നല്ല എണ്ണക്കറുപ്പ് നിറമാണ് നിവേദിതയ്ക്ക്. അത്കൊണ്ട് തന്നെ കുഞ്ഞു നാൾ മുതലേ എല്ലാവരും വിളിച്ച പേരാണ് കരിമണി….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന:കടപ്പാട്: റെക്സോണ റെയ്ബെൻ

“നീ ഒന്നുടെ അങ്ങ് കറുത്തു പോയല്ലോടി പെണ്ണെ” ഒന്ന് രണ്ട് വർഷം കൂടി അമ്മവീട്ടിലേക്ക് വിരുന്ന് വന്ന നിവേദിതയെ കണ്ട ഉടനെ അമ്മായി ചോദിച്ചു.

“ഓ പറച്ചില് കേട്ടാൽ തോന്നും ഇവള് പണ്ടങ് വെളുത്തു തുടുത്തു ഇരുന്നതാണെന്ന്”

“അമ്മായിയുടെ മകൾ രേവതി ചിറി കോട്ടിപുച്ഛത്തോടെ പറഞ്ഞു.

തിരികെ നല്ല മറുപടി കൊടുക്കാൻ തുനിഞ്ഞെങ്കിലും അരുതെന്നുള്ള അമ്മയുടെ മുഖഭാവം കണ്ടപ്പോൾ അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു അമ്മായി പറയുന്നത് കേട്ടു നിന്നു. അമ്മ വീട്ടിലേക്ക് കുടുംബമായി പോണമെന്നു തീരുമാനിച്ചപ്പോഴേ നിവേദിതയ്ക്ക് അറിയാമായിരുന്നു അത് അമ്മായിക്കും മക്കൾക്കും തറവാട്ടിലെ മറ്റു പലർക്കും കൂടി തനിക്കിട്ടൊന്നു കൊട്ടാനുള്ള അവസരത്തിനു കൂടിയാണെന്ന്. പലപ്പോഴും തറവാട്ടിലേക്ക് പോകേണ്ടുന്ന കാര്യം പറയുമ്പോൾ അവൾ ഒഴിവ് കഴിവ് പറഞ്ഞു മാറുന്നതും അവിടുള്ളവരുടെ കളിയാക്കളും പരിഹാസവും കേൾക്കാൻ കഴിയാത്തത് കൊണ്ടാണ്. അത് അവരുടെ പരിഹാസത്തെ ഭയന്നിട്ടല്ല, മറിച്ചു താൻ അതിരു കടന്ന് വല്ലതും പറഞ്ഞു പോകുമോ എന്ന പേടികൊണ്ടാണ്.

നല്ല എണ്ണക്കറുപ്പ് നിറമാണ് നിവേദിതയ്ക്ക്. അത്കൊണ്ട് തന്നെ കുഞ്ഞു നാൾ മുതലേ എല്ലാവരും വിളിച്ച പേരാണ് കരിമണി എന്നത്. കൂടുതൽ പേരും ഒളിഞ്ഞും തെളിഞ്ഞും പരിഹാസച്ചുവയോടെയും ചുരുക്കം പേരത് സ്നേഹത്തോടെയും മാത്രമാണ് വിളിച്ചതെന്ന് മാത്രം. ആ കുടുംബത്തിൽ പലർക്കും ഇരുണ്ട നിറത്തിന്റെ പേരിൽ തന്നെ കളിയാക്കുന്നത് ഒരു ഹരം തന്നെയാണെന്ന് അവൾ ഓർത്തു.

“കേട്ടോ സന്ധ്യേ… ദിവസവും രക്തചന്ദനം തേനിൽ ചാലിച്ചു മുഖത്തിട്ടാൽ മതി. , അല്ലെങ്കിൽ മഞ്ഞളും പാലും സ്ഥിരം തേച്ചാലും മതിയെന്നെ.. കുറച്ചു കൂടി നിറം വെക്കും ഇവൾക്ക് ” ചായ കുടിക്കുന്നതിനിടയിൽ നിവേദിതയുടെ അമ്മയ്ക്ക് വിദഗ്ദോപദേശം നൽകുന്ന പോലെ അമ്മായി പറഞ്ഞുകൊണ്ടിരുന്നു

“കുറച്ചു നിറം കുറഞ്ഞത് കൊണ്ടിപ്പോ എന്താ അമ്മായി കുഴപ്പം” അമ്മായി ഉപദേശങ്ങളുടെ കെട്ട് അഴിച്ചപ്പോൾ നിവേദിത എടുത്തടിച്ച പോലെ ചോദിച്ചു. “അതെന്ത് വർത്താനമാ പെണ്ണെ നീ പറയുന്നേ.. വെളുത്ത നിറം ഉള്ളതല്ലേ നല്ലത്”

“എന്നാരു പറഞ്ഞു” പുരികം ഉയർത്തി അവൾ ചോദിച്ചു.

“ആരെങ്കിലും പറയണോ.. അതല്ലേ സത്യം.” ചെറിയമ്മാവന്റെ ഭാര്യയും ഏറ്റുപിടിച്ചു.

“എന്ന് അമ്മായിമാർ അങ്ങ് തീരുമാനിച്ചാൽ മതിയോ” അല്പം പുച്ഛത്തോടെ തന്നെ അവൾ തിരികെ ചോദിച്ചു. “ഞാൻ തീരുമാനിച്ചത് ഒന്നുമല്ല. നിനക്കൊരു കല്യാണ ആലോചന വരുമ്പോൾ അറിയാം ഇതിന്റെ സത്യാവസ്ഥ. കറുത്തിരുന്നാൽ ചെക്കനെ കിട്ടാനൊക്കെ വലിയ പാടാ. ഇനി എങ്ങനെയെങ്കിലും ഒരെണ്ണത്തിനെ കിട്ടിയാൽ തന്നെ നല്ല സ്ത്രീധനവും കൊടുക്കേണ്ടി വരും അവർക്കൊക്കെ. ഇത്തിരി തൊലി വെളുപ്പ് ഉണ്ടെങ്കിൽ പിന്നെയും പോട്ടെന്നു വെക്കാം. ഇതിപ്പോ അതും ഇല്ല…” ഇടംകണ്ണിട്ട് നിവിയെ നോക്കികൊണ്ട് അവർ പറഞ്ഞു.

“ഒരു ചുക്കുമില്ല, എല്ലാരും അമ്മായിയെ പോലെ അല്ലല്ലോ. എന്നെ പൂർണമായി ഇഷ്ട്ടപെട്ടു എന്നോടൊപ്പം ജീവിക്കാൻ പറ്റുന്ന ഒരാളോടൊപ്പമേ എന്റെ കല്യാണം കാണുള്ളൂ. അല്ലാതെ എന്റെ നിറം ഒരു കുറവായി കാണുന്ന ആൾക്ക് അല്പം പണം കൊടുത്തു ജീവിതം കെട്ടിപ്പെടുക്കേണ്ട ആവിശ്യം എനിക്കില്ല.” നിവി ചായക്കപ്പ് മേശമേൽ വെച്ചുകൊണ്ട് പറഞ്ഞു

“മം… നോക്കിയിരുന്നോ.. ഇപ്പോ വരും രാജകുമാരൻ” അമ്മാവന്റെ മകൾ അരുണിമയും പരിഹാസത്തോടെ പറഞ്ഞു.

“അമ്മയോട് ഞാൻ പറഞ്ഞതല്ലേ ഇങ്ങോട്ടേക്കു വരുന്നില്ലന്ന്… അപ്പൊ നിർബന്ധം ഞാൻ വന്നേ പറ്റുകയുള്ളു എന്ന് ” നിവി നെറ്റിചുളിച്ചുകൊണ്ട് ഇരുന്നിടത്തു നിന്നു എഴുന്നേറ്റു.

“നിനക്ക് ഇഷ്ടമില്ലെങ്കിൽ നീ വരേണ്ട.. ആരും നിർബന്ധിച്ചില്ലല്ലോ വരാൻ” അമ്മായിയുടെ മകൾ അരുണിമ ദേഷ്യത്തോടെ പറഞ്ഞു.

“ഇതെന്റെ അമ്മയുടെ തറവാടാ.. ഇവിടെ വരാനും പോകാനും വേണമെങ്കിൽ സ്ഥിര താമസം ആക്കാനും ചേച്ചിക്കുള്ള അതെ അവകാശം എനിക്കും ഇവിടുണ്ട്..അതുകൊണ്ട് ആ രീതിയിൽ ഉള്ള സംസാരമൊന്നും വേണ്ട..പണ്ട് നിങ്ങളൊക്കെ പറയുന്ന കുത്തുവാക്കും കേട്ടു പൂങ്കണ്ണീരൊഴുക്കി മിണ്ടാതെ നിൽക്കുന്ന നിവേദിത ആണെന്ന് കരുതി കൂടുതൽ ചൊറിയാൻ നിൽക്കേണ്ട..കേറി മാന്തികളയും ഞാൻ.” അവൾ അരുണിമയ്ക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു.

“എന്നെ ഓർത്തു വേവലാതി കൊള്ളാതെ സ്വന്തം മക്കളുടെ കാര്യം നോക്ക് അമ്മായിമാരെ..ഞാൻ എങ്ങനെയേലും ജീവിച്ചോളാം” എടുത്തടിച്ച പോലെ പറഞ്ഞു കൊണ്ട് വീടിന് അകത്തേക്ക് കയറുമ്പോൾ പിന്നിൽ നിന്ന് തന്നെ “അഹങ്കാരി” അമ്മായി എന്ന് പറയുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു.

“അതെ… അഹങ്കാരി തന്നെയാ ഞാൻ.. അങ്ങനെ അഹങ്കരിക്കാനും വേണം ഒരു യോഗ്യത.” അകത്തേക്ക് പോയ അവൾ തിരികെ ഇറങ്ങി വന്നു. “നിവി… നീ അകത്തു പോ.. വെറുതെ അമ്മായിയോട് തർക്കികാതെ…” സന്ധ്യ ശാസനയോടെ അവളോട് പറഞ്ഞു “ഇല്ലമ്മേ.. ഇനിയും ഇങ്ങനെ വിട്ട് കൊടുക്കാൻ പറ്റില്ല. ഇന്നും ഇന്നലെയും അല്ല. ഒരുപാട് നാളായി ഇത് ഇവരെല്ലാവരും കൂടി തുടങ്ങിയിട്ട്.” അവൾ താഴേക്ക് ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു.

അമ്മാവന്മാരും മുത്തശ്ശനും മുത്തശ്ശിയും ഉൾപ്പെടെ എല്ലാവരും ശബ്ദം കേട്ടു അപ്പോഴേക്കും അകത്തേക്ക് കയറി വന്നിരുന്നു.

“എന്താ മോളെ ഇവിടൊരു തർക്കം” മുത്തശ്ശൻ ചോദിച്ചു. “ഈ അഹങ്കാരി ഞങ്ങളോടൊക്കെ തർക്കുത്തരം പറയുവാ മുത്തച്ചാ” അരുണിമ പരിഭവം പറഞ്ഞു. മുത്തശ്ശൻ നിവിയെ അടുത്തേക്ക് വിളിച്ചു.

“എന്താ കാര്യം.. മോളു പറ” അയാൾ ചോദിച്ചു.

“കാര്യമൊന്നുമില്ല മുത്തച്ഛ..എന്റെ തൊലി ഇത്തിരി കറുത്ത് പോയതിൽ എനിക്കില്ലാത്ത വിഷമം ആണ് അമ്മായിമാർക്കും അരുണിമ ചേച്ചിക്കും രേവതി ചേച്ചിക്കുമൊക്കെ..ഇനിയും അതോർത്തു വിഷമിക്കേണ്ടന്നും, സ്വന്തം മക്കളുടെ ഭാവി ഓർത്തു വിഷമിച്ചാൽ മതിയെന്നും ഞാൻ പറഞ്ഞെന്നെ ഉള്ളു.” നിവേദിത പറഞ്ഞു.

“അല്ലേ.. പെണ്ണിന്റെയൊരു അഹമ്മതി കണ്ടില്ലേ.. നല്ല കാര്യം പറഞ്ഞു കൊടുത്തപ്പോ അവളു ഞങ്ങളുടെ നേരെ ഒച്ച എടുത്തു സംസാരിക്കുവാ..” അവർ സ്വന്തം ഭാഗം ന്യായീകരിക്കാൻ എന്നപോലെ പറഞ്ഞു.

“മതി… നിർത്തൂ… കുറെയായി ഞാൻ ശ്രദ്ധിക്കുന്നു.. നിങ്ങളിൽ പലർക്കും നിവി മോളെ കാണുമ്പോൾ ഉള്ള ഒരു വിമ്മിഷ്ടക്കേട്.. പല തവണ ഞാൻ നിങ്ങളോട് പറഞ്ഞിട്ടും ഉള്ളതാ എന്തിന്റെ പേരിൽ ആണെങ്കിലും ശെരി നിവിയെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരും വേദനിപ്പിക്കരുതെന്ന്. എനിക്ക് ഈ കുടുംബത്തിലെ എല്ലാ പേരക്കുട്ടികളും ഒരേ പോലെയാ. അരുണിമയും രേവതിയും എങ്ങനെയാണോ.. അതേപോലെ തന്നെയാ നിവേദിതയും.. പിന്നെ അവളുടെ തൊലിയുടെ നിറം നോക്കിയാണ് നിങ്ങൾക്കീ ഇഷ്ടക്കേടെങ്കിൽ നിങ്ങൾ ഓരോരുത്തരും അറിയാൻ വേണ്ടി പറയുവാ.. ആ നിറത്തോടാണ് എനിക്ക് ഇഷ്ടക്കൂടുതൽ..” അയാൾ പറഞ്ഞു.

“നീ ഇതൊന്നും കേട്ടു വിഷമിക്കേണ്ട മോളെ… അകത്തേക്ക് ചെല്ല്” മുത്തച്ഛൻ അവളോട്‌ പറഞ്ഞു.

“എനിക്ക് വിഷമം ഒന്നുമില്ല മുത്തച്ഛ…ഇവരൊക്കെ പറയുന്നത് കേട്ടു വിഷമിച്ചിരുന്ന കാലമൊക്കെ കടന്നു പോയി…” അവൾ പുഞ്ചിരിയോടെ പറഞ്ഞു. ശേഷം എല്ലാവരെയും നോക്കികൊണ്ട് സംസാരിച്ചു തുടങ്ങി.

ഞാനെന്റെ കുഞ്ഞു നാൾ മുതൽ കേട്ടു തഴമ്പിച്ച പേരാണ് കരിമണി എന്ന്… അതെന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് നിങ്ങൾ ഇട്ട പേരല്ലെന്നു എനിക്കറിയാം. കണ്ടില്ലേ.. എന്റെ തൊലിയുടെ നിറം ഇതാണ്.. നല്ല എണ്ണക്കറുപ്പ്.” അവൾ കയ്യിൽ തൊട്ടുകൊണ്ട് പറഞ്ഞു.

“ഇതിന്റെ പേരിൽ ഞാൻ കേട്ട കളിയാക്കലുകൾക്കും പരിഹാസത്തിനും കയ്യും കണക്കുമില്ല. വീട്ടിലും, നാട്ടിലും, സ്കൂളിലും, കൂട്ടുകാർക്ക് ഇടയിലും, ബന്ധുക്കളുടെ ഇടയിലുമൊക്കെ അപഹാസ്യയായി നിന്നിട്ടുണ്ട്..എന്ത് കറുപ്പാണ് പെണ്ണെ നീയെന്നും, നിന്നെയും കരിവിളക്കിനെയും കണ്ടാൽ തിരിച്ചറിയില്ലല്ലോയെന്നും, ഈ കറുമ്പിയെ കെട്ടാൻ ഏതേലും ചെക്കൻ വരുമൊന്നുമൊക്കെയുള്ള നിങ്ങൾ ഓരോരുത്തരുടെയും തമാശരൂപേണയുള്ള സംസാരം ഒരിക്കലും തമാശയായി എനിക്ക് തോന്നിയിട്ടില്ല..”

“ഇതൊക്കെ കേട്ടു ആരോടും അധികം മിണ്ടാതെ, പരിചയക്കാരുടെ പോലും അടുത്തേക്ക് പോകാൻ മടിച്ചു നിന്ന കടുത്ത അപകർഷതാ ബോധത്തോടെ ജീവിച്ച ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. എന്തോ.. അറിവ് ഉറയ്ക്കുന്നതിനു മുൻപ് കുഞ്ഞു മനസ്സിൽ നിറത്തിന്റെ പേരിൽ കോറിയിട്ട മുറിവുകൾ തന്ന വേദന അത്ര വലുതായിരുന്നു.”

“പക്ഷെ എന്റെ അച്ഛനും അമ്മയും തന്ന സ്നേഹത്തിനും ആത്മവിശ്വാസത്തിനും മുന്നിൽ ഞാൻ തളർന്നു പോകാൻ കൂട്ടാക്കിയില്ല. വാശിയോടെ പഠിച്ചു..നന്നായി പഠിക്കണമെന്നും കളിയാക്കിയവരുടെയെല്ലാം മുന്നിൽ തല ഉയർത്തി നിക്കണമെന്നും എനിക്ക് വാശി ആയി. അപ്പോഴും നിങ്ങളെല്ലാം എന്നെ കളിയാക്കാനാണ് നോക്കിയത്. അരുണിമചേച്ചിക്കും രേവതി ചേച്ചിക്കും എന്നോടുള്ള ദേഷ്യത്തിന് കാരണം എനിക്കറിയാം..നിങ്ങളെക്കാൾ നല്ല രീതിയിൽ പഠിച്ചു മുന്നേറിയതിന്റെ ചൊരുക്കാണ് നിങ്ങൾ പലപ്പോഴും എന്നെ കളിയാക്കി തീർക്കുന്നതെന്നു എനിക്ക് നല്ല പോലെ മനസിലാവുന്നുണ്ട്” നിവി പറയുന്നത് കേട്ട് അരുണിമയും രേവതിയും തല താഴ്ത്തി.

“സ്വന്തം മക്കൾക്ക് മേലെ ഞാൻ ഉയർന്നു പോകുന്നതിലുള്ള അസൂയ കൊണ്ടും, എങ്ങനെയും എന്നെ ഇകഴ്ത്തണം എന്ന ചിന്ത കൊണ്ടുമാണ് നിങ്ങൾ എന്റെ നിറത്തെ കൂട്ടുപിടിച്ചു താഴ്ത്തിക്കെട്ടി സംസാരിക്കുന്നതെന്നു മനസിലാക്കാതെ ഇരിക്കാൻ എനിക്ക് ബുദ്ധിക്ക് കുഴപ്പം ഒന്നുമില്ല കേട്ടോ അമ്മായിമാരെ…അത് കേട്ടു ഞാൻ അങ്ങ് തളർന്നു പോകുമെന്നുള്ള നിങ്ങളുടെ ചിന്ത വെറും പാഴ്മോഹം മാത്രമാ… കാരണം തൊലിയുടെ നിറത്തിന്റെ പേരിൽ കളിയാക്കുമ്പോ തല കുനിഞ്ഞു പോകേണ്ട യാതൊരു കാര്യവുമില്ലന്ന് എനിക്ക് അറിയാം..എന്തെന്നാൽ തൊലിയുടെ നിറം കറുത്തതായത് കൊണ്ട് എനിക്ക് ജീവിതത്തിൽ ഒന്നും നേടാൻ പറ്റില്ല എന്ന് ഞാൻ കരുതുന്നില്ല.. . അതേപോലെ തൊലി വെളുത്തിരുന്നത് കൊണ്ട് മാത്രം ഈ ലോകത്തു ആരും ഒന്നും നേടിയിട്ടുമില്ല..”

അവൾ പറഞ്ഞു തീർന്നതും മുത്തച്ഛൻ നിറഞ്ഞ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. അമ്മ സന്തോഷക്കണ്ണീരോടെ അവളെ നോക്കി നിന്നു.

“പിന്നെ കല്യാണ മാർക്കറ്റ്… അതാണല്ലോ അമ്മായിമ്മാരുടെ ഉറക്കം കെടുത്തിയ മറ്റൊരു വിഷയം… ഞാനൊന്ന് ചോദിക്കട്ടെ… പുറമെയുള്ള സൗന്ദര്യം മാത്രം നോക്കി കല്യാണം കഴിച്ച പലരും കിടന്നു അനുഭവിക്കുന്നത് നമ്മുടെ കുടുംബത്തിൽ തന്നെ നമ്മൾ കണ്ടിട്ടുള്ളതല്ലേ..കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ വേണമെന്ന് വാശി പിടിച്ചു നമ്മുടെ മനുവേട്ടൻ ഒരു സുന്ദരികോതയെ കെട്ടികൊണ്ട് വന്നിട്ട് എന്തായി..മുഖത്തെ സൗന്ദര്യത്തിന്റെ പത്തിലൊന്നു ഉണ്ടോ ആ പെണ്ണിന്റെ സ്വഭാവത്തിന്…!

“ചെറുക്കൻ ആള് സുന്ദരനാ, ഇനി വേറൊന്നും നോക്കേണ്ടന്ന് പറഞ്ഞു താര ചേച്ചിയെ കെട്ടിച്ചു വിട്ടല്ലോ… എന്നിട്ടെന്തായി..പുതുമോടി കഴിഞ്ഞപ്പോ തന്നെ രണ്ടുപേരും തമ്മിൽ പൊരുത്തക്കേട് തുടങ്ങിയില്ലേ,.. ഇനിയും എത്രയേറെ വേണം, പുറമെയുള്ള ഭംഗി നോക്കി കല്യാണം കഴിഞ്ഞു ജീവിതം നശിപ്പിച്ച ആളുകളുടെ list…” അമ്മായിമാർ മറുപടി ഇല്ലാതെ നിന്നു.

“പലപ്പോഴും നിങ്ങളുടെ മുള്ളും മുനയും വെച്ച സംസാരത്തിനു ഞാൻ മറുപടി നൽകാത്തത് തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല. വേണ്ടന്ന് വെച്ചിട്ടാ.. പക്ഷെ ഇനിയും അങ്ങനെ പോകാൻ എനിക്ക് താല്പര്യമില്ല.. അമ്മായിമാരും ചേച്ചിമാരും നല്ല പോലെ കേട്ടോ.., എന്റെ നിറത്തിന്റെ പേരിൽ എനിക്ക് യാതൊരു വിധ പ്രേശ്നങ്ങളും ഇല്ല. എന്റെ നിരത്തിലും രൂപത്തിലും ഒക്കെ ഞാൻ പൂർണ സംതൃപ്ത ആണ്. എനിക്ക് നേടിയെടുക്കാൻ ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ട്. ആ സ്വപ്നങ്ങൾക്ക് പിന്നാലെ ആണ് ഞാൻ.. അതിനിടയിലേക്ക് മഞ്ഞൾ തേപ്പിക്കാനും, എന്നെ ഒരുപാടങ്ങു വെളുപ്പിക്കാനും ആരും വരണമെന്നില്ല..”

“എങ്കിലും എനിക്ക് നിങ്ങളോടൊക്കെ ഒരുപാട് നന്ദിയുണ്ട്.. കാരണം എനിക്ക് മുന്നോട്ടു പോകാനും ഇനിയുമെറെ വിജയങ്ങൾ നേടാനും ഊർജം തരുന്നത് നിങ്ങളൊക്കെ ഒരു കാലത്ത് എന്നെ കളിയാക്കി വിളിച്ച ഈ കരിമണി എന്ന പേര് കേൾക്കുമ്പോഴാ…ഇപ്പോൾ നിങ്ങളെക്കാൾ ഏറെ ഞാൻ ഈ പേരിനെ ഇഷ്ട്ടപ്പെടുന്നു..”

അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു നിന്നു. “ഞാൻ എങ്ങനെ ആയിരുന്നാലും എന്നെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയുന്ന ഒരുപാട് ആൾക്കാർ ഉണ്ട്. അവരൊക്കെ കൂടെ ഉള്ളപ്പോ ഇങ്ങനെയുള്ള ഓലപാമ്പുകളൊന്നും എന്നെ കൊത്തില്ല.. അല്ലേ അമ്മേ”

അവരുടെ കൈകൾ കവർന്നു കൊണ്ട് പറഞ്ഞു പുഞ്ചിരിയോടെ അമ്മയെയും കൂട്ടികൊണ്ട് നിവി അകത്തേക്ക് നടന്നപ്പോൾ ജാള്യതയോടെ അമ്മായിമാരും മക്കളും തല കുനിച്ചു നിന്നു.

( The End )

രചന:കടപ്പാട്: റെക്സോണ റെയ്ബെൻ

Leave a Reply

Your email address will not be published. Required fields are marked *