പരിചയപ്പെട്ടു പലപ്പോഴും കണ്ടു പ്രേമിച്ചു നടക്കാനൊന്നും മിനക്കെട്ടില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Abdulla Melethil

“നേരം പുലർന്നു വരുന്നെയുള്ളൂ പുതു പുലരി ജാലക വാതിലൂടെ മുഖത്തെ പതിയെ തഴുകിയപ്പോൾ രവി പതിയെ കണ്ണ് തുറന്നു.. തന്റെ നെഞ്ചിൽ കൈ വെച്ച് അഭി മോൻ ഉറങ്ങുന്നുണ്ട്..

‘ദേവു അടുക്കളയിൽ കയറിയിട്ടുണ്ടാകും കിടക്കയുടെ ഒരു ഭാഗം ശൂന്യമാണ് .. രവിക്ക് ഒരുത്സാഹവും തോന്നിയില്ല അവിടെ തന്നെ കിടന്നു..

‘ധൃതിയിൽ എണീറ്റിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.. അറിയാവുന്ന ഒരു തൊഴിൽ വരയാണ്.. ചുമരെഴുത്ത് വരണമെങ്കിൽ തെരെഞ്ഞെടുപ്പ് വരണം അപ്പൊ പോസ്റ്റ് എഴുതാനും ഉണ്ടാകും രണ്ട് വർഷം മുമ്പ് വരെ വാഹനങ്ങളുടെ നമ്പർ പ്ലെയ്റ്റ് എഴുതാനുണ്ടായിരുന്നു ഇപ്പോൾ അതും കുറഞ്ഞു പണ്ടൊക്കെ അർട്ടിസ്റ്റ് എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരു തരം ആരാധന ആയിരുന്നു… കൈ വിരലിൽ ബ്രഷ് പിടിച്ചു ചായത്തിൽ തീർക്കുന്ന അക്ഷരങ്ങളും ചിത്രങ്ങളും കണ്ടു നിൽക്കുന്നവരുടെ മുഖങ്ങളിൽ അത്ഭുതം നിറക്കുമായിരുന്നു..

‘സ്കൂളിൽ പോകുന്ന കുട്ടികൾ താൻ വരക്കുന്ന ജ്വല്ലറി പരസ്യത്തിലെ നായികയെ ഒരു പക്ഷേ സ്കൂളിൽ കൂടി പോകാതെ വര കഴിയുന്നത് വരെ നോക്കി നിൽക്കും…

‘അന്നതൊരു കാലം.. ഇന്നിപ്പോൾ ഏതക്ഷരങ്ങളും നമ്പറുകളും കമ്പ്യൂട്ടറിൽ വിരിയിക്കാം…

‘സ്വന്തമായി അങ്ങനെ ഒന്ന് തുടങ്ങാൻ കഴിഞ്ഞില്ല എങ്കിലും എന്തെങ്കിലും വർക്ക് ഉണ്ടെങ്കിൽ അവർ വിളിക്കും..

‘അതിനിടയിൽ അഭി ഒന്ന് ചിണുങ്ങി.. അമ്മ അടുത്തില്ല എന്ന് ഇപ്പോഴാകും അറിഞ്ഞിട്ടുണ്ടാകുക ..

‘മോൻ കരച്ചിൽ നിർത്തിയില്ല ദേവു വന്ന് അമ്മ തൻ അമൃത് വർഷം അവന്റെ വായിൽ പകരുന്നത് വരെ..

‘രവി ദേവുവിനെ നോക്കി കണ്ണ് തുറന്ന് കിടന്നു.. അവൾ തന്റെ മാ റ് മറച്ചു പിടിച്ചു രവിയെ നോക്കി ചിരിച്ചു കൊണ്ട് മകനെ ഊട്ടി.. അവൾ രാവിലെ തന്നെ കുളിച്ചു മുടി ഉണങ്ങാൻ പരത്തി ഇട്ടിരിക്കുന്നു.. മുടി തുമ്പിലെ ഈറൻ അവളുടെ പിൻ ഭാഗങ്ങളിൽ നനവ് പടർത്തിയിട്ടുണ്ട്..

‘രവി എണീറ്റ് ചായ കുടിച്ചു ഉമ്മറ തിണ്ണയിൽ ചെന്നിരുന്നു..

‘കുറച്ചു കഴിഞ്ഞപ്പോൾ ‘അമ്മ മോനെയും എടുത്ത് ഉമ്മറത്ത് വന്നിരുന്നു… ഇനി ദേവുവിന്റെ പണി കഴിയുന്നത് വരെ മോനെ നോക്കൽ അമ്മയുടെ ഡ്യൂട്ടിയാണ്..

‘ഏട്ടന്മാരൊക്കെ അടുത്തടുത്ത് തന്നെ വീടുകൾ കയറ്റി താമസിക്കുന്നുണ്ട് കുലയിലെ കുറച്ചു പേട് എന്ന് പറയാവുന്നത് താൻ തന്നെയാണ് അത് കൊണ്ടാകും തറവാട് തനിക്ക് തന്നത്.. മണ്ണിനോട് പട വെട്ടിയാണ് അച്ഛൻ മക്കളെ വളർത്തി വലുതാക്കിയത് അത്രയധികം കഷ്ടപ്പെട്ടിട്ടുണ്ട് എന്നിട്ടും മക്കൾ നല്ല നിലയിൽ ആയപ്പോൾ അത് കാണാനും കൊച്ചു മക്കളുടെ കളിചിരിയും കൊഞ്ചലും കേൾക്കാനും യോഗം ഉണ്ടായില്ല …

‘രവി നീ എത്രാമത്തെ ബീഡിയാണ് നേരം വെളുത്ത് ഈ നേരം ആകുമ്പോഴേക്കും വലിച്ചു വിട്ടത്.. അമ്മ രവിയെ ശകാരിച്ചു..

‘രവി വലിച്ചിരുന്ന ബീഡി ഒന്ന് കൂടി ആഞ്ഞു വലിച്ചു മുറ്റത്തേക്ക് എറിഞ്ഞു..

‘പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് വലി തുടങ്ങിയത്.. പിന്നെ ഉപേക്ഷിച്ചിട്ടില്ല പലതും വലിച്ചിട്ടുണ്ട് നീല ചടയൻ വരെ .. എല്ലാം ഉപേക്ഷിച്ചു കാലം വരച്ച ചില കറുത്ത വരകളിൽ മായാതെ നിൽക്കുന്നത് ഈ ബീഡി മാത്രം .. വിട്ടു പോകുന്നില്ല ഈ പുക വലയം തന്നെ വിട്ട്..

‘അപ്പോഴാണ് ആരോ ഒരാൾ ഏട്ടന്റെ വീട്ടിലേക്ക് കയറുന്നത് കണ്ടത്..

‘വടക്കേലെ ബാബു അല്ലെ അത്.. ‘അമ്മ സംശയം പറഞ്ഞു..

‘അതെ ബാബു തന്നെ.. രവി പറഞ്ഞു..

‘തന്റെ കൂടെ പഠിച്ചവനാണ് വളർന്നവനാണ് ജീവിതത്തിൽ പക്ഷേ തോറ്റില്ല അത് കൊണ്ട് ജയിച്ചവരുടെ കൂടെയാണ് സഹവാസവും..

‘അല്ലെങ്കിലും കൂടെ പിറന്നവർക്കില്ലാത്ത കരുതൽ എന്തിനാ കൂടെ പഠിച്ചവർക്ക്…

‘ഞാൻ വീടും ഈ ഏഴ് സെന്റ് സ്ഥലവും രവിയുടെ പേരിൽ കൊടുക്കാണ്… നിങ്ങളൊക്കെ ഒരു നിലയിൽ ആയില്ലേ.. എന്ന് ‘അമ്മ പറഞ്ഞപ്പോൾ രണ്ട് ഏട്ടന്മാരും സമ്മതിച്ചില്ല.. പക്ഷേ ‘അമ്മ അത് എന്റെ പേരിൽ എഴുതിച്ചു അന്ന് തെറ്റിയതാ ഏട്ടന്മാർ..

‘അതിനിടയിൽ ദേവു ഉമ്മറത്തേക്ക് വന്നിരുന്നു..

”അമ്മ കേൾക്കാതെ കറി വെക്കാൻ എന്തെങ്കിലും കിട്ടുവോ ഏട്ടാ എന്ന് ചോദിക്കാൻ ആണ് അവൾ വന്നിരിക്കുന്നത്…

‘അമ്മ കേട്ടാൽ പോലും തന്റെ ഏട്ടന് വിഷമം ആകരുത് എന്നവൾക്ക് നിർബന്ധമുണ്ടാകും അത്രക്ക് വലുതാണ് അവൾക്ക് തനിക്കു താൻ പോലും കല്പിച്ചിട്ടില്ലാത്ത തന്റെ അഭിമാനം…

‘ഇപ്പോൾ നോക്കിയാൽ അറിയാം അവൾ തന്റെ മുഖത്തേക്ക് തന്നെയാകും നോക്കിയിരിക്കുക..

‘ഇനി ഒരനുകൂല മറുപടി അല്ല കിട്ടുന്നതെങ്കിൽ അവൾ വല്ല ഓമകായയോ മുരിങ്ങ ഇലയോ കറി വെച്ചോളും..

‘അന്നും രവി നിസ്സഹനായിരുന്നു .. കൈയ്യിൽ കാശില്ല.. ദേവു പതിയെ അടുക്കളയിലേക്ക് പോയി.. അപ്പോൾ രവിയുടെ കണ്ണുകൾ അവൾ ഉടുത്തിരുന്ന വസ്ത്രങ്ങളിൽ ഉടക്കി..

‘നിറം മങ്ങി പിഞ്ഞി പോയിരിക്കുന്നു..

‘രവി അമ്മയുടെ ചീത്തയെ വക വെക്കാതെ അടുത്ത ബീഡിക്ക് തിരി കൊളുത്തി..

‘വർഷങ്ങള്ക്ക് മുമ്പ് ഒരു ബസ് യാത്രയിൽ വെച്ചാണ് ദേവുവിനെ കാണുന്നത്..

‘കണ്ടക്ട്ടർ മുന്നിലേക്ക് ഉന്തി ഉന്തി അവസാനം പെണ്ണുങ്ങൾ നിൽക്കുന്നതിന്റെ തൊട്ടു പുറകിൽ എത്തി.. താനന്നു ബ്രഷ് അടങ്ങിയ ഒരു സഞ്ചിയും പിടിച്ചു ഏതോ ചിന്തയിൽ ആണ്ടു നിൽക്കുകയായിരുന്നു.. ചിന്തകൾക്ക് ഇന്നും കുറവൊന്നുമില്ല ചിന്തകളൊക്കെ എന്നും കാട് കയറി പോകുന്നു നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി കയറ്റുന്ന പോലെ മുകളിലെത്തിയാൽ താഴേക്കു ഉരുണ്ട് വീഴുന്നു എല്ലാ ചിന്തകളെയും അപ്രസക്തമാക്കി കൊണ്ട്..

‘അതിനിടയിൽ ഡ്രൈവറുടെ അതി സാഹസികമായ ഒരു വളവു തിരിക്കലിൽ രവി എവിടെയൊക്കെയോ ചെന്നിടിച്ചു നൂലില്ലാത്ത പട്ടം പോലെ അവസാനം ഇടിച്ചു നിന്നത് ഒരു പെൺ കുട്ടിയുടെ ശരീരത്തും…

‘എന്താ മാഷേ എവിടെയെങ്കിലും ഒക്കെ പിടിച്ചു നിൽക്കൂ .. എന്ന് പറഞ്ഞു കൊണ്ട് അവൾ ഒന്ന് ചിരിച്ചു..

‘ഭാഗ്യം വേറെ വല്ല പെൺകുട്ടികളുമായിരുന്നെങ്കിൽ മുഖത്ത് അടിച്ചേനെ..

‘അന്ന് വൈകീട്ട് ജോലി കഴിഞ്ഞു വരുമ്പോൾ അവളെ വീണ്ടും കണ്ടു ടൗണിലെ പുസ്തക സ്റ്റാളിൽ വെച്ച്.. അവൾ അവിടെയായിരുന്നു ജോലി ചെയ്യുന്നത്..

‘പരിചയപ്പെട്ടു പലപ്പോഴും കണ്ടു പ്രേമിച്ചു നടക്കാനൊന്നും മിനക്കെട്ടില്ല തുറന്നു പറഞ്ഞു അവൾക്കും ഇഷ്ടായി തന്റെ ഒപ്പം കൂട്ടി.. ദേവിക എല്ലാവരുടെയും ദേവു ആയി… ഏത് മണ്ണിലും വളരുന്ന ചെടി ആയിരുന്നു ദേവു.. ഒന്നിനും പരാതിയില്ലാതെ അവൾ ഈ വീടിന്റെയും തന്റെയും ഭാഗമായി നിൽക്കുന്നു…

‘അവൾ എപ്പോഴും പറയുന്ന ഒരു വാക്കേ ഉള്ളൂ.. നമ്മുടെ മോനെ നമുക്ക് നല്ലോണം പഠിപ്പിക്കണം നല്ല നിലയിൽ എത്തിക്കണം.. എന്ന്..

‘ഏതൊരു അച്ഛന്റെയും മനസ്സിൽ അത്തരം ആഗ്രഹങ്ങൾ ഉണ്ടാകും..

‘തനിക്ക് നേടാൻ കഴിയാത്തത് എത്താൻ കഴിയാത്തിടങ്ങളിൽ തന്റെ മക്കൾ എത്തണം എന്ന്.. അത് കണ്ട് സായൂജ്യം അടയണം എന്ന്.. തന്റെ അച്ഛനും അങ്ങനെ സ്വപ്നങ്ങൾ കണ്ടിരിക്കാം.. സ്വപ്‌നങ്ങൾ എല്ലാം സ്വപ്നങ്ങൾ മാത്രമാകുമ്പോഴും എല്ലാവരും വീണ്ടും കാണുന്നു ഒരു നല്ല നാളെയുടെ നിറമുള്ള സ്വപ്‌നങ്ങൾ..

‘രവി അടുക്കളയിലേക്ക് ചെന്നു.. ദേവു എന്തൊക്കെയോ വേവിക്കുന്നുണ്ട്.. രവി കുഞ്ഞിനെ അവളുടെ കൈയ്യിൽ നിന്ന് വാങ്ങി.. വാങ്ങുമ്പോൾ അവളെ ഒന്ന് ചേർത്ത് പിടിക്കാനും മറന്നില്ല..

‘രവി മകനെയും കൊണ്ട് പുറത്തേക്ക് നടന്നു.. ഏട്ടന്റെ വീടിന്റെ അടുത്തു കൂടെ പോകുമ്പോൾ കണ്ടു.. അവരുടെ കുട്ടികൾ ഒരു പാട് കളികൂമ്പാരങ്ങൾക്കിടയിൽ ഇരുന്നു കളിക്കുന്നത്…

‘മീൻ കാരനോട് എന്നും ഒരു തരം മീൻ തന്നെ കൊണ്ട് വരുന്നതിനു തർക്കിക്കുന്ന ഏട്ടത്തിയമ്മയെ..

‘രവി തന്റെ കുഞ്ഞിനെ ഒന്ന് കൂടി നെഞ്ചോടു ചേർത്തു പിടിച്ചു നടന്നു.. തന്റെ വിധിയെ തന്റെ മകന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ചു കൊണ്ട്…

‘കുരിശിലേറ്റ പെട്ടവനെ പോലെ എല്ലാ നൊമ്പരങ്ങളെയും നെഞ്ചിലേറ്റി അങ്ങനെ നടന്നു… ലൈക്ക് കമന്റ് ചെയ്യണേ…

രചന: Abdulla Melethil

Leave a Reply

Your email address will not be published. Required fields are marked *