതയിലും , അവിടമെനിക്ക് മനോഹരമായി തോന്നി… ” എങ്കിലും ഞാനിത് എവിടെയാണ് ..?നിറഞ്ഞ മിഴികൾ തുടച്ച് , വീണ്ടും ചുറ്റിനും കണ്ണോടിച്ചു…. അപരിചിതമായ ഏതോ ഒരു സ്ഥലം…. എനിക്ക് ചുറ്റും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പുൽമേടുകൾ….. ഇത് എന്ത് പരീക്ഷണമാണ് ദൈവമേ….!! ഒന്നും മനസ്സിലാകുന്നില്ലല്ലോ …. ശരീരം ഒക്കെ തളർന്നു പോകും പോലെ ഒരു ഫീൽ…. കണ്ണടച്ച് പിടിച്ചു , നടന്നതെല്ലാം ഓർത്തു നോക്കാൻ ശ്രമിക്കുന്നതിനിടയിലെപ്പോഴോ ആണ് , ആരുടെയോ നെഞ്ചിലാണിപ്പോൾ കിടക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞത്…. ആ ഹൃദയതാളം ഞാനറിയുന്നു…. ” ഇനി റയാൻ ആണോ ? ” ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നപ്പോൾ ,, ഞെട്ടലോടെ കണ്ണ് തുറന്നു….. ” പക്ഷേ , എങ്ങനെ ഈ സ്ഥലം …? ” ഞാൻ എന്നോട് തന്നെ ചോദിച്ചു…

‘ആലോചിച്ചു സമയം കളയാതെ തിരിഞ്ഞു നോക്ക് നന്ദു… ‘ മനസ്സ് മെല്ലെ മന്ത്രിച്ചു….. പതുക്കെ തല ചരിച്ചു ,തിരിഞ്ഞു നോക്കി.. ഒന്നേ നോക്കിയുള്ളൂ , ആ മുഖത്തേക്ക്.. വീണ്ടും നോക്കാൻ , അവിടുന്ന് കണ്ണെടുത്താൽ അല്ലേ പറ്റു….. കഥകളിൽ ഒക്കെ വായിച്ചിട്ടുള്ള ,, രാജകുമാരനെ പോലൊരാൾ ….( ഡ്രസിങ് അല്ലാട്ടോ , ലുക്ക് ) അലസമായി കാറ്റിൽ ഇളകുന്ന മുടിയിഴകൾ , ഡ്രിം ചെയ്ത താടിയും , കട്ടിയുള്ള മീശയും , പുരികങ്ങളും ,, നെറ്റിയിലെ കുഞ്ഞു ചന്ദനക്കുറിയും ആ മുഖത്തിന്റെ ഭംഗി കൂട്ടി….. ആരും നോക്കി നിന്നു പോകുന്ന ചൈതന്യം നിറഞ്ഞമുഖം …. എവിടെയോ കണ്ടു മറന്ന പോലെ …. തോന്നൽ ആകും.. ലുക്കൻ മാരെ കാണുമ്പോൾ ഇങ്ങനെ പലതും എനിക്ക് തോന്നാറുണ്ട്.. എന്നാലും അതല്ല എവിടെയോ കണ്ട പോലെ… ” ഇനി ഇതിനെയാണോ ജന്മജന്മാന്തരബന്ധം എന്നൊക്കെ പറയുന്നത് ? ”

ഞാൻ കാണാത്ത സ്വപ്നത്തിലെ , കുതിര പുറത്ത് വരുന്ന എന്റെ രാജകുമാരൻ ഇയാൾ ആണോ ? ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു…. എത്ര നേരമെന്ന് അറിയില്ല , അയാളെ തന്നെ നോക്കിയിരുന്നു… നിഷ്കളങ്കമായി ഉറങ്ങുന്ന മുഖത്തേക്ക് നോക്കി , ആ നെഞ്ചോട് ചേർന്ന് കിടന്നു… വീണ്ടും കണ്ണുകളിൽ ഇരുട്ട് മൂടുപടം തീർത്തു…..

അവൾ ആ നെഞ്ചോട് ചേർന്നുമയങ്ങി..

ആരോ തട്ടി വിളിക്കുമ്പോഴാണ് വീണ്ടും ഉണർന്നത്….

” അമ്മാ ഒരു പത്തു മിനിറ്റ് കൂടി…..” പറഞ്ഞു കഴിഞ്ഞപ്പോഴാണ് താൻ വീട്ടിൽ അല്ലല്ലോ എന്ന കാര്യം ഓർത്തത്.. പെട്ടെന്ന് കണ്ണ് തുറന്നതും ,, എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന അയാളെയാണ് കണ്ടത്.. അയാളിലെ ചിരി എന്നിലേക്കും പകർന്നു നൽകി…. ഞാനും ഒന്ന് ചിരിച്ചു….. ആ ചിരിക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല , കഴിഞ്ഞു പോയ സംഭവങ്ങളെല്ലാം മനസ്സിലേക്ക് ഓടിയെത്തി…. കാറിലെ ഡ്രൈവറുടെ മുഖം അവ്യക്തമായിരുന്നു….. എന്നെ വലയം ചെയ്ത രക്തം…. ഒരു നിമിഷം ചുറ്റിനും നോക്കി , മഞ്ഞു കണങ്ങൾ വീണു കിടക്കുന്ന പുൽമേടുകൾ മാത്രമാണിപ്പോൾ ചുറ്റും…… കൈകൾ യാന്ത്രികമായ് ഉയർന്നു…. തലയിൽ തൊട്ട് നോക്കി , ഇല്ല എനിക്കൊന്നും സംഭവിച്ചിട്ടില്ല.. ” പിന്നെ ഞാൻ ഇവിടെ ?” ആരാണയാൾ ,, റയാനാണോ ? എത്ര ശ്രമിച്ചിട്ടും റയാന്റെ മുഖം മനസ്സിൽ തെളിയുന്നില്ല….. ഒരു പക്ഷേ ഞാൻ ഏറ്റവും കൂടുതൽ മറക്കാൻ ശ്രമിച്ച മുഖമായത് കൊണ്ടാകും …. ” റയാന്റെ മുഖം താൻ മറന്നുവോ , അതിനെനിക്ക് കഴിയുമോ…? ” എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു…. ചുറ്റിനും എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലാകുന്നില്ല… ശരീരത്തിനാകെ ഒരു മരവിപ്പ് അനുഭപ്പെട്ടു….. ഞാൻ അയാളുടെ അടുത്തുനിന്ന് കുറച്ചു മാറി ഇരുന്നു..

” ഇനി ഇയാൾ എന്നെ തട്ടിക്കൊണ്ടു വന്നതായിരിക്കുമോ ….. എന്നെ എന്തിന് ?? ”

‘ ഇവളെയൊക്കെ ആര് തട്ടിക്കൊണ്ടു പോകാനാമ്മേ .. ഇനി എങ്ങാനും അബദ്ധം പറ്റി കൊണ്ടുപോയാലും , കുറച്ച് കഴിയുമ്പോൾ തിരികെ കൊണ്ടുവന്നു വിടും.. ‘ എന്നോ ഒരിക്കൽ ഉണ്ണി പറഞ്ഞ വാക്കുകൾ ഓർത്തു…. ” അതേ ,,ബോധം ഉള്ള ആരെങ്കിലും എന്നെ തട്ടിക്കൊണ്ടു പോകുമോ ? ” എന്ന് ചിന്തിച്ച എനിക്ക് കിട്ടിയ ഉത്തരം ,,’കൊണ്ട് പോകും ‘ എന്ന് തന്നെയായിരുന്നു… അതന്നെ കൂടുതൽ വേദനിപ്പിച്ചു….

വെറുതെ അയാളെ നോക്കി…. പുള്ളി പ്രകൃതി ഭംഗി ആസ്വദിക്കുന്ന തിരക്കിലാണ്….. ഞാനും ചുറ്റിനുമൊന്ന് കണ്ണോടിച്ചു ,, ശരിയാണ് എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകൾ…. ഒരു നിമിഷം എന്റെ സങ്കടങ്ങളെ മറന്നു….

മഞ്ഞു കണങ്ങൾ വീണുടഞ്ഞ പച്ച പരവതാനി വിരിച്ച പുൽമേടുകൾ….. പതിയെ ഇരുന്നിടത്തുനിന്ന് എണീറ്റു… നഗ്‌നമായ നനുത്ത കാൽ പാദത്തിലേക്ക് ജലകണങ്ങൾ പറ്റി പിടിച്ചപ്പോൾ ദേഹമാകെ ഒരു തണുപ്പ് തോന്നി… നനഞ്ഞ ആ പുൽ മേട്ടിലൂടെ കുറച്ചു സമയം നടന്നു….. പുല്ലുകൾക്കിടയിൽ നിൽക്കുന്ന കുഞ്ഞു , കുഞ്ഞു നീല പൂവുകൾ അവിടുത്തെ ഭംഗി കൂട്ടി….. ഇലകളിലൂടേ ചാടി നടക്കുന്ന ചെറിയ പ്രാണികൾ , പുൽച്ചാടികൾ അവരെല്ലാം ഒരുപാട് സന്തോഷത്തിലാണെന്ന് തോന്നുന്നു ,, താനും അവരിൽ ഒരാളായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം…… ആ കാഴ്ചകൾ എല്ലാം എനിക്ക് പുതമയുള്ളതായിരുന്നു… ചെറു തണുപ്പിലൂടെയുള്ള ആ നടത്തം ചെന്ന് നിന്നത് ,, പൂക്കളുടെ സൗരഭ്യം നിറഞ്ഞു നിൽക്കുന്ന ഒരു ഉദ്യാനത്തിലാണ്…. പ്രകൃതിയുടെ മാതക സൗന്ദര്യം വിളിച്ചോതുന്ന ഒരു വലിയ പൂന്തോട്ടം….. നീല വാകകൾ (Jacaranda) പരവതാനി വിരിച്ച പാതയോരത്തിലൂടെ മുന്നിലേക്ക് നടന്നു….. ചുറ്റിനും ഉയർന്ന് നിൽക്കുന്ന ഒലിവ് മരങ്ങൾ….. നാസികയിലേക്ക് ഇരച്ചു കയറുന്ന പേരറിയാത്ത സുഗന്ധങ്ങൾ….. ആ പൂന്തോട്ടത്തിലൂടെ ഒന്ന് കണ്ണോടിച്ചു… ചുവപ്പും ,വെള്ളയും , വയലറ്റും അങ്ങനെ പലവർണ്ണങ്ങളിൽ , പല വലുപ്പത്തിൽ ഉള്ള പൂക്കൾ നിറഞ്ഞ മനോഹരമായൊരു താഴ്‌വാരം…. ”

ഇതെന്തു പരീക്ഷണമാണ് കൃഷ്ണാ… നിനക്ക് എന്നെ പരീക്ഷിച്ചു , മതിയായില്ലല്ലേ… ഇതിപ്പോൾ എവിടെയാണോ… ??? ” ചുറ്റിനും പാറി പറക്കുന്ന കിളികൾ ഒർജിനൽ ആണോ അതോ എന്റേത് പറന്നു പോയതാണോ ഒന്നും മനസ്സിലാകുന്നില്ല….

കിളികൾ മാത്രമല്ല , ഒരു പൂവിൽ നിന്ന് മധു നുകർന്ന് അടുത്ത പൂവ് തേടി പോകുന്ന ചിത്രശലഭങ്ങളും വണ്ടുകളുമെല്ലാം എനിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്.. പൂക്കളുടെ സുഗന്ധം പരത്തി മന്ദമാരുതൻ (കാറ്റ് ) എന്നെ തലോടികൊണ്ടിരുന്നു..

” ഇനി ഇതായിരിക്കുമോ ഹെവൻ ?”

” ഏയ്‌ ,, അവിടെ എനിക്ക് അഡ്മിഷൻ കിട്ടാൻ ചാൻസില്ല… ” സ്വയം ആശ്വസിച്ചു…

“പിന്നെ നരകം ,,ഇത്ര മനോഹരമാവാനും സാധ്യതയില്ല….. “ഫുൾ റിലേ പോയി നടന്ന , ഞാൻ എവിടെയോ ഇടിച്ചു നിന്നു…. അത് വേറെ ആരുമല്ല മറ്റേ ചേട്ടനില്ലേ കക്ഷിയെ തന്നെ…. പുള്ളി ചെറുചിരിയോടെ എന്നെ നോക്കിയതും ഇത്തവണ എനിക്ക് ദേഷ്യം വന്നു….

“ഇനി ഇങ്ങേര് എങ്ങാനും എന്നെ തട്ടിക്കൊണ്ടു വന്നതാണോ…..? ” ഞാൻ അയാളെ നോക്കി കണ്ണുരുട്ടി , അപ്പോഴും അയാൾ എന്നെ നോക്കി ചിരിച്ചു… ചിരിക്കുമ്പോൾ ചെറുതാകുന്ന ആ കണ്ണുകളിൽ മിഴികൾ ഉടക്കിയതും , പെട്ടെന്ന് മുഖം തിരിച്ചു….

“എഡോ… താൻ എന്തിനാ എന്നെ തട്ടിക്കൊണ്ടു വന്നത് ? ” എന്തോ ആ മുഖത്തേക്ക് നോക്കുമ്പോൾ ദേഷ്യം ഒക്കെ എങ്ങോ പോകുന്നു….. അതുകൊണ്ട് ഞാൻ പുള്ളിയെ നോക്കിയതെയില്ല

“പിന്നെ തട്ടിക്കൊണ്ടു വരാൻ പറ്റിയ സാധനം.. എന്റെ കൊച്ചേ ഞാൻ നിന്നെ കാണുന്നത് തന്നെ ഇപ്പോഴാണ്….. ”

മ്.. ഇങ്ങേര് ആള് കൊള്ളാല്ലോ.. ഫുൾ പുച്ഛമാണല്ലോ.. വിട്ട് കൊടുക്കരുത് നന്ദു… ഞാൻ എന്നെ തന്നെ ഒന്ന് മോട്ടിവേറ്റ് ചെയ്തു…..

” ആരാഡോ തന്റെ കൊച്ച് …താനാണോ എന്റെ അച്ഛൻ ? ”

“ഏയ്.. ഞാൻ അത്രക്ക് ഗതികെട്ടവനല്ല.. ”

” അത് കണ്ടാലും പറയും.. താനാരാ …? സത്യം പറയഡോ , എന്തിനാ എന്നെ ഇവിടെ കൊണ്ട് വന്നത് ?”

“എനിക്കറിയില്ല ….. ഏതാ ഈ സ്ഥലം ..? എങ്ങനെയാ ഇവിടെ വന്നത് , ഒന്നും ഓർക്കാൻ പറ്റുന്നില്ല.. മൈൻഡ് ഫുൾ ബ്ലാങ്കാണ്…. ”

“താൻ കള്ളം പറയുവാ… എന്തിനാ എന്നെ കിഡ്നാപ് ചെയ്തത് ? മര്യാദക്ക് പറയഡോ..”

” ബോധമുള്ള ആരെങ്കിലും , ഇതുപോലെ മനോഹരമായ സ്ഥലത്ത് തട്ടി കൊണ്ടുവരുമോ .? ഒന്ന് ആലോചിച്ചു നോക്കിക്കേ .. ” അതും പറഞ്ഞു പുള്ളി നിസ്സഹായനായി എന്നെ നോക്കി…

” ബോധമുണ്ടെങ്കിൽ എന്നെ തട്ടിക്കൊണ്ടു വരില്ലല്ലോ …” ഞാൻ മനസ്സിൽ പറഞ്ഞതാണേ

” അത് പിന്നെ എന്നെ ഇഷ്ട്ടമായതുകൊണ്ട് , പ്രൊപ്പോസ് ചെയ്യാൻ വേണ്ടി റൊമാന്റിക് ആയ ഒരു സ്ഥലത്ത് കൊണ്ടുവന്നതാണെങ്കിലോ .. ” അയാൾ എന്നെ നോക്കി ,കണ്ണും മിഴിച്ചു….. ആ നിൽപ്പ് കണ്ടപ്പോൾ എനിക്കും ചിരി വന്നു….

” തന്നെ ഞാൻ സമ്മതിച്ചു…. ഇങ്ങനെ ഒക്കെ പറയാനും ഒരു കഴിവ് വേണം…. പ്രൊപ്പോസ് ചെയ്യാൻ പറ്റിയ മുതല് …. ”

“എനിക്ക് എന്താഡോ ഒരു കുഴപ്പം ? ഞാൻ സുന്ദരിയല്ലേ…? ”

” ഇടക്ക് കണ്ണാടിയിൽ നോക്കുന്നത് നല്ലതാ…. ഇതുപോലുള്ള തെറ്റിദ്ധാരണ മാറി കിട്ടും ”

“ഞാൻ അത്രക്ക് ബോർ ആണോ ?” എന്നോട് തന്നെ ചോദിച്ചതാ ….പറഞ്ഞപ്പോൾ ഇത്തിരി സൗണ്ട് കൂടിപ്പോയി..

