കടം പറഞ്ഞ സൗഹൃദം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ആർ കെ സൗപർണ്ണിക

“ഈ പ്രായം ആയ അമ്മയെ കൊണ്ട് ഞാനെങ്ങോട്ട് പോകും സാറെ”

“ശ്രീധരൻ”ബാങ്ക് മാനേജർ “സുധീഷിന്റെ” കാല് പിടിച്ച് കരഞ്ഞു.

“ശ്രീധരാ” നിനക്ക് എത്ര അവധികൾ ഞാൻ തന്നു. ഇനിയും ഒരവധി കൂടി കിട്ടിയാലും നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല.ബാങ്കിന് ബാങ്കിന്റേതായ നിയമങ്ങൾ ഉണ്ട്.അത് നടപ്പിലാക്കിയാൽ മാത്രമേ ഇത്തരം സ്ഥാപനങ്ങൾക്ക് നില നിൽക്കാൻ കഴിയൂ,മാത്രമല്ല ഞാൻ വെറുമൊരു ശമ്പളക്കാരൻ മാത്രം.

“നിന്റെ അവസ്ഥ മനസ്സിലാകാഞ്ഞിട്ടല്ല” എനിക്കിതിൽ വേറെ ഒന്നും ചെയ്യാൻ കഴിയില്ല.എടുത്ത കടം ഒരു തവണ പോലും തിരിച്ചടച്ചിട്ടില്ല.പലിശയും കൂട്ടു പലിശയുമായ് അതിപ്പോൾ മൂന്നിരട്ടി ആയ്.ഇനി ഇത് ലേലത്തിൽ കൊടുത്താൽ പോലും ബാങ്കിന് നഷ്ടം ആണ്.തിരിച്ചടയ്ക്കാൻ കഴിവില്ലാത്തവർ എന്തിന് ലോണെടുക്കുന്നു.എന്റെയും.ഈ പോലീസ് കാരുടേയും സമയം കളയാതെ എടുക്കാനുള്ളത് എന്താന്ന് വച്ചാൽ എടുത്ത് വേഗം ഇറങ്ങാൻ നോക്ക്.

അതിനായ് നിനക്ക് ഒരു മണിക്കൂർ സമയം തരാം.. ഇതിൽ കൂടുതൽ ഒന്നും നീ പ്രതീക്ഷിക്കരുത് “ശ്രീധരാ”

അയൽക്കാരും നാട്ടുകാരുമായ് കുറെ ഏറെ ആളുകൾ മരക്കമ്പുകൾ നാട്ടിയ ജീർണ്ണിച്ച മതിലിന് ചുറ്റും നിലയറപ്പിച്ചു അല്ലെങ്കിലും മറ്റുള്ളവരുടെ സന്തോഷം കാണുന്നതിലും കൂടുതൽ സങ്കടം കാണാനാണല്ലോ പലർക്കും ഇഷ്ടം.

കൂടി നിൽക്കുന്നവരിൽ പ്രമാണി എന്ന് തോന്നിക്കുന്ന ഒരാൾ ഉറക്കെ പറഞ്ഞു “ഇവൻന്റെ അച്ഛൻ ഗോപാലൻ അഭിമാനി ആയിരുന്നു.”ഇവൻ മാത്രം എന്തോ ഇങ്ങനെ ആയി”സുകൃതക്ഷയം അല്ലാതെന്തു പറയാൻ.

“എല്ലാം ഇവന്റെ പിടിപ്പ് കേട്”പഠിക്കാൻ വിട്ടപ്പോൾ കൂട്ടുകൂടി ഇവൻ കാണിച്ചിട്ടുള്ള അക്രമങ്ങൾ എന്തൊക്കെയാണെന്ന് ഈ നാട്ട്കാർക്ക് മുഴുവൻ അറിയാം.പാവം ഗോപാലൻ മാഷ് മനം നൊന്ത് ഹൃദയം പൊട്ടിയാ മരിച്ചത്. നാട്ടിലെ ആകാശവാണി എന്നറിയപ്പെടുന്ന രാജമ്മ പറഞ്ഞു.

എന്റെ മകന്റെ പ്രായം ആണ് ശ്രീധരനും ഗോപാലൻ മാഷിന്റെ മരണശേഷം. ഈ വീടും പറമ്പും പണയം വച്ച് ഗോൾഡ് കവറിങ്ങിന്റെ കട തുടങ്ങിയതാ ശ്രീധരൻ ആദ്യം ഒക്കെ നല്ല മെച്ചം ആയിരുന്നു പുനലൂരും ,അഞ്ചലും ഒക്കെ വേറെ ബ്രാഞ്ചകളും തുടങ്ങിയതാ,പിന്നെ കൂട്ട്കൂടി കള്ളുകുടി ആയി ചൂത് കളിആയി. ഉള്ളതെല്ലാം ഒന്നൊന്നായ് വിറ്റ് തുലച്ചു,ഇപ്പോ കൂട്ടുകാരും ഇല്ല ആരും ഇല്ല.കണ്ടില്ലേ ചെറു പ്രായത്തിലെ പടുവൃദ്ധനെ പോലെ ആയി.പാവം നളിനിയുടെ തലേവിധി എന്നല്ലാതെ എന്ത് പറയാൻ.പാവം എങ്ങനെ കഴിഞ്ഞിരുന്ന പെണ്ണാ?മക്കളില്ലേൽ ഇല്ലെന്നേ ഉള്ളു ഇങ്ങനെ ഉള്ളതിലും നല്ലത് ഉണ്ടാവാതിരിക്കുന്നതാ ഭേതം. കിടപ്പാടം കളഞ്ഞു കുളിച്ച കുരിപ്പ് വർഗ്ഗിസ് മാപ്പിള ആരോടന്നില്ലാതെ പറഞ്ഞു.

ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ച് “ശ്രീധരൻ” ഉണക്ക ചുള്ളി പോലെ ശോഷിച്ച അമ്മയുടെ കൈയ്യിൽ പിടിച്ച് മറുകൈയ്യിൽ മുഷിഞ്ഞ തുണികളുടെ ഒരു ചെറിയ ബാഗുമായ് നെഞ്ചിൽ ആർത്ത് പെയ്യുന്ന വേദനയോടെ ഇടിഞ്ഞ് വീഴാറായ വരാന്തയുടെ പടികളിറങ്ങി.

“ആളുകൾ പറയുന്നതും ശരിയാണ് ഒക്കെ തന്റെ പിടിപ്പ്കേട് മാത്രം” ആവശ്യത്തിൽ അധികം പണം കൈയ്യിൽ വന്നപ്പോൾ മതിമറന്ന് നടന്നു. മദ്യവും,മദിരാശിയും കൂട്ട് കൂടിയുള്ള ചൂതാട്ടവും,വരവറിയാതെ ഉള്ള ചിലവും ബാങ്ക് ലോൺ തനിക്ക് നിസ്സാരമായിരുന്നു.ആത് കൊണ്ട് തന്നെ അതിൽ ശ്രദ്ധിച്ചതേ ഇല്ല.

“അപ്പോഴൊക്കെ അമ്മ ഓർമ്മപ്പെടുത്തി ഇരുന്നു ഈ പോക്ക് നാശത്തിലേക്ക് ആണെന്ന്”ആര് കേൾക്കാൻ ചെറുപ്പത്തിന്റെ ചോ ര തിളപ്പിൽ പോ തള്ളേ ഉപദേശിക്കാതെ എന്ന് ദേഷ്യപ്പെട്ട് ഇറങ്ങി പോകാറായിരുന്നു പതിവ്.പിന്നെ പതിയെ വീട്ടിലേക്കുള്ള വരവും കുറച്ചു അമ്മ വിളിച്ചാൽ പോലും ഫോൺ എടുക്കാതെ ആയി.

എല്ലാം നഷ്ടപ്പെട്ട് കടക്കാർ കയറി ഇറങ്ങി തുടങ്ങിയപ്പോഴാണ് കൂട്ടുകാരുടെ തനി നിറം കണ്ടത്.പതിയെ ഓരോരുത്തരായ് ഒഴിവാക്കാൻ തുടങ്ങി പണം ഇല്ലാത്ത കൂട്ടുകാരനെ ആർക്ക് വേണം?ജീവിതം മടുത്ത ആ സമയത്താണ് രണ്ട് തുള്ളി വിഷത്തിൽ ജീവിതം ഒടുക്കാൻ തീരുമാനിച്ചതും. അവിടെയും പരാജയം മാത്രം ആയിരുന്നു ഫലം.ആരൊക്കെയോ ചേർന്ന് ഗവൺമെന്റ് ആശുപുത്രിയിൽ എത്തിച്ചു.

കണ്ണു തുറന്നപ്പോൾ പ്രാർത്ഥനയോടെ അമ്മ അടുത്തുണ്ടായിരുന്നു”സ്വാർത്ഥ ഇല്ലാത്ത ഒരേ ഒരു ബന്ധം അമ്മ”അമ്മ മാത്രം”ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ താലിമാലയും മകന്റെ ചകിത്സയ്ക്കായ് അമ്മ ഊരി നൽകി. അവഗണനകൾക്കും പരിഹാസത്തിനും മറുപടി എന്ന പോലെ.

“ഇനി എങ്ങോട്ട്” ആസ്തമയും,വാതവും തളർത്തിയ ഈ വൃദ്ധ മാതാവിനേയും കൊണ്ട് ഇനി എങ്ങോട്ട്?കണ്ണുനീർ പുറം കാഴ്ചകൾ മറയ്ക്കുന്നു ചുറ്റിനും കൂടിയ ആളുകളുടെ വാക്കുകൾ ശാപവചനങ്ങൾ പോലെ ചെവി കൊട്ടി അടയ്ക്കുന്നു.വേച്ചു വീഴാൻ പോയ ശ്രീധരനെ “ബലമുള്ള രണ്ട് കൈകൾ താങ്ങി നിർത്തി”

താങ്ങിപ്പിടിച്ചത് ആരാണെന്നറിയാൻ ശ്രീധരൻ മുഖമുയർത്തി നോക്കി.”ഇത് വരുണനല്ലേ” തന്റെ കളിക്കൂട്ടുകാരൻ.

“എന്താടാ ഇതൊക്കെ”വരുണൻ ഒന്നും മനസ്സിലാകാത്ത പോലെ ശ്രീധരനെ നോക്കി.

ഒരു കരച്ചിലോടെ ശ്രീധരൻ താഴേക്കിരുന്നു.

എന്താ അമ്മേ ഇതൊക്കെ..വരുണൻ ശ്രീധരന്റെ അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.പാവം ആ അമ്മ അടക്കിപ്പിടിച്ച് കരഞ്ഞു… കരച്ചിലിനിടയിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന അമ്മയെ നോക്കി വേദനയോടെ നിന്നു വരുണൻ.

ഇതെല്ലാം കണ്ട് നിന്ന ബാങ്ക് മാനേജർ സുധീഷ്.. വരുണന്റെ അരികിലേക്ക് വന്നു.

“നിങ്ങൾ ആരാണ്?ശ്രീധരനുമായ് എന്താണ് ബന്ധം?

ഇവനെന്റെ കളിക്കൂട്ടുകാരനാണ്,എന്റെ വീടും ഇവിടെ അടുത്താണ് ആളു കൂടി നിൽക്കുന്ന കണ്ട് വന്നതാണ്. എന്താ സാർ പ്രശ്നം?

ഞങ്ങൾ ഈ വീട് ജ പ്തി ചെയ്യാൻ വന്ന ബാങ്ക് ജീവനക്കാരാണ്..ഞാൻ മാനേജർ സുധീഷ്.

ഇതൊഴിവാക്കാൻ ഒരു മാർഗ്ഗവും ഇല്ലേ സാർ?വരുണൻ പ്രതീക്ഷിയോടെ സുധീഷിന്റെ മുഖത്തേക്ക് നോക്കി.

ഇല്ലെന്ന മട്ടിൽ സുധീഷ് ശിരസ്സിളക്കി ഒരു മാർഗ്ഗമേ ഉള്ളൂ പണം മുഴുവൻ അടയ്ക്കുക,അങ്ങനെയെങ്കിൽ കൂട്ടു പലിശ ഒഴിവാക്കാം.അത് തന്നെ വലിയ പാടാണ് ഇവരുടെ അവസ്ഥയിൽ എനിക്കും ദു:ഖമുണ്ട്.എന്ത് ചെയ്യാൻ പലിശയും,മുതലും ആയി ആറ് ലക്ഷം വരും,അത്രയും വലിയ തുകയ്ക്ക് എന്ത് ചെയ്യും മിസ്റ്റർ വരുണൻ?

“മാനേജർ സാർ” ഇവന്റെ അച്ഛൻ ഗോപാലൻ മാഷ് എനിക്ക് അക്ഷരങ്ങൾ പകർന്നു നൽകിയ ഗുരുവാണ്.ഇവിടെ ട്യൂഷന് വരുമ്പോൾ ഇവന്റെ അമ്മ വച്ചുണ്ടാക്കിയ പലഹാരങ്ങളും ചായയും ഒരുപാട് കഴിച്ചിട്ടുണ്ട് ഞാൻ.കഷ്ടപ്പാടും ദുരിതങ്ങളും എനിക്കും ഉണ്ട്, എങ്കിലും ഈ നിലയിൽ ഇവരെ ഇങ്ങനെ കൈ ഒഴിയാൻ മനസ്സ് അനുവദിക്കുന്നില്ല.

“എന്റെ കൈയ്യിൽ സാറ് പറഞ്ഞതിന്റെ പകുതിയോളം പണമുണ്ട്, ബാക്കിക്ക് ഞാൻ ചെക്ക് തരാം സാറിന് കഴിയുമെങ്കിൽ ഇതൊന്ന് ഒഴിവാക്ക്”

“അത് വേണോ വരുണൻ ഒന്ന് കൂടി ആലോചിക്ക്”മാനേജർ വിശ്വാസം വരാത്ത പോലെ പറഞ്ഞു.

“എല്ലാം ആലോചിച്ചു സാർ നാടിന്റെ അതിരുകൾ കാക്കുന്നവന് കൂട്ടുകാരന്റെ വീട് കാക്കാനും കഴിയണം”സാർ ആ താക്കോൽ അവന് തിരിച്ച് കൊടുത്തേക്ക് വരുണൻ ശ്രീധരനെ നോക്കി പറഞ്ഞു.

“വരുണാ”ശ്രീധരൻ കരച്ചിലോടെ വരുണന്റെ കൈ പിടിച്ചു..ഞാനിതിന് എങ്ങനെ നന്ദി പറയണം.

നിന്റെ പണം എന്ത് പണി എടുത്തായാലും ഞാൻ വീട്ടും,ഇത് ശ്രീധരന്റെ വാക്കാണ്.

“ശ്രീധരാ”കടം തരുന്നത് വീട്ടാൻ വേണ്ടി തന്നെയാണ്.ഞാൻ നാട്ടിൽ ഇല്ലായിരുന്നെങ്കിലും നിന്റെ വിവരങ്ങൾ ഒക്കെ അമ്മ പറഞ്ഞ് അറിയുന്നുണ്ടായിരുന്നു.ഇനി എങ്കിലും ഈ അമ്മയെ വിഷമിപ്പിക്കാതെ കഴിയുന്ന ജോലി എടുത്ത് സന്തോഷത്തോടെ ജീവിക്കാൻ നോക്ക്.

നീ അമ്മയെ പിടിച്ച് അകത്ത് കൊണ്ട് പോകൂ,ഞാൻ ഇവരോടൊപ്പം ബാങ്കിൽ ഒന്ന് പോയിട്ട് വരട്ടെ?

വരുണൻ പോകുന്നതും നോക്കി ദീർഘ നിശ്വാസത്തോടെ നിന്നു നളിനിയമ്മ ഗോപാലേട്ടന്റെ പുണ്യം തന്നെ വിടാതെ പിൻതുടരുന്നു പല പേരുകളിൽ…

“രണ്ട് വർഷങ്ങൾ കഴിഞ്ഞ് ഒരു ദിവസം”

“ശ്രീധരാ”ശ്രീധരാ..വരുണൻ മുറ്റത്ത് നിന്ന് ഉറക്കെ വിളിച്ചു..

വീട് ചെറുതായി പുതുക്കി പണിതിരിക്കുന്നു.ഇടിഞ്ഞ് വീഴാറായ വരാന്ത പുതുക്കി പണിത് വൃത്തിയാക്കായിരിക്കുന്നു.

കതക് തുറന്ന് സുന്ദരി ആയ സ്ത്രീ വെളിയിലേക്ക് വന്നു ” ശ്രീധരന്റെ ഭാര്യ ആകും ഞാൻ മന്ദഹാസത്തോടെ ചോദിച്ചു?

“ശ്രീധരനില്ലേ?

“ഇല്ല”ആരാണ്?അവര് കൊടുത്തിട്ട് പോയല്ലോ”

കൊടുത്തിട്ട് പോയെന്നോ എങ്ങോട്ട്? ഇടിവെട്ട് ഏറ്റവനെ പോലെ ഞാൻ നിന്നു. തൊണ്ട വരളുന്ന പോലെ.

കുടിക്കാൻ കുറച്ച് വെള്ളം തരുമോ?

“പിന്നെന്താ ഇപ്പോൾ തരാല്ലോ”അവർ അകത്തേക്ക് നടന്നു.

“ചതി”തന്റെ സ്നേഹിതൻ വളരെ തന്ത്ര പൂർവ്വം തന്നെ കബളിപ്പിച്ചിരിക്കുന്നു. വിശ്വാസം വരാത്ത പോലെ വരുണൻ മിഴിച്ച് നിന്നു.പിന്നെ പതിയെ തിരിഞ്ഞ് നടന്നു.

വെള്ളം വേണ്ടായിരുന്നോ ആ സ്ത്രീ പുറകിൽ നിന്ന് ഉറക്കെ വിളിച്ച് ചോദിച്ചു. ഒരു സ്വപ്നാടകനെ പോലെ ചെവികൾ രണ്ടും കൊട്ടി അടയ്ക്ക പെട്ടവനെ പോലെ വരുണൻ ലക്ഷ്യം ഇല്ലാതെ നടന്നു.

പിന്നെ പല വഴിയ്ക്കുള്ള അന്യേഷണങ്ങൾ രഹസ്യമായും പരസ്യമായും ശ്രീധരനെ മാത്രം കണ്ടെത്താനായില്ല.

പലരും ചോദിച്ചു എന്താ വരുണാ ശ്രീധരൻ കടം വാങ്ങിയ പണം തരാതെ മുങ്ങിയോ?

ഹേയ് പണം ഒക്കെ വീട് വിറ്റപ്പഴേ അവൻ തിരികെ തന്നു അങ്ങനെ അല്ലേ എനിക്ക് പറയാൻ കഴിയൂ.

ഭാര്യയുടേയും,ബന്ധുക്കഴുടേയും, നാട്ടുകാരുടേയും മുന്നിൽ അപഹാസ്യനാകാതിരിക്കാൻ വേറെ വഴി ഇല്ലായിരുന്നു എന്റെ മുന്നിൽ.

നിന്നെ ഒരു ചതിയനായ് ആരും അറിയേണ്ട അതെന്റെ നെഞ്ചിൽ തന്നെ എരിഞ്ഞടങ്ങട്ടെ.

അമ്മ മരിച്ച ദിവസം ശ്രീധരൻ വന്നിരുന്നു കത്തി എരിയുന്ന ചിതയ്ക്കരുകിൽ വിഷമിച്ച് നിന്ന തന്നെ അവൻ ചേർത്ത് പിടിച്ച് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

അമ്മയുടെ മരണാനന്തര ചടങ്ങുകൾ തീരും വരെ അവൻ പലപ്പോഴും വന്നും പോയും നിന്നു.വരുമ്പോൾ എല്ലാം അവൻ എപ്പോഴും പറയും വരുണാ നി എന്റെ ദൈവം ആണ് നീ ചെയ്ത സഹായം മരിച്ചാലും ഞാൻ മറക്കില്ല എന്ന്.

അപ്പോഴൊക്കെ വരുണൻ ചിരിയോടെ പറയും അതെന്റെ കടമ അല്ലേ ശ്രീധരാ നീ പതിയെ തിരിച്ച് തന്നാൽ മതി സമയം പോലെ.

ലീവ് തീർന്ന് തിരികെ വരുമ്പോൾ സ്റ്റേഷനിൽ ശ്രീധരനും വന്നിരുന്നു ഉറ്റ ചങ്ങാതിയെ കെട്ടിപ്പിടിച്ചു പോകാൻ നേരം വരുണൻ പിന്നെയും ഓർമ്മിപ്പിച്ചു.

കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനിയെങ്കിലും നീ നന്നായി ജീവിക്ക് കൂട്ടുകൂടലും കാര്യങ്ങളും ഒന്നും വഴി വിട്ട് പോകരുത് ആ അമ്മയെ ഇനി നീ കരയിക്കരുത്.

ഇല്ല വരുണാ ഇനി തെറ്റുകൾ ഒന്നും ഉണ്ടാകില്ല എന്റെ ജീവിതത്തിൽ നിനക്ക് വിശ്വസിക്കാം.

ആ വിശ്വാസം ആണ് ഇന്ന് തകർന്നത് വഞ്ചന ഒരിക്കലും പ്രീക്ഷിച്ചിരുന്നില്ല ശ്രീധരാ നിന്നിൽ നിന്ന്.

നിനക്ക് തന്ന കടം തീർക്കാൻ ഞാൻ എന്റെ ചിലവുകൾ വരിഞ്ഞു കെട്ടി. വീട്ടുകാർ അറിയാതെ ലീവെടുത്ത് പല പണികളും ചെയ്തു നിനക്ക് തന്ന പണം അതെന്റെ മാത്രം ഉതരവാദിത്വം ആയിരുന്നല്ലോ?

മഞ്ഞ് മലകളിൽ ജീവൻ പണയം വച്ച് ഞാൻ സമ്പാദിച്ചതിന്റെ നല്ലൊരു ഭാഗം അതാണ് നീ കൊണ്ടു പോയത്.സാരം ഇല്ല നീ എവിടെ ആണെങ്കിലും സന്തോഷം ആയി ജീവിക്കുക.

ഇന്ന് ആറ് വർഷങ്ങൾ കഴിയുന്നു നീ ചതിച്ചതാണോ നിന്റെ ഗതികേട് കൊണ്ട് ചെയ്തതോ എന്നെനിക്കറിയില്ല. എങ്കിലും വേണ്ടായിരുന്നു.

നീ എന്റെ മുന്നിൽ വന്ന് എന്റെ കൈയ്യിൽ ഒന്നും ഇല്ലെടാ എന്ന് സങ്കടത്തോടെ ഒന്ന് പറഞ്ഞാൽ തീരുന്നതേ ഉണ്ടായിരുന്നുള്ളു നിന്റെ കടം.

ഈ ഒളിച്ചോട്ടം അതെന്റെ നെഞ്ച് തകർത്ത് കൊണ്ടായിരുന്നു.എന്റെ കുടുംബത്തോട് ചെയ്യേണ്ട സാമ്പത്തിക കടമകൾ പലതും മുടങ്ങിയപ്പോൾ പല പ്രശ്നങ്ങളും ഉണ്ടായി വീട്ടിൽ.

എനിക്ക് വേറെ ഭാര്യയും കുട്ടികളും ഉണ്ടോ?എന്ന് പോലും എന്റെ ഭാര്യ ഇന്ദു എന്നോട് ചോദിച്ചു.വിളറിയ ചിരിയോടെ തലയാട്ടുക മാത്രമേ ഞാൻ ചെയ്തുള്ളു വേറെന്ത് പറയാൻ.

ഗോപേലൻ മാഷിന്റെ മകൻ എന്റെ കളിക്കൂട്ട് കാരൻ ചതിച്ച് മുങ്ങി എന്ന് പറയുന്നത് എനിക്കും കുറച്ചിലല്ലേ?

ശ്രീധരാ ഇന്നും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.നിന്റെ തിരിച്ച് വരവിനായ് നീ ഒരു ചെറു ചിരിയോടെ എന്റെ മുന്നിൽ വന്ന് വരുണാ ഞാൻ വന്നെടാ എന്ന് പറയുന്ന ദിവസവും കാത്ത്.

ഇന്നും ആൾ കൂട്ടങ്ങളിൽ ഞാൻ തിരയാറുണ്ട് നിന്നെ നിന്റെ കടം പറഞ്ഞ കടം മറന്ന സൗഹൃദത്തെ….! ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: ആർ കെ സൗപർണ്ണിക

Leave a Reply

Your email address will not be published. Required fields are marked *