ജീവനക്കാളേറെ കാത്തു സൂക്ഷിക്കുന്ന ഇവളുടെ ഈ മാനത്തെയാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സന്തോഷ് അപ്പുക്കുട്ടൻ

“അപ്പോൾ എന്റെ നാലാമത്തെ ലൗവറിനു വേണ്ടി ചിയേർസ്”

മ ദ്യ ഗ്ലാസ്സ് മുകളിലേക്കുയർത്തി കിരൺ പറഞ്ഞപ്പോൾ, കൂട്ടുക്കാരായ മറ്റു രണ്ടു പേരും ഗ്ലാസ്ല് ഉയർത്തി.

ബാറിന്റെ ഇരുണ്ട മൂലയിലിരുന്നു, കിരണിന്റെ ചിലവിൽ അർമാദിക്കുകയായിരുന്നു അവർ.

നഗരത്തിലെ പ്രശസ്തനായ ക്രിമിനൽ ലോയർ രാജശേഖരന്റെ മകനാണ് കിരൺ.

അമ്മ ദമയന്തി പ്രൊഫസർ ആണ് !

ഒരു അനിയനുള്ളത് ബാംഗ്ലൂരിൽ പഠിക്കുന്നു.

ഡോക്ടർ രാജശേഖരന്റെ സുഹൃത്ത് ഡോക്ടർ വിഷ്ണുനാഥിന്റെ മകൾ ഗായത്രിയുടെ മെഡിക്കൽ പഠനം തീർന്നാൽ, കിരണുമായുള്ള വിവാഹം നടത്താൻ ഇരു വീട്ടുക്കാരും തീരുമാനിച്ചിട്ടുള്ളതാണ്.

പക്ഷെ ആ വിവാഹത്തിനൊന്നും കിരണിന് താല്പര്യമില്ലെങ്കിലും, സുഹൃത്തായ ഗായത്രിയെ പെട്ടെന്ന് തള്ളി പറയാൻ കഴിയാത്തതുകൊണ്ട് അവൻ സമ്മതം മൂളിയെന്നു മാത്രം.

അന്തസ്സുള്ള ഒരു കുടുംബത്തിൽ പിറന്നിട്ടും, പക്കാ ഫ്രോഡ് ലൈഫ് നയിക്കുന്നവനാണ് കിരൺ.

കൂട്ടുക്കാരുമായി കറങ്ങി നടക്കലും, വെള്ളമടിക്കലും, പിന്നെ പെൺക്കുട്ടികളെ തന്റെ വാക്ധോരണിക്കൊണ്ട് കബളിപ്പിച്ചു പിന്നാലെ കൂട്ടുകയുമാണ് ഹോബീസ്”

അങ്ങിനെ അവൻ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന അനേകം പെൺക്കുട്ടികളിലൊരാളാണ് ആര്യ!

റെയിൽവേ കോളനിയിൽ താമസിക്കുന്ന ആര്യ കാണാൻ നല്ല സുന്ദരിയാണ്!

ചേറിൽ വിരിഞ്ഞ ചെന്താമര എന്നൊക്കെ പറയാം!

വീടുകൾ തോറും കയറിയിറങ്ങി സാധനങ്ങൾ വിൽക്കുന്ന ഒരു സെയിൽസ് ഗേളാണ് ആര്യ.

കുടിച്ചു ലക്കുകെട്ട ഒരു ദിവസം, ഓടിച്ചിരുന്ന ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ചെന്നിടിച്ച്, ബോധം മറഞ്ഞപ്പോൾ, മുഖത്ത് വെള്ളം തളിച്ചുണർത്തിയത് ആര്യയായിരുന്നു.

വേദനയേറ്റ് പിളർന്ന തന്റെ ചുണ്ടുകൾക്കിടയിലേക്ക് വെള്ളമിറ്റിച്ചു തന്നതും അവളായിരുന്നു.

ഒടുവിൽ ഒരു ഓട്ടോയും പിടിച്ച് തന്നെ ഹോസ്പിറ്റലിലെത്തിച്ചതും അവളായിരുന്നു.

ആ നിമിഷം അവളോട് നന്ദി പറയേണ്ടതിനു പകരം ദൈവത്തോടാണ് നന്ദി പറഞ്ഞത്!

ഇതുപോലെയുള്ള പീസുകളെ, ഇത്ര ലാഘവത്തോടെ മുന്നിലെത്തിച്ച്, എന്റെ പണി കുറക്കുന്ന ദൈവത്തോടല്ലാതെ പിന്നെ ആരോടാണ് നന്ദി പറയേണ്ടത് ”

വരാൻ പോകുന്ന സുന്ദര നിമിഷങ്ങളെ ഓർത്തതും, കുപ്പി യോടെ തന്നെ ഒരു കവിൾ മദ്യം വായിലേക്ക് കമഴ്ത്തി.

ഇന്നു രാത്രി, റെയിൽവേ കോളനിയിലുള്ള അവളുടെ വീട്ടിൽ വെച്ച് സംഗമിക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു കിരണിന്റെ ഈ ആഘോഷം!

ഓരോ പെൺക്കുട്ടികളെയും തന്റെ അടിമകളാക്കി കഴിയുമ്പോഴും കിരൺ, അവനു പ്രിയപ്പെട്ട ഈ രണ്ട് സുഹൃത്തുക്കൾക്ക് അവൻ പാർട്ടി നടത്താറുണ്ട്.

ആ സംഗമം കഴിഞ്ഞാൽ പിന്നെ അവൻ ആ പെൺകുട്ടിയെ തിരിഞ്ഞു നോക്കില്ല!

അവന്റെ ഡയറിയിലെ ഒരു നമ്പർ മാത്രമായി മാറുന്ന ആ പെൺക്കുട്ടിയുടെ പേര് പോലും പിന്നെ അവന് ഓർമ്മയുണ്ടായിരിക്കില്ല.

” ആര്യയെ വിട്ടേക്ക് കിരൺ. അവളൊരു പാവമാണ്. ”

സ്നേഹിതനായ അരുൺ അത് പറഞ്ഞപ്പോൾ കിരൺ പൊട്ടി ചിരിച്ചു.

” ഞാൻ കണ്ട മൂന്ന് പെൺക്കുട്ടി കളും,ഞാൻ അവരുടെ അടുത്തെത്തും വരെ പാവങ്ങളായിരുന്നു.

ഞാൻ അടുത്തെത്തിയപ്പോൾ അവർ പുലികളും, ഞാൻ എലിയുമായി മാറുന്ന കാഴ്‌ചയാണ് ഇതുവരെ കണ്ടിട്ടുള്ളത്‌ ”

ഇവളും അതുപോലെയൊക്കെ തന്നെയാണ് അരുൺ ”

മദ്യമെടുത്ത് വായിലേക്ക് കമഴ്‌ത്തി ഒരു സിഗററ്റിനു തീ കൊളുത്തി കിരൺ.

” നീ ഈ ചെയ്യുന്നതിലൊന്നും നിനക്ക് കുറ്റബോധമില്ലേ കിരൺ?”

അരുണിന്റെ ചോദ്യം കേട്ടപ്പോൾ കിരണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി .

” എന്തിന് കുറ്റബോധം ? ദൈവം വരമായി നൽകിയ ഈ മനുഷ്യജന്മം മാക്സിമം അർമാദിക്കുക.

മരിച്ചങ്ങ് പോയാൽ ഒടേതമ്പുരാൻ വല്ലതും ചോദിക്കുമ്പോൾ, രസം പിടിച്ച് പറയാൻ എന്തെങ്കിലും നമ്മൾക്ക് വേണ്ടേ?”

” അങ്ങിനെ പറഞ്ഞ് കൊടുക്ക് കിരൺ ഈ ഉപദേശിക്ക് ”

അതും പറഞ്ഞ് അരുണിനെ നോക്കിയ വിക്രമന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി പടർന്നു.

“നമ്മൾക്കോ ഭാഗ്യമില്ല, കിട്ടുന്നവൻ ആഘോഷിക്കട്ടെ അരുൺ ”

വിക്രമൻ അരുണിൽ നിന്ന് നോട്ടം മാറ്റി, കിരണെ നോക്കി.

” അരുണിന്റെ ഉപദേശമൊന്നും കാര്യമാക്കണ്ട കിരൺ. നീ പോയ് ഈ രാത്രി അടിച്ചു പൊളിച്ച് ആഘോഷിക്ക് ”

വിക്രമന്റെ അനുവാദം കിട്ടിയ കിരൺ അവരോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി.

റെയിൽവേ കോളനിയിൽ കിരൺ എത്തുമ്പോൾ രാത്രി പത്ത് മണി കഴിഞ്ഞിരുന്നു!

ബൈക്ക്, ആരും കാണാത്തിടത്ത് വെച്ച ശേഷം, അവൻ പതിയെ ആര്യയുടെ കുടിലിനെ ലക്ഷ്യമാക്കി നടന്നു.

തണുപ്പ് മാസമായതിനാൽ ആവാം എല്ലാവരും കുടിലിൽ കയറിയിട്ടുണ്ട്.

ഈയാംപാറ്റകൾ പാറിക്കളിക്കുന്ന സ്ട്രീറ്റ് ലൈറ്റിനു താഴെ മെല്ലിച്ച ഒരു മനുഷ്യൻ വാളുവെച്ച് തളർന്നു കിടക്കുന്നുണ്ട്.

അയാളുടെ മുഖത്തെ ഛ ർദിലിന്റെ അവശിഷ്ടം ഭക്ഷിച്ചു കൊണ്ടിരുന്ന നായ, കിരണിനെ കണ്ടപ്പോൾ ഇരുളിലേക്ക് ഓടിമറഞ്ഞു.

ഇടയ്ക്കിടെ പല കുടിലുകളിൽ നിന്നുയരുന്ന പിഞ്ചു കുട്ടികളുടെ കരച്ചിൽ മാത്രം ആ നിറഞ്ഞ നിശബ്ദതയെ ഭേദിച്ചു കൊണ്ടിരുന്നു.

ആര്യയുടെ കുടിലിനു മുന്നിലെത്തിയതും, കോലായിൽ കൂർക്കംവലിച്ചുറങ്ങുന്ന മനുഷ്യനെ കണ്ട് അവൻ ഞെട്ടി!

അവൻ മൊബൈലെടുത്ത് ആര്യയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫായിരുന്നു.

ഈ ഭീ മാകരനായ മനുഷ്യനെയും കടന്ന്, അകത്തേക്ക് എങ്ങിനെ എത്താമെന്നു ചിന്തിച്ചിരിക്കേയാണ് അകത്തുനിന്നൊരു തേങ്ങൽ കിരൺ കേട്ടത്.

അത് ആര്യയുടെ തേങ്ങലാണെന്ന് അവനൊരു നിമിഷം അറിഞ്ഞു.

പൊടുന്നനെ ഒരു ഉൾപ്രേരണയിൽ, എന്തും വരട്ടെയെന്നു കരുതി, വാതിലിനു കുറുകെ കിടക്കുന്ന മനുഷ്യനെ കവച്ചു വെച്ചു കൊണ്ട് കിരൺ അടഞ്ഞ -വാതിലിനു മുന്നിലായി ഒരു നിമിഷം നിന്നു.

വലിയ ശബ്ദത്തിൽ കേട്ടിരുന്ന ആ തേങ്ങൽ നേർത്തുനേർത്തു വരുന്നത് കിരൺ അറിഞ്ഞു.

എന്തോ മനസ്സിലിട്ട് തീരുമാനിച്ച്, ആ വാതിൽ ശക്തിയോടെ തുറന്ന കിരൺ, മുന്നിലെ കാഴ്ച കണ്ട് അമ്പരന്നു!

കഴുത്തിന് വെ- ട്ടേറ്റ് വീണ ഒരു ശവം തനിക്കു മുന്നിലായ് കിടക്കുന്നത് കണ്ട് അവൻ ഭയം കലർന്ന അമ്പരപ്പോടെ മുഖമുയർത്തി.

മുന്നിൽ ചോരയിറ്റുന്ന വാക്കത്തിയും പിടിച്ച് കണ്ണടച്ചു നിൽക്കുന്ന ആര്യ!

