മീനുവിന്റെ ഇഷ്ട്ടങ്ങൾക്ക് നാളിത് വരെ ഞങ്ങൾ എതിര് നിന്നിട്ടില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :ഡേവിഡ് ജോൺ

തീരത്തെ പുണർന്ന് അകലേക്ക്‌ അകന്ന് പോകുന്ന തിരമാലകളുടെ മനോഹാരിത എത്ര സമയം ഞാൻ നോക്കി കണ്ടെന്ന് വ്യക്തമായി ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ഓരോ തവണ കാണുമ്പോഴും ആ തിരമാലകൾ എന്നോട് രഹസ്യമായി എന്തോ പറയുന്നത് പോലെ.

“കിച്ചുവേട്ടാ..ഒരുപാട് നേരമായല്ലോ തിരമാലകളെയും നോക്കി നിൽക്കാൻ തുടങ്ങിയിട്ട്. നേരം സന്ധ്യയായത് വല്ലതും അറിയുന്നുണ്ടോ? വാ..എഴുന്നേൽക്ക് ഇനിയും വൈകിയാൽ സിനിമയ്ക്ക് ടിക്കറ്റ് കിട്ടില്ല “.

ഞാൻ അണിയിച്ച താലി ചരടിൽ വിരലുകൾ കോർത്തു പിടിച്ച്‌ പിണങ്ങി നിൽക്കുന്ന മീനാക്ഷിയെ (മീനു )എന്റെ മാറോട് ചേർത്ത് നിർത്തി. അസ്തമയത്തിന് മുമ്പുള്ള പ്രകാശം മീനുവിന്റെ മുഖത്തിന് ഭംഗിയേറിയ പോലെ.

പൂഴി മണലിലൂടെ അവളുടെ കൈകോർത്തു പിടിച്ചു നടക്കവേ,ഞങ്ങളുടെ കാലുകളിൽ ഇടയ്ക്കിടെ ഒളിച്ചു വന്ന് മുത്തം നൽകി പിന്നിലേക്ക് ഓടി മറയുന്ന തിരമാലകളെ ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ഈ തിരമാലകൾ പോലെയാണ് മീനു ഇനി മുന്നോട്ടുള്ള നമ്മുടെ ജീവിതം.പ്രതിബന്ധങ്ങളെ മറി കടന്ന് ഓരോ തവണ കരയിലേക്ക് ആവേശത്തോടെ ആഞ്ഞടുക്കുമ്പോഴും കൂടുതൽ കൂടുതൽ ദൂരങ്ങളിലേക്ക് കടന്ന് ചെല്ലാൻ അവ ശ്രമിക്കുന്നുണ്ട്.”

ഈ സമയം കിച്ചുവേട്ടന്റെ ഹൃദയത്തോട് ചേർന്ന് നിന്ന് ഓരോ വാക്കുകളും ശ്രദ്ധയോടെ കേൾക്കുകയായിരുന്നു മീനാക്ഷി.

കോളേജ് ക്യാപസ്സിലെ തന്റെ ആദ്യ ദിനത്തിൽ സീനിയേസിന്റെ റാഗിങ്ങിനിടെയാണ് ആദ്യമായി ഞാൻ കിഷോർ എന്ന എന്റെ കിച്ചുവേട്ടനെ കാണുന്നത്.പിന്നീട് ആ സൗഹൃദം വളർന്ന് പ്രണയത്തിലേക്ക് വഴി മാറാൻ തുടങ്ങിയപ്പോൾ ഇഷ്ട്ടം തുറന്ന് പറഞ്ഞതും ഞാൻ തന്നെ. വീട്ടിൽ കല്യാണലോചനകളുടെ എണ്ണം കൂടി കൂടി വന്നപ്പോയാണ് കിച്ചുവേട്ടന്റെ കാര്യം ഞാൻ വീട്ടിൽ പറയുന്നത്. പെങ്ങള് ഇഷ്ട്ടപ്പെട്ട ചെറുക്കനെക്കുറിച്ച് അന്വേഷിച്ചപ്പോൾ സ്ഥിര വരുമാനമുള്ള ഒരു ജോലിയോ,കയറി താമസിക്കാൻ വീടോ ഇല്ലാത്തൊരാളാണ് അനിയത്തിയുടെ കണ്ടെത്തലെന്ന് ചേട്ടൻ മനസ്സിലാക്കി.

ജോലിയും കൂലിയുമില്ലാതൊരാൾക്ക് പെങ്ങളെ കെട്ടിച്ചു കൊടുക്കില്ലെന്നു ചേട്ടൻ പറഞ്ഞപ്പോൾ തകർന്നു പോയത് എന്റെ സ്വപ്നങ്ങളായിരുന്നു.വീട്ടുകാരുടെ പ്രഷർ സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തെത്തിയപ്പോൾ കിച്ചുവേട്ടനോട് വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാൻ ഞാൻ ആവശ്യപ്പെട്ടു.

അധികം വൈകാതെ ആ ദിവസം വന്നെത്തി. ======================================= വീടിന് മുന്നിലെ തുരുമ്പ് തിന്ന് തുടങ്ങിയ ഇരുമ്പ് ഗേറ്റ് പതിയെ തള്ളി തുറന്ന് കിച്ചുവേട്ടന്റെ വരവ് അടുക്കള വാതിലിലൂടെ ഞാൻ കാണുന്നുണ്ടായിരുന്നു. ആ വരവ് പ്രതീക്ഷിച്ചിരുന്നത് പോലെ അനൂപേട്ടൻ വീടിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. വീട്ടിൽ കയറി വരുന്നവരെ പുറത്ത് നിർത്തി സംസാരിക്കുന്നത് മാന്യതയല്ലെന്ന തിരിച്ചറിവ് കൊണ്ടാവാം ചേട്ടൻ ഒന്നും പറയാതെ അകത്തേക്ക് കയറി.പുറമെ തെളിഞ്ഞ ആകാശമെങ്കിലും ഇടിച്ചു കുത്തി പെയ്യാൻ കാത്തിരിക്കുന്ന കാർമേഘക്കൂട്ടം പോലെയായിരുന്നു എന്റെ അമ്മയുടെയും ചേട്ടന്റെയും മുഖഭാവം.ഏറെ നേരത്തെ മൗനം ആരോചകമായി തോന്നിയത് കൊണ്ടാവാം കിച്ചു തന്നെയാണ് സംസാരത്തിന് തുടക്കമിട്ടത്.

“എനിക്ക് മീനുവിനെ വിവാഹം കഴിക്കണമെന്നുണ്ട്. വീട്ടിൽ വന്ന് അമ്മയോടും ചേട്ടനോടും സംസാരിക്കണമെന്ന് ഇവൾ ആവശ്യപ്പെട്ടപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി.”

ഭിത്തിയിൽ തൂ ക്കിവച്ച ക്ലോക്കിലെ മിനുട്ട് സൂചിയുടെ ശബ്ദം എന്റെ കാതിൽ തുളഞ്ഞു കയറുന്നത് പോലെയുള്ള നിശബ്ദതയായിരുന്നു അല്പ സമയമവിടെ.

“മീനുവിന്റെ ഇഷ്ട്ടങ്ങൾക്ക് നാളിത് വരെ ഞങ്ങൾ എതിര് നിന്നിട്ടില്ല. പക്ഷേ വിവാഹമെന്നത് അവളുടെ ജീവിതത്തിലെ സുപ്രധാന തീരുമാനമാകുമ്പോൾ അതിൽ അവളുടെ ഇഷ്ട്ടം മാത്രം നോക്കി തീരുമാനം എടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല.”

ചേട്ടന്റെ മറുപടി ഇതായിരിക്കുമെന്ന് കിച്ചുവേട്ടൻ പ്രതീക്ഷിച്ചിരുന്നു .അതിനുള്ള മറുപടി ആദ്യമേ മനസ്സിൽ കുറിച്ചിട്ടിരുന്നത് കൊണ്ട് ആലോചനകൾക്ക് ഇടം നൽകാതെ തന്നെ മറുപടി നൽകാൻ സാധിച്ചു.

“മീനുവിന് എന്നെയും എനിക്ക് അവളെയും ഇഷ്ട്ടമാണ്.നിങ്ങളുടെ സമ്മതത്തോടെ വേണം ഞങ്ങളുടെ വിവാഹം നടക്കേണ്ടതെന്നുള്ള അവളുടെ ആഗ്രഹത്തിന് മുന്നിലാണ് ഞാൻ ഇപ്പോൾ ഇങ്ങനെ വന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്.”

“എന്റെ പെങ്ങളെ നിനക്ക് കെട്ടിച്ചു തന്നാൽ അവളെ കൂട്ടി കൊണ്ട് പോയി താമസിപ്പിക്കാൻ സ്വന്തമായ ഒരു വീടുണ്ടോ നിങ്ങൾക്ക് ? സ്വന്തം ആവശ്യങ്ങൾ പോലും നിറവേറ്റാനുള്ള വരുമാനം കിട്ടുന്ന ഒരു ജോലിയുണ്ടോ ?”

അനൂപേട്ടൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. മേശയ്ക്ക് മുകളിൽ ആഞ്ഞടിച്ചു കൊണ്ട് ദേഷ്യം കൺട്രോൾ ചെയ്യാൻ ശ്രമിച്ചു ശേഷം ഉള്ള് തുളയ്ക്കുന്ന നോട്ടം എന്നെ നോക്കി.

കൂസലൊന്നുമില്ലാതെ ചാരിയിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റ കിച്ചുവേട്ടൻ വാതിലിന് മറവിൽ പേടിച്ചു വിറച്ചു നിൽക്കുന്ന എന്നെ എല്ലാവരുടെയും മുന്നിലേക്ക് കൈ പിടിച്ച് കൊണ്ട് വന്ന് നിർത്തി.

“ചേട്ടൻ പറഞ്ഞത് നൂറ് ശതമാനം സത്യം തന്നെയാണ്. സ്വന്തമായി ജോലി ചെയ്യ്തു കിട്ടുന്ന വരുമാനത്തിൽ ഞാൻ ഒന്നും തന്നെ എനിക്ക് വേണ്ടി നീക്കി വയ്ക്കാറില്ല. അഞ്ഞൂറ് കിട്ടിയാലും ആയിരം കിട്ടിയാലും അതിന്റെ കൂടെ അല്പം പൈസാ കൂടി അധികം വച്ച് വീട്ടിലെ തന്നാൽ കഴിയുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന ചെറുപ്പക്കാരിൽ ഞാനും ഉൾപ്പെടുന്നു അതിൽ എനിക്ക് അഭിമാനം മാത്രമാണുള്ളത്. ചേട്ടന്റെ പെങ്ങളിപ്പോൾ എന്റെ കൂടെ ഇറങ്ങി വന്നാൽ എനിക്ക് കിട്ടുന്ന വരുമാനത്തിൽ അവളുടെ ആവശ്യങ്ങളും നിറവേറ്റാൻ ഞാൻ ശ്രമിക്കും.”

“നീ ജീവിതത്തിൽ ഉയർന്നു വരുന്ന നാള് വരെ എന്റെ മോളെ ഇവിടെ കെട്ടാച്ചരക്കായി നിർത്തണമെന്നാണോ നീ പറഞ്ഞു വരുന്നത്? അവൾക്ക് പ്രായമേറി വരികയാണ് . കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അത് നിന്നെ മാത്രമാണെന്നും പറഞ്ഞു ഇവൾ വാശി പിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒത്തിരിയായി ”

ആ നിമിഷം വരെ നിശബ്ദത പാലിച്ചു നിന്ന മീനുവിന്റെ അമ്മയുടെ ശബ്ദം ആ നാല് ചുവരുകൾക്കുളിൽ കിടന്നു പ്രതിധ്വനിച്ചു. അവരുടെ സ്വരം ഇടറുന്നുണ്ടായിരുന്നു. മകളുടെ ഭാവി ജീവിതം സുരക്ഷിതവും സന്തോഷം നിറഞ്ഞതുമായിരിക്കണമെന്ന് ഏത് അമ്മമാരേ പോലെയും അവരും ആഗ്രഹിക്കുന്നുണ്ട്.പക്ഷേ എന്നോടുള്ള പ്രണയത്തിന്റെ പേരിൽ അവളനുഭവിക്കുന്ന സങ്കടം കാണാനും അവർക്ക് വയ്യെന്ന് ആ കണ്ണുകളിൽ നിന്നും ഊർന്നിറങ്ങുന്ന നനവ് എന്നോട് പറയാതെ പറഞ്ഞു.

” അമ്മേ…! അമ്മയുടെ വിഷമം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.എനിക്ക് പ്രതീക്ഷയുണ്ട്. അമ്മയുടെ മകളുടെ കണ്ണിൽ നിന്നും ഇനി ഒരിക്കലും ഒരു തുള്ളി കണ്ണുനീർ പുറത്ത് വരില്ല.ഇന്ന് പുച്ഛിക്കുന്നവർക്ക് മുന്നിൽ ഞാൻ വിജയിച്ചു കാണിക്കും. അന്ന് എന്റെ കൂടെ അമ്മയുടെ മകൾ വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ”

“അമ്മയ്ക്ക് മോനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതല്ല ഇതൊന്നും. നീ തന്നെ ആലോചിച്ചു നോക്ക് ഇനി എത്ര കാലം എന്റെ മോള് നിനക്ക് വേണ്ടി കാത്തിരിക്കണം? ഒന്നുകിൽ നിന്നെ മറന്ന് മറ്റൊരാളെ വിവാഹം ചെയ്യാൻ നീ തന്നെ അവളോട് ആവശ്യപ്പെടണം,അല്ലെങ്കിൽ ആറ് മാസത്തിനുള്ളിൽ സ്ഥിര വരുമാനമുള്ളൊരു ജോലി നേടിയിട്ട് നീ വാ. അന്ന് സന്തോഷത്തോടെ ഈ അമ്മ നിങ്ങളുടെ വിവാഹത്തിന് സമ്മതിക്കാം ”

അമ്മയുടെ അപേക്ഷയ്ക്ക് മുന്നിൽ ഒന്നും മറുത്ത് പറയാതെ പടി ഇറങ്ങിപ്പോയ കിച്ചുവേട്ടനെ പിന്നീട് ഞാൻ കാണുന്നതും, സംസാരിക്കുന്നതും രണ്ട് മാസങ്ങൾ കഴിഞ്ഞാണ്.

ഏറെ നാളത്തെ കഷ്ടപ്പാടിനൊടുവിൽ കിച്ചുവേട്ടന് ഗൾഫിലെ ഒരു പ്രമുഖ ഓയിൽ റിഫൈനറി കമ്പനിയിൽ ജോലി ലഭിച്ചെന്ന സന്തോഷ വാർത്ത ഒരേ സമയം എനിക്ക് സന്തോഷവും ദുഃഖവും സമ്മാനിച്ചു.രണ്ട് വർഷം കഴിഞ്ഞ് തിരിച്ചു വന്നതിന് ശേഷം വിവാഹം കഴിക്കാമെന്നു കിച്ചുവേട്ടൻ പറഞ്ഞപ്പോൾ ഗൾഫിലേക്ക് പോകുന്നതിനു മുൻപ് വിവാഹം വേണമെന്ന എന്റെ നിർബന്ധത്തിന് വഴങ്ങി ഒരു നല്ല മുഹൂർത്തം നോക്കി എന്റെ വീട്ടുകാർ തന്നെ എന്നെ കിച്ചുവേട്ടന് കൈപിടിച്ചു നൽകി.

=======================================

അസ്തമയ സൂര്യൻ ആഴക്കടലിലേക്ക് മറയുമ്പോൾ കിച്ചുവേട്ടന്റെ കൈകളിൽ ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ടുള്ള പ്രയാണം ഞാൻ ആരംഭിക്കുമ്പോൾ അന്തി ചുവപ്പ് പടർന്ന് നിൽക്കുന്ന ആകാശത്തിലൂടെ നാളെയുടെ പ്രതീക്ഷകളുമായി പക്ഷികൾ തങ്ങളുടെ കൂട് ലക്ഷ്യമാക്കി പറന്നകലുകയായിരുന്നു

ശുഭം…….

Leave a Reply

Your email address will not be published. Required fields are marked *