നാളെയാണ് ചെക്കന്റെ വീട്ടുകാര് പെണ്ണുകാണാൻ വരുന്നത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ജാസ്മിൻ

”ഡാ…നീ എന്തേലും ഒന്നു വേഗം പ്ലാൻ ചെയ്യ്…ടെെമില്ല”

”ഒന്നു മിണ്ടിതിരിക്കെടി കോപ്പേ… ഞാനൊന്നാലോചിക്കട്ടേ..”

”ആലോചിച്ചോ…ആലോചിച്ചോ… ആലോചിച്ചിട്ട് എന്നത്തേയും പോലെ ചെക്കന് നീളമില്ല , കറുത്തിട്ടാണ്,പഠിപ്പില്ല, കളറു കൂടുതലാണ്, വണ്ണം കൂടുതലാണ്, കോങ്കണ്ണുണ്ട് എന്നൊന്നും പറഞ്ഞാൽ ഏൽക്കൂല്ല മോനേ… ചെക്കൻ ഉപ്പച്ചീടെ ഫ്രണ്ടിന്റെ മോനാണ്… രണ്ടുവീട്ടുകാർക്കും പരസ്പരം അറിയാവുന്നതും ആണ്.. പോരാത്തീന് ചെക്കനാണേൽ മുടിഞ്ഞ ഗ്ലാമറും…”

അതൊന്ന് പറഞ്ഞപ്പോൾ അവന്റെ മുഖം ഒന്നു വാടിയോന്നൊരു സംശയം…

”അത്രക്ക് ഗ്ലാമറാണേൽ നീ പോയി ഓനെത്തന്നെ കെട്ടിക്കോ..”

”ഓനെക്കെട്ടാനാണേൽ നിന്റെ അടുത്തുവന്ന് കല്യാണം മുടക്കാൻ എന്തേലും ഏർപാടുണ്ടോന്ന് ചോദിക്കണ്ട ആവശ്യമില്ലല്ലോ… നീ തമാശ കളയ്… നാളെയാണ് ചെക്കന്റെ വീട്ടുകാര് പെണ്ണുകാണാൻ വരുന്നത്….എന്തേലും ചെയ്തില്ലേൽ കെെവിട്ടു പോവും.”

”എടീ… നിനക്കു പഠിക്കണം ഇപ്പൊ കല്യാണം വേണ്ടാന്ന് പറഞ്ഞൂടെ നിന്റെ ഉപ്പച്ചിയോട്..”

”ഏയ്…അതൊന്നും ഏൽക്കൂല്ല.. കാരണം ചെക്കൻ ഒരു MBA കാരനാണ്… അതോണ്ട് കല്യാണം കഴിഞ്ഞാലും പഠിക്കാൻ സമ്മതിക്കും..”

”എന്നാ ഒരു വഴിയേ ഉള്ളൂ.. നീ നിന്റെ ഉപ്പച്ചിയോട് നമ്മുടെ കാര്യം പറഞ്ഞു നോക്ക്…”

”ഒന്നു പോടാ… എനിക്ക് പേടിയാ… സംഭവം ഉപ്പ നല്ല കൂട്ടുകാരനൊക്കെ ആണേലും ഇക്കാര്യം പറയാൻ നിക്ക് വയ്യ… ചിലപ്പോ ഇങ്ങനൊരു റിലേഷൻ ഉപ്പച്ചി അറിഞ്ഞാൽ എന്നെ വേഗം പിടിച്ച് കെട്ടിച്ചു വിടും…”

”ഡീ.. നീ ഇപ്പൊ വീട്ടിലേക്ക് പോ… ഞാൻ രാത്രി മെസ്സേജ് അയക്കാം…”

അന്നു അവനോട് യാത്ര പറഞ്ഞു പോരുമ്പോൾ പതിവില്ലാത്തൊരു സങ്കടം ഫീൽ ചെയ്തു. അന്നു രാത്രി ആവാൻ ഞാൻ കാത്തിരുന്നു.. അവന്റെ മെസ്സേജിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് അനിയത്തീടെ വക ഒരു വളിഞ്ഞ കമന്റ്.. ”എന്താണ് താത്തപ്പെണ്ണേ… നിന്റെ മുഖത്തൊരു മ്ലാനത….”

”ഒന്നു പോടീ…” ”ആ… ഞാൻ പൊക്കോളാം.. നാളത്തെ പെണ്ണുകാണൽ എങ്ങനെ മുടക്കാന്ന് പ്ലാൻ ചെയ്യാവും… ഞാൻ പറഞ്ഞു കൊടുക്കും ഉപ്പച്ചിയോട്…”’

ന്റെ റബ്ബേ… അതെങ്ങനെ ഇവൾക്ക് മനസ്സിലായി… വല്ല അകക്കണ്ണും ഉണ്ടോ ഈ പൊട്ടിക്കാളിക്ക് എന്നു പിറുപിറുത്ത് വീണ്ടും ഫോണിലേക്ക് നോക്കി..

സംഭവം അവളെന്റെ അനിയത്തി ആണേലും എന്റെ മേലുള്ള ഭരണം കണ്ടാൽ എന്റെ വാപ്പയാന്ന് തോന്നും..

കാത്തിരിപ്പിനൊടുവിൽ ഫോണിൽ അവന്റെ നീണ്ട ഒരു സന്ദേഷം വന്നു..

അതൊക്കെ മനസ്സിൽ കണക്കുകൂട്ടി കിടന്നു എപ്പൊഴോ ഉറങ്ങിപ്പോയി…

അവന്റെ പ്ലാനിങ്ങ് പ്രകാരം രാവിലെ ആറു മണിക്ക് ഞാനുണർന്നെങ്കിലും എട്ടുമണി ആയിട്ടും റൂമീന്ന് പുറത്തിറങ്ങീല്ല.. ഉമ്മി വന്ന് വാതിലിൽ ഒടുക്കത്തെ മുട്ട് കേട്ടപ്പോൾ വാതിൽ പൊളിയേണ്ടല്ലോന്നോർത്ത് തുറന്നു.. ഉമ്മീടെ ആ നോട്ടം കണ്ടപ്പോത്തന്നെ ന്റെ പകുതി ധെെര്യം ചോർന്ന് പോയി… പിന്നെ ഉമ്മീടെ ഭാഷയിൽ നാലു ഡയലോഗാണ്… ന്റെ റബ്ബേ… കേട്ടു നിന്ന എന്നെ സമ്മതിക്കണം…

അവരൊക്കെ വരുന്നുണ്ടെന്നും വേഗം റെഡിയിയി നിക്കാനും പറഞ്ഞ് ഉമ്മി പോയി.. കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടപ്പോ അവരു വന്നു എന്നും പറഞ്ഞ് ഉമ്മി വീണ്ടും വന്നു…

”നീ ഇതുവരെ കുളിച്ചില്ലേ… എന്തു കോലമാടി ഇത്…”

”എനിക്ക് നല്ല തലവേദന… കുളിക്കാനൊന്നും നിക്ക് വയ്യ.. ഈ കോലത്തില് കണ്ടിട്ട് ഇഷ്ടാവാണേൽ മതി…” കുറച്ചു ഗൗരവത്തിൽ തന്നെ അത്രേം പറഞ്ഞൊപ്പിച്ചപ്പോൾ ഒരു ആശ്വാസം.. ”ന്റെ താത്തപ്പെണ്ണേ… ഇന്നെങ്കിലും ഒന്നു കുളിച്ചൂടെ നിനക്ക്… നാറീട്ട് വയ്യ…” അടുത്ത കുരിശ്… ഉമ്മി കാണാതെ അവളുടെ കാലിലൊന്നമർത്തിച്ചവിട്ടിയപ്പോൾ അവളൊന്ന് ചിണുങ്ങി… അങ്ങനെ ആ കോലത്തിൽ തന്നെ ഞാൻ വന്ന ആൾക്കാർക്ക് ചായ കൊണ്ടുപോയിക്കൊടുത്തപ്പോൾ ഉപ്പച്ചി എന്നെ വല്ലാത്തൊരു നോട്ടം നോക്കി.. അവിടെ നിന്നും രക്ഷപ്പെട്ടപ്പോൾ ഉമ്മീടെ വക എന്നെ ന്യായീകരിച്ച് അവരോട് ഒരു ഡയലോഗും കാച്ചി…. ” ഓൾക്ക് നല്ല തലവേദനയായതോണ്ട് ഇപ്പൊ എണീറ്റെ ഉള്ളു..” പെണ്ണുകാണാൻ വന്ന ആൾക്കാരൊക്കെ എന്നെ മുന്നെ കണ്ടതാണ്.. അതിലെ ഒരാൾ പറയേം ചെയ്തു ” അതൊന്നും സാരല്ല… ഞങ്ങൾ കാണാത്തതും അറിയാത്തതും അല്ലല്ലോ അവളെ…”

അതു കേട്ടപ്പോൾ ഒരു കാര്യം നിക്ക് ഉറപ്പായി… ഏത് കോലത്തില് പോയാലും ഈ കല്യാണം നടക്കുമെന്ന്..

പിന്നെ അവടെ നിന്നില്ല… നേരെ റൂമിൽ പോയി കിടന്നു.. കൂടെ അനിയത്തിയും വന്നു… അവൾക്കു കുറച്ചൊക്കെ എന്റെ പ്രണയത്തെക്കുറിച്ച് അറിയും.. അവളെന്നോട് പറഞ്ഞു ഉപ്പച്ചിയോട് എല്ലാം തുറന്നു പറയാനും അവളും സപ്പോർട്ട് ചെയ്യാമെന്നും.. അങ്ങനെ രണ്ടും കൽപിച്ച് ഇന്നുതന്നെ എല്ലാം പറയണം എന്നു മനസ്സിലുറപ്പിച്ചു.. എല്ലാം ഒന്നു ശാന്തമായപ്പോൾ ഉപ്പാന്റെ അടുത്തേക്ക് അവള് തന്നെ കൂട്ടിക്കൊണ്ടുപോയി… ഉപ്പച്ചി സിറ്റൗട്ടിലിരുന്നു പേപ്പർ വായിക്കായിരുന്നു.. അങ്ങനെ അനിയത്തി തന്നെ തുടങ്ങിവെച്ചു.. ”ഉപ്പച്ചീ … താത്തപ്പെണ്ണിന് ഈ കല്യാണം വേണ്ടത്രേ..” ഉപ്പച്ചി പേപ്പറൊക്കെ താഴെ വെച്ച് എന്നോട് അടുത്തേക്ക് ചെല്ലാൻ പറഞ്ഞു… പടച്ചോനെ എല്ലാം തുറന്നുപറയാനുള്ള ധെെര്യം ഉണ്ടാവണേ എന്നുള്ളുകി പ്രാർത്ഥിച്ചു കൊണ്ട് ഉപ്പച്ചീടെ അടുത്തിരുന്നു… ”നിനെക്കെന്താ ചെക്കനെ ഇഷ്ടായില്ലേ…?” ”അതല്ല ഉപ്പച്ചീ… താത്തപ്പെണ്ണിനു വേറൊരാളോട് ഇഷ്ടം ആണ്..” ഈ പെണ്ണിതൊക്കെ കുളമാക്കോ..

”ഓഹോ… അപ്പൊ അതാണ് വരുന്ന ചെക്കൻമാർക്കൊക്കെ ഓരോ കുറ്റം കണ്ടുപിടിച്ച് ഇവള് മുടക്കുന്നത്..” ഉപ്പച്ചീടെ ആ ഡയലോഗിൽ ഒരു പന്തികേട് തോന്നി..

ഉപ്പ എന്നോട് ചോദിച്ചു എല്ലാം.. ആരെയാണ് ഇഷ്ടമെന്നും ആളെക്കുറിച്ചെല്ലാം.. ”പേര് മുനീർ.. കോളേജിനടുത്ത് ഒരു ബേക്കറി ഷോപ്പ് നടത്താണ്… ഞങ്ങൾ തമ്മിൽ രണ്ടുവർഷമായി പ്രണയത്തിലാണ്.. വല്യ പണക്കാരൊന്നുമല്ല.. വീടൊക്കെ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്… ചെറിയ വീടാണ്.. വയ്യാത്ത ഉമ്മയും മൂന്ന് പെങ്ങൻമാരും മാത്രേ ഉള്ളൂ അവൻക്ക്.. അവന്റെ അധ്വാനം കൊണ്ടാണ് അവരെല്ലാം പട്ടിണിയില്ലാതെ ജീവിക്കുന്നത്.. ഈ ഇഷ്ടം അവന് എന്നോട് തോന്നിയതല്ല.. എനിക്ക് അവനോട് തോന്നിയതാണ്… അവന്റെ എല്ലാ സാഹചര്യങ്ങളും എനിക്ക് നേരിട്ട് കാണിച്ചു തന്നിട്ടും എന്റെ ഇഷ്ടത്തിനു മാറ്റം ഒന്നും ഇല്ലെന്നറിഞ്ഞിട്ടാണ് എന്നെ അവൻ സ്നേഹിക്കാൻ തുടങ്ങിയത്.. ഒരു കാര്യം ഉറപ്പാണ് ഉപ്പച്ചീ… സ്നേഹം കൊണ്ട് അവനാണ് ലോകത്ത് ഏറ്റവും വലിയ പണക്കാരൻ…” ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ അറിയാതെ ഉള്ളിലൊരു നീറ്റൽ അനുഭവപ്പെട്ടു.. ഉപ്പച്ചി എങ്ങനെ പ്രതികരിക്കും എന്നറിയാതെ തലയും താഴ്ത്തിരിക്കുമ്പോഴാണ് എന്റെ മുഖമുയർത്തിക്കൊണ്ട് ഉപ്പച്ചി പറഞ്ഞത്.. ”ഞാനൊന്ന് അന്വേഷിക്കട്ടേ… നല്ലതാണെന്ന് തോന്നിയാൽ നമുക്ക് ആലോചിക്കാം…” ആ രണ്ട് വാക്കിൽ നിന്നും ഞാൻ അറിഞ്ഞു ന്റെ ഉപ്പച്ചീടെ മനസ്സ്… ഇതെല്ലാം കേട്ടുനിന്നിരുന്ന ഉമ്മി പറഞ്ഞതു കേട്ടപ്പോൾ വീണ്ടും സങ്കടായി. ”നിങ്ങൾക്കെന്താ മനുഷ്യാ വട്ടായോ.. അവരോടു എല്ലാം ഉറപ്പിക്കണ്ടകാര്യം വരെ നിങ്ങള് തന്നെയല്ലേ പറഞ്ഞത്.. എന്നിട്ടിപ്പൊ അവളുടെ ഓരോ കുരുത്തക്കേടിന് കൂട്ടു നിൽക്കുന്നോ..?”

അത് കേട്ടപ്പോൾ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല… അകത്തേക്ക് പോവാൻ തുടങ്ങുമ്പോഴാണ് ഉപ്പച്ചി ഉമ്മിയോട് പറയുന്നത്.. ”എടീ… നമ്മുടെ മക്കൾ നമ്മുടെ ഭാഗ്യമാടീ.. നീ ഒന്നു ആലോചിച്ചുനോക്കിയേ ഇന്നു വന്ന കല്യാണം ഉറച്ച് നിക്കാഹിന്റെ അന്നോ അല്ലെങ്കിൽ അതിന്റെ തലേ ദിവസമൊക്കെയാണ് ഇതൊക്കെ പറഞ്ഞിരുന്നെങ്കിൽ എന്താവും അവസ്ഥയെന്ന്… ഇപ്പൊ ഉറപ്പിക്കാം എന്നൊരു വാക്കുമാത്രേ കൊടുത്തുള്ളൂ… ആ വാക്കൊന്ന് തിരിച്ചെടുക്കേ വേണ്ടുള്ളൂ… വെെകിയാണെങ്കിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിപ്പോനേ… നമ്മുടെ മോള് പറഞ്ഞ ആ ചെക്കനെക്കുറിച്ച് ഞാനൊന്ന് അന്വേഷിക്കട്ടേ… നല്ലതാണേൽ നടത്തണം…”’ അതു കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണു നിറഞ്ഞു പോയി… ഇത്രക്കൊള്ളൂ എന്റെ ഉപ്പച്ചിയെന്നോർത്തപ്പോൾ ശരിക്കും സങ്കടായി.. കണ്ണിൽ ഒരു കുടം വെള്ളം നിറച്ച് ചിരിക്കാൻ പാടുപെട്ട് അനിയത്തി അടുത്തേക്ക് വന്നിട്ട് പറഞ്ഞു ”താത്തപ്പെണ്ണേ… ചിലവുണ്ട് ട്ടോ..”

അപ്പോഴും എന്റെ ചിന്ത മുഴുവൻ ന്റെ ഉപ്പച്ചീടെ മനസ്സായിരുന്നു.. ഒന്നിനും പകരം വെക്കാനാവാത്ത പരിശുദ്ധമായ സ്നേഹത്തിന്നുടമ..!!!

ശുഭം…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ജാസ്മിൻ

Leave a Reply

Your email address will not be published. Required fields are marked *