സ്കൂൾ യൂണിഫോമിൽ ഇരുന്നു കരയുന്ന അശ്വതി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: കൃഷ്ണപ്രിയ

ക്ലാസ് റൂമിന്റെ പുറത്തു മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. ടീച്ചേഴ്സ് എല്ലാവരും രാവിലത്തെ ഹാജർ രേഖപ്പെടുത്തുന്ന തിരക്കിലാണ്.

“അശ്വതി ടി ആർ. . . അശ്വതി ടി ആർ”

“അബ്‌സെന്റ് ടീച്ചർ”

അശ്വതി ഇന്നും വന്നില്ലേ? ദേവികാ തന്റെ കൂടെ അല്ലെ അശ്വതി വരുന്നത്., എന്താ പറ്റിയേ ആ കുട്ടിക്ക്?

എനിക്ക് അറിയില്ല ടീച്ചർ., എന്റെ വീട്ടിൽ നിന്ന് കുറെ പോകണം അവളുടെ വീട്ടിലേക്ക്

കുട്ടികളെ പത്താം ക്ലാസ് ആണ് ആരും ഇനി അനാവശ്യമായി ലീവ് ഒന്നും എടുക്കരുത്., അറിയാമല്ലോ,. ഒരു ദിവസം വന്നില്ലെങ്കിൽ എന്താ അവസ്ഥ എന്ന്.

ഇത് കേട്ട പുറകിലെ ബെഞ്ചിലെ വില്ലന്മാർ പരസ്പരം ചിരിച്ചു.

ശരി ഇന്ന് നമുക്ക് പുതിയ ചാപ്റ്റർ തുടങ്ങാം. . . . .

ണിം . . . ണിം . . . ണിം

ബെല്ലടിച്ചപ്പോൾ രേഖ ടീച്ചർ മുക്കാൽ മണിക്കൂർ ദൈർഖമുള്ള തന്റെ ക്ലാസ് തീർത്ത് 10 സി എന്ന ബോർഡ് വച്ച ക്ലാസ്റൂമിൽ നിന്നും പുറത്തിറങ്ങി സ്റ്റാഫ് റൂമിലേക്ക് നടന്നു.

നിഷ ടീച്ചറേ ആ കുട്ടി ഇന്നും വന്നില്ല.,ഇതിപ്പോ രണ്ടു ദിവസമായല്ലോ കാര്യമെന്താ എന്ന് അറിയില്ല.

ടീച്ചർ എന്തായാലും ആ കുട്ടിയുടെ വീട് വരെ പോയി നോക്ക്.കാര്യം എന്താ എന്ന് അറിയാമല്ലോ.

ശരിയാ ഇന്ന് ക്ലാസ് കഴിയുമ്പോൾ ഒന്നു പോയി നോക്കാമല്ലേ.

പോയി നോക്ക് ടീച്ചറെ ഇതുങ്ങൾ ഒക്കെ ഇനി ക്ലാസ്സിൽ വരാതെ കണ്ടവന്മാരുടെ കൂടെ കറങ്ങാൻ പോയതാണോ എന്ന് ആർക്ക് അറിയാം. . .വീട്ടിൽ നിന്ന് ക്ലാസ്സിലേക്ക് എന്നും പറഞ്ഞു ഇറങ്ങും എന്നിട്ട് പോക്കല്ലേ. . . എന്നിട്ട് അവസാനം പത്തു തോൽക്കുമ്പോ കുറ്റം പഠിപ്പിച്ച നമുക്ക് ആകും.

നിഷ ടീച്ചർ അങ്ങനെ ആണ് എന്ത് കേട്ടാലും കുറച്ചു എരിവും പുളിയും ചേർക്കാതെ അവർക്ക് ഒരു മനസ്സമാധാനവുമില്ല.

വൈകുന്നേരം ക്ലാസ് കഴിഞ്ഞു രേഖ ടീച്ചർ കോരിച്ചൊരിയുന്ന മഴയത്ത് ദേവികയുടെ കൂടെ അശ്വതിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.

ദേവിക പകുതി വഴി വരെ കൂടെ കാണും ബാക്കി വഴി ഒക്കെപിന്നെ കാണുന്നവരോട് തിരിക്കണം.

ദേവിക നിങ്ങൾ രണ്ടും എന്നും ഒരുമിച്ചല്ലേ വരുന്നേ?

അതെ ടീച്ചറെ

ആ കുട്ടിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് തനിക്ക് അറിയുമോ?

അവളുടെ അമ്മ അവളുടെ ചെറുപ്പത്തിലേ മരിച്ചതാണ്‌ ടീച്ചറെ. അച്ഛൻ മാത്രം ഉള്ളു ഇപ്പോൾ.

മെയിൻ റോഡിൽ നിന്നും ഒരു ഇടവഴിയിലേക്ക് കടക്കാൻ തുടങ്ങവേ ദേവിക രേഖ ടീച്ചറോട് വിടപറഞ്ഞു പിരിഞ്ഞു.

പിന്നീട് കണ്ട ഇടവഴിയിലൂടെ ടീച്ചർ വേഗത്തിൽ നടക്കാൻ തുടങ്ങി. മഴ കനക്കുകയാണ്. . . സൂര്യൻ മേഘങ്ങൾക്കിടയിൽ തന്റെ ഒളിച്ചു കളി തുടങ്ങിയിരുന്നു

വഴിയിൽ കണ്ട പലരോടായി ചോദിച്ചറിഞ്ഞു ടീച്ചർ അവസാനം ആ ഓടുമേഞ്ഞ പഴയ വീടിന്റെ മുന്നിലെത്തി.

ഒറ്റ നോട്ടത്തിൽ ആൾതാമസമുള്ള ഒരു വീടാണ് അതെന്ന് വിശ്വസിക്കാൻ ആർക്കും പ്രയാസമായിരിക്കും.മുറ്റത്താകെ കരിയിലകൾ മൂടിയിരുന്നു., കാറ്റിലും മഴയിലും പറമ്പിലെ രണ്ട് മൂന്ന് മരങ്ങളുടെ ചില്ല ഒടിഞ്ഞു ഓടിന്റെ പുറത്തേക്ക് ചാടിയിട്ടുണ്ട്., ആകെമൊത്തം ഒരു വല്ലാത്ത അന്തരീക്ഷം.

അശ്വതി…അശ്വതി… ആരുമില്ലേ ഇവിടെ?അശ്വതി….അശ്വതി

അകത്തുനിന്നും മറുപടിയൊന്നും ലഭിക്കാതെയായപ്പോൾ അല്പം പേടിയോടെയെങ്കിലും ടീച്ചർ വരാന്തയിൽ കുട ചുരുക്കി വച്ചു ഉള്ളിലേക്ക് കടന്നു.

അകത്ത് വെളിച്ചമൊന്നുമില്ല., ടീച്ചർ വീണ്ടും അശ്വതിയുടെ പേരെടുത്ത് വിളിച്ചുകൊണ്ടിരുന്നു.

അകത്തെ മുറിയിൽ ആരോ അടക്കിപിടിച്ചു കരയുന്ന ശബ്ദം കേട്ട് ടീച്ചർ ആ ശബ്ദം തിരഞ്ഞു ചെന്നു.

ആ മുറിക്കത്തേക്ക് കടന്ന ടീച്ചർ കണ്ടത് മുറിയുടെ ഒരു മൂലയിൽ തല കുനിച്ചു സ്കൂൾ യൂണിഫോമിൽ ഇരുന്നു കരയുന്ന അശ്വതിയെ ആയിരുന്നു. . . ഒന്നും മനസ്സിലാകാതെ നിന്ന ടീച്ചർ വേഗം അവളുടെ അടുത്തേക്ക് ചെന്നു അവളുടെ തലയിൽ തന്റെ കൈ വച്ചു

മോളേ. . .

നിറകണ്ണുകളോടെ മുഖമുയർത്തി അവൾ ഞെട്ടിത്തരിച്ചു ടീച്ചർക്ക് നേരെ നോക്കി

ടീച്ചർ . . . . അവളുടെ ചുണ്ടുകൾ മന്ത്രിച്ചു

ടീച്ചർഎന്താ ഇവിടെ?

ഞാൻ കുട്ടിയെ തിരക്കി ഇറങ്ങിയതാണ്.എന്തേ ക്ലാസ്സിൽ വരാത്തത്?

അവളുടെ മറുപടി വീണ്ടും കരച്ചിൽ മാത്രമായിരുന്നു.

ചുറ്റും നോക്കിയ ടീച്ചർക്ക് കാര്യം മനസ്സിലാക്കാൻ അധിക നേരം വേണ്ടിവന്നില്ല.അശ്വതിയുടെ സ്കൂൾ യൂണിഫോമിലും ചുറ്റിലും രക്തക്കറ കണ്ട അവർക്ക് കാര്യങ്ങൾ മനസ്സിലായി.

സ്കൂൾ വിട്ട് വന്നപ്പോളാകണം അത് സംഭവിച്ചത്,. യൂണിഫോം പോലും കുട്ടി മാറിയിട്ടില്ലലോ.

മോളുടെ അച്ഛൻ എവിടെ?

അച്ഛൻ വൈകുന്നേരമാ വരൂ ടീച്ചർ . . . അവൾ തേങ്ങൽ അടക്കികൊണ്ട് പറഞ്ഞു.

അച്ഛനോട് മോൾ ഇതൊന്നും പറഞ്ഞില്ലേ?

ഇല്ല . . . എനിക്ക് അച്ഛനെ പേടിയാ.

പേടിയോ? എന്തിന്‌ ? മോൾ മടിക്കേണ്ടതില്ല ഇതൊന്നും പറയാൻ . അച്ഛൻ ചീത്ത ഒന്നും പറയില്ല അറിയുമ്പോൾ.

അതല്ല ടീച്ചർ.,അച്ഛൻ. . . അച്ഛൻ കുടിച്ചിട്ടാണ് വരാറുള്ളത്.,വന്നു കഴിയുമ്പോൾ എന്നെ തിരക്കാറില്ല ഒരിക്കൽ പോലും. അമ്മ മരിച്ചതിൽ പിന്നെയാ ഇങ്ങനെ ആയത് എന്നാ എല്ലാവരും പറയുന്നത്. ഞാനാ അമ്മയെ കൊന്നത് എന്നാ പറയുന്നേ അച്ഛൻ. . . കണ്ണീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

പുറത്തെ മഴയേക്കാൾ ശക്തമായ ഒരു മഴക്കൊരുങ്ങി ടീച്ചറുടെ. മനസ്സിലും കാർമേഘങ്ങൾ മൂടികെട്ടിയിരുന്നു.

സാരമില്ല മോൾ എണീക്ക്. . .നമുക്ക് ഈ ഡ്രെസ്സൊക്കെ മാറണ്ടേ?ടീച്ചർ സ്നേഹത്തോടെ അവളെ പിടിച്ചെഴുന്നേല്പിക്കാൻ ശ്രമിച്ചു.

എനിക്ക് പേടിയാ ടീച്ചർ. . . വേണ്ടാ എനിക്ക് വയറൊക്കെ നോവുവാ.

രേഖ ടീച്ചർ നിർബന്ധിച്ചു അശ്വതിയെ മുറിയിൽ നിന്നും എഴുന്നേൽപ്പിച്ചു അവളെ കുളിമുറിയിലാക്കി. അവൾ കുളിക്കാൻ കയറിയ നേരം പുറത്തേക്കിറങ്ങി വേഗം അടുത്തു കണ്ട ഒരു ടൈലറിങ് ഷോപ്പിൽ നിന്നും ഒരു ജോഡി പുത്തൻ ഡ്രസ്സ് വാങ്ങി. . . വരുന്ന വഴിക്ക് കണ്ട ചായക്കടയിൽ നിന്നും കഴിക്കാൻ അവിടെ ഉണ്ടായിരുന്ന കുറച്ചു പലഹാരങ്ങൾ വാങ്ങി.മടങ്ങാൻ നേരം അടുത്തു കണ്ട കടയിൽ കയറി ഒരു പാക്കറ്റ് പാഡും വാങ്ങി.,അവിടെ ആ ഉൾപ്രദേശത്തു ലേഡീസ് സ്റ്റോർ ഒന്നും ഉണ്ടായിരുന്നില്ല. കടയിൽ സൊറപറഞ്ഞിരുന്ന പ്രായമായ ഒരു പുരുഷ സമൂഹം ടീച്ചറെ അവജ്ഞയോടെ നോക്കുന്നുണ്ടായിരുന്നു

ടീച്ചർ വേഗം തിരക്കിട്ട് ആ വീട്ടിലേക്ക് വച്ചു പിടിച്ചു. നേരം ഇരുട്ടി തുടങ്ങിയിരുന്നു.

അശ്വതി വരാന്തയിൽ തല തുടച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. നരച്ച ഒരു ചുരിദാർ ടോപ്പും ഒരു പാവടയുമായിരുന്നു വേഷം .

ടീച്ചർ അവളെ അകത്തേക്ക് കൊണ്ട് പോയി അവളുടെ കൈയിലേക്ക് പുത്തനടുപ്പ് വച്ചു കൊടുത്തു.

അവളുടെ കണ്ണുകൾ ആ ഉടുപ്പിൽ തന്നെ ആയിരുന്നു. ചുവന്ന നിറമുള്ള ആ ഉടുപ്പിനെ അവളുടെ കണ്ണുനീർ തുള്ളികൾ ഈറനണിയിച്ചു.

പിന്നീട് രേഖ ടീച്ചർ പാഡ് അവൾക്ക് നേരെ നീട്ടി . അത് എന്തിനെന്നോർത്തു പകച്ചു നിന്ന അവളോട് ടീച്ചർ അതിന്റെ ഉപയോഗത്തെക്കുറിച്ചും ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും പറഞ്ഞ് മനസ്സിലാക്കി.

അവൾ അത് രണ്ടും പിടിച്ചു അകത്തെ ഒരു റൂമിലേക്ക് നടന്നു. ടീച്ചർ ആ സമയത്തു തറയിലെ രക്തക്കറകൾ കഴുകി കളഞ്ഞു. അവളുടെ വീട്ടിലെ കരിപുരണ്ട അടുക്കളയിലേക്ക് കടന്നു കട്ടൻചായ തിളപ്പിച്ചു.

തിരികെവന്ന അശ്വതിക്കു പുതുമയുള്ള കാഴ്ച്ചകൾ ആയിരുന്നു മുന്നിൽ. ഇതുവരെ അവൾക്കായി ഭക്ഷണമൊരുക്കാൻ ആരുമുണ്ടായിരുന്നില്ല. വൈകുന്നേരം ചായയും പലഹാരങ്ങളും ഒരുക്കി കാത്തിരിക്കുന്ന അമ്മയെ അവൾ കണ്ടത് കൂട്ടുകാരുടെ വീടുകളിൽ മാത്രമായിരുന്നു. ആദ്യമായി ഒരു അമ്മയുടെ സ്നേഹം അവൾ അറിയുകയായിരുന്നു.

ടീച്ചർ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. അവളെ കണ്ടതും ചിരിച്ചു കൊണ്ട് ഫോണിലുള്ള സംസാരം നിർത്തി ടീച്ചർ അവളുടെ അടുത്തെത്തി.

ടീച്ചർ പോകുന്നില്ലേ? നേരമിരുട്ടി. . . അച്ഛൻ വരുമ്പോൾ ടീച്ചറെ കണ്ടാൽ അച്ഛൻ ദേഷ്യപ്പെടും,. അവൾ വ്യാകുലപ്പെട്ടു.

അത് സാരമില്ല.,മോൾ ഇതൊക്കെ കഴിക്കു., ടീച്ചർ അച്ഛൻ വന്നിട്ടാ പോകുന്നുള്ളൂ.രേഖടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു.

അശ്വതിയുടെ മനസ്സിൽ വല്ലാത്ത ഒരു സുരക്ഷിതത്വം നിറയുകയായിരുന്നു. ജീവിതത്തിൽ ആരോ തനിക്കായി ഉണ്ടെന്ന തോന്നൽ അവളുടെയുള്ളിൽ എന്തോ ഒരു പ്രസരിപ്പ് ഉളവാക്കി.

അവൾ ചായയും പലഹാരങ്ങളും ആർത്തിയോടെ കഴിച്ചു.ടീച്ചർ അവളെ തന്നെ നോക്കിക്കൊണ്ട് നിറകണ്ണുകൾ തുടച്ചു.

ആരാടി ഇവൾ ?

അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞെട്ടിവിച്ച് അശ്വതി വാതിലിനു നേരെ നോക്കി.

നാലുകാലിൽ ആടുന്ന ഒരു രൂപം.,അയാളുടെ കണ്ണുകൾക്ക് ചോര നിറമായിരുന്നു,. കറുത്ത ചുണ്ടിൽ എരിയുന്ന ബീഡി.കാണുമ്പോൾ ആരും ഭയക്കുന്ന ഒരു രാക്ഷസ രൂപം. നേരെ നിൽക്കാനുള്ള പ്രാപ്തി അയാളുടെ കാലുകൾക്കില്ലായിരുന്നു.

അ. . . അത് . . . അത് അച്ഛാ എന്റെ ടീച്ചർ ആണ് ഭയന്നുവിറച്ചു അശ്വതി മറുപടി നൽകി

ടീച്ചറും കുട്ടിയും കളിയൊക്കെ അങ്ങു സ്കൂളിൽ മതി.,ഈ രാഘവന്റെ വീട്ടിൽ വേണ്ട., നട്ട പാതിരക്ക് കണ്ടവളുമാരെ ഒക്കെ വീട്ടിൽ വിളിച്ചു കേറ്റാറായോടി ഒരുമ്പെട്ടോളെ നീ., നാളെ ഈ കണക്കിന് ഞാനില്ലാത്തപ്പോൾ നീ കിടപ്പറയിലേക്ക് വരെ ആരെ വേണേലും വിളിച്ചു കേറ്റുമല്ലോ.

അച്ഛന്റെ ശകാരവര്ഷം താങ്ങാനാവാതെ അശ്വതി ചെവി പൊത്തി കരഞ്ഞു.,. ടീച്ചറെ ഇവിടുന്ന് പൊക്കോ. . .ഇല്ലെങ്കിൽ അച്ഛൻ എന്തെങ്കിലും ചെയ്യും.

മോൾ പേടിക്കാതെ അച്ഛൻ ഒന്നും ചെയ്യില്ല,. അവളെ തന്റെ മാറോട് ചേർത്തുകൊണ്ട് ടീച്ചർ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി.,

കോപാഗ്നിയാൽ ജ്വലിച്ച രാഘവൻ അശ്വതിയെ തല്ലാനായി പാഞ്ഞടുത്തു.പക്ഷെ തല്ലാനായി ഉയർന്ന കൈ അപ്പോളേക്കും ഒരാൾ തടഞ്ഞിരുന്നു.

ഓ രാജീവ് താൻ എത്തിയോ,.ഭയത്താൽ മൂടിയ ടീച്ചറുടെ മുഖത്ത് ആശ്വാസം നിഴലിച്ചു.

താൻ കുട്ടിയെ കൊണ്ട് കാറിൽ കയറി ഇരുന്നോ,.ഇയാളുടെ കാര്യം ഞാൻ ഒരു തീരുമാനമാക്കിക്കൊള്ളാം.തന്റെ കൈയ്യിൽ നിന്നും കുത്തറിമാറാൻ പ്രയാസപ്പെടുന്ന രാഘവനെ നോക്കി അയാൾ പറഞ്ഞു.

രേഖ ടീച്ചർ അശ്വതിയെ ചേർത്തുപിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. മോൾ പേടിക്കണ്ട കേട്ടോ.,

ടീച്ചർ അച്ഛൻ. . .

അച്ഛന് ഒന്നും സംഭവിക്കില്ല ധൈര്യമായി ഇരിക്ക്.,ടീച്ചറുടെ ഹസ്ബൻഡ് അച്ഛനെ ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കട്ടെ കേട്ടോ.

അതേ സമയം രാജീവ് രാഘവന്റെ കവിളിൽ പുകയുന്ന ഒരടി നൽകിയിരുന്നു.

താൻ ഒക്കെ എന്തിനാ അച്ഛൻ ആണെന്ന് പറഞ്ഞു നടക്കുന്നത്? ഒരച്ഛൻ എന്താണ് എങ്ങനെയാണ് എന്നു പഠിച്ചിട്ട് വരുമ്പോ ഇനി തനിക്ക് മോളെ തരാം.

എടോ താൻ. . .

രാഘവൻ തന്റെ വാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുൻപേ രാജീവ് അയാളെ അകത്തേക്ക് തള്ളിയ ശേഷം വാതിൽ പൂട്ടി.

പിറ്റേ ദിവസം രേഖ ടീച്ചറുടെ കാറിൽ സ്കൂളിൽ എത്തിയ അശ്വതിയെ കൂട്ടുകാർ അമ്പരപ്പോടെ നോക്കി.അവൾ ആകെ മാറിയിരിക്കുന്നു.വൃത്തിയുള്ള ഉടുപ്പ് ധരിച്ചിരിക്കുന്നു,.എണ്ണയില്ലാതെ പറന്നു കിടന്ന മുടിഎല്ലാം ഭംഗിയായി ചീകി ഒതുക്കിയിരുന്നു. അവളുടെ കൈകൾ പിടിച്ചു സ്കൂളിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ ടീച്ചറുടെ മനസ്സിൽ അവൾക്ക് കൊടുത്ത വാക്ക് മാത്രമായിരുന്നു.

അവളുടെ അച്ഛനെ ഒരു പുതിയ മനുഷ്യനാക്കി തിരികെ നൽകാം എന്നുള്ള വാക്ക്.

ഇതേ സമയം രാജീവ് രാഘവനെ ഡെ അഡിക്ഷൻ സെന്ററിൽ എത്തിക്കാനുള്ള തിരക്കിൽ ആയിരുന്നു. . . .

രചന: കൃഷ്ണപ്രിയ

Leave a Reply

Your email address will not be published. Required fields are marked *