” അല്ലല്ലോ… നിലാവ് പോലെ തിളങ്ങുന്ന ഈ മുഖവും , പേടമാൻ മിഴികളും ,അസ്തമയ സൂര്യൻ ചെമ്പട്ടു വിരിച്ച കവിൾ തടങ്ങളും , പനിനീർ പൂവിന്റെ നിറമുള്ള അധരങ്ങളും ആരോ കൊത്തിയ വെണ്ണക്കൽ ശിൽപ്പം പോലെ… എന്നൊക്കെ പറയണമെങ്കിൽ , ലാലേട്ടൻ പറഞ്ഞ പോലെ കണ്ണുപൊട്ടൻ ആയിരിക്കണം… ഇത് ഒരുമാതിരി വവ്വാലു ചപ്പിയ മുഖവും .. ”

” മതി.. മതി.. ഞാൻ സുന്ദരിയില്ല.. പറഞ്ഞത് തിരിച്ചെടുത്തു.. ”

അയാൾ അങ്ങനെ പറഞ്ഞിട്ടാണോ , അതോ എന്റെ അവസ്‌ഥ ഓർത്തിട്ടോയെന്നറിയില്ല കണ്ണുകൾ വീണ്ടും നിറഞ്ഞു…..

മനസ്സിൽ മുഴുവൻ നന്ദുന്ന് വിളിച്ചു വഴക്കു പറയാൻ വരുന്ന അമ്മയും , തടിയാന്ന് വിളിക്കുമ്പോൾ അടിക്കാൻ ഓടിക്കുന്ന ഉണ്ണിയും , പിന്നെ അച്ഛന് ചുറ്റും വട്ടം കറങ്ങിയുള്ള ഓട്ടവും …. അങ്ങനെ നന്ദനത്തിലെ (നന്ദുവിന്റെ വീട് ) ഓർമ്മകൾ മനസ്സിൽ നിറഞ്ഞു വന്നു …

എപ്പോഴും പോസ്റ്റ് ആക്കുന്നതിനും , ചളി പറഞ്ഞു വെറുപ്പിക്കുന്നതിനും വഴക്കു പറയുന്ന ചങ്കുകൾ…. പിന്നെ ഉള്ളതൊന്നും ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്….

എത്ര പെട്ടെന്നാണ് എല്ലാം ഒരു ഓർമ്മയായി മാറിയത്….. ഞാൻ കരയുന്നത് കണ്ടിട്ടാകും അയാളെന്റെ അടുത്തേക്ക് വന്നു ….. പിന്നിലേക്ക് നീങ്ങാൻ തുടങ്ങിയ എന്റെ കയ്യിൽ പിടിച്ചു നിർത്തി…. അയാളിൽ നിന്നുയരുന്ന പെർഫ്യൂമിന്റെ സുഗന്ധം എന്നെ വലയം ചെയ്തു…. നനുത്ത ആ കൈകൾ കവിളിൽ തട്ടിയപ്പോൾ ഒരു വിറയൽ ശരീരത്തിൽ പടർന്നു…. അയാൾ കൈകൾ ഉയർത്തി നിറഞ്ഞിരുന്ന എന്റെ മിഴികൾ തുടച്ചപ്പോൾ ,,ആ മുഖത്തേക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ….

കയ്യിൽ പിടിച്ചു വലിച്ച് , ആ നെഞ്ചോട് ചേർത്തുനിർത്തിയപ്പോൾ , എന്തുകൊണ്ടോ പ്രതികരിച്ചില്ല …. അപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു ‘ എന്തിനും ഏതിനും പ്രതികരിക്കുന്ന ഞാൻ എന്നോ മരിച്ചിരിക്കുന്നു…..ഇത് വെറും മാംസം മാത്രമാണെന്ന്…. ‘

” താൻ സുന്ദരി അല്ലെന്ന് ഞാൻ , പറഞ്ഞതിൽ ആണോ ഈ സങ്കടം.. ?? വെറുതെ പറഞ്ഞതാഡോ…. ” അവനവളുടെ കവിളിൽ ചെറുതായി തട്ടി … താഴ്ന്ന് പോയ അവളുടെ മുഖം വിരൽ തുമ്പാൽ ഉയർത്തി…

” നിഷ്കളങ്കമായ ഈ മുഖവും , കുസൃതി ചിരിയും , കുറുമ്പ് നിറഞ്ഞ നോട്ടവും എല്ലാം തന്നെ കൂടുതൽ സുന്ദരി ആക്കുന്നു….നിലാവ് പോലെയല്ല നിലാവിനെക്കാൾ തിളക്കം ഈ മുഖത്തിനുണ്ട്…..” ആർദ്രമായിരുന്നു ആ വാക്കുകൾ… ആ വിരലുകൾ മുഖത്തുടെ ചലിക്കുമ്പോൾ സ്വയം മറന്നു പോകുന്നത് പോലെ….. ആ സാമീപ്യവും , സ്പർശനവും താനും ആഗ്രഹിക്കുന്നുവോ… ? എന്തുകൊണ്ടാണ് അപരിചിതിനായൊരാൾ അരികിൽ വരുമ്പോൾ ഇങ്ങനെ തോന്നുന്നത്… എന്ത് കൊണ്ട് താൻ അയാളെ തടയുന്നില്ല… എനിക്കെന്താ പ്രതികരിക്കാൻ കഴിയാത്തത്… ??ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മല്ലിടുമ്പോൾ ,,വീണ്ടും വീണ്ടും മിഴികൾ നിറയുന്നു….

” പൗർണ്ണമിപോലിരിക്കുന്ന താൻ കരഞ്ഞു കരഞ്ഞ് അമാവാസി ആവല്ലേ…. ” അത്രയും പറഞ്ഞവൻ അധരങ്ങൾ കൊണ്ട് അവളുടെ കണ്ണുനീർ ഒപ്പുമ്പോൾ , അവളുടെ കരങ്ങൾ നിശ്‌ചലമായിരുന്നു… ആ മനസ്സ് മറ്റേതോ ഒരു ലോകത്തേക്ക് ചേക്കേറിയിരുന്നു..

മിഴികൾ അടച്ചു നിൽക്കുന്ന അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ വീണ്ടും അമർന്നു..അവൾ ഒന്ന് കുതറി…. ഒരു ഞെട്ടലോടെ അവനിൽ നിന്നടർന്നു മാറി….

” എന്തിനാ ഇയാൾ ഇങ്ങനെ കരയുന്നത് ? ” എന്നിൽ , തന്നെ ആ മിഴികൾ തറഞ്ഞു നിന്നു…. അല്ലെങ്കിൽ തന്നെ എന്താ നിക്ക് സംഭവിക്കുന്നതെന്ന് ഒരു ഐഡിയയും ഇല്ലാണ്ട് ഇരിക്കുവാ , ഇനി എന്ത് പറയാനാ…… ഞാൻ ഒന്നും മിണ്ടിയില്ല…

” എഡോ….? ന്തിനാ ഇത്ര സങ്കടം.. ” അയാൾ വീണ്ടും എന്നരികിലേക്ക് വന്നു…

” ഭൂമിയിലാണോ , പാതാളത്തിൽ ആണൊന്ന് പോലും അറിയില്ല….അപ്പോൾ പിന്നെ ഞാൻ ഇവിടെ കിടന്ന് തുള്ളിച്ചാടണോ ? ” ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു.. അവൻ ഒന്ന് ചിരിച്ചു….

” തുള്ളിച്ചാടിയില്ലെങ്കിലും കുഴപ്പമില്ല…. കരയാതിരുന്നൂടെ… ? ”

” ഞാൻ കരഞ്ഞാൽ ഇയാൾക്ക് എന്താ.. ” എന്റെ നോട്ടം കണ്ടതും അയാൾ എന്നിൽ നിന്നും മുഖം തിരിച്ചു….

” ഇത്രയും മനോഹരമായ സ്ഥലത്ത് വന്നിട്ട് , എന്തിനാണ് ഇങ്ങനെ കരയുന്നതെന്നാ ചോദിച്ചത്….. ” അൽപ്പസമയത്തെ മൗനത്തിന് ശേഷമവൻ പറഞ്ഞു…

” അതിന് ഞാനിവിടെ പിക്നിക്കിന് വന്നതല്ല… എന്താ , എവിടാ ഒരു കുന്തവും അറിയില്ല…. ആ എനിക്ക് കരയാനും പറ്റില്ലേ… ”

“അങ്ങനെയല്ല , ഞാൻ ഉദ്ദേശിച്ചത്…. ”

” പിന്നെന്താണാവോ കവി ഉദേശിച്ചത്…? ”

“പണ്ട് നളനും , ദുഷ്യന്തനുമൊക്കെ സങ്കടം വരുമ്പോൾ ഇതുപോലുള്ള സ്ഥലത്തു വന്നിരുന്നാണ് തങ്ങളുടെ ദുഃഖം മാറ്റിയത്.. താൻ അപ്പോൾ ഇവിടെ നിന്ന് കരയുന്നത് മോശമല്ലേ ? ”

” ഇവരൊക്കെ ആരാ , തന്റെ അമ്മാവന്റെ മക്കൾ ആണോ ? ”

” അമ്മാവന്റെയല്ല , കുഞ്ഞമ്മയുടെ….. ഇതിനോട് പറഞ്ഞ എന്നെ വേണം തല്ലാൻ ” അവൻ മനസ്സിൽ പറഞ്ഞു…

കർത്താവേ ,ഇങ്ങേര് നളനെ ഒക്കെ ആണല്ലോ പിടിചിരിക്കുന്നത്… വേറെ എത്ര ഉദാഹരണങ്ങൾ പറയായിരുന്നു.. പിന്നെന്തിനാവും പുരാണത്തിൽ പിടിച്ചത്… വല്ല ഗന്ധർവ്വനും ആണോ…?? എന്റെ കൃഷ്ണാ ഞാനിത് എവിടാ …. ??? മുകളിൽ ആകാശം , താഴെ ഭൂമി , മുന്നിലൊരു കാമദേവനും , ഇപ്പോഴത്തെ എന്റെ അവസ്‌ഥ , സോ ഹൊറിബിൾ…

“ഡോ ,,സത്യം പറ.. താൻ ഗന്ധർവ്വൻ അല്ലേ ? ”

“കണ്ടുപിടിച്ചു കളഞ്ഞല്ലോ … Too smart… ” ലവൻ നിന്ന് ചിരിക്കാൻ തുടങ്ങി… അത് കണ്ടതും എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു…. അല്ലെങ്കിലും പണ്ടേ ഞാൻ പഠിച്ചത് കരയാനാണല്ലോ…. പക്ഷേ അതൊന്നും ആരും കണ്ടിരുന്നില്ല….

“എഡോ , എന്തിനാ ഇങ്ങനെ എപ്പോഴും കരയുന്നത് ? ” സഹതാപത്തേക്കാൾ ആ ചോദ്യത്തിൽ പുച്ഛം കലർന്നു…..

” എനിക്ക് വീട്ടിൽ പോകണം..അച്ഛൻ , അമ്മ , ഉണ്ണി.. എല്ലാവരും എന്നെ കാണാതെ ടെൻഷൻ അടിക്കില്ലേ ? ഈ സ്ഥലമറിയില്ല , തന്നെ അറിയില്ല .. അങ്ങനെ ഒരിടത്ത് നിൽക്കുമ്പോൾ ഞാൻ എങ്ങനെയാ കരയാതെ ഇരിക്കുന്നത്.. ” നിഷ്കളങ്കമായി ഒരുകൊച്ചു കുട്ടിയെ പോലെ പറയുന്ന അവളെ അവൻ നോക്കി നിന്നു..

” അത് എനിക്കറിയില്ല.. എന്നാലും ഒരു കാര്യം പറയാം….ഇവിടെ ഇങ്ങനെ നിന്ന് കരഞ്ഞിട്ട് ഒരു കാര്യവുമില്ല .. താൻ ഈ വണ്ടർ വേൾഡ്‌ എന്നൊക്കെ കേട്ടിട്ടില്ലേ ….അങ്ങനെ എവിടെയോ ആണ് നമ്മൾ എന്ന് തോന്നുന്നു…. ”

” ഇനി ഇയാള് പറഞ്ഞ പോലെ ഇത് മായലോകം വല്ലതും ആണോ ? ഇംഗ്ലീഷ് മൂവീസിൽ ഒക്കെ ഇങ്ങനെ കണ്ടിട്ടുണ്ട് , but അത്‌ മൂവി ….ഇത് ജീവിതത്തിൽ.. എന്നാലും accident ആയ ഞാൻ എങ്ങനെ ഇവിടെ വന്നു.. ഇനി വല്ല മന്ത്രവാദികളും തട്ടിക്കൊണ്ടു വന്നതാണോ ? അവർക്കൊക്കെ എന്തിനാ എന്നെ ,, Totally confused… ” (ആത്മ )

“അപ്പോൾ ഇനി ഒരിക്കലും എനിക്ക് വീട്ടിൽ പോകാൻ പറ്റില്ലേ…? ” പ്രതീക്ഷയോടെ അയാളെ നോക്കി…

” എന്ന് ഞാൻ പറഞ്ഞില്ലല്ലോ… ഇവിടുന്നു പുറത്തു കടക്കാൻ ഒരു വഴി കാണും ,, അത് കണ്ടുപിടിക്കണം.. അല്ലാതെ ഇങ്ങനെ നിന്ന് കരഞ്ഞിട്ട് കാര്യമില്ല….. ”

” കരയാൻ എനിക്കും ആഗ്രഹമില്ല…. ഞാനും ഇപ്പോഴാണ് അറിയുന്നത് , എന്നിലെ മിഴി നീർച്ചാലുകൾ വറ്റിയിട്ടിലെന്നു… ഒരുപാട് കരഞ്ഞതല്ലേ താൻ…. അന്നൊന്നും ആരുമില്ലായിരുന്നു തന്റെ കരച്ചിൽ കാണാൻ ….. ഒരുപക്ഷേ അതുകൊണ്ടാകും ഇയാളോട് ഇത്ര ഇഷ്ട്ടം തോന്നുന്നത്…. ” വെറുതെ നിറയാൻ മാത്രമറിയുന്ന മിഴികളോട് അപ്പോഴെനിക്കും പുച്ഛം തോന്നി….. ഇങ്ങനെ കരയാൻ താൻ കണ്ണീർ സീരിയലിലെ നായിക ഒന്നും അല്ലല്ലോ …എനിക്ക് കരയാതെ ഇരിക്കാനും അറിയാം…. മിഴികൾ തുടച്ചു , അയാളെ നോക്കി…. ആഹാ ഫുൾ ഫോക്കസ് എന്നിലാണ് …ആ നോട്ടം കണ്ടപ്പോൾ ചുണ്ടിലൊരു ചിരി വിരിഞ്ഞു… വിദഗ്ധമായത് ഒളിപ്പിച്ചയാളെ നോക്കി…

” മ്.. ന്താ ഇങ്ങനെ നോക്കുന്നെ…? ” ചുണ്ടു കൂർപ്പിച്ചു കള്ള ദേഷ്യത്തിൽ ചോദിച്ചു..

” ആമ്പലിനെ നോക്കാതിരിക്കാൻ ചന്ദ്രന് കഴിയില്ലല്ലോ…? ”

” എങ്ങനെ … ? കേട്ടില്ല.. ”

” വെറുതെ പറഞ്ഞതാഡോ…. ” ചുണ്ടിലൂറിയ ചിരിയോടെ അയാൾ മുഖം തിരിച്ചു…

” അതേയ് എന്നെ ഒന്ന് അടിച്ചേ , സ്വപ്നമാണോ സത്യമാണോന്ന് അറിയാനാ ” അവനരികിലായി നിന്നു കൊണ്ട് ഞാൻ പറഞ്ഞു… അയാൾ അടിക്കാനായി കൈ പൊക്കുന്ന കണ്ടതും കണ്ണുകൾ മുറുക്കി അടച്ചു….കയ്യിൽ ഒരു ചുടു നിശ്വാസം തട്ടിയതും പെട്ടെന്ന് കണ്ണ് തുറന്ന് ,, കൈ വലിച്ചു ..

” എഡോ …താനാരാ ടോവിനോ തോമസോ അതോ ഇമ്രാൻ ഹാഷ്മിയോ ? അടിക്കാൻ അല്ലേ പറഞ്ഞത് അല്ലാതെ കിസ്സ് അടിക്കാൻ അല്ലല്ലോ… ഇയാള് വല്ല ചുംബന സമര നായകനുമായിരുന്നോ …. ” ഞാൻ കലിപ്പിൽ പറയുമ്പോഴും കക്ഷി ചിരിയോടെ കേട്ട് നിന്നു…

” ഡോ , കുറച്ചു മുൻപേ ഞാൻ react ചെയ്യാത്തത് അപ്പോഴത്തെ എന്റെ മാനസ്സികാവസ്ഥ അങ്ങനെ ആയിരുന്നു.. അല്ലെങ്കിൽ തന്നെ ഞാൻ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചേനെ.. തനിക്കറിയില്ല എന്നെ…. കാണുന്ന പോലെ അല്ല.. ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയില്ല… എന്നെ വയലന്റ് ആക്കാതെ ഇരുന്നാൽ തനിക്ക് കൊള്ളാം.. അല്ലെങ്കിൽ തന്നെ ഞാൻ കൊല്ലും.. ” ഇപ്പോൾ ആ മുഖത്തെ ചിരി മാഞ്ഞു തുടങ്ങി…

” If you touch me , I will kill you… Rember it… കേട്ടൊഡോ ? ”

മറുപടി ഒന്നും പറയാതെ , എന്തോ പോയ എന്തിനെയോ പോലെ നിൽക്കുന്ന അയാളെ കണ്ടപ്പോൾ ചിരി വന്നെങ്കിലും ദേഷ്യം നടിച്ചു തിരിഞ്ഞു നടന്നതും , കാലിടറി ഒരു ഗ ർത്തത്തിലേക്ക് വീ ണു..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

തുടരും…….

രചന: അപർണ്ണ ഷാജി

Leave a Reply

Your email address will not be published. Required fields are marked *