അമ്മയുടെ വിചാരം ഞാൻ ഇപ്പോഴും അമ്മയുടെ കൈകുഞ്ഞാണെന്നാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Pratheesh

” മോളേ, നീ ചോറു കഴിച്ചോ ? അന്നും അമ്മയുടെ പതിവു ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യമാണു വന്നത്,

ഞാനെന്താ കൊച്ചു കുട്ടിയാണോ ? എനിക്കെന്താ സമയാസമയത്ത് ചോറു കഴിക്കാൻ അറിയില്ലെ ? വിശക്കുമ്പോൾ ആഹാരം കഴിക്കാൻ അറിയാത്ത ഒരുവൾ ആണോ ഞാൻ ?

എപ്പോൾ ഫോൺ വിളിച്ചാലും അമ്മക്ക് ചോദിക്കാൻ ഇതേയുള്ളൂ,

എനിക്ക് ഇരുപത് വയസായിട്ടും ബാഗ്ലൂരിൽ ഒറ്റക്ക് താമസിച്ച് ജോലി ചെയ്യുകയായിരുന്നിട്ടും അമ്മയുടെ വിചാരം ഞാൻ ഇപ്പോഴും അമ്മയുടെ കൈകുഞ്ഞാണെന്നാണ്,

ബാഗ്ലൂരിൽ ഞാൻ വന്ന് താമസിക്കുന്നത് പട്ടിണി കിടക്കാനാണോ ?

എന്തിനാ എപ്പോഴും ഇതു തന്നെ ചോദിക്കുന്നത് എന്നു ചോദിച്ചാലും പിന്നെയും അമ്മ അതു തന്നെ ചോദിക്കും..!

ഇവിടെ എന്റെ പ്രശ്നം ഇതായിരുന്നെങ്കിൽ നാട്ടിലെ എന്റെ പ്രശ്നം മറ്റൊന്നായിരുന്നു,

ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ സ്ഥലകാല ബോധമില്ലാതെ അമ്മയുടെ നീട്ടിയുള്ള ഒരു വിളിയുണ്ട്

” മോളേ തക്കുടൂന്ന് ”

കൂട്ടുകാരികൾക്കിടയിൽ വെച്ചും, ചില കടകളിൽ വെച്ചും, പള്ളിപെരുന്നാളിനിടക്കും, ചിലപ്പോൾ ചില കല്യാണ വീട്ടിൽ വെച്ചും ആ വിളി പലപ്പോഴും എന്നെ വല്ലാതെ പരിഹാസ്യയാക്കിയിട്ടുണ്ട്,

ഇതു കേട്ട് നീ വലുതായ വിവരം നിന്റെ അമ്മ അറിഞ്ഞിട്ടില്ലെയെന്ന് കൂട്ടുകാരികൾ കളിയാക്കി ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ ഞാൻ കൂടുതൽ അപമാനപ്പെട്ടു കൊണ്ടെയിരുന്നു,

പലപ്പോഴും നമ്മൾ ആരോടെങ്കിലും വളരെ പ്രസന്നവതിയായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും പുറകിൽ നിന്ന് അമ്മയുടെ ആ വിളി വരുന്നത് അതോടെ അതു വരെയുണ്ടായിരുന്ന സകല രസങ്ങളും ആ നിമിഷം നിലംപ്പൊത്തും..!

അപ്പൻ പിന്നെ ഞാൻ വലുതായതു മുതൽ സാഹചര്യത്തെ ഉൾക്കൊണ്ടു കൊണ്ടു എന്നെ എന്റെ പേരാണു വിളിക്കുന്നത്,

അമ്മക്കാണു ഒരു മാറ്റവുമില്ലാത്തത്,

ബാഗ്ലൂരിൽ എത്തിയ ശേഷമാണ് ആ കളിയാക്കലുകളിൽ നിന്ന് ഒരു മോചനം ലഭിച്ചത്,

അതു കഴിഞ്ഞപ്പോൾ ഇതായി എപ്പോൾ വിളിച്ചാലും ചോറു കഴിച്ചോ ? ചായ കുടിച്ചോ ? ഇതു തന്നെ ശരണം,

അമ്മക്ക് ഏതെങ്കിലും വിധത്തിൽ എന്നെ ബുദ്ധിമുട്ടിച്ചാലെ ഒരു സമാധാനമുള്ളൂ എന്ന നിലപാടിലാണ് അമ്മയുടെ പ്രവർത്തികൾ,

ബാഗ്ലൂരിലെ റൂംമേറ്റായ ധൃതിക റെഡ്ഢിയും എന്നോടു ചോദിച്ചു, ഇത് എല്ലാ അമ്മമാരുടെയും സ്വഭാവമാണല്ലെയെന്ന് ? അതെയെന്നു ഞാൻ പറഞ്ഞതും അവളും ഞാനും കൂടി അന്ന് അമ്മമാരുടെ പൊതുവായ സ്വഭാവങ്ങൾ പറഞ്ഞ് കുറെ ചിരിച്ചു,

അമ്മയുടെ രീതികൾ മാറ്റാനാവിലെന്ന് മനസിലായതോടെ അമ്മയുടെ അത്തരം ചോദ്യങ്ങൾക്കെല്ലാം “ആ ” ആ ” എന്നു മൂളി അവസാനിപ്പിക്കുന്നത് ഞാനും ശീലമാക്കി, അങ്ങിനെ അമ്മയുടെ ആ ചോദ്യവും എന്റെ അതിനുള്ള ഉത്തരവും എനിക്കു തന്നെ വലിയ പ്രസക്തിയില്ലാതായി,

കുറച്ചു മാസങ്ങൾക്ക് ശേഷം എന്റെ ജോലിയുടെ പ്രൊമോഷന്റെ ഭാഗമായി ആറു മാസത്തെ ട്രെയിനിങ്ങിനായി അമേരിക്കയിൽ പോകേണ്ടതായ ഒരു സാഹചര്യം എനിക്കു വന്നു,

എന്നാൽ ബാഗ്ലൂരിലെ ഒറ്റക്കുള്ള ജീവിതം തന്നെ മടുത്തു തുടങ്ങിയിരുന്ന എനിക്ക് ട്രെയിനിങ്ങിന്റെ ഭാഗമായി അമേരിക്കയിൽ പോയി ആറു മാസം നിൽക്കുക എന്നത് വലിയ ബുദ്ധിമുട്ടായി തോന്നി,

കൂടെ ജോലി ചെയ്യുന്നവരും കൂട്ടുകാരും എന്നോട് പോകണമെന്നും ഒരിക്കലും ഇങ്ങനെ അവസരം നഷ്ടപ്പെടുത്തരുതെന്നും പറഞ്ഞു കൊണ്ടെയിരുന്നു,

എങ്കിലും എന്റെയുള്ളിലെ ഭയപ്പാടുകൾ വെച്ച് കടലുകൾ കടന്ന് അമേരിക്ക പോലുള്ള ഒരു രാജ്യത്തു പോയി ഒറ്റക്കു താമസിക്കുക എന്നത് എനിക്ക് ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല.,

അതോടൊപ്പം ഈയൊരവസരം കടലോള്ളം വലുതാണെന്നും മനസു മന്ത്രിക്കുന്നുണ്ടായിരുന്നു,

എന്നെ അലട്ടിയ എന്റെ പ്രധാന പ്രശ്നം അതിനെനിക്ക് സാധിക്കുമോ എന്നതു തന്നെയായിരുന്നു, മറ്റൊരു രാജ്യം, ഭാഷ, സംസ്ക്കാരം, രീതി, ജീവിതം, കാലാവസ്ഥ തുടങ്ങിയവയും അന്നേരം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു,

കൂടാതെ ആ ജോലിയിൽ തുടരണമെങ്കിൽ ആ ട്രെയിനിങ്ങ് നിർബന്ധവുമായിരുന്നു,

അങ്ങിനെ പോകാനും പാസ്പ്പോർട്ടെടുക്കാനും തയ്യാറെടുപ്പിനുമുള്ള അവസാനസമയമായപ്പോൾ ഞാൻ അപ്പനോട് ചോദിച്ചു,

ഈ ജോലി ഞാൻ നഷ്ടപ്പെടുത്തിയാൽ അപ്പനെനോട് ദേഷ്യമാവുമോയെന്ന് ?

എന്റെയുള്ളിലെ പേടിയും ഭയവും മനസിലാക്കിയിട്ടാവണം അപ്പൻ എന്നോടു പറഞ്ഞു,

ഈ ജോലി ഭൂമിയിലെ അവസാനത്തേതൊന്നുമല്ലല്ലോയെന്ന് ”

നിനക്ക് താൽപ്പര്യമില്ലാത്ത ഒരു കാര്യവും ഞാൻ നിന്നെ നിർബന്ധിക്കില്ല, എന്നു കൂടി പറഞ്ഞതോടെ എനിക്കത് വലിയ ആശ്വാസമായി,

അപ്പന്റെ തീരുമാനം തന്നെയാണ് എപ്പോഴും അമ്മയുടെതും എന്നു അറിയാവുന്നതു കൊണ്ടു തന്നെ അതൊന്ന് അരക്കിട്ടുറപ്പിക്കാനും ഒപ്പം ഞാനും അപ്പനും അമ്മയേ ഒഴിവാക്കി ഒരു തീരുമാനമെടുത്തു എന്നു അമ്മക്ക് തോന്നാതിരിക്കാനാണ് അതെ ചോദ്യം ഞാൻ അമ്മയോടും കൂടി ചോദിച്ചത്,

എന്നാൽ ഒരു സാധാരണസ്ത്രീക്കും അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും എന്നു എന്നെ ബോധ്യപ്പെടുത്തി കൊണ്ടും, ഒരു നിമിഷം എന്നെ തീർത്തും ഞെട്ടിച്ചു കൊണ്ടും അമ്മ പറഞ്ഞു,

” പാദങ്ങൾ മണ്ണിലൂന്നി ആർക്കും ആകാശം തൊടാനാവില്ലെന്ന് ”

നിറഞ്ഞ അത്ഭുതത്തോടെയാണ് അമ്മയുടെ ആ വാക്കുകൾ ഞാൻ കേട്ടത്,

ആ വാക്കുകൾ എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി അതു വരെ കേട്ട മറ്റെല്ലാ അഭിപ്രായങ്ങളും ഒറ്റ നിമിഷം കൊണ്ട് മനസിൽ നിന്ന് എങ്ങോ മാഞ്ഞു പോയി,

എനിക്കു തന്നെ സംശയം ആ വാക്കുകൾ പറഞ്ഞത് അമ്മ തന്നെയാണോന്ന്,

ആ വാക്കുകൾ മനസിൽ നിറഞ്ഞതോടെ കഴിയില്ലെന്നറിയാമിയിരുന്നിട്ടും നിന്ന നിൽപ്പിൽ നിന്ന് കൈകളുയർത്തി ആകാശം തൊടാൻ ഞാൻ ശ്രമിച്ചു,

ആ സമയം ആ വാക്കുകളുടെ സ്വാധീനം എന്നിൽ അത്രമാത്രം ശക്തമായിരുന്നു,

കേൾക്കുന്ന മാത്രയിൽ തന്നെ പ്രാവർത്തികമാക്കാൻ സാധിക്കുമോ എന്നുള്ള പ്രേരണ നൽകുന്ന ആ വാക്കുകളിലൂടെ ഞാൻ പുതിയൊരു ഞാനായി,

ഈ വാക്കുകളുടെ അർത്ഥം അതിന്റെ ശരിയായ തലത്തിൽ അറിയുന്ന നിമിഷം നിങ്ങളും ചിലപ്പോൾ എന്നെ പോലെ അതിനു ശ്രമിച്ചേക്കാം,

അമ്മ പിന്നെയും ഒന്നു കൂടി പറഞ്ഞു,

അവസരം എന്നത് ഐസ്സു പോലെയാണ് അലിഞ്ഞു തീരും മുന്നേ അവയേ പ്രയോജനപ്പെടുത്താൻ കഴിയണം ”

പതിവു വാക്കുകളിൽ നിന്നു വ്യത്യസ്ഥമായി അമ്മ അന്നു പറഞ്ഞ ആ വാക്കുകൾ അമ്മയിലെ യഥാർത്ഥ സ്ത്രീയേ എനിക്ക് കാണിച്ചു തന്നു,

അതോടെ പിന്നെ ഒന്നിനും വലിയ താമസമുണ്ടായില്ല,

അങ്ങിനെ എന്റെ ആദ്യത്തെ ആകാശയാത്രയിൽ മേഘങ്ങൾക്കിടയിലൂടെ വിമാനം കടന്നു പോകുന്നത് വിന്റോ സീറ്റിലിരുന്ന് കാണുമ്പോൾ എനിക്കുറപ്പുണ്ടായിരുന്നു എന്റെ പാദങ്ങൾ ഭൂമിയേ തൊടുന്നില്ലായെന്ന്,

അമേരിക്കയിൽ ഞാൻ ഭയപ്പെട്ടതു പോലെ ഒന്നും തന്നെ എനിക്ക് നേരിടേണ്ടി വന്നില്ല,

എന്നാൽ പുതിയ കുറെ കാഴ്ച്ചകളും, അനുഭവങ്ങളും, മാനസീക പിൻബലവും, ബർബാറ വില്യംസ് എന്ന ഒരു നല്ല കൂട്ടുകാരിയേ റൂംമേറ്റായും എനിക്കവിടുന്ന് കിട്ടി,

എന്നാൽ ഞാൻ അമേരിക്കയിലെത്തിയിട്ടും ചോറുണ്ടോ ? ചായ കുടിച്ചോ ? എന്നുള്ള അമ്മയുടെ പഴയ പല്ലവികൾ അമ്മ ആവർത്തിച്ചു കൊണ്ടെയിരുന്നു,

ബർബാറ കൂടെയുള്ളൊരു ദിവസവും അമ്മ ഇതേ പല്ലവി ആവർത്തിച്ചപ്പോൾ ഞാൻ അതേപ്പറ്റി ബർബാറയോടു ഒരു പരാതി പോലെ പറഞ്ഞതും,

അതു കേട്ട് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു,

ഞങ്ങൾ അമേരിക്കക്കാർക്ക് ഇടയിൽ കുറെക്കാലമായി ഒരു സംസാരമുണ്ട്, ആരാണതിന്റെ ഉപജ്ഞാതാവ് എന്നറിയില്ല എന്നാലത് സത്യമാണെന്ന് എനിക്കിപ്പോൾ ഉറപ്പായിയെന്ന്,

അവളതു പറഞ്ഞതും അതെന്താണെന്നറിയാനുള്ള ആകാംക്ഷ എന്നിൽ നിഴലിച്ചു, അതറിയാനായി ഞാനവളെ നോക്കിയതും അവൾ പറഞ്ഞു,

” നിങ്ങൾ വീട്ടിൽ നിന്ന് അകലെയാവുമ്പോൾ ഫോണിലൂടെ നിങ്ങളുടെ അമ്മ ചോദ്യം ചോദിക്കുന്നത്, ” കുഞ്ഞേ, നീയെന്തെങ്കിലും കഴിച്ചോ ? ” എന്നാണെങ്കിൽ ഉറപ്പിക്കാം, നിങ്ങൾ ഇന്ത്യക്കാരിയായ ഒരമ്മയുടെ കുട്ടിയാണെന്ന്…!

അത്രക്ക് കരുതൽ ആയിരിക്കും അവർക്ക് മക്കളുടെ കാര്യത്തിൽ എന്നു കൂടി അവൾ പറഞ്ഞതോടെ സന്തോഷം കൊണ്ടെന്റെ കണ്ണുകൾ വന്നു നിറഞ്ഞു,

നമ്മുടെ നാടും നമ്മുടെ അമ്മമാരും അവരുടെ നന്മയും ഒരേപ്പോലെ ഒന്നായി ചേർന്ന അവളുടെ വാക്കുകൾക്ക് മുന്നിൽ, ആ നിമിഷം തന്നെ ഞാൻ ബർബാറയേ ആലിംഗനം ചെയ്തു,

അതിനടുത്ത നിമിഷം, ഫോണെടുത്ത് ഞാനമ്മയേ തിരിച്ചു വിളിച്ച് ഞാനെന്റെ അമ്മയോടു പറഞ്ഞു,

അമ്മാ ഐ ലവ് യൂ യെന്ന് ”

അമ്മ അതിനു മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും,

എന്റെ വാക്കുകൾ കേട്ട് പുഞ്ചിരി തൂകുന്ന അമ്മയുടെ മുഖം എന്റെ ഉൾഹൃദയത്തിലൂടെ എനിക്കപ്പോൾ കാണാമായിരുന്നു….!!!! ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Pratheesh

Leave a Reply

Your email address will not be published. Required fields are marked *