ചെമ്പകം, നോവൽ ഭാഗം 1 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ “ഹലോ…!! മാഷേ… എനിക്ക്… എനിക്ക് പറ്റണില്ല മാഷേ…ഇവിടെ എല്ലാവരും എന്നെ സ്നേഹം കൊണ്ട് മൂടുവാ…സതിയമ്മയും, ബന്ധുക്കളും എല്ലാറ്റിലും ഉപരി എന്റെ കിച്ചേട്ടനും…

എനിക്കാകെയൊരു വീർപ്പൂമുട്ടല് പോലെ… ഒരു വലിയ നുണയ്ക്ക് മേലെയാ ഞാനീ ജീവിതം കെട്ടിപ്പടുക്കാൻ പോകുന്നതെന്നൊരു തോന്നൽ…!!!

എനിക്ക് കിച്ചേട്ടനെ ഫേസ് ചെയ്യാൻ പോലും കഴിയുന്നില്ല…ആ മുഖത്തിന് മുന്നില് വന്നു നിൽക്കുമ്പോ കുറ്റബോധം കൊണ്ട് നീറുകയാ ഞാൻ…ഇനി എനിക്ക് വയ്യ…മാഷ് എന്തെങ്കിലും ഒരു പോംവഴി കാണണം…😢

അല്ലെങ്കിൽ കുറ്റബോധത്തിന്റെ തീച്ചൂളയിൽ പെട്ട് വെന്തുരുകിപ്പോകും ഞാൻ… കിച്ചേട്ടനൊരിക്കലും പൊറുക്കില്ല എന്നോട്..അത്രയും വലിയൊരു കാര്യമാ ഞാൻ കിച്ചേട്ടനിൽ നിന്നും മറച്ചത്….മാഷും കൂടിയല്ലേ… എന്നെ ഈ ധർമ്മസങ്കടത്തീന്ന് ഒന്നു കരകയറ്റ് മാഷേ…

കുട്ടീ..നീയിങ്ങനെ തുടങ്ങിയാലെങ്ങനെയാ… ഇന്ന് നിന്റെ വിവാഹം കഴിഞ്ഞിട്ടേയുള്ളൂ..സുരക്ഷിതമായ കരങ്ങളിലേക്കാ നിന്നെ കൈപിടിച്ചേൽപ്പിച്ചിരിക്കണേ… ഇന്നത്തെ ദിവസം ഇങ്ങനെ സങ്കടപ്പെടാനുള്ളതല്ല… ഒരു നല്ല ജീവിതം സ്വപ്നം കാണുക്വേ..അതിനെ മനസിലിട്ട് താലോലിക്കുക്വേ ചെയ്യേണ്ട സമയമാ ഇത്….!!! അപ്പോഴാണോ കുട്ടി നീ ഇങ്ങനെ….!!!

പറ്റണില്യ മാഷേ… എനിക്ക് കഴിയണില്യ ഒന്നിനും.. കിച്ചേട്ടന്റെ താലി കഴുത്തിലേക്ക് വീഴുമ്പോഴും മനസില് കുറ്റബോധത്തിന്റെ അഗ്നിജ്വാലകളായിരുന്നു…അതെന്നെ ചുട്ടെരിയ്ക്കുന്നുണ്ട്…

ഒന്നുമില്യ… എല്ലാം മാഷ് നോക്കിക്കോളാം… ന്റെ കുട്ടി അതൊന്നുമോർത്ത് വിഷമിക്കേണ്ട… ഇന്ന് നിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാ..അത് മാത്രം മതി മനസിൽ… അവസരം വരട്ടേ.. ഞാൻ നവനീതിനെ കാണാം… എല്ലാം വിശദമായി സംസാരിയ്ക്കാം… ആ കുട്ടിയ്ക്ക് മനസിലാകും നിന്നെ… പിന്നെ സതി ടീച്ചർ….കണ്ടിട്ട് അവരൊരു സാധു സ്ത്രീ ആയിട്ടാ എനിക്ക് തോന്നിയേ…

എങ്കിലും..ഒന്നുമില്ല…ഇനി ഇങ്ങനെ ദണ്ണപ്പെട്ട് കുട്ടി എന്നെ വിളിയ്ക്കരുത്… അടുത്ത് ആരെങ്കിലും നില്പ്പുണ്ടോ…

അതുകേട്ട് ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു…

ഇല്യ മാഷേ.. ഞാൻ പുറത്തെ തൊടിയ്ക്കരികില് മാറി നിന്നാ വിളിക്കണേ…

എങ്കില് കുട്ടി എത്രയും പെട്ടെന്ന് അകത്തേക്ക് ചെല്ലൂ..നവനീത്….???

കിച്ചേട്ടൻ ഫ്രണ്ട്സിനെ യാത്രയാക്കാനും മറ്റുമായി പോയ സമയം നോക്കിയാ ഞാൻ മാഷിനെ വിളിച്ചത്…

മ്മ്മ്മ്.. എങ്കില് കുട്ടി പെട്ടെന്ന് നവനീതിനടുത്തേക്ക് ചെല്ല്…അയാൾക്ക് ദേഷ്യം തോന്നണൊതൊന്നും കുട്ടിയായി വരുത്തി വയ്ക്കണ്ട…

മ്മ്മ്മ്..ശരി മാഷേ….

തൊടിയിലും മുറ്റത്തുമെല്ലാം ചെമ്പകം പൂത്തുലഞ്ഞ് നില്ക്ക്വാണ്… അതിന്റെ വശ്യമായൊരു സുഗന്ധം പേറി ഇളകാറ്റ് എന്നെയും മുത്തമിട്ട് പായുന്നുണ്ട്….

ആദ്യമായി കാണുന്ന വീടാണെങ്കിൽ കൂടി വളരെ പരിചിതമായി തോന്നുന്ന ചുറ്റുപാടാണ്..പണ്ട് കഥകളിലും നോവലുകളിലും വായിച്ചു കേട്ടിട്ടുള്ള ഒരു typical തറവാട്ട് വീട്… നാലുകെട്ടും,അകത്തളവും,കോലായും, തൊടിയും….ആകെ ഒരു പോസിറ്റീവ് feel….

തൊടിയിൽ നിന്നും,നല്ല തെളിഞ്ഞ നീരുറവ കിനിഞ്ഞ് സമൃദ്ധമായ തറവാട്ട് കുളത്തിൽ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റിൽ ലയിച്ച് ഞാനങ്ങനെ ഇരുന്ന് പോയി….

രേവതീ….കുട്ടിയെന്താ അവിടെ ഇരിക്കണേ…ഇങ്ങട്ട് വരൂ…സന്ധ്യാ നേരമാ… വിശ്വസിക്കാൻ കൊള്ളില്ല…തൊടിയില് അങ്ങിങ്ങായി സർപ്പത്താന്മാര് വലം വച്ച് നടക്കണ സമയ്വാ…അതും ഈ തണുപ്പ് കൂടി അടിച്ചാൽ പിന്നെ പറയണ്ട….!!!

സതിയമ്മേടെ ശബ്ദം ഉയർന്നു കേട്ടതും ഞാൻ പടവിൽ നിന്നും അനുസരണയോടെ എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു…തൊടിയിൽ നിന്നും നേരെ കയറുന്നത് വിശാലമായ അടുക്കളയിലേക്കാ…

വർഷങ്ങൾക്ക് മുമ്പ് കൂട്ടുകുടുംബം നിലനിന്നിരുന്ന കാലത്ത് പണിത വീടല്ലേ…അന്ന് എല്ലാ അന്തർജ്ജനങ്ങൾക്കും നിന്ന് തിരിയാനുള്ള ഇടം വേണല്ലോ… പക്ഷേ ഇന്ന് സതിയമ്മയ്ക്ക് ഒറ്റയ്ക്ക് പെരുമാറാൻ ഇത്രേം സ്ഥലം ഒരു ബാധ്യതയായി മാറി…

പുറം പണിക്കാരുണ്ടെങ്കിലും അടുക്കളപ്പണി സതിയമ്മ ആരേം ഏൽപ്പിച്ചിട്ടില്ല ഇതുവരെ…!! ഇന്ന് ഇവിടേക്ക് കയറി വന്നപ്പോ വിളക്ക് തന്ന് എന്നെ സ്വീകരിച്ചപ്പോ അരയില് മുറുക്കിയിരുന്ന താക്കോൽ കൂട്ടം കൂടിയാ സതിയമ്മ എന്റെ കൈയ്യിൽ ഭദ്രമായ് ഏൽപ്പിച്ചത്…അതിന് ഞാൻ അർഹയാണോ എന്ന ഭയത്തോടുകൂടി മാത്രമേ എനിക്കത് കൈനീട്ടി വാങ്ങാൻ സാധിച്ചുള്ളൂ…

അടുക്കളയൊക്കെ ഒന്ന് മനസിലാക്കി വച്ചോളൂട്ടോ… പിന്നെ കിച്ചന്റെ ഇഷ്ടാനിഷ്ടങ്ങളും.. ഒരു നല്ല ഭാര്യക്കേ ഭർത്താവിന്റെ മനസ് കൈപ്പിടിയിലാക്കാനുള്ള കഴിവുള്ളൂ.. അതിനാദ്യ പടിയാ അവന്റെ ഇഷ്ടങ്ങളെ അറിയ്കാ…

നിങ്ങള് പരസ്പരം ഇഷ്ടപ്പെട്ട് വിവാഹിതരായവരല്ലേ…അപ്പോ മോൾക്ക് അവന്റെ ഇഷ്ടങ്ങളൊക്കെ അറിയാമായിരിക്കും.. എങ്കിലും ചില കാര്യങ്ങളിൽ കർക്കശ സ്വഭാവമുണ്ട്…അത് ചിലപ്പോ മോൾടടുത്ത് എടുത്തിട്ടുണ്ടാവില്ല..

കുട്ടിയായിരിക്കുമാപോ തൊട്ടേ അവനെന്ത് ആഗ്രഹിച്ചാലും അത് സ്വന്തമാക്കണ ഒരു ശീലമുണ്ടായിരുന്നു… കളിപ്പാട്ടങ്ങളായാലും, പുസ്കങ്ങളായാലും..ആശിച്ചോ…അവനത് കിട്ടിയിരിക്കണം..അത് നിർബന്ധാ… ഒറ്റ മകനല്ലേ.. ഞാനും അവന്റച്ഛനും കൊഞ്ചിച്ച് വഷളാക്കിയതാ… അച്ഛൻന്ന് വച്ചാ ജീവനായിരുന്നു… പക്ഷേ എന്ത് ചെയ്യാം ആയുസ് നീട്ടി തന്നില്ല ദൈവം…അവനെ കൊഞ്ചിച്ച് കൊതിതീരും മുമ്പേ…

സതിയമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞതും സ്ലാബിൽ ചിരിയോടെ എല്ലാം കേട്ട് നിന്ന എന്റെ മുഖമൊന്ന് വാടി…

സതിയമ്മേ…..

ഏയ്…മോള് കാര്യാക്കണ്ട…അദ്ദേഹത്തിനെ കുറിച്ചോർക്കുമ്പോ എപ്പളും ഇങ്ങനെയാ…!! അറിയാതെ കണ്ണ് നിറഞ്ഞു പോകും… മുറിയൊക്കെ ഞാൻ കോകിലയെ കൊണ്ട് വൃത്തിയാക്കിച്ചിട്ടുണ്ട്…സാധാരണ ഇതൊക്കെ ചെക്കന്റെ പെങ്ങന്മാരാ ചെയ്യേണ്ടേ..ഇവിടെ കിച്ചന് അങ്ങനെയാരും ഇല്യാല്ലോ…

മോളെ അവൻ മുറിയൊക്കെ കാട്ടി തന്നിട്ടില്ലേ…!!

മ്മ്മ്മ്..ഉവ്വ്…

എന്നിട്ട് അവനെവിടെ…

friends നൊപ്പം…അവരോട് കല്യാണം കഴിഞ്ഞിട്ട് നല്ലതുപോലെ ഒന്നു മിണ്ടാൻ കഴിഞ്ഞില്യാന്ന് പറഞ്ഞിരുന്നു…

മ്മ്മ്മ്… friends..അവൻ പറഞ്ഞിരുന്നു നീയൊരു പാവം പൂച്ചക്കുട്ടിയാണെന്ന്…ഇട്ട് വട്ട് കളിപ്പിക്കാം അമ്മേന്ന് പറഞ്ഞാ നിന്നെ കുറിച്ച് ആദ്യായിട്ട് എന്നോട് പറഞ്ഞത്…അതോണ്ട് എന്റെ മോള് അവൻ പറയണതെല്ലാം അപ്പാടെ വിഴുങ്ങി കളയരുത്…അല്ലറചില്ലറ ദുശ്ശീലങ്ങളൊക്കെയുണ്ട് ചെക്കന്….

ഇവിടെ നിന്നപ്പോ വല്യ കുഴപ്പമില്യാരുന്നേ..എന്നെ ഒറ്റയ്ക്കാക്കി MD യ്ക്ക് പുറത്ത് പോയേപ്പിന്നെ ചെക്കൻ പാതിരാത്രി ആയാലാ വീട്ടില് കയറണേ.. ചോദിക്കുമ്പോ ഈ friends ന്റെ കാര്യാ ആദ്യം… അന്ന് ഞാൻ നന്നേ പേടിച്ചതാ വല്ല വെള്ളക്കാരിയേം കെട്ടി കുടുംബത്ത് കൊണ്ടു വര്വോന്ന്…😁

ഞാനതിനൊന്ന് ചിരിച്ചു കൊടുത്തു…

അപ്പോ അമ്മയ്ക്ക് ഇഷ്ടല്ലാരുന്നോ കിച്ചേട്ടനെ ഡോക്ടറാക്കാൻ..

അങ്ങനെ ഇഷ്ടക്കേടൊന്നും ഇല്യ കുട്ടീ..അവന് ആ profession നോട് കുഞ്ഞിലേ മുതലേ നല്ല കമ്പണ്ടാർന്നു…കൊച്ചിലേ എന്റെ മുഖമാകെ തുണി വച്ച് ചുറ്റി എന്നെ പരിശോധിക്ക്വാരുന്നു… അവന്റെ സ്ഥിരം patients ആയിരുന്നു ഞാനും അവന്റെ അച്ഛനും പിന്നെ എന്റെ ഏട്ടൻ, അപ്പുറത്തെ രാഘവമ്മാമ ഇല്യേ…അതും..😃😃😃ഒരു വിധമാ രക്ഷപെടണേ…

+2 കഴിഞ്ഞേ പിന്നെ അവൻ തന്നെയാ എല്ലാം അന്വേഷിച്ചതും പാലായില് കോച്ചിംഗിന് പോയതും.. അതൊന്നും വിഷമമില്ലാരുന്നു.. പക്ഷേ മൂന്ന് മൂന്നര കൊല്ലം പുറം നാട്ടില് നിന്ന് പഠിച്ചത്…ഞാനൊരു വിധം തള്ളിനീക്കീന്ന് വേണം പറയാൻ…!!!

അതോണ്ട് എന്റെ ഒറ്റയൊരാൾടെ നിർബന്ധം ഒന്നു കൊണ്ടു മാത്രാ ജോലി ഇവിടെ തന്നെ മതീന്നാക്കിയത്.. പുറത്ത് തന്നെ job offer ഉണ്ടെന്ന് പറഞ്ഞ് ചാടിതുള്ളി വന്ന ചെക്കനാ… ഞാനിവിടെയിട്ടങ്ങ് പൂട്ടി.. ഇപ്പോ കെട്ടും കഴിഞ്ഞില്ലേ…ഇനി എങ്ങോട്ടും പോകില്ല ചെക്കൻ…

ഞാനതെല്ലാം ഒരു കൗതുകത്തോടെ കേട്ട് നിന്നു..അത്ര രസാ അമ്മേടെ വർത്തമാനവും, മുഖത്തെ ഭാവങ്ങളും ആ ശബ്ദവുമൊക്കെ…

അവൻ വല്ലതും പറഞ്ഞോ മോളോട്… ഇനി എന്തെങ്കിലും ഫംഗ്ഷനോ മറ്റോ..???

എന്നോട് അങ്ങനെ കാര്യമായി ഒന്നും പറഞ്ഞില്ല.. പക്ഷേ colleague ന് വേണ്ടി ഒരു party arrange ചെയ്യണംന്ന് സൂചിപ്പിച്ചിരുന്നു…

മ്മ്മ്മ്..അത് നല്ലതാ…ഒറ്റ മോനാണെങ്കിലും ഞാനാ അവനോട് പറഞ്ഞേ കല്യാണം വലിയ ആഘോഷമായൊന്നും വേണ്ടാന്ന്…അതില് മോൾക്ക് വിരോധമെന്തെങ്കിലും തോന്നിയോ..??

ഏയ്..അങ്ങനെയൊന്നുമില്ലമ്മേ…

മ്മ്മ്മ്..നവനീതത്തിലൊരു ദിവസത്തെ ആഹാരം അത് മതീന്ന് ഞാൻ തന്നെയാ പറഞ്ഞേ…അതാകുമ്പോ അതിന്റെ പുണ്യം നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് വരെയുണ്ടാകും… ഏട്ടനൊക്കെ എന്നെ കണക്കിന് വഴക്ക് പറഞ്ഞു… എന്തിനാ ഇങ്ങനെയൊരു തീരുമാനംന്ന് പറഞ്ഞ്…

കിച്ചനും അത്ര ഇഷ്ടായിട്ടില്ല.. പിന്നെ ഞാൻ കുറേ പറഞ്ഞപ്പോ അനുസരിച്ചൂന്നേയുള്ളൂ.. ഇപ്പോ തന്നെ കണ്ടില്ലേ..പിരിഞ്ഞു പോയ എല്ലാവരും high society ല് ജീവിക്കുന്നവരാ… കുത്തീം കിഴിച്ചും ഓരോന്ന് ചോദിച്ച് മനസിനെ തൃപ്തരാക്കും..അവർക്കായ് ഒരു ഗംഭീര സ്വീകരണമൊരുക്കുന്നതിലും നല്ലതല്ലേ ഇങ്ങനെയുള്ള മാനുഷിക മൂല്യമുള്ള കാര്യങ്ങള് ചെയ്യണത്..

മ്മ്മ്മ്.അതമ്മ പറഞ്ഞത് നേരാ..

കിച്ചന് ഞാനിത്ര charity കാട്ടണത് ഇഷ്ടല്ല.. അതല്ലേ ഇത്രേം വർഷായിട്ടും ഒരു ദിവസം പോലും അവൻ നവനീതത്തിന്റെ പടികടക്കാത്തത്… അച്ഛനായി തുടങ്ങി വച്ചതാ…ഇപ്പോ ഞാൻ നടത്തുന്നൂന്ന് മാത്രം….

എനിക്കും ഇതിലൊക്കെ നല്ല താൽപര്യാ.. ഇനി അമ്മ പോകുമ്പോ എന്നെ കൂടി കൂട്ടണേ…

യ്യോ..ന്റെ കുഞ്ഞേ..അവൻ നിന്നെ കൊല്ലും.. കാര്യം ഡോക്ടർ ആണേലും മനുഷ്യന്റെ വിവിധ അവസ്ഥകള് കണ്ട് മരവിച്ചിട്ടാവും..അവനീ പറയണ കാരുണ്യമൊന്നും അടുത്തൂടെ പോയിട്ടില്ല…

(മ്മ്മ്മ്..അതേറെക്കുറേ എനിക്ക് ബോധ്യമാ..(ആത്മ)…..

പിന്നെ ഞാൻ അടിയിട്ട് പോണതാ…

എല്ലാവരും പിരിഞ്ഞു പോയില്ലേ..ഇനി വീണ്ടും പഴയ പടിയാവും..മോള് വന്നോണ്ട് അമ്മയ്ക്കൊരാശ്വാസായി… ഇനി എനിക്ക് കൂട്ടായിട്ട് എന്നും ഇവിടെ ഉണ്ടാകുമല്ലോ…. അല്ല..മോളിനി ജോലി തുടരുന്നുണ്ടോ…???

കിച്ചേട്ടൻ ഒന്നും പറഞ്ഞിട്ടില്ല…!!!

മോൾക്ക് താൽപര്യം ഉണ്ടേച്ചാ അവനോട് അമ്മ പറയാം…

താൽപര്യം…ഉണ്ടോന്ന് ചോദിച്ചാ..വളരെ ആഗ്രഹിച്ച് കിട്ടിയ ജോലിയാ..പണ്ട് മുതലേ കിച്ചേട്ടനെപ്പോലെ എനിക്കും ആഗ്രഹായിരുന്നു ഒരു നഴ്സ് ആവാൻ.. എന്തോ ആ വെള്ള വസ്ത്രത്തിനോട് ഒരു കൊതിയായിരുന്നു… അസുഖമൊക്കെയായി hospital പോകുമ്പോ ഇഞ്ചക്ഷൻ ഒക്കെ എടുത്ത് വേദനിപ്പിക്കുമ്പോഴും അതിനെ മായ്ക്കാനായ് ഒരു ചോക്ലേറ്റ് നീട്ടിയുള്ള പുഞ്ചിരിയില്ലേ…അന്ന് തോന്നിയ ഒരു കൗതുകം..

അതാ ചൈതന്യ hospital വരെ എന്നെ എത്തിച്ചത്..

നന്നായി കുട്ടീ…അല്ലെങ്കിലും നമ്മളേക്കാൾ നമ്മൾ നമ്മുടെ സഹജീവികളെ സ്നേഹിക്കാനും ശുശ്രൂഷിക്കാനുമുള്ള മനസ് കാട്ടണം… ഇനി ഇതൊക്കെ ആ ചെക്കന് കൂടി നീയൊന്ന് പറഞ്ഞ് കൊടുക്കണം ട്ടോ…

മോളോട് സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല…മോള് പോയി ഒന്ന് കുളിച്ച് ഈ വേഷമൊക്കെ ഒന്ന് മാറി വാ… അമ്മേടെ റൂമിലെ ബെഡില് ഇടാനുള്ള കസവ് സാരി എടുത്ത് വച്ചിട്ടുണ്ട്….

(കസവ് സാരി..അപ്പോ ഇതൊക്കെ ഫിലീമില് മാത്രമല്ലാ ല്ലേ…🤔 ഹോ…ഇനി ആ ഡോക്ടറിന്റെ കൈയ്യീന്ന് ഞാനെങ്ങനെയാ ഈശ്വരാ ഒന്ന് രക്ഷപെടണേ…🙄🙄)

മോളെന്താ ആലോചിച്ച് നിൽക്കണേ..ഇനി ഇവിടെ വലിയ ശല്യങ്ങളൊന്നും ഉണ്ടാവില്ല… മോൾക്ക് സ്വസ്ഥമായി എവിടെയെങ്കിലും ഇരിയ്ക്കാം..ഇനി നാളെ ഓരോത്തരായി പുതുപ്പെണ്ണിനെ കാണാനുള്ള വരവേ ഉണ്ടാവൂ…

അമ്മ അത് പറഞ്ഞ് എന്നെ അമ്മേടെ റൂമിലേക്ക് പറഞ്ഞയച്ചു..

അല്ല..അച്ഛനെ വിളിച്ച്വോ…??വിഷമമുണ്ടാക്വല്ലോ…

അത് കേട്ടതും നെഞ്ചൊന്നാളി… പിന്നെ മുഖത്ത് ഒരു ക്രിതൃമമായി ഒരു ചിരി വരുത്തി ഞാൻ റൂമിലേക്ക് നടന്നു…

അമ്മയ്ക്ക് കോണിപ്പടി കയറാൻ ബുദ്ധിമുട്ടുള്ളോണ്ട് താഴെയാ റൂം… ഞാൻ വാതില് തുറന്ന് അകത്ത് കയറി…

നല്ല ഭംഗിയും അടുക്കും ചിട്ടയുമുള്ള റൂമാണ്..അപ്പോ കിച്ചേട്ടന് ഈ ചിട്ടകളൊക്കെ ഇവിടുന്ന് പകർന്ന് കിട്ടിയതാവും…

അമ്മ എടുത്ത് വച്ച സെറ്റുസാരി കൈയ്യിലെടുത്ത് ഞാനതിന്റെ ഗന്ധം നാസികയിലേക്ക് ഒന്നാവാഹിച്ചെടുത്തു..പുതുമയുടെ ഗന്ധം… കസവിന്റെ ഇഴയും അതിലുള്ള മ്യൂറൽ പെയിന്റിംഗും അതിന്റെ ഭംഗി എടുത്ത് കാണിച്ചു..

പിന്നെ അധികം time waste ആക്കാണ്ട് ബാത്റൂമിൽ കയറി ഒന്നു ഫ്രഷായി ഇറങ്ങി… സാരിയുടുത്ത് നല്ല പരിചയമുള്ളോണ്ട് പെട്ടെന്ന് തന്നെ ഞൊറിഞ്ഞുടുത്തു…

അപ്പൊഴേക്കും അമ്മ റൂമിലേക്ക് വന്നു..അലമാരി തുറന്ന് ഒരാമാട പെട്ടി തുറന്ന് അതിൽ നിന്നും ഒരു traditional temple collection മാല എനിക്ക് നേരെ നീട്ടി…

ഇത് അമ്മേടെയായിരുന്നു…ഇനി ഇത് മോൾക്കിരിക്കട്ടേ…

അമ്മ തന്നെ അത് എന്നെ അണിയിച്ചു… കാതിലെ കമ്മൽ ഒന്നുകൂടി മുറുക്കി തന്നു.. ഇപ്പോ സുന്ദരിക്കുട്ടിയായി….🥰 എന്റെ കണ്ണ് തന്നെ തട്ടാണ്ടിരിക്കട്ടേ എന്റെ കുട്ടിയ്ക്ക്…. അമ്മ ഇരുകൈകളും തമിഴ് style ൽ ഒന്നുഴിഞ്ഞ് നെറ്റിയ്ക്കിരു വശവും ചേർത്ത് പുഞ്ചിരിച്ചു…

ഇനി മോള് കിച്ചന്റെ റൂമിലേക്ക് പൊയ്ക്കോ..ഞാനവനെ അവിടേക്ക് പറഞ്ഞയക്കാം…

(ഹോ..അതില്ലേലും സാരല്യായിരുന്നു സതിയമ്മേ…) (ആത്മ)….

ഞാൻ പതിയെ റൂം വിട്ടിറങ്ങിയതും സതിയമ്മ പിന്നാലെ കൂടി…

ഒന്ന് നിക്കണേ മോളേ..അമ്മ ഒരു കാര്യം മറന്നു…

അമ്മ അടുക്കളയിലേക്ക് പാഞ്ഞു.. അധികം വൈകാതെ തന്നെ തിരിച്ചു വരുകേം ചെയ്തു..കൈയ്യിലൊരു ഗ്ലാസ് പാലുമുണ്ട്…

ഈശ്വരാ..🙄 ഈ സതിയമ്മ എന്തുദ്ദേശിച്ചാ…കിച്ചേട്ടനെങ്ങാനും എന്നെ ഈ കോലത്തില് ഇങ്ങനെ പാൽഗ്ലാസും പിടിച്ചു നില്ക്കുന്നത് കണ്ടാ ആദ്യം ചിരിക്ക്വായിരിക്കും….

മ്മ്മ്മ്..ഇനി സമയം കളയണ്ട…മോള് റൂമിലേക്ക് ചെല്ല്…മുകളില് രണ്ടാമത്തെ റൂമാ…കോണി കയറുമ്പോ സൂക്ഷിക്കണം പരിചയമില്ലാത്തതല്ലേ…

മ്മ്മ്മ്..ശരി അമ്മേ… ഞാനങ്ങനെ പറഞ്ഞതും സതിയമ്മ എന്റെ കവിളിലേക്ക് ചേർത്ത് പിടിച്ച് ചിരിച്ചു….

ഞാൻ നേരെ കോണിപ്പടി ലക്ഷ്യമാക്കി നടന്നു..സാരിയും ചുറ്റി കൈയായില് ഈ പാൽ ഗ്ലാസും കൊണ്ട് നടക്കുന്നത് അല്പം റിസ്കാ.. എങ്ങാനും തട്ടി വീണാ പാല് കമഴ്ന്നു വീഴുന്നത് എന്റെ തലയിലേക്കായിരിക്കും…

ഞാൻ പതിയെ പതിയെ ഓരോ കോണിയായി കയറി….മുകളിലെ രണ്ടാമത്തെ റൂമിന് മുന്നിലെത്തി റൂം മെല്ലെ തുറന്നു…

റൂമാകെ മുല്ലപ്പൂക്കളാൽ അലങ്കരിച്ചിട്ടിരിക്ക്വാ… കട്ടിലിന് ചുറ്റും മാല പോലെ കോർത്തും ഷീറ്റിന് മുകളിലും അങ്ങനെ സർവ്വത്ര മുല്ലപ്പൂ മൊട്ടുകളാ…

ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ച് പാൽഗ്ലാസ് ടേബിളിന് പുറത്തേക്ക് വച്ചു…ബെഡിന് മുകളിലായി ചുവരിൽ ഒട്ടിച്ചു വച്ചിരിക്കുന്ന തിളക്കമാർന്ന അക്ഷരങ്ങളിലേക്ക് ഒരു നിമിഷം ഞാൻ നോക്കി നിന്നു…

NAVANEETH KRISHNA ❤️ REVATHY

നോട്ടിഫിക്കേഷൻ ലഭിച്ചു അടുത്ത ഭാഗം വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ, അടുത്ത ഭാഗം മിസ്സ് ആവാതെ വായിക്കുവാൻ കുപ്പിവള പേജ് ലൈക്ക് ചെയ്യുക… (തുടരും…)

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *