എനിക്ക് നിന്നേ മാത്രം നോക്കിയാൽ പോരാ എൻ്റെ അച്ഛനമ്മമാരുടെ ആഗ്രഹവും നോക്കണം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അരുൺ നായർ

“അശ്വതി……

നീ ഈ ഓട്ടോ ഓടിക്കൽ നിർത്താമെങ്കിൽ ഞാൻ എൻ്റെ വീട്ടിൽ നമ്മുടെ കാര്യം അവതരിപ്പിക്കാം…. ”

കണ്ണന്റെ അറുത്തു മുറിച്ചുള്ള വാക്കുകൾ കേട്ടപ്പോൾ അശ്വതിയുടെ കണ്ണുകൾ നിറഞ്ഞു

“”കണ്ണേട്ടാ…. എല്ലാം അറിയാവുന്നത് അല്ലെ എൻ്റെ കണ്ണേട്ടന്. എൻ്റെ ജീവിതത്തിൽ വന്ന എല്ലാ വിഷമങ്ങളും അറിയാമല്ലോ…. പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത്… ഇതിനാണോ ഇന്നു രാവിലെ അമ്പലത്തിൽ വരാൻ പറഞ്ഞത്…. അശ്വതി എന്നുള്ള ആ വിളിയിൽ തന്നെ എനിക്ക് അറിയാൻ കഴിയുന്നുണ്ട് എന്നോട് ഉള്ള അകൽച്ച…. “”

“സോറി അച്ചു…. നിനക്ക് അറിയാൻ വയ്യാത്തോണ്ട് ആണ് ഓട്ടോ ഓടിക്കുന്നവരുടെ ഒക്കെ സ്റ്റാറ്റസ്….

എൻ്റെ വീട്ടിൽ ഒരിക്കലും ഓട്ടോ ഓടിക്കുന്ന ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ സമ്മതിക്കില്ല…. ”

“”എങ്കിൽ കണ്ണേട്ടന് അത് നേരത്തെ തന്നെ എന്നോട് പറയാമായിരുന്നല്ലോ….????

കഴിഞ്ഞ ആറു വർഷം ആയി ഞാൻ ഈ തൊഴിൽ അല്ലെ ചെയുന്നത് ഇപ്പോൾ പ്രത്യേകിച്ചു എന്ത് പറ്റി…???””

“അച്ചു അതല്ല എനിക്ക് വീട്ടിൽ കല്യാണം ആലോചിക്കുന്നുണ്ട്…. അപ്പോൾ മാതാപിതാക്കളുടെ ഉള്ളിലും ഉണ്ടാവില്ലേ നമ്മളെ കുറിച്ചു ആഗ്രഹങ്ങൾ….

വേറെ എന്തെങ്കിലും ചെറിയ ജോലി ആണെങ്കിലും അല്ലങ്കിൽ ഇനി ജോലി ഇല്ലങ്കിൽ പോലും കുഴപ്പമില്ല പക്ഷെ ഈ പണി ഒരിക്കലും വീട്ടിൽ അംഗീകരിക്കില്ല…. ”

“”കണ്ണേട്ടൻ വേറെ കല്യാണം കഴിച്ചോ എനിക്ക് എന്തായാലും ഇപ്പോൾ കല്യാണം കഴിക്കാൻ ആവില്ല

അറിയാമല്ലോ അമ്പിളി മോൾ ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആണ്‌….. മാളു ആണെങ്കിൽ ഡിഗ്രിക്കു ചേർന്നിട്ടേ ഉള്ളു…. അവരുടെ പഠിത്തം പൂർത്തി ആക്കിയിട്ടു ആയിരുന്നു എങ്കിൽ ഞാൻ സമ്മതിക്കുമായിരുന്നു….

എൻ്റെ അവസ്ഥ അതാണ് കണ്ണേട്ടാ…. “”

അശ്വതിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി

“അശ്വതി എങ്കിൽ ഞാൻ പോകുന്നു…. നിന്നോട് ഉള്ള കാര്യം പറഞ്ഞിട്ട് നിനക്ക് സമ്മതം ആണെങ്കിൽ നോക്കാം വച്ചു വിളിച്ചു വരുത്തിയത് ആണ്‌…. എനിക്ക് നിന്നേ മാത്രം നോക്കിയാൽ പോരാ എൻ്റെ അച്ഛനമ്മമാരുടെ ആഗ്രഹവും നോക്കണം….. ”

അത്രയും പറഞ്ഞു കണ്ണൻ നേരെ കാറിന്റെ അടുത്തേക്ക് പോയി അശ്വതി എന്ത് പറയും പോലും ശ്രദ്ധിക്കാതെ…..

അശ്വതി നേരെ നടയിലേക്കു കയറി ഭഗവാനെ തൊഴുതു…… പത്തു വർഷം ആയി കൂടെ ഉണ്ടായിരുന്നവൻ ഇപ്പോൾ ഒന്നും മനസിലാക്കാത്തവനെ പോലെ തന്നെ ഇട്ടു എറിഞ്ഞിട്ടു പോയി മറഞ്ഞിരിക്കുന്നു…..

തൊഴുതു കൊണ്ട് നിന്നപ്പോൾ പെട്ടെന്നു മൊബൈൽ റിങ് ചെയ്തു അശ്വതി ഫോൺ എടുത്തു നോക്കി അമ്പിളി ആണ്‌

“ചേച്ചി എനിക്ക് കുറച്ചു പൈസയുടെ ആവശ്യം ഉണ്ട്…. കോളേജിൽ നിന്നും ടൂർ പോകുന്നുണ്ട്…. എനിക്കും പോയാൽ കൊള്ളാമെന്നുണ്ട് ഒരു അയ്യായിരം രൂപ ഉണ്ടാവുമോ എടുക്കാൻ…..”

“”ഞാൻ നോക്കട്ടെ മോളെ….

മോൾ ഇപ്പോൾ ക്ലാസ്സിൽ കയറി ഇരുന്നു പഠിക്കു….. ചേച്ചി ഇന്നത്തെ ഓട്ടം തുടങ്ങാൻ പോകുന്നതേ ഉള്ളു…..””

“ശരി ചേച്ചി…. ഞാൻ ഫോൺ വെക്കുക ആണ്‌ കേട്ടോ ചേച്ചി….” അത്രയും പറഞ്ഞു അമ്പിളി ഫോൺ വച്ചു

,,,ഓട്ടോ ഓടിച്ചു സ്റ്റാൻഡിലേക്ക് പോകും വഴി അശ്വതി ഓർത്തു…. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയത് ആണ്‌ കണ്ണേട്ടനും ആയിട്ടുള്ള ഇഷ്ട്ടം….

ഒരേ നാട്ടുകാർ ആയതു കൊണ്ടും രണ്ടാൾക്കും കാണാൻ ഭംഗിയും സ്വഭാവ ഗുണവും ഉള്ളത് കൊണ്ട് കണ്ണൻ ഇഷ്ട്ടം അറിയിച്ചപ്പോൾ അശ്വതി കുറച്ചു മസിലു പിടുത്തതിന് ശേഷം അംഗീകരിച്ചു ഉള്ളിലെ സ്നേഹം….

അന്ന് തൊട്ടു ഇന്നു വരെ മനസ്സിൽ കൊണ്ടു നടന്ന ദൈവം ആണ്‌ കണ്ണേട്ടൻ. എനിക്ക് ഉണ്ടായ എല്ലാ വിഷമത്തിലും എൻ്റെ കൂടെ നിന്ന ചങ്ക് കാമുകൻ….. ഹും പോട്ടെ….. ദൈവം എനിക്ക് അത് വിധിച്ചിട്ടു ഉണ്ടാവില്ല…..

അച്ഛൻ മ-രിച്ചപ്പോൾ പഠിപ്പ് മതിയാക്കി ഓട്ടോ ഓടിക്കാൻ ഇറങ്ങിയപ്പോൾ എൻ്റെ കൂടെ നിന്നവൻ ഇപ്പോൾ അതിന്റെ പേരിൽ തന്നെ എന്നെ ഒഴിവാക്കി……

,,,,അന്നും പതിവ് പോലെ രാത്രി ഏഴു മണി വരെ വണ്ടി ഓടിച്ചിട്ട്‌ അവൾ വീട്ടിലോട്ടു ചെന്നു…. പഠിക്കാതെ ടീവി കണ്ടു ഇരിക്കുന്നതിന് രണ്ടു അനുജത്തിമാർക്കും പതിവ് പോലെ നല്ല വഴക്കും കൊടുത്തിട്ടു മുറിയിൽ കയറി കട്ടിലിൽ തന്റെ തലേണക്കു അടിയിൽ വച്ചിരുന്ന കണ്ണന്റെ ഫോട്ടോ എടുത്തു കീറി കളഞ്ഞു കൊണ്ട് നിന്നപ്പോൾ അമ്മ ചായയും ആയി അങ്ങോട്ട്‌ കയറി വന്നു…..

“എന്താ മോളെ കണ്ണനും ആയി വല്ല വഴക്കും ഉണ്ടായോ…??? നീ ഇങ്ങനെ ഒന്നും പെരുമാറാറില്ലല്ലോ…??? എന്ത് പറ്റി അമ്മയുടെ പൊന്നും കുടത്തിനു…… ”

അശ്വതി നടന്ന കാര്യങ്ങൾ എല്ലാം അമ്മയോട് തുറന്നു പറഞ്ഞു അമ്മയുടെ ഉള്ളിലും സങ്കടം വന്നു

“മോളെ അച്ചൂട്ടി എൻ്റെ മോൾ എന്നാൽ ഇനി ഓട്ടോ ഓടിക്കാൻ പോകണ്ട… നമുക്കു ഇത് വല്ലവർക്കും വാടകക്ക് കൊടുക്കാം… എൻ്റെ മോൾ അവൻ പറഞ്ഞത് പോലെ ചെറിയ ജോലി വല്ലതും ചെയ്തോ…. അമ്മയ്ക്കും പെങ്ങള്മാര്ക്കും വേണ്ടി ഒത്തിരി കഷ്ടപെട്ടില്ലേ എൻ്റെ മോൾ, ഇനി ഞങ്ങൾക്ക് വേണ്ടി മോളുടെ ഇഷ്ട്ടം കൂടി നശിപ്പിക്കണ്ട മോളെ…. ”

“”വേണ്ട അമ്മേ….

എൻ്റെ അച്ഛന്റെ ആത്മാവും സ്നേഹവും ഉണ്ട് ആ വണ്ടിയിൽ എനിക്ക് അത് മാത്രം മതി…. അത് ഞാൻ വേറെ ആർക്കും കൊടുക്കില്ല……. കണ്ണേട്ടൻ പറയും പോലെ എന്തെങ്കിലും ജോലിക്ക് പോയാൽ നമ്മുടെ കാര്യങ്ങൾ എല്ലാം നടക്കില്ല…. അല്ലങ്കിൽ തന്നെ വെറുമൊരു പ്ലസ് ടു കാരിക്ക് എന്ത് വലിയ ജോലി കിട്ടാൻ ആണ്‌……

അമ്മക്ക് അറിയാവുന്നത് അല്ലെ ഒരിടത്തു ആദ്യം ജോലിക്ക് പോയത് നല്ല പണിയും ഉണ്ട് ശമ്പളവും ഇല്ല എന്നിട്ടും സഹിച്ചു അവസാനം എൻ്റെ ശരീരവും അവർക്കു വേണം എന്നായപ്പോൾ അവിടുന്ന് ഇറങ്ങി വന്നു ഓടിക്കാൻ തുടങ്ങിയത് അല്ലെ അമ്മേ നമ്മുടെ ഈ ഓട്ടോ…..

അത് ഓടിച്ചു തന്നെ അല്ലെ അമ്മേ ഇത്രയും നാളും കുടുംബവും അനുജത്തിമാരുടെ പഠിത്തവും നടത്തിയത്…. എനിക്ക് വയ്യ അമ്മേ എൻ്റെ കഷ്ടപ്പാടുകൾ പകുതി വഴിക്കു ഉപേക്ഷിക്കാൻ അതിലും എളുപ്പം കണ്ണേട്ടനെ മറക്കുന്നത് ആണ്‌…. “”

അശ്വതിയുടെ മൊബൈൽ പെട്ടെന്ന് റിങ് ചെയ്തു

“അച്ചു മോൾ അല്ലെ ഞാൻ ദിവാകരേട്ടൻ ആണ്‌ മനസ്സിലായോ,..???

“”മനസിലായി, ഗൾഫിൽ ഉള്ള ദിവാകരേട്ടൻ അല്ലെ, അച്ഛന്റെ സുഹൃത്തു…. “”

“അതെ അച്ചു മോളെ… ഞങ്ങൾ ഇന്നു രാത്രിയിൽ തിരിച്ചു പോകുക ആണ്‌… മോൾടെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ അറിയാമല്ലോ അദ്ദേഹം ആണ്‌ കൊണ്ടേ വിട്ടു കൊണ്ട് ഇരുന്നത്…. രാത്രി ഒരു മണിക്ക് ആണ്‌ ഫ്ലൈറ്റ് നമുക്കു ഒരു 9. 30 ആകുമ്പോൾ പോകണം…. ഞങ്ങൾ യാത്രക്ക് റെഡി ആയി ഇരിക്കാം…….”

“”ഞാൻ വരാം ദിവാകരേട്ടാ…. അച്ഛൻ ഇല്ലങ്കിലും ഈ ഓട്ടോ തന്നെ കൊണ്ടേ വിടും ദിവാകരേട്ടനെ… “”

“രാത്രി ആയതു കൊണ്ട് വിളിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു മോളെ പക്ഷെ ഒന്നും ഇല്ലാതെ ഞാൻ ആദ്യം ആയി പോയപ്പോളും മോളുടെ അച്ഛൻ ആണ്‌ എന്നെ കൊണ്ടേ വിട്ടത്…… എനിക്ക് ആ മനുഷ്യനെ മറക്കാൻ കഴിയില്ല……. സഹായിക്കാൻ മോള് സമ്മതിക്കത്തും ഇല്ലല്ലോ ….. ”

“”വേണ്ട ദിവാകരേട്ടാ…. അച്ഛൻ പറഞ്ഞിട്ടുണ്ട് ചെയുന്ന ജോലിക്ക് ഉള്ള പൈസ മാത്രമേ ചോദിക്കാവു എന്നു…, ചുമ്മാ സഹായം സ്വീകരിച്ചാൽ പിന്നെ എന്ത് ആത്മാഭിമാനം…. ഞാൻ സമയത്തു അവിടെ ഉണ്ടാകും… “”

“”അമ്മേ ഞാൻ കുളിച്ചിട്ടു വരുമ്പോൾ ചോറ് എടുത്തു വെക്കണേ കഴിച്ചിട്ട് ഒരു അര മണിക്കൂർ ഉറങ്ങണം അത് കഴിഞ്ഞു ദിവാകരേട്ടനെയും കുടുംബത്തെയും കൊണ്ടേ നെടുമ്പാശേരിയിൽ വിടണം…. “”

,,,,പറഞ്ഞ സമയത്ത് തന്നെ അവൾ അവരുടെ വീട്ടിൽ എത്തി കൃത്യമായി അവരെ എയർപോർട്ടിൽ എത്തിച്ചു…. എത്ര ആയി മോളെ ചോദിക്കാതെ ദിവാകരേട്ടൻ രണ്ടായിരത്തിന്റെ ചെറിയ ഒരു കെട്ടു എടുത്തു അവളുടെ കൈകളിലേക്ക് കൊടുത്തു

“”ഇത്രയും ഒന്നും വേണ്ട ദിവാകരേട്ടാ…. ഇത് പോലത്തെ രണ്ടു നോട്ടു തന്നെ കൂടുതൽ ആണ്‌… “”

“ഒന്നും പറയരുത് മോളെ… തിരിച്ചും തരരുത്…

ആദ്യമായി മോളുടെ അച്ഛൻ കൊണ്ടേ വിടുമ്പോൾ എൻ്റെ കയ്യിൽ കൊടുക്കാൻ ഒന്നും ഇല്ലായിരുന്നു….. ആകെ ഞാൻ ആ കൈകളിൽ ഒന്ന് അമർത്തി പിടിക്കുക മാത്രം ചെയ്തോളു….

ഒരു കുഴപ്പവും എനിക്ക് ഇല്ലെടാ നീ പോയി നന്നായി കണ്ടാൽ മാത്രം മതി എന്നും പറഞ്ഞു എന്നെ ചേർത്ത് പിടിച്ച ആ സ്നേഹനിധി ആയ മനുഷ്യന്റെ ഓർമ്മക്ക് ആദ്യം ആയി കയറി വന്ന ഈ ഓട്ടോയോട് ഉള്ള ഇഷ്ട്ടം കൊണ്ട് എന്തെങ്കിലും കൂടുതൽ തന്നു കൂട്ടിയാൽ മതി, എൻ്റെ മനസ്സിൽ ഈ തന്നത് പോലും വളരെ കുറവ് ആയാണ് തോന്നുന്നത്…. ”

അത്രയും പറഞ്ഞു ദിവാകരേട്ടൻ എയർപോർട്ടിന്റെ അകത്തേക്ക് കയറി പോയി

അത് കയ്യിൽ വച്ചു അവൾ വീട്ടിലേക്കു തിരിച്ചു വരുമ്പോൾ അവൾ ഒന്ന് കൂടി അറിയുക ആയിരുന്നു അവളുടെ അച്ഛന്റെയും ആ ഓട്ടോയുടെയും മഹത്വം…..

തിരിച്ചു ഓട്ടോ ഓടിച്ചു വീട്ടിലേക്കു വരും വഴി മുഴുവൻ അവളുടെ മനസ്സിൽ അനുജത്തിക്ക് ടൂർ പോകാൻ ഉള്ള പൈസ കയ്യിൽ ആയതിന്റെ സന്തോഷം ആയിരുന്നു,…… കുഞ്ഞു അനുജത്തിക്കും അമ്മയ്ക്കും കൂടെ വലിയ വില കൂടിയത് അല്ലങ്കിലും വസ്ത്രം വാങ്ങി കൊടുക്കണം…..

വീട്ടിൽ എത്തിയപ്പോൾ സമയം രണ്ടര കഴിഞ്ഞു….. ആകെ മനസും ശരീരവും ക്ഷീണിച്ചു പോയിരുന്നു…. അമ്മ വന്നു കതകു തുറന്നപ്പോൾ അമ്മയോട് പറഞ്ഞു…

“”അമ്മേ അമ്പിളിക്ക് ടൂർ പോകാൻ ഉള്ള പൈസ കൊടുത്തേക്കു… അവൾ അയ്യായിരം ആണ്‌ ചോദിച്ചത് ഇത് ആറായിരം ഉണ്ട് വല്ല ആവശ്യം ഉണ്ടെങ്കിൽ അതും ചെയ്യട്ടെ പാവം….. മറ്റുള്ളവരുടെ മുൻപിൽ നാണംകെടേണ്ട…..

അമ്മേ നാളെ ഞാൻ എഴുന്നേൽക്കാൻ താമസിച്ചാൽ വിളിക്കണ്ട….. നല്ല ക്ഷീണം ഉണ്ട്,പിന്നെ ഞായറാഴ്ചയും അല്ലെ,,,,, അമ്മ പോയി ഉറങ്ങിക്കോ എന്നാൽ ഞാനും കിടക്കുക ആണ്‌…. “”

രാവിലെ അവൾ ഉദേശിച്ചത്‌ പോലെ നടന്നില്ല ഉറക്കത്തിൽ നിന്നും അമ്മ വിളിച്ചു ഉണർത്തി

“മോളെ അച്ചു എഴുന്നേൽക്കു… അച്ചു അച്ചു എഴുന്നേൽക്കു… എന്തൊരു ഉറക്കം ആണ്‌ മോളെ ഇത്… ”

വളരെ ബുദ്ധിമുട്ടി അവൾ കണ്ണുകൾ തുറന്നു

“”അമ്മേ നല്ല ക്ഷീണം ഉണ്ടെന്നു പറഞ്ഞത് അല്ലെ, ഞാൻ കുറച്ചു കൂടി ഉറങ്ങട്ടെ “”

“മോളെ അതല്ല പെട്ടന്ന് എഴുന്നേറ്റു റെഡി ആകു…. ദേ കണ്ണനും വീട്ടുകാരും കൂടി മോളെ കാണാൻ വന്നേക്കുന്നു…..

മോൾ ഒന്ന് പെട്ടെന്ന് റെഡി ആകു… ഞാൻ അവരോട് എഴുന്നേൽക്കാൻ താമസിച്ചതിന്റെ കാര്യം പറഞ്ഞു….. എന്നാലും മോശം അല്ലെ ഒരുപാട് നേരം നോക്കി ഇരുത്തുന്നത്…. ”

അവൾ അമ്മ പറഞ്ഞത് കേട്ടു ഞെട്ടി പോയി തന്റെ കണ്ണേട്ടനും വീട്ടുകാരും വന്നേക്കുന്നു അവൾ പിന്നെ ഒരു നിമിഷം പോലും കളഞ്ഞില്ല, പെട്ടെന്ന് തന്നെ എഴുന്നേറ്റു റെഡി ആയി, ഓടി വന്നു ഉമ്മറത്തേക്ക്

“”സോറി കേട്ടോ…. ഇന്നലെ രാത്രിയിൽ ഒരു ഓട്ടം പോയി അതാ താമസിച്ചത് എഴുന്നേൽക്കാൻ…. ആർക്കും ഒന്നും തോന്നരുത്…. “”

കണ്ണന്റെ വീട്ടുകാരോട് ആയി അവൾ പറഞ്ഞു

“കുഴപ്പമില്ല മോളെ…. അമ്മ പറഞ്ഞു എല്ലാം ഞങ്ങൾക്ക് ഇഷ്ടവും ആയി ഈ ഓട്ടോകാരിയെ…. ”

കണ്ണൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു, എന്നിട്ടു പറഞ്ഞു

“”അച്ചു,, നിനക്ക് എത്ര ദുഃഖം ഉണ്ടായാലും വേണ്ടപ്പെട്ടവർക്ക് ജീവിതം ഉണ്ടാകാൻ എന്തും സഹിക്കാൻ ഉള്ള നിന്റെ മനസ്സ് ഉണ്ടല്ലോ അത് ഞാൻ കണ്ടില്ല എങ്കിൽ എനിക്ക് നഷ്ടം ആകുന്നത് ഒരുപക്ഷെ എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി ആയിരിക്കും…..

ഞാൻ ഒരുക്കം അല്ല അച്ചു നിന്നേ നഷ്ടപ്പെടുത്താൻ,,,, അങ്ങനെ ഒരു പൊട്ടൻ ആയി ഈ ജീവിതം ജീവിക്കാൻ എനിക്ക് വയ്യ……

എൻ്റെ വീട്ടുകാർക്കും നിന്റെ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞപ്പോൾ നിന്നോട് ബഹുമാനം മാത്രമേ തോന്നി ഉള്ളു….. നിന്നേ പോലെ ഒരു പെണ്ണിനെ കണ്ടു പിടിച്ച എന്നെ പോലും അവർ അഭിനന്ദിച്ചു,…

ഒന്നുകിൽ ഞാൻ നിന്റെ അനുജത്തിമാരെ പഠിപ്പിക്കാം കല്യാണം കഴിഞ്ഞു അല്ലങ്കിൽ അവരുടെ പഠിത്തം കഴിയും വരെ കാത്തു ഇരിക്കാൻ ഞാൻ തയ്യാറാണ് “”

കണ്ണന്റെ വാക്കുകൾ അശ്വതിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല

“”കണ്ണേട്ടാ…… കാത്തു ഇരുന്നാൽ മതി… എൻ്റെ ആഗ്രഹം ആണ്‌ പെങ്ങള്മാരുടെ പഠിത്തം അദ്വാനിച്ചു നടത്തണം എന്നു അത് ഞാൻ ചെയ്തോളാം…. “”

പൈസയുടെ ലോകത്തു മാത്രം ജീവിച്ച കണ്ണന്റെ വീട്ടുകാർ അശ്വതിയെ കണ്ടു അവളുടെ സ്വഭാവം നേരിട്ട് അറിഞ്ഞപ്പോൾ എല്ലാവരോടും ആയി പറഞ്ഞു….

“””ഇങ്ങനെ ഒരു മകളെ പ്രസവിച്ച അമ്മയും……. ഇങ്ങനെ ഒരു ചേച്ചിയെ കിട്ടിയ പെങ്ങള്മാരും…… ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ പോകുന്ന ഞങ്ങളുടെ മകനും കൂടെ ഞങ്ങളും…… ഇങ്ങനെ ഒരു ഡ്രൈവറെ കിട്ടിയ ആ ഓട്ടോ പോലും….. ഈ ലോകത്തു ഏറ്റവും പുണ്യം ചെയ്തവർ തന്നെ “””

“അത്രക്കും പുണ്യം ആണ്‌ മോളെ നീ ”

വായിച്ചു അഭിപ്രായം പറയണേ കൂട്ടുകാരെ…

രചന: അരുൺ നായർ

Leave a Reply

Your email address will not be published. Required fields are marked *