അമ്മ ഉറങ്ങി കഴിയുമ്പോൾ നിങ്ങൾ കാറുമായി വീടിന്റെ പുറകിലത്തെ ചെറിയ ഗേറ്റിന്റവിടേ വന്നാൽ മതി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ശ്രുതി പ്രസാദ്

എന്റെ അമ്മ

നാളെ ന്യൂ ഇയർ ആയതുകൊണ്ട് ഫ്രണ്ട്സിന്റെ കൂടെ സെലിബ്രേറ്റ് ചെയ്യാൻ പ്ലാൻ ചെയ്യുമ്പോഴാണ് അപർണ എന്നെ തോണ്ടി വിളിച്ചത്.

“നീതു നിന്റെ അമ്മ ഞങ്ങളുടെ കൂടെ രാത്രിയിൽ ന്യൂഇയർ ആഘോഷിക്കാൻ വിടുവോ?”

“അമ്മയോട് ചോദിച്ചിട്ട് ഞാൻ ഇപ്പോ വന്നതു തന്നെ.”

“അപ്പൊ പിന്നെ നീ വരില്ലേ?”

“എന്റെ രേഷു ഞാൻ വന്നിരിക്കും. അമ്മ ഉറങ്ങി കഴിയുമ്പോൾ നിങ്ങൾ കാറുമായി വീടിന്റെ പുറകിലത്തെ ചെറിയ ഗേറ്റിന്റവിടേ വന്നാൽ മതി, ഞാൻ അവിടെ കാണും.”

“ഡീ പ്രശ്നമാകുവോ?”

“ഓ പിള്ളേരെ പേടിയില്ലാത്ത എന്നെയും കൂടെ നിങ്ങൾ പേടിപ്പിച്ചു കൊല്ലുവോ?”

“ഡീ അഥവാ സീനായാ പണി പാളുവേ?”

“നിങ്ങളൊക്കെ എന്തൊരു നെഗറ്റീവാടി. അങ്ങനൊന്നും സംഭവിക്കില്ല, അപ്പൊ ഫ്രണ്ട്‌സ് നമുക്കിന്നു നൈറ്റ്‌ കാണാം. ഓക്കേ.”

“ഓക്കേ”

അവൾമാര് രണ്ടും ഒക്കേന്ന് കോറസ് പോലെ പറഞ്ഞതും ഞാൻ ചിരിയോടെ കോഫി ഷോപ്പിലുള്ളവരെയൊക്കെ നോക്കി. അവരൊക്കെ ഞങ്ങളുടെ സന്തോഷം ചിരിയാൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാനത് മൈൻഡ് ചെയ്യാതെ പോകാനുള്ള സമയമായതോടെ ഷോപ്പിൽ നിന്ന് അവളുമാരോട് യാത്ര പറഞ്ഞു വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു.

പെട്ടെന്നാണ് ഞാൻ ഒരു വൈറ്റ് റോസ് ബൊക്കറ്റുമായി എന്റെ കുറച്ച് മുന്നിലായി സൈക്കിൾ ഉരുട്ടി നടക്കുന്ന ജിനിയെ കാണുന്നത്. പെണ്ണ് എന്റെ ക്ലാസ്സിലെ ബുജിയാണ്. ആരുമായിട്ടും അത്ര അടുപ്പം ഒന്നുമില്ല. എന്തായാലും ഞാൻ ഒറ്റയ്ക്കാ അപ്പോ ബോറടി മാറ്റാൻ അവളുമായിട്ട് കുറച്ച് സംസാരിച്ചൊക്കെ നടക്കാം.

“ഹേയ് ജിനി”

എന്റെ വിളി കേട്ട് അവൾ തിരിഞ്ഞു എനിക്കൊരു ഹായ് തന്നു.

“ഹായ് നീതു. ഇതെന്താ നടന്നു വരുന്നേ? എന്തുപറ്റി തന്റെ വണ്ടിക്ക്?”

“ഓ അത് വർക്ക്ഷോപ്പിലാ ചെറിയൊരു ബ്രേക്ക് പ്രോബ്ലം.”

“മം”

“അല്ലാ താനീ വൈറ്റ് റോസ് ബൊക്കറ്റും കൊണ്ട് എവിടെ പോകുവാ? ഇനി സ്പെഷ്യൽ ആർക്കെങ്കിലും കൊടുക്കാനാണോ?”

“എസ്, സ്പെഷ്യൽ തന്നെയാണ്.”

“ഓഹോ അതാരാണ്? ഇനി ലവറിനാണോ?”

“ഹേയ് അല്ല, ഇതെന്റെ മമ്മയ്ക്കാണ്.”

“ആഹാ മമ്മക്കോ? ഇന്ന് തന്റെ മമ്മയുടെ ബർത്ത്ഡേ ആണോ?”

“അല്ല”

“പിന്നെ???”

“നാളെ ന്യൂ ഇയർ അല്ലേ. അപ്പൊ മമ്മയുടെ കൂടെ സെലിബ്രേറ്റ് ചെയ്യാമെന്ന് വിചാരിച്ചു.”

“അയ്യേ നീ മമ്മയുടെ കൂടെയാണോ ന്യൂ ഇയർ ഒക്കെ സെലിബ്രേറ്റ് ചെയ്യുന്നത്?”

“അതിനിപ്പോഴെന്താ?”

“അല്ല സാധാരണ എല്ലാവരും ഫ്രണ്ട്സിന്റെ കൂടെയല്ലേ ന്യൂ ഇയറൊക്കെ ആഘോഷിക്കുന്നത്, എന്നാൽ താനാണെ നേരെ തിരിച്ചും”

“എനിക്കെന്റെ മമ്മയുടെ കൂടെ ന്യൂ ഇയർ സെലിബ്രേറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ അത്ര സന്തോഷമൊന്നും വേറൊന്നിലും ലഭിക്കില്ല. ഇതിൽ മമ്മയും ഹാപ്പിയാണ് ഞാനും ഹാപ്പിയാണ്.”

“ഹാ തന്റെ കാര്യത്തിൽ അതൊക്കെ ശരിയായിരിക്കാം. ബട്ട്‌ എനിക്ക് അങ്ങനെയല്ല എന്റെ അമ്മയുടെ കൂടെ ന്യൂഇയർ സെലിബ്രേറ്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാനെ കഴിയില്ല. ആളെ അത്രക്ക് ടെറർ ആണ്.”

“അതിപ്പോ സ്വാഭാവികമായും എല്ലാവരുടെയും മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ സ്ട്രിക്റ്റും ടെററും ആയിരിക്കും.”

“മം, എന്നാലും ചില സമയത്തുള്ള അമ്മയുടെ ടോ-ർച്ചറിങ് ശരിക്കും സഹിക്കാൻ പറ്റില്ല അപ്പൊ പിന്നെ എന്റെ സമനില തെറ്റി ഞാൻ വായിൽ വരുന്നതൊക്കെ വിളിച്ചു പറയും. അത് കേൾക്കുമ്പോൾ അമ്മ കുറച്ചു സൈലന്റാകും.”

ഞാൻ പറഞ്ഞു കഴിഞ്ഞ് ജിനി കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം എന്നെയൊരു പുഞ്ചിരിയോടെ നോക്കിയിട്ട് സംസാരിച്ചു തുടങ്ങി.

“നീതു, അമ്മയില്ലാത്ത ഒരു ദിവസം നിനക്കെങ്ങനാ ഫീൽ ചെയ്യുന്നേ?”

“അന്ന് ഞാൻ ഭയങ്കര ഹാപ്പി ആയിരിക്കും. നമുക്ക് ഫ്രീഡം കിട്ടിയെന്നുള്ള ഒരു പോസിറ്റീവ് ഫീൽ ലഭിക്കും.”

“അപ്പൊ ശരിക്കും നിനക്ക് അമ്മയില്ലാതിരുന്നെങ്കിലോ?”

“വാട്ട്‌???”

“നിനക്കമ്മ ഒരു ശല്യമാണെന്ന് നീ പറയാതെ തന്നെ പറയുന്നുണ്ട്. അപ്പോ അമ്മയില്ലാത്ത ആ അവസ്ഥയിൽ നീ ശരിക്കും സന്തോഷം അനുഭവിക്കുമായിരിക്കുമല്ലേ..”

“ജിനി ഞാ…. ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല.”

“നീ എങ്ങനെ ഉദ്ദേശിച്ചാലും അമ്മയ്ക്ക് തുല്യം അമ്മ മാത്രമേയുള്ളൂ. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നീ എപ്പോഴെങ്കിലും അമ്മയുമായി ടൈം സ്പെൻഡ് ചെയ്തിട്ടുണ്ടോ?”

“………നോ”

“മം, നീ നിന്റെ ഫ്രണ്ട്സിന്റെ കൂടെ ഇന്ന് രാത്രി അമ്മ അറിയാതെ ന്യൂഇയർ ആഘോഷിക്കാനുള്ള പ്ലാനിനെ കുറിച്ച് കോഫിഷോപ്പിൽ വെച്ച് സംസാരിക്കുമ്പോൾ നിനക്ക് പിറകെയായി ഞാനുമത് കേട്ടിരുന്നു.

നീ ഫ്രണ്ട്സിന്റെ കൂടെ പോകുന്ന കാര്യം അമ്മയോട് പറഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല. അതിപ്പോൾ എന്റെ മമ്മയായാലും അങ്ങനെതന്നെ ചെയ്യൂ. ബട്ട് അതിനെ നീ ടോർച്ചറിങ് എന്ന് പറഞ്ഞു പുച്ഛിച്ചു തള്ളരുത്.

നിനക്കൊരു ചെറിയ നോവ് പറ്റിയാൽ ആദ്യം വേദനിക്കുന്നത് നിന്റെ അമ്മക്കായിരിക്കും. അതുകൊണ്ടാണ് നിന്റെ അമ്മ നിന്റെ കാര്യത്തിൽ സ്ട്രിക്ട് ആകുന്നത്.

നിനക്കൊരു പനി വന്നാൽ പോലും നീ ആദ്യം വിളിക്കുന്നത് അമ്മയല്ലേ, എന്നാൽ നേരെ തിരിച്ച് അമ്മയ്ക്ക് എപ്പോഴെങ്കിലും വയ്യായ്ക വരികയോ വല്ലോം ചെയ്താൽ നീ എന്താ ചെയ്യാറുള്ളത്.”

അവളുടെ ഓരോ ചോദ്യങ്ങൾക്കും മറുപടി എന്റെ മൗനം തന്നെയായിരുന്നു. കാരണം അവൾ പറഞ്ഞത് മുഴുവനും സത്യമാണ്.

“നിന്റെ ഈ മൗനത്തിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി നീ ഒരിക്കലും നിന്റെ അമ്മയെ മനസ്സിലാക്കിയിട്ടില്ല.”

അവൾ അത്രയും പറഞ്ഞു നിർത്തിയതിന് ശേഷം സൈക്കിൾ ഒരിടത്ത് ചാരി വെച്ചിട്ട് ബൊക്കറ്റ് കൊട്ടയിൽ നിന്ന് കയ്യിലെടുത്തു.

“എന്നാൽ ശരി ഞാൻ പോകുവാ”

“ജിനി”

“എന്താ നീതു?”

“Jini you are a good daughter and your mother is lucky to have a daughter like you💔”

അവൾ അതിനൊന്ന് ചിരിക്കുക മാത്രം ചെയ്തു. എന്നാൽ പെട്ടെന്നാണ് അവൾ കയറി പോയ സ്ഥലത്തേക്ക് എന്റെ കണ്ണുകൾ പതിഞ്ഞത്. അതൊരു സെമിത്തേരി ആയിരുന്നു. ഇവളെന്താ ഇവളുടെ അമ്മയെ കാണാതെ ഇങ്ങോട്ട് വന്നേക്കുന്നെ.

ഞാനും അവൾക്ക് പിറകെയായി സെമിത്തേരിയുടെ അകത്തേക്ക് കയറിയതും ഒരു ശവക്കല്ലറയ്ക്ക് പുറത്തായി ആ വൈറ്റ് റോസ് ബൊക്കറ്റ് വെച്ച് മുട്ടുകുത്തി ഇരിക്കുവായിരുന്നു അവൾ. ഞാൻ വേഗം അവൾക്കരികെയെത്തി അവളുടെ തോളിൽ ഞാൻ കൈവെച്ചതും തിരിഞ്ഞു പോലും നോക്കാതെ അവൾ സംസാരിച്ചുതുടങ്ങി.

“രണ്ടുവർഷങ്ങൾക്ക് മുമ്പുള്ള എന്നെയാണ് ഞാനിപ്പോ നിന്നിലൂടെ കാണുന്നത്. അന്നൊന്നും നിന്നെപ്പോലെ മമ്മയെ ഞാനും ഗൗനിച്ചിരുന്നില്ല. ആ മുഖത്തെ വിഷമവും വേവലാതികളൊന്നും എന്നെ ബാധിക്കുന്നവേ അല്ലായിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം മമ്മയുടെ വേർപാട് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അന്ന് വീട്ടിലും എന്റെ മനസിലും പിന്നെ അങ്ങോട്ടുള്ള ദിവസങ്ങളിലെല്ലാം ഒരു ശൂന്യത അനുഭവപ്പെടാൻ തുടങ്ങി. ഞാനിപ്പോ കടന്നു പോകുന്ന അവസ്ഥയിൽ നീയും എത്തരുത്, എനിക്കിപ്പോൾ ഇല്ലാതെ പോയ അമ്മയുടെ ഭാഗ്യം നിനക്കുണ്ട് ആ ഭാഗ്യം ഇല്ലെങ്കിലേ നിനക്ക് അതിന്റെ വില മനസ്സിലാകൂ.”

അവൾ പറഞ്ഞ ഓരോന്നും എന്റെ ഹൃദയത്തെ തൊട്ടുണർത്തിയിരുന്നു. വേഗം അവിടെനിന്ന് ഓടി വീട്ടിലെത്തി കിടക്കയിലേക്ക് വീണു. കൈകൊണ്ട് കാത് പൊത്തി തലയിണയിൽ മുഖമമർത്തി കിടന്നെങ്കിലും അവളുടെ വാക്കുകൾ അപ്പോഴും എനിക്ക് ചുറ്റും ഓടിനടന്നു.

കുറച്ചു കഴിഞ്ഞതും ഞാൻ മുഖമൊന്നു കഴുകി ബെഡിലിരുന്നു. ഫോണെടുത്ത് അവൾമാരോട് ന്യൂഇയറിന് വരുന്നില്ലെന്ന് പറഞ്ഞു. കാര്യകാരണങ്ങൾ ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.

കോളേജ് ഗ്രൂപ്പിൽ ഒത്തിരി മെസ്സേജ് കിടക്കുന്നത് കണ്ടു നോക്കിയതും അതിലെ വാർത്ത വായിച്ച് എന്റെ മിഴികളും നിറഞ്ഞു.

ഒരു മകൻ അമ്മയുടെയും അച്ഛന്റെയും ജീവൻ തിരിച്ചു തരുമോയെന്ന് ലോകത്തോട് കരഞ്ഞു ചോദിക്കുന്ന സമയത്ത് വേറൊരിടത്തു ഒരു മകൻ പെറ്റുവളർത്തിയ അമ്മയെ തല്ലിക്കൊല്ലുന്നു. എന്നാൽ ആ അമ്മയെ ക്രൂരമായി മർദ്ദിച്ചിട്ടും തനിക്ക് പരാതിയില്ലെന്ന് പോലീസുകാരോട് അമ്മ പറഞ്ഞു. മരണത്തെ അവർ മുഖാമുഖം കണ്ടപ്പോഴും തന്റെ മകനെക്കാൾ വേറെയൊന്നും ഇല്ലെന്ന് പറഞ്ഞ ആ അമ്മയെ ഓർത്ത് എനിക്ക് അഭിമാനം തോന്നി. ആ അമ്മ മാത്രമല്ല എല്ലാ അമ്മമാരും നമുക്ക് അഭിമാനം തന്നെയാണ്.

“നീതു, നീ വന്നിട്ടെന്താ എന്നോട് പറയാഞ്ഞേ? ദേ ചായ ഉണ്ടാക്കിയിട്ടുണ്ട് വന്നു കുടിച്ചേ. തണുത്തു പോയിട്ട് പിന്നെ എന്നെ കുറ്റം പറയരുത്.”

അടുക്കളയിൽ നിന്നുള്ള അമ്മയുടെ ഈ സ്ഥിര സംഭാഷണം തനിക്കെന്നും ആരോചകമായിരുന്നെങ്കിലും ഇപ്പോഴത് കേൾക്കാൻ ഒന്നൂടെ ആഗ്രഹിക്കുന്നുണ്ട്. ഞാൻ വേഗം അടുക്കളയിലെത്തി അമ്മയുണ്ടാക്കിയ കാപ്പി കുടിച്ചു തിരിഞ്ഞു നിന്ന് ജോലി ചെയ്യുന്ന അമ്മയെ ഞാൻ പിറകിലൂടെ ചേർത്ത് പിടിച്ചു ആ കവിളിൽ ഞാനൊരു ഉമ്മ കൊടുത്തു.

“നിനക്കെന്താ പെണ്ണെ വട്ടായോ?”

കവിളത്ത് കയ്യും വെച്ച് അന്തം വിട്ടു നിൽക്കുന്ന അമ്മയുടെ ചോദ്യത്തിൽ ഞാൻ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ച് ആ കവിളിൽ ഒരു നുള്ളും കൊടുത്തു.

“മം, എന്തോ കാര്യം സാധിക്കാൻ ഉണ്ടല്ലോ മോളെ?”

“ശെടാ എനിക്കെന്റെ അമ്മയെ ഒന്ന് സ്നേഹിക്കാനും പറ്റില്ല. ഇതെന്തൊരു കഷ്ടമാ.”

“മം, മതി മതി. പിന്നെ നിന്റെ മാമൻ വിളിച്ചിരുന്നു കുടുംബക്കാരെല്ലാം തറവാട്ടിൽ ന്യൂയർ ആയതുകൊണ്ട് ഒന്ന് ഒത്തു കൂടുന്നുണ്ട്. നമ്മളോട് വരുന്നോന്ന് ചോദിച്ചു. നിനക്ക് പിന്നെ നമ്മുടെ കുടുംബത്തോട്ട് വരാൻ തന്നെ താല്പര്യമില്ലല്ലോ. അതുകൊണ്ട് ഞാൻ നീ വന്നിട്ട് പറയാമെന്ന് പറഞ്ഞു.”

“അതിനെന്താ നമുക്ക് പോകാലോ? മാമനെ വിളിച്ചു വരാൻ പറ, നമുക്കപ്പോഴേക്കും ഒരുങ്ങി നിൽക്കാം.”

“അല്ല എന്താ നിനക്ക് ആകെയൊരു മാറ്റം?”

“മാറ്റമൊക്കെ എല്ലാവർക്കും അനിവാര്യമാണ്.”

“മം.”

അമ്മയൊന്ന് അമർത്തി മൂളി തിരിഞ്ഞു ജോലി ചെയ്യാൻ തുടങ്ങിയതും ഞാനമ്മയെ വീണ്ടും കെട്ടിപ്പിടിച്ച്,

“അമ്മ അയാം റിയലി സോറി ആൻഡ് ഐ ലവ് യൂ അമ്മ”

എന്ന് പറഞ്ഞ് കവിളിൽ ഒന്നൂടെയൊരു ഉമ്മ നൽകി.

‘ശോ ഈ പെണ്ണ്, ഇവൾക്ക് ശരിക്കും ഭ്രാന്തായെന്നാ തോന്നുന്നെ.’

അമ്മയുടെ പിറുപിറുക്കൽ കേട്ട് ഞാൻ നിറഞ്ഞ പുഞ്ചിരിയോടെ എന്റെ റൂമിലേക്ക് നടന്നു. മനസ്സിൽ ഇപ്പോൾ എന്തോ ഒരാശ്വാസം തോന്നുന്നു. ജിനി അവളാണ് എന്റെ കണ്ണിലെ അന്ധതയെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്, താങ്ക്യൂ ജിനി. കണ്ണടച്ച് പതിയെ മനസ്സിൽ മൊഴിഞ്ഞു. ഈ പുതുവർഷം മുതൽ എനിക്കെന്റെ അമ്മയെ മനസ്സുതുറന്ന് സ്നേഹിക്കണം.

ജിനി പറഞ്ഞതുപോലെ,

അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ്…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ശ്രുതി പ്രസാദ്

Leave a Reply

Your email address will not be published. Required fields are marked *