നേരം വൈകാതെ വീട്ടിൽ എത്തണംന്ന് എത്ര പറഞ്ഞാലും കാവേരി തമ്പുരാട്ടിയുടെ ചെവീലത് കയറില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രജിത ജയൻ

”സമയം സന്ധ്യ കഴിഞ്ഞിട്ടും ഈ പെണ്ണിനെ കാണാൻ ഇല്ലല്ലോ ശങ്കരേട്ടാ…., എത്ര പ്രാവശ്യം പറഞ്ഞിട്ടുളളതാണാ പെണ്ണിനോട് ക്ളാസ് കഴിഞ്ഞാൽ നേരെ ഇങ്ങോട്ട് പോരാൻ. .. അതെങ്ങനാ അനുസരണ എന്ന് പറയുന്നത് അവളുടെ അടുത്തുകൂടി പോയിട്ടില്ലല്ലോ..?

കാലം വല്ലാത്തതാണ് ,നേരം വൈകാതെ വീട്ടിൽ എത്തണംന്ന് എത്ര പറഞ്ഞാലും കാവേരി തമ്പുരാട്ടിയുടെ ചെവീലത് കയറില്ല…അതെങ്ങനാ അച്ഛനും ചേട്ടന്മാരും കൂടി പുന്നാരിച്ച് നടപ്പല്ലേ എപ്പോഴും , അതിന്റെ അഹങ്കാരം ആണ് പെണ്ണിന് …!! ഇന്ന് ഇങ്ങട് വരട്ടെ അവളുടെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും അശ്രീകരം…!!”

“എന്തിനാ ഭാനൂ ഈ ത്രിസന്ധ്യാ നേരത്ത് നീയ്യാകുട്ടീനെ ഇങ്ങനെ പ്രാകണത്..? അവളിപ്പോ വരൂലോ….? കീഴ്മംഗലത്തെ ഭാനുമതിയുടെ മകളാണ് കാവേരി…, അവൾക്കറിയാം വഴിതെറ്റാതെ നടക്കാനും, സ്വന്തം കാര്യം നോക്കാനും. താനീ ഉമ്മറത്തിങ്ങനെ അവളെ നോക്കി നിൽക്കാണ്ട് ദീപം തെളിയിക്കാൻ നോക്കൂ ……”

ഭയവുംദേഷ്യവും കൂടുക്കൂട്ടിയ മുഖത്തോടെ അകത്തേക്ക് പോവുന്ന ഭാനുമതിയെ നോക്കിനിൽക്കവേ അറിയാതൊരു ഭയം ശങ്കരമേനോനിലും പടർന്നു കയറാൻ തുടങ്ങിയ സമയത്താണ് ഗേറ്റ് തുറന്ന് കാവേരി വരുന്നത് കണ്ടത്

“ഹോ…പേടിപ്പിച്ചു കളഞ്ഞല്ലോ കുട്ടീ…. എന്താ ഇത്രയും വൈകീത്….? അമ്മയുടെ അടുത്തേക്ക് ചെല്ലൂ നല്ലത് കിട്ടും നിനക്ക് ….,,”

ശങ്കരമേനോന്റ്റെ സംസാരത്തിനൊരു വാടിയ പുഞ്ചിരി മറുപടി നൽകി അകത്തേക്ക് കയറി പോവുന്ന കാവേരിയെ ഭാനുമതിയുടെ കണ്ണുകൾ പിൻതുടരുന്നുണ്ടായിരുന്നു….!!

എന്നും ശബ്ദകോലാഹലങ്ങളാൽ നിറയുന്ന ഊൺമുറിയിലും കാവേരി മൗനയായിരിക്കുന്നത് മറ്റാരും ശ്രദ്ധിച്ചില്ലെങ്കിലും ഭാനുമതി ശ്രദ്ധിക്കുന്നുണ്ടായിരുന്നു… ,അമ്മയുടെ കണ്ണുകൾ തന്നെ നീരീക്ഷിക്കുന്നത് തിരിച്ചറിഞ്ഞത് പോലെ പലപ്പോഴും കാവേരി ഭാനുമതിയെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിലപ്പോൾ തെളിഞ്ഞ വികാരമെന്തായിരുന്നെന്ന് തിരിച്ചറിയാൻ സാധിക്കാതെ ഭാനുമതി കുഴങ്ങി….

“ശങ്കരേട്ടാ…..,,”

“എന്താണ് ഭാനൂ…?”

“ശങ്കരേട്ടൻ കാവേരിയെ ശ്രദ്ധിച്ചായിരുന്നോ ഇന്ന്. ..?”

“അവളെ ശ്രദ്ധിക്കാൻ മാത്രമെന്താണ് ഭാനൂ …? അതും ഇന്ന് ശ്രദ്ധിക്കാൻ…? ഞാനെന്റ്റെ മൂന്നു മക്കളെയും എപ്പോഴും ശ്രദ്ധിക്കാറുണ്ട് പ്രത്യേകിച്ചും കാവേരിയെ…,കൂട്ടത്തിലിളയവളും നമ്മുടെ ഏകപെൺതരിയും അവളല്ലേ….? അല്ലാ ഭാനു എന്താ ഇപ്പോൾ ഇത് ചോദിക്കാൻ. ..?”

“ഏയ്…ഒന്നും ഇല്ല ശങ്കരേട്ടാ…..”

ശങ്കരമേനോനിൽ നിന്ന് മുഖംതിരിച്ച് ഭാനുമതി ജനലിലൂടെ പുറത്തേക്ക് നോക്കിനിൽക്കവേ അയാൾ ചെന്നവളെ തന്നിലേക്ക് ചേർത്ത് നിർത്തി

“എന്താണ് ഭാനൂ തന്റ്റെ മനസ്സിൽ. .? ഞാൻ എന്റെ മക്കളെ എന്ന പോലെ തന്നെയും ശ്രദ്ധിക്കാറുണ്ട് എപ്പോഴും…, കുറച്ചു ദിവസായിട്ട് ഭാനൂനെന്തോരു മനഃപ്രയാസം ഉളളതായെനിക്ക് തോന്നീരുന്നു…എന്തും ഞാൻ ചോദിക്കാതെന്നോട് പറയണതല്ലേ…ഇതും പറയുമെന്ന് കരുതി. .. എന്താണ് ഭാനൂ നിന്റ്റെ മനസ്സിൽ. ..? നമ്മുടെ മോളെ കുറിച്ചെന്തെങ്കിലും….?”

“ശങ്കരേട്ടാ. ..അത് കാവേരിയുടെ പെരുമാറ്റത്തിലാകെയൊരു മാറ്റംണ്ട് ഇപ്പോൾ.സംസാരം തീരെ കുറവാണവൾ…എപ്പോഴും ഫോണിലാണ്.”

“ഓ…ഇതാണോ…!! ഭാനു എപ്പോഴും അവളെ ഇങ്ങനെ സംശയദൃഷ്ടിയോടെ നോക്കിയാൽ അവളെങ്ങനെ തന്നോട് സംസാരിക്കും,പിന്നെ ഫോൺവിളി ,ഇപ്പോൾ നേരിട്ട് കാണുമ്പോൾസംസാരിക്കുന്നതിനെക്കാൾ കൂടുതൽ ആളുകൾ സംസാരം ഫോണിലൂടെയാണ്…. ഇതാണോ താനവളിൽ കണ്ടമാറ്റം ..?കഷ്ടം ഭാനൂ…,,

“ഇതങ്ങനെ നിസ്സാരമാക്കി കളയരുത് ശങ്കരേട്ടാ…കുറച്ചു ദിവസമായിട്ടവൾക്ക് നല്ല മാറ്റം ഉണ്ട്. .. സംസാരം പറ്റെകുറവ് ,ആലോചനകൾ കൂടുതൽ…. എന്തോ ഒളിപ്പിക്കുന്നത് പോലൊരു ഭാവമാണവൾക്ക് ഇപ്പോൾ എപ്പോഴും. ..

“എന്റെ ഭാനൂ നിനക്കിതെന്തിന്റ്റെകേടാ,,,, ഒരു പെൺകൊച്ച് ഉളളതിനെ എപ്പോഴും ഇങ്ങനെ സംശയദൃഷ്ടിയോടെ നോക്കി കാണാൻ. …?”

“അവൾക്ക് എന്ത് കാര്യവും ഇവിടെ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നമ്മൾ കൊടുത്തിട്ടുണ്ടല്ലോ…? അവൾക്ക് മാത്രമല്ല നമ്മുടെ ആൺമക്കൾക്കും,സ്വന്തം കുട്ടിയെ ഇങ്ങനെ എപ്പോഴും സംശയത്തോടെ നോക്കണത് ശരിയല്ല ഭാനൂ…!! ശരിക്കും എന്താണ് തന്റെ മനസ്സിലെ പേടി ,,,അമ്മ വേലി ചാടിയാൽ മകൾ മതിലും….,,,,”

ശങ്കരേട്ടാ. ..!!!

ഭാനുമതിയുടെ ശബ്ദമാ മുറിക്കുളളിൽ ഉയരവേ തൊട്ടപ്പുറത്തുളള മുറിയിൽ ഉറക്കം നഷ്ടപ്പെട്ട് ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു കാവേരി …..

**********

പിറ്റേന്ന് പുലർച്ചെ എഴുന്നേറ്റ് അടുക്കള ജോലികൾ ഓരോന്നായി തീർക്കുമ്പോഴും തനിക്ക് ചുറ്റുമുള്ള യാതൊന്നിലും ശ്രദ്ധ പതിപ്പിക്കാൻ ഭാനുമതിക്കായില്ല….!

കഴുകിയ പാത്രങ്ങൾ വീണ്ടും വീണ്ടും കഴുകിയും ചായയിൽ പഞ്ചസാരയ്ക്ക് പകരം ഉപ്പുചേർത്തുമെല്ലാം അവരുടെ ജോലികൾ മുന്നേറവേ മനസ്സ് രാവിലെ കാവേരി ആരോടോ ഫോണിൽ പറഞ്ഞു കേട്ട ആ വാക്കുകളിൽ ഉടക്കി നിന്നു…

“ഉച്ചയ്ക്ക് വന്നാൽ മതി…അപ്പോൾ അച്ഛനും ഏട്ടന്മാരും ഉണ്ടാവില്ല…!! ..അമ്മയ്ക്ക് ആ സമയത്തൊരു ഉച്ചയുറക്കം പതിവാണ്. .. അപ്പോൾ ബാക്കി കാര്യങ്ങൾ വന്നിട്ട്. ..”

ഫോണിലൂടെ ആരോടോ കാവേരി പറഞ്ഞ ഈ വാക്കുകളുടെ പൊരുൾ തേടി മനസ്സ് കാടുകയറവേ ഒരുറച്ച തീരുമാനത്തിൽ ഭാനുമതി എത്തിചേർന്നു. ..

അച്ഛനും സഹോദരൻമാരും പുറത്തുപോവുകയും അമ്മ ഉറങ്ങുകയും ചെയ്യുന്ന സമയം നോക്കി വീട്ടിൽ വരാൻ ശ്രമിക്കുന്നവരാരാണെങ്കിലും അവരെ സൂക്ഷിക്കണം…!!

വരുന്നതൊരു പുരുഷനാണെങ്കിൽ….!!

അറിയാതെ നെഞ്ചിലൊരു കൊളുത്ത് വീണതുപോലെ ഭാനുമതി ഒന്നു ഞെട്ടി…. ..ആണെങ്കിൽ. ..,,ആണെങ്കിൽ ഈ വീടിനകത്തൊരു കള്ളനെപോലെ കയറിയവൻ രണ്ട് കാലിൽ നടന്നിവിടെ നിന്ന് പോവില്ല. ..പിടിക്കണം രണ്ടാളെയും. ..എന്നിട്ട് ശങ്കരേട്ടനു മുമ്പിൽ കൊണ്ടു ചെന്നു നിർത്തണം ..

മകളെ താനെപ്പോഴും സംശയത്തോടെ നോക്കുന്നു, പെരുമാറുന്നു, സ്നേഹിക്കുന്നില്ല എന്നൊക്കെയാണല്ലോ തനിക്കെതിരെയുളള കുറ്റങ്ങൾ.. ..തന്റെ സംശയങ്ങൾ ശരിയാണെന്ന് തെളിവോടെ കാണിച്ചു കൊടുക്കണം….കാവേരിയുടെ കാര്യം പിന്നീട് ആലോചിക്കണം പുറത്താരുമറിഞ്ഞ് നാണക്കേടാവരുത്….ഉച്ചയാവുന്നതു വരെ ക്ഷമിക്കുക തന്നെ…!!

ഉറച്ച ഒരുതീരുമാനത്തോടെ ഭാനുമതി കാത്തിരിക്കവേ അമ്മ തനിക്കെതിരെ കരുക്കൾ നീക്കുന്നതറിയാതെ കാവേരി അസ്വസ്തമായ മനസ്സോടെ മുറിയിൽ അങ്ങോട്ടുംഇങ്ങോട്ടും നടന്നു. .

*******

അച്ഛനും ഏട്ടന്മാരും പുറത്തുപോയെന്ന ധൈര്യത്തിൽ അമ്മ ഉച്ചമയക്കത്തിലാണ്ടു പോയെന്ന പൂർണ വിശ്വാസത്തോടെ , ഉമ്മറവാതിലിൽ ആരെയോ കാത്തെന്ന പോലെ നിൽക്കുന്ന മകളെ ദേഷ്യവും സങ്കടവും കലർന്ന ഭാവത്തിൽ വാതിലിൽ മറവിൽ നിന്ന് നോക്കി നിൽക്കവേ ഭാനുമതി കൈ വാതിൽ പടിയിൽ മുറുക്കെ പിടിച്ചു…

ഒരു കള്ളനെ പോലെ പാത്തും പതുങ്ങിയും ഉമ്മറവാതിലിലൂടെ കാവേരിക്കൊപ്പമൊരു പുരുഷൻ വീടിനകത്തേക്ക് കയറി വരുന്നത് കണ്ട ഭാനുമതി ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി…!! പട്ടാപ്പകൽ തന്റെ മകളൊരു പുരുഷനെ വീട്ടിൽ വിളിച്ചു കയറ്റാൻ മാത്രം വളർന്നു എന്ന ചിന്ത ഭാനുമതിയുടെ സമനില തെറ്റിച്ചത് തീരെ പ്രതീക്ഷിക്കാതെയായിരുന്നു..!!

“എടീ ….!!”

ആക്രോശത്തോടെ കാവേരിയ്ക്ക് നേരെ ഓടിയടുക്കവേ കാവേരിയ്ക്കൊപ്പമുണ്ടായിരുന്ന പുരുഷൻ വീടിനുവെളിയിലേക്ക് ഭയന്നെന്നപോലെ ഓടാൻ ശ്രമിക്കുന്നത് കണ്ട ഭാനുമതി, ടിവിയുടെ മുകളിലിരുന്ന ഫ്ളെവർ ഫേയ്സ് വലിച്ചെടുത്ത് ശക്തിയോടാ മനുഷ്യനുനേരെ എറിഞ്ഞതും അയാളുടെ ശിരസ്സിനൊരുഭാഗത്ത് ചോരചാലുകൾ ചീറ്റിതെറിപ്പിച്ചു കൊണ്ടാ പൂ പാത്രം പലകഷ്ണങ്ങളായ് നിലത്തുവീണുചിതറിയതും നിമിഷാർദ്ധ വേഗത്തിലായിരുന്നു….!!

“അമ്മേ. ..!!”

തലയിൽ കയ്യമർത്തി തറയിലേക്ക് മുഖമടച്ചയാൾ വീഴവേ സംഭവിച്ചതെന്താണെന്ന ഞെട്ടലിൽ നിന്ന് മോചിതയായ് കാവേരി അയാൾക്ക് നേരെ കുതിച്ചൂ….

“വല്ല്യേട്ടാ…..!!!!”

കാവേരിയുടെ ശബ്ദമാ വീടിനെ പിടിച്ചു കുലുക്കിയപ്പോൾ മുന്നിലൊരു അദൃശ്യ ഭിത്തിയിൽ തട്ടിയെന്നപോലെ ഭാനുമതി നിശ്ചലയായ് നിന്നു..

“അമ്മേ …..അമ്മ എന്താണീ കാണിച്ചത്…? ഇതാരാണെന്നാണ് അമ്മ കരുതീത്…? എന്റെ കാമുകനാണെന്നോ….? ഇത് ….ഇത്…..അമ്മയുടെ മൂത്തമകനാണമ്മേ….!! ഒരിക്കലമ്മ ഉപേക്ഷിച്ച് പോന്ന അമ്മയുടെ മകൻ. ..!! അമ്മയെ തേടി വന്നതാണ്. …!!”

കാവേരിയുടെ വാക്കുകൾ തീ അമ്പുകളായ് കാതിൽ പതിക്കവേ ഞെട്ടിപകച്ച് ഭാനുമതി തറയിലേക്ക് നോക്കി. ..ചുറ്റും ഒഴുകിപരന്ന ചോരയ്ക്ക് നടുവിൽ നിശ്ചലനായ് അവനപ്പോൾ കിടന്നിരുന്നു. ..!! ഭാനുമതി ഒരിക്കൽ ഉപേക്ഷിച്ച് പോന്ന ഭാനുമതിയുടെ മകൻ. …! തന്റെ ശരീരത്തിലൂടൊരു വിറയൽ ശിരസ്സിലേക്ക് പാഞ്ഞുകയറി്യത് ഭാനുമതി അറിഞ്ഞപ്പോൾ….

**********

വിദൂരതയിലേക്കെങ്ങോ ദൃഷ്ടി പായിച്ചിരിക്കുന്ന ഭാനുമതിയെ നോക്കിനിൽക്കവേ ശങ്കരൻമേനോന്റ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….

“ഭാനൂ…!!”

“തിരിച്ചറിയാൻ സാധിച്ചില്ലല്ലോ നിനക്ക് നിന്റ്റെ മകനെ….? നീ വലിച്ചെറിഞ്ഞു പോന്നിട്ടും വളർച്ചയെത്തിയപ്പോഴവൻ നിന്നെ തേടി വന്നു. ..പക്ഷേ, അവനെ പ്രസവിച്ച നിനക്കവനെ തിരിച്ചറിയാൻ പറ്റിയില്ല. ..ഇപ്പോഴിതാ തിരിച്ചറിവുകൾ പൂർണമായും നഷ്ടപ്പെട്ടൊരു ഭ്രാന്തിയായ് നീയ്യീ മുറിക്കുള്ളിൽ. …!!”

അച്ഛാ…..,,

തോളിലൊരു കരുത്തുളള കൈതലമർന്നതും ശങ്കരമേനോൻ തിരിഞ്ഞു നോക്കി. ..അവൻ …ഭാനുമതിയുടെ മൂത്തമകൻ. .

“കുട്ടീ. …പൊറുക്കണമെന്നോട്… വേണമെന്ന് വെച്ച് ചെയ്തതല്ല ഒന്നും…!! കുഞ്ഞു നാൾ തൊട്ട് പരസ്പരം ഇഷ്ടപ്പെട്ടവരാണ് ഞാനും ഭാനുവും. ..,ആ ഇഷ്ടത്തെ മറികടന്നവളുടെ വീട്ടുക്കാരവളെ തന്റ്റെ അച്ഛന് വിവാഹം കഴിപ്പിച്ചു കൊടുത്തപ്പോൾ എല്ലാം മനസ്സിൽ നിന്ന് മായ്ച്ചു കളഞ്ഞതാ ഞാൻ. …”

പക്ഷേ മോനെ…., നിന്റ്റെ ജനനത്തിനപ്പുറമൊരു നാൾ നിന്റ്റെ അച്ഛനവൾക്ക് നൽക്കുന്നത് തീരാ ദുഃഖമാണെന്നറിഞ്ഞപ്പോൾ, അതിന്റെ കാരണക്കാരൻ ഞാനാണെന്നറിഞ്ഞപ്പോൾ, മനസ്സിലപ്പോൾ തോന്നിയ ചിന്തയുടെ ഫലമാണ് അവളുമൊന്നിച്ച് നാടുവിടുകയെന്നത്….!!

പാടില്ലായിരുന്നു. ..ഒരിക്കലും ഭർതൃമതിയായൊരു പെണ്ണിനെ എന്തിന്റ്റെ പേരിലായാലും അവളെ താലിചാർത്തിയവനരികിൽ നിന്ന് കൊണ്ടു പോവാൻ പാടില്ലായിരുന്നു. ..!!! അന്ന് പിഞ്ചു കുഞ്ഞായിരുന്ന നിന്നെപോലുപേക്ഷിച്ചവളെന്നോടൊപ്പം വന്നപ്പോൾ അതെന്നോടുളള സ്നേഹകൂടുതലായ് മാത്രം ഞാൻ കണ്ടു…!! അനാഥനാക്കപ്പെടുന്ന നിന്നെ ഞാൻ ഓർത്തില്ല….!! പൊറുക്കണം കുഞ്ഞേ…”

ഇരുകൈകളുംകൂപ്പിയാ മകന്റ്റെ കാൽചുവട്ടിലേക്ക് ശങ്കരമേനോൻ വീഴവേ അവനയാളെ നെഞ്ചോടു ചേർത്ത് നിർത്തി. ..

“അമ്മ പിഴച്ചവളാണെന്ന മുദ്രകുത്തിയ സമൂഹത്തിൽ ഒരു നികൃഷ്ട ജീവിയെപോലെയാണ് ഞാൻ വളർന്നത്…എല്ലാവരിൽ നിന്നും പരിഹാസംമാത്രം നേടിയൊരുവളർച്ച..!! അമ്മയുടെ സ്ഥാനം അച്ഛന്റെ ജീവിതത്തിൽ വേറെ ഒരു സ്ത്രീ കയ്യടക്കിയപ്പോൾ തികച്ചും അനാഥനായ്…. !! വളർന്ന് സ്വന്തം കാലിൽ നിൽക്കാറയപ്പോൾ തേടിയിറങ്ങി എനിക്ക് ജന്മം നൽകിയ ആളെ…, കണ്ടെത്തിയപ്പോൾ അവകാശം പറഞ്ഞു വരാൻ പേടിയായ്. …അങ്ങനെ ആണ് കാവേരിയിലെത്തുന്നത്….ഒരേ വയറ്റിൽ പിറന്നതുകൊണ്ടാവും അവൾക്ക് എന്നെ തിരിച്ചറിയാൻ പറ്റി….ഒടുവിലമ്മയെ കാണാൻ വീട്ടിലെത്തിയപ്പോൾ പ്രസവിച്ച മകനെ തിരിച്ചറിയാൻ സാധിക്കാതെ മകളുടെ കാമുകനായ് കണ്ട പെറ്റമ്മ. … !!”

വാക്കുകൾ പാതിയിൽ മുറിഞ്ഞയാൾ പൊട്ടികരയവേ കാവേരി അയാളെ തന്നോട് ചേർത്ത് ആശ്വസിപ്പിച്ചൂ..

“സാരമില്ല ഏട്ടാ എല്ലാം ശരിയാവും…തിരിച്ചറിവ് നേടി അമ്മ തിരികെ വരും…. ഒരിക്കൽ പെറ്റു പാതിവഴിയിൽ ഉപേക്ഷിച്ച് പോന്ന മകൻ തീരെ പ്രതീക്ഷിക്കാതെ തിരകി വന്നപ്പോൾ ഉള്ള ഷോക്കാണിത്. ..,,പിന്നെ ഏട്ടനെ ആക്രമിച്ചതിന്റ്റെയും….!!”

“തിരിച്ചറിവ് വരണം ഇവർക്കൊക്കെ,, ജന്മം നൽകി പാതിയിൽ ഉപേക്ഷിച്ച് പോന്ന പാഴ്ചെടി വൻമരമായി മാറി മുമ്പിൽ വന്നു നിന്നാലും തിരിച്ചറിയാൻ പറ്റാതെ പോവുന്നവർക്കൊരു മുന്നറിയിപ്പാവട്ടെ നമ്മുടെ അമ്മ. ..!!!”

ഏട്ടൻ വരൂ…. വല്ല്യേട്ടന്റ്റെ കൈപിടിച്ച് കാവേരി നടക്കവേ തിരിച്ചറിവിന്റ്റെ ലോകത്തേക്കൊരു തിരിച്ചു വരവ് ,എന്നാണെന്നറിയാതെ ഭാനുമതി വിദൂരതയിലേക്ക് നോക്കി ഇരുന്നു. ..കൂടെ ശങ്കരമേനോനും…….ശുഭം ലൈക്ക് ചെയ്യണേ അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കണേ.

രചന: രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *