അയലത്തെ സുന്ദരി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ദിപി ഡിജു

‘എടിയെ… പുതിയ അയല്‍വക്കക്കാര് എത്തീന്നാ തോന്നണേ… ദേ… സാധനങ്ങളൊക്കെ ഇറക്കുന്നുണ്ട്…’

‘ഹാ… ശാന്തമ്മ ചേച്ചി പറഞ്ഞിരുന്നു ഇന്നു വരും എന്ന്… എവിടെ… ഞാനൊന്നു മതിലിനടുത്ത് ചെന്ന് നോക്കട്ടെ… എങ്ങനെയുളെള കൂട്ടങ്ങളാണെന്ന് അറിയാല്ലോ… പഴയ മാഷേം ടീച്ചറേം പോലെ ആയിരുന്നേല്‍ മതിയായിരുന്നു…’

‘നിനക്ക് വേറെ ഒരു പണിയും ഇല്ലേടി…??? അവര്‍ ഇങ്ങോട്ട് വന്നതല്ലേ ഉള്ളൂ… സമയം ഉണ്ടല്ലോ പരിചയപ്പെടാന്‍…’

‘ഓ… ഒരു നല്ല കാര്യം പറഞ്ഞാല്‍ അപ്പോള്‍ അങ്ങേര്‍ ഉടക്കും കൊണ്ട് വന്നോളും…’

മാനസി കെറുവിച്ചു കൊണ്ടു അകത്തേക്ക് നടന്നു.

‘ഉവ്വ ഉവ്വ… ചൂടോടെ ന്യൂസ് പിടിക്കാനാ… അല്ലാതെ വേറൊന്നിനുമല്ല അവളുടെ ശുഷ്കാന്തി…’

രമേശന്‍ പത്രത്തിലേയ്ക്ക് കണ്ണു നട്ടു.

അയാള്‍ ജോലിക്കു പോകുന്നതു വരെ ഒളിഞ്ഞും തെളിഞ്ഞും അയല്‍പക്കത്തേക്ക് കണ്ണെറിയുന്ന മാനസിയെ കണ്ട് അയാള്‍ ചിരിയടക്കി.

‘ഈ പെണ്ണുങ്ങളുടെ ഒരു കാര്യം…’

വൈകിട്ട് ജോലി കഴിഞ്ഞു വന്ന രമേശനെ നോക്കി ഉമ്മറത്തു തന്നെ മാനസി ഇരിക്കുന്നുണ്ടായിരുന്നു.

‘ദേ രമേശേട്ടാ… അയല്‍വക്കത്ത് വന്നിരിക്കുന്നതേ അത്ര ഡീസന്‍റ് ആളുകളൊന്നും അല്ലാട്ടോ… ശാന്തമ്മച്ചേച്ചിയാ പറഞ്ഞേ…’

രമേശന്‍റെ ബാഗ് കൈയ്യില്‍ നിന്ന് വാങ്ങി മാനസി പറഞ്ഞു തുടങ്ങി.

‘എന്‍റെ ഫാര്യേ… ഞാനൊന്നു കുടുംബത്തേക്ക് കയറട്ടെ… കുളിച്ചു വന്നിട്ടു പോരെ പരദൂഷണം പറച്ചില്‍…???’

‘ഹോ അല്ലേലും നമ്മള്‍ കൊള്ളരുതാത്തവള്‍… പരദൂഷണക്കാരി…’

‘അയ്യോ… പിണങ്ങല്ലേടി… എന്നാ പറ… എന്താ അവരുടെ കുഴപ്പം…???’

അയാള്‍ മാനസിയുടെ താടിയില്‍ പിടിച്ചു ചോദിച്ചതും അവളുടെ പരിഭവം മാറി ഉഷാറായി.

‘അവിടെ താമസിക്കാന്‍ വന്നിരിക്കുന്നതേ ഒരു പെണ്ണുമ്പുള്ളയാ… കെട്ടിയോന്‍ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല… പക്ഷേ… മൊത്തത്തില്‍ ഒരു വശപിശക് സെറ്റ് അപ്പ് ആണെന്ന്… ഒരു സുന്ദരി കോത ആണ്… പരിചയപ്പെടാന്‍ ചെന്ന ശാന്തമ്മച്ചേച്ചിയെ അത്രയ്ക്ക് അങ്ങോട്ട് അടുപ്പിച്ചില്ല എന്ന്… കാണാന്‍ ഇച്ചിരി ചന്തം ഉള്ളതിന്‍റെ അഹങ്കാരമാകുകയുള്ളൂ…’

‘അപ്പോള്‍ ഇനി കുറച്ചു നാളത്തേയ്ക്ക് നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക് സഭ കൂടാന്‍ ഒരു വിഷയം ആയല്ലോ…’

രമേശന്‍ പറഞ്ഞതും മാനസി മുഖം വീര്‍പ്പിച്ചു അകത്തേക്ക് പോയി. രമേശന്‍ ചിരിച്ചു കൊണ്ട് കുളിമുറിയിലേയ്ക്ക് കയറി.

‘നിങ്ങളെന്താ മനുഷ്യാ രാവിലെ പതിവില്ലാതെ ഇവിടെ നിന്നു പല്ലു തേക്കുന്നേ…???’

‘ഞാന്‍ ഇടയ്ക്ക് ഇവിടെ നിന്നു പല്ലു തേക്കാറുള്ളതാണല്ലോ…’

‘സത്യം പറ മനുഷ്യ… നിങ്ങള്‍ ആ സുന്ദരികോതയെ കാണാന്‍ നിന്നതല്ലേ ഇവിടെ…???’

‘എന്‍റെ ഭഗവാനേ… ഞാന്‍ ഇനി ഈ ഏരിയയിലേക്ക് വരുന്നില്ല… പോരേ…??? നീ വെറുതെ ഇല്ലാ വചനം പറഞ്ഞുണ്ടാക്കല്ലേ…’

അയാള്‍ ബ്രഷുമെടുത്ത് അകത്തേക്ക് പോയി.

ഒരാഴ്ച്ചയ്ക്ക് ശേഷം, ഓഫീസിലേയ്ക്ക് പോകാന്‍ ഡ്രസ്സ് ചെയ്യുകയായിരുന്നു രമേശന്‍.

‘ദേ… മനുഷ്യാ… ആ പെണ്ണുമ്പുള്ളയ്ക്ക് ഏതോ അവനുമാരൊക്കെയായി ഇടപാട് ഉണ്ട് കേട്ടോ… ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ വന്നു പോകുന്നുണ്ട്… ശാന്തമ്മ ചേച്ചി പറഞ്ഞതാ… ഇവളൊക്കെ പെണ്ണുങ്ങളുടെ വില കളയുമല്ലോ ഭഗവാനേ…’

ഒത്തിരി കേട്ടു മടുത്തതു കൊണ്ട് രമേശന്‍ ഇപ്പോള്‍ മറുപടി പറയുന്നത് നിര്‍ത്തിയിരുന്നു.

‘ഇനി ഇങ്ങേരും ചരട് വലിച്ചു തുടങ്ങിയോ എന്‍റെ ഈശ്വരാ… എന്താ മറുപടി ഒന്നും പറയാതിരുന്നേ…???’

അയാള്‍ ഒന്നും മിണ്ടാതെ പോകുന്നതു കണ്ടു മാനസി സ്വയം പറഞ്ഞു പോയി.

‘ഏട്ടാ… അവരുടെ കെട്ടിയോന്‍ ജയിലില്‍ കിടന്ന് ചത്തു പോയതാണെന്ന്… അപ്പോള്‍ കള്ളക്കൂട്ടങ്ങള്‍ ആകും… എന്നാലും എന്തിനാണാവോ അയാളെ പോലീസ് പിടിച്ചേ…???’

‘എന്‍റെ പൊന്നു മാനസി… നീയൊന്നു ഉറങ്ങുമോ…??? എനിക്ക് രാവിലെ ജോലിക്കു പോകാനുള്ളതാ…’

കട്ടിലില്‍ കിടന്നു കൊണ്ട് അയല്‍ക്കാരിയുടെ വിശേഷം പറയുകയായിരുന്ന മാനസി ദേഷ്യപ്പെട്ടു തിരിഞ്ഞു കിടന്നു.

പിറ്റേന്ന് വൈകിട്ട് അയല്‍ക്കാരിയുടെ വീട്ടില്‍ പോലീസിനെ കണ്ടു രമേശന്‍ വിവരം മനസ്സിലാകാതെ നോക്കി നിന്നു.

‘ആ പെണ്ണ് ഒരുത്തനെ കൊന്നെന്ന്… അവളുടെ വീട്ടില്‍ വിളിച്ചു വരുത്തി വെട്ടിയതാന്നാ പറഞ്ഞേ…’

‘കൊന്നെന്നോ…??? ആരെയാ…???’

‘അതൊന്നും അറിയില്ല… അവളുടെ വല്ല രഹസ്യക്കാരെയും ആവുള്ളൂ… ഒരു കൂസലും ഇല്ലാതെയാ പോലീസ് കൊണ്ടു പോകുമ്പോള്‍ അവള്‍ കൂടെ പോയതെന്നാ ശാന്തമ്മചേച്ചി പറഞ്ഞത്…’

‘ഹാ… എന്തേലും ആകട്ടേ… നീ ചായയെടുക്ക്…’

അയാള്‍ ആ വീട്ടിലേയ്ക്ക് ഒന്നു കൂടി നോക്കി ദീര്‍ഘമായി നിശ്വസിച്ചു.

‘രമേശേട്ടാ… നമ്മള്‍ വിചാരിച്ച പോലൊന്നുമല്ല കാര്യങ്ങള്‍…’

‘ഉംംം… എന്തു പറ്റി…???’

‘രണ്ടു ദിവസമായി ശാന്തമ്മ ചേച്ചിയെ കാണാത്തതു കൊണ്ടു അന്വേഷിച്ചു ചെന്നപ്പോഴാ വിവരങ്ങള്‍ എല്ലാം അറിയുന്നേ…ആ പെണ്ണ്… അവള്‍… നല്ലവളായിരുന്നു രമേശേട്ടാ…’

‘നീ വളരെ മോശമായിട്ടല്ലേ ഇത്ര നാളും അവളെ കുറിച്ചു പറഞ്ഞിരുന്നത്…??? ഇപ്പോള്‍ എന്താ ഇങ്ങനെ പറയാന്‍…???’

‘രമേശേട്ടാ അവള്‍ വെട്ടിക്കൊന്നത് ഒരു വൃത്തികെട്ടവനെ ആയിരുന്നു… ശാന്തമ്മ ചേച്ചീടെ മോളെ ഒരുത്തന്‍ ശല്യം ചെയ്യുന്നുണ്ടായിരുന്നു… അവളുടെ ഫോട്ടോ എടുത്ത് മോശം സൈറ്റുകളില്‍ ഇടുമെന്ന് അവന്‍ ഭീഷണിപ്പെടുത്തി ആ കൊച്ചിനെ… അവന്‍ അവളെ വഴിയില്‍ പിടിച്ചു നിര്‍ത്തി കരയിക്കുന്നതു കണ്ടാണ് ആ പെണ്ണ് അവളോട് വിവരങ്ങള്‍ തിരക്കിയത്… വല്ല്യ കൊമ്പത്തെ രാഷ്ട്രീയക്കാരന്‍റെ മകന്‍ ആയതു കൊണ്ടു തന്നെ നിയമത്തിന് വിട്ടു കൊടുത്താല്‍ അവന്‍ സുഖമായി രക്ഷപെട്ടു പോരും എന്നവള്‍ക്ക് അറിയാമായിരുന്നു… അതു കൊണ്ടാ തന്ത്രപൂര്‍വ്വം അവള്‍ ശാന്തമ്മ ചേച്ചിടെ മോളെ കൊണ്ട് ആ പയ്യനെ വിളിച്ചു വരുത്തിച്ച് കൊന്നു കളഞ്ഞത്…’

‘എന്നാലും… അവരെന്തിനാ അങ്ങനെ…???’

‘അവര്‍ ഒരു പട്ടാളക്കാരന്‍റെ ഭാര്യ ആയിരുന്നു ചേട്ടാ… രാജ്യത്തിനു വേണ്ടി പൊരുതി… ശത്രു രാജ്യത്തെ ജയിലില്‍ കിടന്നു മരണം വരിച്ച ഒരു പട്ടാളക്കാരന്‍റെ ഭാര്യ… പെണ്ണിന്‍റെ മാനത്തിന് വില പറയുന്നവനെ വെട്ടി നുറുക്കി കൊല്ലണം എന്നാണ് അവള്‍ ശാന്തമ്മ ചേച്ചിയുടെ മോളോട് പറഞ്ഞത്… കൂടുതല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞ് ആ മോള്‍ടെ ഭാവി അവതാളത്തിലാകുമോ എന്നോര്‍ത്താ അവര്‍ കുറ്റം മുഴുവന്‍ സ്വമേധയാ ഏറ്റെടുത്തത്… അവരെ കുറിച്ച് ഇല്ലാ വചനങ്ങള്‍ ഒത്തിരി പറഞ്ഞതോര്‍ത്ത് ശാന്തമ്മ ചേച്ചി പൊട്ടിക്കരയുവായിരുന്നു… എല്ലാം കഴിഞ്ഞാണ് മകള്‍ അത് അവരോട് പറഞ്ഞത് എന്ന്… സ്വന്തം കുടുംബം നോക്കാതെ അന്യന്‍റെ കാര്യം നോക്കി ഇനി ഒരിക്കലും നടക്കില്ലെന്നാ അവര്‍ പറഞ്ഞത്…’

‘ഇനിയെങ്കിലും നീ ഒന്നു മനസ്സിലാക്കണം… അന്യന്‍റെ മനസ്സറിയാന്‍ ജനലിലൂടെ ഒളിഞ്ഞു നോക്കുകയോ മറ്റുള്ളവരുടെ വാക്കു കേള്‍ക്കുകയോ അല്ല ചെയ്യേണ്ടത്… അതിന് കുറച്ചൊക്കെ വകതിരിവ് വേണം… ഒരു പെണ്ണ് ഒറ്റയ്ക്ക് ജീവിക്കുന്നു എന്നു പറഞ്ഞ് ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല… അത് നിന്നെ പോലുള്ള ചില കുശുമ്പികള്‍ക്ക് തോന്നുന്നതാ… അവര്‍ മോശക്കാരാണെന്ന്… മനസ്സിലായോടീ…’

അയാള്‍ അവളുടെ തലയില്‍ ഒരു കൊട്ടു കൊടുത്തു.

‘ഉവ്വ… മനസ്സിലായി ചേട്ടാ…’

അവള്‍ തല തടവികൊണ്ട് അകത്തേക്ക് പോയി.

ഒരു മാസം കഴിഞ്ഞൊരു പ്രഭാതം.

‘രമേശേട്ടാ അപ്പുറത്ത് പുതിയ അയല്‍ക്കാരു വന്നു… ഇച്ചിരി കൂടിയ ഇനം ആണെന്നു തോന്നുന്നു…’

കുടിച്ചു കൊണ്ടിരുന്ന ചായ പകുതിക്ക് നിര്‍ത്തി രമേശന്‍ തലയില്‍ കൈ വച്ചു.

‘ഈശ്വരാ… ചങ്കരന്‍ വീണ്ടും തെങ്ങേല്‍ തന്നെയാണല്ലോ…!!!’

രചന: ദിപി ഡിജു

Leave a Reply

Your email address will not be published. Required fields are marked *