പുതപ്പിനടിയിലൂടെ അവളെ ചേർത്ത് പിടിച്ചു കിടന്നപ്പോൾ അവൾ ഒന്ന് കൂടി ചുരുണ്ടു ചേർന്ന് കിടന്നു….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഹക്കീം മൊറയൂർ

ബാലേട്ടാ നമുക്ക് പിരിയാം.

വളരെ നിസ്സാരമായി മാളു അത് പറഞ്ഞപ്പോൾ തെല്ലു പകച്ചു ഞാൻ അവളെ നോക്കി. പിരിയേണ്ടി വരും എന്ന് ഉറപ്പായിരുന്നു. എന്നാലും ഇത്ര പെട്ടെന്ന്. അതും മാളുവിന്റെ വായിൽ നിന്ന് തന്നെ. മാളൂ. കുറച്ചു ദയനീയമായിരുന്നു എന്റെ സ്വരം. എന്നെ അങ്ങനെ വിളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ. വന്നു വന്നു ഓഫീസിൽ വരെ ഓരോരുത്തർ വിളിച്ചു കളിയാക്കാൻ തുടങ്ങി.

ബാലേട്ടൻ മാളൂന്നു വിളിക്കുമ്പോ ദേഹത്തെ എല്ലാ രോമങ്ങളും എഴുന്നേറ്റു നിൽക്കുന്നു. മരണം വരെ എനിക്ക് ഈ വിളി കേൾക്കണം. കല്യാണത്തിന്റെ ആദ്യ നാളുകളിൽ തന്റെ രോമം നിറഞ്ഞ നെഞ്ചിൽ തടവി അവൾ പറഞ്ഞ വാക്കുകൾ. 4 മണിക്ക് വിടുന്ന ഓഫീസിൽ നിന്നും 5 മിനുട്ട് ദൂരത്തേക്ക് അഞ്ചു മണിക്കൂർ വൈകി വന്നത് ഒന്ന് ചോദിച്ചു പോയതാണ് ഇപ്പൊ പ്രശ്നം.

മാളു എന്ന മാളവിക എന്റെ മുറപ്പെണ്ണായിരുന്നു. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും ബാലേട്ടാ. ശരിയാണ്. കെട്ടി കെട്ടി ഇനി കയറിൽ സ്ഥലമില്ലാതായിരിക്കുന്നു. ബാലേട്ടന് ഒന്നും തോന്നരുത്. ബാലേട്ടന് ഇപ്പോഴും വിയർപ്പു നാറ്റമാണ്. ബാലേട്ടന്റെ വിയർപ്പു മണം എനിക്ക് ഭയങ്കര ഇഷ്ടമാണ്. പുതുമഴയിൽ നനയുമ്പോൾ മണ്ണിന്റെ സുഗന്ധം പോലെ. ഇതും കുറെ മുൻപ് അവൾ തന്നെ പറഞ്ഞതാണ്. എന്റെ കുറ്റങ്ങൾ ഓരോന്നായി വെളിപ്പെടുത്തുകയാണവൾ. നീണ്ട അഞ്ചു വർഷം എന്നെ സഹിച്ചതിന്റെ യാതന നിറഞ്ഞ അനുഭവങ്ങൾ. അവൾ അനുഭവിച്ച സങ്കടങ്ങൾ.

മാളു ഒരു ഗസറ്റഡ് പദവി വഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥയാണ്. ഞാനാണെകിൽ ഒരു സാധാ ബൈക്ക് മെക്കാനിക്. അത് തന്നെയാണ് ഏറ്റവും വലിയ ഏച്ചു കെട്ട്. അത് മാത്രമോ. മാളുവിനെ കാണാൻ നല്ല വെളുത്തിട്ടാണ്. ഞാനാണെകിൽ കുറച്ചു കറുത്തിട്ടും. പക്ഷെ പത്താം ക്ലാസ് പാസ്സായി ഇനി എന്ത് എന്നറിയാതെ പകച്ചു നിന്ന അവളെ ഇത്ര വരെ പഠിപ്പിച്ചു ജോലി വാങ്ങി കൊടുത്ത എന്നെ ഇത്ര നിസ്സാരമായി ഒഴിവാക്കും എന്ന് ഞാൻ കരുതിയിരുന്നില്ല. അമ്മാവൻ മ രിച്ചതിനു ശേഷം ചെമ്മീൻ കമ്പനിയിൽ ജോലിക്കു ചേർന്ന അവളെ ഞാനാണ് നിർബന്ധിച്ചു ഫീസും കൊടുത്തു പഠിക്കാൻ വിട്ടത്.

ബാലേട്ടൻ എന്റെ ദൈവമാണെന്ന് അവൾ എപ്പോഴും പറയും. അത് കൊണ്ട് തന്നെ പിജി കഴിഞ്ഞ ഉടൻ ഞങ്ങളുടെ കല്യാണവും നടന്നു. ഈ ലോകത്തെ ഏറ്റവും സന്തോഷവതി ആരാണെന്നു ബാലേട്ടനറിയാമോ?. അന്ന് എന്റെ നെഞ്ചിൽ തല വെച്ച് അവൾ ചോദിക്കും. അറിയില്ല. അപ്പോൾ അവൾ എന്റെ കൈ അവളുടെ നെഞ്ചത്തേക്ക് ചേർത്ത് വെച്ച് അവളാണെന്ന് പറയും. ബാലേട്ടന് എന്തൊരു കറുപ്പാണ്. നാളെ നമുക്കൊരു കുഞ്ഞു പിറന്നാൽ ആ കുഞ്ഞും ബാലേട്ടനെ പോലെ കറുപ്പാവില്ലെന്നാരു കണ്ടു.

നെഞ്ചിലേക്ക് അടുത്ത ആണിയും തറച്ചു ഇറക്കുകയാണവൾ. എന്റെ ബാലേട്ടന് കൃഷ്ണന്റെ നിറമാണ്. എന്റെ മാത്രം കള്ള കൃഷ്ണൻ. പ്രണയം തലക്ക് പിടിച്ച കാലത്ത് എന്റെ കറുത്ത കവിളിൽ മുത്തം തന്നു അവൾ കൊഞ്ചും. എന്റെ കവിളിൽ തൊട്ടു മഷി എഴുതുന്നത് പോലെ അവൾ അഭിനയിക്കും. എല്ലാം ഇനി ഓർമ്മകൾ മാത്രം. ബാലേട്ടാ. നമുക്ക് പിരിയാം. ബാലേട്ടന്റെ ജോലി. എന്റെ സ്റ്റാറ്റസ്. ഒന്നും ചേരില്ല ബാലേട്ടാ. ഞാൻ ഒന്നും മിണ്ടിയില്ല.

എന്ത് മിണ്ടാനാണ്. മാളു ഇല്ലാതെ പിന്നെ ബാലേട്ടനില്ലെന്നു ഇവൾക്കറിയില്ലല്ലോ. ബാലേട്ടാ. എല്ലാരോടും മറുപടി പറഞ്ഞു എനിക്ക് മടുത്തു. ബാലേട്ടന് ഇനിയും ഒരു നല്ല പെൺകുട്ടിയെ കിട്ടും. അറിയില്ല. നിനക്ക് ചിലപ്പോൾ ഒരു നല്ല പയ്യനെ കിട്ടുമായിരിക്കും. ബാലേട്ടാ. ബാലേട്ടന് ഇപ്പൊ പഴയ പോലെ കരുത്തില്ല ബാലേട്ടാ. ബാലേട്ടൻ ഇപ്പൊ വേഗം തളരുന്നു. ഈശ്വരാ ആണത്തത്തിൽ തൊട്ടാണല്ലോ ഇവളുടെ കളി. ഇനി കുട്ടികൾ ഉണ്ടാവാത്തതും എന്റെ കുറ്റമാണെന്ന് ഇവൾ പറഞ്ഞു കളയുമോ ഈശ്വരാ.

ബാലേട്ടൻ തളരാതിരിക്കൂ. നമ്മൾ രണ്ടാളും ഒരുമിച്ചു പോവുമ്പോൾ എല്ലാരും കളിയാക്കി ചിരിക്കുന്നത് എനിക്ക് സഹിക്കില്ല ബാലേട്ടാ. എത്ര നിസ്സാരമായാണ് അവൾ അത് പറയുന്നത്. പുഞ്ചിരിയിൽ വഞ്ചന ഒളിപ്പിച്ചു വച്ചവളാണോ എന്റെ മാളു. ബാലേട്ടാ. അത് കൊണ്ട് ബാലേട്ടാ നമുക്ക് പിരിയാം. ഇപ്പോഴാണെങ്കിൽ ഓഫീസിലെ സുകുവേട്ടന്റെ ആലോചനയും വന്നിട്ടുണ്ട്. എന്തിനാ ബാലേട്ടാ മുന്നിൽ വരുന്ന മഹാലക്ഷ്മിയെ പുറം കാല് കൊണ്ട് തട്ടി കളയുന്നത്?. അമ്പടി കള്ളീ.

എന്നാ പിന്നെ അങ്ങനായിക്കോട്ടെ. നമുക്ക് പിരിയാം. എന്റെ മനസ്സിൽ ആകെ ദേഷ്യം ഇരച്ചു കയറി. എന്നെ പിരിഞ്ഞു അവൾ സുഖായി ജീവിക്കുന്നത് എനിക്കൊന്നു കാണണം. അവളുടെ ഒരു ചുകുവേട്ടൻ. അടി വയറു നോക്കി ഒരൊറ്റ ചവിട്ട്. മലർന്നടിച്ചു വീണ അവളുടെ കഴുത്തിന് കുത്തി പിടിച്ചു ശ്വാസം നില്ക്കുന്നത് വരെ നിന്നു.

പെട്ടെന്ന് ഞെട്ടി ഉണർന്നു ഞാൻ ചുറ്റും നോക്കി. റൂമിലെ അരണ്ട വെളിച്ചത്തിൽ സമയം പുലർച്ചെ നാല് എന്ന് കണ്ടു. മാളു ഇതൊന്നും അറിയാതെ നല്ല ഉറക്കം. പുതപ്പിനടിയിലൂടെ അവളെ ചേർത്ത് പിടിച്ചു കിടന്നപ്പോൾ അവൾ ഒന്ന് കൂടി ചുരുണ്ടു ചേർന്ന് കിടന്നു. പുറത്തു നല്ല നിലാവുണ്ടായിരുന്നു. ആകാശത്തു നക്ഷത്രങ്ങളും.

ലൈക്ക് കമന്റ് ചെയ്യണേ…

രചന: ഹക്കീം മൊറയൂർ

Leave a Reply

Your email address will not be published. Required fields are marked *