കവിളിലേക്ക് കൈ ചേർത്ത് പറഞ്ഞതും ഒരു നിമിഷത്തേക്ക് കണ്ണ് ചിമ്മാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അമ്മു അമ്മൂസ്

ആർദ്രം…

“”ഇനിയും ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല മേഘ… നമുക്ക് പിരിയാം….””

കഴിഞ്ഞു….

ആ വാക്കിൽ അവസാനിച്ചിരിക്കുന്നു മൂന്ന് വർഷത്തെ ദാമ്പത്യം… മിഥുന്റെ ഭാഗത്തും ശെരിയുണ്ടായിരുന്നിരിക്കണം… ഒരിക്കലും അയാളുടെ സങ്കല്പത്തിലെ ഭാര്യ ആയിരുന്നില്ല താൻ.

എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്ന… എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്ന ഭാര്യയെ മിഥുനും ആഗ്രഹിച്ചിരിക്കണം… പക്ഷേ തനിക്കതിന് ഒരിക്കലും കഴിഞ്ഞിട്ടില്ല… പണ്ട് മുതൽക്കേ താനിങ്ങനെ തന്നെയാണ്… എപ്പോഴും സ്വന്തമായി മെനഞ്ഞെടുത്ത ഒരു ലോകത്ത്… പരിധിയിൽ കൂടുതൽ ആരോടും അടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല…

“”മാഡം… സ്ഥലമെത്തി…””

ടാക്സി ഡ്രൈവറുടെ സംസാരമാണ് ഓർമ്മകളിൽ നിന്നും തിരിച്ചു കൊണ്ടു വന്നത്..

ടൗണിൽ നിന്നും കുറച്ചു ഉള്ളിലേക്ക് മാറിയുള്ള ഫ്ലാറ്റാണ്… ഒരുപാട് താമസക്കാരൊന്നും ഇല്ല…. എല്ലാവരും അന്നന്നത്തെ വരുമാനത്തിനായി കഷ്ടപ്പെടുന്നവർ. ഇതിലും മെച്ചപ്പെട്ട ഒരിടത്തേക്ക് മാറാനുള്ള പണം ഉണ്ടായിരുന്നില്ല കൈയിൽ.

വിവാഹത്തിന്റെ അന്ന് സ്ത്രീധനമായി കൊടുത്തതൊക്കെ മിഥുൻ തിരികെ തന്നിരുന്നു. അത് വിറ്റ് വാങ്ങിയതാണ് ഈ ഫ്ലാറ്റ്…. അച്ഛനും അമ്മയും പോയതോടെ സഹോദര്യത്തിനും വിള്ളലേറ്റു എന്ന് തോന്നുന്നു… പലവട്ടം വിളിക്കുമ്പോഴും എടുക്കാതെയായപ്പോൾ പതിയെ അതെല്ലാം ഉപേക്ഷിച്ചു… ബന്ധം പിരിഞ്ഞു എന്ന് അറിഞ്ഞപ്പോൾ മാത്രം ഇങ്ങോട്ട് ഒരു ഫോൺ കാൾ തേടിയെത്തി…

എവിടേക്ക് പോകുമെന്നോ എങ്ങനെ ജീവിക്കുമെന്നോ ചോദിച്ചില്ല… ആരുടേതായിരുന്നു തീരുമാനം എന്ന് മാത്രം പറഞ്ഞു… മിഥുന്റേതാണ് എന്നറിഞ്ഞപ്പോൾ ഒന്ന് മൂളി… നിനക്കവനോട് പൊരുത്തപ്പെട്ടു ജീവിക്കാൻ ശ്രമിക്കാമായിരുന്നു എന്നൊരു വാക്കും… അവിടെ കഴിഞ്ഞിരുന്നു അന്വേഷണങ്ങൾ…

പിന്നെ വിളിച്ചു ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. മറ്റെവിടെയെങ്കിലും ഒരു താമസം റെഡി ആകും വരെ അവിടെ തന്നെ നിൽക്കാൻ മിഥുൻ പറഞ്ഞിരുന്നു… ഒരു സുഹൃത്തായി കൂടെ ഉണ്ടാകും എന്നും.

പത്രത്തിലെ പരസ്യമാണ് ഇപ്പോൾ ഈ ഫ്ലാറ്റിലേക്ക് എത്തിച്ചത്..

മേഘ ഒരു നെടുവീർപ്പോടെ ടാക്സിയിൽ നിന്നും ഇറങ്ങി… ഫർണിച്ചർ നേരത്തെ തന്നെ എത്തിച്ചിരുന്നു.. അതൊക്കെ മിഥുനാണ് ചെയ്തത്…

വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ഒക്കെയായി രണ്ടു ട്രോളി ബാഗിനുള്ളിൽ കൊള്ളുന്നതേ ഉണ്ടായിരുന്നുള്ളൂ. ലിഫ്റ്റ് ഉണ്ടായിരുന്നത് കൊണ്ടു വേറെ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല… നാലാമത്തെ നിലയിലായിരുന്നു ഫ്ലാറ്റ്..

വാതിൽ തുറന്നു അകത്തേക്ക് കയറിയപ്പോൾ പ്രതീക്ഷിച്ചത് പോലെ അടച്ചിട്ട മുറിയുടെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നില്ല… ഫർണിച്ചർ ഒക്കെ സെറ്റ് ചെയ്യാൻ വന്നപ്പോൾ മിഥുൻ അതൊക്കെ ശെരിയാക്കിയിരിക്കണം… അവളൊന്ന് ചിരിച്ചു ആ ഓർമ്മയിൽ…

കൊണ്ട് വന്നതൊക്കെ വൃത്തിയായി അടുക്കി ബെഡ്‌റൂമിനുള്ളിലെ അലമാരയിൽ വച്ചു… സിംഗിൾ ബെഡ്‌റൂം ഫ്ലാറ്റാണ്..

നാളെയും കൂടി ഇനി റസ്റ്റ്‌ ആണ്… മറ്റെന്നാൾ മുതൽ ജോലിക്ക് പോയി തുടങ്ങണം.. വലിയ ശമ്പളം ഒന്നുമില്ലെങ്കിലും ഒരാൾക്ക് കഴിയാൻ അതൊക്കെ ധാരാളമായിരുന്നു..

ഒന്ന് കുളിച്ചിറങ്ങിയപ്പോൾ യാത്രാക്ഷീണമൊക്കെ മാറിയതായി തോന്നി. ഭക്ഷണം വരും വഴി പുറത്ത് നിന്ന് വാങ്ങിയിരുന്നു. പകുതി രാത്രിയിലേക്ക് എടുക്കാൻ വേണ്ടി ഫ്രിഡ്ജിലേക്ക് വച്ചു.. ബാക്കി കഴിച്ചു..

അടുക്കളയൊക്കെ അറേഞ്ച് ചെയ്തു കഴിഞ്ഞപ്പോളേക്കും ക്ഷീണിച്ചിരുന്നു. രാത്രി കിടക്കും മുൻപാണ് വീണ്ടും മിഥുന്റെ കാൾ എത്തിയത്..

“”ഭക്ഷണം കഴിച്ചോ…””. എടുത്ത ഉടനെ ആദ്യത്തെ ചോദ്യം…

തെളിച്ചമുള്ള ഒരു ചിരി വിടർന്നു ചുണ്ടിൽ… മിഥുൻ മാത്രമേ ഹലോ പറയും മുൻപേ വിശേഷങ്ങൾ ഇങ്ങോട്ട് ചോദിക്കാറുള്ളൂ…

“”കഴിച്ചു… ഉറങ്ങാനായി പോകുകയായിരുന്നു…””

മറുവശത്തു നിശബ്ദത നിറഞ്ഞു..

“”മിഥുനോ….””. കുറച്ചു നിമിഷത്തിന് ശേഷം പതിയെ ചോദിച്ചു… ആദ്യമായിട്ടാണെന്ന് തോന്നുന്നു അങ്ങോട്ട്‌ ഇതുപോലെ ചോദിക്കുന്നത്… അതേ അമ്പരപ്പ് മിഥുനും ഉണ്ടായിരുന്നു എന്ന് തോന്നുന്നു… ഉച്ചത്തിൽ ശ്വാസം എടുക്കും പോലെ തോന്നി…

“”കഴിച്ചു…. ഓക്കെ അല്ലെ താൻ… അവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ…””

മറുപടിയായി ഒന്ന് മൂളി..

“”.. തന്റെ കൂടെ വരണം എന്നുണ്ടായിരുന്നു അവിടെ വരെ… പിന്നെ തോന്നി വേണ്ടെന്ന്….””

തിരിച്ചൊന്നും പറയാഞ്ഞതിനാലാകണം സംസാരം ഒരു ഗുഡ് നൈറ്റിൽ ഒതുക്കി മിഥുൻ ഫോൺ വച്ചത്…

ശീലമില്ലാത്ത മുറി ആയതിനാലാകണം കുറേയേറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടാണ് ഒന്നുറക്കം പിടിച്ചത്…

എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടതും ഞെട്ടലോടെയാണ് കണ്ണ് തുറക്കുന്നത്… ലൈറ്റിന്റെ സ്വിച്ച് എവിടെയാണ് എന്ന് ഓർമ്മ വന്നില്ല… ഫോണിലെ ഫ്ലാഷ് ഓൺ ആക്കി വേഗം സ്വിച്ച് കണ്ടു പിടിച്ചു.

ആരെയും കണ്ടില്ലെങ്കിലും വീണ്ടും വീണ്ടും എന്തോ തട്ടി വീഴുന്നത് പോലെയുള്ള ശബ്ദം കേട്ട് തുടങ്ങി… ധൈര്യം സംഭരിച്ചു പതുക്കെ കട്ടിലിൽ നിന്നിറങ്ങി മുറിക്ക് പുറത്തേക്ക് നടന്നു…

ഹാളിലും ആരും ഉണ്ടായിരുന്നില്ല… പേടി തോന്നി തുടങ്ങി…. ആരോ നടക്കുന്നത് പോലെയൊരു ശബ്ദം അടുത്തടുത്തു വരും പോലെ… വേഗത്തിൽ… ഉച്ചത്തിൽ ചുവട് വച്ചു ആരോ നടക്കുന്നത് പോലെ….

“”അ….. ആരാ….””.. വിളിച്ചു ചോദിക്കുമ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു..

മറുപടി ഒന്നും ഉണ്ടായില്ല… പക്ഷേ ആ ശബ്ദങ്ങൾ വീണ്ടും വീണ്ടും ഉയരും പോലെ….

പേടി കാരണം ഉമിനീർ തൊണ്ടക്കുഴിയിൽ തന്നെ തടഞ്ഞു നിൽക്കും പോലെ… ശ്വാസം വിലങ്ങും പോലെ…

വെപ്രാളത്തോടെ കുറച്ചു മുൻപായി വിളിച്ച മിഥുന്റെ നമ്പറിലേക്ക് വിളിക്കുമ്പോഴേക്കും ആരുടെയോ നിശ്വാസം കഴുത്തിൽ പതിക്കും പോലെ തോന്നി…

ആരോ തന്നോട് ചേർന്ന് നിൽക്കുന്നു… തണുത്ത ഐസു കട്ടയോളം തണുപ്പുള്ള ശ്വാസം കഴുത്തിലും കാതിലുമായി പതിക്കും പോലെ…

ആരോ അത്രമേൽ അടുത്തേക്ക് ചേർന്ന് നിൽക്കും പോലെ… ആരുടെയോ കൈകൾ തന്നെ വലയം ചെയ്യും പോലെ… പക്ഷേ ആരും ഉണ്ടായിരുന്നില്ല…

ഇരുട്ട് നിറയും പോലെ തോന്നി ചുറ്റും… ശ്വാസമെടുക്കാൻ കഴിയുന്നില്ല…. പതിയെ പതിയെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു…

മയക്കത്തിലേക്ക് വഴുതി വീഴും മുൻപേ ആരോ അടുത്തിരുന്നതായി അറിയുന്നുണ്ടായിരുന്നു….

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

തലയാകെ വല്ലാത്തൊരു ഭാരം തോന്നിയപ്പോഴാണ് കണ്ണ് തുറക്കുന്നത്…. കിടന്നുറങ്ങിയ മുറിയിൽ തന്നെയാണ്…

അടുത്തായി മിഥുൻ ഭിത്തിയിലേക്ക് ചാരി ഇരിപ്പുണ്ട്… തന്റെ കൈ ആൾടെ രണ്ടു കൈകൾക്കുള്ളിലായി പൊതിഞ്ഞു പിടിച്ചാണ് ഇരിപ്പ്…

എഴുന്നേൽക്കാൻ നോക്കുന്നത് അറിഞ്ഞിട്ടാകും ഞെട്ടലോടെ ആള് കണ്ണ് തുറന്നത്…

“”പേടിപ്പിച്ചു കളഞ്ഞല്ലോടോ…. ഇന്നലെ രാത്രി ഫോൺ വിളിച്ചിട്ട് ഒന്നും മിണ്ടുന്നുമില്ല തിരിച്ചു വിളിച്ചിട്ടൊട്ട് എടുക്കുന്നുമില്ല…ഇവിടെ വന്നു നോക്കിയിട്ടും വാതിൽ തുറക്കുന്നില്ല… പിന്നെ ഒരു കീ അന്നെന്റെ കൈയിൽ തന്നത് ഭാഗ്യം… ഇല്ലാരുന്നെങ്കിൽ പൂട്ട് പൊളിക്കേണ്ടി വന്നേനെ….”””

മിഥുൻ പറയുന്നതൊക്കെ കേട്ടിരുന്നു… ചിരി വരുന്നുണ്ടായിരുന്നു… പണ്ടും ഇങ്ങനെയാണ്… ടെൻഷൻ വന്നാൽ നിർത്താതെ കാര്യം പറയും…

“””എനിക്ക് കുഴപ്പമൊന്നുമില്ല മിഥുൻ…. ഒറ്റക്കായപ്പോൾ പെട്ടെന്നെന്തോ പേടി തട്ടിയതാ… അങ്ങനെ പറയാനാണ് തോന്നിയത്.. “”സംഭവിച്ചതൊക്കെ സ്വപ്നമാണോ സത്യമാണോ എന്ന് അപ്പോഴും ഉറപ്പുണ്ടായിരുന്നില്ല..

സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു മിഥുൻ.. വിശ്വാസം വരാത്തത് പോലെ…

എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു… വീണ്ടും ഒറ്റയ്ക്കാക്കി പോകാൻ മടിയായിരുന്നു മിഥുന്.. ഒരു വിധമാണ് പറഞ്ഞു സമ്മതിപ്പിച്ചത്…

“””ഇന്നലത്തേത് പോലെ പേടിച്ചു ബോധം പോകാനായി കാത്ത് നിൽക്കരുത്… എന്ത് ആവശ്യമുണ്ടെങ്കിലും അപ്പോൾ തന്നെ വിളിക്കണം… അതിനി ഏത് രാത്രി ആണെങ്കിലും… “””

കവിളിലേക്ക് കൈ ചേർത്ത് പറഞ്ഞതും ഒരു നിമിഷത്തേക്ക് കണ്ണ് ചിമ്മാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു…. പിന്നെയൊന്ന് ചെറുതായി പുഞ്ചിരിച്ചു…

മിഥുൻ പോയതോടെ വീണ്ടും ഒറ്റയ്ക്കായ പോലെ തോന്നി…. കുറച്ചു നേരം കിടക്കണമെന്ന് തോന്നി മുറിയിലേക്ക് നടക്കുമ്പോഴാണ് ഇന്നലത്തെത് പോലെ വീണ്ടും ആരോ ഒപ്പം നടക്കും പോലെ തോന്നിയത്…. തണുത്തുറഞ്ഞ ശ്വാസം ചുറ്റും പടരും പോലെ…

“”സോറി…..”””

നിലവിളിക്കാനായി നാവ് പൊന്തും മുൻപേ കേട്ടത് ആ ഗംഭീര്യമുള്ള ശബ്ദമാണ്…

പേടിയോടെ ചുറ്റും നോക്കി…. ആരെയും കാണാൻ കഴിയുന്നില്ല…. നെറ്റിയിലൂടെ വിയർപ്പ് തുള്ളികൾ ചാലിട്ടൊഴുകി തുടങ്ങിയിരുന്നു..

“”നോക്കണ്ട…. എന്നെ ആർക്കും കാണാൻ പറ്റില്ല…. “””അടക്കിപ്പിടിച്ച ഒരു ചിരിയോടെയാണ് പറയുന്നതെന്ന് തോന്നിയിരുന്നു…

“”ആ….. ആരാ നിങ്ങള്……””” അയാൾ പറഞ്ഞതൊന്നും വിശ്വാസം വരാത്തത് പോലെ അപ്പോഴും കണ്ണുകൾ കൊണ്ടു ചുറ്റും പരതി…

“””ഹേയ്….. താനിങ്ങനെ പേടിക്കല്ലേ….. ഞാനൊന്നും ചെയ്യില്ല……. ഇന്നലെ…. ഇന്നലെ വെറുതെ ഒന്ന് പറ്റിക്കണം എന്നെ വിചാരിച്ചുള്ളൂ…. പേടിച്ചു ബോധം പോകും എന്നൊന്നും കരുതിയില്ല…. “””ആ സ്വരത്തിൽ ക്ഷമാപണവും നിരാശയും കലർന്നിരുന്നു…

“””ആരാ നിങ്ങള്….””” ഉള്ളിലെ പേടിക്ക് ചെറിയൊരു അയവ് വന്നതായി തോന്നി…

“””പേരാണെങ്കിൽ എനിക്കറിയില്ല…. “””

വീണ്ടും അതേ കുസൃതി നിറഞ്ഞ സ്വരം….

“””എന്താണ് എന്നാണ് ചോദ്യം എങ്കിൽ അതും എനിക്കറിയില്ല…. ഒന്ന് മാത്രമറിയാം എന്നെ ആർക്കും കാണാൻ പറ്റില്ല എനിക്കല്ലാതെ….”””

“””അതെന്താ….””” ഉള്ളിൽ തോന്നിയ സംശയം വാക്കുകളിൽ കൂടി പുറത്ത് വന്നിരുന്നു…

“”അറിയില്ല….. എനിക്ക് ഈ ഫ്ലാറ്റ് മാത്രമേ ഓർമ്മയിലുള്ളൂ…. ഇതിനുമപ്പുറം ഞാൻ എവിടേക്കും പോയിട്ടില്ല…. ആരാണെന്നോ ഇവിടെ എന്തിനാണെന്നോ അറിയില്ല…. ഇവിടെ ആദ്യത്തെ താമസക്കാർ വരുമ്പോൾ മുതലേ ഞാനിവിടെ ഉണ്ട്….”””

“”നാല്പത് വർഷമായിട്ടോ….””” കണ്ണ് മിഴിഞ്ഞു പോയി…

മറുപടിയായി ഒരു പൊട്ടിച്ചിരി മാത്രം കേട്ടു….

“”പേരും ഒന്നും അറിയില്ലേ….””. വീണ്ടും ചോദിച്ചു…

“””ഇല്ല….ഒന്നും അറിയില്ല…. എന്റെ ഓർമ്മയിൽ ഈ ഫ്ലാറ്റ് മാത്രമാണുള്ളത്… ഇവിടേക്ക് ആരും വരുന്നത് എനിക്കിഷ്ടമല്ല…. അതാ ഇന്നലെ അങ്ങനെയൊക്കെ…. പക്ഷേ താനിത്രയും പേടിക്കുമെന്ന് സത്യമായും വിചാരിച്ചില്ല… സാധാരണ ഞാനിങ്ങനെയൊക്കെ ചെയ്യുമ്പോൾ അവരൊക്കെ അപ്പോഴേ ഫ്ലാറ്റ് മാറി പോകും…. താൻ ബോധം കേട്ടപ്പോൾ ഞാനാകെ പേടിച്ചു പോയി… പിന്നെ അയാള് വരുന്നത് വരെ തന്റെ അടുത്ത് തന്നെ ഇരുന്നു…”””

ഇതുവരെ മനസ്സിലുണ്ടായിരുന്ന പേടിയൊക്കെ മാറി തുടങ്ങിയിരുന്നു….

“””അയാൾക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്….””” ചെറിയൊരു നിശബ്ദത ക്ക് ശേഷം കേട്ടപ്പോൾ അത്ഭുതത്തോടെ നോക്കി…

“””സത്യമാണ്…. “””ഒരു ചിരി കേട്ടു… “””ഇന്നലെ രാത്രിയിൽ അയാൾ ഉറങ്ങിയിട്ടില്ല…. അടുത്ത് തന്നെ ഞാനും ഉണ്ടായിരുന്നു… തനിക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള പേടിയായിരുന്നു അയാൾക്ക്…”””

“”എനിക്കറിയാം.. “”പതിഞ്ഞ സ്വരത്തിൽ ചിരിയോടെ പറഞ്ഞു….

“”സ്നേഹിക്കാൻ കഴിയാത്തത് എനിക്കാണ്….””” പറയുമ്പോൾ മുഖത്തെ ചിരി മങ്ങി വിഷാദം നിറഞ്ഞിരുന്നു…

“””താൻ പോയി കോഫി ഇട്ട് അതും എടുത്തു വാ… എന്നിട്ടാകാം ഇനി വിശേഷങ്ങൾ….”””

നെറ്റിയൊന്ന് ചുളിഞ്ഞെങ്കിലും അടുക്കളയിലേക്ക് നടന്നു…. ഇത്തവണ ആ കാലടികൾ പിന്നാലെ വന്നില്ല….

ഇൻസ്റ്റന്റ് കോഫി ഇട്ട് രണ്ടു കപ്പുകളിലായി പകർന്നു… എവിടെയാണ് നിൽക്കുന്നതെന്ന് അറിയില്ല… ഹാളിൽ എത്തിയിട്ട് വെറുതെ ചുറ്റും നോക്കി നിന്നു…

“”ഞാനിവിടെ ഉണ്ടെടോ… മുറിയിലേക്ക് വാ….””” ബെഡ്‌റൂമിനോട്‌ ചേർന്നുള്ള ബാൽക്കണിയുടെ ഉള്ളിൽ നിന്നാണ് ശബ്ദം…

“”ഇതാർക്ക രണ്ടു കോഫി…”””

ചോദ്യം കേട്ടപ്പോൾ കൈയിലെ കപ്പിലേക്ക് നെറ്റി ചുളിച്ചു നോക്കി…

പിന്നെ കേട്ടത് ഒരു പൊട്ടിച്ചിരിയാണ്….

“””എനിക്കാണോ….. എനിക്കിതൊന്നും കഴിക്കാനോ കുടിക്കാനോ പറ്റില്ലെടോ….””” വീണ്ടും ചിരിക്കുന്നത് കേട്ടു…

വല്ലാത്ത ജാള്യത തോന്നി… ശെരിയാണ്… സ്വന്തം രൂപമില്ലാത്ത അയാളെങ്ങനെ കോഫി കുടിക്കും….

ചമ്മൽ മറച്ചു പിടിച്ചു ഒരു കപ്പ്‌ തിരികെ അകത്തു കൊണ്ടു വച്ചു….

“”ആരാ എന്താ എന്നൊന്നും അറിയാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലേ…. “””കോഫി അല്പാല്പമായി കുടിച്ചിറക്കുന്നതിനിടയിൽ ചോദിച്ചു…

ഒരു നെടുവീർപ്പ് കേട്ടു…. “””അങ്ങനെ ചോദിച്ചാൽ ആദ്യമൊക്കെ ഭ്രാന്ത്‌ പിടിച്ചിരുന്നു… എന്താ ഏതാ എന്നൊന്നും അറിയാതെ…. ആരെയും കാണാതെ ആരോടും മിണ്ടാൻ കഴിയാതെ ഒറ്റക്ക്…. പിന്നെ പിന്നെ ഞാനീ ഏകാന്തതയേ സ്നേഹിച്ചു തുടങ്ങി…. ഇതിനുമുണ്ട് നമ്മെ മത്തു പിടിപ്പിക്കുന്ന ലഹരി….”””

“”അയാളെപ്പോൾ വരും… “””പിന്നെ ഞാനൊന്നും മിണ്ടാഞ്ഞിട്ടാകാം ഇങ്ങോട്ട് ചോദ്യമെത്തി…

“”വരില്ല….. ഞങ്ങൾ പിരിഞ്ഞതാണ്….”””

“”തോന്നലാണ്….. അയാളൊരിക്കലും തന്നെ തനിച്ചാക്കി പോകുകയില്ല…”””. പതിഞ്ഞ സ്വരം കേട്ടപ്പോൾ മറുപടി പറയാൻ കഴിഞ്ഞില്ല…

“””മിഥുനെന്നും സ്നേഹമായിരുന്നു….. എനിക്കാണ് സ്നേഹിക്കാൻ കഴിയാതെ ഇരുന്നത്…. “””ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം പതിയെ പറഞ്ഞു… മറുപടിയൊന്നും കേട്ടില്ല… കൂടുതൽ പറയാനായി കാത്തിരിക്കുകയാണെന്ന് തോന്നുന്നു…

“””അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു….. മാട്രിമോണി വഴി വന്നതാണ്… മൂന്ന് വർഷം മുൻപായിരുന്നു വിവാഹം…. മിഥുനൊരുപാട് ക്ഷമിച്ചു…. അഡ്ജസ്റ്റ് ചെയ്തു…. ആദ്യമൊക്കെ വീട്ടുകാരെ പിരിഞ്ഞതിന്റെ വിഷമമാകും എന്ന് വിചാരിച്ചു ആള്…. പക്ഷേ പണ്ട് മുതൽക്കേ ഞാനിങ്ങനെയാണ്…. അന്നേ ഒറ്റയ്ക്ക് നിന്ന് ശീലിച്ചത് കൊണ്ടാകാം എനിക്ക് ചുറ്റുമായി ഞാൻ തന്നെ സൃഷ്ടിച്ച മതിലിനുള്ളിലായിരുന്നു എന്നും ജീവിച്ചത്..

.

ആ മതിൽ തകർക്കാൻ മിഥുൻ ഒരുപാട് ശ്രമിച്ചു…. പക്ഷേ കഴിഞ്ഞില്ല….. ചിലപ്പോളൊക്കെ തോന്നും ഞാനാണ് മിഥുന്റെ ജീവിതം നശിപ്പിച്ചതെന്ന്… മറ്റേതൊരു പെൺകുട്ടിയായിരുന്നു എങ്കിലും അവരിന്ന് സന്തോഷത്തോടെ ജീവിച്ചേനെ…. ബന്ധം അവസാനിപ്പിക്കാം എന്ന് മിഥുൻ പറഞ്ഞപ്പോഴും എതിർത്തു പറയാതിരുന്നത് അതുകൊണ്ടാണ്… എനിക്കതിനുള്ള അർഹതയില്ല…ഞാനൊരിക്കലും മിഥുനെ പ്രണയിച്ചിട്ടില്ല……”””

കൈയിലെ കോഫി ആറിതണുത്തിരുന്നു…. പിന്നെയും മറുപടിയൊന്നും കിട്ടാതെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അതേ കുസൃതി നിറഞ്ഞ സ്വരം…

“””ഇതും തോന്നലാണെങ്കിലോ….. എന്റെ മനസ്സ് പറയുന്നു ഇന്ന് രാത്രി അയാളിവിടെ വരും… എത്ര എതിർത്താലും തന്നെയിന്ന് തനിച്ചു നിർത്തില്ല ഇവിടെ….”””

നടക്കാൻ പോകുന്നില്ല എന്ന ഭാവത്തിൽ തലയൊന്ന് വെട്ടിച്ചു അകത്തേക്ക് നടന്നു… ഉച്ചയ്ക്കത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കണമായിരുന്നു…. ഒരോ ജോലികൾ ചെയ്യുമ്പോഴും അയാൾ കൂടെ തന്നെ ഉണ്ടായിരുന്നു… ആദ്യമായിട്ട് സംസാരിക്കാൻ ഒരാളെ കിട്ടിയതുകൊണ്ടാകണം പലപ്പോഴും താനൊരു കേൾവിക്കാരി മാത്രമായിരുന്നു…

ഊണ് കഴിഞ്ഞപ്പോൾ നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു… രാത്രിയിൽ ഉറക്കം നിന്നിട്ടാകണം….

“””മുറിയിലേക്ക് വരരുത്… ഞാൻ ഉറങ്ങാൻ പോവാ….””” എങ്ങോട്ടെന്നില്ലാതെ വിരൽ ചൂണ്ടി ഗൗരവത്തിൽ പറഞ്ഞതും പിന്നെയും ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ടു….

“””ഇതിപ്പോൾ താനാണ് എന്റെ സ്ഥലത്തു…. എത്രയും വേഗം സ്ഥലം വിട്ടോ… അല്ലെങ്കിൽ വീണ്ടും ഒന്നൂടെ പേടിപ്പിക്കേണ്ടി വരും…””” കുസൃതി നിറഞ്ഞ സ്വരത്തിൽ മറുപടി കിട്ടിയതും ചുണ്ടൊന്ന് കോട്ടി മുറിയിലേക്ക് നടന്നു…

കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോഴാണ് ഉണരുന്നത്…. ഇരുട്ട് വീണു തുടങ്ങിയിരുന്നു …. ഒന്ന് സംശയിച്ചെങ്കിലും വാതിൽ ചെറുതായി തുറന്നു നോക്കി…

തോളിലൊരു ബാഗും തൂക്കി നിൽക്കുന്ന മിഥുനെ കണ്ടതും അന്തിച്ചു നിന്ന് പോയി…

“””തന്നെ ഇവിടെ ഒറ്റയ്ക്കാക്കാൻ മനസ്സ് വന്നില്ലെടോ… ഒന്ന് രണ്ടു ദിവസത്തേക്ക് ഞാനും കൂടി നിൽക്കാം… അപ്പോഴേക്ക് തനിക്ക് എല്ലാം ഒന്ന് പരിചയമാകുമല്ലോ….”””

കവിളിലൊന്ന് തട്ടി ചിരിയോടെ മിഥുൻ അകത്തേക്ക് നടന്നപ്പോൾ അവിടെ തന്നെ തറഞ്ഞു നിൽക്കാനേ കഴിഞ്ഞുള്ളൂ…

മിഥുൻ ഇന്ന് വരുമെന്ന് അയാൾ പറഞ്ഞ വാക്കുകളാണ് ഓർമ്മ വന്നത്…

“”ഇപ്പോൾ എങ്ങനെയുണ്ട്…. “””ചെവിയോട് ചേർന്ന് ആ ശബ്ദം കേട്ടതും ഞെട്ടിപ്പിടഞ്ഞു ചുറ്റും നോക്കി… അപ്പോഴേക്കും മുറിയിൽ നിന്നും മിഥുന്റെ വിളി എത്തിയിരുന്നു…

കഴിച്ചു കഴിഞ്ഞു പാത്രങ്ങൾ കഴുകാനും അടുക്കള വൃത്തിയാക്കാനുമൊക്കെയായി കൂടെ തന്നെ നിൽക്കുന്ന മിഥുനെ അതിശയത്തോടെ നോക്കി… മിഥുനെന്നും ഇങ്ങനെ തന്നെയായിരുന്നു എങ്കിലും ഇന്ന് കാണുന്ന ഒരോ കാഴ്ചയ്ക്കും പുതുമയുള്ളത് പോലെ…

ഇന്നുച്ചയ്ക്ക് അയാളോട് സംസാരിച്ചതൊക്കെ വീണ്ടും മനസ്സിലേക്ക് വന്നു….

“””നിനക്കിഷ്ടമാണ് മേഘ അയാളെ…. പക്ഷേ നിനക്ക് ഭയമാണ്… നിന്നിലെ അപകർഷതാബോധമാണ് ഇപ്പോഴും തന്നെ പിന്നിലേക്ക് വലിക്കുന്നത്…. താൻ ചെയ്യുന്നതൊക്കെ മിഥുന് ഇഷ്ടമാകുമോ… എന്നുള്ള ചെറിയ ചെറിയ ഭയത്തിൽ നിന്നും തുടങ്ങി അയാളെ പ്രണയിക്കാൻ പോലും നീയിന്നു ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നു….

ബാല്യത്തിൽ ലഭിച്ച അവഗണന തന്നെയാകും കാരണം…. അത്രയും സ്നേഹിച്ചിട്ടും കുഞ്ഞിലേ മുതൽ തനിച്ചായി പോയത് തന്റെ മനസ്സിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്…. ഇനിയൊരു പക്ഷേ സ്നേഹിച്ചു പോയാൽ മിഥുനും അങ്ങനെയൊക്കെ തന്നെയാകും എന്ന് താനുറപ്പിച്ചു…. അതിലും നല്ലത് ഒരിക്കലും അയാളെ പ്രണയിക്കാതെ പിരിയുകയാണെന്നത് സ്വയം തീരുമാനിച്ചു… ഇതാകുമ്പോൾ വേദന തോന്നില്ല എന്ന് ഇപ്പോഴും മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്നു….”””

ഉത്തരമില്ലായിരുന്നു….. തല കുനിച്ചു കേട്ടുകൊണ്ടിരുന്നു.

“””സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കില്ല മേഘ….. ഇന്നിപ്പോൾ ശെരിയെന്ന് തോന്നുന്ന പല തീരുമാനങ്ങളും നാളെ തെറ്റെന്നു തോന്നാം…. പക്ഷേ പിന്നീടൊരിക്കലും ശെരിയാക്കാനാകാത്ത വിധം അവ അപ്പോഴേക്കും നമ്മെ വിട്ട് അകന്നു പോയിട്ടുണ്ടാകും…. എത്രയൊക്കെ ശാന്തവും സുന്ദരവുമാണ് എന്നൊക്കെ പറഞ്ഞാലും ഒറ്റയ്ക്കാകുക എന്നത് എന്നുമൊരു വേദനയാണ്….. ഞാനിവിടേക്ക് വരുന്ന മനുഷ്യരെയൊക്കെ ഓടിക്കുന്നതിന്റ കാരണം തന്നെ അതാണ്…. ഈ ഏകാന്തത മാത്രമേ എനിക്കറിയൂ… ബന്ധങ്ങളുടെ സ്നേഹം അറിഞ്ഞാൽ ഒരുപക്ഷേ ഞാനവരെയൊന്നും പിന്നെ എങ്ങോട്ടും വിട്ടില്ല എന്ന് വരും… ഇവിടെ ഈ വീടിനുള്ളിൽ തന്നെ എനിക്കൊരു കൂട്ടായി തളച്ചിടും….”””

“””കിടക്കാൻ വരുന്നില്ലേ മേഘ… സമയമെത്രയായി എന്ന് വല്ല വിചാരവുമുണ്ടോ….”””

മിഥുന്റെ ഉച്ചത്തിലുള്ള ശബ്ദമാണ് ഓർമ്മയിൽ നിന്നും തിരിച്ചു കൊണ്ടു വന്നത്… അടുക്കളയിലേയും ഹാളിലെയും ലൈറ്റ് ഓഫ് ആക്കി മുറിയിലേക്ക് നടക്കുമ്പോൾ വീണ്ടും ആ സ്വരം കാതിൽ പറഞ്ഞു…

“””പറഞ്ഞതൊന്നും മറന്നു പോകരുത്…. ഇതൊരുപക്ഷേ നിനക്കായുള്ള തിരിച്ചറിവിന്റെ അവസരമാകും…. അതിനുള്ള നിയോഗം മാത്രമായിരിക്കും എനിക്ക്…..””” തിരിയുമ്പോളേക്കും ചുവടുകൾ അകന്നു പോയിരുന്നു…

മുറിയിലേക്ക് ചെന്നപ്പോളേക്കും മിഥുനെല്ലാം തട്ടിക്കുടഞ്ഞു വിരിച്ചിരുന്നു…. എല്ലാം നേരെയാക്കി ആള് തന്നെ കട്ടിലിലേക്ക് പറയാതെ കയറി കിടക്കുന്നത് കണ്ടപ്പോൾ അത്ഭുതത്തോടെ നോക്കി…

“””മ്മ്… തനിച്ചിവിടെ കിടക്കേണ്ട…. ഇന്നലത്തെ പോലെ വെറുതെ പേടി തട്ടാൻ…. വന്നു കിടക്കാൻ നോക്ക്…. ഞാൻ ശല്യത്തിനൊന്നും വരില്ല…. പോരെ…..””” ഞാൻ നോക്കുന്നത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല എന്ന് വിചാരിച്ചിട്ടാകും ഇത്തിരി ഗൗരവത്തിലായിരുന്നു മറുപടി…

സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്…. മിഥുൻ കപട ഗൗരവം ഭാവിച്ചു ഓരോന്ന് പറയുമ്പോഴേ ചിരി വരും… പിന്നെതിരൊന്നും പറയാതെ കിടന്നു….

ഞാനുറങ്ങി എന്ന് വിചാരിച്ചു ആ കൈകളെന്റെ മുടിയിൽ തഴുകുന്നതും നെറുകയിലായി ചുണ്ട് ചേർക്കുന്നതും അറിയുന്നുണ്ടായിരുന്നു….. അയാൾ പറഞ്ഞ കാര്യങ്ങളൊക്കെ കൂടി മനസ്സിനുള്ളിൽ കിടന്നു ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു…..

മിഥുനില്ലാതെ ജീവിക്കാൻ കഴിയുമെന്നായിരുന്നു ഇവിടേക്ക് വരും വരെയും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചത്…. എന്നാലിപ്പോൾ ചാഞ്ചാട്ടം വന്നു തുടങ്ങിയിരിക്കുന്നു മനസ്സിന്… സ്വയം നഷ്ടപ്പെടുത്തിതോർത്തു ദുഃഖിക്കപ്പെടാൻ അവസരമുണ്ടക്കരുത് എന്ന അയാളുടെ വാക്കുകൾ ഉള്ളിലങ്ങനെ തിളച്ചു മറിയുന്നുണ്ടായിരുന്നു…

മിഥുനും ഉറങ്ങിയിട്ടില്ലായിരുന്നു…. ആ കൈകളപ്പോഴും നിർത്താതെ തന്റെ നെറുകയിലൂടെ വെറുതെ വിരലോടിക്കുന്നുണ്ടായിരുന്നു…. ഈ കരുതൽ അവസാനിക്കാതെ ഇരുന്നെങ്കിലെന്ന് തോന്നി പോയി….

അടുത്തേക്ക് നീങ്ങി ചെന്ന് ആ തോളിലായി മുഖമമർത്തി കിടന്നപ്പോൾ ഒരു നിമിഷം ആളുമൊന്ന് ഞെട്ടി എന്ന് തോന്നി…. ആദ്യത്തെ പകപ്പിന് ശേഷം മറിച്ചൊരു ചോദ്യം പോലുമില്ലാതെ ആ കൈകൾ വലയം ചെയ്തപ്പോൾ കണ്ണ് നിറയുന്നുണ്ടായിരുന്നു…

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ആവി പറക്കുന്ന ചൂട് കോഫിയുടെ മണമടിച്ചപ്പോഴാണ് രാവിലെ കണ്ണ് തുറക്കുന്നത്…. ബെഡിന്റെ അടുത്തുള്ള കുഞ്ഞ് ടേബിളിലായി കൊണ്ടു വച്ചിരിക്കുന്നു…

മിഥുനെ കണ്ണുകൾ കൊണ്ടു പരതിയപ്പോൾ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടു… കോഫി മഗ് അവിടെ തന്നെ വച്ചു മിഥുന്റെ അടുത്തേക്ക് നടന്നു…

രണ്ടു കൈകളും റൈലിങ്ങിലേക്ക് ഊന്നി ആളെന്തോ ഗഹനമായ ചിന്തയിലാണ്….ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞെന്ന് തോന്നുന്നു…. രണ്ടു കൺതടങ്ങളും കറുത്തു കുഴിഞ്ഞിട്ടുണ്ടായിരുന്നു… അല്ലെങ്കിലും ബന്ധം പിരിയാം എന്ന് തീരുമാനിച്ചതിന് ശേഷം മിഥുൻ നേരെ ഉറങ്ങിയിട്ടില്ല എന്ന് മറ്റാരേക്കാളും നന്നായി തനിക്ക് അറിയാമല്ലോ…

അടുത്ത് വന്നു നിന്നത് അറിഞ്ഞിട്ടാകണം ഒന്ന് ചെരിഞ്ഞു നോക്കി ചെറിയൊരു പുഞ്ചിരി നൽകി…

കൈകൾ രണ്ടും ഷോൾഡറിനിടയിലൂടെ ചേർത്ത് പിടിച്ചു ആ തോളിൽ മുഖമമർത്തി നിന്നു…. ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചതുകൊണ്ടാകണം അത്ഭുതത്തോടെ നോക്കുന്നുണ്ട്….

“””നമുക്ക്…… ഒന്നൂടെ ശ്രമിച്ചു നോക്കിയാലോ മിഥുൻ….. ഒരേയൊരു തവണ കൂടി….. എനിക്ക് വേണ്ടി…….പ്രണയമാണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല….. പക്ഷേ നിങ്ങളെ നഷ്ടപ്പെടുത്താൻ വയ്യ മിഥുൻ….. എനിക്ക്….. എനിക്ക് ചിലപ്പോൾ ഭ്രാന്ത്‌ പിടിച്ചു പോകും…..””

പറഞ്ഞു തീരും മുൻപേ ആ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു….. ശ്വാസം പോലും കടന്നു പോകാതെ ഇറുക്കെ പുണരുമ്പോൾ ആ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

“”ഒന്നല്ല….. ഒരായിരം തവണ ശ്രമിക്കാടീ പെണ്ണെ…..”” രണ്ടു കൈകളും കവിളിൽ ചേർത്ത് നെറ്റിയിൽ അമർത്തി ചുംബിക്കുമ്പോൾ ആ ശബ്ദം വല്ലാതെ വിറച്ചിരുന്നു….

തിരികെയിറങ്ങുമ്പോൾ മിഥുന്റെ തോളിൽ നിന്നും തലയുയർത്തി വീണ്ടും ആ ബാൽക്കണിയിലേക്ക് നോക്കി…. ഒന്നും കണ്ടില്ലെങ്കിലും എനിക്ക് ഉറപ്പായിരുന്നു അയാൾ അവിടെ തന്നെ ഉണ്ടാകും…

ഞങ്ങളെ രണ്ടാളെയും നോക്കി അതേ കുസൃതി നിറഞ്ഞ പൊട്ടിച്ചിരിയുമായി…. ഒരാളെ കൂടി തന്റെ സാമ്രാജ്യത്തിൽ നിന്നോടിച്ചു എന്ന് വെറുതെ സ്വയം ഗർവ്വ് പറഞ്ഞു…. ഉള്ളിൽ ഞങ്ങളോടൊപ്പം ഒരു ചിരിയുമായി പരിഭവങ്ങളേതുമില്ലാതെ ഇങ്ങോട്ട് തന്നെ നോക്കി നിൽപ്പുണ്ടാകും…

മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി തിരികെ നൽകി മുന്നോട്ട് നടക്കുമ്പോഴും ഇനിയുള്ള പ്രാർത്ഥനകൾ അയാൾക്ക് കൂടി വേണ്ടിയാകും എന്നുറപ്പായിരുന്നു…. അത്രമേൽ അയാളെ മത്തു പിടിപ്പിക്കുന്ന….. ഭ്രാന്ത്‌ പിടിപ്പിക്കുന്ന… വെറുപ്പിന്റെ തടവറയിലടയ്ക്കുന്ന…. ഏകാന്ത വാസത്തിൽ നിന്നുള്ള മോചനത്തിനായി….. മോക്ഷത്തിനായി….അവസാനിച്ചു. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

രചന: അമ്മു അമ്മൂസ്

Leave a Reply

Your email address will not be published. Required fields are marked *