ഏതൊരു പെൺകുട്ടിയും ഈ സമയത്ത് ആഗ്രഹിക്കുന്നത് സ്നേഹവും പരിഗണനയുമാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Saju sbs swamis

ദേ മാളൂ…, അധികം ഒന്നും വേണ്ടാട്ടൊ. നിനക്ക് ജോലി ഒന്നും ചെയ്യാൻ വയ്യെങ്കിൽ അത് പറഞ്ഞാ പോരെ….. എന്തിനാ ഈ പ്രഹസനം,

എനിക്കും ഉണ്ട് ഒരു ചേച്ചി, അവൾക്കും ഉണ്ടാരുന്നു മാസത്തിൽ രണ്ടൂന്ന് ദിവസം ഇങ്ങനൊക്കെ. അവള് നിന്നെപ്പോലെ ഇങ്ങനെ കിടന്ന് കരയലും ബഹളം വയ്ക്കലും ഒന്നും ഉണ്ടായിരുന്നില്ലല്ലോ… നിന്റെ താളത്തിനൊത്ത് തുള്ളാൻ എന്നെ കിട്ടോന്ന് പ്രതീക്ഷിക്കണ്ടട്ടോ മാളൂ…..

അത്രയും പറഞ്ഞു റൂമിന്റെ വാതിൽ വലിച്ചടച്ച് അശ്വിൻ പുറത്തേക്കിറങ്ങി . ഏങ്ങി വന്ന കരച്ചിലിൽ പറയാനാഞ്ഞ വാക്കുകൾ കുടുങ്ങി മാളവിക വിറച്ചു. അടിവയറ്റിൽ മിന്നൽപ്പിണർ പാഞ്ഞതിനേക്കാൾ അവളെ വേദനിപ്പിച്ചത് അശ്വിൻ പറഞ്ഞ വാക്കുകളായിരുന്നു. അവൾ തലയിണയിലേക്ക് മുഖമമർത്തി….

അശ്വിൻ പുറത്തേക്കിറങ്ങിയതും കണ്ടത് ഹാളിൽ പത്രം നിവർത്തിപ്പിടിച്ചിരിക്കുന്ന അമ്മയെയാണ്. ടീവിയുടെ സൈഡിൽ നിന്ന് ബൈക്കിന്റെ ചാവിയും തിരഞ്ഞുപിടിച്ച് തിരക്കിട്ട് മുറ്റത്തെക്ക് ഇറങ്ങിയ അവനെ അമ്മ പിന്നിൽ നിന്ന് വിളിച്ചു.

അച്ചു എവിടെ പോവാ…..?

ഞാൻ ടൗണിലേക്കാ അമ്മേ….. അവൻ അമ്മയുടെ മുഖത്തെക്ക് നോക്കാതെ പറഞ്ഞു.

മാളുവും ആയിട്ട് നിനക്ക് എന്താ വഴക്ക്….?

അഹ്… ഹ്… അതോ… അത്… അതൊന്നുല്ലാമ്മാ.. അവള് വെറുതെ…. അശ്വിൻ വാക്കുകൾക്കായി പരതി.

ഞാൻ കേട്ടിരുന്നു അച്ചൂ നീ പറഞ്ഞതൊക്കെ….

അതമ്മേ… അവള് വെറുതെ ഓരോന്ന് കാട്ടിയേക്കുമ്പോ…..

ഞാനെന്താ പെണ്ണുങ്ങളെ കാണാത്തതാണോ….? എനിക്കും ഉണ്ടല്ലോ ഒരു പെങ്ങള്, ചേച്ചി ഇങ്ങനെ കിടന്നു കരയുന്നത് അമ്മ കണ്ടിട്ടുണ്ടോ… അവൾക്ക് പണിയെടുക്കാൻ വയ്യ അതന്നെ, അതിനുള്ള അടവാ.

അതൊന്നും പോരാഞ്ഞിട്ട് അവള് ചോദിക്കുന്നതൊക്കെ അവളുടെ ഇരുപ്പിൽ കൊണ്ടുകൊടുക്കണം പോലും… ഇവിടെ ഉള്ളവരൊക്കെ അവളുടെ വേലക്കാരാണോ..? അവസരം മുതലെടുക്കുവാ അമ്മേ…..

ദേഷ്യത്തോടെ അവൻ പറഞ്ഞു നിർത്തിയപ്പോൾ അമ്മ ഒന്ന് ചിരിച്ചു, അടുത്തുവന്നിരിക്കുവാൻ കൈകൊണ്ട് ആംഗ്യംകാട്ടി ആവശ്യപ്പെട്ടു. അശ്വിൻ അമ്മയുടെ ഓരം ചേർന്നിരുന്നു, അവന്റെ തലയിൽ മെല്ലെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.

