നിന്നെ വിവാഹം ചെയ്ത് ജീവിക്കണം എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ശരത് എസ് കുമാർ

വിനീതിന്റെ അച്ചു

ബിഎംഎസ് കോളേജിൽ പഠിച്ചിരുന്ന കെമിസ്ട്രി ബാച്ചിന്റെ 15 വർഷത്തിന് ശേഷമുള്ള ഒത്തുകൂടൽ നടക്കുകയാണ് മൂന്നാറിലെ ഒരു റിസോർട്ടിൽ അതെ ബാച്ചിലെ തന്നെ കൃഷ്‌ണകുമാറിന്റെയാണ് റിസോർട്ട്.

ഈയൊരു ഒത്തുകൂടലിനു വഴിയൊരുക്കിയതും മുൻകൈ എടുത്തതും കൃഷ്ണകുമാറും കിഷോർ എന്ന മറ്റൊരു സഹപാഠിയുമായിരുന്നു.13 പെൺകുട്ടികളും 12 ആൺകുട്ടികളും ചേർന്ന 25 പേരാണ് അന്നൊപ്പം പഠിച്ചിരുന്നത്.

താറിന്റെ ജീപ്പ് റിസോർട്ടിലേക്ക് ഇരച്ചു കയറി നിന്നു. അതിൽ നിന്നും തല മുടി പോയി തുടങ്ങിയ താടി നീട്ടി വളർത്തിയ ഒരാൾ താഴേക്കിറങ്ങി അതായിരുന്നു വിനീത്.ആരുടേയും മുഖത്തേക്ക് നോക്കാനുള്ള ഒരു ധൈര്യം അയാൾക്കില്ലായിരുന്നു എന്നിരുന്നാലും തന്നെ സ്വീകരിക്കാൻ വന്ന ആളുകൾക്കിടയിൽ അയാളുടെ കണ്ണുകൾ ഒരാളെ തിരയുന്നുണ്ടായിരുന്നു… ഒടുവിൽ ദൂരെ മാറി നിന്നവനെ നോക്കുന്ന അവളെ അവൻ കണ്ടു “അശ്വനി”

വിനീത്.. അശ്വനിയുടെ എല്ലാമെല്ലാമായിരുന്നു അവൻ. സമ്പന്ന കുടുംബത്തിൽ ജനിച്ചു വളർന്ന അതി സുന്ദരിയായ അശ്വനിയും സാധാരണ വീട്ടിൽ വളർന്നു വന്ന വിനീതും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എങ്കിലും അവരുടെ പ്രണയത്തെ അത് ബാധിച്ചില്ല .കോളേജിന്റെ മുക്കും മൂലയും എന്തിനു തണൽ നൽകുന്ന മരങ്ങൾ പോലും അവരുടെ പ്രണയത്തെ അറിഞ്ഞിരുന്നു.

പക്ഷെ കോളേജ് കഴിഞ്ഞ് എല്ലാവരും അവരുടെ വിവാഹമാണ് പ്രതീക്ഷിച്ചത് എങ്കിലും ആരോടും ഒന്നും പറയാതെ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് എവിടേക്കോ മറയുകയാണ് വിനീത് ചെയ്തത്… തന്നെ ഒഴിവാക്കി പോകാൻ വിനീതിനാകില്ല എന്നുറപ്പിച്ചു വിശ്വസിച്ചിരുന്ന അശ്വനി തങ്ങളുടെ ബന്ധത്തെ എതിർത്ത കുടുംബം അവനെ എന്തെങ്കിലും ചെയ്തതാകും എന്നടിയുറച്ചു വിശ്വസിച്ചിരുന്നു,.. അശ്വനിയുടെ അമ്മ മാത്രമായിരുന്നു അവൾക്ക് സപ്പോർട്ട് .. പക്ഷെ പിന്നീട് അവന്റെ നമ്പർ കണ്ടെത്തി അവനെ വിളിച്ച അശ്വനിക്ക് കിട്ടിയ മറുപടി അവൻ വേറൊരു പെണ്ണിനെ കല്യാണം കഴിച്ചു ജീവിക്കുകയാണ് നീ നിന്റെ ജീവിതം നോക്കാനായിരുന്നു…

വിനീതിന്റെ ഒത്തുകൂടലിനായി ക്ഷണിക്കാൻ കൃഷ്ണകുമാർ അവനെ കണ്ടെത്തിയത് ഒരുപാട് നാളെടുത്താണ് ഒടുവിൽ കണ്ടെത്തി കാര്യം അറിയിച്ചപ്പോൾ അവൻ വരാൻ കൂട്ടാക്കിയില്ല ഒടുവിൽ എല്ലാവരും കൂടി നിർബന്ധിച്ചാണ് വിനീതിനെ അവിടേക്ക് കൊണ്ട് വന്നത്.കാര്യമറിയിച്ചപ്പോൾ അശ്വനി അവനെ ഒന്ന് നേരിട്ട് കണ്ട് പലതും ചോദിക്കണം എന്നുറപ്പിച്ചാണ് അവിടേക്ക് വന്നത്…

അശ്വനിയും വിനീതുമൊഴിച്ച് ബാക്കി 23 പേരും ഫാമിലി ആയിട്ടാണ് വന്നത്.. അവളെ കണ്ടപ്പോൾ തന്നെ വിനീതിന്റെ കണ്ണറിയാതെ നിറഞ്ഞു പിന്നീടാർക്കും മുഖം കൊടുക്കാതെ ഒരു മൂലയിലേക്ക് അവൻ മാറി ഇരുന്നു.അവന്റെ കണ്ണുകൾ പലപ്പോഴും അവളെ തേടി പോകുമ്പോഴെല്ലാം ദഹിപ്പിക്കുന്ന നോട്ടം മാത്രമേ അവനു കാണാൻ പറ്റിയുള്ളൂ…

അന്നത്തെ രാത്രി കുറച്ച് പരിപാടിയും ഫുഡ് അടിക്കലും.. പിറ്റേന്ന് വലിയ പരിപാടികൾ അങ്ങനെയാണ് കൃഷ്ണകുമാർ പരിപാടികൾ പ്ലാൻ ചെയ്തിരുന്നത്. എല്ലാവരും ഫാമിലിയെ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തുമ്പോഴും..വിനീതിനോട് മിണ്ടാനായി വരുമ്പോഴും ചെറിയൊരു ചിരിയിൽ അവൻ ഒതുക്കി. നാക്ക് വായിലിടാതെ സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു വിനീതും അശ്വനിയും ഇവിടെയാകട്ടെ രണ്ടു പേരും ഊമകളെപോലെയാണ്…

കുറെ നേരം അവിടെ ഇരുന്ന വിനീത് പതുക്കെ റിസോർട്ടിന് സമീപത്തുള്ള റോഡിലേക്ക് നടന്നു.. അവന്റെ മനസ്സാകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിൽ ആയിരുന്നു. കുറച്ച നടന്നപ്പോഴാണ് പിന്നിൽ നിന്നും പരിചയ ശബ്ദത്തിൽ അവൻ വിളി കേട്ടത്.

” വിനീത് ” അത് അശ്വനിയായിരുന്നു

ഹാ … അവൻ മുഖത്തൊരു ചിരി വരുത്താനായി ശ്രമിച്ചു..

അവളവന്റെ അടുത്തേക്ക് വന്നു പക്ഷെ അവനവളെ നോക്കാൻ കഴിഞ്ഞില്ല..

അവിടെ വച്ചൊരു സീൻ ആക്കണ്ട എന്ന് കരുതിയാ ഞാൻ തന്നോട് ഒന്നും ചോദിക്കാതിരുന്നേ..താൻ എന്ത് മനുഷ്യനാടോ!! തന്നെ ആത്മാർത്ഥമായി സ്നേഹിക്കുക എന്നല്ലാതെ എന്തേലും തെറ്റ് ഞാൻ ചെയ്തിട്ടുണ്ടോ ??

വിനീതിന് മറുപടി ഇല്ലായിരുന്നു..അവന്റെ തല താഴേക്ക് നോക്കി തന്നെയിരുന്നു..

ഡോ.. എന്റെ മുഖത്തേക്ക് നോക്കി ഉത്തരം പറയെടോ തന്റെ വായീന്ന് എനിക്കത് കേൾക്കണം അതിനാണ് ഞാനീ സ്ഥലത്തേക്ക് വന്നത് തന്നെ…

നോക്കെടോ …

വിനീത് അവളുടെ മുഖത്തേക്ക് നോക്കി അശ്വനീടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. കണ്മഷി എഴുതാതെ പൊട്ടിടാതെ അവൻ അവളെ അങ്ങനെ ആദ്യമായാണ് കാണുന്നത് അവളാകെ മാറി പോയി എപ്പോഴും ചിരി മാത്രമുണ്ടായിരുന്ന ഐശ്വര്യം മാത്രം തിളങ്ങിയ ആ മുഖം ഇപ്പോൾ വിഷമം മാത്രം നിറഞ്ഞ ഒരു രൂപത്തിലേക്ക് മാറിയിക്കുന്നു എല്ലാത്തിനും കാരണം താനാണെന്നത് അവന്റെ മനസ്സിനെ വീണ്ടും നോവിച്ചു

വിനീത് എനിക്കൊറ്റ കാര്യം മാത്രം അറിഞ്ഞാൽ മതി നീ എന്നെ വിട്ടു പോയത് വേറൊരു പെണ്ണിനെ കണ്ട ഇഷ്ടം ആയതു കൊണ്ടാണോ അതോ എന്റെ കുടുംബം കാരണമാണോ അത് മാത്രം നീ പറയ്..

ഞാൻ നിന്നെ ഉപയോഗിക്കുക ആയിരുന്നു കോളേജ് സമയത്ത് കുറച്ച കാശിന്റെ ആവശ്യം ഉണ്ടായിരുന്നു .. അതിനു മാത്രമായിരുന്നു നീ നിന്നെ വിവാഹം ചെയ്ത ജീവിക്കണം എന്ന ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല… വിനീത് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി..

വിനീതിന്റെ വാക്കുകൾ അശ്വനിയെ നിന്ന നിൽപ്പിൽ മരിച്ച പോലായി.. അവളൊരിക്കലും അവന്റെ ഭാഗത്തൂന്ന് അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചില്ല..

അശ്വനി : അപ്പോ നീ എന്നെ സ്നേഹിച്ചിട്ടില്ലല്ലേ…

ഇല്ല ഒരിക്കലുമില്ല..

പിന്നൊന്നും പറയാതെ അവൾ കണ്ണ് തുടച്ചു കൊണ്ട് അവിടെ നിന്നും റിസോർട്ടിലേക്ക് ഓടുകയാണ് ചെയ്തത്..

തിരിഞ്ഞു പോയ അവളെ നോക്കി നീയാണ് എന്റെ എല്ലാം നിന്നെ മാത്രമേ ഞാൻ സ്നേഹിച്ചിട്ടുള്ളൂ എന്നവന് പറയണമെന്നുണ്ടായിരുന്നു എങ്കിലും അവനതിനു കഴിഞ്ഞില്ല..അവനവിടെ നിന്ന് സ്വയം ശപിച്ചു..

അശ്വനിയെയും വിനീതിനെയും കാണാതെ അവിടേക്ക് വന്ന കൃഷ്ണകുമാർ കാണുന്നത് കരഞ്ഞു കൊണ്ട് പോകുന്ന അശ്വനിയെയും ഒരു ചലനവുമില്ലാതെ നിൽക്കുന്ന വിനീതിനെയുമാണ്..

അവൻ ഓടി വിനീതിനടുത്തേക്കെത്തി..

കൃഷ്ണകുമാർ : നീ പറഞ്ഞോ ??

ഇല്ലെടാ

അതെന്താ ??

എന്നെക്കൊണ്ട് പറ്റില്ല…

അവളുടെ അമ്മ കാരണമാ ഇതൊക്കെ സംഭവിച്ചതെന്ന് നീ പറയാത്തതെന്താ..

അവൾക്ക് അവളുടെ അമ്മ എന്നാൽ അത്രയ്ക്ക് ജീവനാടാ ഞാനായിട്ട് അതെങ്ങനാ ? അവർ പറഞ്ഞ പോലെ അവൾക്ക് ഞാൻ ചേരില്ലെടാ ഞാൻ മാറി പോയാൽ അവളുടെ ജീവിതം നന്നാകുള്ളൂ ..

നീ എന്താടാ വിനീതെ ഈ പറയുന്നേ അവളോട് അവളുടെ അമ്മ എല്ലാത്തിനും സമ്മതമാണെന്ന് പോലെ നിന്നിട്ട് നിന്നെ കണ്ട് അവളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് പറഞ്ഞ് നിങ്ങളെ അകറ്റിയ രാക്ഷസി അല്ലെ അവർ..

ഡാ അങ്ങനൊന്നും പറയല്ലേ എല്ലാ അമ്മമാർക്കും മക്കളോട് സ്നേഹം കാണില്ലേ..

നീ പോടാ പോയി ചാവ്‌ .. ഇത്രയും നാളായിട്ടും നിന്നെ മാത്രം ഓർത്തു കല്യാണം കഴിക്കാതെ ജീവിക്കുന്ന പെണ്ണാ അവള് അവളോട് നീ ഇപ്പോൾ ചെയ്യുന്നത് ക്രൂരതയാണ്..

നീ പോ കൃഷ്ണാ ഞാൻ കുറച്ച് നേരം ഒറ്റയ്ക്ക് നിൽക്കട്ടെ….

വിനീത് ഇവിടെ വച്ചെല്ലാം പറയുമെന്ന പ്രതീക്ഷയിലാണ് കൃഷ്‌ണകുമാർ ഈ പരിപാടി തന്നെ പ്ലാൻ ചെയ്തത്.വിനീതിന് നിന്നും സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ കൃഷ്ണനും അതൊരു ഷോക്ക് ആയിരുന്നു കാരണം അശ്വനിയുടെ അമ്മയെ എല്ലാവർക്കും നന്നായി അറിയാമായിരുന്നു.

കൃഷ്‌ണൻ നേരെ പോയി ഭാര്യയേയും കൂട്ടി അശ്വനിയുടെ റൂമിലേക്ക് പോയി കതക് അടച്ചിരിക്കുവായിരുന്നു അവൾ കരയുകയായിരിക്കുമെന്ന് അവർക്ക് മനസ്സിലായി

അശ്വനി കതക് തുറക്ക്.. കൃഷ്‌ണന്റെ ഭാര്യ പറഞ്ഞു ..

ഇല്ല ..

കൃഷ്ണകുമാർ : ഡീ പുല്ലേ എനിക്ക് കുറച്ച കാര്യങ്ങൾ പറയാനുണ്ട് കതക് മര്യാദയ്ക്ക് തുറന്നോ അല്ലേൽ ഞാനിപ്പോ ചവിട്ടി പൊളിക്കും..

കതകിന്റെ കുറ്റി എടുക്കുന്ന ശബ്ദം കേട്ട് കൃഷ്ണകുമാറും ഭാര്യയും അകത്തേക്ക് കയറി.. ഈ സമയം ബാക്കി എല്ലാവരെയും റൂമിലാക്കിയിരുന്നു..

അശ്വനി ആകെ കരഞ്ഞിരിക്കുവായിരുന്നു..

കൃഷ്ണകുമാർ : ഞാൻ പറയാൻ പോകുന്നത് കേട്ട് വിശ്വസിക്കുന്നതും വിശ്വസിക്കാത്തതുമെല്ലാം നിന്റെ ഇഷ്ടം പക്ഷെ സത്യം ഇതാണ്.. ഇത് ഞാനറിയാൻ ഒരുപാട് വൈകിപ്പോയി അല്ലെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.

കൃഷ്ണൻ നടന്ന കാര്യമെല്ലാം അവളോട് പറഞ്ഞു..

തന്റെ അമ്മക്ക് ഇങ്ങനൊരു മുഖം ഉണ്ടായിരുന്നു എന്നത് അവളെ ഷോക്കിലാക്കി..ആദ്യമായി ഈ കാര്യം വീട്ടിലവതരിപ്പിച്ചത് അമ്മയോടാണ് അപ്പോൾ അമ്മയ്ക്ക് എതിർപ്പൊന്നുമില്ലായിരുന്നു.. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം അച്ഛനിത് തന്നോട് ചോദിച്ചപ്പോഴും വിനീതിനെ ഭീഷണിപ്പെടുത്തിയപ്പോഴുമൊന്നും അമ്മയായിരിക്കും ഇതിനു പിന്നിലെന്ന് അവൾ ചിന്തിച്ചില്ല.

അവളെ ആശ്വസിപ്പിച്ച് കൃഷ്ണനും ഭാര്യയും റൂമിൽ നിന്ന് പോയി..

ആകെ നിശബ്ദമായി അവൾ റൂം തുറന്ന് പുറത്തേക്കിറങ്ങി.. നേരെ പുറത്തേക്കിറങ്ങി ആ തണുപ്പിൽ ഒറ്റയ്ക്ക് ആകാശം നോക്കി നിൽക്കുന്ന വിനീതിനെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ചിരി വന്നു..അവളത് മറച്ചു പിടിച്ച് അവന്റെ അടുത്തേക്ക് ചെന്നു..

ഡോ … താൻ ഇപ്പോൾ സത്യം പറഞ്ഞത് നന്നായി അടുത്ത ആഴ്ച എന്റെ കല്യാണമാണ്..

വിനീതിന്റെ മുഖം പെട്ടെന്നു വാടിയത് അവൾ ശ്രദ്ധിച്ചു.

മ്മ്മ് കൺഗ്രാജുലേഷൻ .. അവൻ ചിരി വരുത്തി പറഞ്ഞു ..

താൻ ഭാര്യയെയും പിള്ളാരെയും കൂട്ടി വരണം

മ്മ്മ്മ് അവൻ തലയാട്ടി..

താൻ പോയത് നന്നായെടോ അത്കൊണ്ട് എനിക്ക് നല്ലൊരു മനുഷ്യനെ തന്നെ കിട്ടി..

അവൻ വീണ്ടും ചിരി വരുത്തി..

ഇവിടെ നിന്ന് മഞ്ഞ് കൊണ്ട് അസുഖം വരുത്തണ്ട അകത്തേക്ക് കേറി പോര്..

കൃഷ്ണൻ എവിടെ ?

അവനൊക്കെ കിടന്നു എന്തേ ?

അല്ല എന്റെ റൂം ഏതാണെന്ന് പറഞ്ഞില്ലായിരുന്നു..

ഓ .. റൂം.. അത് ഒരെണ്ണം കുറവായത് കൊണ്ട് താനെന്റെ റൂമിൽ താഴെ എങ്ങാനും കിടക്കേണ്ടി വരും..

അത് തനിക്ക് ബുദ്ധിമുട്ടാകില്ലേ ??

ആഹ് ബുദ്ധിമുട്ടാണ്.. എന്നാലും സഹിച്ചല്ലേ പറ്റൂ…

വേണ്ടെടോ ഞാനിവിടെ എങ്ങാനും കിടന്നോളാം..

ഓ.. വേണ്ട എന്നിട്ട് വേണം വൈരാഗ്യം കൊണ്ട് ഞാൻ തന്നെ പുറത്തു കിടത്തി എന്ന കേൾക്കാൻ എനിക്കൊന്നും വയ്യ സത്യം തന്റെ വായീന്ന് കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് സമാധാനമായി താനെന്നെ സ്നേഹിക്കുന്നുവെന്ന് നടിക്കുവായിരുന്നു ഇനി എനിക്കതിൽ പ്രശ്നമില്ല കാരണം എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ആളുണ്ട് താൻ വന്നു കിടക്കാൻ നോക്ക്..

വിനീത് അവളോടൊപ്പം അകത്തേക്ക് പോയി.. ഓരോ തവണ അശ്വനി വേറെ ആളുണ്ട് എന്ന പറയുമ്പോഴും വിനീതിന്റെ നെഞ്ചിൽ അത് വേദന ഉണ്ടാക്കുന്നുണ്ടായിരുന്നു..

റൂമിലെത്തി ഒരു ഷീറ്റ് എടുത്ത് അവനു താഴെ വിരിക്കാൻ കൊടുത്ത ശേഷം.. ബാത്‌റൂമിൽ കേറി ഫ്രഷ് ആയി അവൾ പുറത്തേക്ക് വന്നു. സാരി മാറ്റി ഒരു വെള്ളയും നീലയും പാവാടയും ഉടുപ്പുമായിരുന്നു അവൾ ഇട്ടിരുന്നെ..വിനീത് അറിയാതെ അവളെ നോക്കി നിന്ന് പോയി..

എന്താടോ നോക്കുന്നെ പോയി ഫ്രഷ് ആയിട്ട് കിടന്ന് ഉറങ്ങാൻ നോക്ക്..

വിനീത് ബാത്റൂമിലേക്ക് കേറിയപ്പോൾ അശ്വനി ചിരിച്ചു .. എന്നെ കൊറെ വിഷമിപ്പിച്ചതല്ലേ ദുഷ്ടാ കുറച്ച് നീയും വിഷമിക്ക്..

അവൾ ഓരോന്ന് ആലോചിച്ചു കിടന്നപ്പോഴാണ് ബാത്റൂമിലെ കതക് തുറക്കുന്ന ശബ്ദം കേട്ടത്.. അവൾക്ക് നോക്കണം എന്ന് തോന്നിയെങ്കിലും നോക്കീല്ല..

അവൻ താഴെ വന്ന കിടന്നത് അവളറിഞ്ഞു.. ലൈറ്റ് അണഞ്ഞു റൂമിലൊരു സീറോ വാട്ട് ബൾബിന്റെ വെട്ടം മാത്രം.. രണ്ടു പേരുടെയും നെഞ്ചിൽ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു..

അശ്വനി ഫോണെടുത്ത് വിളിക്കുന്നത് പോലെ അഭിനയിച്ചു..

ഹലോ ..ഞാൻ കിടന്നതേ ഉള്ളൂ..

വിനീത് അവൾ സംസാരിക്കുന്നത് ശ്രദ്ധിച്ചു..

ശോ.. ഒരു മാസം കൂടെ വെയിറ്റ് ചെയ്യ് മാഷേ..

ഇല്ലില്ല .. ഷെയ് ..

അശ്വനി ആരോടോ കൊഞ്ചിക്കുഴയുന്നത് കേട്ട വിനീതിന്റെ രക്തം തിളച്ചു . അവളവന്റെ ഭാവി വരനോടാണ് സംസാരിക്കുന്നത് അതിൽ തനിക്കെന്താ എന്നവന്റെ മനസ്സാക്ഷി ചോദിച്ചു എങ്കിലും അവനു അത് സഹിക്കാൻ പറ്റില്ല..

അശ്വനി : എന്നാൽ ഒരു കാര്യം ചെയ്യ്.. നാളെ പരിപാടി കഴിഞ്ഞ് ഞാൻ വിളിക്കാം അപ്പൊ എന്നെ വന്ന പിക്ക് ചെയ്യ് ഒരു ദിവസം ചേട്ടന്റെ ഇഷ്ടം പോലെ നമുക്ക് പോകാം പോരെ …

മ്മ്മ് ശോ എന്തൊക്കെയാ ഈ പറയുന്നേ .. നാണമില്ലേ മനുഷ്യ ഞാൻ പിന്നെ വിളിക്കാം കട്ട് ചെയ്യുവാണേ..

വിനീതിനാകെ എന്ത് പറയണമെന്നറിയാതെ അവസ്ഥ ആയി രണ്ടും കൽപ്പിച്ച് അവൻ പറഞ്ഞു..

അതേയ്… അശ്വനി..

എന്താ ?

കല്യാണം കഴിക്കാൻ പോകുന്ന ആളാർന്നോ ഫോണിൽ ?

പിന്നല്ലാതെ ഈ രാത്രി ഞാൻ ആരോട് സംസാരിക്കാൻ, താനിതെല്ലാം കേട്ട് കിടക്കുവായിരുന്നോ ??

പിന്നെ ഞാനിവിടെ കിടക്കുവാണെന്ന് നിനക്ക് അറീല്ലേ ??

നീ എന്നൊക്കെ തന്റെ കെട്ടിയോളെ വിളിച്ചാൽ മതി കേട്ടല്ലോ ഞാൻ എന്റെ ചെറുക്കനോടാ സംസാരിച്ചത് അതിനു തനിയ്ക്കെന്താ ?

ചെറുക്കൻ വല്ല മുതുക്കനുമായിരിക്കും.. അവൻ പുച്ഛത്തോടെ പറഞ്ഞു

രണ്ടാം കല്യാണം ആണെകിലും അദ്ദേഹം ഇപ്പോഴും ചുള്ളനാ.. അല്ലാണ്ട് തന്നെ പോലെ മുടി ഒന്നും പോയി തുടങ്ങീല്ല..

തനിക്ക് നല്ല ചെറുക്കൻമാരെ കിട്ടില്ലേ അശ്വനി എന്തിനാ ഒരു രണ്ടാം കെട്ടുകാരനൊക്കെ ? പിന്നെ എന്റെ മുടി പോയത് വെള്ളത്തിന്റെ പ്രശ്നം കൊണ്ടാ..

ഓ .. താൻ എന്റെ കാര്യത്തിൽ അഭിപ്രായം പറയണ്ട.. എന്തായാലും അയാൾ പ്രേമം അഭിനയിക്കില്ല..

അശ്വനി….. വിനീത് കടുപ്പിച്ചു വിളിച്ചു

എന്താ താൻ ദേഷ്യപ്പെടുന്നെ ??

അതല്ല കല്യാണത്തിന് മുന്നേ അയാളോടൊപ്പം പോകുന്നത് ശെരിയല്ല..

ഇന്ന് വരെ ഞാൻ അങ്ങനാണ് കരുതിയത് പക്ഷെ പ്രേമം നടിച്ച ഒരുത്തന്റെ കൂടെ പോയിട്ടുള്ള ഞാൻ കല്യാണം ഉറപ്പിച്ച മനുഷ്യന്റെ കൂടെ പോകുന്നതിൽ ഒരു കുഴപ്പവുമില്ല…

എന്നെ പോലാണോ അയാൾ ?

ഞാൻ ആരൂടെ പോയാൽ നിനക്കെന്താണ് ?

എനിക്കത് സഹിക്കാൻ പറ്റുന്നില്ല നീ എന്റെയാണ്… നിയന്ത്രണം തെറ്റിയ വിനീത് വിളിച്ചു പറഞ്ഞു..

റൂമിൽ ലൈറ്റ് തെളിഞ്ഞു വിനീതിന്റെ തൊട്ടു മുന്നിലായി അശ്വനി..

നീ എന്താടാ പറഞ്ഞെ തറയിൽ കിടന്ന അവന്റെ കോളറിൽ പിടിച്ച് പൊക്കി അവൾ ചോദിച്ചു..

അശ്വനി അത് …

എവിടെ നിന്റെ ഭാര്യയും കൊച്ചുങ്ങളും ??

അത്…

ടാ പട്ടീ..എന്തിനാടാ എന്നെ ഇങ്ങനെ വിഷമിപ്പിച്ചേ.. (അവളുടെ കണ്ണുകൾ നിറഞ്ഞു )

അശ്വനി എനിക്കത് പറയാൻ പറ്റില്ല..

ഞാനെല്ലാം അറിഞ്ഞെടാ എന്റെ അമ്മയെല്ലേ ..

കൃഷ്ണൻ ?? അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി..

മ്മ്മ്.. അവൻ എല്ലാം എന്നോട് പറഞ്ഞു..

രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു..

മോളെ സോറി ഡീ..

പോടാ തെണ്ടീ .. നിനക്ക് പണിഷ്മെന്റ് ഉണ്ട് ഇതിനു..

അവള് അവന്റെ മുഖമാകെ ചുംബിച്ചു..

എന്റെ അമ്മ പറഞ്ഞാൽ നീ എന്നെ ഇട്ടിട്ടു പോകുമല്ലെടാ.. അവള് അവന്റെ പുറത്തൊക്കെ ഇടിക്കാൻ തുടങ്ങി..

അയ്യോ. അച്ചു വാവേ.. നോവുന്നെടീ…

ആഹാ.. അപ്പോ നീ ഈ വിളി ഒന്നും മറന്നില്ലല്ലേ..

ഞാൻ എങ്ങനെ മറക്കാനാണ്… ഞാൻ നിന്നെ പറ്റി അന്വേഷിക്കുമായിരുന്നു.. നീ കല്യാണമൊന്നും കഴിച്ചില്ല എന്ന് കേട്ടപ്പോൾ ചെറിയ വിഷമം തോന്നി എങ്കിലും.. സത്യം പറയാല്ലോ ഉള്ളിൽ സന്തോഷം തോന്നിയാർന്നു..

ഞാൻ കണ്ടാർന്ന് കല്യാണക്കാര്യം പറഞ്ഞപ്പോ ചെക്കന്റെ മുഖം വാടിയത്..

അച്ചൂ.. ഐ ലവ് യൂ ഡീ. അവൻ അവളുടെ മുഖം പിടിച്ചു നെറ്റിയിൽ അമർത്തി ഉമ്മ വച്ചു..

നാളെ ഈ താടീം കോപ്പുമെല്ലാം വെട്ടി ഒതുക്കിക്കോളണം കേട്ടോടാ..

നീയും ഈ കണ്ണൊക്കെ എഴുതി മുടി ഒക്കെ കെട്ടി വയ്ക്കണം കേട്ടല്ലോ..

ശെരി സാറേ..

എടീ അപ്പോ ഫോണിൽ വിളിച്ചത്..

ഓഹോ.. അതെന്റെ ചെറുക്കൻ..

ആഹ് അപ്പോൾ കല്യാണം കഴിക്കുന്നുണ്ടല്ലേ.. വീണ്ടും അവന്റെ മുഖം വാടി..

പോടാ കോപ്പേ അത് ഞാൻ നിന്നെ ഒന്ന് ആക്കാൻ ചെയ്തയല്ലേ.. അതോണ്ടല്ലേ നിന്റെ ഉള്ളിലിരിപ്പ് പുറത്തു വന്നേ..തെമ്മാടി..

സോറി വാവേ.. വീണ്ടും അവന്റെ കണ്ണ് നിറഞ്ഞു..

കരയല്ലേ.. അവള് അവന്റെ കണ്ണ് തുടച്ചു..

ഇനി ആരേലും എന്തേലും പറഞ്ഞാൽ നീ എന്നെ ഇട്ടിട്ടു പോകുവോ?

ഞാൻ നിന്റെ നല്ല ജീവിതത്തിനു വിലങ്ങു തടി ആകുമെന്ന് നിന്റെ അമ്മ പറഞ്ഞപ്പോൾ..

പറഞ്ഞപ്പോ നീ എന്നെ ഇട്ടിട്ടു പോകുമല്ലേടാ.. അവള് കവിളിൽ ഒരടി അടിച്ചു..

വിനീതിന്റെ കിളി പറന്നു..

അയ്യോ .. സോറി.. അവള് തടവിയ ശേഷം കവിളിൽ അമർത്തി ചുംബിച്ചു..

രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.. അതിന് ശേഷം അതി വേഗം അവരുടെ അധരങ്ങൾ തമ്മിൽ കോർത്തു…

പിറ്റേന്ന് കതകിൽ തട്ട് കേട്ടാണ് അശ്വനി ഉണർന്നത്.. അപ്പോഴും വിനീതിന്റെ കെട്ടിപ്പിടിച്ച് താഴെ കിടക്കുവാണ്… അവള് പെട്ടെന്ന് എണീറ്റു.. വിനീതും അപ്പോഴേക്കും എണീറ്റു..

അശ്വനി കതക് തുറന്നതും.. കൃഷ്ണകുമാറും കിഷോറും ഭാര്യമാരുമായിരുന്നു..

കൃഷ്‌ണൻറെ ഉള്ളിലേക്കുള്ള എത്തിനോട്ടം കണ്ടിട്ട് അശ്വനി നാണത്തോടെ ചിരിച്ചു പോയി..

കിഷോർ : ആഹ് പഷ്ട്.. കീരിയും പാമ്പും കളിച്ചിട്ട് ഇന്നലെ ഫസ്റ്റ് നൈറ്റ് ആഘോഷിച്ച ലക്ഷണമുണ്ടല്ലോ..

വിനീത് : ശോ.. ഒന്ന് പോടാ..

കൃഷ്ണൻ : നീ ഇങ്ങ് വന്നേ..

അവൻ വിനീതിനെയും കൊണ്ടു ഒരു റൂമിലേക്ക്‌ പോയി.. പെട്ടെന്ന് പല്ല് തേച്ച് റെഡി ആവു.. പരിപാടി തുടങ്ങാൻ സമയമായി..

കൃഷ്‌ണൻ ഒരു ട്രിമ്മർ എടുത്തു കൊടുത്തു.. ആ താടി ഒക്കെ ഒന്നൊതുക്കി വൃത്തിയാക്കി പെട്ടെന്ന് ഇറങ്ങ്..

വിനീത് താടി ഒക്കെ ഒതുക്കി കുളിച്ചു റെഡി ആയി ഇറങ്ങിയപ്പോൾ അവന് തന്നെ കുറച്ച് പ്രായം കുറഞ്ഞ പോലെ തോന്നി..അവൻ ഇറങ്ങിയപ്പോൾ കിഷോർ അവിടെ ഉണ്ടായിരുന്നു..

കിഷോർ : ഡാ വേഗം ബ്രേക്ഫാസ്റ് കഴിക്ക് അവൻ അവിടിരുന്ന പ്ലേറ്റ് ചൂണ്ടി പറഞ്ഞു..

എടാ അശ്വനി..

ആഹ് അവള് കഴിച്ചോളും നീ ടെൻഷൻ അടിക്കേണ്ട..

വിനീത് വേഗം ഭക്ഷണം കഴിച്ചു അവന് പെട്ടെന്ന് അശ്വനിയെ കാണണമായിരുന്നു.. കഴിച്ചു കഴിഞ്ഞതും.. പരിചയമില്ലാത്ത ഒരാൾ റൂമിലേക്ക്‌ വന്നു അയാളുടെ കയ്യിൽ ബാഗൊക്കെ ഉണ്ടായിരുന്നു..

ആഹ് സാറെ കഴിച്ചെങ്കിൽ ഇവിടെ ഇരിക്കണം.. ഇനി സാർ കൂടിയേ ഉള്ളൂ..

എന്തിനാ?

ഒന്ന് ചെറുതായി മേക്കപ്പ് ഇടാനാ..

അയ്യേ അതൊന്നും വേണ്ടാ..

സാറെ എല്ലാര്ക്കും കൂടിയുള്ള ഫോട്ടോ ഷൂട്ട്‌ ഉണ്ട്.. അതിന് വേണ്ടിയാ.. കിഷോർ സാർ പറഞ്ഞതാ..

എന്നാൽ ശെരി..പെട്ടെന്ന് വേണം കേട്ടൊ

വിനീത് അവിടെ ഇരുന്നു..

അയാൾ വളരെ വേഗം പണി തീർത്തു.. അവനായിട്ടുള്ള ഡ്രസ്സ്‌ കൊടുത്തു..

ഡ്രെസ്സൊന്നും എനിക്ക്‌ വേണ്ടാ എന്റെൽ ഉണ്ട്..

ഡ്രസ്സ്‌ കോഡ് ആണ് സാറെ എല്ലാരും ഇതാണ്..

ഓഹ് ശെരി.. പൊയ്ക്കോളൂ..

വിനീത് ഡ്രസ്സ്‌ നോക്കി മുണ്ടും ഷർട്ടും ശോ ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു.. ഇതെന്തോന്ന് വെള്ളയും വെള്ളയും.. ആഹ് ന്തേലും ആവട്ടെ..

വിനീത് പെട്ടെന്ന് ഡ്രസ്സ്‌ ഇട്ട് പുറത്തേക്കിറങ്ങാൻ പോയതും കിഷോറും കൃഷ്ണനും കൂടെ വന്നു.. അവരൊക്കെ നീല കുർത്ത ആയിരുന്നു..

ഇതെന്താടാ നീയൊക്കെ വേറെ കളർ..

നീ ഇങ്ങോട്ട് വാ.. അവരവനെ ഒരു ഹാളിലേക്ക് കൊണ്ടു പോയി.. പൂർണ്ണമായി അലങ്കരിച്ചിരുന്ന ഹാളിലെ ബോർഡിൽ അവന്റെ കണ്ണുടക്കി..

വിനീത് Weds അശ്വനി.

അവൻ അവരെ ഒന്ന് നോക്കി.. കല്യാണ മണ്ഡപം.. അവരവനെ അവിടേക്ക് ഇരുത്തി.. കൂട്ടുകാരും ഫാമിലികളും അവിടെയുണ്ട്.. ഇടത്തേക്ക് നോക്കിയ അവൻ കാണുന്നത് ചുവന്ന സാരിയിൽ അതീവ സുന്ദരിയായി കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി വരുന്ന തന്റെ അച്ചു..

അവന് ചിരിക്കണോ കരയണോ എന്നറിയാൻ പറ്റാത്ത അവസ്ഥ.. അവൻ നന്ദിയോടെ കൃഷ്ണനെ ഒന്ന് നോക്കി പോയി.. അശ്വനി അടുത്തു വന്നിരുന്നപ്പോൾ സ്വപ്നമാണോ എന്നവൻ ചിന്തിച്ചു പോയി..

കെട്ടി മേളം മുഴങ്ങി അവന്റെ കൈകൾ അവളുടെ കഴുത്തിലേക്ക് മിന്നു ചാർത്തി.. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ..

രചന: ശരത് എസ് കുമാർ

Leave a Reply

Your email address will not be published. Required fields are marked *