ജീവിക്കുന്ന അത്രയും കാലം സ്നേഹിക്കുന്നവരെ മനസ്സിലാക്കി ജീവിക്കണം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രേഷ്ജ അഖിലേഷ്

“ഹലോ ഏട്ടനെവിടെയ? എത്താറായോ. എന്നാ വേഗം വാ. വെയ്ക്കുവാണേ”

നീന അരുണിനോട് ഫോണിൽ സംസാരിക്കുന്നത് കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു മിയ. കണ്ണിൽ പൊടിഞ്ഞ ഒരു നീർക്കണം വിരൽ തുമ്പാലെ പതിയെ തുടച്ചു കൊണ്ട് മിയയ്ക്ക് അഭിമുഖമായി ഇരുന്നു.

“എന്താ നീനാ. നിന്റെ പഴയ സ്വഭാവം മാറിയില്ലാലെമിണ്ടുമ്പോഴേക്കും കരച്ചിൽ. കരയാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായേ.”

“ഒന്നുമില്ലെടി. എന്റെ സ്വഭാവം അന്നും ഇന്നും എന്നും ഒരുപോലെ ആയിരിക്കും. എനിക്ക് വേണ്ടപ്പെട്ടവർക്ക് മുൻപിൽ മുൻപിൽ ആണെന്ന് മാത്രം.”

പുറത്ത് അരുണിന്റെ കാർ ഗേറ്റ് കടന്നു വരുന്ന ശബ്ദം കേട്ടുകൊണ്ട് മിയയും നീനയും എഴുന്നേറ്റ് വരാന്തയിലേക്ക് പോയി. അരുൺ വരാന്തയിലേക്ക് നോക്കിയതും നീന മിയയെ ചേർത്ത് നിർത്തിയതാണ് കണ്ടത്.

“ഹെല്ലോ. മിയാ. സർപ്രൈസ് ആയിപ്പോയല്ലോ. നീന ഒന്നും പറഞ്ഞില്ല.”

“നീനയോട് ഞാനാ പറഞ്ഞത് സർപ്രൈസ് ആയിക്കോട്ടെന്ന്. ”

“ആഹാ നീന,മിയ ചായകുടിച്ചോ? ”

“അതൊക്ക കഴിഞ്ഞു. പോകാൻ തിരക്കിട്ടു നിൽക്കാ..”

“ആണോ. ദാ ഷവർമ വാങ്ങിയിട്ടുണ്ട് ചൂടാറും മുൻപേ കഴിച്ചോളൂ. മിയ ഉള്ളത് അറിഞ്ഞില്ലല്ലോ ഒരെണ്ണമെയുള്ളു ”

“അയ്യോ എനിക്ക് വേണ്ടായേ. ഭാര്യയ്ക്ക് വാങ്ങിയതല്ലേ. അല്ലെങ്കിലും നോൺ വെജ് നോട്‌ ഇപ്പൊ താല്പര്യമില്ല.”

“എന്ന ഞാൻ ഫ്രഷ് ആയിട്ടു വരാം നിങ്ങൾ സംസാരിച്ചിരിക്ക്.”

“ഏട്ടാ ദാ കഴിച്ചു നോക്കിയേ ചൂടാറിയിട്ടില്ല.” നീന ഷവർമ റോളെടുത്ത് ഒരു ചെറിയ കഷ്ണം അരുണിന്റെ വായിൽ വെച്ചു കൊടുത്തു. അരുൺ കഴിക്കാൻ താൽപ്പര്യം കാണിക്കുന്നില്ലെങ്കിലും സ്നേഹത്തോടെ കഴിപ്പിക്കുന്ന നീനയെ കണ്ട് മിയ വീണ്ടും അത്ഭുതപ്പെട്ടു. അരുൺ അകത്തേയ്ക്കു പോയി.

“നിന്നെഎനിക്ക് മനസ്സിലാകുന്നില്ല നീന. അരുണിനോട് നീ എന്താ പലപ്പോഴും പല രീതിയിൽ പെരുമാറുന്നത്. ഫോൺ വിളിച്ചു കഴിഞ്ഞ് അവനോടുള്ള വെറുപ്പും സങ്കടവും സഹിക്കാൻ കഴിയാതെയല്ലേ നീ കരഞ്ഞത്. എന്നിട്ടിപ്പോ ഭക്ഷണം വായിൽ വെച്ചു കൊടുത്തു നിർബന്ധിച്ചു കഴിപ്പിക്കുന്നു!”

“അതിനിയും നിനക്ക് മനസ്സിലായില്ലേ മിയെ. എന്റെ ആത്മസുഹൃത്താണെന്ന് പറഞ്ഞു നടന്നിട്ട്. കഷ്ട്ടം.”

“ദേ നീന എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടാ. ഞാൻ നിന്റെ നല്ല ഫ്രണ്ട് അല്ലെന്ന് നിനക്കിപ്പോ തോന്നുന്നുണ്ടോ. നിനക്കെന്നെ വിശ്വാസമില്ലേ?” മിയ പരിഭവിച്ചു.

“ന്റെ പൊന്നു മിയക്കുട്ടി. എനിക്ക് നിന്നെ വിശ്വാസമാണ്. എന്റെ അരുണേട്ടനെ വിശ്വാസമില്ല.”

ഇത്തവണയും ഒന്നും മനസ്സിലാകാതെ ഇരിക്കുന്ന മിയയെ കണ്ട് നീനയ്ക്ക് പാവം തോന്നി.

“എടി മണ്ടിപെണ്ണേ. ഈ കാലത്ത് ആരെയും വിശ്വസിക്കാൻ പാടില്ല. അരുണേട്ടൻ കൊണ്ടു വരുന്ന ഒന്നും തന്നെ അരുണേട്ടൻ കഴിപ്പിക്കാതെ ഞാൻ കഴിക്കാറില്ല. മരിക്കാൻ പേടിയില്ല. പക്ഷെ ഞാനറിയാതെ ആരും എന്നെ പറ്റിക്കരുത്.ആർക്കറിയാം അതിൽ ചതിയില്ലെന്ന്?

“ശ്ശേ… നീയെന്താ ഇങ്ങനെ അരുണേട്ടൻ നിന്നെ അപായപ്പെടുത്തുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ. നിന്നോട് എന്ത് സ്നേഹമാണ് അരുണേട്ടന്. നീയിങ്ങനെ ചീപ് ആവല്ലേ. അരുണേട്ടൻ ഇത്‌ വല്ലതും അറിഞ്ഞാലോ?.പാവം ”

“പാവമാണത്രെ. വെറുപ്പാണ് എനിക്ക്. ജീവിതത്തിൽ എന്നോട് ഏറ്റവും കൂടുതൽ നുണ പറഞ്ഞിട്ടുള്ളത് അയാളാണ്. പറയുന്നത് നുണയാണെന്ന് അറിഞ്ഞുകൊണ്ട് കൊണ്ട് തന്നെ വിശ്വസിച്ചതായി അഭിനയിച്ചു നിൽക്കേണ്ടി വരുന്ന വേദന നീ അറിഞ്ഞിട്ടുണ്ടോ?” പകയോടെ നീന പറഞ്ഞു നിർത്തി.

“ഭർത്താവിന്റെ ഏത് വൃത്തികേടും സഹിക്കുന്ന സ്ത്രീകളുണ്ട്. കള്ളുകുടിച്ചു തല്ലിയാലും കുടുംബം നോക്കിയില്ലെങ്കിലും അതെല്ലാം ക്ഷമിച്ചു നിൽക്കുന്നവർ. ഭർത്താവിന് അവിഹിതം ഉണ്ടെന്ന് അറിയുമ്പോൾ മാത്രം പൊട്ടിത്തെറിക്കുന്ന ഭാര്യമാർ പറയുന്ന ഒരു വാചകമുണ്ട്. എന്തും സഹിക്കും. പരസ്ത്രീ ബന്ധം ഒഴികെയെന്ന് ”

“നീനാ… അപ്പൊ അരുണേട്ടനും?”

“ഏയ്യ്… എനിക്കറിയില്ല മിയാ… അരുണേട്ടൻ പറയുന്ന എല്ലാ നുണയുടെ സത്യാവസ്ഥയും ഞാൻ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്.പക്ഷെ ഇത്തരത്തിലൊന്നും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇനി അങ്ങനെയൊന്നും ഇല്ലായെന്ന് എനിക്ക് ഉറപ്പും ഇല്ല. കാരണം എനിക്ക് അയാളെ വിശ്വാസമില്ല. ഞാൻ പറഞ്ഞു വന്നത് നീ തെറ്റിദ്ധരിച്ചു. എല്ലാ സ്ത്രീകളും അവരുടെ ഭർത്താക്കന്മാർക് അവിഹിതം ഉണ്ടെന്നറിയുമ്പോൾ പ്രതികരിയ്ക്കുന്നത് എന്താണെന്നറിയുമോ. അത് ജീവന്റെ പാതിയായവൻ വിശ്വാസ വഞ്ചന കാണിച്ചുവല്ലോ എന്നോർത്താണ്. അതല്ലാതെ ശരീരം പങ്കു വെച്ചു പോയല്ലോ എന്നോർത്തല്ല. വിശ്വാസമാണ് എല്ലാത്തിനും അടിസ്ഥാനം. അതില്ലെങ്കിൽ പിന്നെ… എല്ലാം അഭിനയം മാത്രം ”

“നിനക്ക് അരുണേട്ടനോട് സ്നേഹമില്ലേ.വീട്ടുകാർ ഉറപ്പിച്ച കല്യാണമായിരുന്നിട്ടു കൂടി ഒരുപാട് നാൾ പ്രണയിച്ചവരെ പോലെ അത്രയും സ്നേഹമായിരുന്നില്ലേ പരസ്പരം.”

“ഉണ്ടല്ലോ പക്ഷെ ആദ്യത്തെപ്പോലെയില്ല. എന്റെ മരണം വരെയും ഞാൻ സ്നേഹിക്കാൻ ശ്രമിക്കും”

“നിങ്ങൾക്ക് പരസ്പരം സ്നേഹിച്ചു കഴിഞ്ഞുകൂടെ നീന. നിന്നോട് പലതും ഒളിപ്പിക്കുന്നത് നിന്നെ ഇഷ്ട്ടമല്ലാഞ്ഞിട്ടല്ല എന്ന് നിനക്കറിഞ്ഞുകൂടെ. പല ബന്ധങ്ങളും കൊഴിഞ്ഞു പോകാതിരിക്കാനാണ് അരുണേട്ടൻ പണത്തിന്റെയും മറ്റുകാര്യങ്ങളിലും നീയറിയാതെ കളവു കാണിക്കുന്നതും സ്വന്തക്കാരെയും നിന്നെയും ഉപേക്ഷിക്കാൻ കഴിയാത്ത ഘട്ടങ്ങളിൽ സ്വയം കുറ്റവാളിയാകുന്നതും. തുറന്നു പറഞ്ഞാൽ തീരാവുന്നതല്ലേയുള്ളു ഇതൊക്ക. ”

“എന്തിന്. ഒരുപാടു തവണ വഴക്കിട്ടിട്ടില്ലേ. ആർക്കുവേണ്ടിയൊക്കെ സഹായം ചെയ്തിട്ടുണ്ടോ അവരൊക്കെയും തള്ളി പറഞ്ഞ പല സന്ദർഭങ്ങൾ ഉണ്ടായിട്ടും പഠിച്ചില്ല. തമ്മിൽ ഒരുപാട് സ്നേഹമുണ്ടായിട്ടും സന്തോഷത്തോടെ കഴിയാൻ സാധിച്ചിട്ടുണ്ടോ. ഇപ്പോൾ ഒരുപാട് വൈകി. ഇനിയൊരു അവസരമില്ല. ഈ വൈകിയ വേളയിൽ ആത്മാർത്ഥമായി സ്നേഹിക്കാൻ എനിക്കാകില്ല. ” പറഞ്ഞു തീരുമ്പോഴേക്കും ഒരുപാട് കണ്ണുനീർ തുള്ളികൾ അവളുടെ മുഖം നനച്ചു കൊണ്ടിരുന്നു.

“മറ്റുപലരുടെയും അനാവശ്യ ഇടപെടലുകളാണ് നീന നിങ്ങളുടെ പ്രശ്നം. ഒരു കുട്ടിയൊക്ക ആയിക്കഴിയുമ്പോൾ ഭാവിയെ കുറിച് അരുണേട്ടൻ ബോധവാനാകും. ജീവിതം ഇനിയും കിടക്കുകയല്ലേ നീനാ…”മിയാ അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.

“ഹഹഹ… നീയെന്ത പറഞ്ഞെ എന്റെ മിയക്കുട്ടി… ഇനിയും പിണങ്ങാനും ഇണങ്ങാനും ഒരുപാട് കാലം ദൈവം എനിക്ക് കാത്തു വെച്ചിട്ടുണ്ടെങ്കിൽ ഒരു പക്ഷേ ഞാൻ എല്ലാം ക്ഷമിച്ചും തിരുത്തിയും കലർപ്പില്ലാതെ സ്നേഹിച്ചും കഴിയുമായിരുന്നു.പക്ഷെ ” ഇത്തവണ നീനയ്ക് ശബ്ദമിടറി.

“നീനാ ” മിയയ്ക്കും കണ്ണു നിറഞ്ഞു പോയി.

“എനിക്ക് കിട്ടിയ ഈ കുറച്ചു വർഷങ്ങൾ എനിക്ക് കരയാനും വഴക്കിടുവാനും മാത്രമേ തികഞ്ഞുള്ളു. സ്വാർത്ഥത മാത്രം കൈമുതലാക്കിയവർ പണത്തിനു വേണ്ടി പുറകെ കൂടിയപ്പോൾ ഭാര്യയുടെ ആശങ്കകൾ കുറ്റപ്പെടുത്തലുകളായി കണ്ടു അരുണേട്ടൻ. ഇനി പറഞ്ഞിട്ടെന്താ ഈ ശല്ല്യം അവസാനിക്കാൻ പോകുന്നു. അതിന്റെ സൂചനകൾ ശരീരം കാണിച്ച് തുടങ്ങിയത് വളരെ വൈകിയാണ്. പരിശോധനാ ഫലങ്ങൾ ഷെൽഫിൽ ഒളിവിൽ താമസിക്കുകയാണ്. ദിവസങ്ങളോ മാസങ്ങളോ മാത്രം. ഇനിയുള്ള കുറച്ചു നാളുകൾ സന്തോഷത്തോടെ കഴിയാനാണ് വേദനാ സംഹാരികളോടൊപ്പം ഡോക്ടർ ടെ കുറിപ്പടി.”

മിയയ്ക്ക് ഏതാണ്ട് മനസ്സിലായി. അവൾക് തല കറങ്ങുന്ന പോലെ തോന്നി. കാൽപെരുമാറ്റം കേട്ട് നീന തിരിഞ്ഞു നോക്കിയപ്പോൾ എല്ലാമറിഞ്ഞു ആത്മാവ് നഷ്ടമായവനെപ്പോലെ അരുൺ.

“നീന… നീ ” അവന്റെ വാക്കുകൾ കരച്ചിലിന്റ ശക്തിയാൽ പുറത്തേയ്ക്ക് വന്നില്ല.

“ആഹാ എല്ലാം കേട്ടോ. അപ്പൊ ഇനി എന്റെ മരണ ശേഷം എനിക്ക് നിങ്ങളോട് പറയാനുണ്ടായിരുന്നത് പറയാൻ മിയയുടെ സഹായം എനിക്ക് വേണ്ടി വരില്ലല്ലേ. സന്തോഷം. നിങ്ങൾ കരയരുത് ചിരിക്കണം. എന്റെ മരണ ശേഷം എന്നോട് കാണിച്ച നീതികേട് ഓർത്തു മാത്രം നിങ്ങൾ കരയാൻ പാടുള്ളു.നിങ്ങളുടെ സ്വത്തുവകകൾ കൈമോശം വരുന്നതുവരെ നിങ്ങളെ സാന്ത്വനിപ്പിക്കാനും ആളുകർ ഏറെയുണ്ടാകും. അതു വരെ നിങ്ങൾ എന്നെ കുറിച്ചോർത്തു കണ്ണീർ വീഴ്ത്താൻ തുനിയേണ്ടതില്ല.”ദേഷ്യവും സങ്കടവും അടക്കാനാകാതെ നീന അകത്തെ മുറിയിലേയ്ക്ക് പോയി കതകടച്ചു.

ഡോക്ടർ ആയുസ്സ് പ്രവചിച്ചത് നീനയ്ക്കാണെങ്കിലും അരുണിന്റെ ഹൃദയം നിലച്ചുവോ എന്ന് മിയ ഒരു നിമിഷം ചിന്തിച്ചു പോയി. എല്ലാം തകർന്നവനെപ്പോലെ കുറ്റബോധത്തിൽ അവനുരുകി.

” ജീവിക്കുന്ന അത്രയും കാലം സ്നേഹിക്കുന്നവരെ മനസ്സിലാക്കി ജീവിക്കണം അരുണേട്ടാ പിന്നീട് അതിനുള്ള അവസരം കിട്ടിയെന്നു വരില്ല. അവളുടെ കരുതൽ നിങ്ങൾക് അവസാന തരി മണ്ണും കാൽ ചുവട്ടിൽ നിന്നും ഒലിച്ചു പോകും വരെ മനസ്സിലാകുകയില്ല. അവൾക്കു പണമോ സ്വത്തോ ആയിരുന്നില്ല ആവശ്യം. ഇന്നല്ലെങ്കിൽ നാളെ എല്ലാം അരുണേട്ടൻ മനസ്സിലാക്കുമെന്നാണ് അവളെന്നോട് പറഞ്ഞിരുന്നത്. പക്ഷെ ആ പ്രതീക്ഷ അസ്തമിച്ചുവെന്ന് തിരിച്ചറിയാൻ തുടങ്ങിയപ്പോൾ അവൾ എന്തു മാത്രം വേദന തിന്നു കാണും.എന്റെ നീനാ അവള് എന്തു പാവമായിരുന്നെന്നോ… ”

മനസ്സിലുള്ളത് മുഴുവനാക്കാതെ മിയയും കരഞ്ഞു കൊണ്ട് വീട് വിട്ടിറങ്ങി. നാളെ തന്റെ പ്രിയ കൂട്ടുകാരിയെ കാണാൻ കഴിയുമോയെന്ന് അവൾക്കു സംശയമായിരുന്നെങ്കിലും. മരണം മുൻപിൽ കണ്ടു കഴിയുന്ന അവളെ കാണാൻ തത്കാലം അവൾക്കു കഴിയുമായിരുന്നില്ല.

വരാനിരിക്കുന്ന അരുണിന്റെ ദിനങ്ങളെപ്പോലെ ആ വീട്ടിൽ നിശബ്ദതയുടെ ഭ്രാന്ത് അലമുറയിട്ടു. ഒന്നല്ല രണ്ടു മരണങ്ങളെ സ്വാഗതം ചെയ്യാനെന്ന വണ്ണം ആ വീട് കണ്ണീർ പൊഴിച്ചു.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: രേഷ്ജ അഖിലേഷ്

Leave a Reply

Your email address will not be published. Required fields are marked *