മോനെ… നീ ഇങ്ങനൊന്നും പറയാൻ പാടില്ല. എല്ലാരും നിന്റെ ചേച്ചിയെ പോലെ അല്ലല്ലോ. എല്ലാരുടേം ശരീരപ്രകൃതവും ആരോഗ്യവും ഒരുപോലെ ആവില്ല. ചില കുട്ട്യോൾക്ക് ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാവും, ആരോഗ്യക്കുറവ് കൊണ്ടാ… മാളൂം നന്നേ മെലിഞ്ഞിട്ടല്ലേ, അമ്മ പറയുന്നത് മോനു മനസിലാവുന്നുണ്ടോ….

മ്മ്മ്….. അവന്റെ മൂളലിൽ കുറ്റബോധം നിഴലിച്ചിരുന്നു.

അച്ചൂ… എനിക്ക് നിന്റെ ചേച്ചി ചിക്കൂം മാളൂം ഒരേ പോലെയാ, രണ്ടാളും എന്റെ മക്കള് തന്നെയാ.

നിനക്കറിയുന്നതല്ലേ, നിനക്ക് വേണ്ടി സ്വന്തം വീട്ടുകാരെ പോലും ഉപേക്ഷിച്ചിറങ്ങി വന്നവളാ ന്റെ മോള്… അപ്പൊ നീ ഇങ്ങനൊക്കെ പറയുമ്പോ ആ കുട്ടിക്ക് എന്തുമാത്രം വിഷമം ഉണ്ടാവും….

ഏതൊരു പെൺകുട്ടിയും ഈ സമയത്ത് ആഗ്രഹിക്കുന്നത് സ്നേഹവും പരിഗണനയുമാണ്, അപ്പൊ നീ ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കിയാ അവൾക്കത് എത്ര വിഷമം ആവും ന്ന് നീ ഓർത്തോ….

ആ അതൊക്കെ പോട്ടെ, ഇപ്പൊ ഇത് നിന്റെ അറിവില്ലായ്മയായേ അമ്മ എടുത്തിട്ടുള്ളൂ, പക്ഷെ ഇനിയിങ്ങനൊന്നും ന്റെ കുട്ടി കാട്ടരുത് ട്ടൊ മനസിലാവുന്നുണ്ടോ….

മ്മ്മ്മ്മ്….. മനസിലായി.. സോറി അമ്മാ…. ഇനി ഞാൻ…..

ആഹ് സോറി ഒന്നും വേണ്ടാ.. നീ പോവാനിറങ്ങിയതല്ലേ, പോയിട്ട് വാ

വരുമ്പോ അവൾക്കെന്തെലും മേടിച്ചു വാ കൂട്ടത്തിൽ കുറച്ചു അയമോദകം മേടിച്ചോ ആ കുട്ടിക്ക് അരച്ച് കൊടുക്കാം വയ്യായ്ക മാറട്ടെ….

ന്നാ ഞാൻ ഇറങ്ങാ അമ്മാ….

അവന് കുറ്റബോധം തോന്നി, അതിനേക്കാൾ വലിയ പ്രായശ്ചിത്തം ഇല്ലല്ലോ….

അശ്വിൻ തിരികെ വന്നപ്പോഴും മാളവിക ആ കിടപ്പ് തന്നെയായിരുന്നു, അതുകണ്ടു അവന്റെ ഉള്ളൊന്ന് പിടഞ്ഞു. പയ്യെ അവളുടെ അടുത്തേക്ക് ചെന്നുനോക്കി, ഉറക്കമാണ് അവൾ…..

മാളൂ….. ടീ മാളൂ…..

കണ്ണുതുറന്നു നോക്കിയെങ്കിലും എഴുന്നേൽക്കാൻ നന്നേ പാടുപെടുന്ന അവളെ അവൻ പിടിച്ചെഴുന്നേല്പിച്ചു.

അശ്വിൻ വാങ്ങിക്കൊണ്ടുവന്ന അവൾക്കിഷ്ടപ്പെട്ട ഹൽവയും ഡയറിമിൽക്കും അവളുടെ കൈയിൽ കൊടുത്ത് സോറി പറഞ്ഞപ്പോൾ മാളു കണ്ണീരോടെ അവനെനോക്കി.

അവളെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ, അവളുടെ കണ്ണുനീരിന്റെ ചൂടിൽ അവൻ അറിയുകയായിരുന്നു അവൾ അനുഭവിക്കുന്ന വേദന എത്രത്തോളമാണെന്ന്…..

ഒരു പെണ്ണിന്റെ ഇത്തരമൊരവസ്ഥയിൽ അവൾ ഏറ്റവും ആഗ്രഹിക്കുന്നത് അവൾക്ക് പ്രിയപ്പെട്ടവന്റെ സാമിപ്യം തന്നെയായിരിക്കും…….

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Saju sbs swamis

Leave a Reply

Your email address will not be published. Required fields are marked *