ഒറ്റ നോട്ടത്തിൽ തന്നെ എന്റെ മനസ്സ് അവൾ കവർന്നിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : പ്രവീൺ ചന്ദ്രൻ

“സാധനങ്ങളെടുക്കാൻ എനിക്ക് ടൗൺ വരെ ഒന്നു പോകണം നീ ഒന്ന് കടയിൽ പോയി ഇരിക്കോ?..”

ഓ..തുടങ്ങി ഈ അച്ഛനും ഒരു കടയും ബോറടി ക്കും അവിടെപോയി ഇരുന്നാൽ പിന്നെ പോക്കറ്റ് മണി അടിച്ചുമാറ്റാലോ എന്ന് വിചാരി ച്ചാണ് പല പ്പോഴും അവിടെ പോയി ഇരിക്കാറുളള ത്…

നാളെ എന്തായാലും കൂട്ടുകാർ ചേർന്ന് സിനിമക്ക് പോകാമെന്ന് ഏറ്റിട്ടുളളതാ.. കയ്യിലാണെങ്കിൽ പൈസയുമില്ല..എന്നാ ഇനി കട തന്നെ ശരണം…

“ശരി അച്ഛാ ഞാൻ പോകാം”

ബോറടി മാറ്റാൻ കടയിലെ ക്യാഷ് കൗണ്ടറിൽ മനോരമയും വായിച്ചിരിക്കുമ്പോഴാണ് ഞാനവളെ ആദ്യമായി കാണുന്നത്..

കടയുടെ മുന്നിലെ റോഡിന്റെ മറുവശത്തുളള മെഡിക്കൽ ഷോപ്പിൽ പുതിയതായി ജോലിക്കു വന്നതായിരുന്നു അവൾ..

നീലനിറത്തിലുളള ഒരു ചുരിദാറായിരുന്നു അന്ന് അവൾ ധരിച്ചിരുന്നത്… അത് അവൾക്ക് നന്നായി ചേരുന്നുമുണ്ടായിരുന്നു..നല്ല ഐശ്വരൃമുളള മുഖം..എവിടെയോ കണ്ടുമറന്നപോലെ തോന്നി..

ഒറ്റ നോട്ടത്തിൽ തന്നെ എന്റെ മനസ്സ് അവൾ കവർന്നിരുന്നു…

ഞാനവളെത്തന്നെ നോക്കിയിരുന്നു..

മരുന്ന് പൊതിയുന്നതിനിടയിൽ എപ്പോഴോ അവളുടെ ഒരു നോട്ടം എന്നിലും പതിഞ്ഞു..

എന്തോ പെട്ടെന്ന് ഞാൻ മുഖം വെട്ടിച്ചു കളഞ്ഞു.. തുടക്കത്തിൽത്തന്നെ വായ്നോക്കിയാണെന്ന് അവൾ വിചാരിക്കരുതല്ലോ… തന്നെയുമല്ല ഈ കാര്യത്തിൽ എനിക്കത്ര ധൈര്യം പോരാ..

പക്ഷെ എനിക്ക് വീണ്ടും നോക്കാതിരിക്കാൻ കഴിഞ്ഞില്ല..

അങ്ങനെ ഞങ്ങളുടെ നോട്ടങ്ങൾ ഇടക്കിടയ്ക്ക് കൂട്ടിമുട്ടിക്കൊണ്ടിരുന്നു…

പിന്നെപ്പിന്നെ കടയിൽ പോയി ഇരിക്കുക എന്നത് എനിക്ക് ഒരു ഹരമായി തുടങ്ങി…

അങ്ങനെ അവളെ കണ്ടുകൊണ്ടിരിക്കാൻ ഒരു രസമാണല്ലോ…

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു..

എന്റെ പ്രേമം തുറന്ന് പറയാൻ ഒരവസരത്തിനായ് ഞാൻ കാത്തിരുന്നു… അവൾക്കെന്നെ ഇഷ്ടമാ യില്ലെങ്കിലോ എന്ന ഭയം പലപ്പോഴും എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു എന്നതായിരുന്നു സത്യം..

പക്ഷെ ആ നോട്ടങ്ങളിൽ നിന്ന് അവൾക്കെന്നോട് എന്തോ ഒരിഷ്ടം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി..

ആയിടയ്ക്കാണ് എനിക്ക് ചെറിയൊരു ആക്സി ഡന്റ് പറ്റുന്നത്.. കാലിന് സാരമായ പരിക്കുണ്ടാ യതിനാൽ കുറച്ചു നാളത്തേക്ക് എനിക്ക് കടയിൽ പോകാൻ പറ്റിയിരുന്നില്ല.

അവളെ കാണാഞ്ഞിട്ട് മനസ്സിനെന്തോ ഒരു വിങ്ങൽ പോലെ.. അപ്പോഴാണ് അവളെ ഞാനെത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നതെന്ന് എനിക്ക് മനസ്സിലായത്.. ഒരാളിന് മറ്റൊരാളെ ഇഷ്ടപെടാൻ ഒരുപാട് കാലത്തെ പരിചയം ഒന്നും വേണ്ടാന്ന് എനിക്കപ്പോ മനസ്സിലായി…

ദിവസങ്ങൾ കഴിയും തോറും ആ വിരഹം കൂടി കൂടി വന്നു…

അവസാനം പരിക്ക് ഭേദമാകുന്നതിന് മുമ്പേ ഞാൻ കടയിലേക്ക് തിരിച്ചു..

കടയിലെ കസേരയിൽ കാല് അവൾ കാൺകെ ഉയർത്തി വച്ച് ഞാനിരുന്നു.. സിംമ്പതിയിൽ വീഴാത്ത പെണ്ണുങ്ങളില്ലല്ലോ? അതായിരുന്നു അതിനു പിന്നിൽ..

എന്നെ കണ്ടതും ഇതുവരെ കാണാത്തൊരു സന്തോഷം എനിക്കാ മുഖത്തു കാണാനായി…

എന്റെ കാലുനോക്കി എന്തു പറ്റി എന്ന് അവൾ ആംഗ്യഭാഷയിൽ ചോദിച്ചു..

അതിനുത്തരം കൊടുക്കുമ്പോൾ ആക്സിഡന്റ് പറ്റിയതിൽ ആദ്യമായി എനിക്ക് സന്തോഷം തോന്നി..

വീണ്ടും ഞങ്ങളുടെ നോട്ടങ്ങൾ കൂട്ടിമുട്ടിക്കൊണ്ടി രുന്നു.. പക്ഷെ ഇതുവരെ എന്റെ പ്രണയം അവളോട് തുറന്ന് പറയാൻ മാത്രം എനിക്കായില്ല..

അങ്ങനെ ഒരു ദിവസം രാവിലെ അമ്മ ആ മരുന്ന് കുറിപ്പ് എന്റെ കയ്യിൽ തന്നു..

“ഡാ നീ ഈ മരുന്ന് വാങ്ങിച്ചു കൊണ്ട് വരോ? അതില് ഷുഗറിനുളളത് വേണ്ടാട്ടാ..”

വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും മരുന്ന്.. അല്ല പാല് എന്നല്ലേ..ആ…

ഇന്ന് എന്തായാലും അവളോട് എന്റെ ഇഷ്ടം തുറന്ന് പറയണം ഞാൻ വിചാരിച്ചു..

ആ ഉദ്ദേശത്തോട് കൂടെ ഞാൻ തിടുക്കത്തിൽ അവിടേക്ക് നടന്നു..

അവളവിടെ തന്നെ ഉണ്ട്.. ഭാഗ്യത്തിന് മറ്റാരും തന്നെ അവിടെ ഉണ്ടായിരുന്നില്ല… ഇത് തന്നെ തക്കം എന്നെനിക്ക് തോന്നി…

എന്നെ കണ്ടതും അവളൊന്നു പകച്ചു..മുഖത്ത് പുഞ്ചിരി വരുത്താൻ അവൾ നന്നേ പാടുപെടുന്നു ണ്ടായിരുന്നു.

അവൾക്കും എന്നെപ്പോലെ പേടിയുടെ അസുഖം ഉണ്ടോന്നൊരു സംശയം…

“ഹലോ ഈ മരുന്നൊന്ന് തരാമോ?” കുറിപ്പ് നീട്ടി ഞാനവളോട് ചോദിച്ചു.. ഒന്നും മിണ്ടാതെ അവളാ കുറിപ്പ് വാങ്ങി മരുന്നെടുക്കാൻ പോകാനൊ രുങ്ങി…

“എനിക്കൊരു കാര്യം പറയാനുണ്ട്” വിറയാർന്ന സ്വരത്തോടെ ഞാൻ പറഞ്ഞു..

എന്തു കാര്യം എന്ന ഭാവേന അവൾ എന്നെ ഒന്നു നോക്കി..

തൊണ്ട വരളുന്നത് പോലെ എനിക്ക് തോന്നി..

“എനിക്ക് തന്നെ ഇഷ്ടമാണ്” സർവ്വ ധൈര്യവുമെടുത്ത് ഞാൻ പറഞ്ഞൊപ്പിച്ചു…

അവളൊന്നും പറയാതെ തിരിഞ്ഞു നടന്നു…

എനിക്കാകെ ചമ്മലായി…

“മറുപടി ഇപ്പോ പറയണമെന്നില്ലാട്ടാ.. ആലോചിച്ചു നാളെ പറഞ്ഞാ മതി..” പക്ഷെ അതിനും മൗനമായിരുന്നു ഉത്തരം..

അപ്പോഴാണ് ആ മെഡിക്കൽ ഷോപ്പിന്റെ ഓണർ അവിടേക്ക് വന്നത്..

“എന്താ അരുൺ..അമ്മക്ക് ഷുഗർ കുറവുണ്ടോ?”

ഉണ്ടെന്നുളള ഭാവേന ഞാൻ തലകുലുക്കി…

അയാളെ കണ്ടതും അവൾ പരിഭ്രമിച്ചുകൊണ്ട് മരുന്നെടുക്കാനായി അകത്തെ മുറിയിലേക്ക് പോയി…

ശ്ശെ!ഇയാൾക്ക് വരാൻ കണ്ട നേരം ഞാൻ അയാളെ നോക്കി പല്ലിറുക്കി…

മരുന്ന് പാക്ക് ചെയ്ത് ആ ലിസ്റ്റ് എന്റെ കയ്യിൽ തന്നിട്ട് അവളെന്നെ നോക്കി എന്തോ ആംഗ്യം കാട്ടി. അത് എനിക്കത്ര മനസ്സിലായതുമില്ല..

അയാൾ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായ തോടെ ഞാൻ അയാൾക്ക് പൈസ കൊടുത്ത് അവിടന്ന് തടിതപ്പി..

എന്നാലും എന്തായിരിക്കും അവൾ പറയാൻ ശ്രമിച്ചത് എന്നുളള ടെൻഷൻ എന്നെ അലട്ടാൻ തുടങ്ങി…

അമ്മയ്ക്ക് മരുന്ന് കൈമാറിയ ശേഷം ഞാൻ കോളേജിലേക്ക് പോയി..

ഇന്ന് അവസാന വർഷ റിസൾട് വരുന്ന ദിവസമാണ്… പക്ഷെ എന്റെ മനസ്സിൽ അതൊന്നുമില്ലായിരുന്നു… മനസ്സ് നിറയെ അവളായിരുന്നു.. നാളെ വരെ കാത്തിരിക്കാം അല്ലേ… ആ മറുപടിക്കായ്…

ഞാൻ പാസ്സായി എന്ന വൻ സംഭവത്തിന് പോലും എന്നെ സന്തോഷിപ്പിക്കാനായില്ല..

വീട്ടിലെത്തിയതും അമ്മ എന്നെ തടഞ്ഞു നിർത്തി..

“ഡാ നിന്നോട് ഷുഗറിന്റെ മരുന്ന് വേണ്ടെന്ന് പറഞ്ഞിട്ട്..”

ഹോ..അപ്പോഴാ ഞാനതോർത്തത് നാളെ തിരിച്ചു കൊടുക്കാം.. നാളെ അവളോട് സംസാരിക്കാൻ വീണ്ടും ഒരവസരം കിട്ടിയതിന്റെ സന്തോഷത്തി ലായിരുന്നു ഞാൻ..

“ആ ലിസ്റ്റ് നിന്റെ കയ്യിലുണ്ടല്ലോ അല്ലേ?” അമ്മയുടെ ആ ചോദ്യം എന്നെ തെല്ലാശങ്കയിലാ ക്കി…

ആ ലിസ്റ്റ് അലമാരയിലോ മറ്റോ വച്ചെന്നായിരുന്നു എന്റെ ഓര്‍മ്മ.. പക്ഷെ എത്ര തിരഞ്ഞിട്ടും എനിക്കത് കണ്ടെത്താനായില്ല.. അവസാനം പിന്നെ നോക്കാം എന്നാശ്വാസത്തിൽ ഞാൻ കിടക്കുവാനൊരുങ്ങി..

അന്ന് രാത്രി എങ്ങനെയാ കഴിച്ചു കൂട്ടിയത് എന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ..

രാവിലെ കുളിച്ചു കുട്ടപ്പനായി മരുന്നുമെടുത്ത് ഞാൻ കട ലക്ഷ്യമാക്കി നടന്നു…

ടെൻഷൻ നിയന്ത്രിക്കാൻ ഞാൻ നന്നേ പാടുപെട്ടു.. “അവൾക്കെന്നെ ഇഷ്ടമായിരിക്ക ണേ ദൈവമേ ” ഞാൻ പ്രാത്ഥിച്ചു..

പക്ഷെ എന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറച്ചുകൊണ്ട് അവളെ എനിക്കവിടെ കാണാൻ സാധിച്ചില്ല… പകരം വേറൊരാളായിരുന്നു..

“ഇവിടെ നിന്നിരുന്ന ആ കുട്ടി ഇന്ന് വന്നില്ലേ?”

” ആ കുട്ടി പോയല്ലോ..ബാംഗ്ലൂരോ മറ്റോ മെഡിക്കൽ കോഡിംഗ് പഠിക്കാനാണെന്ന് തോന്നുന്നു”

എന്റെ മനസ്സിൽ ഇടിത്തീ വീണത് പോലെയായി…

എന്നാലും ഒരു വാക്കുപോലും പറയാതെ പോയ്കളഞ്ഞല്ലോ.. എന്നോർത്ത് എന്റെ മനസ്സ് വേദനിച്ചു…

അവിടെ നിന്ന് എനിക്ക് മറ്റൊരു സത്യം കൂടെ അറിയാൻ കഴിഞ്ഞു.. അവൾക്ക് സംസാരശേഷി യില്ലെന്ന സത്യം…

അത് കേട്ടപ്പോൾ എനിക്ക് അവളോട് സഹതാപം തോന്നി.. ചിലപ്പോൾ അത് കൊണ്ടായിരിക്കാം അവളൊഴിഞ്ഞ് മാറിയത്… എന്തോ അത് അതോടെ അവസാനിച്ചു എന്നാണ് ഞാൻ കരുതിയത്… ദിവസങ്ങൾ കടന്നുപോയി..പിന്നീട് കടയിലേക്ക് ഞാൻ പോയതേയില്ല… എന്തോ മനസ്സിന് ഒരു വല്ലായ്മ പോലെ…

എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും എനിക്കാ മുഖം മറക്കാൻ കഴിഞ്ഞില്ല…

ഒരു ദിവസം ഞാനെന്തോ തിരയുന്നതിനിടയി ലാണ് ആ മരുന്നിന്റെ കുറിപ്പ് എനിക്ക് കിട്ടിയത്…

അമ്മയ്ക്ക് കൊടുത്തേക്കാം എന്ന് വിചാരിച്ച് അതെടുത്തപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത് അതിലെന്തോ ചുവന്ന മഷികൊണ്ട് എഴുതിയിരിക്കുന്നു.. അത് വായിച്ചതും എന്റെ കണ്ണു നിറഞ്ഞു..

പിറ്റെ ദിവസം തന്നെ ഞാൻ ബാംഗ്ലൂർക്ക് ടിക്കറ്റെടുത്തു… അവളെ കാണാനായി എന്റെ മനസ്സ് വെമ്പൽ കൊണ്ടു…

കുറച്ച് ദിവസത്തെ അന്വേഷണങ്ങൾക്ക് ശേഷം എന്റെ പ്രണയിനിയെ ഞാൻ കണ്ടെത്തി…

എന്നെ കണ്ടതും അവൾ ഓടി വന്നു.. ആംഗ്യഭാഷ യിൽ പരിഭവം പറഞ്ഞു… ഇത്ര നാളും എവിടെയാ യിരുന്നു എന്നാണവൾ പരിഭവം പറഞ്ഞത് എന്നെനിക്ക് മനസ്സിലായി..

പിന്നീട് ഞങ്ങളൊരുപാട് സംസാരിച്ചു…അല്ലേലും പ്രേമത്തിന് ഭാഷയില്ലല്ലോ… കാലം കടന്നുപോയ് കൊണ്ടിരുന്നു..

ഇപ്പോൾ എനിക്കവളോട് അവളുടെ ഭാഷയിൽ ആശയവിനിമയം നടത്താ ൻ കഴിയും..

അങ്ങനെ അധികം വൈകാതെ തന്നെ അവൾ എന്റെ നല്ല പാതിയായി…

ഇനി പറ നിങ്ങൾക്ക് അറിയണ്ടേ ആ കുറിപ്പിലെ ന്താ എഴുതിയിരുന്നതെന്ന്?

“ഈ മിണ്ടാപ്രാണിയെ സ്വീകരിക്കാനുളള മനസ്സുണ്ടെങ്കിൽ മാത്രം തേടിവരുക…”

അതായിരുന്നു ആ കുറിപ്പിൽ..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന : പ്രവീൺ ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *