കലാലയ ജീവിതത്തില്‍ കണ്ടുമുട്ടിയ സൗഹൃദങ്ങള്‍ക്കപ്പുറം മനസില്‍ പതിഞ്ഞു പോയൊരു രൂപമായിരുന്നു അവളുടേത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ബിജു പൂവത്തിങ്കല്‍

രാവിലെതന്നെ നിര്‍ത്താതെ ഫോണ്‍ ശബ്ദിക്കുന്നതുകേട്ടാണ് മിഴികള്‍ തുറന്നത്. ഡിസ്പ്ലേയില്‍ തെളിഞ്ഞത് പരിചിതമല്ലാത്ത നമ്പറായിരുന്നിട്ടുകൂടി ഫോണ്‍ ചെവിയോടുചേര്‍ത്തു. മറുതലക്കല്‍ നിന്നും കാതിലേക്കെത്തിയത് ഒരു പെണ്ണിന്റെ സ്വരമായിരുന്നു. ”ഹലോ ഇത് നന്ദനല്ലെ ?” ”അതെ ഇതാരാണ് സംസാരിക്കുന്നത് ?” ”ഞാന്‍ ലിഷിതയാണ് ”

”താനായിരുന്നോ ?ഞാന്‍ കരുതി മറ്റാരോ ആണെന്ന് ” ”നന്ദനിപ്പോഴും വെറുപ്പാണോ എന്നോട് ?” ”എന്തിന് തന്നെയെന്നല്ല ആരേയും വെറുക്കുവാന്‍ സാധിക്കില്ലെനിക്ക് ” ” ഒന്നു കാണണമെന്നുണ്ട് നിന്നെ .തിരക്കില്ലെങ്കില്‍ പത്തുമണിയാകുമ്പോള്‍ പഴയ പാര്‍ക്കില്‍ വരാമോ ?” അവളോട് ഓകെ പറഞ്ഞ് ഫോണ്‍ വയ്ക്കുമ്പോള്‍ മനസിലെന്തായിരുന്നുവെന്നറിയില്ല. പൊടുന്നനെ തന്നെ കുളിച്ചു വസ്ത്രവും മാറി എട്ടുമണിക്കുതന്നെ പഴയ പാര്‍ക്കിലേക്ക് യാത്രതിരിച്ചു. വീട്ടില്‍ നിന്നും ഒന്നരമണിക്കൂര്‍ നേരത്തെ യാത്രയുണ്ട് അങ്ങോട്ട്. കോളേജിനടുത്തുള്ള ചെറിയൊരു കുന്നിന്‍ പ്രദേശം .കോളേജുകുട്ടികള്‍ വിളിക്കുന്ന പേരാണ് പഴയപാര്‍ക്കെന്നത്.

തന്റെ പ്രിയപ്പെട്ട ബുള്ളറ്റില്‍ യാത്ര തിരിക്കുമ്പോള്‍ മനസ് പിന്നോട്ടു സഞ്ചരിക്കുകയായിരുന്നു കലാലയ ജീവിതത്തില്‍ കണ്ടുമുട്ടിയ സൗഹൃദങ്ങള്‍ക്കപ്പുറം മനസില്‍ പതിഞ്ഞു പോയൊരു രൂപമായിരുന്നു അവളുടേത്. ആരേയും കൂസാത്ത പ്രകൃതക്കാരി. പൂവാലശല്ങ്ങള്‍ക്ക് ചുട്ട മറുപടി നല്കുന്ന പ്രകൃതം. അങ്ങനെയുള്ള അവളോട് തനിക്ക് തോന്നിയത് സൗഹൃദത്തിനപ്പുറം പ്രണയമായിരുന്നോ എന്നറിയില്ല . സൗഹൃദത്തിനപ്പുറം പലതും തുറന്നു സംസാരിക്കുന്ന അവളെ ഏറെ ഇഷ്ടപ്പെട്ടുപോയി. പക്ഷെ മനസില്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം തകര്‍ന്നടിഞ്ഞത് ആ ദിവസമായിരുന്നു. കോളേജ് ലൈബ്രറിയില്‍ ഒരു പുസ്തകം റഫര്‍ ചെയ്യുകയായിരുന്ന തനിക്കടുത്തേക്കവള്‍ വന്നത് വിചിത്രമായൊരാവശ്യവുമായി ആയിരുന്നു.

അവള്‍ക്കുവേണ്ടത് താനുമായി ശാരീരികബന്ധമായിരുന്നു. അവളുടെ ആവശ്യത്തെ നിരാകരിച്ച തന്നെയവള്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോഴെല്ലാം വശീകരണത്തിന്റെ തന്ത്രങ്ങളുമായി വന്ന അവളുടെ കരണത്ത് തന്റെ കൈപതിഞ്ഞു. മുഖമമര്‍ത്തി കരയുന്ന അവളെ ഗൗനിക്കാതെ താന്‍ ലൈബ്രറി റൂമില്‍ നിന്നും പുറത്തേക്കു നടന്നു.

താനവളെ ആക്രമിക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞ് പ്രിന്‍സിപ്പളിനവള്‍ പരാതി നല്കി. അതിന്റെ പേരില്‍ കോളേജില്‍ നിന്നുതന്നെ പുറത്താക്കുമ്പോഴും താന്‍ പറയുന്നത് കേള്‍ക്കാന്‍ മാത്രം ആരുമുണ്ടായിരുന്നില്ല. ഓര്‍മ്മകള്‍ അത്രത്താളമെത്തിയപ്പോഴേ പഴയപാര്‍ക്കിലെത്തിയിരുന്നു താന്‍. അവിടെ അല്പസമയം കൂടി കാത്തിരുന്നപ്പോള്‍ കണ്ടു തനിക്കരികിലേക്കു വരുന്ന ആ സ്ത്രീ രൂപത്തെ. അതു പഴയ ലിഷിതയാണെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നി. ആകെ മാറിയിരിക്കുന്നു അവള്‍. തന്നെ കണ്ടതുകൊണ്ടാകണം ആ ചുണ്ടുകളില്‍ നേര്‍ത്തൊരു പുഞ്ചിരി വിരിഞ്ഞു. ചുണ്ടുകള്‍ വിറയാര്‍ന്നതുപോലെ വാക്കുകള്‍ മെല്ലെ പുറത്തേക്കെത്തി

”നന്ദന്‍ എന്നെക്കാണാന്‍ വന്നതിനു നന്ദി . മരിക്കുന്നതിനുമുന്‍പൊന്നു കാണണമെന്നും മാപ്പുപറയണമെന്നുമുണ്ടായിരുന്നു എനിക്ക് ” ”ലിഷിത താനെന്താ ഈ പറയുന്നത് ?” ”ഞാന്‍ മൂലം നന്ദന് നഷ്ടമായത് ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളല്ലെ ?ഒരിക്കലും ഞാനതു ചെയ്യരുതായിരുന്നു അല്ലെ ?” ”ഞാനതൊക്കെ മറന്നതാണ് .ഒരുപക്ഷെ എന്നെയും കാത്തിരുന്ന നല്ലൊരു ജീവിതത്തിന് നിമിത്തമായതുമാവാം ”

അവളുടെ ചുണ്ടുകളില്‍ വരണ്ടൊരു ചിരി വിരിഞ്ഞു .പിന്നെയവള്‍ മെല്ലെ പറഞ്ഞു ”അന്നുഞാന്‍ ചെയ്തതിന് ദൈവം തന്ന ശിക്ഷയാവും എന്റെ ജീവിതം. നന്ദനറിയോ ഏതുനിമിഷവും മരിക്കാവുന്നൊരു രോഗിയാണ് ഞാനിന്ന് .തലച്ചോറിനെ കാര്‍ന്നുതിന്നുന്ന മാരകമായ രോഗം. ഇനിയെനിക്കു മരിക്കാം സന്തോഷമായി. ”

അതു പറഞ്ഞതിനുശേഷം തേങ്ങലടക്കാന്‍ പാടുപെടുന്ന അവളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയില്ലായിരുന്നു .അവളെയും ചേര്‍ത്തുപിടിച്ച്കുന്നിറങ്ങുമ്പോള്‍ അവളുടെ ദീര്‍ഘായുസിനുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു തന്റെ മനസപ്പോഴും.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ..

രചന: ബിജു പൂവത്തിങ്കല്‍

Leave a Reply

Your email address will not be published. Required fields are marked *