വെെശാഖം, ഒരു താലിയുടെ കഥ ഭാഗം 3 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സാന്ദ്ര ഗുൽമോഹർ

ആദ്യഭാഗങ്ങൾ ലിങ്ക് കമന്റ് ബോക്‌സിൽ…

ആ മോതീരം ഉരുണ്ട് ചെന്നു വീണത് കീർത്തുചേച്ചിയുടെ കാൽ ചുവട്ടിലായിരുന്നു…!!

ചേച്ചി അത് പയ്യെ എടുത്തു…

ശേഷം എന്റെ അടുത്തേക്ക് നടന്നു വന്നിട്ട് ഒന്നും മിണ്ടാതെ എന്റെ ചുമലിൽ കെെ വെച്ചു…

എന്നെ നെഞ്ചോട് ചേർത്തു കെട്ടിപ്പിടിച്ചു…

ചില സമയത്ത് ചിലരുടെ മൗനം പോലും നമ്മുക്ക് ആശ്വാസമാകും…!!

****

അമ്മയോടും ചേച്ചിയോടും കാലുപിടിച്ചു പറഞ്ഞതിനാലാണ് എനിക്ക് കിടക്കാൻ മറ്റൊരു മുറി ശരിയാക്കി തന്നത്…

മീനുമോൾ എന്റെ കൂടെ കിടക്കാൻ വാശി പിടിച്ചതു കൊണ്ട് എന്റെ ഒപ്പം അവളെയും വിട്ടു…

ഞാൻ ചേച്ചി മോളെ ഉറക്കുന്നത് നോക്കിയിരുന്നു…അതുകഴിഞ്ഞ് ചേച്ചി എന്റെ അടുത്തു തന്നെ കിടക്കാൻ തുടങ്ങുന്നത് കണ്ടു ഞാൻ നിർബന്ധിച്ച് ചേട്ടന്റെ അടുത്തേക്ക് പറഞ്ഞയച്ചു…

മുറിയടച്ച് കട്ടിലിൽ വന്നിരുന്നപ്പോൾ കണ്ണടച്ചു നിഷ്കളങ്കമായി ഉറങ്ങുന്ന മീനു മോളേ കണ്ട് എനിക്ക് ഞങ്ങളുടെ കുട്ടിക്കാലം ഒാർമ വന്നു…

ഒന്നിനെ പറ്റിയും വേവലാതിപ്പെടാത്ത, ഉത്തരവാദിത്വങ്ങളില്ലാത്ത ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം…

എന്റെ ഇന്നലെകൾ എല്ലാം മനോഹരമായിരുന്നു….

ഈ ഒരു ദിവസമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്…

മിഴികൾ വീണ്ടും നിറയുന്നത് ഞാൻ അറിഞ്ഞു…

കുട്ടിക്കാലം തൊട്ടുളള എന്റെ എല്ലാ ഒാർമകളിലും നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു മുഖമെ ഉളളൂ…

എന്റെ ലച്ചുവിന്റെ മുഖം…

****

അന്ന് എനിക്ക് അടി കിട്ടിയ ആ നിമിഷം മുതൽ ഞാൻ പ്രണവേട്ടനെ എന്റെ ആജന്മശത്രുവായി പ്രഖ്യാപിച്ചിരുന്നു…

പ്രണവേട്ടനെതിരെ ഞാൻ എയ്ത ഒളിയമ്പുകളെല്ലാം ബൂമാറാങ് പോലെ എനിക്ക് എതിരായി തന്നെ തിരിച്ചു വന്നു…

പ്രണവേട്ടൻ സ്ഥിരമായി പോകുന്ന വഴിയ്ക്ക് കുഴി കുത്തി ഇട്ടതിൽ തെങ്ങു കയറ്റക്കാരനായ ചെല്ലപ്പൻ ചേട്ടൻ വീണു അതിന് വീട്ടിൽ നിന്നും എനിക്ക് ഒരുപാട് അടി കിട്ടുകയും ചെയ്തു…

പിന്നീട് അങ്ങോട്ടുളള എല്ലാ പരിപാടികളും, പഠിപ്പിസ്റ്റ് രമ്യയുടെ ബുക്കിൽ പ്രണവേട്ടന്റെ പേരിൽ ലെറ്റർ വെച്ചതും പുളളിക്കാരന്റെ ബാഗിൽ അട്ടയെ പിടിച്ചിട്ടതുമെല്ലാം ഫോള്പ്പായപ്പോഴാണ് എന്റെ എല്ലാ പ്ലാനും അറിയാവുന്ന ലോകത്തെ ഒരേ ഒരാളായ ലച്ചുവിനെ ഞാൻ പൊക്കിയത്…

പക്ഷേ, അവൾ പറഞ്ഞത് കേട്ട് എന്റെ എല്ലാ കിളികളും പറന്നു പോയിരുന്നു..!!

അവൾക്ക് പ്രണവേട്ടനെ ഇഷ്ടമാണെന്ന്..!!!

അത് പറഞ്ഞു കരഞ്ഞപ്പോൾ ഞാൻ അവളെ വെറുതെ വിട്ടു…

പിന്നീട് ഒരുപാട് ഉപദേശിച്ചിട്ടും നിർബന്ധിച്ചിട്ടും അവൾ പിന്മാറില്ലെന്ന് കണ്ടു അവസാനം ഞാൻ മനസ്സില്ലാമനസ്സോടെ അവൾക്ക് സമ്മതം മൂളി…

ഞാൻ സമ്മതിക്കാതെ അവൾ ഒന്നും ചെയ്യില്ല,എന്നെ അത്രയ്ക്ക് ഇഷ്ടമാണ് അവൾക്ക്…

എനിക്ക് തിരിച്ചും….

പക്ഷേ,അത് മുതലെടുക്കാൻ പാടില്ലലോ..?

അതുക്കൊണ്ടാണ് ഞാൻ അവൾക്ക് പച്ചക്കൊടി കാണിച്ചത്…

അവൾ പ്രണവേട്ടനോടുളള പ്രണയം കൊണ്ട് മുന്നോട്ട് പോയപ്പോൾ ഞാൻ പിന്നെ പുളളിയോടുളള എന്റെ ഒളിപ്പോര് പഠന-പാഠ്യേതര മേഖലകളിലേക്ക് മാറ്റി..

പ്രണവേട്ടൻ ഒന്നിലും ജയിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു…

അതിനാൽ പുളളിയ്ക്ക് എതിരെ ഞാൻ എല്ലാ മേഖലകളിലും പോരാടി…

സമ്മാനങ്ങൾ രണ്ടു പേരും വാരിക്കൂട്ടി.. ഒാരോ തവണയും പോരുതി വീഴുന്ന ആളായിരുക്കും അടുത്ത തവണ ജേതാവ്…!!!

ലച്ചുവിനു വേണ്ടി ഞാൻ പലപ്പോളും പ്രണവേട്ടന്റെ അടുത്ത് പോകാൻ തയ്യാറായെങ്കിലും അവൾ പേടി കാരണം എന്നെ അതിന് അനുവദിച്ചില്ല…

ഇങ്ങനെ പുളളിയോട് തുറന്നു പറയാതെ നടക്കുന്ന നിനക്ക് ഭ്രാന്താണെന്ന് പറയുമ്പോൾ അവൾ പറയും…

“അത്, എനിക്ക് ഭ്രാന്താണ്…

പ്രണവേട്ടനോടുളള അഗാധമായ സ്നേഹം കൊണ്ടുളള ഭ്രാന്ത്…

ഇനി എങ്ങാനും എന്റെ പ്രണയം നിരസിച്ചാൽ എനിക്ക് അത് താങ്ങാൻ പറ്റില്ലെടി…

അതാ ഞാൻ പറയാത്തത്,…”

എന്നു പറഞ്ഞു അവൾ കരയുമ്പോൾ ഞാൻ അദ്ഭൂതപ്പെട്ടിട്ടുണ്ട് ഒരിക്കലും അവളോട് മര്യാദയ്ക്ക് സംസാരിച്ചിട്ടില്ലാത്ത ആ മനുഷ്യനെ ഇവൾ എങ്ങനെയാണ് ഇത്രയും സ്നേഹിച്ചതെന്ന് ഒാർത്ത്…

അവൾക്ക് വേണ്ടിയാണ് ഞാൻ പ്രണവേട്ടന്റെ വീട്ടുക്കാരുമായി കമ്പനിയാകുന്നത്,അങ്ങനെ ഞാൻ ഈ വീട്ടിലെ ഒരംഗമായി…

പക്ഷേ, അവളുടെ സ്നേഹം മാത്രം….!!!

പ്ലസ്സ് ടൂ പഠിക്കുന്ന കാലത്ത് ഒരു ദിവസം ഡ്രാമപ്രാക്ടീസ് കഴിഞ്ഞു വരുന്ന ഞാൻ കാണുന്നത് ഞങ്ങളുടെ തന്നെ സഹപാഠിയായ നിത്യയോട് ലച്ചു വഴക്കടിക്കുന്നത്…അവസാനം ഇരുവരുടെയും വഴക്ക് കയ്യാങ്കളിയിലേക്ക് വരെ മാറി..

പിടിച്ചു മാറ്റാൻ ചെന്ന എന്റെ നേരെ വരെ അന്നവൾ ചീറി…

കാരണം അറിഞ്ഞ ഞാൻ ഞെട്ടിപ്പോയി, പ്രണവേട്ടനെ നിത്യയ്ക്കും ഇഷ്ടമാണെന്നു പറഞ്ഞതിനായിരുന്നു അന്ന് അത്രയും വലിയ വഴക്കുണ്ടായത്..

എന്റെ ജീവിതത്തിൽ അതിന് മുൻപും ശേഷവും ലച്ചുവിനെ അത്രയും ദേഷ്യപ്പെട്ടു ഞാൻ കണ്ടിട്ടില്ല….!!

അന്ന് എനിക്ക് ബോധ്യമായതാണ് അവൾക്ക് പ്രണവേട്ടനോടുളള സ്നേഹം…

അതിന് ശേഷം പ്രണവേട്ടൻ ഹയർസ്റ്റഡീസിന് വിദേശത്തേക്ക് പോകുവാണെന്ന് കേട്ടു ഞാൻ തന്നെ മുൻകെെ എടുത്താണ് അമ്പലക്കുളത്തിന്റെ അവിടെ വെച്ച് അവളെ കൊണ്ട് പ്രണവേട്ടനോട് ഇഷ്ടമാണെന്ന് പറയിപ്പിച്ചത്…!!

പക്ഷേ, അന്ന് പ്രണവേട്ടൻ അവളോട് വളരെ മോശമായ രീതിയിലാണ് പ്രതികരിച്ചത്..

വഴിയിൽ കാത്തു നിന്ന എന്നെ രൂക്ഷമായി നോക്കിയിട്ട് പോയ പ്രണവേട്ടന്റെ മുഖം ഇന്നും ഞാൻ ഒാർക്കുന്നു…

‘ഇനി എനിക്ക് ജീവിക്കണ്ട’ എന്ന് പറഞ്ഞായിരുന്നു പാവം ലച്ചു അന്ന് കരഞ്ഞത്,അവളുടെ കരച്ചിൽ കണ്ടു ഞാനും ഒപ്പം കരഞ്ഞുപോയിരുന്നു…

അതൊടെ പ്രണവേട്ടനോടുളള എന്റെ വെറുപ്പ് കൂടി….

മാസങ്ങൾ വേണ്ടി വന്നു എനിക്ക് എന്റെ ലച്ചുവിനെ പഴയ അവസ്ഥയിലെത്തിക്കാൻ….!!!.

ആ കാരണം കൊണ്ട് തന്നെയാണ് അവൾക്ക് എൻട്രൻസ്സ് കിട്ടാതിരുന്നത്, പഠിക്കാൻ തന്ന സമയത്ത് എപ്പോളെങ്കിലും അവൾ പുസ്തകം ഒന്നു കെെയ്യിലെടുത്തിരുന്നെങ്കിൽ അവൾക്ക് കിട്ടിയേനെ…ഞാൻ ഒരുപാട് നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് അവൾ പരീക്ഷ എഴുതാൻ തയ്യാറായത് തന്നെ….പക്ഷേ..

അവൾക്ക് എൻട്രൻസ്സ് കിട്ടാത്തതു കൊണ്ടാണ് ഞാൻ ആഗ്രഹിച്ച മെഡിക്കൽ സീറ്റ് വേണ്ടെന്നു വെച്ച് ഫാഷൻ ഡിസെെനിങ് പഠിക്കാൻ അവൾക്കൊപ്പം ബാംഗ്ലൂരിലേക്ക് വണ്ടി കയറിയത്…അവൾക്ക് ഒരു മാറ്റം അത്യാവശ്യമായിരുന്നു….

അവിടെ വെച്ചാണ് ധ്രുവിന് ഞാൻ ആദ്യമായി കാണുന്നത്….!!

ഒാർമകൾ അത്രത്തോളമായപ്പോളേക്കും പിടിച്ചു നിൽക്കാനാകാതെ കരഞ്ഞു പോയി ഞാൻ…

കുഞ്ഞ് ഉണരാതിരിക്കാൻ ഞാൻ പാടുപ്പെട്ടു കരച്ചിൽ അടക്കുമ്പോളാണ് പുറത്തൊരു വണ്ടി വരുന്ന ശബ്ദം കേൾക്കുന്നത്…

ചെറുതായി സെെറൺ വിളി കൂടി കേട്ടപ്പോൾ എന്റെ ചങ്കിൽ ഒരു കൊളളിയാൻ മിന്നി…

ഒാടി പോയി ജനൽ തുറന്നു നോക്കിയതും ഞാൻ പ്രജ്ഞയറ്റു നിന്നു…

അതൊരു പോലീസ് ജീപ്പായിരുന്നു….!!!!

(തുടരും) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ, ബാക്കി മിസ്സ് ആവാതെ വായിക്കുവാൻ കുപ്പിവള പേജ് ലൈക്ക് ചെയ്യൂ…

രചന: സാന്ദ്ര ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *