പെൺകുട്ടികൾക്ക് കൊടുക്കേണ്ട ഏറ്റവും വലിയ സമ്പാദ്യം വിദ്യാഭ്യാസവും പിന്നെ അവരെ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുമാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അമിത വാഹിദ്

“ഓ പിന്നെ, അങ്ങേര് വന്നു ചോദിക്കുമ്പം കൊടുക്കാൻ ഇവിടെ വെറുതെ എടുത്ത് വെച്ചെക്കല്ലെ സ്വർണ്ണം”

“നീ എന്തുവാ രമേ ഈ പറയുന്നത്. ഈ അങ്ങേര് എന്ന് പറയുന്നത് നിന്റെ ചേട്ടനല്ലെ? അദ്ദേഹം പണ്ട് മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് കൊണ്ടല്ലെ നിന്നെ കെട്ടിച്ചു വിട്ടത്? എന്നിട്ടിപ്പം രമേഷേട്ടൻ ഒരാവശ്യത്തിന് സഹായം ചോദിച്ചു വന്നപ്പം നീ അങ്ങനെ പറഞ്ഞത് ശരിയായില്ല. നിന്റെ സ്വർണ്ണങ്ങൾ ഒന്നും ഞാൻ എടുത്തിട്ടില്ലല്ലോ. എല്ലാം ലോക്കറിൽ അതുപോലെ ഇരിക്കുന്നില്ലെ. ഇതിപ്പം ചേട്ടന്റെ മോളുടെ കല്യാണത്തിന് വേണ്ടിയല്ലെ. നമുക്ക് സഹായിക്കാമായിരുന്നു.”

“നിങ്ങളൊന്നു പോ രാജീവേട്ട, നിങ്ങളുടെ നല്ല മനസ്സ് കൊണ്ടാണിങ്ങനൊക്കെ പറയുന്നത്. കാര്യം എന്റെ ചേട്ടനൊക്കെയാ. എന്റെ കല്യാണം നടത്തിയതും ചേട്ടനാണ്. പക്ഷെ എന്നും പറഞ്ഞ് ഉള്ളതൊക്കെ എടുത്ത് കൊടുത്താലെങ്ങനാ, നമുക്കും രണ്ട് പെൺമക്കൾ അല്ലെ വളർന്ന് വരുന്നത്. അവരുടെ ഭാവി നമ്മൾ നോക്കണ്ടേ” രമ പറഞ്ഞു നിറുത്തി.”

*** “രമേഷേട്ടൻ ഇതെപ്പം വന്നു? അടുക്കളയിൽ കുറച്ചു പണിയിലായിരുന്നു ഞാൻ. എന്തായി രമയുടെ അടുത്ത് പോയിട്ട്. അവൾ സ്വർണ്ണം തരാന്ന് പറഞ്ഞോ?”

” നീ കുടിക്കാൻ കുറച്ച് വെള്ളമെടുക്ക്. പുറത്ത് നല്ല വെയിൽ. വല്ലാത്ത ദാഹം”

രമേശിന്റെ മുഖം കണ്ടപ്പോയെ ശ്രീദേവിക്ക് കാര്യങ്ങൾ ഏകദേശം പിടി കിട്ടി. പിന്നെ രമയുടെ സ്വഭാവം ശ്രീദേവിക്ക് നേരത്തെ അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ മോളുടെ കല്യാണകാര്യത്തിനായി രമയോട് സഹായം ചോദിക്കാമെന്ന് പറഞ്ഞപ്പം വേണ്ടാന്ന് പറഞ്ഞതുമാ. പക്ഷെ രമേശേട്ടൻ ഒരു ശുദ്ധനാണ്. അനിയത്തിയുടെ സ്വഭാവം പുള്ളിക്കാരന് ഇത് വരെ പിടികിട്ടിയിട്ടില്ല. പിന്നെ മോളുടെ കാര്യത്തിന് വേറെ വഴി ഇല്ലാഞ്ഞിട്ടാണ്. കഷ്ടപ്പെട്ടു ഉണ്ടാക്കിയതൊക്കെകൊണ്ട് കുടുംബവും നോക്കി പെങ്ങൻമാരെയും കെട്ടിച്ചു. അന്നേ ഞാൻ പറഞ്ഞതാ. നമുക്കും രണ്ട് പെൺ മക്കളാണെന്ന്. പക്ഷെ ആര് കേൾക്കാൻ!

” ടീ,നീ എന്തുവാ വല്ല ദിവാസ്വപ്നവും കാണുവാണോ, ഞാൻ വെള്ളം ചോദിച്ചത് കേട്ടില്ലെ? ”

“ഏട്ടാ ഞാൻ എന്തൊ ആലോചിച്ചു നിന്നു പോയി. ദാ ഇപ്പം കൊണ്ട് വരാം വെള്ളം”

ശ്രീദേവി അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ്സ് വെള്ളവുമായി വന്നു രമേശിന് കൊടുത്തു. വെള്ളം കുടിച്ചിട്ട് ഗ്ലാസ്സ് ശ്രീദേവീടെ കൈയ്യിൽ കൊടുത്തു കൊണ്ട് അയാൾ പറഞ്ഞു

” അവളുടെ സാർണ്ണമൊക്കെ പണയത്തിലാടി.രാജീവന് കടയുടെ ആവശ്യത്തിനായി പണയം വെച്ചതാ. അത് ഉടനെ എടുക്കാൻ പറ്റുന്ന സാഹചര്യമല്ല. നമ്മളെ സഹായിക്കാൻ പറ്റാത്തതിൽ പാവം… അവൾക്ക് നല്ല സങ്കടമുണ്ട്.”

പെങ്ങളെക്കുറിച്ച് താൻ എന്തു പറഞ്ഞാലും രമേശൻ വിശ്വസിക്കില്ലാന്നറിയാവുന്ന കൊണ്ട് ശ്രീദേവി എല്ലാം മൂളി കേൾക്കുക മാത്രം ചെയ്തു.

“ഏട്ടാ ഇനിയിപ്പം എന്താ ചെയ്യാ? കല്യാണത്തിന് ഇനി അധിക നാളില്ലല്ലോ?”

” അത് നമുക്ക് എന്തേലും ചെയ്യാടി. ദൈവം ഒരു വഴി കാണിക്കാതിരിക്കില്ല. മക്കളോടിതൊന്നും ഇപ്പം പറയണ്ട. അല്ല മീര മോൾ എവിടെ ?”

” ഞാനിവിടെ ഉണ്ട് അച്ഛാ. ഞാൻ എല്ലാം കേട്ടു.”

“എന്റെ മോൾ ഇതൊന്നും ഓർത്തു വിഷമിക്കണ്ട. അച്ഛൻ എല്ലാം നോക്കി കോളാം. മോൾ സന്തോഷായിട്ടിരിക്ക്.”

രമേശൻ മീരയെ ചേർത്ത് നിറുത്തി പറയുമ്പോൾ പുറത്തേക്കു ഉതിരുന്ന കണ്ണുനീർ മറച്ചു വെക്കാൻ അയാൾ നന്നേ പാട്‌പെട്ടിരുന്നു.

” അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്”

“എന്താ മോളെ? എന്നോട് പറയാൻ മോൾക്ക് എന്തിനാ ഒരു മുഖവുര?’

” ഞാൻ ഇന്ന് മഹേഷേട്ടനെ വിളിച്ചായിരുന്നു. വീട്ടിലെ കാര്യങ്ങൾ എല്ലാം പറഞ്ഞു. ഇപ്പം ഈ കല്യാണം നടത്താൻ പണമായിട്ടും സ്വർണ്ണമായിട്ടും അച്ഛന്റെ കൈയ്യിൽ ഒന്നുമില്ലാന്ന്. അത് കൊണ്ട് അച്ഛനെ ബുദ്ധിമുട്ടികാതെ ഇവിടുത്തെ ക്ഷേത്രത്തിൽ വെച്ച് ഒരു ചെറിയ ചടങ്ങായി മാത്രമേ കല്യാണം നടത്താൻ പറ്റുള്ളൂന്ന് പറഞ്ഞു. അതിന് മഹേഷേട്ടന്റെ വീട്ടുകാർക്ക് സമ്മതമല്ലെങ്കിൽ ഈ കല്യാണത്തിൽ നിന്നും ഞാൻ പിൻമാറുവാന്ന് പറഞ്ഞു.”

” ടീ എന്തുവാടീ അധിക പ്രസംഗി നീ കാട്ടിയെ?”

ശ്രീദേവി അവളെ പിടിച്ച് മാറ്റി കൊണ്ട് ചോദിച്ചു.

” അത് പിന്നെ അമ്മ… ഇവിടുത്തെ കാര്യങ്ങൾ ഓർത്തപ്പം ഞാൻ…. എനിക്ക് അങ്ങനെ ചെയ്യാനാ തോന്നിയത്. അല്ലെങ്കിൽ തന്നെ എനിക്ക് അച്ഛനും അമ്മയും നല്ല വിദ്യാഭ്യാസം തന്നില്ലെ എനിക്ക് നല്ല ഒരു ജോലിയും ഉണ്ട്. പിന്നെന്തിനാ ഇനി സ്ത്രീധനം എന്ന പേരിൽ സ്വർണവും പണവുമൊക്കെ കൊടുക്കുന്നേ? അങ്ങനെ പൈസ കൊടുത്ത് എനിക്ക് ഒരു ജീവിതം വേണ്ട.”

” എന്നാലും ഈ നാട്ടുനടപ്പ് നമ്മൾ നോക്കണ്ടേ?” ശ്രീദേവിയാണ് ചോദിച്ചത്.

“എന്ത് നാട്ട്നടപ്പ് അമ്മ? അതൊക്കെ ഓരോ കാലത്തും നമ്മൾ ഉണ്ടാക്കുന്നതല്ലേ?”

“അതൊക്കെ ശരിയാണ്. പക്ഷെ ഇതിന്റെ പേരിൽ മോൾക്ക് വന്ന നല്ലൊരു കല്യാണം മുടങ്ങുക എന്ന് വെച്ചാൽ. അച്‌ഛന് അത് സഹിക്കില്ല. അമ്മ പറയാറുള്ളത് ശരിയാ. ഞാൻ എന്റെ മക്കളെക്കുറിച്ച് ഓർത്തതേയില്ല. അവർക്കായി ഒന്നും സമ്പാദിക്കാൻ അച്ഛന് പറ്റിയില്ല. മോൾ അച്ഛനോട് ക്ഷമിക്കണം”

“എന്താ അച്ഛ ഇതൊക്കെ? എന്നോട് എന്റെ അച്ഛൻ ക്ഷമ ചോദിക്കുകയോ? പിന്നെ കല്യാണം മുടങ്ങീന്ന് ആരാ പറഞ്ഞേ? മഹേഷേട്ടനോട് എന്നെ പെണ്ണ് കാണാൻ വന്ന ദിവസം തന്നെ ഞാൻ എല്ലാം പറഞ്ഞായിരുന്നു. പിന്നെ മഹേഷേട്ടൻ അറിയാതെയാണ് വീട്ടുകാര് ഇതൊക്കെ പറഞ്ഞത്. ഞാൻ ഇന്ന് വിളിച്ച് കാര്യം പറഞ്ഞപ്പോൾ ഏട്ടൻ അമ്മയെ പറഞ്ഞു മനസ്സിലാക്കി. അമ്മ കുറച്ച് മുന്നെ എന്നെ വിളിച്ചായിരുന്നു. അവർക്ക് എന്നെ മാത്രം മതിയെന്നു പറയാൻ. അച്ഛനെ അന്വേഷിച്ചായിരുന്നു. അച്ഛൻ അപ്പച്ചീടെ വീട്ടിൽ പോയിന്നു ഞാൻ പറഞ്ഞു. വന്നിട്ട് വിളിക്കാന്നും.”

” എന്റെ ദേവീ… ഇപ്പോഴാണ് ഒന്ന് സമാധാനം ആയത്.” സാരി തുമ്പിൽ കണ്ണുകൾ തുടച്ച് കൊണ്ട് ശ്രീദേവി പറഞ്ഞു.

” അച്ഛാ, പിന്നെ അച്ഛനെന്താ പറഞ്ഞത്? ഞങ്ങൾക്കായി ഒന്നും സമ്പാദിച്ചില്ലെന്നോ? ഇന്നത്തെക്കാലത്ത് പെൺകുട്ടികൾക്ക് കൊടുക്കേണ്ട ഏറ്റവും വലിയ സമ്പാദ്യം വിദ്യാഭ്യാസവും പിന്നെ അവരെ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുമാണ്. അങ്ങനെ നോക്കുമ്പോൾ അച്ഛനും അമ്മയും ഞങ്ങൾക്ക് അത് തന്നിട്ടുണ്ട്. നിങ്ങൾ നൽക്കുന്ന ധൈര്യവും ആത്മവിശ്വാസവുമാണ് എല്ലാത്തിലും വലുത്.”

രമേശൻ മീരയെ ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു എന്നിട്ട് ശ്രീദേവിയോട് പറഞ്ഞു

” ടീ… നീ എന്തുവാ പറഞ്ഞത്. എനിക്ക് ഒരു സമ്പാദ്യവും ഇല്ലന്നോ? ദാ നോക്ക് ഇവരാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. ഇങ്ങനെയുള്ള മക്കളെ കിട്ടിയ നമ്മൾ അല്ലെയോടീ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നർ!!”

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: അമിത വാഹിദ്

Leave a Reply

Your email address will not be published. Required fields are marked *