കെട്ടഴിഞ്ഞ മുടി അവളുടെ മുഖത്തിനു ചുറ്റും വീണു കിടക്കുന്നുണ്ട്.

” ആര്യാ ”

മനസ്സറിയാതെ കിരണിൽ നിന്നുയർന്ന വിളിയിൽ, അവൾ ഞെട്ടി മുഖമുയർത്തി.

കിരണനെ കണ്ടതും ഓടി വന്ന് അവളാ നെഞ്ചിൽ തലത-ല്ലി കരഞ്ഞു.

“എന്റെ മാനം രക്ഷിക്കാൻ എനിക്ക് ഇയാളെ കൊല്ലേണ്ടി വന്നു കിരൺ ”

യാന്ത്രികമായി അവളെ തലോടുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു.

കണ്ണീരടങ്ങിയ, തേങ്ങലോടെ അവന്റെ നെഞ്ചിൽ കിടന്നു അവൾ കഥ പറഞ്ഞുകൊണ്ടിരിക്കെ അവന്റെ ആലിംഗനത്തിന് ശക്തിയേറി.

” ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പെണ്ണിനെ, അച്ഛന്റെ മര ണത്തോടെ അമ്മയ്ക്ക് കൂട്ടായെത്തിയ രണ്ടാനച്ഛൻ പീഢിപ്പിക്കാനൊരുമ്പെട്ട് ഉറക്കം നഷ്ടമായ രാത്രികളിലെ കഥ മുതൽ!

തന്നെ കിട്ടാതെ വന്ന് ഒടുവിൽ കലി കയറിയ രണ്ടാനച്ഛൻ, തന്റെ മുതലാളിയുടെ കൈയിൽ നിന്ന് പൈസ വാങ്ങി, തന്നെ കൂട്ടിക്കൊടുക്കാൻ എത്തിയ ഈ രാത്രി വരെയുള്ള കഥകൾ.

കിരണിന്റെ നെഞ്ചിനെ നനച്ചുക്കൊണ്ട് ഒഴുകുന്ന ആര്യയുടെ കണ്ണീർ അവന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു.

ജീവനക്കാളേറെ കാത്തു സൂക്ഷിക്കുന്ന ഇവളുടെ ഈ മാനത്തെയാണ്, പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഞാൻ കവർന്നെടുക്കാൻ വന്നതെന്ന് ചിന്തിച്ചപ്പോൾ, കിരണിന് സ്വയം തന്നോട് തന്നെ അറപ്പ് തോന്നി.

അറിയാതെ അവന്റെ കണ്ണിൽ നിന്നു രണ്ടിറ്റു കണ്ണീർ ,ആര്യയുടെ ശിരസ്സിൽ വീണപ്പോൾ അവൾ ഞെട്ടി മുഖമുയർത്തി.

അവൾ കണ്ണീരോടെ പുഞ്ചിരിച്ചു കൊണ്ട് അവന്റെ കണ്ണുനീർ തുടച്ചു.

പിന്നെ അവൾ പെട്ടെന്ന് -അകത്തേക്ക് പോയി ഒരു കവർ എടുത്ത് വന്ന്, അതിനുള്ളിൽ നിന്ന് രണ്ട് പാക്കറ്റ് എടുത്ത് അവനു നേരെ നീട്ടി.

” ഇതു തരാനാണ് കിരണോട് വരാൻ പറഞ്ഞത് – നാളെ കിരന്റെ പിറന്നാൾ അല്ലേ?”

അവളുടെ ചോദ്യത്തിന് ഉത്തരം പറയാതെ, അവന്റെ കണ്ണുകൾ വില കൂടിയ ബ്രാൻഡിലുള്ള മുണ്ടിന്റെയും ഷർട്ടിന്റെയും കവറുകളിലായിരുന്നു

ദിവസങ്ങളോളം,എത്ര വീടുകളിൽ കയറിയിറങ്ങിയിട്ട്, എത്രമാത്രം തൊണ്ട പൊട്ടി സംസാരിച്ചിട്ടാണ് അവൾ ഇതു വാങ്ങാനുള്ള പൈസ ഉണ്ടാക്കിയിട്ടുള്ളത് !

അവൾ അലഞ്ഞു നടന്ന് പൈസ കണ്ടെത്തി തനിക്കുള്ള സമ്മാനവുമായ് കാത്തിരുന്നപ്പോൾ, താൻ വന്നത് അവളുടെ മാംസം തേടിയായിരുന്നുവെന്ന ചിന്ത അയാളെ വല്ലാതെ ചെറുതാക്കി കളഞ്ഞു.

“നാളെ കിരണിനോടൊപ്പം അമ്പലത്തിൽ വരണമെന്നും, കിരണിന്റെ പേരിൽ ഒരു പുഷ്പാജ്ഞലി കഴിപ്പിക്കണമെന്നും വല്ലാത്ത ആഗ്രഹമായിരുന്നു. ഇനി അതു നടക്കില്ലല്ലോ?”

ദയനീയ ആ ചോദ്യത്തിനു മുന്നിൽ പൊട്ടിക്കരയാൻ പോലും കഴിയാതെ കിരൺ നിന്നുരുകി.

പെണ്ണിന്റെ സ്നേഹമറിയാതെ, അവളെ വെറുമൊരു ഉപഭോഗവസ്തുവായി കാണുന്ന ആയിരങ്ങളിലൊരുവനായി താൻ മാറി തുടങ്ങിയ ആ ശപിക്കപ്പെട്ട നിമിഷത്തെ ഓർത്ത് അയാൾ നീറി.

” ഇനി കിരൺ ഇവിടെ നിൽക്കണ്ട. പോലീസു വരുമ്പോൾ കിരണിനെ കാണണ്ട ! പൊയ്ക്കോ!”

അതും പറഞ്ഞ് ഒരു പൊട്ടിക്കരച്ചിലൂടെ അവന്റെ കവിളിൽ ചുംബിച്ച് തിരിഞ്ഞോടാൻ തുടങ്ങിയ അവളുടെ കൈകളിൽ കിരൺ -ബലമായി പിടിച്ചു.

” ഞാനൊറ്റയ്ക്കല്ല പോണത് – കൂടെ നീയും ഉണ്ടാവും”

കിരന്റെ വാക്കുകൾ കേട്ട ആര്യ അവനെ അമ്പരപ്പോടെ നോക്കി.

“സ്വയരക്ഷയ്ക്കു വേണ്ടിയാണ് നീ ഈ കൊ- ലപാതകം ചെയ്തിരിക്കുന്നത്. വേണമെങ്കിൽ നീ ആ കോലായിൽ കിടക്കുന്ന, നിന്നെ എന്നും ഉപദ്രവിക്കുന്ന ആ നായിന്റെ മോൻ രണ്ടാനച്ഛനെയും തീർത്തേക്ക് ”

കിരൺ ലാഘവത്തോടെ പറയുന്നത് കേട്ട് ഞെട്ടിത്തെറിച്ച് നിൽക്കുന്ന ആര്യയെ അവൻ നെഞ്ചോട് ചേർത്തു.

” ഞാൻ തമാശ പറഞ്ഞതല്ല ആര്യാ!കോടതിയിൽ നിനക്കു വേണ്ടി വാദിക്കാൻ ക്രിമിനൽ ലോയറായ നിന്റെ അമ്മായച്ഛൻ വരും”

ഒന്നും മനസ്സിലാവാതെ നിൽക്കുന്ന ആര്യയുടെ, മാടപ്രാവിന്റെ കുറുകൽ പോലുള്ള നെഞ്ചിടിപ്പ്, കിരന്റെ മനസ്സിനെ ആർദ്രമാക്കി കൊണ്ടിരുന്നു!

കുറച്ചു നിമിഷങ്ങൾക്കു ശേഷം.ആര്യയുടെ കൈയും പിടിച്ച് അവൻ പുറത്തിറങ്ങി!

ഇരുട്ടിന്റെ മറയും പറ്റി അവനോടൊപ്പം ചേർന്നു നടക്കുമ്പോൾ, പ്രതീക്ഷയുടെ ഒരു പൊൻവെട്ടം തന്റെ മനസ്സിൽ ഉദിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.

ലൈക്ക് കമന്റ് ചെയ്യണേ…

രചന: സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *