പെണ്ണിന് ദൈവം കൊടുത്ത ഏറ്റവും വലിയ കഴിവ് എല്ലാം സഹിക്കാനുള്ള മനസ്സാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മഹാ ദേവൻ

ചങ്ങലയിൽ താളം പിടിച്ച് ചിരിക്കുകയും, അതിന്റ കണ്ണികൾ അറിത്തെറിയാൻ നോക്കി നിരാശപ്പെടുമ്പോൾ കരയുകയും ചെയ്യുന്ന അമ്മയെ കാണുമ്പോൾ വല്ലത്തൊരു സങ്കടം ആയിരുന്നു.

സ്നേഹിക്കാൻ മാത്രമറിയാമായിരുന്ന അമ്മയെ ഒരു മുറിയിൽ അടച്ചിടേണ്ട അവസ്ഥ വല്ലാതെ വേദനിപ്പിക്കും. കഫം തുപ്പി വൃത്തിഹീനമായ ചുവരും മലമൂത്രത്തിന്റെ അസഹിണീയമായ ഉളുമ്പുമണവും നിറഞ്ഞ മുറി. അത് കൊണ്ട് തന്നെ അറപ്പും പേടിയും കാരണം മറ്റാരും ആ മുറിക്ക് അരികിൽ പോലും വരാത്തത് കാരണം എല്ലാ കാര്യങ്ങ്ള്ക്കും അവൻ തന്നെ വേണമെന്ന അവസ്ഥ വന്നപ്പോൾ, ഉളള ജോലി കൂടി പോകുമെന്ന സ്ഥിതിയോർത്തു വിഷമിക്കാൻ തുടങ്ങിയപ്പോഴായിരുന്നു രമേശൻ ഒരു ഹോംനേഴ്സിന്‌ വേണ്ടി അന്വേഷണം തുടങ്ങിയത്.

പക്ഷേ, അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ പറയുമ്പോൾ തന്നെ വിളിക്കാം എന്ന് പറഞ്ഞ് വെക്കുന്ന ഏജൻസിക്കാർ പിന്നെ വിളിക്കുന്നത് സോറി പറയാൻ ആയിരുന്നു.

” ഇങ്ങനെ മാനസികവിഭ്രാന്തിയുള്ള അവസ്ഥയിൽ കഴിയുന്ന സ്ത്രീയെ നോക്കാൻ ആണെന്ന് പറയുമ്പോൾ ഒരാൾ പോലും താല്പര്യപെടുന്നില്ല. ജോലി ഇതാണെങ്കിലും അവർക്കും ജീവനിൽ പേടി ഉണ്ടെന്ന് പറയുമ്പോൾ പിന്നെ എന്ത് പറയാനാ ” എന്ന് കൈ മലർത്തുന്നവരോട് ചിരിയോടെ താങ്ക്സ് പറഞ്ഞ് ഫോൺ വെക്കുമ്പോൾ രമേശനറിയില്ലായിരുന്നു ഇനി എന്ത് ചെയ്യണമെന്ന്.

അവന്റെ അവസ്ഥ കാണുന്ന പല കൂട്ടുകാരും പറഞ്ഞതാണ് മെന്റൽഹോസ്പിറ്റലിൽ ആകാമെന്ന്. പക്ഷേ, എന്തോ അതിന് മാത്രം മനസ്സ് വരുന്നില്ല. ഇത്ര കാലം കഷ്ടപ്പെട്ട് ഒരു കുറവുംഅറിയിക്കാതെ വളർത്തിയ അമ്മയെ അങ്ങനെ ഒരു ഹോസ്പിറ്റലിലെ മുറിയിലേക്ക് പറിച്ചുമാറ്റാൻ തീരെ താല്പര്യം ഇല്ലായിരുന്നു അവന്. ഉളള കാലം ഒറ്റപ്പെട്ട അവസ്ഥയിലേക്ക് അമ്മയെ തള്ളിവിടില്ല എന്ന ഉറച്ച തീരുമാനത്തിൽ തന്നെ ആയിരുന്നു അവൻ. പക്ഷേ, നോക്കാൻ ഒരാളെ കൂട്ടിയില്ലെങ്കിൽ ഉളള ജോലി…. അത് മാത്രമായിരുന്നു ഒരു വിഷമം. ഉളള വരുമാനം കൂടി നിലച്ചാൽ പിന്നെ തൂമ്പയുമെടുത്തു സ്വന്തം കൃഷിസ്ഥലത്തേക്ക് ഇറങ്ങാം എന്ന തീരുമാനത്തിൽ ആയിരുന്നു പിന്നെ അവൻ. എന്നാലും അമ്മയെ അറുത്തുമാറ്റി മറ്റൊരു മുറിയിലെ ഇരുട്ടിലേക്ക് പറിച്ചുനടില്ല.

അന്ന് അമ്മയെ കുളിപ്പിച്ച് റൂമെല്ലാം വൃത്തിയാക്കി ഭക്ഷണവും കൊടുത്ത് മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ നിർത്താതെ അടിക്കുകയായിരുന്നു ഫോൺ. അമ്മക്ക് ഭക്ഷണം കൊടുത്ത പാത്രം അടുക്കളയിൽ വെച്ച് തിരികേ വന്ന് ഫോൺ എടുക്കുമ്പോൾ അവന്റെ മുഖത്തു വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു.

” mr: രമേശൻ. നിങ്ങൾ ആവശ്യപ്പെട്ടപ്പോലെ ഒരു ഹോംനേഴ്‌സിനെ ഞങ്ങൾ അങ്ങോട്ട് വിടാം. അമ്മയുടെ അവസ്ഥ പറയുമ്പോൾ എല്ലാവരും ഒഴിഞ്ഞുമാറിയത് കൊണ്ടാണ് ഇത്രയും താമസിച്ചത്. ഇപ്പോൾ ഒരു കുട്ടി അമ്മയെ നോക്കാൻ സമ്മതം മൂളിയിട്ടുണ്ട്. നാളെ അവർ ജോയിൻ ചെയ്യും നിങ്ങളുടെ അഡ്രസ്സ് ഞാൻ കൊടുത്തിട്ടുണ്ട്. പിന്നെ ശമ്പളത്തിന്റ കാര്യങ്ങൾ ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. പക്ഷേ, ഇങ്ങനെ ഒരു കേസ് ആയത് കൊണ്ട് എമൗണ്ട് അല്പം കൂടും. അത് സമ്മതമാണെങ്കിൽ… ”

അവനത് നൂറു വട്ടം സമ്മതമായിരുന്നു. ഒരാൾ ഇങ്ങനെ തയ്യാറായി മുന്നോട്ട് വരുമെന്ന് പോലും പ്രതീക്ഷിച്ചതല്ല. ഇപ്പോൾ ഒരാൾ എല്ലാം അറിഞ്ഞിട്ടും വരുമ്പോൾ ചെറിയ ശമ്പളകൂടുതലിന്റെ പേരിൽ വേണ്ടെന്ന് പറഞ്ഞാൽ പിന്നെ വേറെ ഒരാളെ കിട്ടാൻ വളരെ പ്രയാസമാണ് എന്നറിയാവുന്നത്കൊണ്ട് അവൻ അപ്പോൾ തന്നെ അവർ പറഞ്ഞ എല്ലാ ഡിമാന്റുകൾക്കും സമ്മതം മൂളി.

പിറ്റേ ദിവസം അവന്റെ വീട് തേടി വന്നവൾ ഹോംനേഴ്‌സ് ആണെന്ന് സ്വയം പരിചയപ്പെടുത്തുമ്പോൾ കയറിവരാൻ പറഞ്ഞ് അവൾക്കുള്ള മുറി കാണിച്ചു കൊടുത്തു അവൻ. പിന്നെ അമ്മയെ അടച്ചിട്ട മുറിയും.

” ഇയാളുടെ പേര് ആതിര. എന്നല്ലേ പറഞ്ഞത്.? അപ്പൊ ആതിരേ, പേടിപ്പിക്കാൻ പറയുന്നതല്ല, എന്നാലും ഒന്ന് ശ്രദ്ധിക്കണംട്ടോ.. ഇടക്ക് അമ്മ വൈലെന്റ് ആകും. അപ്പോൾ എന്ത് ചെയ്യുമെന്ന് പറയാൻ കഴിയില്ല. ആ സമയം ഒന്ന് ശ്രദ്ധയോടെ കാര്യങ്ങൾ മുൻകൂട്ടികണ്ട് ചെയ്യാൻ കഴിഞ്ഞാൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല. ”

അവൻ അമ്മയുടെ അവസ്ഥയെ കുറിച്ച് പറയുമ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു, ” അതൊന്നും സാരമില്ല സാറേ. ഇങ്ങനെ ഒരു അമ്മ എന്റെ വീട്ടിലും ഉണ്ടായിരുന്നു. അതുകൊണ്ട് നല്ല ശീലമാണ്. കുപ്പികൊണ്ട് അടിയും കടിയും ഒക്കെ കിട്ടി നല്ല ശീലമാ.. അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ലാലോ. പിന്നെ അതും ഒരു അമ്മയല്ലേ. വേണ്ട പോലെ പരിചാരിച്ചാൽ എത്രയൊക്കെ വൈലൻറ് ആയവരും ഇടക്ക് ഒന്ന് സൈലന്റ് ആകും. സ്നേഹം കൊണ്ടാണ്. എത്രയൊക്കെ ഉപദ്രവിച്ചിട്ടും പിന്നെയും സ്നേഹത്തോടെ വാരിഊട്ടുമ്പോൾ കടിക്കുന്ന കൈക്ക് തഴുകാൻ തോന്നും. അമ്മയുടെ മനസ്സല്ലേ. അങ്ങനെ ഒക്കെ ആണ് അതിന്റെ ഒരു കിടപ്പ് ”

അവളുടെ വാക്കുകളിലെ ആത്മവിശ്വാസം അവനെ വല്ലാതെ അത്ഭുതപ്പെടുത്തിയിടുന്നു. എല്ലാം അറിഞ്ഞിട്ടും ഭയക്കാതെ ചിരിക്കാൻ കഴിയുന്ന ഇവൾക്ക് അമ്മയെ പൊന്ന് പോലെ നോക്കാനും കഴിയും.

പതിയെ അമ്മയുടെ മുറിയിലേക്ക് നടന്ന് പോകുന്ന അവളെ നോക്കി നിലക്കുമമ്പോൾ മനസ്സിൽ ഒരു ആശ്വാസം ഉണ്ടായിരുന്നു, ഇനി ധൈര്യമായി ജോലിക്ക് പോകാമല്ലോ എന്ന്. അതിന് അവളുടെ വാക്കുകൾ നൽകിയ പ്രതീക്ഷ തന്നെ ധാരാളം.

അമ്മയെ നോക്കുന്നതിനോടൊപ്പം വീട്ടിലെ പണിയും നല്ല കൈവഴക്കത്തോടെ ചെയ്യുന്ന അവളെ കാണുമ്പോൾ മനസ്സിനെ വല്ലത്ത ഒരു സന്തോഷം ആയിരുന്നു. അതിനേക്കാൾ അവനെ ആശ്ചര്യപ്പെടുത്തിയത് ചെറുപ്പക്കാരനായ താനും അമ്മയും മാത്രമേ ഇവിടെ ഉളളൂ എന്നറിഞ്ഞിട്ടും ഒരു പേടിയും കൂടാതെ വീട്ടിൽ തന്നെ താമസിക്കാൻ കാണിക്കുന്ന ആ ധൈര്യത്തെ ഓർത്തായിരുന്നു.

” ഇയാളുടെ വീട്ടുകാരെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ. ആരൊക്കെ ഉണ്ട് വീട്ടിൽ ” ഒരു ദിവസം രാത്രി കഞ്ഞി വിളമ്പുമ്പോൾ അവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു. ” ആരൊക്കെ ഉണ്ട് എന്ന് ചോതിച്ചാൽ ആരൊക്കെയോ ഉണ്ട്.. എന്നാൽ ആരും ഇല്ല. ചിലപ്പോൾ എന്റെ കഥ വിശ്വസിക്കാൻ കഴിയില്ല.. പതിനേഴു വയസ്സിൽ ഭാരം തീർക്കാൻ അച്ഛന്റെ കൂട്ടുകാരന് എന്നെ കെട്ടിച്ചു നൽകുമ്പോൾ തുടങ്ങി ജീവിതത്തിലെ തോൽവി. എട്ടും പൊട്ടും തിരിയാത്ത പെണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ ചോരയിൽ കുതിർന്ന ഡ്രെസ് മാറ്റുന്ന അമ്മയെ ഇന്നും ഓർമ്മയുണ്ട്. അന്ന് കരഞ്ഞുകൊണ്ട് അച്ഛനെ പ്രാകുന അമ്മയെ ഒരു മൂലയിലേക്ക് ചവിട്ടി മെതിക്കുമ്പോൾ അടവയറു പൊത്തി നിസ്സഹായതയോടെ കരയുന്ന ഒരു പതിനേഴുകാരി.

പിന്നെ ഒരു ദിവസം അച്ഛൻ കിടക്കുന്നിടത്ത്‌ എന്റെ ഭർത്താവ് അമ്മക്കൊപ്പം കിടക്കുന്നത് കാണേണ്ടി വന്നവൾ. അന്ന് അമ്മയുടെ മാനസികനില തെറ്റുമ്പോൾ പടിയിറങ്ങിയതാണ് അച്ഛൻ. അതോടൊപ്പം എന്റെ ഭർത്താവെന്ന് അവകാശപ്പെടുന്ന അയാളും. കേസാകും എന്ന് ഭയന്നാകും പിന്നെ അവരെ കണ്ടിട്ടില്ല ഞാൻ. അതിന്റ പേരിൽ കേസ് കൊടുക്കാനോ മറ്റോ പറ്റിയ അവസ്ഥ അല്ലായിരുന്നു. പിന്നെ അമ്മക്ക് വേണ്ടിയുള്ള ജീവിതം ആയിരുന്നു. കൂടെ താഴെ ഒരു അനിയനും. കുറെ കാലം അങ്ങനെ കിടന്ന് അവസാനം ഈ നശിച്ച ലോകത്തോട് വിട പറയുമ്പോൾ പിന്നെ ഞാനും അനിയനും മാത്രമായി. പക്ഷേ, പിന്നെയും പരീക്ഷിക്കുകയായിരുന്നു ദൈവം. ഇരുപത്തിരണ്ട് വയസ്സുള്ള അനിയൻ എന്നേക്കാൾ മൂത്ത ഒരുത്തിയെ വിളിച്ച് കൊണ്ട് വന്നപ്പോൾ ഞെട്ടി. ഇരുപത്തിരണ്ട് വയസ്സുള്ള അനിയൻ കെട്ടിയത് ഇരുപത്തി ഏഴ് വയസ്സുള്ള പെണ്ണിനെ. അതോടെ ആ വീട്ടിലെ എന്റെ സമാധാനമാവും പോയി. പിന്നെ അവളുടെ ഭരണം ആയിരുന്നു. കെട്ടിയ ഭാര്യയെ പേടിക്കേണ്ടി വന്ന ഭർത്താവ് ആയി എന്റെ അനിയനും. ആ പേടി എനിക്കെതിരെ ഉളള അവളുടെ വാക്കുകളുടെ ശക്തി കൂട്ടിയപ്പോൾ നിവർത്തിയില്ലാതെ ആ പടി ഇറങ്ങിയതാണ് ഞാൻ. പക്ഷേ, പിന്നെ എങ്ങോട്ട് പോണമെന്നറിയാതെ നിൽക്കുമ്പോൾ ആയിരുന്നു ഒരു കൂട്ടുകാരി വഴി ഇങ്ങനെ ഒരു ജോലി മുന്നിൽ വന്ന് പെട്ടതും. മരിക്കുന്നതിനേക്കാൾ ഭേദമല്ലേ അടിയും തൊഴിയും തുപ്പലും. അത് എന്റെ അമ്മയെ പോലെ ഒരു അമ്മയാകുമ്പോൾ ….. പെണ്ണിന് ദൈവം കൊടുത്ത ഏറ്റവും വലിയ കഴിവ് എല്ലാം സഹിക്കാനുള്ള മനസ്സാണ്. അത് തന്നെ ആണ് ഇപ്പോൾ എന്റെ ജീവിതവും. ”

അത്രയും പറഞ്ഞു നിർത്തുമ്പോൾ അത്ര നേരം ചിരിച്ച അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു. അത് രമേശൻ കാണാതിരിക്കാൻ കൈ കൊണ്ട് തുടച്ചു മുഖത്തു പുഞ്ചിരി വരുത്താൻ ശ്രമിക്കുമ്പോൾ മറുത്തൊന്നും പറയാതെ കഞ്ഞിയിൽ മാത്രം ശ്രദ്ധിച്ചിരുന്നു അവൻ.

ദിവസങ്ങൾ കടന്നു പോകുമ്പോൾ അവളുടെ അമ്മയോടുള്ള സമീപനവും അമ്മക്ക് അവളോടുള്ള സമീപനവും അവനെ കൂടുതൽ സന്തോഷവാനാക്കി. അതുവരെ താൻ എത്ര ശ്രദ്ധിച്ചിട്ടും അലങ്കോലമായി തന്നെ കിടന്നിരുന്ന അമ്മയുടെ മുറിക്ക് ഇപ്പോൾ വല്ലാത്തൊരു സുഗന്ധമാണ്. അതുപോലെ അമ്മക്കും. ഇപ്പോൾ ചങ്ങലയുടെ ബന്ധനത്തിൽ നിന്ന് അമ്മയെ ഇടക്കവൾ മോചിപ്പിക്കും. മണ്ണിന്റെ മണം ആസ്വദിക്കാൻ അമ്മയെ തൊടിയിൽ കൈ പിടിച്ചു നടത്തും.

അമ്മയിൽ വന്ന ഒരുപാട് മാറ്റങ്ങൾ അവൻ അത്ഭുതത്തോടെ ആയിരുന്നു കണ്ടത്. ഇപ്പോൾ ഏതെങ്കിലും ഭ്രാന്താശുപത്രിയിൽ ആയിരുന്നെങ്കിൽ എന്റെ അമ്മ…. അത് ആലോചിക്കുമ്പോൾ തന്നെ മനസ്സിലൊരു ആധിയാണ്.

പക്ഷേ, ആതിരയുടെ സാമിപ്യം ജീവിതത്തിൽ സന്തോഷം മാത്രമാണ് നൽകുന്നത് എന്നോർത്തപ്പോൾ സ്വന്തം ജീവിതത്തിലെ നാളെയെ കുറിച്ചൊരു തീരുമാനത്തിൽ എത്തിയിരുന്നു അവൻ.

അന്ന് അവൾക്ക് മുന്നിൽ നിൽക്കുബോൾ മുഖവുരയില്ലാതെ ആ കാര്യം അവൾക്ക് മുന്നിൽ അവതരിപ്പിച്ചു അവൻ.

” ആതിരക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. പക്ഷേ, ഇയാൾക്ക് മുന്നിൽ ഇപ്പഴും ജീവിതം ഒരു ചോദ്യചിൻഹം പോലെ കിടക്കുകയാണ്. ആ ജീവിതത്തെ എന്നേക്കുമായി ഈ വീട്ടിലേക്ക് പറിച്ചുനടാൻ ഇയാൾക്ക് സമ്മതമാണോ? എന്റെ ജീവിതത്തിന്റെ മറുപുറമായി ഞാൻ ഇയാളെ ചേർത്തുവെച്ചോട്ടെ. “.

അവന്റെ ആ ചോദ്യം കേട്ടപ്പോൾ അവളിൽ ഒരു ഞെട്ടലായിരുന്നു. “എന്നോ ഒരിക്കൽ അറിവില്ലാത്ത പ്രായത്തിൽ മറ്റൊരാൾക്ക് മുന്നിൽ കഴുത്തു നീട്ടി കൊടുത്തവൾ ആണ് ഞാൻ. എല്ലാവരുടെയും ഭാഷയിൽ ഇപ്പോൾ ഒന്ന് കെട്ടി കെട്ടിയോൻ ഇട്ടിട്ടു പോയവൾ. അത് മാത്രമല്ല, ഈ വീട്ടിലെ അമ്മയെ നോക്കാൻ വേണ്ടി കൂലിക്ക് വന്ന വെറും ഹോംനേഴ്‌സ് ആണെന്ന് സാർ മറക്കരുത്. സാറിനെ പോലെ ഒരാൾ ഇങ്ങനെ ചിന്തക്കുന്നത് ഇപ്പോൾ അമ്മക്ക് വന്ന മാറ്റം കണ്ടിട്ടാണെങ്കിൽ വേണ്ട. ജീവിതവും കിട്ടുന്ന കാശിനുള്ള ജോലിയോടുള്ള ആത്മാർത്ഥതയും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്. രണ്ടും തമ്മിൽ കൂട്ടികുഴച്ചു പിന്നീട് വേണ്ടെന്ന് തോന്നിയാൽ..? ”

അവളുടെ വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉളള ഉത്തരം അവനിൽ ഉണ്ടായിരുന്നു,

” ആതിര എന്ന ഹോംനേഴ്സിന്റെ കർത്തവ്യം കണ്ട് കണ്ണ്തള്ളിയല്ല ഞാൻ ഇത് പറഞ്ഞത്. നിന്നിൽ നല്ല ഒരു കുടുംബിനി ഉണ്ടെന്ന് കണ്ട് തന്നെ ആണ്. ഏത് ജോലി ആണെങ്കിലും അതിനെ സമീപിക്കാൻ സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സ് തന്നെ വേണം. എന്നാലേ എല്ലാം പൂർണ്ണമാകൂ. അത് ഇയാളിൽ ഉണ്ട്. അമ്മയെ ഇത്രത്തോളം സ്നേഹിക്കാൻ കഴിയുന്നവൾക്ക് മകനെ അതിന്റ പകുതിയെങ്കിലും സ്നേഹിക്കൻ കഴിയില്ലേ. ആലോചിച്ചു പറഞ്ഞാൽ മതി. ജീവിതം ആണ്. പറിച്ചു നട്ടാൽ കിളിർത്തുവളരണം. വാടാതെ കൊഴിയാതെ ശോഭയോടെ തന്നെ ”

അവന്റെ വാക്കുകളിലെ ആത്മാർത്ഥ അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടെങ്കിലും പൂർണ്ണമായ ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ലായിരുന്നു. ഒരിക്കൽ നശിച്ച ജീവിതത്തിന്റെ ഒരു പുതിയ നാളുകൾ ആണെങ്കിൽ… ! മങ്ങിയ ആശകൾക്ക് ഒരു ഉണർവ്വ് ഉണ്ടാകുമെങ്കിൽ….. !

അറിയില്ല.. ജീവിതം എങ്ങോട്ടാണെന്ന്… അര്ഥമുള്ളതായോ അനർത്ഥമുള്ളതായോ ഒഴുകാൻ വിധിക്കപ്പട്ട ജീവിതത്തിന് ഇത് ഒരു തുരുത്താണെങ്കിൽ…. !

മനസ്സിലൂടെ ആയിരം ചിന്തകൾ കൂടൊരുക്കുമ്പോൾ എതോ ഒരു നിമിഷത്തിൽ അവളിൽ നിന്ന് വന്ന ഒരു മൂളലിൽ ഒരു സമ്മതത്തിന്റ അർത്ഥം ഉണ്ടായിരുന്നു. നാളെയിലേക്ക് ഒരു സ്വപ്നത്തെ വാർത്തെടുക്കുംപോലെ… !

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ….

രചന: മഹാ ദേവൻ

Leave a Reply

Your email address will not be published. Required fields are marked *